മാലോക തലത്തില്‍ സൂഫീകാവ്യങ്ങളെ പ്രധാനമായും മൂന്നോ നാലോ ആയി തരം തിരിക്കാം. ഒന്ന് ഹംദ് മറ്റൊന്ന് നഅ്ത.് മൂന്നാമതായി മനാഖിബ്. ചില ആളുകള്‍ ഇതിനെ ഫല്‍സഫാന തസവുഫാന എന്നീ സൂഫീ തഅ്‌ലീമാത്തുകള്‍ വരുന്ന അടിസ്ഥാനത്തില്‍ നാലോ അഞ്ചോ ആയി തരം തിരിക്കുന്നുണ്ട്.
സൂഫീ കാവ്യങ്ങളില്‍ ഹംദ്, നഅ്ത്, മനാഖിബ് എന്നിവ സാധാരണക്കപ്പുറമുള്ള മറ്റൊരു പരിപ്രേക്ഷ്യത്തിലാണ് വരുന്നത്. ഹംദ് എന്ന് പറഞ്ഞാല്‍ അല്‍ ഹഖിനെ(അല്ലാഹു)കുറിച്ചുള്ള സംസാരങ്ങളാണ്. നഅ്ത് എന്നാല്‍ കേവലം മദ്ഹിനപ്പുറം നബി(സ്വ)യുടെ ബശരിയത്തി(മാനുഷികത)നപ്പുറത്തുള്ള ഖുസൂസിയത്തി(ആത്മീയ യാഥാര്‍ത്ഥ്യങ്ങളെ)നെ കുറിച്ചുള്ളതാണ്.
മനാഖിബ് എന്നാല്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ),മുഈനുദ്ദീന്‍ ചിശ്തി(റ)തുടങ്ങിയ മഹാന്‍മാരെ കുറിച്ചുള്ള ഗാനങ്ങളാണ്. അവര്‍ എവിടെ ജനിച്ചു. അവരുടെ പ്രബോധന രംഗം എങ്ങനെയായിരുന്നു. അവരുടെ ജീവിത്തിലുണ്ടായ കറാമത്തുകള്‍ എന്നിവയായിരിക്കും മനാഖിബില്‍ പറയുക.
കേരളത്തില്‍ ഒരുപാട് സൂഫി കവികളുണ്ട്. നമ്മള്‍ മാപ്പിളപ്പാട്ട് കവികള്‍ എന്ന് പറയുന്നവരൊക്കെയും അതി മനോഹരമായ സൂഫി കവിതകളെഴുതിയവരാണ്. മഹാകവി മോയീന്‍ കുട്ടി വൈദ്യരുടെ ‘ബദര്‍’ തുടങ്ങുന്നത് തന്നെ അഹദത്തിലെ അലിഫ്,അലിഫ് ലാം, അലിഫക്ഷരപ്പൊരുള്‍ ബിസ്മില്ല എന്നത് കൊണ്ടാണ്. അഥവാ ബിസ്മിയിലുള്ള ജ്ഞാന മണ്ഡലത്തെ കുറിച്ചാണ് പറയുന്നത്. അത് തന്നെയാണ് സൂഫികള്‍ നിരന്തരം സംസാരിച്ചിട്ടുള്ള അഹദത്ത്. കുഞ്ഞായീന്‍ മുസ്‌ലിയാരുടെ കപ്പപാട്ട്, നൂല്‍മദ്ഹ്, എന്നിവ ഫല്‍സഫാന, തസവുഫാന തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയാണ്.
അബ്ദുല്‍ ഖാദിര്‍ ഇച്ചമസ്താന്‍
പിച്ചളപ്പാത്ര കച്ചവടക്കാരനായ അബദുല്‍ ഖാദര്‍ ഇച്ചമസ്താന്‍ 1861ല്‍ കണ്ണൂരില്‍ ജനിച്ചു. ധനിക തറവാട്ടുകാരനായ അദ്ദേഹം രചിച്ച സൂഫി കാവ്യങ്ങള്‍ ‘വിരുത്തങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ കലാ രൂപങ്ങളായ ഒപ്പന,കോല്‍ക്കളി എന്നിവയില്‍ ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ പാടാറുണ്ട്. അത്ഭുതകരമായ ജീവിതം കാഴ്ച വെച്ച അദ്ദേഹം ആയിരക്കണക്കിന് പാട്ടുകള്‍ രചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ അധിക ഗാനങ്ങളും ശേഖരിച്ചത് ഒ ആബൂ സാഹിബാണ്.
ഇച്ച കടത്തിണ്ണയില്‍ കിടന്നുറങ്ങി രാവിലെ എണീക്കുമ്പോള്‍ തലയിണയുടെ ഭാഗത്ത് വരിയെഴുതിയിട്ടുണ്ടാവും. എവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ അവിടെ മതിലില്‍ എഴുതും. പിന്നീട് ചില ആളുകള്‍ ഇതെഴുതിയെടുക്കും. അല്ലാതെ കേട്ടോളൂ എന്ന് പറഞ്ഞ് പാടുന്ന സ്വഭാവമില്ല. അദ്ദേഹം രചിച്ച അല്‍ ഹഖിനെ കുറിച്ചുള്ള ഗാനങ്ങള്‍ പരിചയപ്പെടാം. ലക്ഷദ്വീപില്‍ ഇച്ച പോയപ്പോള്‍ അദ്ദേഹം എഴുതിയതാണിത്.
ബിസ്മില്ലാഹി റഹ്മാനി റഹീമു മേം നാം
ബാക്ക് പുള്ളിയില്‍ വള്ളിയും കീഴ് മദീന
ഫദ്കുര്‍ റബ്ബക്ക ഫീ നഫ്‌സിക ആയത്തെടീ
ഫര്‍ദവന്‍ ഖുദ്ദൂസില്‍ സഖാമല്ലെടീ..
ലോകത്തുള്ള മുഴുവന്‍ വസ്തുക്കളും തിരച്ചറിയുന്നത് നാമങ്ങളെ കൊണ്ടാണ്. നാമം എന്ന് പറയുന്ന ആശയം ബസ്മലയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ‘ബാ’ എന്ന അക്ഷരത്തെ നിങ്ങള്‍ മറിച്ചിടുക. ബാഇലാകുന്നു പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും നിലനില്‍പ്പ്. കാരണം ബാ എന്നക്ഷരത്തിന്റെ അര്‍ത്ഥം ‘കൊണ്ട്’ എന്നാണ് അഥവാ അവനെ കൊണ്ടാണ് ലോകത്തുളള സകലതും നിലനില്‍ക്കുന്നത്. ബാഇനെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ അത് നിനക്ക് മനസ്സിലാകും. ബാഅ് എന്നക്ഷരത്തെ കീഴ്‌മേല്‍ മറിച്ച് ആ പുള്ളിയെ മുകളിലേക്കിട്ടാല്‍ നിനക്ക് മദീന കാണാം എന്നും അദ്ദേഹം പറയുന്നു. ‘ബി’ അഥവാ ‘കൊണ്ട്’ എന്നതിന്റെ രഹസ്യങ്ങളെ നിനക്ക് കിട്ടണമെങ്കില്‍ മദീനയിലേക്ക് പോകുകയല്ലാതെ നിവൃത്തിയില്ല. ഫദ്കുര്‍ റബ്ബക ഫീ നഫ്‌സിക എന്ന ആയത്ത് ഖുര്‍ആനില്‍ ഉണ്ടെടീ. അത് നീ മനസ്സിലാക്കുകയാണെങ്കില്‍ നീ എപ്പോഴും അവന്‍(അല്ലാഹു)എന്ന ചിന്തയിലായിരിക്കും.
(എടീ എന്ന പ്രയോഗം ഇത്തരം കവികളില്‍ കൂടുതലായി കാണാന്‍ കഴിയും. കാരണം നഫ്‌സ് എന്നത് മുഅനസ്സായത്(സ്ത്രീലിംഗം) കൊണ്ടാണ് എടീ എന്ന് പറയുന്നത്.)
മറ്റൊരു കാവ്യം പരിചയപ്പെടാം
ചൊല്ലുന്നതും പൊരുള്‍
ചൊല്ലാനരുതരുത്
ചൊല്ലുണ്ട് രണ്ട് ഖൗലില്‍
അദ്ദേഹത്തിന്റെ തന്നെ പ്രവാചകര്‍ മുഹമ്മദ് (സ്വ)യെ കുറിച്ചെഴുതിയ നഅ്തുകളെ പരിചയപ്പെടാം,
ആണ് പെണ്ണായിരം കോടി പലതൂക്കം
ആണത്തമുള്ളവരെ
ആദിയും അന്ത്യവും അകമിയം കാട്ടുവാന്‍
ആദത്തെ പെറ്റവരെ
‘ആദത്തെ പെറ്റവരെ’ എന്ന് പറഞ്ഞാല്‍ ആദം നബി(അ)പോലും നബി(സ്വ)യില്‍ നിന്നുള്ളവരാണ് എന്നാണ് പറയുന്നത്. ആണും പെണ്ണും അതിനൊക്കെ അതീതനായിട്ടുള്ള എല്ലാ ഗുണങ്ങളും സമ്മേളിച്ച അല്‍ ഇന്‍സാനുല്‍ കാമില്‍ ആണ് മുത്ത് നബി എന്നാണ് കവി പറയുന്നത്. സുലൂകിന്റെ ഒരോ പടികളും കയറിവരുന്നത് അവിടുത്തെ ദര്‍ശിക്കാന്‍ വേണ്ടിയാണെന്നാണ് ഇച്ച പറയുന്നത്.
മറ്റൊരു ഗാനം,
ലാക് കോടി മനാസിലേക്കൊരു
ലാമ് കൊണ്ട് മണിക്കെടാ
ലാക്ക് വെട്ടിയൊടുത്തൊടുക്കെടാ
ലാമ് റംസ് ചുളിക്കടാ..
നീ ലാമില്‍ ചിന്തിച്ചു പോവുകയാണെങ്കില്‍ നിനക്ക് ലക്ഷം കോടി മന്‍സിലകളെ കണ്ടെത്താം. നീ ലാ കൊണ്ട് ഓരോന്നിനെയും വെട്ടുകയാണ് വേണ്ടത്. ലാ എന്നാല്‍ കലിമത്തു തൗഹീദിലെ ആദ്യത്തെ അക്ഷരമാകുന്നു. ‘ലാ’ കൊണ്ട് വെട്ടുക എന്നത് സൂഫി കവികള്‍ക്കിടയിലെ അല്ലെങ്കില്‍ സൂഫികള്‍ക്കിടയിലെ ഒരു പ്രയോഗമാണ്. നീ കാണുന്ന പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും നിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതായി നിനക്ക് തോന്നുക വഴി അവയൊക്കെയും ഇലാഹാണെന്ന് ഒറ്റനോട്ടത്തില്‍ മനുഷ്യാ നീ വിചാരിക്കുന്നു. എന്നാല്‍ ഇതൊന്നും ഇലാഹല്ല ഇലാഹല്ല അല്ല എന്ന് നീ ലാ കൊണ്ട് വെട്ടുമ്പോഴാണ് നിനക്ക് പ്രപഞ്ച രഹസ്യത്തെ വെളിപ്പെട്ട് കിട്ടുന്നത്.
ഇച്ച എഴുതിയ ആദിനൂറാനിയത്തിനെ കുറിച്ച്,
മുന്നമേ മുന്നം ഒരു നുഖ്തക്ഷരം
മുന്നിലെ വെച്ചവെടീ-അത്
മിന്നി മിന്നിക്കളിച്ചെണ്ടബു ആദമില്‍
മീമു മുളച്ചതെടീ
പുത്തിമരത്തില്‍ മുളച്ച അരശിന്റെ
മണ്‍ കയറിട്ട പിടി അത്
പൂ മദം പേശി മുഹമ്മദെക്കൊണ്ടെന്റെ
പൂതി മറന്നതെടീ
അക്ഷരങ്ങളുടെ രൂപങ്ങളെ കുറിച്ചും ഇച്ച പാട്ടെഴുതി. മീം എന്നക്ഷരം ഒരു താക്കോല്‍ രൂപത്തിലാണ്. ലാമലിഫാണെങ്കില്‍ പൂട്ടിന്റെ രൂപത്തിലും. ലാം അലിഫ് എന്ന രൂപത്തിലുള്ള നിന്റെ മനസ്സിലുള്ള സകല നിഷേധങ്ങളെയും തുറക്കാന്‍ മുഹമ്മദീയായ മിഫ്താഹ് കൊണ്ടേ സാധ്യമാകൂ. പൂട്ടിന്റെ രൂപത്തിലുള്ള ലാം അലിഫിനെ, മിഫ്താഹിന്റെ രൂപത്തിലുള്ള മീമ് കൊണ്ട് തുറക്കുന്നതോടെ ലാം അലിഫ് എന്ന കെട്ടഴിയുകയും അത് അലിഫായി ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു പാട്ടാണ്,
മീം മീമായ മീമില്‍ മിഅ്‌റാജെടീ
മീം ലാമലിഫില്‍ മിഫ്താഹ് നൂനാണെടീ
ജീമ് സ്വാദോട് ദാലും ഹയാത്താണെടീ
കലിമയിലാണ്ട് കൗതുകം പൂണ്ട്
കാഫ് ഹയാ അയ്ന്‍ സ്വാദില്‍ കണ്ട്
കലിമൊഴി പടുത്ത് അബ്ദുറസാഖ്
കരഞ്ഞുള്ള വാക്ക് കയ്യേറ്റെടുക്ക്
നിനക്ക് പ്രിയപ്പെട്ട മിഅ്‌റാജില്‍ നീ എത്തണമെങ്കില്‍ അതിന് നീ മുഹമ്മദീയ പാത പിന്തുടരണം എന്നാണ് പറയുന്നത്.
വളരെ സരസമായ ഗാനങ്ങളും അദ്ദേഹം എഴുതുയിട്ടുണ്ട്,
മലികുല്‍ മുലൂകിനെ കാണാനെ
മഹ്ശറ വിട്ട് കടക്കണ്ടേ
വലിയൊരു പാലം കടക്കണമെന്നത്
മരിച്ചോര്‍ക്കല്ലട ശൈ്വത്വാനെ
ഹാജി അബ്ദുറസാഖ് മസ്താന്‍
കേരളത്തില്‍ ജീവിച്ച മറ്റൊരു സൂഫി കവിയാണ് ഹാജി അബ്ദു റസാഖ് മസ്താന്‍. ഹാജി എസ് കെ അബ്ദുറസാഖ് മസ്താന്‍ എന്നാണ് അദ്ദേഹത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്. കടലുണ്ടി,പരപ്പനങ്ങാടി ഭാഗങ്ങളില്‍ ജീവിച്ച ഇദ്ദേഹം 1905ല്‍ ജനിച്ചു 1965ല്‍ മരണപ്പെടുകയും ചെയ്തു. തെക്കന്‍ കേരളത്തില്‍ ഇതേ പേരുള്ള ഒരാള്‍ ജീവിച്ചിരുന്നു എന്ന് ചരിത്രത്തില്‍ കാണാം, പക്ഷെ ഇത് അദ്ദേഹമല്ല. ഇദ്ദേഹവും ആയിരത്തിലധികം ഗാനങ്ങളെഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഹാജി അബ്ദു റസാഖിന്റെ ഹംദിന്റെ വരികള്‍ പരിചയപ്പെടാം.
ഖുല്‍ഹുവള്ളാഹു തൗഹീദിലേക്ക്
കുഫുവന്‍ അഹദ് അബ്ദുറസാഖ് നോക്ക്
ഇല്‍മ് ഇല്‍മ് ളുല്‍മ് ളുല്‍മ്
ഇവ രണ്ടാണേ നസര്‍
ഇത് ഏക സഫര്‍ ഇതിന്‍ പിന്‍ ഖബര്‍
അദാബെ ഖബര്‍
മറ്റു വരികള്‍,
ലാഇലാഹ ഇല്ലള്ളാഹു എന്ന ഒളിവെ
ലഹു ലഹു അടങ്കലും ശുദ്ധ തെളിവെ
ലോക ലോകമിന്റെടിക്കക്കാണെ ചുളിവെ
ലാ മൗജൂദ ഇല്ലള്ളാഹു എന്ന ഒടുവെ.
കലിമത്തുത്തൗഹീദ് ഒരു ഒളിവാകുന്നു. ഒളിവിന് മലയാളത്തില്‍ രണ്ടര്‍ത്ഥമുണ്ട്. ഗുപ്തമായത് എന്നും പ്രകാശം എന്നും. കലിമത്തുത്തൗഹീദ് സ്വയം ഒരു ഒളിവാകുന്നു. ഓരോ സമയത്തും നീ കാണുന്ന വസ്തുവും നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നത് അത് നിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരുക്കുന്നു എന്നാണ്.
ലഹു ലഹു എല്ലാം അല്ലാഹുലേക്കുള്ളതാണ് എന്ന തെളിവിലേക്ക് നീയെത്തും. നീ ചുഴിഞ്ഞന്വേഷിക്കുമ്പോള്‍ എല്ലാറ്റിന്റെയും അടിയില്‍ കണ്ടെത്താവുന്ന ചുളിവ് അതാണ് ലാഇലാഹ ഇല്ലള്ളാഹു. ലാമിന്റെ ചുളിവിലൂടെ പോയി നോക്കിയാല്‍ അവനല്ലാതെ ഒരു യാഥാര്‍ത്യവുമില്ല,എല്ലാ യാഥാര്‍ത്യവും അവനാകുന്നു എന്ന് നിനക്ക് കണ്ടെത്താനാകും.(ലാമ് എന്നക്ഷരം ചുളിഞ്ഞ് കൊണ്ടാണല്ലോ നില്‍ക്കുന്നത്.)
എന്റെ പാട്ടുകള്‍ നിരന്തരം പാടുകയും പറയുകയും ചെയ്യുകയാണെങ്കില്‍ കലിമത്തുത്തൗഹീദിലുള്ള നഫിയും ഇസ്ബാതും തിരിച്ചറിഞ്ഞ് കിട്ടുമെന്ന അദ്ദേഹം പറഞ്ഞതായി കാണാം.
പ്രമുഖ സൂഫി കവിയായ കടായിക്കലിന്റെ ഹംദിന്റെ വരികള്‍ പരിചയപ്പെടാം.
ഇന്നീ മഅകും ഫസ്സബിത്തുലദീനയെ
ആമനൂ എന്നൊരു ആയത്തിന്റെ മഅ്‌നയെ
തന്നെയും അറിഞ്ഞോ കരഞ്ഞോ പറഞ്ഞോ
ഗ്വയ്ബുല്‍ ഹു യാനെ തിരഞ്ഞോ
അല്ലാഹുവിന്റെ രഹസ്യങ്ങളെയെല്ലാം നീ അറിഞ്ഞോ തിരഞ്ഞോ എന്നാണ് അദ്ദേഹം പറയുന്നത്.
അയ്യൂബിയായ രോഗങ്ങളെല്ലാം
അല്‍പ നേരം കൊണ്ട് മാറ്റി നല്ല
വഴിയായ് ശോഭിപ്പിക്കും ഗുണം ലഭിക്കും
ഹാജിക്കുള്ള വാതിലായ
സ്വിറാത്തുല്‍ ലിഖാ അല്ലാഹ്.
ഹഖിനെ അറിയുകയായണെങ്കില്‍ നിനക്ക് അതിലുള്ള സന്തോഷം അതി പ്രധാനമായിരിക്കും എന്ന് അദ്ദേഹം മറ്റൊരു വരിയിലൂടെ പറയുന്നു,
ഹഖുല്‍ യഖീന്‍ ഹഖുല്‍ യഖീന്‍
എന്ന ദിവ്യ പ്രകാശം ദിവ്യപ്രകാശം
ഹാ ഹൂ വിത്തില്‍ മുളപ്പിച്ചോ ഇഹവാസം
മുളപ്പിച്ചോ ഇഹവാസം
ഹഖുല്‍ ദിക്‌റിന്‍ സന്തോഷം
അബ്ദുറസാഖിന്‍ ശ്വാസം.
മനമില്‍ ഹൂ എന്ന പൂങ്കാവനമില്‍
മദിച്ചിടൂ അടിയാര്‍കളെ
ഓ..മനം കരഞ്ഞ് തേടിടുവിന്‍
അറബി മുറബ്ബിയെന്ന ഈ പൂക്കളെ
പ്രമുഖ കവിയായ കെ എം എസ് തങ്ങളുടെ വരികള്‍ കൂടി പരിചയപ്പെടാം. അദ്ദേഹത്തിന്റെ വരികള്‍,
മോചനം നല്‍കന്റെ മീമെ
അന്ന് ഒരുലക്ഷത്തിരുപത്തിനാലായിരത്തിന്റെ മുന്നം മുഖീമായ മീമെ
മോചനം നല്‍കന്റെ മീമെ
ആറായിരത്തിന്റെ ആറ്-നൂറ്
അറുപത്തിയാറിന്റെ ആദി കരാറ്
അഹ്മദ് മുഹമ്മദ് ബശീര്‍
അസ്തഅ്ഫിറുള്ളാഹ ഞാനേ-ആസി
ദാസന്‍ കെ എം എസില്‍ പൂര്‍ത്തി പുരാനെ
ആവി പിരിയുന്ന മുമ്പേ
ആലമുല്‍ ഗൈ്വബാം റസൂലേ..