”ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്, വിദ്യാഭ്യാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത്”
– അരിസ്റ്റോട്ടില്‍
വിവിധ ശാസ്ത്രശാഖകളില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം ശാസ്ത്രപണ്ഡിതന്മാരെ യൂറോപ്പ് ലോകത്തിന് സമര്‍പ്പിക്കുകയുണ്ടായി. ഇവരില്‍ പലരും ബഹുശാസ്ത്രാപണ്ഡിതന്മാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആധുനിക യൂറോപ്യന്‍ സംസ്‌കാരത്തിന് അടിത്തറ പാകിയത് പ്രാചീന ഗ്രീക്ക് (യവന) സംസ്‌കാരമാണ്. ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നാഗരികത നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളര്‍ച്ചക്ക് നിരവധി സംഭാവനകള്‍ നല്‍കി. കടലിനോടുള്ള സാമീപ്യവും വാസയോഗ്യമായ നിരവധി താഴ്‌വരകളോടു കൂടിയ ഭൂപ്രകൃതിയും സുഖകരമായ സമശീതോഷ്ണ കാലാവസ്ഥയുമാണ് ഗ്രീക്ക്‌സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് സഹായകമായ ഘടകങ്ങള്‍. ഗ്രീക്ക് നാഗരികതയുടെ ആവിര്‍ഭാവത്തിന് മുമ്പ് ഗ്രീസില്‍ നിലനിന്നിരുന്നത് ഈജിയന്‍ നാഗരികതയായിരുന്നു. പിന്നീട് അയോണിയന്മാരും ഡാന്യൂബ് നദീതടത്തിലെ ഇടയന്മാരായിരുന്ന അക്കേയന്മാരും ഗ്രീസിലേക്ക് കുടിയേറി. ഇവരില്‍ നിന്നാണ് ‘ഗ്രീക്ക്’ എന്ന പദം ഉത്്ഭവിച്ചത്. യവനഭൂമിക ലോകത്തിന് സമ്മാനിച്ച ചില പണ്ഡിതപടുക്കളെ പരിചയപ്പെടാം.
പൈതഗോറസ്
പുരാതനഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (850 ബി.സി-800 ബി.സി). ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസില്‍ ബി.സി 582നാണ് പൈതഗോറസിന്റെ ജനനം എന്നു പറയപ്പെടുന്നു. അക്കാലത്തെ പ്രധാന പണ്ഡിതരായിരുന്ന അനക്‌സിമാണ്ടര്‍, ഥെയ്ല്‍സ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍. തന്റെ തന്നെ സൃഷ്ടിയായ പൈതഗോറിയനിസ ചിന്താധാരയില്‍ വിശ്വാസമര്‍പ്പിച്ച അദ്ദേഹത്തിന്റെ പ്രധാന താല്‍പര്യങ്ങള്‍ ഗണിതത്തിലും തത്വചിന്തയിലും രാഷ്ട്രീയത്തിലുമായിരുന്നു. വിജ്ഞാനത്തിന്റെ പുതിയ നീരുറവകള്‍ തേടിക്കൊണ്ട് ഈജിപ്തിലും പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ ദക്ഷിണ ഇറ്റലിയിലെ ക്രോട്ടണ്‍ എന്ന സ്ഥലത്ത് അദ്ദേഹം സ്ഥിരതാമസമാക്കുകയായിരുന്നു. യൂക്ലിഡ്, പ്ലേറ്റോ, കെപ്ലര്‍ എന്നിവര്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ്. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. സൗരകേന്ദ്രസിദ്ധാന്തം ആവിഷ്‌കരിച്ച കോപ്പര്‍നിക്കസിനെ പിന്താങ്ങിയ അദ്ദേഹം ഭൂമിക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങള്‍ക്കെല്ലാം അവയുടേതായ സഞ്ചാരപാതയുണ്ടെന്നും സമര്‍ത്ഥിച്ചു.
തന്നില്‍ വിശ്വസിച്ചും തന്റെ സിദ്ധാന്തങ്ങള്‍ അംഗീകരിച്ചും തന്റെ കൂടെക്കൂടിയവര്‍ പൈതഗോറിയന്മാര്‍ എന്നറിയപ്പെട്ടു. സംഗീതത്തില്‍ തല്‍പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം, വലിവ് എന്നിവക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തി. പ്രഭാത നക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്. സംഖ്യകളുടെ ശക്തിയില്‍ വിശ്വസിച്ചിരുന്നവരായിരുന്നു പൈതഗോറിയന്മാര്‍. നമുക്കെല്ലാം സുപരിചിതമായ മട്ടത്രികോണത്തിലെ വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം (കര്‍ണ്ണം = പാദം + ലംബം ) ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രഗണിതവും സംഖ്യാശാസ്ത്രവും പ്രധാന ഗവേഷണമേഖലയായി സ്വീകരിച്ച അദ്ദേഹം സംഖ്യകളെ ത്രികോണസംഖ്യകള്‍, ചതുരസംഖ്യകള്‍, പഞ്ചകോണസംഖ്യകള്‍ എന്നിങ്ങനെ തരംതിരിച്ചു. അപരിമേയസംഖ്യകള്‍ കണ്ടെത്തുന്നതോടൊപ്പം നിഗമനസമ്പ്രദായവും ക്രമബഹുതലപഠനവും നടത്തുകയുണ്ടായി.
സംഖ്യകള്‍ക്കെല്ലാം പ്രത്യേകമായ രൂപവും ഭാവവും നല്‍കിയ പൈതഗോറസും അനുയായികളും ഇരട്ടസംഖ്യകളെ സ്ത്രീകളായും ഒറ്റസംഖ്യകളെ പുരുഷന്മാരായും ഗണിച്ചു. ഉദാഹരണത്തിന് 1 എന്ന സംഖ്യയെ യുക്തിബോധത്തിന്റെ ദൈവമായും സ്രഷ്ടാവായും 2 എന്ന സംഖ്യയെ അഭിപ്രായങ്ങളുടെ ദൈവമായും ഇവര്‍ കരുതി.
പ്ലേറ്റോ
ലോകം കണ്ട മഹാനായ ഗണിത ശാസ്ത്രജ്ഞനും ദാര്‍ശനികനും പ്രാസംഗികനുമായിരുന്നു പ്ലേറ്റോ. ഗ്രീക്ക് ദാര്‍ശനികന്‍ സോക്രട്ടീസിന്റെ അരുമശിഷ്യനായിരുന്ന അദ്ദേഹം അരിസ്‌റ്റോട്ടിലിനൊപ്പം പാശ്ചാത്യലോകത്ത് ശാസ്ത്രവും തത്വജ്ഞാനവും പടര്‍ത്തിയ അത്ഭുതങ്ങള്‍ വിസ്മരിക്കാവുന്നതല്ല. പ്ലേറ്റോയുടെ ചിന്തകള്‍ കാലാകാലങ്ങളില്‍ ഭൂമിയില്‍ ജനിച്ച ബുദ്ധിരാക്ഷസന്മാര്‍ തിരിച്ചും മറിച്ചും പഠിച്ചു കൊണ്ടേയിരുന്നു. ബ്രിട്ടണില്‍ പ്ലേറ്റോ ചിന്തകളുടെ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. പ്ലേറ്റോ എഴുതിയ പ്രാചീനകാലത്തെ ചില രേഖകള്‍ ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ക്ക് ലഭിച്ചു. നൂറ്റാണ്ടുകളായി അറിയപ്പെടാതിരുന്ന ഈ രേഖകള്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുകയാണിപ്പോള്‍.
പ്ലേറ്റോ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇതിലൂടെ ലഭിച്ചത്. പൈതഗോറസിന്റെ ചിന്തകള്‍ പ്ലേറ്റോ പിന്തുടര്‍ന്നുവെന്നതാണ് അതിലെ പ്രധാനം. പ്ലേറ്റോയുടെ ചിന്തകളിലും വിശ്വാസത്തിലും ഉടലെടുത്ത ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ ഈ രേഖകളിലാണ് ഉള്ളതെന്നും യൂണിവേഴ്‌സിറ്റിയിലെ ഡോ. ജെയ് കെന്നഡി പറയുന്നു. പാശ്ചാത്യസംസ്‌കാരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രഥാന പങ്കു വഹിച്ചത് പ്ലേറ്റോയുടെ ചിന്തകളായിരുന്നു. ദുരൂഹമായ നിലയിലായിരുന്നു ആ രേഖകളെല്ലാം കാണുകയുണ്ടായത്. പൈതഗോറസിന്റെ പിന്‍ഗാമികള്‍ പൊതുവില്‍ എഴുതുന്ന രീതിയാണ് ഈ രേഖകളുടെ ഉള്ളടക്കത്തിന്റെ പൊതുസ്വഭാവമെന്ന് കണ്ടെത്തുകയുണ്ടായി. സംഗീതോപകരണങ്ങളില്‍ ശബ്ദം പുറത്തുവരുന്നത് ഉയര്‍ന്നും താഴ്ന്നുമാണ്. അത്തരത്തില്‍ മനുഷ്യമനസ്സിലെ വികാരങ്ങളും പിറവികൊള്ളുകയാണെന്നാണ് പൈതഗോറസ് പറഞ്ഞത്. തന്റെ വായനക്കാരെ ഒരു സംഗീതോപകരണത്തില്‍ നിന്നും പുറപ്പെടുന്ന നാദങ്ങള്‍ക്ക് സമാനമായാണ് പ്ലേറ്റോയും കണ്ടത്.
പ്ലേറ്റോ കോഡുകള്‍ ഉപയോഗിച്ചത് തമാശക്കായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ജീവിതം സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു. ഗുരുവായ സോക്രട്ടീസ് ആചാരവിശ്വാസങ്ങള്‍ക്കെതിരെ സംസാരിച്ചതിനായിരുന്നു ക്രൂശിതനായത്. ആ ഭയം പ്ലേറ്റോയെയും വേട്ടയാടിയിരുന്നുവെന്നും കെന്നഡി പറയുന്നു. ഒരു നാടകം പോലെയായിരുന്നു പ്ലേറ്റോയുടെ ജീവിതം. ലോകത്തെ ആദ്യത്തെ സര്‍വ്വകലാശാല അക്കാദമി എന്ന പേരില്‍ അദ്ദേഹം സ്ഥാപിച്ചു. കോഡുഭാഷയില്‍ എഴുതിയ രണ്ടായിരത്തോളം പേജുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്ലേറ്റോയുടെ പഠനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ കോഡുഭാഷകളില്‍ നിന്നും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ആധുനിക ഗവേഷകര്‍. ബി.സി 374ലാണ് അദ്ദേഹം മരണമടഞ്ഞത്.
അരിസ്റ്റോട്ടില്‍
ബി.സി.ഇ 384ല്‍ വടക്കന്‍ ഗ്രീസിലെ സ്റ്റാജിറ എന്ന ഗ്രാമത്തില്‍ ജനനം. ചിലര്‍ അദ്ദേഹത്തെ സ്റ്റാജിറക്കാരന്‍ എന്നും വിളിക്കാറുണ്ട്. വൈദ്യനായ അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം വൈദ്യം പഠിക്കാന്‍ ആരംഭിച്ചെങ്കിലും ഇടക്ക് വെച്ച് അത് നിര്‍ത്തി പട്ടാളത്തില്‍ ചേര്‍ന്നു. പക്ഷെ, സൈനികവേഷവും ഇഷ്ടമാകാത്തതിനാല്‍ ഒളിച്ചോടി ഏഥന്‍സിലെത്തി പ്ലാറ്റോയുടെ ശിഷ്യത്വം സ്വീകരിച്ചു. തര്‍ക്കശാസ്ത്രത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച അദ്ദേഹം ഭൗതികശാസ്ത്രം, അതിഭൗതികം, കവിത, സംഗീതം, രാഷ്ട്രതന്ത്രം, നീതിശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിവയിലും തല്‍പരനായിരുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ഇബ്‌നു സീന, ഇബ്‌നു റുഷ്ദ്, മൈമൂനിഡിസ്, വലിയ അല്‍ബര്‍ത്തോസ്, തോമസ് അക്വീനാസ്, ടോളമി എന്നിവര്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ്. ഒരു ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ പ്ലേറ്റോ, സോക്രട്ടീസ് എന്നിവര്‍ക്കൊപ്പം തന്റെ മേഖലയില്‍ മഹാരഥന്മാര്‍ക്കിടയില്‍ എണ്ണപ്പെടുന്നു.
തന്റെ ഗുരുവായ പ്ലേറ്റോയുടെ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങള്‍. പ്ലേറ്റോ ആദര്‍ശവാദിയായിരുന്നപ്പോള്‍ അരിസ്‌റ്റോട്ടില്‍ ഒരു പ്രായോഗികവാദിയായിരുന്നു. മാസിഡോണിയായിലെ അന്നത്തെ ചക്രവര്‍ത്തി ഫിലിപ്പ് രാജാവ് തന്റെ മകന്‍ അലക്‌സാണ്ടറിനെ പഠിപ്പിക്കാന്‍ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അരിസ്‌റ്റോട്ടില്‍ അലക്‌സാണ്ടറിന്റെ ഗുരുവായി. അദ്ദേഹം ശാസ്ത്രം, കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ശാസ്ത്രത്തെ പ്രകൃതി ശാസ്ത്രം, ജീവശാസ്ത്രം, രാജ്യതന്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ തരംതിരിച്ചത് അരിസ്റ്റോട്ടിലാണ്. അദ്ദേഹത്തിന്റെ കാവ്യശാസ്ത്രം (പോയെറ്റിക്‌സ്) ലോകപ്രശസ്തമായ ഒരു കൃതിയാണ്. സന്മാര്‍ഗ്ഗശാസ്ത്രത്തെ കുറിച്ചെഴുതിയ ‘നിക്കോമാക്കിയന്‍ എത്തിക്‌സും’ പ്രസിദ്ധമാണ്. മാതൃകകളുടെ സിദ്ധാന്തമടക്കമുള്ള പ്ലേറ്റോയുടെ തത്ത്വചിന്തയിലെ പല മൗലിക ആശയങ്ങളേയും അരിസ്റ്റോട്ടില്‍ നിരാകരിച്ചു. തീരെ ലളിതവത്കരിച്ചെന്നു പറയാവുന്ന താരതമ്യത്തില്‍ പ്ലേറ്റോ ആശയവാദിയും അരിസ്‌റ്റോട്ടില്‍ യാഥാര്‍ത്ഥ്യവാദിയുമായിരുന്നെന്ന് പറയാറുണ്ട്. അരിസ്റ്റോട്ടില്‍ വലിയ പുസ്തകപ്രേമിയായിരുന്നു. അരിസ്റ്റോട്ടിലിന്റെ വീടിനെ ‘വായനക്കാരന്റെ വീടെ’ന്ന് പ്ലേറ്റോ വിശേഷിപ്പിച്ചതായി പറയപ്പെടുന്നു. അത് പ്രശംസാവചനമായാണ് ഉദ്ദേശിക്കപ്പെട്ടതെങ്കിലും ശിഷ്യനിലുണ്ടായിരുന്ന ഒരു തരം പുസ്തകപ്പുഴുഭാവത്തിനെതിരായ ചടുലമായ വിമര്‍ശനവും ആ പ്രശംസയില്‍ ഗുരു ഒളിച്ചുവെച്ചിരുന്നെന്ന് കരുതുന്നവരുണ്ട്.
ലൈസിയം എന്ന പേരിലറിയപ്പെട്ടിരുന്ന അരിസ്റ്റോട്ടിലിന്റെ കലാശാല വളരെ പ്രസിദ്ധമായിരുന്നു. ഏഥന്‍സുകാര്‍ ഏറെ ഇഷ്ടപ്പെടാതിരുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ന്യായീകരിച്ച് പ്രസംഗം നടത്തിയ അരിസ്റ്റോട്ടിലിന് ധാരാളം ശത്രുക്കളുണ്ടായി. അലക്‌സാണ്ടറിന്റെ മരണശേഷം ഏഥന്‍സില്‍ തുടരുന്നത് അപകടകരമാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ഏഥന്‍സ് വിട്ടു. നേരത്തെ ഏഥന്‍സുകാര്‍ പ്ലേറ്റോയുടെ ഗുരുവായിരുന്ന തത്വചിന്തകന്‍ സോക്രട്ടീസിനെ വധിച്ചതിനെ ഓര്‍മ്മിപ്പിച്ച് ഏഥന്‍സുകാര്‍ തത്വചിന്തക്കെതിരെ രണ്ടു വട്ടം പാതകം ചെയ്തവരായിക്കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് അദ്ദേഹം ഏഥന്‍സില്‍ നിന്നും പോയത്. ബി.സി 322 ല്‍ തന്റെ 62ാം വയസ്സില്‍ അരിസ്‌റ്റോട്ടില്‍ ഇഹലോകവാസം വെടിഞ്ഞു.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി
ബി.സി 356ല്‍ മാസിഡോണിയയുടെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്റെയും എപിറസിലെ ഒളിമ്പിയാസിന്റെയും മകനായി മാസിഡോണിയയില്‍ ജനനം. 13 വയസ്സായപ്പോള്‍ ഫിലിപ് അലക്‌സാണ്ടറിന് ചേര്‍ന്ന ഒരു ഗുരുവിനെ അന്വേഷിക്കാന്‍ തുടങ്ങി. ഇസൊക്രെറ്റെസിന്റെയും സ്പ്യൂസിപ്പൂസിന്റെയും അക്കാഡമികള്‍ പരിഗണിച്ചതിന് ശേഷം ഫിലിപ്പ് തെരെഞ്ഞെടുത്തത് അരിസ്റ്റോട്ടിലിനെയാണ്. മീസയിലെ നിംഫിലെ ക്ഷേത്രത്തില്‍ ക്ലാസ്സ് സൗകര്യവും ഒരുക്കിക്കൊടുത്തു. അലക്‌സാണ്ടറിനും മറ്റ് മാസിഡോണിയന്‍ ഉന്നതകുലജാതരായ കുട്ടികള്‍ക്കും മീസ ഒരു ബോര്‍ഡിങ് സ്‌കൂള്‍ പോലെയായിരുന്നു. അവരില്‍ ചിലരാണ് ടോളമി, ഹെഫൈസ്റ്റോണ്‍, കസ്സാന്‍ഡര്‍ തുടങ്ങിയവര്‍. ഇവര്‍ പിന്നീട് ചരിത്രം എടുത്ത് പറയപ്പെട്ട ‘കംപാനിയന്‍സ്’ എന്നറിയപ്പെട്ടു. അരിസ്റ്റോട്ടിലില്‍ നിന്നാണ് അലക്‌സാണ്ടര്‍ വൈദ്യം, തത്വചിന്ത, ധര്‍മ്മം, മതം, യുക്തിചിന്ത, കല തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചെടുത്തത്.
ചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭരായ സൈന്യാധിപരില്‍ ഒരാളാണ് അലക്‌സാണ്ടര്‍. ഒരു യുദ്ധത്തില്‍ പോലും അദ്ദേഹം പരാചയപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു സൈന്യാധിപനാനെന്നതിലുപരി സൈനികവിദ്യാഭ്യാസത്തിന്റെ പിതാവായിട്ടു വേണം അദ്ദേഹത്തെ കണക്കാക്കാന്‍. മറ്റു സൈന്യത്തിന്റെ എണ്ണവും സ്വന്തം സൈന്യത്തിന്റെ എണ്ണവും താരതമ്യം ചെയ്യുന്ന രീതി ഇന്നും മിലിട്ടറി അക്കാഡമികള്‍ തുടര്‍ന്ന് പോകുന്നു. എന്നല്ല നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം തുടങ്ങിവെച്ച പല യുദ്ധാവിഷ്‌കാരങ്ങളും തന്ത്രങ്ങളും ഇന്നും സൈനികലോകം നെഞ്ചേറ്റുകയാണ്. ഗുരുവായ അരിസ്‌റ്റോട്ടിലിനോടൊപ്പം ലോകത്തെ എക്കാലത്തും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി അലക്‌സാണ്ടറിനെയും ഗണിക്കപ്പെടുന്നു.
തന്റെ ഇരുപതാം വയസ്സില്‍ ഫിലിപ്പ് രണ്ടാമനില്‍ നിന്ന് കിരീടം ഏറ്റെടുത്ത അലക്‌സാണ്ടര്‍ ഏഷ്യയും വടക്കുകിഴക്ക് ആഫ്രിക്കയും വരെ നീണ്ടുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായി. ഗ്രീസ് മുതല്‍ ഈജിപ്ത് വരെയും പിന്നെ വടക്കുപടിഞ്ഞാറ് ഇന്ത്യ വരെയും അദ്ദേഹം തന്റെ മുപ്പത് വയസ്സിനിടയില്‍ പിടിച്ചടക്കി.
യവനജ്ഞാനം – വിമര്‍ശകദൃഷ്ടിയില്‍
ശാസ്ത്രവിജ്ഞാനീയങ്ങളുടെ ഉറവിടവും കേന്ദ്രവും ഗ്രീക്കും യൂറോപ്പുമാണെന്ന വാദത്തോടൊപ്പം അതിന് മുമ്പോ ശേഷമോ വ്യവസ്ഥാപിതമായ രീതിയില്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്ന തെറ്റായ ബോധം തലമുറകളിലേക്ക്് പകര്‍ന്നു കൊടുക്കാന്‍ പാശ്ചാത്യ ശാസ്ത്രചരിത്രകാരന്മാര്‍ പലരും ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്ത് ഇന്നുവരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള വിവിധ ശാസ്ത്രശാഖകളുടെയും ഉപജ്ഞാതാക്കളും ആവിഷ്‌കര്‍ത്താക്കളും പാശ്ചാത്യരും യൂറോപ്യരുമാണെന്നും, അവരുടേത് മാത്രമായ സംഭാവനകളാണ് ഭൗതിക പുരോഗതിയുടെ കുതിപ്പിന് നിദാനമായത് എന്നുമുള്ള ധാരണ പൊതുബോധത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ ധാരണകളെ പൊളിച്ചെഴുതുന്ന തരത്തില്‍ പല സംഭവവികാസങ്ങളും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അരിസ്‌റ്റോട്ടില്‍, സോക്രട്ടീസ്, യൂക്ലിഡ്, ഹിപ്പോക്രാറ്റസ് തുടങ്ങിയവര്‍ക്ക് പാശ്ചാത്യ ചരിത്രകാരന്മാര്‍ പതിച്ചുകൊടുത്ത പിതൃത്വപട്ടങ്ങളെയും പണ്ഡിതമേലങ്കികളെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് ഈജിപ്തില്‍ വിദ്യാഭ്യാസം നേടിയിരുന്നുവെന്നും ഗ്രീക്ക് വൈദ്യശാസ്ത്രം ഈജിപ്ഷ്യന്‍ വൈദ്യവുമായി അധമ്യമായ സാമ്യം പ്രകടിപ്പിക്കുന്നുവെന്നും ഇവര്‍ വാദിക്കുന്നു. ഇതിന് പുറമെ അദ്ദേഹത്തിന്റെ സമാഹാരമായ ‘ഹിപ്പോക്രാറ്റിക് കോര്‍പ്പസ്’ തത്ത്വങ്ങളുടെയും കല്‍പനകളുടെയും ഒരു സമാഹാരം മാത്രമാണെന്നും ഹിപ്പോക്രാറ്റസിന്റേതായ രചനകള്‍ അതിലടങ്ങിയിട്ടില്ലെന്നും പറയപ്പെടുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതൃത്വപട്ടം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് കേവലം അദ്ദേഹത്തിന്റെ നിരീക്ഷണരീതിയുടെ പേരില്‍ മാത്രമാണെന്നാണ് ഇവരുടെ പക്ഷം.
ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യര്‍ കുത്തകയവകാശപ്പെടുന്ന ജ്യോതിശാസ്ത്രരംഗങ്ങളിലും ഗണിതശാസ്ത്രത്തിലും ഇതര സംസ്‌കാരങ്ങളില്‍ നിന്നുള്ള അനുകരണങ്ങളും പകര്‍പ്പെഴുത്തും വിമര്‍ശകവീക്ഷകര്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ജ്യാമിതീയ സങ്കല്‍പനശാസ്ത്രത്തെ ഗ്രീസിന് സംഭാവന ചെയ്തത് ഥെയില്‍സാണെന്നാണ്് പടിഞ്ഞാറിന്റെ വാദം. ഥെയില്‍സ് ഈജിപ്തിലേക്കു പോകുന്നതിന് മുമ്പ് ജ്യാമിതി പോലൊരു സൈദ്ധാന്തിക അന്വേഷണരീതി ഗ്രീസിലുണ്ടായിരുന്നില്ലത്രെ. ഥെയില്‍സ് ജനിക്കുന്നതിനും 1000 വര്‍ഷം മുമ്പ് ഈജിപ്തുകാര്‍ ചതുര-ത്രികോണ-സമാന്തര ചതുഷ്‌കോണുകളുടെ വിസ്തൃതി കൃത്യമായി കണക്കാക്കാന്‍ പഠിച്ചിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഗ്രീക്കുകാര്‍ക്ക് ഒരറിവുമുണ്ടായിരുന്നില്ലെന്നും ഈജിപ്തുമായി പിന്നീടുണ്ടായ ബന്ധങ്ങളാണ് അവരെ നവോത്ഥാന ഉല്‍പ്പത്തിയുടെ നിര്‍വാഹകരാകാന്‍ സഹായിച്ചതെന്നും നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു.