ലോകത്ത് ജ്ഞാനോദയമുണ്ടായത് ഇറ്റലിയിലെ നവോത്ഥാനത്തിന്റെ ഫലമായാണെന്നാണ് പാശ്ചാത്യരുടെ അവകാശവാദം. ഇത് ചരിത്ര വിരുദ്ധമായ ചിന്താഗതിയാണ്. പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം രചിച്ചവര്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മനുഷ്യര്‍ നടത്തിയ അമൂര്‍ത്തമായ ചിന്തകളെ അവഗണിക്കുകയാണ് ചെയ്തത്. യൂറോപ്പിലും ബാഗ്ദാദിലുമെല്ലാം നവോത്ഥാനമുണ്ടായത് ഇസ്‌ലാം ലോകത്തിന് നല്‍കിയ ജ്ഞാനോദയം മൂലമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇവിടെയെല്ലാമുള്ള നാഗരികതയില്‍ നിന്നും ഉടലെടുത്തതാണ് അധിക ശാസ്ത്രങ്ങളും.
ആറാം നൂറ്റാണ്ടിന് ശേഷം വൈജ്ഞാനിക വിപ്ലവത്തിന് തിരി കൊളുത്തിയത് ബാഗ്ദാദായിരുന്നു. ഇസ്‌ലാമിക ഭരണകൂടത്തിന് അതിന്റെ പ്രതാപം വിളിച്ചോതുന്ന ഒരു തലസ്ഥാനം എന്ന ഉദ്ദേശ്യത്തോടെയാണ് എ.ഡി. 762ല്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ബാഗ്ദാദ് സ്ഥാപിച്ചത്. അബ്ബാസിയ ഖിലാഫത്തിന്റെ തലസ്ഥാനമായി മാറിയ ബാഗ്ദാദ് ഇസ്‌ലാമിക ലോകത്തിന്റെ സാംസ്‌കാരിക, വാണിജ്യ, ബൗദ്ധിക കേന്ദ്രമായി വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടിയെടുത്തു. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളിലൊന്നായി കണക്കാക്കുന്ന അല്‍മുസ്തന്‍സിരിയ യൂണിവേഴ്‌സിറ്റിയും ബൈത്തുല്‍ ഹിക്മയും വിദ്യാഭ്യാസ കേന്ദ്രമെന്ന ഖ്യാതിയും അതിന് നേടിക്കൊടുത്തു. ശാസ്ത്ര, സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പഠിക്കുകയും സ്വന്തമായി സംഭാവനകള്‍ ചെയ്യുകയും ചെയ്ത് കൊണ്ട് ബാഗ്ദാദില്‍ ഇസ്‌ലാം ലോകത്തിനുമേല്‍ ജ്ഞാനോദയത്തിന്റെ പ്രകാശം ചൊരിഞ്ഞു.
ആദ്യകാല ഇസ്‌ലാമിക സംസ്‌കാരം അബ്ബാസിയ്യ കാലഘട്ടത്തിലാണ് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ഇസ്‌ലാമിക സാമ്രാജ്യം ശക്തിപ്പെടുത്തുക, ഐക്യം സംരക്ഷിക്കുക, അറബി ഭാഷയുടെ പ്രചാരണം തുടങ്ങിയ ഉമവികള്‍ തുടങ്ങിവെച്ചവ പിന്തുടര്‍ന്നു പോരുകയാണ് ആദ്യം ചെയ്തത്. ഹിജ്‌റ 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂറാണ് അബ്ബാസി ഖിലാഫത്തിന് അടിത്തറ ശക്തിപ്പെടുത്തിയത്. ഇദ്ധേഹമാണ് തലസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റിയതും. മദീനക്കും ദമസ്‌കസിനും ശേഷം ലോകത്തിന്റെ പുതിയ ഇസ്‌ലാമിക ആസ്ഥാനമായി ബാഗ്ദാദ് മാറി. വൈകാതെ തന്നെ ഏറ്റവും മഹത്തായ സാംസ്‌കാരിക കേന്ദ്രമായിത്തീര്‍ന്നു. വിവിധ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ധാരാളം ഗ്രന്ഥ ശാലകള്‍ ഖലീഫ അല്‍ മന്‍സൂര്‍ സ്ഥാപിച്ചു. ഇമാം മാലിക് (റ) മുവത്വ രചിക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഇസ്‌ലാമിക ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമായി മുവത്വ മാറി.
അബ്ബാസികളുടെ ആദ്യ കാലം ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണ കാലം കൂടിയാണ്. ഉമവി കാലഘട്ടത്തില്‍ തുടങ്ങി അബ്ബാസി കാലഘട്ടത്തില്‍ അത് പൂര്‍ത്തിയാവുകയായിരുന്നു. മദ്ഹബിന്റെ ഇമാമുകളുടെ കാലഘട്ടം കൂടിയാണ് അബ്ബാസിയ്യ കാലം. ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)വും ഇമാം തുര്‍മുദി(റ)യുമൊക്കെ ഹദീസ് ശേഖരാണാര്‍ഥം വൈജ്ഞാനിക യാത്രകള്‍ക്ക് ഇറങ്ങിയതും ഇക്കാലത്താണ്. ബുഖാരി അടക്കമുള്ള പ്രാമാണിക ഗ്രന്ഥങ്ങള്‍ സമാഹരിക്കപ്പെട്ടതും ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ കാര്യക്ഷമമായി രചിക്കപ്പെട്ടതും ഇക്കാലത്താണ്.
ബാഗ്ദാദില്‍ നിന്ന് വ്യാപിച്ച വിജ്ഞാനത്തില്‍ നിന്നായിരുന്നു പ്രമുഖ അറബ് തത്വചിന്തകരായിരുന്ന ഫാറാബിയുടെയും കിന്ദിയുടെയും ചിന്തകള്‍ രൂപപ്പെട്ടത്. അബ്ബാസിയ കാലഘട്ടത്തില്‍ അറബി കവിത അതിന്റെ ഉന്നതിയില്‍ എത്തിയിരുന്നു. അബൂ നുവാസ്, അല്‍മുതനബ്ബി, അബുല്‍ അതാഹിയ, അബു ഫിറാസ് അല്‍ഹമദാനി, അല്‍മഅര്‍റി, അബൂതമാം, അബ്ദുല്‍ വഹാബ് അല്‍ബയാതി, അല്‍ജവാഹിരി തുടങ്ങിയവരൊക്കെ അതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. അവരുടെ രചനകള്‍ ഇപ്പോഴും വിറ്റഴിക്കപ്പെടുന്നതും പല യൂണിവേഴ്‌സിറ്റികളുടെയും സിലബസില്‍ ഇടം പിടിച്ചിട്ടുള്ളവയുമാണ്.
ഖലീഫയായ മന്‍സൂര്‍ 765 ല്‍ രോഗിയായപ്പോള്‍ പേര്‍ഷ്യയിലെ പ്രധാന വൈദ്യനായ ജിര്‍ജിസ് ഇബ്‌നു ബക്തീശുവിനെ ഖലീഫയുടെ ചികിത്സക്കായി ബാഗ്ദാദില്‍ വരുത്തി. ഖലീഫയുടെ അസുഖം ഭേദമായെങ്കിലും ജിര്‍ജിസ് ബാഗ്ദാദില്‍ തന്നെ താമസമാക്കി. ഇസ്‌ലാമിന്റെ ജ്ഞാനോദയത്തിന് തുടക്കം കുറിക്കുന്നതില്‍ ജിര്‍ജിസിന് പ്രധാന പങ്കുണ്ടായിരുന്നു. തങ്ങളുടെ സഹായത്തോടെയാണ് അബ്ബാസിയ്യ ഖലീഫ അധികാരത്തിലെത്തിയതെന്ന് അവകാശ വാദത്തോടെ പല പേര്‍ഷ്യന്‍ കുടുംബങ്ങളും ബാഗ്ദാദിലേക്ക് കുടിയേറി.
ഇതില്‍ പലരും ഇസ്‌ലാമിക വൈജ്ഞാനിക വിപ്ലവത്തിന് ഹേതുവായവരാണ്. അതില്‍ പ്രധാന കുടുംബമായിരുന്നു ബറാമിക്കത്ത്. ബുദ്ധ വിഹാരത്തിന്റെ കുലപതികളായിരുന്ന ബറാമിക്കത്ത് കുടുംബം വിജ്ഞാന സമ്പാദനത്തില്‍ അതീവ തല്‍പരരായിരുന്നു. രണ്ടാം അബ്ബാസിയ്യ ഖലീഫ അല്‍ മന്‍സൂര്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധികാരം ഉമവിയ്യ രാജവംശത്തില്‍ നിന്ന് പിടിച്ചെടുക്കാന്‍ ഒന്നാം ഖലീഫയെ സഹായിച്ച ഖാലിദ് ബ്‌നു ബര്‍മക്കിനെ മെസപ്പൊട്ടോമിയ(ഇന്നത്തെ ഇറാഖ്)യിലെ ഗവര്‍ണറാക്കി. പുത്രന്‍ യഹ്‌യ ബ്‌നു ഖാലിദിനെ ആസര്‍ബൈജാനിലെ ഗവര്‍ണറും പില്‍ക്കാലത്ത് മന്ത്രിയുമാക്കി. യഹ്‌യ കഴിവുറ്റ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. ഇത് മനസിലാക്കിയ ഖലീഫ മകന്‍ ഹാറൂനിന്റെ വിദ്യാഭ്യാസ ചുമതലയും ഏല്‍പിച്ചു. യഹ്‌യയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഹാറൂനാണ് ‘ആയിരത്തൊന്ന് രാവുകള്‍’ എന്ന കൃതിയിലൂടെ പ്രശസ്തനായിത്തീര്‍ന്ന ഖലീഫ ഹാറൂന്‍ റശീദ്. ഗ്രീക്ക്, സംസ്‌കൃതം, പേര്‍ഷ്യന്‍ ഭാഷകളിലെ ഭൗതിക-തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിലും പഠിക്കുന്നതിലും അതീയ താല്‍പര്യമുള്ളയാളായിരുന്നു ഹാറൂന്‍ റശീദ്. വിവര്‍ത്തനത്തിനായി ഗ്രന്ഥങ്ങള്‍ അന്യ നാടുകളില്‍ നിന്ന് വരുത്തുകയും പ്രതിഫലം നല്‍കി വിവര്‍ത്തകരെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിക്കുകയും ചെയ്തു.
നക്ഷത്രങ്ങളെ കുറിച്ച് കവിത എഴുതുകയും വാന നിരീക്ഷണം നടത്തുകയും ചെയ്ത കവി ബ്രഹ്മഗുപ്തന്റെ സിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന് ആദ്യത്തെ മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞനായി അല്‍ ഫസാരി അറിയപ്പെടുന്നു. ഈ വിവര്‍ത്തനത്തിലൂടെ കൈവന്ന വിജ്ഞാനവും നിരീക്ഷണങ്ങളും സംയോജിപ്പിച്ച് ജ്യോതിര്‍ ഗോളങ്ങളുടെ സ്ഥാന നിര്‍ണയത്തിന് സഹായിക്കുന്ന രാശിയന്ത്രം തീര്‍ത്ത ആദ്യത്തെ അറബിയും അല്‍ ഫസാരി തന്നെയാണ്. സമകാലികനായിരുന്ന അറബി ഗണിത ശാസ്ത്രജ്ഞന്‍ യഅ്ഖൂബ് ഇബ്‌നു താരിഖ് ഗോളത്തിന്റെ അളവുകളെ കുറിച്ചും വൃത്തത്തിന്റെ ഖണ്ഡത്തെ കുറിച്ചും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ ബാഗ്ദാദില്‍ നിലനിന്നിരുന്ന വിജ്ഞാന കേന്ദ്രമായിരുന്നു ബയ്തുല്‍ ഹിക്മ. ഇത് ഹാറൂന്‍ റശീദിന്റെ സംഭാവനയാണ്. ഇസ്‌ലാമിക വൈജ്ഞാനിക പ്രകാശത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ഇത്. ഇതുപോലെയുള്ള വൈജ്ഞാനിക കേന്ദ്രങ്ങളാണ് ബാഗ്ദാദിലെന്നല്ല ലോകത്ത് മുഴുവനും മുസ്‌ലിംകള്‍ക്ക് വൈജ്ഞാനിക വിപ്ലവം സൃഷ്ടിക്കാന്‍ സഹായിച്ചത്. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൂമി ശാസ്ത്രം, ദൈവശാസ്ത്രം, തത്വചിന്ത തുടങ്ങിയ നിരവധി ശാസ്ത്രീയവും മാനവികവുമായ വിജ്ഞാന ശാഖകള്‍ ഇവിടെയുണ്ടായിരുന്നു. ഓരോ ശാഖകളിലും ധാരാളം പഠനങ്ങളും വിവര്‍ത്തനങ്ങളും ഇവിടെ നടന്നിരുന്നു.
ഇന്ത്യ, പേര്‍ഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ വില കൊടുത്ത് വാങ്ങി ബയ്തുല്‍ ഹിക്മയിലെ പണ്ഡിതന്മാര്‍ക്ക് ഖലീഫമാര്‍ നല്‍കിയിരുന്നു. പ്ലാറ്റോ, അരിസ്റ്റോട്ടില്‍, പൈതഗോറസ്, ആര്യഭട്ട തുടങ്ങിയ പണ്ഡിത കുലപതികളുടെ ഗ്രന്ഥങ്ങളും അവയിലുണ്ടായിരുന്നു. എന്നാല്‍ മംഗോളിയന്‍ അക്രമത്തില്‍ വിജ്ഞാന ഭവനും ഗ്രന്ഥ ശേഖരങ്ങളും നശിപ്പിക്കപ്പെട്ടു. ഹലാഗുഖാന്‍ 1258ല്‍ ബാഗ്ദാദ് അഗ്നിക്കിരയാക്കിയപ്പോഴായിരുന്നു ഇത്. പില്‍ക്കാലത്ത് വന്ന ഭരണാധികാരികള്‍ പകരം കൊണ്ടുവന്നുവെങ്കിലും അത് വീണ്ടും നശിപ്പിക്കപ്പെട്ടു.
ഇസ്‌ലാമിക ചരിത്രത്തില്‍ ഏറ്റവും പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് ഇബ്‌നു മൂസ അല്‍ ഖ്വാരിസ്മി ബാഗ്ദാദിലെ വിജ്ഞാന ഭവനില്‍ (ബയ്തുല്‍ ഹിക്മ) പഠനങ്ങളില്‍ മുഴുകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അധിക ഭാഗവും ചെലവഴിച്ചത്.
എല്ലാവിധ ശാസ്ത്രങ്ങളിലും തിളങ്ങി നിന്ന മുസ്‌ലിം പണ്ഡിതന്മാര്‍ വൈദ്യ ശാസ്ത്രത്തിലും ഒട്ടും പിന്നിലായിരുന്നില്ല. ഹാറൂന്‍ റശീദ് സ്ഥാപിച്ച ആശുപത്രിയാണ് ബാഗ്ദാദിലെ ആദ്യത്തെ ഇസ്‌ലാമിക ആതുരാലയം. അതുപോലെ നിരവധി ചികിത്സാ രീതികളും ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും വൈദ്യ ശാസ്ത്രത്തിന് മുസ്‌ലിം പണ്ഡിതന്മാര്‍ സംഭാവന ചെയ്തിട്ടുണ്ട്. പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ വളരെയധികം മുന്‍പന്തിയിലായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്തിലെ വൈദ്യന്മാര്‍. ആദ്യമായി ഔഷധ വില്‍പന ശാലകള്‍ തുടങ്ങിയതും ബാഗ്ദാദിലെ ഇസ്‌ലാമിക സാമ്രാജ്യത്തിലാണ്.
ബാഗ്ദാദിലെ ഒരു വൈദ്യന്‍ അശാസ്ത്രീയവും അധാര്‍മികവുമായ ചികിത്സ നടത്തുന്നുണ്ടെന്ന് അറിഞ്ഞ ഖലീഫ മുഖ്തദീര്‍ എല്ലാ വൈദ്യന്മാരുടെയും പഠന നിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടു. പാസാകാത്തവരെ ചികിത്സാ രംഗത്തുനിന്നും ഒഴിവാക്കുകയും ചെയ്തു. ഖലീഫ അല്‍ മുഅ്തസിം പേരുകേട്ട ഭിഷ്വഗ്വരനും ക്രിസ്ത്യാനിയുമായിരുന്ന യൂഹാനാ ഇബ്‌നു മാസാവയ്ഹയെ ബാഗ്ദാദിലേക്ക് ക്ഷണിച്ച് വരുത്തി സ്വന്തമായി ശരീര ശാസ്ത്രം പഠിക്കാന്‍ ശ്രമിച്ചു. ഇസ്‌ലാം മതവിശ്വാസ പ്രകാരം ശവശരീരം കീറിമുറിക്കുന്നത് അനുവദനീയമല്ലാത്തതിനാല്‍ ഖലീഫ തനിക്ക് ആഫ്രിക്കയില്‍ നിന്ന് സമ്മാനമായി കിട്ടിയ ആള്‍ക്കുരങ്ങിനെ ശരീരശാസ്ത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് നല്‍കിയിരുന്നു.
അല്‍ മഅ്മൂന്‍ ബാഗ്ദാദില്‍ ഖലീഫയായതിന് ശേഷം ഗ്രീസിലെ ഗണിത ശാസ്ത്രജ്ഞനായ ഇറാട്ടൊസ്തനീസിന്റെ ജ്യോമിതി പരീക്ഷണങ്ങള്‍ അനുവര്‍ത്തിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വൃത്താകൃതിയുടെ മാനങ്ങള്‍ നിര്‍ണയിക്കാനും വേണ്ടി ശാസ്ത്രജ്ഞന്മാരുടെ സമ്മേളനം മെസൊപ്പൊട്ടോമിയയിലെ സിന്‍ജായില്‍ വിളിച്ചുചേര്‍ത്തു. അവിടെ ഒരു ഗോള നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
അറബ് ലോകത്തെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബാഗ്ദാദ്, അതിന്റെ സമ്പന്നമായ സ്രോതസ്സുകളാല്‍ ചരിത്രത്തിലുടനനീളം വന്‍ശക്തികളുടെ മുഖ്യലക്ഷ്യമായി മാറി. ഫാത്വിമികള്‍, മംഗോളിയര്‍, ഓട്ടോമന്‍ തുര്‍ക്കികള്‍, ബ്രിട്ടീഷുകാര്‍ അവസാനമായി അമേരിക്കയും ആ നഗരത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ വന്നു. ഒരു കാലത്ത് ഖലീഫ മന്‍സൂര്‍ മദീനത്തുസ്സലാം (സമാധാനത്തിന്റെ നഗരം) എന്ന് പേര് വിളിച്ച അതിന് നേര്‍വിരുദ്ധമായ അവസ്ഥയിലൂടെയാണ് പിന്നീട് കടന്നുപോയത്.
അമേരിക്കന്‍ സൈന്യം ബാഗ്ദാദില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ സാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാനും തുടങ്ങി. 1258ലെ മംഗോളിയരുടെ അധിനിവേശത്തിന്റെ തനിയാവര്‍ത്തനമായിട്ടാണ് പണ്ഡിതന്‍മാരും ചരിത്രകാരന്മാരും അതിനെ കണ്ടത്. നിരവധി ആസ്ഥാനങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയും കൊള്ളചെയ്യപ്പെടുകയും ചെയ്തു. ഖലീഫയടക്കമുള്ള നിരവധി നരഗവാസികളെ മംഗോളിയര്‍ കൂട്ടക്കശാപ്പ് നടത്തുകയും പട്ടണത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കുകയും ചെയ്തു. ചില സര്‍വകലാശാലകളും, ലൈബ്രറികളും പ്രസിദ്ധീകരണാലയങ്ങളും പുസ്തകങ്ങളടക്കം അഗ്‌നിക്കിരയാക്കി ടൈഗ്രീസ് നദിയില്‍ ഒഴുക്കപ്പെട്ടു. അതിനെ തുടര്‍ന്ന് നദിയിലെ വെള്ളം മഷിയുടെ നിറമായി മാറിയെന്ന് ചരിത്രം പറയുന്നു. പണ്ഡിതന്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഇരയാക്കപ്പെട്ടു, അനൗദ്യോഗിക കണക്കു പ്രകാരം 5500 പണ്ഡിതന്‍മാരും ശാത്രജ്ഞരും തങ്ങളുടെ ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 200 യൂണിവേഴ്‌സിറ്റി ലക്ചര്‍മാരും 530 ശാസ്ത്ര വിദഗ്ദരും കൊല്ലപ്പെടുകയും ചെയ്തു.
ബാഗ്ദാദ് പതനത്തിന്റെ പ്രതിരൂപമാണ് ധാരാളം ചരിത്രമുള്ള മുതനബ്ബി സ്ട്രീറ്റിന്റെ കഥ. പുസ്തക കച്ചവടക്കാര്‍, പ്രസാധകര്‍ തുടങ്ങിയവരുടെ കേന്ദ്രമായിരുന്നു അത്. ഇറാഖി എഴുത്തുകാരും ബുദ്ധിജീവികളും നൂറ്റാണ്ടുകളായി ഒരുമിച്ചു കൂടിയിരുന്ന പ്രശസ്തമായ ശബാന്‍ദാര്‍ കഫേ അവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പത്താം നൂറ്റാണ്ടിന് ശേഷം പ്രമുഖ കവിയായ മുതനബ്ബിയുടെ പേരിലാണത് അറിയപ്പെട്ടത്. 2007 മാര്‍ച്ച് 5ന് മുതനബ്ബി സ്ട്രീറ്റിലുണ്ടായ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ പ്രദേശം തകര്‍ക്കപ്പെടുകയും പുസ്തകങ്ങള്‍ ഇരയാക്കപ്പെടുകയും ചെയ്തു. ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെയും നാഗരികതയുടെയും കളിത്തൊട്ടിലായിരുന്ന ഇറാഖ് ഇന്ന് നിരക്ഷരരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ന് ഇറാഖി ജനതയുടെ നാല്‍പത് ശതമാനം പേര്‍ക്കും എഴുത്തോ വായനയോ അറിയില്ല. സമാധാനത്തിന്റെ നഗരം സമാധാനത്തിലും സന്തോഷത്തിലും കഴിയുന്ന ഒരു നാളേക്കായി നമുക്ക് പ്രാര്‍ഥിക്കാം.