നോമ്പിന്റെ മാസമായ റമളാനിലും യുദ്ധം വിലക്കപ്പെട്ട റജബിനുമിടയിലെ പവിത്രമായ മാസമാണ് ശഅ്ബാന്‍. റജബ് മാസത്തില്‍ ഇസ്തിഗ്ഫാറിലൂടെ നട്ട വിത്തിന് വളം നല്‍കി പുഷ്ടിപ്പെടുത്തേണ്ട മാസമാണിത്. വരാനിരിക്കുന്ന മാസം റമളാന്‍ ആയതിനാല്‍ നോമ്പനുഷ്ടിച്ച് പ്രാക്ടീസ് ചെയ്യേണ്ട മാസം കൂടിയാണിത്. ഫര്‍ള് നിസ്‌കാരത്തിന് മുമ്പ് സുന്നത്ത് നിസ്‌കരിക്കും പോലെ ഫര്‍ള് നോമ്പിന് മുമ്പ് സുന്നത്ത് നോമ്പനുഷ്ടിക്കുക. ആയതിനാല്‍ തന്നെ നബി(സ്വ) തങ്ങള്‍ ശഅ്ബാന്‍ മുഴുവന്‍ നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഷഅ്ബാന്‍ മാസത്തിനേക്കാള്‍ മറ്റൊരു മാസത്തിലും അവിടുന്ന് ഇത്ര മാത്രം നോമ്പനുഷ്ടിക്കുമായിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കല്‍ ഉസാമ(റ) നബി(സ്വ) തങ്ങളോട് ചോദിച്ചു. ഓ അല്ലാഹുവിന്റെ ദൂതരേ, ഷഅ്ബാന്‍ മാസം അവിടുന്ന് നോമ്പനുഷ്ടിക്കും പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല, എന്താണിതിന് കാരണം? നബി(സ്വ) മറുപടി പറഞ്ഞു: ”പവിത്രമായ റജബിനും റമളാനുമിടയില്‍ ജനങ്ങള്‍ അശ്രദ്ധരാവാനിടയുള്ള മാസമാണിത്, ലോകരക്ഷിതാവിലേക്ക് അരാധനകള്‍ ഉയര്‍ത്തപ്പെടുന്ന മാസം. ആയതിനാല്‍ എന്റെ ആരാധനകള്‍ ഞാന്‍ നോമ്പുകാരനായ അവസ്ഥയില്‍ ഉയര്‍ത്തപ്പെടലിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്” – (നസാഈ).
ഈ മഹത്വങ്ങള്‍ ഉള്‍ക്കൊണ്ടതിനാല്‍ പൂര്‍വ്വികര്‍ ഈ മാസത്തെ ഏറെ ഗൗനിച്ചിരുന്നു. 96 ദിവസം നോമ്പനുഷ്ടിക്കുക എന്ന ഒരു ആചാരം തന്നെ നമ്മുടെ നാടുകളില്‍ നിലനിന്നിരുന്നു, അതായത് റജബ്, ശഅ്ബാന്‍, റമളാന്‍, ശവ്വാല്‍ ആദ്യ ആറു ദിനങ്ങള്‍ എന്നിവ. അതിനാല്‍ നോമ്പനുഷ്ടിച്ച് ഈ മാസങ്ങളെ ധന്യമാക്കല്‍ വളരെ നല്ലതാണ്.
ശഅ്ബാന്‍ മാസത്തിലെ പ്രത്യേകമായ സുപ്രധാന ആരാധന സ്വലാത്ത് ചൊല്ലലാണ്. സ്വലാത്തിന്റെ മാസമായാണ് ഷഅ്ബാന്‍ അറിയപ്പെടുന്നത് തന്നെ. വിശുദ്ധ ഖുര്‍ആനില്‍ സ്വലാത്ത് ചൊല്ലാനാജ്ഞാപിക്കുന്ന അഹ്‌സാബ് സൂറത്തിലെ 56-ാം വചനമിറങ്ങിയത് ഈ മാസത്തിലാണ്. രാവും പകലും നമ്മുടെ ദിക്‌റുകളെല്ലാം സ്വലാത്താക്കി മാറ്റുക. സ്വലാത്തിന് കിട്ടുന്ന പുണ്യങ്ങള്‍ വിവരണാതീതമാണ്. സ്വലാത്തിന്റെ പുണ്യം മനസ്സിലാക്കി അത് വര്‍ധിപ്പിക്കലാണ് ഷഅ്ബാന്‍ ധന്യമാക്കാനുള്ള ഒരു മാര്‍ഗം.
സ്വാലാത്ത്
വിശ്വാസിക്ക് സ്വാലാത്തിനോളം ആശ്വാസകരമായ ഒരു ആരാധന ഉണ്ടാവില്ല. അന്ത്യ ദിനം താന്‍ മുഖേന അക്രമിക്കപ്പെട്ടവര്‍ക്കും ഏഷണി പരദൂഷണം പറയപ്പെട്ടവര്‍ക്കും തന്റെ ആരാധനകള്‍ വിഹിതം വെച്ച് നാം പാപ്പരാകുമ്പോള്‍ ആര്‍ക്കും നല്‍കാതെ നമ്മെ സംരക്ഷിക്കാനുള്ള മാര്‍ഗമാണ് സ്വലാത്ത്. അതും ഒന്ന് ചൊല്ലിയാല്‍ പത്ത് ഗുണമാണ് ലഭിക്കുന്നത്. നബി തങ്ങള്‍ പറഞ്ഞു, വല്ല വ്യക്തിയും എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും. സ്വലാത്തിന്റെ മഹത്വം പറയുന്ന ധാരാളം ഹദീസുകള്‍ നമുക്ക് വായിക്കാന്‍ കഴിയും. നബി തങ്ങള്‍ പറയുന്നു. വല്ല വ്യക്തിയും എന്റെ മേല്‍ 500 സ്വലാത്ത് ചൊല്ലിയാല്‍ അവന് ഒരിക്കലും ദാരിദ്ര്യം പിടിപെടുകയില്ല. 1000 തവണ ദിനവും ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ നിന്ന് അവന്റെ ഇരിപ്പിടം കണ്ടിട്ടല്ലാതെ അവന്‍ ഇഹലോകം വെടിയില്ല.
കേവലം കുറെ പ്രതിഫലം നേടല്‍ മാത്രമല്ല. ജീവിതം ഒന്നടങ്കം മാറ്റി മറിയുന്നതിനും പുതിയ വഴിത്തിരിവിനും വരെ ഇത് കാരണമാകും. വല്ല വ്യക്തിയും എന്റെ മേല്‍ സ്വലാത്തിനെ അധികരിപ്പിച്ചാല്‍ അല്ലാഹു അവന്റെ ഹൃദയം പ്രകാശിപ്പിക്കും. അതായത് തെറ്റ് കാരണം മനുഷ്യ ഹൃദയം കത്തി കരിഞ്ഞിട്ടുണ്ടാവും. അടിമ ഒരു തെറ്റ് ചെയ്താല്‍ ഹൃദയത്തില്‍ കറുത്ത ഒരു പുള്ളി വീഴും. തെറ്റ് കൂടുന്തോറും ഈ കറുപ്പ് വളര്‍ന്ന് ഹൃദയം മുഴുക്കെ കറുക്കും. അങ്ങനെയിരിക്കെ അടിമ സ്വാലാത്തിനെ പതിവാക്കിയാല്‍ അല്ലാഹു അവന്റെ തെറ്റ് പൊറുക്കുന്നതാണ്. അത് പര്‍വ്വതസമാനമാണെങ്കിലും ശരി. അങ്ങനെ ദോഷം പൊറുത്ത് ഹൃദയം വെളുവെളുത്ത് പ്രകാശിക്കാന്‍ തുടങ്ങും. ഒരു സ്വലാത്ത് ചൊല്ലിയാല്‍ പത്ത് കാര്യങ്ങള്‍ അതിനാലുണ്ടാകും.
1- അല്ലാഹുവിന്റെ സ്വലാത്ത് ലഭിക്കും
2- നബി തങ്ങളുടെ ശഫാഅത്ത്
3- സംശുദ്ധരായ മാലാഖമാരുടെ പിന്തുടര്‍ച്ചക്കാരാകും
4- കാഫിരീങ്ങള്‍ക്കും കപടവിശ്വാസികള്‍ക്കും എതിരാകും
5- തെറ്റുകുറ്റങ്ങള്‍ പൊറുക്കപ്പെടും
6- ആവശ്യങ്ങള്‍ നിറവേറ്റപ്പെടും
7- ഉള്ളും പുറവും പ്രകാശിക്കും
8- നരകശിക്ഷയില്‍ നിന്ന് മോചനം
9- സ്വര്‍ഗ്ഗ പ്രവേശം
10- യജമാനനായ അല്ലാഹുവിന്റെ സലാം
മഹാനായ ഇബ്‌നു ഹജര്‍ (റ) പറഞ്ഞു: ഇരുലോകത്തെയും സര്‍വ്വ പ്രയാസങ്ങളും നീക്കാനുള്ള ഉപാധിയും ദോഷങ്ങളെ പൊറുപ്പിക്കാനുള്ള മാര്‍ഗ്ഗവുമാണ് നബി തങ്ങളുടെ മേലിലുള്ള സ്വലാത്ത്.
ഒരു ദിവസം ഉബയ്യ് എന്നവര്‍ പറഞ്ഞു: ”പ്രവാചകരെ, ഞാന്‍ അങ്ങയുടെ മേല്‍ സ്വലാത്തിനെ അധികരിപ്പിക്കുന്നു. ഞാന്‍ എത്രയാണ് സ്വലാത്ത് ചൊല്ലേണ്ടത്?” പ്രവാചകന്‍: ”നീ ഉദ്ദേശിക്കുന്നത്രയും.” ഉബയ്യ്: ”സമയത്തിന്റെ നാലില്‍ ഒന്ന് മുഴുവന്‍ ഞാന്‍ സ്വലാത്ത് ചൊല്ലട്ടെ.” പ്രവാചകന്‍: ”നീ ഉദ്ദേശിക്കുന്നത്ര, ഇതിനേക്കാള്‍ അധികരിപ്പിച്ചാല്‍ അത് നിനക്കുത്തമമാണ്” ഉബയ്യ് : ”പകുതിയും ഞാന്‍ സ്വലാത്ത് ചൊല്ലട്ടെ”. പ്രവാചകന്‍: ”നിങ്ങളുടെ താത്പര്യം, അധികരിപ്പിച്ചാല്‍ നിനക്കുത്തമമാണ്”. ഉബയ്യ്: ”മൂന്നില്‍ രണ്ടും സ്വലാത്ത് തന്നെയാക്കട്ടെ”. പ്രവാചകന്‍: ”നിന്റെ താത്പര്യം, അധികരിപ്പിച്ചാല്‍ നിനക്ക് നന്മയാണ്.” ഉബയ്യ്: ”എന്റെ സര്‍വ്വ സമയവും സ്വലാത്ത് ചൊല്ലട്ടെയോ?”, പ്രവാചകന്‍: ”അങ്ങനെ നിര്‍വ്വഹിക്കുന്ന പക്ഷം നിന്റെ സര്‍വ്വ പ്രയാസങ്ങളും നീക്കപ്പെടും, നിന്റെ പാപം മുഴുവന്‍ പൊറുക്കപ്പെടും”.
ഇത്രയും മഹത്ത്വമുള്ള സ്വലാത്ത് നാം പതിവാക്കുക. അല്ലാഹു തന്നെ നബി തങ്ങളെ എത്രയാണ് ഖുര്‍ആനില്‍ ആദരിച്ചത്?. എന്നെ സ്മരിച്ചാല്‍ ഞാന്‍ നിങ്ങളെയും സ്മരിക്കുമെന്ന് (ബഖറ-152) അല്ലാഹു പറഞ്ഞപ്പോള്‍ പത്ത് തവണ ഞാന്‍ നിങ്ങളെ സ്മരിക്കുമെന്ന് പറഞ്ഞിട്ടില്ല, എന്നാല്‍ ഹദീസില്‍ നബി തങ്ങള്‍ പഠിപ്പിച്ചത്, എന്റെ മേല്‍ ഒരാള്‍ ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു പത്ത് ഗുണം നമുക്ക് ചെയ്യുമെന്നാണ്,. അതായത് അല്ലാഹുവിനെ ഒരു തവണ സ്മരിച്ചാല്‍ അല്ലാഹു തിരിച്ചും ഒരു തവണ. നബി തങ്ങളുടെ മേല്‍ ഒരു തവണ സ്വലത്ത് ചൊല്ലിയാല്‍ തിരിച്ച് പത്തും . പ്രവാചകന്റെ സ്ഥാനവും മഹത്വവുമാണിത് കാണിക്കുന്നത്. (ബുസ്താനുല്‍ വാഇളീന്‍ വ രിയാളു സ്സ്വാലിഹീന്‍)
ഇത്രയധികം അല്ലാഹു ആദരിച്ച പ്രവാചകന്റെ മേല്‍ നാം സ്വലാത്തിനെ വര്‍ധിപ്പിക്കുക. ”ഞാനും മലക്കുകളും സ്വലാത്ത് ചൊല്ലുന്നു അതുകൊണ്ട് വിശ്വാസികളെ നിങ്ങളും സ്വലാത്ത് ചൊല്ലൂ”(അഹ്‌സാബ്-56) എന്ന് സ്വലാത്തിനെ കുറിച്ച് പറഞ്ഞത് പോലെ മറ്റൊരു കര്‍മ്മത്തെ കുറിച്ചും അല്ലാഹു പറഞ്ഞിട്ടില്ല. ഒരിക്കലും മുറിഞ്ഞ് പോകാത്ത സര്‍വ്വ പ്രശ്‌നങ്ങളുടെയും പരിഹാരമായ ഈ സ്വലാത്ത് നമ്മുടെ ജീവിത മാര്‍ഗ്ഗമാകട്ടെ.
ഇത് കേവലം ശഅ്ബാന്‍ മാസത്തില്‍ ഒതുക്കാതെ ഉബയ്യ്(റ)വിന്റെ സംഭവം പറഞ്ഞത് പോലെ ജീവിതം മുഴുവന്‍ സ്വലാത്തില്‍ നാം വ്യപൃതരാകണം. ആര്‍ത്തവ സമയത്തും സ്വലാത്ത് ചൊല്ലാം.
ബറാഅത്ത്
ശഅ്ബാന്‍ 15-ാം രാവാണ് ബറാഅത്ത് രാവ് എന്ന പേരില്‍ വിശ്രുതമായിട്ടുള്ളത്. ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍ ഏറെ മഹത്വമുള്ളതാണീ രാവ്. വിശ്വാസികള്‍ പ്രത്യേകം ദിക്ര്‍, തസ്ബീഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം എന്നീ കര്‍മ്മങ്ങളെ കൊണ്ട് ഒരുമിച്ച് കൂടി പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഈ രാത്രിയുടെ മഹത്വം ധാരാളം ഹദീസുകളിലും മഹാന്മാരുടെ ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയിലും കാണാം.
ആഇശ(റ) പറയുന്നു. നബി തങ്ങള്‍ രാത്രി എണീറ്റ് നിസ്‌കരിക്കാന്‍ തുടങ്ങി, സുജൂദ് ഏറെ ദീര്‍ഘിപ്പിച്ചു. റൂഹ് പോയോ എന്നു വരെ ഞാന്‍ സംശയിച്ചു. അങ്ങനെ ഞാന്‍ എണീറ്റ് നബി തങ്ങളുടെ തള്ളവിരല്‍ ചലിപ്പിച്ചു. അങ്ങനെ ചലിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ മടങ്ങി. നിസ്‌കാരം കഴിഞ്ഞപ്പോള്‍ നബി തങ്ങള്‍ ചോദിച്ചു: ”എന്തേ ആഇശാ…അഇശ: ”ഞാന്‍ അവിടുന്നെങ്ങാനും സുജൂദില്‍ മരണപ്പെട്ടോ എന്ന് കരുതിപ്പോയി.” അപ്പോള്‍ നബി തങ്ങള്‍ ചോദിച്ചു: ”ഓ മഹതീ… ഈ രാത്രിയെ കുറിച്ച് നിനക്കറിയുമോ? ഇത് ശഅ്ബാന്‍ പകുതിയുടെ രാവാണ്. ഈ ദിനം അല്ലാഹു സൃഷ്ടികളിലേക്ക് വെളിവാകുകയും, പൊറുക്കലിനെ തേടുന്നവര്‍ക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം തേടുന്നവര്‍ക്ക് കാരുണ്യം നല്‍കുകയും ചെയ്യുന്നതാണ്.” (ശുഅബുല്‍ ഈമാന്‍)
മറ്റൊരു ഹദീസില്‍ അലി(റ) ഉദ്ദരിക്കുന്നു, നബി(സ്വ) അരുളി: ശഅ്ബാന്‍ പകുതിയായാല്‍ ആ രാത്രി മുഴുവന്‍ നിങ്ങള്‍ ആരാധനാ കര്‍മ്മങ്ങളില്‍ നിരതരാവുക, അന്നു പകലില്‍ നോമ്പനുഷ്ടിക്കുക. അന്ന് അല്ലാഹു പറയും: ആര് പൊറുക്കലിനെ തേടിയാലും ഞാനവന് പൊറുക്കും, ആര് രിസ്ഖിനെ തേടിയാലും ഞാനവന് രിസ്ഖ് നല്‍കും, പരീക്ഷിക്കപ്പെട്ടവന് ഞാന്‍ മോചനം നല്‍കും, സൂര്യനുദിക്കുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.
ആയതിനാല്‍ രിസ്ഖ് വിശാലമാകാനും, മരണപ്പെട്ടവര്‍ക്ക് വേണ്ടിയും, ആയുസ്സ് വര്‍ധിക്കാനും മൂന്ന് യാസീന്‍ പാരായണം ചെയ്യല്‍ വിശ്വാസികളുടെ പതിവാണ്.