പരീക്ഷണങ്ങള്‍ മുഅ്മിനിന്റെ കൂടെപ്പിറപ്പാണ്. പ്രശ്‌നങ്ങളും പ്രയാസങ്ങളുമില്ലാത്തവരായി ലോകത്താരും തന്നെയില്ല എന്നു തന്നെ പറയാം. ദാരിദ്ര്യം കൊണ്ടോ കഠിനമായ രോഗങ്ങള്‍ കൊണ്ടോ വിശ്വാസികള്‍ പ്രയാസമനുഭവിച്ച് കൊണ്ടിരിക്കെ മറുവശത്ത് അവിശ്വാസികള്‍ സമ്പത്സമൃദ്ധമായ ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുമ്പോള്‍ എന്തേ ഉടയോന്‍ അവന്റെ ഉത്തമവിശ്വാസികളെ തിരിഞ്ഞുനോക്കാത്തത് എന്ന് ചിലരെങ്കിലും സംശയിക്കാറുണ്ട്. എന്നാല്‍ ‘അദ്ദുന്‍യാ സിജ്‌നുല്‍ മുഅ്മിനി വ ജന്നതുല്‍ കാഫിരി’ അഥവാ ഇഹലോകം സത്യവിശ്വാസിയുടെ ജയിലറയും അവിശ്വാസിയുടെ സ്വര്‍ഗ്ഗവുമെന്നാണല്ലോ. ഏതൊരു മനുഷ്യനും അവന്‍ നിസ്സഹായനാകുന്ന സമയത്ത് അവന്റെ വിഷയങ്ങള്‍ വിശ്വാസപൂര്‍വ്വം ഏല്‍പ്പിക്കാനൊരാളുണ്ടാവുക എന്നത് അവന്റെ ഏറ്റവും വലിയ ആശ്വാസമാണ്. ജഗന്നിയന്ഥാവായ അല്ലാഹുവില്‍ വിശ്വസിച്ച മുഅ്മീനീങ്ങള്‍ തങ്ങളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചവരാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് അവന്റെ അമ്പിയാക്കളും ഔലിയാക്കളും. അവരില്‍ പ്രധാനിയാണ് ഹസ്രത്ത് ഇബ്‌റാഹീം നബി(അ). ലോകം മുഴുവന്‍ അതീവ ഭയത്തോടെയും പരിഭ്രമത്തോടെയും നോക്കിക്കണ്ട സമയമാണ് അവരെ അഗ്നികുണ്ഠാരത്തിലേക്ക് വലിച്ചെറിയാന്‍ നംറൂദ് രാജാവ് ഒരുമ്പെട്ട നിമിഷം. ആ സമയത്തുപോലും ഇടറാതെ പതറാതെ ഇബ്‌റാഹീം നബി(അ) പറയുകയാണ്. ‘ഹസ്ബിയല്ലാഹു വനിഅ്മല്‍ വകീല്‍..’ അഥവാ എനിക്കെന്റെ റബ്ബ് മതി, ഭരമേല്‍പ്പിക്കുന്നവരില്‍ അവനോളം വരില്ല ഒരാളും തന്നെ. ഇതിനേക്കാള്‍ ഏറെ ഒരു അടിമ ഈ ലോകത്ത് പരിഭ്രമിക്കേണ്ട ഒരു സന്ദര്‍ഭമില്ല തന്നെ. തനിക്കായി പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ട ഈ അഗ്നികുണ്ഠാരത്തിന് കിലോമീറ്ററുകള്‍ക്ക് മുകളില്‍ പാറിപ്പറക്കുന്ന പറവകള്‍ പോലും ഞൊടിയിടയില്‍ കത്തിക്കരിഞ്ഞ് വീഴാന്‍ മാത്രം അസഹ്യമായ ചൂടുള്ള ഈ തീക്കുഴിയിലേക്ക് ഇതാ നിമിഷങ്ങള്‍ക്കകം തന്നെ വലിച്ചെറിയപ്പെടുകയാണ് എന്നറിഞ്ഞിട്ടും എല്ലാം ഉടയതമ്പുരാനില്‍ ഭരമേല്‍പ്പിച്ച് തന്റെ മനസ്സിന്റെ സമചിത്തത നഷ്ടപ്പെടാതെ ഇബ്‌റാഹീം നബി(അ) ഉരുവിട്ട ഈ മന്ത്രധ്വനികള്‍ തന്നെ ഈ നൈമിഷിക ലോകത്തെ ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ മുത്ത് മുഅ്മിനീങ്ങള്‍ക്ക് എമ്പാടും മതിയാവുന്നതാണ്. അല്ലാഹു എന്നെ കാണുന്നുണ്ട്, അവന്‍ എല്ലാം അറിയുന്നുണ്ട്, എനിക്ക് വരുന്ന നന്മകളും വിപത്തുകളും അവന്‍ ശ്രദ്ധിക്കുന്നുണ്ട് തുടങ്ങിയവയിലുള്ള തന്റെ രൂഢമൂലമായ വിശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന തവക്കുലിന്റെ അങ്ങേയറ്റത്തെ സീമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.
ഈ സമയത്ത് ഇബ്‌റാഹീം നബി (അ) ഉരുവിട്ട മറ്റൊരു ദിക്‌റാണ് ‘ലാ ഇലാഹ ഇല്ലാ അന്്ത സുബ്ഹാനക ലകല്‍ ഹംദു വ ലകല്‍ മുല്‍ക്..’ എന്നത്. അഥവാ ‘അല്ലാഹുവേ, നീയല്ലാതെ ഇലാഹില്ല, നിന്റെ പരിശുദ്ധത ഞാന്‍ സമ്മതിക്കുന്നു, സര്‍വ്വ സ്‌തോത്രങ്ങളും പരമാധികാരവും നിനക്കാണ്..’ നംറൂദിന്റെ അധികാരങ്ങള്‍ വകവെച്ച് നല്‍കുന്നതിനുമപ്പുറം അവന്റെ ദിവ്യത്വം അംഗീകരിക്കാത്ത ഒരാളെയും ഈ ഭൂമുഖത്ത് താന്‍ ബാക്കിവെച്ചേക്കില്ല എന്ന് ഗീര്‍വാണം മുഴക്കുന്ന സമയത്തും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഇബ്‌റാഹീം നബി(അ) തീക്കുണ്ഠാരത്തെ സമീപിച്ചത്. രണ്ടാമതായി പറഞ്ഞ സുബ്ഹാനക… എന്നതിലൂടെ എത്ര വലിയ പ്രതിസന്ധിയെ നേരിടുമ്പോഴും നിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നതില്‍ ഞാന്‍ ധന്യനാണ് എന്നത് സമ്മതിക്കുകയാണ്. പിന്നീട് പറഞ്ഞ ‘ലകല്‍ ഹംദു വ ലകല്‍ മുല്‍ക്’ എന്നതിലൂടെ സ്തുതികളും പരമാധികാരവും മറ്റൊരാള്‍ക്ക് തീറെഴുതിക്കൊടുക്കാത്തതിന്റെ പേരില്‍ ജീവഹാനി സംഭവിക്കാന്‍ പോകുന്ന ഘട്ടത്തിലും അതെല്ലാം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് എന്ന പരമപ്രധാനമായ പ്രഖ്യാപനമാണ് ഇബ്‌റാഹീം നബി(അ) വിശ്വാസിലോകത്തിന് കൈമാറുന്നത്. ചുരുക്കത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഒരു വിശ്വാസിക്ക് ഏറ്റവും പരമപ്രധാനമായി കൈവശമുണ്ടായിരിക്കേണ്ട രണ്ടു ദിക്‌റുകളാണിവ.