ഹലോ, ഞാന്‍ എങ്ങിനെയാണ് താങ്കളെ സഹായിക്കേണ്ടത്?
ഹായ്, ഞാന്‍ എന്റെ ഒരു ക്ലയന്റിന് മുടി വെട്ടാന്‍ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാന്‍ വേണ്ടിയാണ് വിളിക്കുന്നത്, മെയ് മൂന്നാം തിയ്യതിയിലേക്ക് വേണ്ടി
ഓ, തീര്‍ച്ചയായും, ഒരു സെക്കന്റ്
ഹം..
ഏത് സമയത്തേക്കാണ്?
12 മണി
12 മണിക്ക് ഒഴിവില്ല. ഏറ്റവും അടുത്ത സമയം ഒഴിവുള്ളത്1:15 ആണ്
10 മണിക്കും 12 മണിക്കും ഇടയില്‍ എപ്പോഴെങ്കിലും ഒഴിവുണ്ടോ?
എന്ത് സേവനമാണ് വേണ്ടത് എന്നതിന് അനുസരിച്ചാണ്. എന്ത് സേവനമാണ് അവര്‍ക്ക് വേണ്ടത്?
തല്‍ക്കാലത്തേക്ക് മുടി വെട്ടല്‍ മാത്രം മതി
ഒകെ. എന്നാല്‍ 10 മണിക്ക് ഒഴിവുണ്ട്
10 മണിക്കാണെങ്കില്‍ പറ്റും
ഒകെ, എങ്കില്‍ പേര് പറയൂ
ലിസ
ഒകെ, മെയ് മൂന്ന് 10 മണിക്ക് ലിസയെ ഞാന്‍ പ്രതീക്ഷിക്കും
ഒകെ, ഗ്രേറ്റ്
ഗ്രേറ്റ്, നിങ്ങള്‍ക്ക് നല്ല ദിവസം നേരുന്നു. ബൈ
2018 മെയ് മാസം ഗൂഗിള്‍ തങ്ങളുടെ ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയിലൂടെ വികസിപ്പിച്ച ‘ഡ്യുപ്‌ളെക്‌സിനെ’ പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ ഡെമൊയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തുന്ന ഒരു അപ്പോയ്മെന്റ് കോള്‍ ആണിത്. ശെരിക്കും മനുഷ്യനെപ്പോലെ സംസാരിക്കുകയും, സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുകയും ചെയ്യാനാകും എന്നാണ് ഗൂഗിള്‍ ‘ഡ്യൂപ്‌ളക്‌സിന്റെ’ മേന്മ ആയി ചൂണ്ടിക്കാണിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങളുമായി മനുഷ്യന്‍ എങ്ങനെ നിത്യ ജീവിതത്തില്‍ സംവദിക്കുന്നു എന്ന് അന്വേഷിക്കുന്ന ഒരു ലേഖനം ഈയിടെ വായിക്കാനിടയായി. ഗൂഗിള്‍ അസിസ്റ്റന്റ്, റഷ്യന്‍ യാന്‍ഡക്‌സ്, ആമസൊണ്‍ അലക്‌സ, ആപ്പിള്‍ സിരി തുടങ്ങിയവയോട് ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്നത് അവരുടെ സ്വകാര്യ ദുഖങ്ങള്‍, സംശയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് എന്നതാണ് ലേഖനം കണ്ടെത്തുന്നത്. ഉദാഹരണത്തിന് ‘സിരി, ഭയങ്കര ഏകാന്തത അനുഭവപ്പെടുന്നു, എന്തെങ്കിലും പറയൂ’ തുടങ്ങിയ സംഭാഷണങ്ങള്‍. ആമസോണ്‍ സ്മാര്‍ട്ട് ഡിവൈസുമായി ആളുകള്‍ നടത്തുന്ന സംസാരങ്ങളില്‍ ഭൂരിഭാഗവും യൂടിലിറ്റേറിയന്‍ സ്വഭാവമുള്ളതല്ല എന്നാണ് കമ്പനി പറയുന്നത്. അതായത് കൂടുതല്‍ ആളുകളും ഇത്തരം ഉപകരണങ്ങളോടും സംവിധാനങ്ങളൊടും സംസാരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് തങ്ങളുടെ വൈകാരികമായ പ്രതിസന്ധികള്‍, സങ്കടം, സന്തോഷം, പ്രണയം, വേദനകള്‍ തുടങ്ങിയ കാര്യങ്ങളാണ്. ആധുനിക ലിബറല്‍ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ ചില ആലോചനകള്‍ ഇത് വഴിവെക്കുന്നുണ്ട്. അതായത് ഡിസ് എന്റാഞ്ച്ഡ് ആയ, അധവാ ജിന്ന്, അഭൗതിക ശക്തികള്‍, ആത്മാവുകള്‍ തുടങ്ങിയ ഗോചരമല്ലാത്ത അഭൗതിക ശക്തികളുടെ സാന്നിധ്യമില്ലാത്ത ഒരു ശൂന്യമായ, മനുഷ്യന് അവന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കുകയും നിര്‍മ്മിക്കുകയും, തകര്‍ക്കുകയും, പുനരാവിഷ്‌കരിക്കുകയും എല്ലാം ചെയ്യാവുന്ന ഒരു ലോകത്തിന്റെ നിര്‍മ്മാണമായിരുന്നു ആധുനികത വിഭാവനം ചെയ്തത്. എന്നാല്‍ ടെക്‌നോളജിയുടെ പുതിയ വികാസങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഓഗ്മെന്റഡ് റിയാലിറ്റിയും ആധുനിക ലോകത്തേക്കുള്ള എഞ്ചാന്റ്‌മെന്റുകളുടെ, ബാഹ്യാധികാരങ്ങളുടെ (മറ്റൊരര്‍ത്ഥത്തില്‍ നമുക്ക് അവയെ ഇന്റിമേറ്റ് അതോറിറ്റി/ സ്വകാര്യ അധികാരം എന്ന് വിളിക്കാം) തിരിച്ച് വരവായിട്ട് വായിക്കാനാവുമോ എന്നാണ് ഞാന്‍ ആലോചിക്കാന്‍ ശ്രമിക്കുന്നത്.
ആധുനികത, ജ്ഞാനോദയം, നവോത്ഥാനം, യുക്തി ചിന്ത, ഡിസ് എഞ്ചാന്റ്‌മെന്റ് തുടങ്ങിയ പദങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും അവ കടന്നുപോയ ചരിത്ര സന്ധികളും, ഉള്‍ക്കൊള്ളിക്കുന്ന അര്‍ത്ഥ താളങ്ങളും പരിഗണിച്ച് കൊണ്ട് അവയിലേക്ക് ആഴത്തില്‍ പ്രവേശിക്കാതെ തല്‍കാലത്തേക്ക് നമുക്ക് ആവശ്യമുള്ള ചില കാര്യങ്ങള്‍ മാത്രം പറഞ്ഞ് മുന്നോട്ട് പോവാം എന്നാണ് കരുതുന്നത്. മാക്‌സ് വെബര്‍ തന്റെ ‘റശലെിരവമിാേലി േീള വേല ംീൃഹറ’ മുന്നോട്ട് വെക്കുമ്പോള്‍ അദ്ധേഹം ഉദ്ധേശിച്ചത് ലളിതമായി പറഞ്ഞാല്‍ ലോകത്തെ ബാധകളില്‍ നിന്ന് ഒഴിപ്പിക്കുക എന്നതായിരുന്നു എന്ന് പറയാം. അഥവാ അത്രയും കാലം നില നിന്നിരുന്ന മതാത്മകമായ ദൈവം, ഭൂതം, പിശാച്, ജിന്ന് തുടങ്ങി മനുഷ്യന് പിടി തരാത്ത ശക്തികളുമായി ബന്ധപ്പെട്ടുള്ള ലോക ബോധത്തെ ഉപേക്ഷിച്ച് ലോകം ഇത്തരം ബാധകളൊന്നുമില്ലാത്ത മനുഷ്യന് വേണ്ട രീതിയില്‍ തീരുമാനിക്കാവുന്ന ഇമ്മാനന്റ് ആയ ഒന്നായി വിഭാവനം ചെയ്യുക എന്നതായിരുന്നു. അതിന് യുക്തിവാദം, മതേതരത്വം, ബ്യൂറൊക്രാറ്റൈസേഷന്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചു. അതായത് ആധുനികത പ്രധാനമായും നിലനില്‍ക്കുന്നത് ലോകം പൂര്‍ണ്ണമായും കാര്യ കാരണ ബന്ധങ്ങള്‍ക്ക് അനുസൃതമായി സ്വയം പര്യപ്തമായിട്ടാണ് എന്ന ആശയത്തിന് പുറത്താണ് എന്ന് കാണാം. അവിടെ ദൈവം, ബാധകള്‍, പരലോകം എന്നിവക്കൊന്നും കാര്യമായിട്ട് എന്തെങ്കിലും ചെയ്യാനില്ല. അതോടെ ഈ ലോകത്തിനോ, മനുഷ്യനോ, അവന്റെ ജീവിതത്തിനോ അതിന് പുറത്ത് ഉള്ള അര്‍ത്ഥങ്ങളും ലക്ഷ്യങ്ങളും ഇല്ല എന്ന് വരുന്നു. ഇതിനെല്ലാം എന്തെങ്കിലും അര്‍ത്ഥങ്ങള്‍ വേണം എന്നുണ്ടെങ്കില്‍ അത് അവന്‍ തന്നെ സ്വയം കണ്ടെത്തുകയോ രാജ്യം, സമൂഹം പോലുള്ള സ്ഥാപനങ്ങള്‍ അവന് നിര്‍ണ്ണയിച്ച് നല്‍കുകയോ വേണം.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ആധുനിക ദേശ രാഷ്ട്രങ്ങളെ കാണേണ്ടത്. ദേശ രാഷ്ട്രങ്ങള്‍ പൗരന്റെ ജീവിതത്തിനും അവന്‍ ജീവിക്കുന്ന സമയത്തിനും സ്ഥലത്തിനും അര്‍ത്ഥം നല്‍കുന്ന ഏജന്റ് കൂടെ ആയിട്ടാണ് സ്വയം മനസ്സിലാക്കുന്നത്. ഭരണകൂടെത്തെ സംബന്ധിച്ചിടത്തോളം പൗരന്മാരെല്ലാവരും ജീവിക്കുന്നത് ഒരുപോലെയുള്ള ശൂന്യമായ സമയത്തിലും സ്ഥലത്തിലുമാണ്. അത് കൊണ്ട് തന്നെ ഭരണകൂടത്തിന് വേണ്ട രീതിയില്‍ നിയമങ്ങള്‍ കൊണ്ടു വരികയും പൗരന്റെ ജീവിതം നിയന്ത്രിക്കുകയും ചെയ്യാം. രാജ്യത്തിന്റെ പുരോഗതിക്കായി സ്ഥലം ഏറ്റടുക്കുകയും ഭരണകൂടത്തിന് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയുമെല്ലാം ആവാം. കാരണം, മനുഷ്യന്റെ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാകുകയും പുരോഗതി ഉണ്ടാകുകയും ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം നിര്‍ണ്ണയിക്കുന്നത് രാജ്യവും ഭരണകൂടവും തന്നെയാണ്. ഇത്തരം ആധുനിക ദേശ രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി എന്നത് അതിനകത്ത് ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ്. കാരണം ഭരണകൂടം നിര്‍ണ്ണയിച്ച് നല്‍കിയ സമയത്തിനകത്തോ, സ്ഥലത്തിനകത്തോ, അര്‍ത്ഥങ്ങള്‍ക്കകത്തോ ഒതുങ്ങി ജീവിക്കന്‍ മനുഷ്യനെക്കൊണ്ട് പറ്റില്ല. അവിടെയാണ് ഭരണകൂടങ്ങള്‍ക്ക് തുടര്‍ച്ചയായി തങ്ങളുടെ തന്നെ പൗരന്മാരെ നിരീക്ഷിക്കുകയും, ശിക്ഷിക്കുകയും അച്ചടക്കം പഠിപ്പിക്കുകയും ചെയ്യുന്ന പോലീസ് സംവിധാനങ്ങളെല്ലാം ആവശ്യമായി വരുന്നത്.
ആധുനിക ലോകത്തെ ഡിസ് എഞ്ചാന്റഡ് ആയ ലോകത്തിലെ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും തിരികെ വരുന്നതിന് മുന്‍പ് എഞ്ചാന്റഡ് ആയ ആധുനികേതരമായ ലോകത്തിലെ ചില വിശേഷങ്ങള്‍ പരിശോധിക്കാം. ഡെല്‍ഹി ഫിറോസ് ഷാ കോട്ട്‌ലയിലെ നന്നെ മിയാന്‍ ചിഷ്തി എന്ന ജിന്നിന്റെ മ്ഖ്ബറയുടെ പരിസരത്ത് ആളുകള്‍ എഴുതി തെയ്യാറാക്കി സമര്‍പ്പിച്ച ചില കത്തുകള്‍ ഇങ്ങനെ വായിക്കാം
1- സര്‍ക്കാര്‍ , ഞാന്‍ തൊഴില്‍ രഹിതനാണ്, എനിക്ക് എവിടെയും തൊഴില്‍ കണ്ടെത്താനാകുന്നില്ല. അഥവാ ആരെങ്കിലും ജോലിക്ക് വിളിച്ചാല്‍ തന്നെ പണം തരാതെ പീഡിപ്പിക്കുകയാണ്. സര്‍ക്കാര്‍, അങ്ങയുടെ നോട്ടം എന്നിലേക്ക് തന്ന് ഈ ബുദ്ധിമുട്ടില്‍ നിന്നും ഒന്ന് രക്ഷപ്പെടുത്തിത്തരണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു’
2- ഒരു പോലീസുകാരന്‍ എന്റെ ഭര്‍ത്താവിനെ തുടര്‍ച്ചയായി ഉപദ്രവിച്ച്‌കൊണ്ടിരിക്കുന്നു. അയാള്‍ക്ക് വല്ല ട്രാന്‍സ്ഫറും കിട്ടി സലീംപൂരില്‍ നിന്നും എന്നെന്നേക്കുമായി പറഞ്ഞയക്കണം. അങ്ങ്, സൂഫിയും അല്ലാഹുവിന്റെ പ്രിയപ്പെട്ട ആളും ആണല്ലോ , ദയവ് ചെയ്ത് ഞങ്ങളുടെ ഈ ദുരിതങ്ങള്‍ക്ക് ഒരു അന്ത്യമുണ്ടാക്കിത്തരണം. ഞങ്ങള്‍ക്ക് ഒരു ഇരുപതിനായിരം രൂപ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് തരണം. മകളുടെ ആവശ്യത്തിനു വേണ്ടിയാണ്. അവളുടെ അഭിമാനം പ്രതിസന്ധിയിലാണ്. ആ പണം ഞങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും എത്തിക്കണം എന്ന് ദയവ് ചെയ്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. ഞാന്‍ എന്റെ സ്വപ്‌നത്തില്‍ വ്യക്തമായി അങ്ങയെ കണ്ടിരുന്നു. അങ്ങ് ഒരു ജിന്ന് ആണെങ്കില്‍ എങ്ങിനെയെങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കണം.
ആനന്ദ് വിവേക് തനേജ തന്റെ ജിന്നിയോളജി എന്ന പുസ്തകത്തില്‍ വിവരിക്കുന്നതാണ് ഈ കത്തുകള്‍. മരണപ്പെട്ട വലിയ്യായ ജിന്നിനോട് ആളുകള്‍ നടത്തുന്ന അപേക്ഷകളാണ് ഈ കത്തുകളില്‍ അടങ്ങിയിട്ടുള്ളത്. തങ്ങളുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന അവരുടെ സ്വകാര്യ പ്രതിസന്ധികള്‍ പരിഹരിക്കാനായി ഹിന്ദുക്കളും മുസ്ലിംകളും മറ്റു മത വിശ്വാസികളും ഈ മഖ്ബറയെ സമീപിക്കുകയും ജിന്നിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ആധുനിക ഭരണ സംവിധാനങ്ങള്‍ നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ സംവിധാനങ്ങളുടെ കോപ്പി കൂട്ടിച്ചേര്‍ത്ത് ആണ് മഖ്ബറയിലെ ജിന്നിന് തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ കത്തുകള്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്നത്. അതോടൊപ്പം ജിന്നിനെ അഭിസംബോധനം ചെയ്യുന്നത് പലപ്പോഴും സര്‍ക്കാര്‍ എന്നാണ്. ആധുനിക ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തന്നെയാണ് ഈ മഖ്ബറയും നിലനില്‍ക്കുന്നത്. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പല കാരണങ്ങള്‍കൊണ്ടും അപ്രാപ്യമാവുന്ന സാഹചര്യങ്ങളില്‍, അത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാവാം, അല്ലെങ്കില്‍ കോടതിയില്‍ നിന്നും വിധി സമ്പാധിക്കാനാവാത്ത വിഷയങ്ങളായതിനാലാവാം, അതുമല്ലെങ്കില്‍ പുറത്ത് അറിയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാവാം, തങ്ങളുടെ സ്വകാര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മതാത്മക ജീവിതങ്ങള്‍ സമീപ്പിക്കുന്നത് ഇത്തരം ആധുനികത ഇല്ലാതെ ആക്കിയ ജിന്ന് പോലുള്ള സ്വകാര്യ അധികാരങ്ങളെയാണ് എന്ന് കാണാം.
അതേ സമയം ആധുനിക മനുഷ്യന്‍ നേരിടുന്ന സ്വകാര്യ പ്രതിസന്ധികളെ എങ്ങിനയാവും അവന്‍/അവള്‍ നേരിടുന്നത്? വൈകാരികവും, ലൈംഗികവും അടക്കമുള്ള ജീവിതത്തിലെ സ്വകാര്യ ഇടങ്ങളെ ബാധിക്കുന്ന ആകുലതകള്‍ തുറന്ന് സംസാരിക്കുന്ന ഇടങ്ങളെല്ലാം ആധുനികത ഇല്ലാതെയാക്കുകയാണ് ചെയ്തത്. ആധുനിക നിയമ സംവിധാനങ്ങള്‍ ഇത്തരം മേഖലകളെ സ്പര്‍ശിക്കാന്‍ അപര്യാപ്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം ശരീഅത്ത് സംവിധാനം കുറച്ച് കൂടെ അയവുള്ളതും വ്യക്തിയുടെ സ്വകാര്യ പ്രതിസന്ധികളെ ഉള്‍കൊള്ളാന്‍ സജ്ജമായതുമാണ് എന്ന് വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നത് കാണാം. മഅ്ദിന്‍ ദഅ്‌വയില്‍ ചേര്‍ന്ന് പഠിക്കുന്ന സമയത്തെ ഒരു അനുഭവം പറയാം. പല്ലു വേദനക്ക് ഡോക്ടറെ കാണാനായി ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെ ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ‘എനിക്ക് ചെറിയ ഒരു സംശയം ചോദിക്കാനുണ്ട്’ എന്റെ മുഖത്തെ ആശ്ചര്യ ചിഹ്നം മനസ്സിലാക്കി അയാള്‍ മുഖവുരയിലേക്ക് കടന്നു. ഞാന്‍ ഓത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. മീസാനും, ബാഫള്‌ലും ഒക്കെ ഓതിക്കൊണ്ടിരിക്കുന്ന സമയമാണ്. ‘റമളാന്‍ മാസം ഭാര്യയെ ചുംബിച്ചാല്‍ നോമ്പ് മുറിയുമൊ?’ ഇതാണ് അയാള്‍ക്ക് അറിയേണ്ട പ്രശ്‌നം. അറിയാത്ത കാര്യങ്ങളെ നേരിടാന്‍ കയ്യിലുണ്ടായിരുന്ന അന്നത്തെ പ്രധാന ആയുധമായ ‘ഓതി അവിടെ എത്തീട്ടില്ല, ഉസ്താദിനോട് ചോദിച്ചിട്ട് പറഞ്ഞ് തരാം’ എന്ന ഉത്തരം വൃത്തി ആയി അദ്ധേഹത്തെ ഏല്പിച്ചു. സാരമില്ല, ഒരു സുഹൃത്തിന് വേണ്ടി ചോദിച്ചതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ ഈ സംഭവം വീണ്ടും ഓര്‍ത്തെടുക്കാന്‍ പ്രധാന കാരണം അയാളുടെ, അല്ലെങ്കില്‍ അയാളുടെ സുഹൃത്തിന്റെ ജീവിതത്തിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ദീനി പഠനത്തിലേക്ക് കാലെടുത്തുവെക്കുക മാത്രം ചെയ്ത എന്നോട് പങ്കുവെക്കുകയോ, ഉത്തരം തേടുകയോ ചെയ്യാവുന്ന അവസ്ഥ രൂപപ്പെടുത്തിയ സാമൂഹിക പരിസരത്തെക്കുറിച്ചുള്ള ആലോചനയാണ്.
നമ്മുടെ നാട്ടിലെ ദര്‍സുകള്‍ രൂപപ്പെടുത്തിയ നൈസര്‍ഗ്ഗികമായ ഒരു സാമൂഹിക സാഹചര്യമാണ് ഇത്തരം തുറന്ന സംസാരങ്ങള്‍ സാധ്യമാക്കുന്നത് എന്ന് കാണാം. ഉസ്താദും, വിദ്യാര്‍ത്ഥികളും തങ്ങള്‍ ജീവിക്കുന്ന നാടുമായി, വീടുകളുമായി, വീട്ടുകാരുമായി രൂപപ്പെടുന്ന ഇടപഴകലുകളും ചോദ്യങ്ങളും, സംശയ നിവാരണങ്ങളും, ദുആ മൗലിദ് സദസ്സുകളും എല്ലാം ഇതില്‍ സഹായകമായി വര്‍ത്തിക്കുന്നുണ്ട്. ഒരാള്‍ക്ക് ഖാളിയുമായി ബന്ധപ്പെട്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയാല്‍ അയാളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കാത്ത മസ്അലകള്‍ നല്‍കാന്‍ ഖാളിക്കോ ആലിമിനോ ആവും. മിക്ക സമയങ്ങളിലും വ്യക്തിയുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഖാളിയുടെ വിധികളിലും മാറ്റം സംഭവിക്കാം. അതേ സമയം ആധുനിക നിയമ സംവിധാനങ്ങളില്‍ ഇത്തരം അയവ് വരുത്താനുള്ള സംവിധാനങ്ങള്‍ ഇല്ല എന്ന് കാണാം. ഖാളി ജീവിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തന്നെയാണ്. അവരെ മനസ്സിലാക്കിയും അവരുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് ഖാളി ജീവിക്കുന്നത്. അത്‌കൊണ്ട് തന്നെ തന്റെ മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ മാത്രമല്ല, പ്രശ്‌നമുന്നയിക്കുന്ന വ്യക്തിയും ഖാളിക്ക് പ്രധാനമാണ്. നബി തിരുമേനിയുടെ (സ) മുന്നിലെത്തുന്ന സമാന ചോദ്യം ഉന്നയിച്ച വ്യക്തികള്‍ക്ക് വ്യത്യസ്ഥമായ ഉത്തരം ലഭിച്ച സംഭവങ്ങള്‍ ഒരുപാട് നമുക്ക് കാണാനാവും.
മതാത്മക ജീവിതം മുന്നോട്ട് വെക്കുന്ന ശരീഅത്ത്, ജിന്ന്, വലിയ്യ്, പരിശുദ്ധാത്മാക്കള്‍ തുടങ്ങിയ അഭൗതിക ശക്തികള്‍ അടങ്ങിയ സ്വകാര്യ അധികാരങ്ങള്‍ ഇല്ലാത്ത ആധുനിക മനുഷ്യന്റെ മുന്നില്‍ തന്റെ സ്വകാര്യ പ്രതിസന്ധികള്‍ പങ്കുവെക്കാനും പരിഹാരം കണ്ടെത്താനുമുള്ള മാര്‍ഗ്ഗങ്ങളെന്തെല്ലാമാണ്? ഈ ആലോചനയില്‍ ആദ്യം പരിശോധിക്കേണ്ടത് ആധുനികതക്ക് ഏതെങ്കിലും തരത്തില്‍ എഞ്ചാന്റഡ് ആയ ലോകത്തെ ഉള്‍ക്കൊള്ളാനാവുമോ എന്നാണ്. അതായത്, ആധുനികതക്കകത്ത് എഞ്ചാന്റഡായ, മാജിക്കലായ ലോകത്തിന്റെ, ഒരു തരം ‘യുക്തിപരമായ ഇന്ദ്രജാലത്തിന്റെ’ ഭാവനകള്‍ക്ക് സാധ്യതയുണ്ടോ?. മികായെല്‍ സാലര്‍ ഇങ്ങനെ ആധുനിക ലോകത്തെ ഡിസ് എഞ്ചാന്റഡ് ഭാവനകളുടെ സാധ്യതകളെ അന്വേഷിക്കുന്നുണ്ട്. സൂപ്പര്‍ ഹീറോ മൂവികള്‍ പോലെ അതി മാനുഷിക ഭാവനകള്‍ എങ്ങിനെയാണ് ആധുനിക ലോകത്ത് സാധ്യമാകുന്നത് എന്ന് ആലോചിച്ച് നോക്കൂ. ഇവിടെ സാധ്യമായ ഒരു വഴി എന്നത് വൈരുധ്യ ഭാവന (ശൃീിശര ശാമഴശിമശേീി) ആണ് എന്നാണ് സാലെര്‍ പറയുന്നത്. അതായത് അമാനുഷികമായ ഭാവനകള്‍ നിങ്ങളുടെ യുക്തിയെ വഞ്ചിക്കാത്ത രീതിയില്‍ അവ വാസ്തവത്തില്‍ ഇല്ലാത്തതാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ അവയുടെ ഭാവനാത്മകമായ ഘടകത്തെ ആസ്വദിക്കുക. അതായത് ഇതൊന്നും സംഭവിക്കുന്നതല്ല എന്ന് നിങ്ങളുടെ യുക്തിയെ ആദ്യം തന്നെ വിശ്വസിപ്പിക്കുന്നു. തുടര്‍ന്ന് സംഭവിക്കുന്നതായി ഭാവിക്കുന്നു. ഇവിടെ യുക്തിയെ ഉപേക്ഷിക്കാതെത്തന്നെ അയുക്തമായ കാര്യങ്ങളെ നിങ്ങള്‍ക്ക് ആസ്വദിക്കാനാവുന്നു. വിശ്വസിക്കുന്നതായി നടിക്കുക മാത്രമെ നിങ്ങള്‍ ചെയ്യുന്നുള്ളൂ. സ്വപ്‌നം കാണുകയാണ് എന്ന് അറിഞ്ഞ് കൊണ്ട് സ്വപനം കാണുന്നത് പോലെ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും ഓഗ്മെന്റഡ് റിയാലിറ്റിയെയും ഈ തരത്തില്‍ മനസ്സിലാക്കാനാവുമൊ എന്ന് പരിശോധിക്കാം. ഡ്യൂപ്‌ളക്‌സ് പരിചയപ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ പറഞ്ഞത് ഒരു യഥാര്‍ത്ഥ മനുഷ്യനെപ്പോലെ സംസാരത്തിലെ സൂക്ഷ്മമായ വ്യതിയാനങ്ങള്‍ പോലും മനസ്സിലാക്കി അതിനനുസരിച്ച് മറുപടി പറയാന്‍ ഈ സംവിധാനത്തിനാവും എന്നാണ്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാര്യത്തില്‍ ശരിക്കുമുള്ള സ്ഥലങ്ങള്‍ പുതിയ മാനങ്ങള്‍ നല്‍കുകയാണ് സാങ്കേതിക വിദ്യ ചെയ്യുന്നത്. അതായത് നമുക്ക് കാണുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന സ്ഥലത്തില്‍ നിന്നും വിഭിന്നമായ ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കാന്‍ ഓഗ്മെന്റഡ് റിയാലിറ്റിക്കാവും. സ്ഥലം (ുെമരല) എന്ന ആധുനിക ഭരണകൂടത്തിന്റെ അധികാരത്തിന് കീഴില്‍ വരുന്ന ലോകത്തിനപ്പുറത്ത് പുതിയ അനുഭവങ്ങള്‍ നല്‍കാനും യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത, ഡിസ് എഞ്ചാന്റഡ് ആയ ലോകത്ത് നിലനില്‍പ്പില്ലാത്ത, സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കാത്ത അവസരത്തില്‍ കാണാനോ അനുഭവിക്കാനോ കഴിയാത്ത എന്നാല്‍, യഥാര്‍ത്ഥത്തില്‍ തന്നെ ഉള്ള സ്ഥലവും, മനുഷ്യരുമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഓഗ്മെന്റഡ് റിയാലിറ്റിയും അവതരിപ്പിക്കുന്നത്. ഇവിടെ സാലെര്‍ പറയുന്നത് പോലെ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നിനെ നാം ഉണ്ട് എന്ന് ഭാവിക്കുക അല്ല ചെയ്യുന്നത്, മറിച്ച് യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെ മറുപടി പറയേണ്ടിവരും ഇവയുടെ കാര്യത്തില്‍. എന്നാല്‍ ഡ്യൂപ്ലെക്‌സില്‍ ഫോണ്‍ വിളിക്കുന്നത് യഥാര്‍ത്ഥ മനുഷ്യനാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നും മറുപടി പറയേണ്ടി വരും. ഒരേ സമയം യാഥാര്‍ത്ഥവും യഥാര്‍ത്ഥമല്ലാത്തതുമായ ഒരു പാരഡോക്‌സിക്കല്‍ എന്റിറ്റിയെ ആണോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്മെന്റഡ് റിയാലിറ്റിയും അവതരിപ്പിക്കുന്നത്?
മതാത്മകമായ, എഞ്ചാന്റഡ് ആയ ലോകത്ത് ജിന്ന്, ആത്മാക്കാള്‍ തുടങ്ങിയ സാധ്യതകള്‍ മനുഷ്യന് നല്‍കുന്ന ‘സ്വകാര്യ അധികാരം’ എന്ന സാധ്യത ആവാം ആധുനിക മനുഷ്യന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതകള്‍ പങ്ക് വെക്കാന്‍ മനുഷ്യന്‍ കൂടുതലായി ഇത്തരം സംവിധാനങ്ങളിലേക്ക് തിരിയുന്നത് ഈ ഒരു സാധ്യതയിലേക്കാണ് സൂചന നല്‍കുന്നത്. ആധുനിക നിയമ സംവിധാനങ്ങള്‍ക്ക് അപ്രാപ്യമായ കൂടുതല്‍ വ്യക്തിനിഷ്ഠമായ മറുപടികള്‍ നല്‍കുന്ന അയഞ്ഞ സംവിധാനം എന്ന സൗകര്യം കൂടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്നു എന്ന് കാണാം. ഓരോ സമയത്തിനനുസരിച്ചും, വ്യക്തികള്‍ക്കനുസരിച്ചും അനുയോജ്യമായ മറുപടികള്‍ നല്‍കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്കാവുന്നുണ്ട്. ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സംവിധാനങ്ങളെ എങ്ങനെയാവും ഭരണകൂടം നിയന്ത്രിക്കുക എന്ന ചോദ്യം ബാക്കിയുണ്ട്. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്ത് നിന്നും വന്ന ഒരു വാര്‍ത്തയിലേക്ക് പോവാം. ഫേസ്ബുക്ക് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടിന്റെ ഭാഗമായ റോബോട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു എന്നായിരുന്നു അത്. അവ സ്വന്തമായി ഭാഷ രൂപപ്പെടുത്തുകയും മനുഷ്യര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ ആശയ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് അതിന് ഫേസ്ബുക്ക് പറഞ്ഞ കാരണം. ഈ വാര്‍ത്ത ചില രസകരമായ ആലോചനകള്‍ക്ക് വഴിവെക്കുന്നുണ്ട്. എഞ്ചാന്റഡായ ലോകം ആധുനിക മനുഷ്യന് മുന്നില്‍ ഉയര്‍ത്തിയ ഏറ്റവും വലിയ പ്രതിസന്ധി എന്നത് ആത്മാക്കളും, ജിന്നുകളും, പിശാചികളും, ദൈവം തന്നെയും മനുഷ്യന്റെ അധികാരത്തെ വെല്ലുവിളിക്കുന്നു എന്നതാണ്. മനുഷ്യന് കീഴൊതുങ്ങാത്ത ഒരു അധികാര ശക്തി ആത്യന്തികമായി മനുഷ്യന്റെ സ്വയം നിര്‍ണ്ണയിക്കാനുള്ള അധികാരത്തിന് കൂടി വെല്ലുവിളിയാണ്. അത് കൊണ്ട് ആധുനിക മനുഷ്യന്റെ നിലനില്‍പ്പിന് ഇത്തരം എല്ലാ ശക്തികളുടെയും ഇല്ലായ്മ ഒഴിച്ചുകൂടാനാവാത്തതാണ്.
ഫേസ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്ത പ്രസക്തമാവുന്നത് ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ്. 2014ല്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് പറഞ്ഞത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യന്റെ തന്നെ അന്ത്യമായേക്കും എന്നാണ്. മനുഷ്യന്റെ കഴിവിനും നിയന്ത്രണാധികാരത്തിനും അപ്പുറത്തേക്ക് വളരാന്‍ സാധ്യതയുള്ള ഈ സാങ്കേതിക വിദ്യ ആധുനിക മനുഷ്യന്‍ എന്ന ആശയത്തിന് തന്നെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ആധുനിക ഭരണകൂടങ്ങളുടെ അധികാര പരിതിയില്‍ നിന്നും കുതറി മാറുന്ന മറ്റൊരു എഞ്ചാന്റഡായ ലോകത്തിലേക്കാവുമോ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും, ഓഗ്മെന്റഡ് റിയാലിറ്റിയും നമ്മെ എത്തിക്കുക. ഈ ഓരു ചോദ്യത്തിലേക്ക് കടക്കാന്‍ നമുക്ക് മറ്റൊരു സാധ്യത കൂടി പരിഗണിക്കാം. ഗൂഗിള്‍ ഡ്യൂപ്‌ളക്‌സ് വ്യാപകമാവുന്ന ഒരു സമയത്തെക്കുറിച്ച് സങ്കല്‍പ്പിച്ച് നോക്കാം. നിങ്ങള്‍ സംസാരിക്കുന്നത്, സംസാരിച്ച് വെച്ചത് ഒരു യഥാര്‍ത്ഥ മനുഷ്യനോടാണൊ അതോ അങ്ങിനെ ഒരു അസ്ഥിത്വം ഇല്ലാത്ത മെഷീനോടാണൊ എന്ന് സംശയിക്കേണ്ട അവസ്ഥ വന്നാല്‍ എന്തായിരിക്കും സ്ഥിതി? അത് പോലെ നിങ്ങളുടെ തൊട്ടടുത്ത് ഇരിക്കുന്ന ഒരാള്‍ക്ക് അനുഭവിക്കാനാവാത്ത ഒരു സ്ഥലത്തെ അനുഭവങ്ങളാണ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ നിങ്ങള്‍ക്കുണ്ടായത് എന്ന് വെക്കൂ. യാഥാര്‍ത്ഥ്യവും ഭാവനയും കുഴഞ്ഞ് മറിഞ്ഞ ആ ഒരു ‘എഞ്ചാന്റഡ് ആയ യാഥാര്‍ത്ഥ്യത്തെ’ എങ്ങനെയാവും നമ്മള്‍ മനസ്സിലാക്കുക? ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഫാന്റസി ആയും ഒന്നിനെക്കുറിച്ചും ഉറച്ച് വിശ്വസിക്കാന്‍ പറ്റാത്ത തികച്ചും ഭ്രാന്തായ ഒരവസ്ഥ ആയും തോന്നുന്നില്ല?
ആധുനികതയുടെ യുക്തിയില്‍ നിന്നും അധികാരത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഫൂക്കൊ കണ്ടെത്തുന്ന ഒരു സാധ്യത ഉന്മാദാവസ്ഥയാണ് എന്ന് കാണാം. അത്‌കൊണ്ട് കൊണ്ട് തന്നെ ഉന്മാദത്തെ ആധുനിക അധികാര സംവിധാനങ്ങള്‍ പല രീതിയില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്ന് ഫൂക്കോ നിരീക്ഷിച്ചു. ആനന്ദ് തഹേജ ജിന്നിയോളജിയില്‍ മറ്റൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അതായത് എഞ്ചാന്റഡായ ലോകത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ആളുകളെ പല രീതിയില്‍ ആധുനിക ഭരണകൂടത്തിന്റെ അധികാര സംവിധാനങ്ങളെ അതിലംഘിക്കാനും വ്യത്യസ്തമായ അര്‍ത്ഥങള്‍ ഉള്‍ക്കൊള്ളുന്ന ജീവിതങ്ങള്‍ സാധ്യമാക്കാനും ആവും എന്ന് ഡെല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ലയിലെ ജിന്ന് മഖ്ബറക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യന്മാരുമായുള്ള സമ്പര്‍ക്കം അദ്ധേഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയിലെ പാമ്പ്, പക്ഷികള്‍ തുടങ്ങിയ ജീവികളെല്ലാം അവയുടെ രൂപത്തില്‍ വരുന്ന ജിന്നുകളാവാം എന്നും അത്‌കൊണ്ട് തന്നെ അവയെ ഉപദ്രവിക്കാന്‍ പാടില്ല എന്നും അവിടെയുള്ള മനുഷ്യര്‍ വിശ്വസിക്കുന്നുണ്ട്. ജീവനില്ലാത്തതും, അര്‍ത്ഥമില്ലാത്തതും എന്ന് ആധുനികത കാണുന്ന വസ്തുക്കളെ അര്‍ത്ഥങ്ങള്‍ നിറഞ്ഞതും സജീവുമായിട്ടാണ് ഈ മനുഷ്യര്‍ കാണുന്നതും അവയോട് പെരുമാറുന്നതും എന്ന് താനേജ നിരീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ എഞ്ചാന്റഡ് ആയ ലോകത്തിലേക്കുള്ള, ജിന്നുകളും ആത്മാക്കളും നിറഞ്ഞ ലോകത്തെ തിരിച്ചു വിളിക്കുന്നത് ഫുക്കോ തേടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായേക്കാം. ഇവിടെ ഞാന്‍ ആലോചിക്കുന്നത് മതാത്മക മനുഷ്യന്റെ പല സാധ്യതകളും നഷ്ടമായ ആധുനിക മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജിന്നുകളാവുമൊ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്മെന്റഡ് റിയാലിറ്റിയുമെല്ലം എന്നാണ്. അങ്ങിനെ എങ്കില്‍ ഇവയെ മനസ്സിലാക്കാന്‍ ആധുനിക സംവിധാനങ്ങള്‍ക്ക് മതങ്ങളുടെ സഹായം തന്നെ വേണ്ടി വരില്ലെ?
ഇങ്ങനെ ഓരോന്ന് ആലോചിച്ച് അന്തം വിട്ടിരിക്കുന്നതിനിടയിലാണ് മഅദിന്‍ അക്കാദമിക്ക് കീഴില്‍ കോഴിക്കോട് വെച്ച് അന്താരാഷ്ട്ര ഇബ്‌ന് ബത്തൂത്ത കോണ്‍ഫറന്‍സ് വരുന്നത്. കോണ്‍ഫറന്‍സിലെ കീനോട്ട് സ്പീക്കേസില്‍ ഒരാളായ ഇറ്റലിയിലെ പര്‍മ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്ററ്റ് പ്രൊഫസര്‍ മാര്‍ക്കോ വെന്തൂരയുടെ ഗവേഷണം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും എത്തിക്‌സുമാണ്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മനുഷ്യനുമായുള്ള ഇടപാടുകളെ എങ്ങനെ നിയന്ത്രിക്കാം, അതിന്റെ എത്തിക്‌സ് എങ്ങനെ രൂപപ്പെടുത്താം എന്ന ആലോചനയില്‍ മതങ്ങള്‍ക്ക് ഏതെല്ലാം രീതിയില്‍ സഹായിക്കാനാവും എന്ന അന്വേഷണമാണ് അദ്ദേഹം കാര്യമായിട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് കോണ്‍ഫറന്‍സ് കഴിഞ്ഞ ശേഷം മഅദിനില്‍ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടെ അദ്ധേഹം തന്റെ ഗവേഷണം വിവരിക്കുകയും സാധ്യമായ ആലോചനകള്‍ ക്ഷണിക്കുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന ഡോക്റ്റര്‍ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് ഉസ്താദിന്റെ പ്രതികരണം ഈ ആലോചനയില്‍ രസകരമായി തോന്നുന്നതാണ്. തിരുനബിയോട് നടന്ന് പോകുമ്പോള്‍ കല്ലുകളും മരങ്ങളും സലാം ചൊല്ലിയതും, സുലൈമാന്‍ നബിക്ക് ഉറുമ്പുകളുടെ സംസാരം മനസ്സിലായ കാര്യവുമെല്ലാമാണ് ഉസ്താദ് വിശദീകരിച്ചത്. ആധുനിക മനുഷ്യന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള എഞ്ചാന്റഡ് ആയ ലോകത്തെക്കുറിച്ചുള്ള വിശേഷങ്ങളായി അവയെല്ലാം തന്നെയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനോട് സംസാരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആകുലതയിലിരിക്കുന്ന പ്രൊഫസറോട് ഇങ്ങനെ ജിന്നുകളും, കല്ലുകളും ആത്മാക്കാളും ഒക്കെ സംസാരിക്കുന്ന ലോകത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് ഗൂഗിള്‍ ഡ്യുപ്‌ളെക്‌സ് മനുഷ്യനോട് സംസാരിക്കുന്നത് പുതുമയുള്ള കാര്യമല്ല എന്നാവുമോ ഉസ്താദ് പറയാന്‍ ശ്രമിച്ചത്?