കുടുംബം ഉസ്താദി(സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി)ന്റെ പ്രധാന പ്രബോധന മേഖലകളിലൊന്നാണ്. ഉസ്താദിന്റെ സംസാരങ്ങളിലും എഴുത്തുകളിലും കുടുബ ഭദ്രതയുടെ ആവശ്യകത വളരെ ശക്തമായി സ്പര്‍ശിച്ചതായി കാണാം. വളരെ ആത്മാര്‍ത്ഥമായും അഭിമാനത്തോടെയും ഉസ്താദ് പറയുന്ന ഒരു കാര്യമുണ്ട് ‘ഞാന്‍ നൂറ് കണക്കിന് മഹല്ലുകളുടെ ഖാളിയാണ്. എന്നാല്‍ ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയില്‍ എന്റെ മുമ്പിലെത്തിയ ഒരു കുടുംബ പ്രശ്‌നം പോലും വിവാഹമോചന(ത്വലാഖ്)ത്തില്‍ അവസനാനിച്ചിട്ടില്ല’. ഒരോ മഹല്ല് ഖാളിമാരും, നാട്ടു കാരണവന്മാരും, രക്ഷിതാക്കളും ഭാര്യ ഭര്‍ത്താക്കന്മാരും മനസ്സില്‍ ആഴത്തില്‍ കുറിച്ചിടേണ്ട വാക്കുകളാണിത്. ഉസ്താദിന്റെ മുമ്പില്‍ ദിനം പ്രതി നൂറുകണക്കിന് കുടുംബ പ്രശ്‌നങ്ങളെത്തുന്നുണ്ട്. എന്റെ മുമ്പിലെത്തുന്ന ഒരു കുടുംബവും തമ്മില്‍ പിരിയരുത് എന്ന ഉസ്താദിന്റെ ഉറച്ച തീരുമാനമാണ് ഇത്ര ധീരമായി ഇങ്ങനെ പറയാനുള്ള ആര്‍ജ്ജവം ഉസ്താദിന് നല്‍കിയത്. കുടുംബ വിഷയങ്ങളിലും സ്ത്രീ വിദ്യാഭ്യാസ വിഷയങ്ങളിലും ഉസ്താദ് പലപ്പോഴായി പറഞ്ഞ പല യാഥാര്‍ത്ഥ്യങ്ങളും സമൂഹിക നന്മ ഉദ്ദേശിച്ചുള്ള ചില വിചാരപ്പെടലുകളുമാണ് ഇത്തവണ ഗുരുമുഖം ചര്‍ച്ച ചെയ്യുന്നത്.
സ്വസ്ത സമ്പൂര്‍ണമായ ജീവിതമാണ് ഏതൊരാള്‍ക്കും സന്തോഷം നല്‍കുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യം സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന പ്രവണത ഈയിടെയായി കേരളത്തില്‍ ഗണ്യമായി വളരുന്നുണ്ട്. വ്യക്തികളുടെ കൂട്ടമാണ് കുടുംബമായി പരിണമിക്കുന്നത്. കുടുംബങ്ങളാണ് സമൂഹമായി പൂര്‍ണ്ണത പ്രാപിക്കുന്നത്. വ്യക്തി, കുടുംബം എന്നിവയാണ് സമൂഹത്തിന്റെ അടിത്തറ എന്നതിനാല്‍ തന്നെ സന്തുലിതമായ സാമൂഹിക നിലനില്‍പ്പിനു വേണ്ടി വ്യക്തി ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകേണ്ടതുണ്ട്. സമാധാനപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്.
ശാന്തമായ കുടുംബപശ്ചാത്തലം ഹനിക്കുന്ന രീതിയിലും കുടുംബ മഹിമക്ക് നിരക്കാത്ത രൂപത്തിലും വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നവര്‍ സാമൂഹിക വിരുദ്ധരാണ്. കാരണം അവര്‍ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തെയാണ് ശിഥിലമാക്കിയത്. പുതിയ കാലത്ത് കുടുംബ നിയമം ലംഘിക്കുന്നവരിലധികവും കാമുകീ കാമുകന്മാരാണ്. കാരണം ഇവര്‍ക്ക് ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനോ സാമൂഹിക ഘടനയെ ബാലന്‍സ് ചെയ്യാനോ സാധിക്കില്ല. ഇവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കി ജീവിതം ആരംഭിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സാമൂഹിക സന്തുലിതാവസ്ഥയാണ്. എന്നാല്‍ ഈ സാമൂഹിക വിരുദ്ധര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കാനോ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനോ ഒരു കോടതിയും തയ്യാറാകാതിരിക്കുകയും, അതേസമയം ഇവര്‍ക്കുവേണ്ട എല്ലാ ഒത്താശ ചെയ്തു കൊടുക്കാനും സര്‍വ്വ പിന്തുണ പ്രഖ്യാപിക്കാനും ഭരണകൂടവും നീതിപീഠവും തയ്യാറാവുകയും ചെയ്യുന്ന സന്നിഗ്ദ്ധഘട്ടത്തിലാണിന്ന് നമ്മള്‍. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് തക്കതായ പരിഹാരം തേടേണ്ടതുണ്ട്.
ഓരോ രക്ഷിതാക്കളും മക്കളുടെ ജനനം മുതല്‍ അവരുടെ വിഷയത്തില്‍ ആധിയുള്ളവരാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍, ഒരന്യ പുരുഷന്റെ കരങ്ങളില്‍ മകള്‍ സുരക്ഷിതയാണെന്നുറപ്പായാലേ മാതാപിതാക്കളുടെ ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുകയുള്ളൂ. മകളുടെ സുരക്ഷിതത്വത്തിന് വേണ്ടി കിടപ്പാടം വെടിയേണ്ടിവന്നാലും ആകാശത്തെ മേലാപ്പാക്കി മലര്‍ന്നു കിടന്ന് ആ രണ്ട് ഹൃദയങ്ങള്‍ പരസ്പരം ആശ്വസിക്കും, നമ്മുടെ സമാധാനമോര്‍ത്ത് സന്തോഷിക്കും. എന്നാല്‍ ഇന്നലെ ജീവിച്ചു തുടങ്ങിയ നമ്മള്‍ സഹപാഠിയുടെ സ്‌നേഹവായ്പുകളുടെയും വികാര പ്രകടനങ്ങളുടെയും മരീചിക കണ്ട് തനിക്ക് ഇറങ്ങാനുള്ള തുരുത്ത് ഇതാണെന്ന് മനസ്സിലുറപ്പിച്ച് ജീവിത പങ്കാളിയെ തീര്‍ച്ചപ്പെടുത്തുന്നു. എന്നിട്ട് ആ അവിവേകത്തെ വ്യക്തി സ്വാതന്ത്ര്യം എന്ന പേരു വിളിക്കുന്നു.’സാംസ്‌കാരിക’നേതാക്കള്‍ ഇത്തരം പ്രവണതകള്‍ക്ക് വളംവെക്കുന്നു.
‘ഇന്റര്‍കാസ്റ്റ് മേരേജ്’ കേരളത്തിലിപ്പോഴത്തെ ട്രെന്‍ഡാണ്. സിനിമകളിലൂടെയും മറ്റുമാധ്യമങ്ങളിലൂടെയും ന്യൂജനറേഷന്റെ മനസ്സുകളില്‍ ഇത്തരം ദുഷ്ചിന്തകള്‍ ഇഞ്ചക്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇന്റര്‍ കാസ്റ്റ് വിവാഹം ചെയ്യുന്നവര്‍ക്ക് ‘നിങ്ങള്‍ ധീരമായി മതേതര ബോധവും, സാമൂഹിക അഖണ്ഡതയുമാണ് കാത്തു സൂക്ഷിച്ചിരിക്കുന്നതെന്ന’ കപട പ്രോത്സാഹനം നല്‍കുന്ന ഒരുപാട് മനുഷ്യാവകാശ, സാംസ്‌കാരിക പ്രവര്‍ത്തകരുണ്ട്. കാര്യങ്ങള്‍ സ്വന്തം വീടിന്റെ അരമന കയറുമ്പോള്‍ ഈ മനുഷ്യസ്‌നേഹികളുടെ മനോഗതി പഠനവിധേയമാക്കപെടണം.
സിനിമ കണ്ട് തങ്ങളുടെ മതേതരത്വവും മതനിരപേക്ഷതയും തെളിയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മക്കള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന സ്‌നേഹസമ്മാനമുണ്ട് ഐഫോണും ടാബ്ലറ്റുമടങ്ങിയ സൈബര്‍ സ്‌പൈസിലേക്കുള്ള കുറുക്കു വഴികളാണത്. ഇതിലൂടെ സിനിമകളില്‍ കണ്ട വൈകാരിക തൃഷ്ണ വളര്‍ത്തുന്ന ചിത്രങ്ങളും പ്രണയാഭ്യാര്‍ത്ഥനകളും പ്രാവര്‍ത്തികമാക്കാനുള്ള വിശാലമായ വിതാനമാണ് വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ സൈബര്‍ സ്‌പെയ്‌സില്‍ രൂപപ്പെടുന്നത്. രക്ഷിതാക്കള്‍ ശ്രദ്ധിക്കണം, മകള്‍ക്ക് അനുയോജ്യമായ വരനെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആധിയും വെപ്രാളവും പൂണ്ട് കാണുന്ന ചെറുപ്പക്കാരിലെല്ലാം തന്റെ മരുമകനെ സങ്കല്‍പ്പിച്ച് നിങ്ങള്‍ വഞ്ചിതരാകുന്നുണ്ട്. കാരണം അടച്ചിട്ട വാതിലിനപ്പുറത്ത് ശബ്ദവും ശരീരങ്ങളുമില്ലാത്ത അടയാളങ്ങളുടെയും സൂചനകളുടെയും ലോകത്ത് മകള്‍ തനിച്ച് നൂറുകണക്കിന് പുരുഷകേസരികളുടെ മധ്യത്തിലിരുന്ന് നിങ്ങള്‍ക്ക് നേരെ നോക്കി പല്ലിളിക്കുന്നത് നിങ്ങളറിയുന്നില്ല.
ഒളിച്ചോട്ടവും തിരിച്ചുവരവും
സ്ത്രീ പുരുഷനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണെന്നും രണ്ടു വിഭാഗവും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവരാണെന്നും വ്യക്തമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങളില്‍ ഒന്നാണ് ഒളിച്ചോട്ടവും തിരിച്ചുവരവും. കാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുനര്‍ വിവാഹത്തിന് മനസ്സിനിണങ്ങിയ വരനെ വരിക്കുക എന്നത് വളരെ ആയാസകരമാണ്. ആദ്യ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം വിവാഹ മോചിതയായവളാണെങ്കില്‍ പോലും ആ പ്രവൃത്തി ആയാസ രഹിതമായിരിക്കില്ല. ഒരു സാധാരണ വിവാഹമോചിതയുടെ അവസ്ഥയിതാണെങ്കില്‍ ഒളിച്ചോട്ടത്തിലൂടെ സാമൂഹിക ഘടന താറുമാറാക്കിയ സ്ത്രീകള്‍ തിരിച്ചുവന്നാല്‍ (90 ശതമാനവും അങ്ങനെയാണ്) അവരുടെ ശിഷ്ടജീവിതത്തെ സമൂഹമെങ്ങനെയാണ് നോക്കികാണുക!. ഇത് കൊണ്ടാണ് ഇത്തരം കേസുകളിലധികത്തിന്റെയും പര്യവസാനം ആത്മഹുതികളിലെത്തുന്നത്. പുനര്‍ വിവാഹം ചെയ്യപ്പെടുന്ന സ്ത്രീക്ക് പുനര്‍ വിവാഹം ചെയ്യുന്ന പുരുഷന്റെ മാനസികമായ സംതൃപ്തി ലഭിക്കാതിരിക്കുവാനുളള കാരണം സമൂഹത്തിന്റെയോ മതത്തിന്റെയോ വര്‍ഗവിവേചനാമനോഭാവമൊന്നുമല്ല, മറിച്ച് സ്ത്രീകളുടെ ജൈവിക പ്രകൃതി തന്നെയാണ്. സൃഷ്ടികര്‍ത്താവ് രണ്ടിനെയും രണ്ടാക്കി പടച്ചത് തുല്യമാക്കി സമീകരണം നടത്താനല്ലല്ലോ?
ചുരുക്കത്തില്‍ ‘സ്ത്രീ’ ഇന്ന് സമത്വ വാദികളുടെയും സദാചാര വാദികളുടെയും മറ്റു സകല വിഭാഗങ്ങളുടെയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായ നിലക്ക്, സ്ത്രീയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും പറഞ്ഞ മതമായ ഇസ്‌ലാമിക മതവിശ്വാസിനികള്‍ സ്വന്തത്തെ കുറിച്ചും തനിക്കും തന്റെ മതത്തിനും ഒത്തുപോകാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളെക്കുറിച്ചും അതിന് മതം പറയുന്ന കാരണങ്ങളും തന്റെ ന്യായങ്ങളും തമ്മില്‍ തുലനം ചെയ്യാന്‍ മുന്നോട്ട് വരണം. ലിബറല്‍ ചിന്തകളില്‍ നിന്നും കറുത്ത അക്ഷരങ്ങളില്‍ നിന്നും വായിച്ചും കേട്ടും സ്വന്തം യുക്തിയുടെ അളവുകോല്‍ വെച്ചാകരുത് മതം മനസ്സിലാക്കേണ്ടത്. മറിച്ച,് ഭൗതിക വിദ്യാഭ്യാസം നേടാന്‍ നാം എത്രമാത്രം തൃഷ്ണ കാണിക്കുന്നുവോ തത്തുല്യമായ താല്‍പര്യം മത പഠനത്തിനോടും കാണിക്കണം. ഉപകരിക്കുന്ന(അത്മീയം) അറിവിന്റെ അപര്യാപ്തതയും ഭൗതിക വിജ്ഞാനത്തിന്റെ അതിപ്രസരണവുമാണ് ഇന്ന് സമുദായമനുഭവിക്കുന്ന അപകടങ്ങളിലൊന്ന്. മത പഠനത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് ആധുനിക മുസ്‌ലിം സ്ത്രീകള്‍ വളരെ പുറകിലാണ്. പ്രഭാതത്തിലോ പ്രദോഷത്തിലോ ആറുമണിക്ക്മുമ്പ് അരംഭിക്കുന്ന മദ്രസയില്‍ സമയത്തിനെത്തിയാല്‍ തന്നെ ഏഴുമണിയാകുന്നതിന് മുമ്പ് ട്യൂഷന്‍ ക്ലാസിന്റെയും ഇരുട്ടില്‍ ഒറ്റക്ക് പോകാനുള്ളതിന്റെ പേടിയും പറഞ്ഞ് മക്കളെ ഒന്നര മണിക്കൂര്‍ മദ്രസയില്‍ നിന്ന് അരമണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പറഞ്ഞയക്കണമെന്നാവശ്യപ്പെടും. മറ്റു ചില രക്ഷിതാക്കള്‍ക്ക് മദ്രസ യാഥാസ്ഥികതയുടെ നിര്‍മ്മാണ ശാലയാണ്. ആയതിനാല്‍ തന്നെ മദ്രസയുള്ള സ്‌കൂളുകളിലേക്കോ ഇതര മതപഠന കേന്ദ്രങ്ങളിലേക്കോ മക്കളെ പറഞ്ഞയക്കുന്നത് വെറുപ്പ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മുസ്‌ലിം വനിതകള്‍ക്കിടയിലുള്ള മൂല്യച്യുതിയുടെ പ്രധാനകാരണങ്ങളിലൊന്നിതാണ്.
ചരിത്രത്തില്‍ ധീരകളും വൈജ്ഞാനിക ഗിരിശൃംഗങ്ങളില്‍ വിരാചിച്ചവരുമായ മഹിളകളില്ലാഞ്ഞിട്ടല്ല മാതൃകാ വനിതകളെ സ്മരിക്കപ്പടാത്തത്. മറിച്ച് അവരുടെ മാതൃക സ്വജീവിത്തിലേക്ക് പകര്‍ത്താനും വീണ്ടും ചരിത്രം സൃഷ്ടിക്കുവാനുമുള്ള ശ്രമം പില്‍കാല മുസ്‌ലിം വനിതകളില്‍ നിന്ന് വേണ്ടത്ര ഉണ്ടായില്ല എന്നുള്ളതാണ്. ഉമ്മുല്‍ മുഅ്മിനീന്‍ സയ്യിദത്ത് അഇശ(റ) ചരിത്രത്തിലെ തുല്യതയില്ലാത്ത സ്ത്രീരത്‌നമാണ്. ഇസ്‌ലാമിന്റെ അടിത്തറപാകുന്നതിലും നിലനില്‍പിലും നിസ്തുലമായ പങ്കുവഹിച്ചതും ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഇസ്‌ലാമിക പ്രമാണവുമാണ് ഹദീസുകള്‍. പ്രവാചകാനുചരന്മാരില്‍ നിന്ന് അബൂഹുറൈറ(റ) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിരുവരുളുകള്‍ (ഹദീസ്)റിപ്പോര്‍ട്ട് ചെയ്തത് അഇശ ബീവിയാണ്. എന്നാല്‍ പില്‍കാലഘട്ടത്തിലാരും ഒരു വനിതയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത് എന്നതിന്റെ പേരില്‍ പുരുഷന്മാരായ പ്രവാചകാനുചരന്മാരില്‍ നിന്ന് സ്വഹാബീ വനിതകളെ മാറ്റി നിര്‍ത്തിയിട്ടില്ല.
താബിഉകളുടെയും തബഉത്താബിഉകളുടെയും കാലഘട്ടത്തിലും ആത്മീയ-വൈജ്ഞാനിക ലോകത്ത് മുടിചൂടാ മന്നയായി വിരാചിച്ച ബീവി നഫീസത്തുല്‍ മിസ്‌രിയ്യയെപോലുള്ള നിരവധി പേരെ ദര്‍ശിക്കാം. ഇമാം ശാഫിഈ(റ) വല്ല പ്രയാസങ്ങളും അനുഭവപ്പെട്ടാല്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യയിലേക്ക് ആളെ വിടാറുണ്ടായിരുന്നു. സൂഫീ ചക്ര വാളത്തിലെ രാജ്ഞി റാബിഅത്തുല്‍ അദ്‌വിയ്യയില്‍ നിന്ന് എന്തേ നമ്മള്‍ മാതൃക സ്വീകരിക്കാത്തത്? ഒരു കയ്യില്‍ തീയ്യും മറുകയ്യില്‍ വെള്ളവുമായി ധൃതിയില്‍ പോകുന്ന മഹതിയോട് ചോദിക്കപെട്ടു: എങ്ങോട്ടാണീ പോകുന്നത്? മഹതി പ്രതിവചിച്ചു: ഞാന്‍ നരകം കെടുത്താനും സ്വര്‍ഗം കത്തിക്കുവാനും പോവുകയാണ്. കാരണം ജനങ്ങള്‍ ഇവ രണ്ടിനും വേണ്ടിയാണ് ജീവിക്കുന്നത്. അരും അല്ലാഹുവിനെ സ്‌നേഹിക്കുന്നില്ല. ഈ മഹിളയോട് നാം ആരെ തുലനം ചെയ്യും.
പാണ്ഡിത്യവും പക്വതയുമുള്ള സ്ത്രീരത്‌നങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടനവധി കാണാം. മദീനയിലെ അറിയപ്പെട്ട, എല്ലാവരാലും അംഗീകരിക്കപ്പെട്ട പണ്ഡിതനായിരുന്നു സഈദ് ബ്‌നു മുസ്സയിബ് തങ്ങള്‍. തന്റെ മകളെ ശിഷ്യന്മാരിലൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. വിവാഹ പിറ്റേന്ന് ദര്‍സ്സിലേക്ക് പോകുന്ന ഭര്‍ത്താവിനോട് ഭാര്യ ചോദിച്ചുവത്രേ ‘നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ഉപ്പാന്റെ ദര്‍സിലേക്കാണോ? എങ്കില്‍ നിങ്ങള്‍ പോകേണ്ടതില്ല ഉപ്പാന്റെ അടുത്തുള്ളതെല്ലാം എന്റെ അടുത്തുമുണ്ട്’. നാല്‍പത് വര്‍ഷത്തോളം ദര്‍സിന്റെയും വീടിന്റെയും വഴിയിലൂടെയല്ലാതെ നടന്നിട്ടില്ലാത്ത സഈദ് തങ്ങളുടെ ഇല്‍മ് തന്റെ അടുക്കലുണ്ടെന്ന് പറയാന്‍ മാത്രം പാണ്ഡിത്യമുള്ള മകളുണ്ടായിരുന്നു മഹാനവര്‍കള്‍ക്ക്. ഇമാം മാലിക്(റ)വിനും ഉണ്ടായിരുന്നു അവിടുത്തേക്കനുയോജ്യമായ മകള്‍. മാലികീ ഇമാം ഹദീസ് ദര്‍സ് നടത്തുമ്പോള്‍ ശിഷ്യന്‍മാര്‍ നോക്കി വായിക്കുന്നതില്‍ വല്ല തെറ്റും വരുന്നത് കണ്ടുപിടിക്കാറുള്ളത് മറക്കപ്പുറത്ത് നിന്ന് മകള്‍ മുട്ടുന്ന ശബ്ദം കേട്ടിട്ടായിരുന്നുവത്രെ. സീനത്തു തഫാസീര്‍ എന്ന വിഖ്യാതമായ തഫ്‌സീറിന്റെ രചന നടത്തിയത് സുല്‍ത്താന്‍ ഔറംഗസീബിന്റെ മകള്‍ സീനത്ത് ബീഗമായിരുന്നു. ഇങ്ങനെ മഹിത പരമ്പര്യമുള്ളവരായിരുന്നു മുസ്‌ലിം സ്ത്രീകള്‍ എന്ന് നമുക്കഭിമാനിക്കാം. എന്നാല്‍ ലോകത്തുള്ള സകല വിജ്ഞാനങ്ങളും കൈവെള്ളയിലേക്കെത്തുന്ന തലത്തിലേക്ക് ലോകം വളര്‍ന്നപ്പോള്‍ മതവിജ്ഞാനത്തോടുള്ള ഒരു തരം അവജ്ഞയും വളര്‍ന്നിട്ടുണ്ട്. ഇതിന് കാരണവുമുണ്ട്. പൊതുവെ മുതിര്‍ന്നവര്‍ക്ക് ചെറിയവരെക്കാള്‍ അനുഭവവും അറിവും കൂടുതലായിരിക്കുമെന്ന ഒരു മുന്‍കാല തത്വമുണ്ടായിരുന്നു. ഇന്നതെല്ലാം പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പതിനെട്ടുകാരന് അറുപതുകാരനേക്കാള്‍ വിവരവും കാര്യപ്രാപ്തിയും എത്തിയിരിക്കുന്നു. അതിനാല്‍ തന്നെ ന്യൂ ജനറേഷന്‍ ഓള്‍ഡ് ജനറേഷനോട് ഒരു തരം അകലം പാലിക്കുന്നതായി കാണാം. രണ്ട് ജനറേഷനുകള്‍ക്കിടയിലുള്ള ഈ വിടവ് കാരണം നഷ്ടപ്പെട്ടതാണ് വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തോടുള്ള താല്‍പര്യം. കൂടാതെ ചുറ്റുപാടുകളില്‍ നിന്ന് അടിക്കടി മതത്തിനെതിരെയുള്ള ആരോപണങ്ങളുമായി പരിചയിക്കുന്ന മക്കള്‍ക്ക് മതം യാഥാസ്ഥികവും പഴഞ്ചനുമാണെന്നു തോന്നിതുടങ്ങും. പിന്നീടവര്‍ക്ക് മതം തങ്ങളുടെ പേരുകളിലെ അലങ്കാരം മാത്രമായിരിക്കും. അത് കൊണ്ട് രക്ഷിതാക്കള്‍ നിശ്ചയിച്ച അതിര്‍ വരമ്പുകള്‍ മക്കള്‍ ലംഘിക്കുന്നുണ്ടങ്കില്‍ അതിനുത്തരവാദി രക്ഷിതാക്കള്‍ കൂടിയാണ്. അവരുടെ വളര്‍ത്തു സാഹചര്യത്തില്‍ നമ്മളെടുത്ത അലസമായ നിലപാടുകളാണ് ഈ ഒരവസ്ഥയിലേക്കെത്തിച്ചത്.
മതപഠന രംഗത്തേക്ക് ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കപ്പെടുന്നത് പോലെ തന്നെ പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കപ്പെടണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രങ്ങളില്‍ മാത്രമായിരുന്നില്ല അറിവിന്റെ നിറകുടങ്ങളായിരുന്ന പണ്ഡിതകളുണ്ടായിരുന്നത്. മറിച്ച്, ഈ ഇരുപത്തി ഒന്നാം നുറ്റാണ്ടിലും സമീപകാലങ്ങളിലും ജീവിച്ച ഒരുപാട് മാതൃകാ ജീവിതങ്ങളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യയില്‍ നിന്നായിരുന്നുവത്രെ മഹാനവര്‍കളുടെ ശിഷ്യന്മാര്‍ ഹൈളിന്റെ(ആര്‍ത്തവം)ബാബ് ഓതിയിരുന്നത്. ഒരു തറവാട്ടില്‍ വലിയ കിത്താബുകള്‍ ദര്‍സ് നടത്താന്‍ പ്രാപ്തരായ നിരവധി സ്ത്രീകളുണ്ടായതിന് നമുക്ക് സമീപകാലത്തു നിന്ന് ഉദാഹരിക്കാന്‍ സാധിക്കും. മഹാനായ എം എ ഉസ്താദിന്റെ ജീവചരിത്രത്തില്‍ ഇതിനുദാഹരണം കാണാം. ഉസ്താദ് പറയുന്നു ”ഉടുംബുന്തോലയില്‍ ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈദ്രൂസ് മസ്ജിദ് എന്ന നാമത്തില്‍ ഒരു പള്ളി നിര്‍മക്കപ്പെട്ടു. പ്രസ്തുത പള്ളിയുടെ നിര്‍മ്മാതാവും പ്രഥമ മുക്രിയുമായിരുന്ന മുക്രി മുഹമ്മദിന്റെ വീട് എന്ന നിലക്കായിരുന്നു ‘മുക്രിക്കാന്റെ വീട്’എന്ന നാമകരണമുണ്ടായത്. ഖുര്‍ആന്‍ പഠിപ്പിക്കുക മാത്രമല്ല ഉയര്‍ന്ന കിത്താബുകള്‍ ദര്‍സ് നടത്താന്‍ പ്രാപ്തരായ സ്ത്രീകള്‍ വരെ അന്ന് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നു”.
ഈ ഉദാഹരണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് സ്ത്രീകളുടെ സമഗ്ര മത പഠനം ഈ അടുത്ത കാലത്താണ് നഷ്ടപ്പെട്ടു തുടങ്ങുന്നത് എന്നതിലേക്കാണ്. അതിന്റെ പരിണിത ഫലങ്ങളാണ് ഒളിച്ചോട്ടമായിട്ടും ആത്മഹത്യയായിട്ടും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പരിഹാരം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ തിരിച്ചു വരവ് മാത്രമണ്. അതിന് നമ്മള്‍ ഒരുങ്ങേണ്ടതുണ്ട്. മഹല്ലുകള്‍ തോറും സ്ത്രീകള്‍ക്ക് ഉന്നത മത പഠനത്തിന് സൗകര്യമൊരുക്കണം. മലപ്പുറം മേല്‍മുറി 27 ല്‍ സ്വകാര്യ വ്യക്തിയുടെ മകളെ പഠിപ്പിക്കാന്‍ വേണ്ടിതുടങ്ങിയ ദര്‍സ് ഇന്ന് നിരവധി വിദ്യാര്‍ത്ഥിനികളുള്ള വനിതാ ശരീഅത്തായി (ദാറുസ്സഹ്‌റ)പരിണമിച്ചിരിക്കുന്നു. ദര്‍സീ രംഗങ്ങളില്‍ ഏറ്റവും പ്രയാസമേറിയ വിഷയങ്ങളായ ഇല്‍മുല്‍ മന്തിഖ്(തര്‍ക്ക ശാസ്ത്രം) ഇല്‍മുല്‍ മആനി(അലങ്കാര ശാസ്ത്രം), ഫിഖ്ഹ്(കര്‍മ്മശാസ്ത്രം), ഫറാഇള് (അനന്തരം)തുടങ്ങിയ വിഷയങ്ങളിലെ ഉന്നത കിത്താബുകള്‍വരെ ഈ വിദ്യാര്‍ത്ഥിനികള്‍ ഓതുന്നുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ എല്ലാ ശനിയും ഞായറും അവധി ദിവസങ്ങളിലുമാണ് ക്ലാസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് വെള്ളിയാഴ്ചയല്ലാത്ത എല്ലാ ദിവസങ്ങളും പ്രവൃത്തി ദിവസമാണ്. വ്യക്തികളോ സ്ഥാപനമോ അല്ല ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് നാട്ടുകാര്‍ തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗ്രഹിക്കുന്നുണ്ട് എന്നാണ് അധ്യാപകര്‍ പറയുന്നത്. മഅ്ദിനില്‍ സമ്മര്‍ വെക്കേഷനില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള റൈഹാന്‍ കോഴ്‌സിലേക്ക് കാസറഗോഡ് മുതല്‍ തിരുവനന്തപുരത്ത് നിന്നു വരെയുള്ള പണ്‍കുട്ടികളാണ് അവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. അഥവാ പഠിക്കാന്‍ താല്‍പര്യവും സന്നദ്ധതയുമുള്ള വിദ്ധ്യാര്‍ത്ഥിനികള്‍ എല്ലായിടത്തുമുണ്ട്. പിന്നില്‍ നിന്നൊരു കൈത്താങ്ങും അവസരവും ലഭിച്ചാല്‍ നല്ലൊരു നാളെ നമുക്ക് സ്വപ്‌നം കാണാം. എല്ലാ നാട്ടിലും ചുരുങ്ങിയത് ഒരു മത പണ്ഡിതനെങ്കിലുമില്ലാതിരിക്കില്ല. പണ്ഡിതര്‍ അവരുടെ ഭാര്യമാര്‍ക്ക് മതം പറഞ്ഞു കൊടുക്കട്ടെ, ഭാര്യമാര്‍ ആ ഇല്‍മ് മറ്റുള്ളവരിലേക്കുമെത്തിച്ചാല്‍ നമുക്ക് ഒരാത്മീയ ”കുടുംബ ശ്രീ” സംഘടിപ്പിക്കാം.
വിവരവും കാര്യബോധവുമുള്ള സ്ത്രീ സമൂഹമുയര്‍ന്നു വന്നാല്‍ പിന്നെ അവിടെ സ്ത്രീ പര്‍ദ്ധയും ഹിജാബും മതം അടിച്ചേല്‍പ്പിച്ച ‘മത ദേഹ’മായിരിക്കില്ല. മതം എന്തിന്? ഈ കല്‍പന എന്തുകൊണ്ട്? തുടങ്ങിയ നാസ്തികന്റെ ചോദിത്തിന്റെ ഉത്തരങ്ങള്‍ക്ക് വെപ്രാളപ്പെടേണ്ടി വരില്ല. സ്ത്രീ എന്താണന്ന സ്വത്വബോധം സ്ത്രീക്ക് മനസ്സിലാകണമെങ്കില്‍ അവള്‍ മതത്തെ അടുത്തറിയാന്‍ ശ്രമിക്കണം. അതിലേക്കുള്ള ഇലയനക്കങ്ങളായി ഈ ശ്രമങ്ങളെയെല്ലാം നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.