നബി(സ്വ)യുടെ വിജ്ഞാന വിപ്ലവത്തിന്റെ ഒരു സൂചന വിശുദ്ധ ഖുര്‍ആനിലെ ജുമുഅ സൂറത്തിന്റെ രണ്ടാമത്തെ ആയത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. അസാംസ്‌കാരിക പ്രവണതകളിലേര്‍പ്പെട്ടിരുന്ന നിരക്ഷരരായ ഒരു സമൂഹത്തില്‍ നിയോഗിക്കപ്പെടുകയും ഗ്രന്ഥവചനങ്ങള്‍ വായിച്ച് കൊടുക്കുകയും മാനവീകമായി സംസ്‌കരിക്കുകയും ജ്ഞാന തന്ത്രങ്ങളും വേദഗ്രന്ഥവും പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത് റസൂലിനെ അയച്ചവനാണല്ലാഹു. എന്നതാണ് ആയത്തിന്റെ സാരം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മാനവികതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണല്ലോ? അത് കേവലം 23 വര്‍ഷം കൊണ്ട് കൃത്യമായി നിര്‍വ്വഹിച്ചവരാണ് നബി(സ്വ) തങ്ങള്‍. അവിടുന്ന് ജ്ഞാനമുത്തുകള്‍ വിതറുന്നതിനനുസരിച്ച് മക്കയിലും മദീനയിലും മദ്യവീപ്പകള്‍ മരുഭൂമിയിലൂടെ ആര്‍ക്കും വേണ്ടാതെ ഒഴുകാന്‍ തുടങ്ങി. ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്ന പെണ്‍കുഞ്ഞുങ്ങളുടെ ദാരുണമായ വിലാപങ്ങള്‍ അവിടെ കേള്‍ക്കാതായി. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ സന്തുലിത്വത്തിന് ഭീഷണിയായിരുന്ന ഒരു അധര്‍മ്മത്തെ അവിടുന്ന് തുടച്ച് നീക്കി. അന്യന്റെ മൃഗം തന്റെ പറമ്പില്‍ പ്രവേശിച്ചതിന്റെ പേരില്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ യുദ്ധം ചെയ്തിരുന്ന ഗോത്ര സമൂഹങ്ങളെ ലോകത്ത് തുല്യതയില്ലാത്ത സ്‌നേഹ സമുദ്രങ്ങളായി നബി തങ്ങള്‍ പരിവര്‍ത്തിച്ചെടുത്തു. മദീനയെ ജ്ഞാന സമ്പന്നമാക്കിയ ശേഷം തന്റെ ശിഷ്യരെ ലോകരാജ്യങ്ങളിലേക്ക് ജ്ഞാന പ്രസരണത്തിന് വേണ്ടി പ്രവാചകര്‍ പറഞ്ഞയച്ചതായിരുന്നു.
ജ്ഞാന മാര്‍ഗങ്ങളോട് പൂര്‍ണ്ണമായി പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരു സമൂഹത്തോട് തന്റെ നാഥന്റെ ആദ്യ സന്ദേശമായി പ്രവാചകര്‍ പഠിപ്പിച്ച് കൊടുത്തത് നിങ്ങള്‍ വായിക്കുക എന്നായിരുന്നു. കേവലം ഗ്രന്ഥ വായനയെ കുറിച്ചായിരിക്കില്ല നബിതങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത്. അപരന്റെ ദുഃഖവും പ്രയാസവും വായിക്കാനും പ്രകൃതി എന്ന പുസ്തകത്തെ നന്നായി വായിക്കാനും കൂടി അവിടന്ന് ഉദ്ദേശിച്ച് കാണും. അങ്ങനെ തിരുനബിയുടെ അനുയായികള്‍ വായിച്ചു പഠിച്ചു. നബി(സ്വ) അവരെ പഠിപ്പിച്ചു, ലോകത്ത് ഒരു യൂണിവേഴ്‌സിറ്റിയിലും കാണാത്ത ഗുരു-ശിഷ്യ സമൂഹം ലോകാവസാനം വരെ ലോകര്‍ക്ക് പിന്തുടരാവുന്ന ഒരു ജ്ഞാന സംസ്‌കാരം രൂപപ്പെടുത്തിയിട്ടാണ് ഇവിടന്ന് നടന്ന് പോയത്.
അഹ്‌ലുസ്സുഫ:
നബി(സ്വ)യുടെ വിദ്യഭ്യാസ പ്രചാരണത്തിന് അതിരുകളുണ്ടായിരുന്നില്ല. ശത്രുക്കളും കാട്ടറബികളുമെല്ലാം ജ്ഞാനം നുകര്‍ന്നു. പിന്നീട് മദീനനാപള്ളിയുടെ ചെരുവില്‍ ഹോസ്റ്റല്‍ സംവിധാനത്തില്‍ അവിടുന്ന് ഒരു വിദ്യാലയം പണിയുകയുണ്ടായി. അവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അഹ്്‌ലുസുഫ എന്ന പേരിലറിയപ്പെട്ടു. പലപ്പോഴായി 400 ലധികം പേര്‍ ഈ പള്ളി കേന്ദ്രമാക്കി പഠനം നടത്തി. അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ നിരന്തരം ബോധവത്കരിച്ചതിന്റെ ഫലമായി ഇത്രയും വിദ്യാര്‍ത്ഥികള്‍ കച്ചവടവും കുടുംബവും മറ്റെല്ലാ ചുറ്റുപാടുകളും മാറ്റിവച്ച് വിജ്ഞാന ശേഖരണത്തിനായി അവര്‍ ഇറങ്ങിത്തിരിച്ചു. പിന്നീട് ഇവരിലൂടെയാണ് ലോകത്തെ മുഴുവന്‍ ദേശങ്ങളിലേക്കും വിജ്ഞാനമെത്തുന്നത്.
നല്ല അദ്ധ്യാപകര്‍
നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: ഞാന്‍, ഒരു അദ്ധ്യാപകനായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വടിയെടുക്കുന്ന അദ്ധ്യാപന രീതിയിയാരുന്നില്ല അവിടുത്തേത്. ശുത്രുവിന് പോലും നല്ല രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കി. ഒരു ദിവസം നബി(സ്വ) മസ്ജിദുന്നബവിയിലൂടെ നടന്ന് കൊണ്ടിരിക്കെ രണ്ട് സദസ്സുകള്‍ കണ്ടു, ഒരു കൂട്ടര്‍ അല്ലാഹുവിന് ദിക്ര്‍ ചൊല്ലി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍വശത്തുള്ള സദസ്സില്‍ അറിവുള്ളവര്‍ ഇല്ലാത്തവര്‍ക്ക് തങ്ങളുടെ വിജ്ഞാനം പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുകയാണ്. നബി(സ്വ) ആ വിജ്ഞാന വിശകലനം നടത്തുന്ന കൂട്ടത്തിലേക്ക് കയറിയിരിക്കുകയാണ് ചെയ്തത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ മഹത്വവും വിജ്ഞാനത്തിന്റെ പ്രാധാന്യവും പഠിപ്പിച്ച് കൊടുക്കുകയായിരുന്നു പ്രവാചകര്‍(സ്വ). അവിടുത്തെ ജ്ഞാന ശേഖരങ്ങള്‍ എഴുതി വെക്കാനായി പ്രത്യേക എഴുത്തുകാര്‍ നബി(സ്വ)യുടെ ശിഷ്യരിലുണ്ടായിരുന്നു.
അവരെ വിട്ടേക്കൂ.. അക്ഷരം പഠിപ്പിക്കാമെങ്കില്‍ തന്റെ സ്വന്തം ജന്മദേശമായ മക്കപോലും വിജ്ഞാന പ്രചരണത്തിനിടയില്‍ പ്രവാചകര്‍ക്ക് നഷ്ടപ്പെട്ടു. മദീനയിലേക്ക് പലായനം ചെയ്ത് മദീനക്കാരെ മനുഷ്യരായി മാറ്റുന്ന ചുമതല ഏറ്റെടുത്ത് കൊണ്ട് നബിതങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു. ശത്രുക്കള്‍ക്ക് നന്മ പുലരുന്നത് അസഹ്യമായിരുന്നു. നബിയെയും അവിടുത്തെ പ്രബുദ്ധരായ ശിഷ്യരെയും വകവരുത്താനവര്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ അവര്‍ പരാജയപ്പെട്ടു. യുദ്ധത്തില്‍ പിടിക്കപ്പെട്ട ഒരു കൂട്ടം ശത്രുക്കള്‍ തങ്ങളുടെ മോചനത്തിനായി പ്രവാചകരോട് കേണപേക്ഷിച്ചു. തന്നെ വകവരുത്താനെത്തിയ ശത്രു സമൂഹത്തെ അമ്പരിപ്പിക്കുന്ന രൂപത്തില്‍ നബി(സ്വ)നിര്‍ദേശിച്ചു. നിശ്ചിത ആളുകള്‍ക്ക് അക്ഷരം പഠിപ്പിക്കുമെന്ന നിബന്ധന അനുസരിക്കുന്ന പക്ഷം നിങ്ങള്‍ മോചിതരാണ്.
മുസ്്ലിം സ്‌പെയിന്‍
ലോകത്ത് തുല്യതയില്ലാത്ത വിധം വിജ്ഞാന വിപ്ലവത്തിന് തുടക്കം കുറിച്ച നബി തങ്ങള്‍ ഭൗതിക ലോകത്തോട് വിട പറഞ്ഞെങ്കിലും അവിടുന്ന പകര്‍ന്ന് നല്‍കിയ ജ്ഞാന ശേഖരങ്ങള്‍ ഹൃദയങ്ങളിലും ഗ്രന്ഥങ്ങളിലുമായി സൂക്ഷിക്കപ്പെട്ടു പോന്നു. പില്‍ക്കാലത്ത് വന്ന സര്‍വ്വ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കുമെല്ലാം നബി തങ്ങള്‍ പകര്‍ന്ന് നല്‍കിയ വിജ്ഞാന മുത്തുകള്‍ ഉപകാരപ്പെട്ടു. പ്രവാചകധ്യാപനങ്ങള്‍ പഠിച്ച്് വിജ്ഞാനപരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന മുസ്്‌ലിം രാഷ്ട്രങ്ങള്‍ ലോകത്തെ വിജ്ഞാന കേന്ദ്രങ്ങളായി മാറി. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഖുര്‍ത്വുബ യൂണിവേഴ്‌സിറ്റിയും മുസ്്‌ലിം സ്‌പെയിനില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളും. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളുള്ള ഭീമന്‍ ലൈബ്രറി കെട്ടിടങ്ങള്‍ ലോകമെമ്പാടുമുള്ള വിജ്ഞാന ദാഹികളെ ആകര്‍ഷിപ്പിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ മാര്‍പ്പാപ്പ എഴുതി. ഇതിന്റെ പാറാവുകാരനാകാനുള്ള യോഗ്യതപോലും എനിക്കില്ല. റൈറ്റ് സഹോദരന്‍മാര്‍ വിമാനം പറത്തിക്കുന്ന എത്രയോ കാലങ്ങള്‍ക്ക് മുമ്പ് കോര്‍ദോവ(ഖുര്‍ത്വുബ)യില്‍ അബ്ബാസ് ബ്‌നു ഫിര്‍നാസ് വിമാനം പറത്തിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് കോര്‍ദോവ വേദിയായിട്ടുണ്ട്. കോര്‍ദോവയിലെ പുസ്തക ശാലകളിലെ, നബി(സ്വ)തങ്ങളിലേക്ക് ചെന്ന് മുട്ടുന്ന മുറിയാത്ത പരമ്പര വഴി സംരക്ഷിക്കപ്പെട്ടു പോന്ന വിജ്ഞാന മുത്തുകള്‍ അടങ്ങുന്ന ഗ്രന്ഥങ്ങളാണ് ഇത്തരത്തില്‍ മുസ്്‌ലിം സ്‌പെയിനിനെ സജീവമാക്കിയത്.
പാരമ്പര്യ ദര്‍സും വിദ്യഭ്യാസവും
മുത്ത് നബി മദീനയില്‍ സംവിധാനിച്ച പള്ളി ആസ്ഥാനമാക്കിയുള്ള അഹ്്‌ലുസ്സ്വുഫ വിദ്യാലയം ഒരു മാതൃകയായിരുന്നു. മദീന പള്ളിയില്‍ നിന്ന് വിജ്ഞാനം നേടിയവരാണ് ലോകത്തെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോയത്. പ്രവാചക ശിഷ്യര്‍ കേരളത്തിലുമെത്തി. പള്ളി സ്ഥാപിക്കുകയും വിജ്ഞാന വിനിമയ വഴികള്‍ തര്യപ്പെടുത്തുകയും ചെയ്ത അവര്‍ക്ക് ഇതര മതസ്തരുടെ പോലും പിന്തുണ ലഭിച്ചു. ഇബ്‌നു ബതൂത്തയുടെ രിഹ്്‌ലയില്‍ കേരളത്തില്‍ പലയിടങ്ങളില്‍ കണ്ട ദര്‍സ് സംവിധാനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ വിജ്ഞാന വഴികളെ രൂപപ്പെടുത്തിയത് പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ ദര്‍സുകളായിരുന്നു. പൊന്നാനിയിലെ പള്ളിയില്‍ നിന്ന് സൈനുദ്ദീന്‍ മഖ്ദൂം ഈ ദര്‍സ് സംവിധാനത്തെ കൃത്യമായ സിലബസുകളില്‍ ക്രമീകരിക്കുകയും കേരളത്തിലുടനീളം അത്തരം ദര്‍സുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇത്തരം ദര്‍സുകളില്‍ നിന്ന് മാറി ഗൂഗിളും വെബ്‌സൈറ്റും വെച്ച് സ്വന്തമായി ഇസ്്‌ലാമിനെ പഠിക്കുമ്പോള്‍ മസ്തിഷ്‌കത്തില്‍ രൂപപ്പെടുന്ന ‘റാഡിക്കല്‍ ഇസ്്‌ലാം’ എന്ന ആശയം യഥാര്‍ത്ഥ ഇസ്്‌ലാമല്ല. ഇത്തരം പഠിതാക്കളാണ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ പിടിക്കപ്പെട്ടത്. നേരെ മറിച്ച് ഇപ്പോഴും തിരുനബിമുതല്‍ ഇത് വരെ പരമ്പരയായി കൈമാറി പോന്ന തിരുനബി പഠിപ്പിച്ച യഥാര്‍ത്ഥ വിജ്ഞാനങ്ങളുടെ ശേഖരം ഇപ്പോഴും ലഭ്യമാണ്. അതാണ് ദര്‍സുകളിലൂടെ കൈമാറി കൊണ്ടിരിക്കുന്നത്. ആജ്ഞാനമാണ് സമൂഹത്തെ സംസ്‌കരിക്കുന്ന പ്രവാചകര്‍ പഠിപ്പിച്ച് തന്ന യഥാര്‍ത്ഥ ജ്ഞാനം. അതുപയോഗിക്കുകയാണെങ്കില്‍ നമുക്ക് തിരുനബിയുടെ പാത പിന്തുടര്‍ന്ന് സംസ്‌കാരമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും.