ഹജ്ജതുല്‍ വിദാഇന്റെ വേളയില്‍ നബി(സ്വ)യുടെ അധരങ്ങളില്‍ നിന്ന് കേട്ട മൊഴിമുത്തുകളില്‍ ഒന്നായിരുന്നു ‘ഫല്‍യുബല്ലിഗിശ്ശാഹിദുല്‍ഗാഇബ’ സന്നിഹിതരായിട്ടുള്ളവര്‍ അല്ലാത്തവര്‍ക്ക് എത്തിച്ച് കൊടുക്കട്ടെയെന്നത്. എന്നില്‍ നിന്ന് ഒരു ആയത്താണെങ്കിലും നിങ്ങളത് മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കണം എന്ന തിരുമൊഴിയും ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ തന്നെ തബ്‌ലീഗിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത് കൊണ്ടല്ലെ മദീനയിലെ സ്വഹാബത്, തിരുസാന്നിധ്യവും, പ്രതിഫലം ഏറിയ മസ്ജിദുന്നബവിയും ഒഴിവാക്കി സപ്ത സാഗരങ്ങള്‍ താണ്ടി ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ഇസ്‌ലാമിന്റെ സുന്ദര സന്ദേശവുമായിപ്പോയതും ഇങ്ങ് കേരളത്തില്‍ വരെ അവരുടെ കപ്പല്‍ നങ്കൂരമിട്ടതും.
സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുക എന്നര്‍ത്ഥം ധ്വനിപ്പിക്കുന്ന ദഅ്‌വത്ത് എന്ന അറബി ഭാഷയിലെ പദവുമായി ബന്ധപ്പെട്ട മറ്റൊരു പദമാണ് തബ്‌ലീഗ് എന്നത്. ഒരു വിവരം എത്തിച്ച് കൊടുക്കുക എന്നതാണിതിനര്‍ത്ഥം. ഇസ്വ്‌ലാഹ് എന്നും ദഅ്‌വത്തുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ട്. പ്രബോധനം കൊണ്ടുള്ള പ്രമുഖമായ ലക്ഷ്യം തന്നെ സന്മാര്‍ഗത്തിലേക്ക് നയിക്കുക എന്നതാണ്. ആദ്യ പിതാവ് ആദം നബി(അ) മുതല്‍ സ്വാദിഖുല്‍ മസ്വ്ദൂഖ് മുഹമ്മദ് റസൂലുല്ലാഹി(സ്വ) വരെയുള്ള സര്‍വ്വ പ്രവാചകന്മാരും ഈ ദൗത്യ നിര്‍വ്വഹണത്തിന്റെ വാഹകരായിരുന്നു. പ്രശ്‌ന സങ്കീര്‍ണ്ണതകളിലും അവര്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രചാരകരും പ്രബോധകരുമായി നില കൊണ്ടു. മുന്നില്‍ കാണുന്ന ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചിരുന്ന നൂഹ് നബി(സ്വ)ന് തിരികെ ലഭിച്ചിരുന്നത് ക്രൂര മര്‍ദനങ്ങളായിരുന്നു. അടിയുടെ ആഘാതത്തില്‍ ബോധരഹിതനായി നിലംപതിച്ചിരുന്നു. തൊള്ളായിരത്തിലധികം വര്‍ഷങ്ങള്‍ പ്രബോധനം നടത്തിയിട്ടും സന്മാര്‍ഗം ദര്‍ശിച്ചവര്‍ തുച്ഛം ചിലര്‍ മാത്രം. നിസ്വാര്‍ത്ഥമായ തബ്‌ലീഗ്, ഇതായിരുന്നു പ്രവാചകന്മാരുടെ ജീവിതം. തിരുനബി(സ്വ)യുടെ ജീവിതത്തിലും ഇത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ വായിച്ചറിഞ്ഞവരാണ് നാം. മക്കയുടെയും ത്വാഇഫിന്റെയും മണ്‍തരികള്‍ അതോര്‍ത്ത് ഇന്നും കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവും.
പ്രബോധനത്തിന്റെ മഹത്വം അറിയിക്കുന്ന നിരവധി പ്രസ്താവനകള്‍ കൊണ്ട് സമ്പന്നമാണ് വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും. സൂറത്തുല്‍ ഫുസ്സ്വിലത്തിന്റെ 33-ാമത്തെ ആയത്തിലൂടെ അല്ലാഹു തആല ചോദിക്കുന്നുണ്ട്. അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ഞാന്‍ അനുസരണയുള്ളവരില്‍ പെട്ടവനാകുന്നുവെന്ന് പറയുകയും ചെയ്യുന്നവരേക്കാളും നല്ല വര്‍ത്തമാനം പറയുന്നവരാരുണ്ട്? ദീനീ പ്രബോധനത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നതോടൊപ്പം അല്ലാഹുവിലേക്കുള്ള വ്യത്യസ്ത പ്രബോധനരീതികള്‍ കണ്ടെത്തുന്നവരും ആയത്തില്‍ പറയപ്പെട്ട സന്തോഷത്തിനര്‍ഹരാകുന്നതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. അപ്പോള്‍ ബാങ്ക്, എഴുത്ത്, പ്രസംഗം, അധ്യാപനം എല്ലാം ഇതിന്റെ ഘടകങ്ങളായി വരുന്നു.
പ്രബോധനത്തിന്റെ ഘടകങ്ങള്‍ മൂന്നെണ്ണമാണ്. പ്രബോധകന്‍, പ്രബോധിതന്‍, മറ്റൊന്ന് പ്രബോധനം നടത്തപ്പെടുന്ന മാര്‍ഗ്ഗം. ഇവയില്‍ മൂന്നാമത് പറഞ്ഞ ഘടകം ഒന്ന് വേറെ തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരാളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യം പ്രവാചകന്‍(സ്വ) പറഞ്ഞ ”നീ കാരണമായി വല്ല ഒരുത്തനും സന്മാര്‍ഗത്തിലേക്ക് വന്നാല്‍ അതാണ് ഈ ഭൂമിയും അതിലുള്ളത് മുഴുവനും നിനക്ക് ലഭിക്കുന്നതിനേക്കാള്‍ നല്ലത്” എന്ന സൗഭാഗ്യത്തിന് പാത്രീപൂതനാവുകയുള്ളൂ…
ഇവിടെയാണ് തബ്‌ലീഗ് ജമാഅത്തിന്റെ തബ്‌ലീഗ് ഒരു മൂല്യവും ഇല്ലാതെ പോവുന്നത്. കാരണം ആശയത്തില്‍ വഹാബി സങ്കല്‍പവും പ്രവര്‍ത്തനത്തില്‍ സുന്നീ ശൈലിയും സ്വീകരിച്ച് കൊണ്ട് ഒരേ സമയം വഹാബികളെയും സുന്നികളെയും വശീകരിക്കുന്ന കപടന്മാരാണവര്‍. എന്താണ് തബ്‌ലീഗിന് കുഴപ്പം എന്ന് പലരും ചോദിക്കാറുണ്ട്, സംശയിക്കാറുണ്ട്. നിസ്‌കരിപ്പിക്കുകയും, നോമ്പെടുപ്പിക്കുകയുമല്ലെ അവര്‍ ചെയ്യുന്നതെന്ന്. മര്‍മ്മ പ്രധാനമായ വിശ്വാസത്തിലെ അവരുടെ പാപ്പരത്തം മൂടി വെക്കുന്നത് കൊണ്ടും, അറിയാതെ പോകുന്നതു കൊണ്ടുമാണിത്. അവരുടെ വിശ്വാസത്തില്‍ പെട്ടതാണ്, നബി(സ്വ) ക്ക് ശേഷം മറ്റൊരു നബി വരുന്നതില്‍ വിരോധമില്ല. അങ്ങനെ വല്ല നബിയും വന്നാല്‍ തന്നെ നബിയുടെ അന്ത്യപ്രവാചകത്വത്തിന് കോട്ടം തട്ടുകയുമില്ല(തഹ്ദീറുന്നാസ്-25). ‘അസ്സലാമു അലൈക്കും അയ്യുഹന്നബിയ്യു എന്ന് അത്തഹിയ്യാത്തില്‍ നബി(സ്വ) കേള്‍ക്കുമെന്ന വിശ്വാസത്തോടെ പറയല്‍ ശിര്‍ക്ക് തന്നെ’ ഇത് തബ്‌ലീഗ് നേതാവ് അമ്പേട്ടവിയുടെ ബറാഹിനെ ഖാതിഅ -28ലും,’ നിസ്‌കാരത്തില്‍ നബി(സ്വ)യെ ഓര്‍ക്കുന്നത് സ്വന്തം കഴുതയേയോ, കാളയേയോ ഓര്‍ക്കുന്നതിലും മോശമാണ്’ എന്ന് സ്വിറാത്തുല്‍ മുസ്തഖീം-97ലും പറയുന്നുണ്ട്. ഇത്തരം വികലമായ വിശ്വാസങ്ങളില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ വാക്താക്കളാണിവര്‍. ഇത് നിസ്‌കരിപ്പിക്കാനുള്ള പ്രസ്ഥാനമേ അല്ലെന്നും ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കലാണെന്നും സ്ഥാപകന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇങ്ങനെ വിശ്വാസത്തില്‍ വലിയ വീഴ്ച സംഭവിക്കുകയും ആ ധാരയിലേക്ക് ജനങ്ങളെ അടുപ്പിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ പിന്‍ഗാമികളാണിവരും. ഹുദൈഫ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്, നബി (സ്വ) പറയുന്നു: ‘വിശ്വാസ വൈകല്യം ഉള്ളവരില്‍ നിന്ന് നോമ്പ്, നിസ്‌കാരം, ധര്‍മ്മം, ഹജ്ജ്, ഉംറ, ധര്‍മ്മയുദ്ധം, ഇടപാട്, നീതിയുക്തമായ പ്രവര്‍ത്തനം ഒന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല. ശവത്തില്‍ നിന്ന് മുടി കൊഴിയുന്നത് പോലെ അവര്‍ ദീനില്‍ നിന്ന് പുറത്ത് പോകുന്നതാണ്'(ഇബ്‌നു മാജ). അല്ലെങ്കിലും വിശ്വാസം പിഴച്ചാല്‍ പിന്നെ കര്‍മ്മങ്ങള്‍ക്കെന്തു ഫലം? ഒരു വിശ്വാസി മരണാനന്തരം ആദ്യമായി നേരിടുന്ന ചോദ്യങ്ങള്‍ അവന്റെ വിശ്വാസത്തെ കുറിച്ചാണ്. അതിനു ശേഷമെ കര്‍മ്മങ്ങളെ കുറിച്ചുള്ള വിചാരണയുണ്ടാവൂ. ഖബറില്‍ നിന്നു ആദ്യ സെഷനില്‍ തന്നെ പരാജയപ്പെട്ടാല്‍ പിന്നെ ചെയ്ത് കൂട്ടിയ കര്‍മ്മങ്ങള്‍ കൊണ്ടെന്ത് ഫലം?
ചുരുക്കത്തില്‍ തബ്‌ലീഗ് എന്നത് ഏതൊരു വിശ്വാസിയുടെയും അവിഭാജ്യ ഘടകമാണ്. തബ്‌ലീഗിലൂടെ ലക്ഷ്യം വെക്കേണ്ടത് കളങ്കമില്ലാതെ ഇസ്‌ലാമിനെ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുക എന്നതാണ്. അതിന് വിഘാതമായിട്ടാണ് ഇന്നത്തെ തബ്‌ലീഗ് ജമാഅത്തിന്റെ തബ്‌ലീഗ് നിലകൊള്ളുന്നത്. മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം നന്നായാല്‍ പോരാ. മാര്‍ഗവും ലക്ഷ്യവും ഒത്തു ചേരുമ്പോഴാണ് ഒരു നല്ല ദഅ്‌വത്ത് രൂപപ്പെടുന്നത്. അത്തരത്തിലുള്ള ഒരു തബ്‌ലീഗ് ആണ് സമൂഹം ആവശ്യപ്പെടുന്നത്. അതിന് നാം കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തന ഗോഥയില്‍ സജീവമാകേണ്ടതുണ്ട്. നാഥന്‍ തൗഫീഖ്
നല്‍കട്ടെ,