കണ്ടുപിടുത്തങ്ങളുടെയും ആധുനികതയുടെയും പേര് കേട്ട ഭൂഖണ്ഡമാണ് യൂറോപ്പ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പ്രദേശം. ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കുതിപ്പും കിതപ്പും നിര്‍ണയിക്കുന്നതില്‍ യൂറോപ്പിന് പ്രത്യേക ഇടം തന്നെയുണ്ട്. യൂറോപ്പിന്റെ ഇന്ന് കാണുന്ന ഉയര്‍ച്ചക്കും വളര്‍ച്ചക്കും പ്രധാന പങ്ക് വഹിച്ചത് പതിനെട്ടാം നൂറ്റാണ്ടില്‍ ജെയിംസ് വാട്ട് കണ്ടെത്തിയ ആവിയന്ത്രവും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തില്‍ അരങ്ങേറിയ വ്യവസായ വിപ്ലവവുമാണ്. ഉല്‍പാദന രംഗത്തും ടെക്‌നിക്കല്‍ രംഗത്തും വന്‍ മാറ്റങ്ങളാണ് വ്യവസായ വിപ്ലവം ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ വാര്‍ത്താ വിനിമയ പരീക്ഷണ നിരീക്ഷണ മേഖലകളില്‍ ഇന്നും പാശ്ചാത്യ രാജ്യങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു.
വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിലും യൂറോപ്പിന്റെ സ്വാധീനം നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഐസക് ന്യൂട്ടണ്‍, ഗലീലിയോ, കോപ്പര്‍ നിക്കസ് തുടങ്ങിയ ശാസ്ത്ര പ്രതിഭകള്‍ യൂറോപ്പിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രത്യേകിച്ച് മേല്‍പറഞ്ഞ വിജ്ഞാന ശാഖകളില്‍ അമൂല്യമായ സംഭാവനകളാണ് നല്‍കിയത്. ടെലസ്‌കോപ്പും ഗുരുത്വാകര്‍ഷണ ബലവും ഭൂമിയുടെ ചലനത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും ഇവയില്‍ പ്രധാനപ്പെട്ടതാണ്.
എന്നാല്‍ ഇവരുടെയെല്ലാം ചിന്തകള്‍ക്കും തുടര്‍ന്നുണ്ടായ കണ്ടുപിടുത്തങ്ങള്‍ക്കും വെളിച്ചം വീശിയത് മുസ്‌ലിം പണ്ഡിതരാണ്. ചരിത്രത്തില്‍ നിന്നും പലതിന്റെയും കാരണത്താല്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അടര്‍ത്തിയെടുത്തിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ യൂറോപ്യന്‍ നവോത്ഥാന വിപ്ലവത്തിന് അടിത്തറ പാകിയത് ഇസ്‌ലാമിക പണ്ഡിതരും ദാര്‍ശനികരുമാണെന്ന് വ്യക്തമാകും. അബ്ബാസ് ബ്‌നു ഫിര്‍നാസും ജാബിര്‍ ബിന്‍ ഹയ്യാനും ഇബ്‌നു ഹൈഥമും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ നടത്തിയ പഠനങ്ങളും കണ്ടെത്തലുകളുമാണ് യൂറോപ്പിന് വെളിച്ചമായത്. ഗ്രീക്ക് പണ്ഡിതരായ സോക്രട്ടീസിന്റെയും പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയുമെല്ലാം ചിന്തകളില്‍ നിന്നും പഠന-തത്വങ്ങളില്‍ നിന്നുമെല്ലാം പ്രചോദനം കൊണ്ടും അതില്‍ തുടര്‍ പഠനങ്ങള്‍ നടത്തിയുമാണ് മുസ്‌ലിം പണ്ഡിത പ്രഭുക്കള്‍ ഈ നേട്ടം കൈവരിച്ചത്.
റൈറ്റ് സഹോദരന്‍മാരാണ് വിമാനം കണ്ടെത്തിയത് എന്നതാണ് പ്രസിദ്ധം. 1903 ഡിസംബര്‍ 17ന് റൈറ്റ് സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റും ചേര്‍ന്നാണ് ഈ പ്രഥമ വിമാനം നിര്‍മിച്ചത്. 52 സെക്കന്റ് ദൂരം സഞ്ചരിച്ച വിമാനം ഏകദേശം 852 അടി ദൂരമാണ് സഞ്ചരിച്ചത്. എന്നാല്‍ ഇതിന്റെയും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഥവാ എഡി 880ല്‍ കവിയും ജ്യോതിശാസ്ത്രജ്ഞനും എഞ്ചിനീയറുമായ അബ്ബാസു ബ്‌നു ഫിര്‍നാസ് എന്ന പണ്ഡിതന്‍ അന്തലുസ്സില്‍ പറക്കല്‍ പരീക്ഷണം നടത്തിയിരുന്നു. കോര്‍ദോവ മസ്ജിദിന്റെ മിനാരത്തില്‍ നിന്ന് പ്രത്യേക ആകൃതിയില്‍ മരക്കഷ്ണങ്ങള്‍ വെച്ചു പിടിപ്പിച്ച് അയഞ്ഞൊരു വസ്ത്രം ധരിച്ചു താഴേക്കു ചാടിയാണ് പരീക്ഷണത്തിന് തുടക്കമിട്ടത്. ഒരു പക്ഷെ ഇതായിരുക്കും പ്രഥമ പാരച്യൂട്ട് പരീക്ഷണവും. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയത ഉള്‍പ്പെടുത്തി വിമാനം പത്തു മിനിറ്റിലധികം പറപ്പിച്ചു.
പ്രാചീന രസതന്ത്രത്തിന്റെ അഥവാ ആല്‍ക്കെമിസ്റ്റിറിയുടെ പിതാവായിട്ട് അറിയപ്പെടുന്നത് ഇറാഖില്‍ ജീവിച്ച ജാബിര്‍ ബ്‌നു ഹയ്യാനാണ്. രസതന്ത്രത്തില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയ ഇദ്ദേഹമാണ് സള്‍ഫ്യൂരിക് ആസിഡും നൈട്രിക് ആസിഡും കണ്ടുപിടിച്ചത്. ഹിജ്‌റ 722-804 കാലഘട്ടങ്ങളില്‍ ജീവിച്ച ജാബിര്‍ ഈ വിഷയത്തില്‍ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കിതാബ് അല്‍ കീമിയ, കിതാബ് അല്‍ സബീന്‍, ബുക്ക് ഓഫ് ഈസ്റ്റേണ്‍ മെര്‍ക്കുറി എന്നിവയാണ് അതില്‍ പ്രധാനം. ആസ്‌ട്രോളജി, ഫിസിസ്റ്റ്, ജിയോളജി, ഫിലോസഫി എന്നീ മേഖലകളിലും അദ്ദേഹം തിളങ്ങി നിന്നു. അബൂ മൂസാ ജാബിര്‍ ബിന് ബയ്യാന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഇറാനിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പഠനങ്ങളും മറ്റും ഇന്നും ശാസ്ത്ര ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
പാശ്ചാത്യ ലോകത്ത് അവിസെന്ന എന്നറിയപ്പെടുന്ന ഇബനു സീനാ ആദ്യ കാല വൈദ്യശാസ്ത്രത്തിന്റെ പിതാവായിട്ടാണ് അറിയപ്പെടുന്നത്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറയില്‍ ജനിച്ച ഇദ്ദേഹമാണ് ശരീര ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് സഹായകമായ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും തുടക്കമിട്ടത്. അനസ്‌തേഷ്യ സര്‍ജറി സംവിധാനം എന്നിവ പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. ചെവിയുടെ ഘടന,കണ്ഡനാളം,ശബ്ദനാളം ഇവയെ കുറിച്ചുള്ള പഠനത്തില്‍ അഗ്രഗണ്യനായിരുന്നു ഇബ്‌നു സീന. ശബ്ദ തരംഗങ്ങളെ കര്‍ണപുടത്തിലേക്ക് സ്വീകരിക്കുന്ന പ്രക്രിയയാണ് കേള്‍വി എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി. ചികിത്സാലയ ഔഷധ ശാസ്ത്രം, നാഡീമനോശാസ്ത്രം അപകട ഘടകങ്ങളുടെ നിര്‍ദ്ധാരണം, രോഗ ലക്ഷണങ്ങളുടെ വിവരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്.
ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നീ ശാഖകളില്‍ 450 കൃതികളെഴുതിയിട്ടുണ്ട്. ഇതില്‍ നാല്‍പപ്പെതണ്ണം വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടതാണ്. അല്‍ ഖാനൂന്‍ ഫീ ത്വിബിയ്യ (വൈദ്യ ശാസ്ത്ര നിയമങ്ങള്‍) എന്നത് അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ്. 1650 വരെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ മേഖലിയിലെ ആധികാരിക പഠനങ്ങള്‍ക്ക് വേണ്ടി ഈ ഗ്രന്ഥം ഉപയോഗിക്കാറുണ്ടായിരുന്നു. കിതാബ് അല്‍ ശിഫ, ദ ബുക്ക് ഓഫ് ഹീലിംഗ് (അതിജീവനത്തിന്റെ ഗ്രന്ഥം), ദ കാനോന്‍ ഓഫ് മെഡിസിന്‍ (വൈദ്യശാസ്ത്ര ബൃഹത് ഗ്രന്ഥം) എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്.
2015 ലോക പ്രകാശ വര്‍ഷമായി ആഘോഷിക്കുകയുണ്ടായി. മുസ്‌ലിം പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഇബ്‌നു ഹൈതമിന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ ആദരിക്കുവാനാണ് ഐക്യരാഷ്ട്ര സഭ ഇത് ആഘോഷിച്ചത്. കാമറ ഒബ്‌സ്‌ക്യൂറയുടെ പ്രവര്‍ത്തനം ആദ്യമായി വിശദീകരിച്ചത് തൈമാണ്. ഇന്ന് നാം കാണുന്ന കാമറയുടെ കണ്ടുപിടുത്തം വരെ ഇബ്‌നു ഹൈതമിന്റെ പരീക്ഷണങ്ങളുടെ ഫലമായിട്ടുണ്ടായതാണ്. 965-1040 കാലങ്ങളില്‍ ജീവിച്ച ഇബ്‌നു ഹൈതമിന്റെ ലോക പ്രശസ്ത ഗ്രനഥമാണ് കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഒപ്റ്റിക്‌സ്).
റോജര്‍ ബേക്കണ്‍,ഡാവഞ്ചി,ഗലീലീയോ,ക്ലെപ്പര്‍ തുടങ്ങിയ പില്‍ക്കാല ശാസ്ത്ര ചിന്തകരെ ഏറ്റവും സ്വാധീനിച്ച ഗ്രന്ഥമായിരുന്നു കിതാബുല്‍ മനാളിര്‍. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇദ്ദേഹം ഖുര്‍ആനിന്റെ സ്വാധീന വലയത്തിലാണ് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയത്. ഹൈതമിനോടുള്ള ബഹുമാനാര്‍ത്ഥം ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
അല്‍ജിബ്രയും ഇസ്‌ലാമിക ലോകത്ത് നിന്ന് ഉടലെടുത്തതാണ്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ അല്‍ ഖുവാരസ്മിയുടെ വിഖ്യാത ഗ്രന്ഥമായ അല്‍ ജബ്‌റ് വല്‍ മുഖാബല എന്നതില്‍ നിന്നാണ് അല്‍ജിബ്ര എന്ന പദം വന്നത്. ലത്തീന്‍ വത്കരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നാമത്തില്‍ നിന്നാണ് അല്‍ഗരിതം എന്ന പദമുണ്ടായത്. ഗണിതശാസ്ത്രത്തില്‍ സ്‌കൂളുകളിലും മറ്റും ഈ ശാഖ വളരെയധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. തന്റെ ജീവിത്തതിന്റെ സിംഹ ഭാഗവും ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ കഴിച്ചു കൂട്ടിയ ഖുവാരസ്മി ജ്യോതിശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനും കൂടിയാണ്. ഉസ്‌ബെക്കിസ്ഥാനിലെ ഖവാരിസം എന്ന സ്ഥലത്ത് 780ലാണ് അദ്ദേഹം ജനിച്ചത്.
മേല്‍ പറഞ്ഞ തുഛം പണ്ഡിതരിലൊതുങ്ങിയിട്ടില്ല മുസ്‌ലിം ശാസ്ത്ര ലോകം. ലോകത്തെ വഴിനടത്തിയ ചിലര്‍ മാത്രമേ അതായിട്ടുള്ളൂ. ഫാറാബി, കിന്ദി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ അസംഖ്യം പണ്ഡിതര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവരാണ്.
എച്ച് ജി വെല്‍സ് പറയുന്നു ”ഗ്രീക്കുകാരാണ് ശാസ്ത്രങ്ങളുടെ പിതാക്കളെങ്കില്‍ മുസ്‌ലിംകളാണ് അതിന്റെ വളര്‍ത്തു പിതാക്കള്‍”. സ്‌പെയിനില്‍നിന്ന് ഫ്രാന്‍സ് വഴിയും സിറിയയില്‍ നിന്ന് ഇറ്റലി വഴിയും മുസ്‌ലിം ജ്ഞാന സമൃദ്ധി ആവാഹിച്ചെടുത്തു കൊണ്ടാണ് യൂറോപ്പ് ഉയര്‍ന്നതും വളര്‍ന്നതും. പല കാര്യങ്ങളിലും യൂറോപ്പ് മാതൃകയാക്കിയിരുന്നത് ഇസ്‌ലാമിക രീതിശാസ്ത്രമായിരുന്നു. പ്രത്യേകിച്ച് കൃഷി തുടങ്ങിയ പ്രാഥമികാവശ്യങ്ങളില്‍ പോലും. അധിനിവേശത്തിന്റെ ഭാഗമായി മുഴുവന്‍ ഗ്രന്ഥങ്ങളും ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ‘തര്‍ജ്ജമ വിപ്ലവം’ എന്നറിയപ്പെടുന്ന ഇതിലൂടെയാണ് യൂറോപ്പ് അധികവും സ്വന്തമാക്കിയത്. ഇസ്‌ലാമിന്റെ തകര്‍ച്ചയും ഇല്ലായ്മയുമാണ് പാശ്ചാത്യ ലോകം എന്നും സ്വപ്നം കാണുന്നത്. അങ്ങനെയാണ് മുസ്‌ലിം മസ്തിഷ്‌കത്തില്‍ നിന്നും പിറവിയെടുത്ത സിദ്ധാന്തങ്ങള്‍ മുഴുവനും പാശ്ചാത്യ വത്കരിക്കപ്പെട്ട് ജൂത-ക്രൈസ്തവ ലോബികള്‍ അതിന്റെയെല്ലാം തലപ്പെത്തെത്തിയത്.
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മുസ്‌ലിം ജ്ഞാനപ്രഭുക്കള്‍ കൊളുത്തിവെച്ച ദീപശിഖ ഇന്നും അണഞ്ഞിട്ടില്ല. പാശ്ചാത്യ ലോകവും യൂറോപ്പും ശാസ്ത്രവും അനുബന്ധ ജ്ഞാനങ്ങളും പഠിച്ചത് മുസ്‌ലിം പണ്ഡിതരുടെ പഠനങ്ങളുടെയും ചിന്തകളുടെയും ഫലമായിട്ടാണ് എന്ന് നാം മനസ്സിലാക്കി. ചിതറി കിടന്നിരുന്ന വിജ്ഞാന വിഭവങ്ങളെ ഒരുമിച്ചു കൂട്ടി മാലോകരെ മുഴുവനും ആധുനികതയിലേക്കും ശാസ്ത്ര പുരോഗതിയിലേക്കും നയിച്ചത് മുമ്പേ നടന്ന് പോയ മുസ്‌ലിം പണ്ഡിതരുടെ സംഭാവനകളാണ്. ഇരുട്ടിന്റെ ശത്രുക്കള്‍ പലപ്പോഴും ഈ നഗ്നസത്യം മൂടി വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിക നാഗരികതക്ക് ഇത്രയേറെ നേട്ടങ്ങള്‍ ഉണ്ടാവാനുള്ള പ്രധാന കാരണം ഗ്രന്ഥ ശേഖരങ്ങളായിരുന്നു. അറിയപ്പെട്ട ഒട്ടേറെ ഗ്രന്ഥശാലകള്‍ ബാഗ്ദാദിലും കോര്‍ദോവയിലുമുണ്ടായിട്ടുണ്ട്.
മുസ്‌ലിം പണ്ഡിതരുടെ അമൂല്യ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. മുസ്‌ലിം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നൂറില്‍ ഒന്ന് പോലുമായിട്ടില്ല മേല്‍ പറഞ്ഞതില്‍. വിസ്മൃതിയിലാണ്ടു പോയവ തിരിച്ചു പിടിക്കേണ്ടതുണ്ട്. അല്ല പാശ്ചാത്യ ലോകത്ത് തിരിച്ചറിവുണ്ടാകുന്നുണ്ട്.