ലക്ഷ്യബോധമുള്ള മനുഷ്യ ജീവിതത്തിന് ഉന്നത സാംസ്‌കാരിക ബോധവും, സാമൂഹിക പ്രതിബദ്ധതയും നല്‍കുന്നത് വിദ്യാഭ്യാസമാണ്. ഒരു പ്രദേശം, ജനത, വ്യക്തി എന്നിവയുടെയെല്ലാം വളര്‍ച്ചയും ഉന്നമനവും അടയാളപ്പെടുത്താന്‍ പൊതുവില്‍ നാമുപയോഗിക്കുന്ന അളവുകോലും അവര്‍ എത്രത്തോളം വിദ്യാഭ്യാസപരമായി ഉന്നമനം നേടി എന്നതാണ്. ഏകദേശം അറിഞ്ഞിരിക്കേണ്ട വിദ്യകളെല്ലാം ആര്‍ജ്ജിച്ച് ജന്മം കൊളളുന്ന പക്ഷി മൃഗാദികളില്‍ നിന്ന് വിഭിന്നമായി, ആര്‍ജ്ജിച്ചിട്ട് വേണം ഇനി എല്ലാം എന്നതാണ് മനുഷ്യന്റെ പ്രകൃതം. തനിക്കറിയാത്തതെന്തും വിദ്യാഭ്യാസം തന്നെയാണ്. അപ്പോള്‍ ജനനം തൊട്ടേ ഓരോ വ്യക്തിയും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ച് തുടങ്ങുന്നുണ്ട്. ഗുരുവിന്റെ മുമ്പിലിരുന്ന് തിരഞ്ഞെടുത്ത ഒന്ന് പ്രത്യേകം പഠിക്കുകയെന്ന ഗുരുകുല സമ്പ്രദായം മാത്രമല്ല വിദ്യഭ്യാസം. എങ്കിലും പൊതുവില്‍ നേടിയെടുത്ത ഒരു പ്രാഥമിക വിദ്യക്കപ്പുറം വിശാലമായ ലോകത്തിലെ അനന്തമായ അറിവിന്റെ ആഴിയെ അറിയാനും അനുഭവിക്കാനും ഈ രീതിയിലുളള സുശക്തമായ വിദ്യഭ്യാസം അനിവാര്യമാണ്.
വിദ്യഭ്യാസത്തിന്റെ വൈവിധ്യ രീതികളെ ഭാരതീയ പാരമ്പര്യം ഇങ്ങനെ വിശദീകരിക്കുന്നു.
അചാര്യാത് പാദമാദത്തേ
പാദം ശിഷ്യ: സ്വമേധയാ
പാദം സബ്രഹ്മചാരീഭ്യ:
പാദം കാലക്രമേബണതു
ഒരു വിദ്യാര്‍ത്ഥി തന്റെ അറിവിന്റെ നാലിലൊരു ഭാഗം അദ്ധ്യാപകരില്‍ നിന്നും ഒരു ഭാഗം സ്വന്തം ബൗദ്ധികാദ്ധ്വാനത്തില്‍ നിന്നും ഒരു ഭാഗം സഹപാഠികളില്‍ നിന്നും ബാക്കി ഭാഗം സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയ കേവലം കലാലയ ജീവിതമല്ലെന്നും അതിനപ്പുറം സര്‍വ്വ തല ജീവിത സ്പര്‍ശിയായ ഒരു തലം വിദ്യാഭ്യാസ സമാഹരണത്തിന് പുരാതന കാലം മുതല്‍ക്കേ ഊന്നല്‍ നല്‍കിയിരുന്നുവെന്നും ഈ വാക്യങ്ങളില്‍ നിന്ന് തന്നെ ഗ്രാഹ്യമാണ്. ഏത് രീതി ആയാലും വിദ്യാഭ്യാസം പരമാവധി കരസ്ഥമാക്കുകയെന്നതാണ് മനുഷ്യ ലക്ഷ്യം.
എന്താണ് വിദ്യാഭ്യാസമെന്നത് പ്രത്യേകിച്ച് നിര്‍വ്വചിക്കേണ്ടതില്ല. ചുരുക്കത്തില്‍ ഒരുത്തന് അറിയാത്തത് ആര്‍ജ്ജിക്കലാണത്. ശില്‍പവിദ്യയിലൂടെ വെണ്ണക്കല്ലില്‍ നിന്ന് ഒരു ശില്‍പം വാര്‍ത്തെടുക്കാനാകുന്നത് പോലെ വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തിയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്നതാണ് ജോസഫ് അഡിസ്സണ്‍ നല്‍കിയ നിര്‍വ്വചനം. മഹാത്മാ ഗാന്ധി പറഞ്ഞു, ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം. സംപൂജ്യനായ മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കാനും വൈകൃതങ്ങളില്‍ നിന്ന് തടഞ്ഞ് ശരിയായ മനുഷ്യനാക്കാനുമാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസമെന്ന് വെക്കുമ്പോള്‍, പടിപടിയായി ഒരുത്തനെ അവന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നതാണ് വിദ്യാഭ്യാസമെന്ന് പറയേണ്ടിവരും. അല്ലാതെ ഒരാളെ അക്രമിയും കൊളളക്കാരനും താന്തോന്നിയുമാക്കുന്നതിനെ വിദ്യാഭ്യാസമെന്ന് വിളിക്കേണ്ടതില്ലല്ലോ. അതല്ല, ഒരാള്‍ അറിയാത്തത് അറിയുന്നതെല്ലാം വിദ്യാഭ്യാസമാണെന്ന പൊതു അര്‍ത്ഥം പറയുകയാണങ്കില്‍ നല്ല വിദ്യാഭ്യാസമെന്നും ചീത്ത വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തെ വേര്‍തിരിക്കേണ്ടി വരും. ഇങ്ങനെ ഒന്ന് പൂര്‍വ്വ കാലത്ത് ഉണ്ടായിരുന്നില്ല. സമീപകാലത്ത് വന്ന ഇതിനെ ഒരു വിദ്യ എന്ന് പറയാനും ഉതകില്ല. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പറഞ്ഞത്, ‘താങ്കളുടെ ഉള്ളിലെ ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടു വരുന്നതാണ് യഥാര്‍ത്ഥ വിദ്യഭ്യാസം, മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റെന്ത് പുസ്തകമാണതിനുളളത്’ എന്ന്.
അജ്ഞത മനുഷ്യനെ സംബന്ധിച്ച് ന്യൂനതയാണെന്നും അവന്റെ പൂര്‍ണ്ണത പരമാവധി അറിവ് നേടുന്നതിലാണന്നുമുള്ള ഉത്തമ ബോധം പൂര്‍വ്വ കാലം മുതല്‍ക്കേ ഉണ്ട്. പുരാതന കാല ഗോത്ര സമൂഹങ്ങളിലും രാജവാഴ്ചയിലും വിദ്യാഭ്യാസത്തെ പുലര്‍ത്തിപ്പോരാനും തങ്ങളുടെ മക്കള്‍ വിജ്ഞാനമുറകള്‍ ആര്‍ജ്ജിച്ചവരാകാനും അവര്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിപ്പോന്നിരുന്നു. കല്ലിലും എല്ലിലും തോലിലും ഇലയിലും മണ്ണിലും ആദിമമായി മനുഷ്യന്‍ നേടിയ വിദ്യയെ എഴുതിവെച്ചു. അതിനു മുമ്പും, എഴുത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലും സുപ്രധാന വിജ്ഞാന കൈമാറ്റ രീതി വാചിക(ഓറല്‍)മായിരുന്നു. ആയിരവും പതിനായിരവും ലക്ഷങ്ങളും വരികളുള്ള പദ്യങ്ങളെല്ലാം ഒരുപാട് തലമുറകള്‍ കേട്ട് പഠിച്ച് കൈമാറിപ്പോന്നിരുന്നു. ഗ്രീക്കില്‍ പ്രശസ്തമായ ഒഡിസ്സിയും ഇല്ല്യഡും ഭാരതത്തില്‍ സുപ്രസിദ്ധമായ മഹാഭാരതവും ഇത്തരത്തില്‍ ഇന്നും പുലര്‍ത്തിപ്പോരുന്ന സാഹിത്യങ്ങളാണ്.
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസം, തത്വത്തിലും സ്വഭാവത്തിലും വളരെയേറെ വികാസം പ്രാപിക്കാന്‍ തുടങ്ങി. വിജ്ഞാനം സൂക്ഷ്മമാകുന്നതിനും വിശാലമാകുന്നതിനുമനുസരിച്ച് ശാഖകളും ഉപശാഖകളും ഉണ്ടാകാന്‍ തുടങ്ങി. ഒരു പത്ത് കൊല്ലം മുമ്പ് ഉപശാഖയായ ചെറിയ ഒന്ന് വരെ ഇന്ന് പല ഉപശാഖകളുടെ കേന്ദ്രശാഖ എന്നിടത്തേക്ക്, അതിസൂക്ഷ്മവും വിശാലവുമായ തലത്തിലേക്ക് വിദ്യാഭ്യാസം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മനുഷ്യന്റെ കുറഞ്ഞ ജീവിത കാലയളവില്‍ അവന് ആവുന്നത് നേടാമെന്നല്ലാതെ വിദ്യാഭ്യാസത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഒരാള്‍ക്കും കഴിയാത്തത്രയും വിശാലമാണ് വിദ്യാഭ്യാസം.
പൂര്‍വ്വകാലത്ത് വിദ്യാഭ്യാസത്തിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും അത് ഇന്നുള്ള പോലെ സാര്‍വത്രികമായിരുന്നില്ല. മറിച്ച് വിദ്യാഭ്യാസം ധനമുള്ളവന്റേയും അധികാരമുള്ളവന്റേയും കുത്തകയായിരുന്നു. കീഴ്ജാതിക്കാരനും പിന്നോക്ക സമുദായവും വിദ്യ നേടിയാല്‍ അവര്‍ തിരിച്ചറിവ് കരസ്ഥമാക്കുമെന്നും അതുവഴി സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുളള വിപ്ലവങ്ങള്‍ ഉരുവം കൊള്ളുമെന്നും അങ്ങനെ തന്റെ മേല്‍ക്കോയ്മ തകര്‍ന്നടിയുമെന്നും അവര്‍ ഭയന്നു. ഭാരതീയ സംസ്‌കാരത്തില്‍ അങ്ങനെയാണ് കീഴ്ജാതിക്കാരന്‍ സംസ്‌കൃതം പഠിക്കരുതെന്നും വേദം കേട്ടാല്‍ കാതില്‍ ഈയം ഒഴിക്കണമെന്നുമുള്ള നിയമങ്ങള്‍ വരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ വന്ന ചെറിയ മാറ്റങ്ങളിലൂടെ പലരും വിദ്യ നേടുകയും മേല്‍ജാതിയില്‍ തന്നെ ഉള്‍പെട്ട പലരും സമത്വത്തിന് വാദിക്കാന്‍ തുടങ്ങിയതോടെയുമാണ് രംഗം അല്‍പാല്‍പം മാറാന്‍ തുടങ്ങിയത്. തെങ്ങുകയറ്റവും കള്ളുചെത്തും തൊഴിലാക്കിയ ഈഴവനോട് ‘സംഘടനകൊണ്ട് ശക്തി കൈവരാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും’ കല്‍പിച്ച ശ്രീനാരായണഗുരുവെല്ലാം കേരളത്തില്‍ ഉന്നമനം കൊണ്ടുവന്നവരില്‍ പ്രധാനിയാണ്.
ഇതില്‍ നിന്ന് മാറി ജനാധിപത്യപരമാകണം വിദ്യാഭ്യാസം. ഇന്ന് ഒരളവ് വരെ അത് സാധ്യമായിട്ടുണ്ട്. ജനിച്ച ഏത് കുഞ്ഞിനും അഞ്ച് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ നിര്‍ബന്ധമായും ലഭിച്ചിരിക്കേണ്ട മൗലികാവകാശമാണ് വിദ്യാഭ്യാസം. ഈ രീതി ലോകതലത്തില്‍ തന്നെ വ്യാപകമായപ്പോള്‍ (ഇന്നും എത്താത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലോത്തവ ഉണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മതിക്കലോട് കൂടെ) കോളനി വല്‍ക്കരണവും വര്‍ണ്ണ വിവേചനവും സാമൂഹിക വര്‍ഗ്ഗീകരണങ്ങളും ജാതീ വ്യവസ്ഥകളും ഭൂരിപക്ഷ ഇടങ്ങളിലും ഇല്ലാതായിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ നല്ല ഫലത്തിന്റെ നേര്‍സാക്ഷ്യങ്ങളാണിത്. പട്ടിണിയും തൊഴിലില്ലായ്മയും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും നിലനില്‍ക്കുന്ന വംശീയ അധിക്ഷേപങ്ങളും നരഹത്യകളുമെല്ലാം ഒടുങ്ങാനും പരിസമാപ്തി കുറിക്കാനുമുള്ള മാര്‍ഗ്ഗം വിദ്യാഭ്യാസം കൂടുതല്‍ സാര്‍വത്രികമാക്കുക എന്നുളളതാണ്.
വിദ്യാഭ്യാസത്തിന് ലോകമനസ്സാക്ഷിയെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ശക്തി ഉണ്ട് എന്നതിനാല്‍ ജനാധിപത്യവല്‍ക്കരണം സംഭവിച്ച് സാര്‍വത്രികമായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ വിദ്യാഭ്യാസത്തെ പ്രതി ഏറെ ആശങ്കകളുണ്ടെന്നത് കാണാതെ പോകുന്നില്ല. വിദ്യാഭ്യാസത്തിന്റെ കച്ചവടല്‍ക്കരണമാണൊന്ന്. പണമുള്ളവര്‍ പഠിക്കുകയെന്ന പൂര്‍വ്വകാലസ്ഥിതിയുടെ അല്‍പം മാറിയ ഒരു വകഭേദമാണിത്. അതായത് വിദ്യാഭ്യാസമെന്നത് ഒരു വില്‍പനച്ചരക്കാണ്. ചരക്ക് മൂല്യമുള്ളത് കാശുള്ളവന് സ്വന്തമാക്കാമെന്നത് പോലെയാണ് ഉയര്‍ന്ന പണമുള്ളവന് ഉന്നത വിദ്യാഭ്യാസം. ഇതിലൂടെ ഉയര്‍ന്നവന്‍ കൂടുതല്‍ ഉയര്‍ന്നവനും താഴ്ന്നവന്‍ കൂടുതല്‍ താഴ്ന്നവനുമെന്ന സ്ഥിതി വരും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാറുകയും പണവും ഉയര്‍ന്ന ഉദ്യോഗവും മാത്രം വിദ്യഭ്യാസത്തിന്റെ ലക്ഷ്യമാവുകയും ചെയ്യും.
ഒരാള്‍ നേടിയ വിദ്യാഭ്യാസത്തിനനുസരിച്ചായിരിക്കും അദ്ധേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുക എന്നതിനാല്‍ എന്ത് പഠിക്കുന്നു എന്നത് പ്രധാനമാണ്. വിദ്യാഭ്യാസമെന്ന പേരില്‍ കച്ചവടവല്‍ക്കരണം വന്നതുപോലെ തന്റെ തെറ്റായ വീക്ഷണങ്ങള്‍ പ്രചരിപ്പിച്ച് കാര്യലാഭം നേടാനും വിദ്യാഭ്യാസത്തെ ചൂഷണാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വിഭാഗത്തിനുമേല്‍ ആധിപത്യവും അധികാരവാഴ്ചയും ഉദ്ധേശിക്കുന്നവര്‍ അതിനനുസരിച്ച് ചരിത്ര രചന നടത്തുന്നതും വിദ്യഭ്യാസത്തെ ചിട്ടപ്പെടുത്തുന്നതും നാം കാണുന്നു.
കൊളോണിയല്‍ വാഴ്ചയുടെ കാലത്ത് രാജ്യങ്ങളിലേക്ക് വാണിജ്യ പ്രമുഖരെപ്പോലെ തന്നെ വിദ്യാഭ്യാസ വിചക്ഷണരും ഒഴുകിയിരുന്നു. ഫിസിക്കല്‍ കണ്‍ട്രോളിനേക്കാള്‍ മെന്റല്‍ കണ്‍ട്രോളാണുത്തമമെന്നവര്‍ തിരിച്ചറിഞ്ഞു. ഒരു നേരത്തെ അന്നത്തിന് തന്നെ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസമെന്നത് വിദൂര സ്വപ്‌നം മാത്രമായിരുന്ന അന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവര്‍ പടുത്തുയര്‍ത്തിയതിലൂടെ സ്വയം വികസിപ്പിച്ചെടുത്ത വിദ്യാ കരിക്കുലം നടപ്പിലാക്കുകയും ഇത്തരം നാടുകളില്‍ പുരാതനമായി നിന്നു പോന്നിരുന്ന, മൂല്യ സംരക്ഷണത്തിനു പ്രാധാന്യം നല്‍കിയിരുന്ന സ്വദേശീയവും പാരമ്പര്യവുമായ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വെളുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ള പോരിശയെ വാഴ്ത്താനും, നിങ്ങളെപ്പോലെ വികസനം വിദൂരസ്വപ്‌നം മാത്രമായ നാടുകള്‍ക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളില്‍ പുരോഗതി കൈവരിക്കാനുമുളള ഏകമാര്‍ഗ്ഗം പാശ്ചാത്യന്‍ ഭരണമാണെന്ന് പ്രചരിപ്പിക്കാന്‍ ഇവര്‍ക്കിതിലൂടെ സാധ്യമായി.
ഓരോ രാജ്യങ്ങളിലെയും ചരിത്ര രചനകള്‍ നടത്തിയത് ഈ കീഴടക്കിയ കൊളോണിയല്‍ രാജ്യങ്ങള്‍ തന്നെയായിരുന്നു. ഓരോ രാജ്യത്തിന്റെയും മര്‍മ്മപ്രധാന കാര്യങ്ങള്‍ ഇവര്‍ മറച്ചുവെച്ചു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ ദേശീയതക്കും യൂണിറ്റിക്കും ശക്തി കുറയാനും വര്‍ഗ്ഗീയത പൊട്ടി മുളക്കാനുമുളള വിഷവിത്തുകള്‍ ഇവര്‍ ചരിത്ര രചനയില്‍ പാകി. ഇന്ത്യന്‍ ചരിത്രമെഴുതിയവര്‍ ഇന്ത്യക്കാര്‍ക്ക് പരിചയമില്ലാത്ത ഒരറിവായ – മുഗളന്മാര്‍ വരെ ഇന്ത്യ ഹിന്ദു രാജ്യമായിരുന്നെന്നും, സുല്‍ത്താനേറ്റ് മുഗള്‍ കാലത്ത് മുസ്‌ലിം രാജ്യമായിരുന്നെന്നും – എന്ന വര്‍ഗ്ഗീകരണം നടത്തി. ടിപ്പുവിനേയും, ഹൈദറലിയേയും, ഔറം ഗസീബിനേയും ഹിന്ദു വിരോധികളാക്കി മുദ്രകുത്തി. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുസ്‌ലിംകള്‍ ഹൈന്ദവര്‍ക്കെതിരെ നടത്തിയ മതകലാപമായിരുന്നെന്ന് വിവരിക്കപ്പെട്ടു. ഇന്നും പാഠപുസ്തകങ്ങളില്‍ നമ്മുടെ കുരുന്നുകള്‍ക്ക് പകര്‍ന്നു നല്‍കുന്ന ചരിത്ര വേദങ്ങള്‍ ഇവരെഴുതിയതിനെ കേന്ദ്രീകരിച്ചാെണന്നറിയുമ്പോഴാണ് അതിന്റെ ആഴവും ഗൗരവവും ബോധ്യപ്പെടുക.
പരസ്യ കോളനിവാഴ്ച കഴിഞ്ഞിട്ടും ഇന്നും പിന്നോട്ട് പോകാന്‍ അവര്‍ ഒരുക്കമല്ല. വിദ്യാഭ്യാസത്തെ വരുതിയിലാക്കുന്നതിലൂടെ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയും. ആയതിനാല്‍ തങ്ങള്‍ക്കനുകൂലമായ വിദ്യാകരിക്കുലം നിര്‍മ്മിക്കുക എന്ന അവരുടെ ഈ വളഞ്ഞ വഴി തന്നെയാണ് ഹൈന്ദവ ഫാസിസവും ഇപ്പോള്‍ ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രം മൊത്തത്തില്‍ മാറ്റിയെഴുതാന്‍ ആളെ നിയോഗിച്ചും യഥാര്‍ത്ഥ സത്യങ്ങള്‍ മണ്ണിട്ട് മൂടിയും വിദ്യാഭ്യാസത്തെ അവര്‍ വിലക്ക് വാങ്ങുന്നത് തീര്‍ച്ചയായും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ്. ഇതിന്റെ അനന്തര ഫലമെന്നോണം മനുഷ്യനെ പരസ്‌നേഹിയും സമത്വബോധവുമുള്ളവനാക്കേണ്ട വിദ്യാഭ്യാസത്തിലൂടെ വരും ജനത ഇന്ത്യയിലെ ഹൈന്ദവരല്ലാത്തവരെയെല്ലാം ന്യായമായും കൊല്ലപ്പെടേണ്ടവരും മുസ്‌ലിംകളും കൃസ്ത്യാനികളും രാജ്യത്തിന്റെ ഒറ്റുകാരാണെന്നും വിശ്വസിക്കപ്പെടേണ്ടവരും ആണെന്ന് കരുതാന്‍ നിര്‍ബന്ധിതരാകുന്ന ഒരു തലമുറ രൂപപ്പെടും.
മനുഷ്യ നിലനില്‍പ്പിന്റേയും സകല അദ്ധ്വാനങ്ങളുടേയും ആകെ ലക്ഷ്യം പണം മാത്രമാണെന്ന തലം വന്നതാണ് വിദ്യാഭ്യാസത്തിനുമേല്‍ പതിച്ച അടുത്ത അപകടം. പഠിച്ച് പഠിച്ച് മനുഷ്യനില്‍ ഉള്ള അല്‍പം മാനവികത കൂടെ നഷ്ടപ്പെട്ട് ഭൗതിക ഭ്രമം ബാധിച്ച കുറേ വികൃത രൂപങ്ങളായിരിക്കുന്നു വിദ്യാഭ്യാസത്തിലൂടെ മനുഷ്യര്‍. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണമെന്നും ആര്‍ക്കും ആരോടും ഉത്തരവാദിത്വമില്ലെന്നുമുള്ള തീര്‍ത്തും അരാഷ്ട്രീയ ബോധത്തിലൂടെ, ഈറ്റ്, ഡ്രിങ്ക് ആന്‍ഡ് ബീ മേരി (തിന്നുക, കുടിക്കുക, ലൈംഗിക വികാരം തീര്‍ക്കുക) എന്ന എക്യുപ്യൂറനിസം തിയറിയുടെ വക്താക്കളായി മാറിയിരിക്കുന്നു, ആത്മീയതയില്ലാത്ത കേവലം അറിവു കൊണ്ട് മനുഷ്യന്‍ കൂടുതല്‍ അധ:പതിച്ചിരിക്കുകയാണ്. അതുവഴി, ഏത് അക്രമ ചെയ്തിക്കും യാതൊരു മടിയുമില്ലാതെ സ്‌നേഹവും അനുകമ്പയും അന്യം നിന്ന്, അപരത്വങ്ങള്‍ വ്യാപകമാകുന്നു. ഇതിനെ കുറിച്ചാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ആധുനിക മനുഷ്യന് വിദ്യാഭ്യാസം കൊണ്ട് പറവയെപോലെ ആകാശത്തിലൂടെ പറക്കാനും മത്സ്യത്തെപോലെ ആഴിക്കടിയിലൂടെ നീന്താനും സാധിക്കുന്നു. പക്ഷെ മനുഷ്യനെപ്പോലെ ഭൂമിയിലൂടെ നടക്കാന്‍ കഴിയുന്നില്ല.
ഈ രീതിയില്‍ വിദ്യാഭ്യാസമാകുമ്പോള്‍ തോന്നിയതെന്തും നേടലല്ല, മറിച്ച് ലക്ഷ്യാധിഷ്ഠിതമാകണം വിദ്യാഭ്യാസമെന്നു വരുന്നു. സിബിന്‍ മാര്‍ഷനല്‍ പറയുന്നു, എല്ലാതരം വിദ്യാഭ്യാസത്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കണം. കാരണം വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല, മാര്‍ഗ്ഗമാണ്. ഈലക്ഷ്യം ലേകത്തെ സുസ്ഥിരതക്ക് വേണ്ടിയുള്ളതാകണം. പ്രകൃതിയെ നശിപ്പിക്കരുതെന്ന് പഠിപ്പിക്കുന്ന, അശരണരെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന, മതേതരത്വവും ജനാധിപത്യവും പുലരണമെന്ന് ആഹ്വാനം ചെയ്യുന്ന, എല്ലാവരേയും സഹോദര സഹോദരിമാരായി കാണാന്‍ ആജ്ഞാപിക്കുന്ന ഒന്നാവണം വിദ്യാഭ്യാസം. പണത്തിനു വേണ്ടി സ്വന്തം അമ്മയേയും അച്ഛനേയും വരെ കൊല്ലാന്‍ മടി തോന്നിപ്പിക്കാത്ത, കേവല ലാഭങ്ങള്‍ക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാതെ എല്ലാത്തിനേയും ചൂഷണത്തിനു പ്രേരിപ്പിക്കുന്നതാവരുത് വിദ്യാഭ്യാസം.
ഭൗതികമായ അറിവ് അനിവാര്യമാണ്, അതില്‍ ശ്രദ്ധപുലര്‍ത്തണമെന്നതിനോടൊപ്പം സ്വന്തത്തെ കുറിച്ചും തന്റെ അസ്തിത്വത്തെ കുറിച്ചും കൂടെ നാം പഠിക്കണം. നമ്മുടെ ശരീരത്തില്‍ ഉണ്ടെന്ന് ആര്‍ക്കും പൂര്‍ണ്ണ ബോധ്യമുളള ആത്മാവിനെ ആര്‍ക്കും അവഗണിക്കാനാവില്ലല്ലോ. എന്താണ് ആത്മാവെന്നും എന്താണതിന്റെ യാഥാര്‍ത്ഥ്യമെന്നു കൂടെ പഠിക്കാന്‍ സമയം കണ്ടത്തുക. അല്ലാതെ വ്യത്യസ്ത അവയവങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ ആത്മാവിനെ അവഗണിക്കുക ന്യായമല്ലല്ലോ. മരണത്തിനോടടുത്ത കാലം ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി, എന്റെ ജീവിതം പാഴായിപ്പോയോ എന്നെനിക്കിപ്പോഴും സംശയമാണ്. അതിവിദൂര നക്ഷത്രങ്ങളിലേക്ക് ഞാന്‍ പോയി. പക്ഷെ എന്നിലേക്ക് യാത്ര ചെയ്യാന്‍ ഞാന്‍ മറന്നു. ഞാനായിരുന്നു ഏറ്റവും അടുത്ത നക്ഷത്രം.