മുത്ത് നബിതങ്ങള്‍ പ്രബോധനം നടത്തി പൂര്‍ണ്ണമാക്കിയ നിയമസംഹിതയാണ് ഇസ്‌ലാം. നബി(സ) തങ്ങളാണ് ഒരു വിശ്വാസിയുടെ ഉസ്‌വത്തുന്‍ ഹസന (റോള്‍ മോഡല്‍). നബി (സ) തങ്ങളുടെ മാതൃകാ പരമായ ജീവിതമാകുന്ന വിശുദ്ധമതം അന്ത്യനാള്‍ വരെ നിലനില്‍ക്കും. വിശുദ്ധ ദീനിനെ ഞാന്‍ സംവിധാനിച്ചതാണെന്നും അതിനെ ഞാന്‍ തന്നെ സംരക്ഷിക്കുമെന്നും അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്. ഉസ്‌വത്തുന്‍ ഹസനയിലില്ലാത്ത ഒന്നും ദീനാവുകയില്ല.
തിലാവത്ത്, തസ്‌കിയത്ത് , തഅ്‌ലീം ഇവയെല്ലാം ദീനിന്റെ ഭാഗമാണ്. നബി (സ) യുടെ ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. ആലു ഇംറാന്‍ സൂറത്തിലെ 164-ാം ആയത്തില്‍ കാണാം നബി (സ) യുടെ പ്രബോധനത്തിന്റെ രീതി. ആദ്യം അവര്‍ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നു. പിന്നീട് മനസുകളെ സംസ്‌കരിക്കുന്നു. തിന്മകളോടഭിവാജ്ഞയുള്ള മനസുകളെ ഘട്ടം ഘട്ടമായി വ്യത്യസ്ത സന്ദര്‍ഭങ്ങളിലൂടെയുള്ള ഇടപെടല്‍ കൊണ്ട് അവിടുന്ന് സംസ്‌കരിച്ചെടുത്തു. ജന്‍മനാലുള്ള മനുഷ്യ മനസുകളിലെ ദുര്‍ഗുണങ്ങളെ പൂര്‍ണ്ണമായി നിര്‍മാര്‍ജജനം ചെയ്യാന്‍ കഴിയില്ലല്ലോ? എങ്കിലും അതിനെ സംസ്‌കരിച്ചെടുക്കാന്‍ കഴിയും. ഇങ്ങനെ ഒരു സംസ്‌കരണത്തിനു പുറമെ അവര്‍ക്ക് ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച് കൊടുക്കും. ഇതായിരുന്നു നബി (സ) യുടെ പ്രബോധന വീഥിയുടെ ഒരു ഹ്രസ്വ ചിത്രം.
ഖുര്‍ആനും ഹദീസും ഒരു അക്ഷരത്തിന് പോലും പോറലേല്‍ക്കാതെ ഖിയാമത് നാള്‍ വരെ സംരക്ഷിക്കപ്പെടും. ഇവയുടെ തഅ്‌ലീമിന്റെയും തസ്‌കിയത്തിന്റെയും മാര്‍ഗങ്ങള്‍ അല്ലാഹു അന്ത്യനാള്‍ വരെ നിലനിര്‍ത്തും.
നബി(സ്വ)ക്ക് ശേഷം 3 നൂറ്റാണ്ടിനുള്ളില്‍ ആയിരക്കണക്കിന് മുജ്തഹിദുകളായ ഇമാമുമാര്‍ ഖുര്‍ആനും സുന്നത്തും എന്താണെന്ന് ലോകത്തെ പഠിപ്പിച്ച് ശാസ്ത്രീയ സംവിധാനത്തിലൂടെ റിക്കാര്‍ഡ് ചെയ്ത് മുസ്ലിം സമുദായത്തിന് പരമ്പര മുറിയാതെ സംഭാവന ചെയ്ത് കഴിഞ്ഞു. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ടുള്ള പുതിയ ഇജ്തിഹാദുകള്‍ ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിന്റെ നിയമങ്ങള്‍ ഈ മൂന്ന് നൂറ്റാണ്ടിനുള്ളില്‍ ഇമാമീങ്ങള്‍ ഒരു അടിസ്ഥാന ചട്ടക്കൂടിനുള്ളില്‍ ഭദ്രമാക്കി വെച്ചിട്ടുണ്ട്. അവര്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയ കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ട കിതാബുകള്‍ പരതി അത് ജനങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ട ബാധ്യതയാണ് ഇന്നത്തെ പണ്ഡിതര്‍ക്കുള്ളത്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഖുര്‍ആനും ഹദീസും വച്ച് ഇജ്തിഹാദ് ചെയ്യണമെന്ന് വാദിച്ച ഉത്പതിഷ്ണുക്കള്‍ അത് മൗഢ്യവും വ്യര്‍ത്തവുമാണെന്ന് ഇന്ന് തിരുത്തി പറയുന്നുണ്ട്.
ഇതേ നിലപാടു തന്നെയാണ് തര്‍ബിയത്തിന്റെയും ത്വരീഖത്തിന്റെയും വിഷയത്തിലുള്ളത്. നാലു ഖതുബുകളും അവര്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ ഒരുപാട് കാമിലീങ്ങളും മുകമ്മിലീങ്ങളുമായ മശാഇഖുമാര്‍ ഈ വിഷയത്തില്‍ മുജ്തഹിദ് മുത്‌ലഖുകളായിരിക്കും. നബി (സ) തങ്ങളിലേക്കും അത് വഴി അല്ലാഹുവിലേക്കും എങ്ങനെ പോകണമെന്ന് ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി ഗവേഷണം നടത്തി ലോകത്തിന് ചിട്ടയായി പറഞ്ഞ് പഠിപ്പിച്ച് കൊടുത്ത് തസ്‌കിയത്തും തര്‍ബിയത്തും ചെയ്ത് ലോകത്തിന് മുമ്പില്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. അവ ക്രോഡീകരിച്ച് പില്‍കാലത്തെ വിശ്വാസികള്‍ക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ തര്‍ബിയത്തിന്റെയും തസ്‌കിയത്തിന്റെയും ശൈഖുമാര്‍ പഠിപ്പിച്ച ഖുര്‍ആനിലും സുന്നത്തിലും അധിഷ്ടിതമായ വഴികള്‍ സ്വീകാര്യമായ പരമ്പരയിലൂടെ ലഭിച്ച ആളുകള്‍ ആ വഴിയിലൂടെ ജനങ്ങളെ തര്‍ബിയത്ത് ചെയ്യുന്ന രീതി അന്ത്യനാള്‍ വരെ ഉണ്ടാകും.
എന്നാലിന്ന് കാമിലീങ്ങളും മുകമ്മിലീങ്ങളുമായ തര്‍ബിയത്തിന്റെ മശാഇഖുമാര്‍ ഉണ്ടോ എന്ന ഒരു ചോദ്യമുണ്ട്. പ്രധാനമായും മൂന്ന് രീതിയിലുള്ള മശാഇഖുമാരുണ്ട്. ഒന്നാമത്തേത് തഅ്‌ലീമിന്റെ മശാഇഖുമാരാണ്. എഴുപത് ശതമാനത്തോളം ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കിയും മുപ്പത് ശതമാനം വാചികമായും ദീന്‍ പഠിപ്പിച്ച് കൊടുക്കുന്നവരാണിത്തരം മശാഇഖുമാര്‍. നബി (സ) ഖുര്‍ആന്‍ വിശദീകരിച്ച് കൊടുത്തത് ജീവിതത്തിലൂടെയായിരുന്നു. ഖുര്‍ആനിന്റെ ജീവിക്കുന്ന ഒരു പതിപ്പായിരുന്നു നബി തങ്ങള്‍. ആഇശ (റ) യോട് ഒരു സ്വഹാബി നബി(സ) യുടെ സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോള്‍ ”നിങ്ങള്‍ ഖുര്‍ആന്‍ ഓതാറില്ലേ? അത് തന്നെയാണ് നബി (സ) യുടെ സ്വഭാവം” എന്നായിരുന്നു മറുപടി പറഞ്ഞത്.
രണ്ടാമത്തേത് തര്‍ഖിയത്തിന്റെ മശാഇഖുമാരാണ്. വളരെ മോശമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു തെമ്മാടിയെ ചിലപ്പോള്‍ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സ്പര്‍ശനം കൊണ്ടോ ഒരു മഹാ യോഗ്യനായ ആളാക്കി മാറ്റിയെടുക്കുന്ന മാസ്മരിക കഴിവുള്ള മഹാന്മാരാണിവര്‍. നബി(സ)യുടെ ജീവിതത്തില്‍ ഇതിന് ഉസ്‌വത്തുന്‍ ഹസനയുണ്ട്. ഒരിക്കല്‍ നബിതങ്ങള്‍ ത്വവാഫ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ മഹാ പോക്കിരിയായ ഫളാല നബി(സ)യുടെ പിന്നില്‍ ഒരു മൂര്‍ച്ചയുള്ള വാളും അരയിലേന്തി പിന്തുടരുന്നു. അവസരം കിട്ടിയാല്‍ നബി തങ്ങളെ വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫളാലയുടെ പിന്തുടരല്‍. ഫളാലയെ കണ്ട നബിതങ്ങള്‍ നീ എന്തോ ആത്മഗതം ചെയ്യുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ഇല്ല, ഞാന്‍ ത്വവാഫ് ചെയ്യുകയാണെന്ന് ഫളാല പ്രതികരിച്ചു. നബി(സ്വ) അവിടുത്തെ കൈ ഫളാലയുടെ നെഞ്ചില്‍ വച്ചു. ഫളാലയുടെ മനസ്സ് മറ്റൊരു ലോകത്തേക്ക് സഞ്ചരിച്ചു. നിമിഷ നേരം കൊണ്ട് ലോകത്ത് തനിക്കേറ്റം ശത്രുതയുണ്ടായിരുന്ന നബി തങ്ങള്‍ തന്റെ ആത്മാവിനെക്കാള്‍ പ്രിയപ്പെട്ടതായി ഫളാലക്ക് അനുഭവപ്പെട്ടു.
”അഫോള്‍ കുലം ഫുക്കെ ഫുദിയെ ഇസ്‌ലാമിന്‍, അബ്ദാലന്‍മാരാക്കി കല്‍ഫിച്ച് വെച്ചോവര്‍” എന്ന മുഹ്‌യിദ്ധീന്‍ മാലയിലെ വരികളും തര്‍ഖിയത്തിന്റെ കഥ പറയുന്നുണ്ട്. ഇത്തരം ശൈഖുമാരും ഇന്നുണ്ട്. പക്ഷേ കൂടുതലുണ്ടായിരിക്കില്ല. അല്ലാഹു അതു പറയുന്നുണ്ട്. ”മുന്‍ഗാമികളില്‍ ഒരുപാട് മഹാന്മാരുണ്ട്, പില്‍ക്കാലത്ത് കുറച്ചൊക്കെയുണ്ട്.” തീരെയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. നബി (സ)യുടെ മാര്‍ഗമായ തര്‍ഖിയത്ത് ഇവിടെ നില നില്‍ക്കുക ചെയ്യുക തന്നെ ചെയ്യും.
തര്‍ബിയത്തിന്റെ മശാഇഖുമാരാണ് മൂന്നാമത്തെ വിഭാഗം. ഇതും മുറിഞ്ഞ് പോകാന്‍ പാടില്ലാത്ത ഒരു ധാരയാണ്. നബി(സ്വ)യുടെ ദഅ്‌വത്തിന്റെ മുഖ്യമായ ഭാഗം തര്‍ബിയത്തായിരുന്നു. വളരെ നികൃഷ്ടമായ ഒരു സാമൂഹിക ചുറ്റുപാടില്‍ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തെ അവിടത്തെ വശ്യമായ തര്‍ബിയത്ത് കൊണ്ടാണ് നബി തങ്ങള്‍ സംസ്‌കരിച്ചെടുത്തത്. മനസിലെ ചാപല്യങ്ങള്‍ കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്‍കുകയായിരുന്നു നബി(സ) ചെയ്തത്. ഓരോരുത്തരുടെയും സാഹചര്യങ്ങളും ചുറ്റുപാടുകളും മനസ്സിലാക്കിയായിരുന്നു തര്‍ബിയ്യത്ത്. ഒരു സ്വഹാബി ‘ഏത് കര്‍മ്മമാണ് ഏറ്റവും പുണ്യമെന്ന്’ ചോദിച്ചപ്പോള്‍ ജനങ്ങളെ സല്‍ക്കരിക്കലും എല്ലാവരോടും സലാം പറയലുമാണെന്ന് മറുപടി നല്‍കി. മറ്റൊരാള്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ സമയമായ ഉടന്‍ നിസ്‌കരിക്കലാണെന്ന് പറഞ്ഞു. വേറൊരാളോട് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലാണെന്നും പറഞ്ഞു. ഇതൊന്നും പരസ്പര വിരുദ്ധമല്ല. ചോദിച്ച വ്യക്തിക്ക് എവിടെയാണോ മുറിവുള്ളത് അത് പരിഹരിക്കാനാവശ്യമായ മരുന്ന് നല്‍കുകയായിരുന്നു തിരുനബി(സ). രോഗം മനസ്സിലാക്കി അതിനനുസരിച്ചുള്ള കൃത്യമായ ഓപ്പറേഷനുകളായിരുന്നു ഇതെല്ലാം.
മുഹാജിര്‍ ഉമ്മുകൈസിന്റെ ചരിത്രം ഇതിനോട് ചേര്‍ത്തി വായിക്കേണ്ടതുണ്ട്. തന്റെ പ്രണയിനിയായ ഉമ്മുഖൈസ് മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയിലെത്തിയാല്‍ തനിക്കവള്‍ നഷ്ടപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മുഹാജിര്‍ ഉമ്മുഖൈസും ഹിജ്‌റ പോകാന്‍ തയ്യാറായി. സ്വഹാബികളെല്ലാം പള്ളിയില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്, ഇദ്ദേഹവും കൂട്ടത്തിലുണ്ട്. അന്ന് ശഹാദത്ത് കലിമ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള കാര്യം ഹിജ്‌റയായിരുന്നു. ഇത്ര വിശിഷ്ടമായ ഒരാരാധന പ്രേമ സാഫല്യത്തിനുള്ള മാര്‍ഗമായി കണ്ട മുഹാജിര്‍ ഉമ്മുഖൈസിന്റെ മനസ്സ് ചികിത്സിക്കേണ്ടതുണ്ട്. മനസ്സ് പൊട്ടാത്ത മൃദുലമായ ഓപ്പറേഷനാണ് ഏറ്റവും ഗുണം ചെയ്യുക. നേരിട്ട് വിളിച്ച് പറഞ്ഞാല്‍ മനസ്സ് വേദനിക്കും. ‘എന്നെ നിയോഗിക്കപ്പെട്ടത് ശരിയായ രീതിയില്‍ വിജ്ഞാനം പഠിപ്പിക്കാനാണെന്ന്’ പ്രഖ്യാപിച്ച ശേഷം നബി(സ) വശ്യമായ ഒരു വഅളിലൂടെ മുഹാജിറിനെ വിജയകരമായി ശസ്ത്രക്രിയ നടത്തി. ഓരോരുത്തരും ഉദ്ദേശിക്കുന്നവര്‍ക്കത് ലഭിക്കും. ‘അല്ലാഹുവിനെയും റസൂലിനെയും ലക്ഷ്യം വെച്ചവര്‍ അല്ലാഹുവിലേക്കും റസൂലിലേക്കും, ദുന്‍യാവും പെണ്ണും ലക്ഷ്യം വെച്ചവര്‍ അതിലേക്കുമാണ് എത്തുക’ എന്ന് തുടങ്ങുന്ന വാക്കുകള്‍ തന്നോടുളള അഭിമുഖ സംഭാഷണമാണെന്ന് മുഹാജിറിന് മനസ്സിലായി. ഞാന്‍ ചെയ്തത് തെറ്റായിപ്പോയല്ലോ എന്ന് അദ്ധേഹത്തിന്റെ മനസ്സ് പശ്ചാത്തപിച്ച് കൊണ്ടിരുന്നു. ആരെയും വേദനിപ്പിക്കാതെയുള്ള തര്‍ബിയത്തിന്റെ അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന രീതിയാണിത്. തന്റെ മുരീദുമാരുടെ മനസ്സിലെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞ് ചികിത്സിക്കാനുള്ള കഴിവ് മുഹ്‌യിദ്ധീന്‍ ശൈഖിനുണ്ടായിരുന്നു എന്നാണ് ‘കുപ്പിയകത്തുളള വസ്തുവിനെപ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങടെ ഖല്‍ബകമെന്നോവര്‍’ എന്ന മുഹ്‌യിദ്ദീന്‍ മാലയിലെ വരിയുടെ ഉദ്ദേശ്യം.
പക്ഷെ കാലം മുന്നോട്ട് ഗമിക്കും തോറും രിഫാഈ ശൈഖിനേയും ജീലാനീ തങ്ങളേയും പോലോത്ത കാമിലും മുകമ്മിലും മുത്വലഖ് മുറബ്ബിയുമായ മഹാന്മാര്‍ ഉണ്ടാകണമെന്നില്ല. എങ്കിലും അവരുടെ ത്വരീഖത്ത് സ്വഹീഹായ സനദിലൂടെ ലഭിക്കുകയും ആദരണീയരായ മശാഇഖന്മാരുടെ പിന്തുടര്‍ച്ച മുറിയാതെ സ്വീകരിച്ച മഹാന്മാര്‍ ഉണ്ടാകും. പക്ഷെ ഇന്ന് പ്രചരിപ്പിക്കപ്പെടും പോലെ വ്യാപകമായി ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ബഹുമാനപ്പെട്ട ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നത് കാണുക ‘ഖുര്‍ആനും ഹദീസും അടിസ്ഥാനപ്പെടുത്തിയുളള സൂഫീ മാര്‍ഗ്ഗമാണ് നമ്മുടെ ത്വരീഖത്ത്. ഖുര്‍ആനിന്റെയും ഹദീസിന്റെയും വഴിയില്‍ നിന്ന് വ്യതിചലിച്ചത് യഥാര്‍ത്ഥ ത്വരീഖത്തല്ല.’ ത്വരീഖത്ത് 12 ഇനമുണ്ടെന്നും ഇതില്‍ ഒന്ന് മാത്രമേ സുന്നത്ത് ജമാഅത്തിന്റെ ത്വരീഖതുളളൂവെന്നും അത് ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയുള്ളതാണെന്നും ശൈഖ് ജീലാനി തങ്ങള്‍ അവിടത്തെ കശ്ഫുല്‍ അസ്‌റാറില്‍ പറയുന്നുണ്ട്. ഈ ശരിയായ ത്വരീഖത്തിന്റെ തര്‍ബിയത്തും തഅ്‌ലീമും അന്ത്യനാള്‍ വരെ ഉണ്ടാകും. അത് നാം അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കണം.
ഇമാം റാസി (റ) ഫാതിഹ സൂറത്ത് തഫ്‌സീര്‍ ചെയ്തിടത്ത് സ്വിറാതുല്‍ മുസ്തഖീമിലെത്താന്‍ ഒരു മുറബ്ബിയായ ശൈഖിന്റെ തര്‍ബിയത് ആവശ്യമാണന്ന് പറയുന്നുണ്ട്. കാരണം ചൊവ്വായ പാത ( സ്വിറാതുല്‍ മുസ്തഖീം) ഒരുപാട് പ്രതിബന്ധങ്ങളും കടമ്പയുമുളള വളരെ അപകട സാധ്യതയുളള വഴിയാണ്. അവിടെ സുരക്ഷിതമായി വഴികാട്ടാന്‍ ഒരു ശൈഖുണ്ടായാലേ കൃത്യമായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാനാകൂ.
എന്നാല്‍ ശൈഖില്ലാത്തവരെല്ലാം വഴിപിഴച്ചവരാണെന്ന് ഇതിന് അര്‍ത്ഥമില്ല. മൂന്ന് വഴികള്‍ ഖുര്‍ ആന്‍ പറയുന്നുണ്ട്. 1. അസ്ഹാബുല്‍ യമീന്‍ 2. അസ്ഹാബുശ്ശിമാല്‍ 3. അസ്സാബിഖൂനസ്സാബിഖൂന്‍. ഇതില്‍ സാധാരണയായി കല്‍പിച്ച കാര്യങ്ങളെടുത്ത് വിരോധിച്ചത് വെടിഞ്ഞ് സാധാരണക്കാരന് സുഗമമായി ജീവിക്കാവുന്ന ഒന്നാം മാര്‍ഗ്ഗമാണ് സാധാരണക്കാരന് ഏറ്റവും അഭികാമ്യം. മൂന്നാമത്തേത് തര്‍ബിയതിലൂടെ ഉന്നത പദവി കൈവരിച്ചവരുടെ വിഭാഗമാണ്. രണ്ടു കൂട്ടരും വിജയികളാണ്. രണ്ടാം വിഭാഗം വഴിപിഴച്ച താന്തോന്നികളും.
എന്നാല്‍ അധികം അപകടം സംഭവിക്കാനിടയില്ലാത്ത തബര്‍റുകിന്റെ ശൈഖുമാര്‍ ഇന്നും ധാരാളമുണ്ട്. പാരമ്പര്യമായി കൈമാറി വരുന്ന ദിക്‌റുകള്‍ ഇജാസത്തായി (അനുമതി) ഇവര്‍ നല്‍കും. ഇത് ചൊല്ലിയാല്‍ സാധാരണ ദിക്ര്‍ ചൊല്ലുന്നതിലും കൂടുതല്‍ ഫലം ചെയ്യുകയും ആത്മാര്‍ത്ഥത ലഭിക്കുകയും ആത്മീയ വളര്‍ച്ച ലഭിക്കുകയും ചെയ്യും.
ചുരുക്കത്തില്‍, തര്‍ബിയത്തിന്റെ ശൈഖുമാര്‍ പ്രത്യക്ഷത്തില്‍ കുറവാണ്. തര്‍ഖിയതിന്റെ ശൈഖുമാര്‍ അതിലും കുറവ്. എന്നാല്‍ ഇസ്‌ലാമിന്റ ശരീഅത്ത് നിയമങ്ങള്‍ യഥോചിതം പഠിപ്പിക്കുന്ന തഅ്‌ലീമിന്റെ ശൈഖുമാര്‍ സുലഭമാണ്. ഇവരുടെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ തന്നെ നല്ലവരുടെ വിഭാഗത്തില്‍ പെടുകയും അന്ത്യനാളില്‍ വിജയികളാവാന്‍ കഴിയുകയും ചെയ്യും.