ഹൃദയത്തെ കഴുകി തെളിമ വരുത്താന്‍ ഫലപ്രദമായ മാര്‍ഗമാണ് ഖുര്‍ആന്‍ പാരായണം. ഖുര്‍ആനിലെ ഓരോ ഹര്‍ഫിനും ചുരുങ്ങിയത് പത്തും അതിനു മുകളിലും പ്രതിഫലം ലഭിക്കുന്നതാണ്. ഇതിനു പുറമെ പ്രത്യേക ആയത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേകം ഫലങ്ങള്‍ ലഭ്യമാണ്. രോഗം മാറാനും കളഞ്ഞുപോയത് ലഭിക്കാനും ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും എല്ലാം പ്രത്യേകം ആയത്തുകളും സൂറത്തുകളും ഉണ്ട്.
ഇതില്‍ പെട്ടതാണ് കള്ളന്മാരില്‍ നിന്നും രക്ഷപ്പെടാനുള്ള ചില ആയത്തുകള്‍. ഇന്ന് സമൂഹം മുഴുക്കെ കള്ളന്മാരുടെ പേടിയിലാണ്. ചില നാടുകളില്‍ പ്രത്യേകം സമയങ്ങളിലും കള്ളന്‍മാര്‍ വിലസുന്ന സീസണുകള്‍ ഉണ്ടാകാറുണ്ട്. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ ഏറെ വന്നിട്ടുണ്ടെങ്കിലും അവയെയും വെല്ലുന്ന തരത്തിലാണിന്ന് കള്ളന്മാരുടെ യത്‌നങ്ങള്‍. എന്നാല്‍ അവരെ പൂട്ടിയിടാന്‍ കഴിവുള്ള യജമാനനായ സ്രഷ്ടാവ് തന്നെ കള്ളന്മാരുടെ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം പറഞ്ഞു തന്നാല്‍ അത് ഫലിക്കുമെന്നുള്ളത് തീര്‍ച്ചയാണല്ലോ?
നബി തങ്ങള്‍ പഠിപ്പിക്കുന്നു: രാത്രിയിലാരെങ്കിലും മുപ്പത്തി മൂന്ന് ആയത്ത് ഓതിയാല്‍ പ്രസ്തുത രാത്രി അവന് കള്ളന്റെ ബുദ്ധിമുട്ടോ വേട്ട മൃഗങ്ങളുടെ ശല്യമോ ഉണ്ടാകില്ല. പ്രഭാതം വരെ അവന്റെ ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും കാവല്‍ ലഭിക്കുന്നതാണ്. പ്രസ്തുത ആയത്തുകള്‍ ഇവയാണ്,
അല്‍-ബഖറ (1-4), (255-257), (284-286), അഅ്‌റാഫ് (54-56), ഇസ്‌റാഅ് (110-111), അസ്്വാഫാത്ത് (1-11), അര്‍റഹ്്മാന്‍ (33-35), ഹശ് ര്‍(21-24), ജിന്ന് (1-4). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം, സൂറത്തുല്‍ ബഖറയിലെ 10 ആയത്ത് (മുകളില്‍ പറഞ്ഞ ആയത്തുകള്‍) പ്രഭാതത്തില്‍ ഓതിയാല്‍ പ്രദോഷം വരെയും പ്രദോഷത്തില്‍ ഓതിയാല്‍ പ്രഭാതം വരെയും ശൈത്വാന്‍ അവനോട് അടുക്കില്ല. അവന്റെ കുടുംബത്തിലോ സമ്പത്തിലോ അവന് വെറുക്കുന്ന ഒന്നും ഏല്‍ക്കില്ല. വല്ല ഭ്രാന്തന്റെയും മേല്‍ ഓതിയാല്‍ അവന് സുഖപ്പെടും. (ദുററുല്‍ മന്‍സൂര്‍-ഇമാം സ്വുയൂത്വി)
ആയതിനാല്‍ ഈ 33 ആയത്തുകള്‍ എല്ലാ രാത്രിയിലും ഓരോ വിശ്വാസിയുടെ വീടുകളിലും പതിവാക്കാന്‍ ശ്രമിക്കുക, പൂര്‍ണ്ണ വിശ്വാസിക്ക് കാവലിന് മറ്റൊന്നും ആവശ്യമില്ല. ഇത്തരം പ്രത്യേകതകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തി വിജയം വരിക്കാന്‍ നാഥന്‍ തുണക്കട്ടേ-ആമീന്‍