നാം നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നമ്മള്‍ പരിസ്ഥിതിക്ക് ഏല്‍പിച്ച് കൊണ്ടിരിക്കുന്ന ആഘാതത്തിന്റെ ഫലമാണ്. ഈ സാഹചര്യത്തില്‍ പ്രകൃതി നമ്മോട് ആവശ്യപ്പെടുന്നത് നമുക്ക് പ്രകൃതിയുമായുള്ള ബന്ധത്തെ പൂര്‍വ്വസ്ഥിതിയിലാക്കും വിധത്തിലുള്ള പരിഹാരമാണ്.
ഇസ്‌ലാമില്‍ നിന്ന് പ്രകൃതിയെയോ പ്രകൃതിയില്‍ നിന്ന് ഇസ്‌ലാമിനെയോ വേര്‍തിരിക്കല്‍ അസാധ്യമാണ്. കാരണം അവ പരസ്പരപൂരകങ്ങളാണ്. എന്നാല്‍ നമുക്ക് ഊര്‍ജ്ജം നല്‍കുന്ന ആ പരിസ്ഥിതിയെ നാം സംരക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം.
ഈ പ്രപഞ്ചവും അതിലെ സര്‍വ്വ സൃഷ്ടി ചരാചരങ്ങളും സ്രഷ്ടാവായ അള്ളാഹുവിന്റെ വ്യക്തമായ ഉദ്ദേശ്യത്തിലാണ് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നത് ഇപ്രകാരമാണ്. ”ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ച് നിര്‍ജീവമായ അവസ്ഥക്ക് ശേഷം ഭൂമിക്ക് ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാ തരം ജന്തു വര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.” (അല്‍ ബഖറ- 164)
പ്രകൃതിയെ നമ്മുടെ ഇഷ്ടാനുസരണം രൂപഭേദം വരുത്തിയതിന്റെ അനന്തരഫലമാണ് ഇന്ന് നമുക്ക് നേരെ ഭീഷണിയായി ഉയര്‍ന്ന് വരുന്നത്. പ്രകൃതിയുടെ ഘടന തന്നെ കാലാവസ്ഥയും പ്രകൃതിയും പരസ്പരം പൂരകങ്ങളായി വര്‍ത്തിക്കുന്നവയാണെന്ന് അറിയിക്കുന്നു. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് ഇത്തരത്തിലൊരു ദുരന്തം നേരിടാന്‍ നമ്മെ ബാധ്യസ്ഥരാക്കിയത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച നമ്മുടെ പൂര്‍വ്വികരെ കുറിച്ച് പഠിക്കുകയാണെങ്കില്‍ ഇന്ന് നാം നേരിടുന്ന വിപത്തിന് നമ്മള്‍ തന്നെയാണ് കാരണക്കാരെന്ന് ദര്‍ശിക്കാന്‍ കഴിയും.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ട നാം ഇന്ന് പ്രകൃതിയുമായി യുദ്ധത്തിലാണ്. ദൈവികമായ വ്യവസ്ഥയില്‍ നിലകൊള്ളുന്ന പ്രകൃതി നിയമത്തെ അവഗണിച്ച് നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. നമ്മള്‍ പുറത്ത് വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കുന്ന പ്രകൃതിയുടെ അവിഭാജ്യ ഘടകമായ വനങ്ങള്‍ നമ്മുടെ കരങ്ങളാല്‍ നശിപ്പിക്കപ്പെടുകയാണ്. അത് കാരണമായി അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂടുന്നു. സസ്യങ്ങള്‍ പുറത്ത് വിടുന്ന ഓക്‌സിജന്റെ അളവിലുണ്ടാകുന്ന വ്യത്യാസവും അന്തരീക്ഷത്തിലെ കാര്‍ബണിന്റെ ആധിക്യവും ഭൂവാസികള്‍ക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു.
പ്രകൃതി എന്നത് മനുഷ്യേതര ജീവികളുടെ നിലനില്‍പിനു കൂടിയുള്ളതാണെന്ന തിരിച്ചറിവ് നമുക്ക് അത്യാവശ്യമാണ്. ഇവിടെയാണ് സൃഷ്ടികളെ സംരക്ഷിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഭൂമിയുടെ അമാനത്തുകള്‍ ഏല്‍പ്പിക്കപ്പെട്ട സമൂഹമെന്ന നിലയില്‍ നാം അതിനെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. ലോകാവസാനം ആഗതമായി എന്നറിഞ്ഞാല്‍ പോലും, തന്റെ കയ്യിലുള്ള വൃക്ഷത്തൈ നട്ടുപിടിപ്പിക്കാതെ പോകരുതെന്നാണ് നബി തങ്ങള്‍ പഠിപ്പിച്ചത്. യുദ്ധങ്ങളില്‍ സംരക്ഷിക്കപ്പെടേണ്ട കാര്യങ്ങളില്‍ പ്രകൃതിയെ ഇസ്ലാം എടുത്ത് പറഞ്ഞപ്പോള്‍ പരിസ്ഥിയോടുള്ള ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാവുകയാണ്. ഒരു മരം നട്ട്, അതില്‍ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ തിന്നുന്ന കാലത്തോളം അത് അവന് പ്രതിഫലാര്‍ഹമായി പരിഗണിക്കുമെന്ന് ഇസ്‌ലാം വിശ്വാസികളോട് പറയുമ്പോള്‍ വനങ്ങള്‍ നശിപ്പിക്കുകയും പ്രകൃതിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ തന്മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ശിക്ഷാര്‍ഹരാകുമെന്നത് തീര്‍ച്ചയാണ്. കൃഷി ഇബാദത്തിന്റെ പട്ടികയില്‍ പെടുന്നത് ഇവിടെ വ്യക്തമാവുകയാണ്. ഒരു മരം നട്ടതിന്റെ പേരില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ എത്ര വലുതായിരിക്കും ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകനുണ്ടാവുക എന്നത് പരിസ്ഥിതി ചിന്തയോട് നാം ചേര്‍ത്തി വായിക്കേണ്ടതാണ്.
നാം നമ്മുടെ പരിസ്ഥിതിയുമായി എപ്പോഴും സംവദിച്ച് കൊണ്ടിരിക്കുന്നുണ്ട്. ”തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും ദിന രാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിലും ചിന്തിക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (ആലു ഇംറാന്‍ – 131). ഗാലക്‌സികളും ഗ്രഹങ്ങളും നക്ഷത്രങ്ങളും, അവയിലൊന്നിന്റെ സംവിധാനത്തില്‍ എന്തെങ്കിലും ആഘാതം സംഭവിച്ചാല്‍ മറ്റുള്ളവയെയും അത് ബാധിക്കുമെന്ന് നമ്മുടെ ബോധം നമ്മെ ഉണര്‍ത്തുന്നുണ്ട്.
പ്രകൃതിയില്‍ നമ്മള്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ പ്രത്യാഘാതത്തിന് വിധേയമാണെന്ന് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും നമ്മോട് പറയുന്നുണ്ട്. സമ്പത്തിനോടുള്ള ആര്‍ത്തിയാണ് നമ്മെ ഇത്തരം പ്രകൃതി ചൂഷണത്തിന് പ്രേരകമാക്കുന്നത്. അല്ലാഹു നമുക്ക് അറിവും ദൃഷ്ടാന്തവും നല്‍കിയതിലൂടെ തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യതയും നമ്മില്‍ മാത്രം നിക്ഷിപ്തമാക്കിയിരിക്കുകയാണ്.
ജീവ ജാലങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് നാം മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്ന ദുരന്ത കഥയിലെ വിഢികളാവാതിരിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ പ്രകൃതി ചൂഷകരെ അവരുടെ ചെയ്തികളില്‍ നിന്ന് പിന്തിരിപ്പിക്കുകയും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരാക്കുകയും വേണം. വരും തലമുറക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സുകൃതവും അതു തന്നെയായിരിക്കും.