സൂഫിസം ഒരു പ്രണയ ലോകമാണ്. തന്നെ സൃഷ്ടിച്ച്, പരിപാലിക്കുന്ന സ്രഷ്ടാവിനെ അറിഞ്ഞ്, ലോകത്തെ മറ്റെന്ത് വസ്തുവിനെയും കാണാത്ത വിധം അവനില്‍ മാത്രം വിലയനം പ്രാപിച്ച് അവനില്‍ അലിഞ്ഞ് ചേരുന്ന പ്രക്രിയ. എന്റെ പ്രാര്‍ത്ഥനയും, ജീവിതവും, മരണവും എല്ലാം നിനക്ക് മാത്രം, നിന്റെ തൃപ്തിക്ക് വേണ്ടി മാത്രം എന്ന ബോധത്തിലേക്ക് വ്യക്തി വളരുക. ഭൗതികമായ യാതൊരു മോഹവുമില്ലാതെ, അഹന്ത, അസൂയ, വിദ്വേഷം, പക, ധനാര്‍ത്ഥി, പ്രസിദ്ധി മോഹം ഇവയെല്ലാം കഴുകി വെളുപ്പിച്ച് ഹൃദയത്തെ ശുദ്ധീകരണം ചെയ്താല്‍ ഹൃദയം തെളിഞ്ഞ് ഇലാഹീ പ്രകാശം പതിക്കുമവിടെ. അങ്ങനെ അല്‍പ്പാല്‍പ്പമായി ഇലാഹിനെ ബോധിക്കാനും അവനിലേക്ക് അടുക്കാനും കഴിയും.
സ്വതന്ത്രമായ ആത്മാവ് എന്നും ആ ഇലാഹിനെ കൊതിക്കുന്നുണ്ട്. അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്തിയാല്‍ കുഞ്ഞ് അമ്മയില്‍ ചേരാനാഗ്രഹിക്കുന്നത് പോലെ വിരഹമേറ്റ പ്രണയിനികള്‍ തിരിച്ചടുക്കാന്‍ കൊതിക്കും പോലെ ആത്മാവ് ഇലാഹില്‍ ചേരാന്‍ കൊതിക്കുന്നുണ്ട്. പക്ഷെ, ഭൗതികമായ ആഗ്രഹങ്ങളും നൈമിഷികമായ ഇച്ഛകളും സമൃദ്ധമായ, പൈശാചികമായ സ്വാധീനം ഏറെയുള്ള ഭൗതിക ജഢത്തിലേക്ക് നിഷ്‌കളങ്ക ആത്മാവ് പ്രവേശിക്കപ്പെട്ടപ്പോള്‍ ആത്മാവ് ശരീരത്തിനൊത്ത് മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കുന്നു. എന്നാലും, അടിസ്ഥാനപരമായി ഏത് മനുഷ്യനും ഒരാത്മ ദാഹമുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അത് ഈ ആത്മാവിന്റെ തിരിച്ചു പോക്കിനുള്ള വിരഹ വേദനയില്‍ നിന്നുത്ഭവിക്കുന്നതാണ്. ഈ തിരിച്ചു പോക്കിനു വഴിയൊരുക്കാനാണ് ഭൗതിക മോഹങ്ങളെ കൊന്നൊടുക്കി സ്ഫുടം ചെയ്ത് ആത്മാവിനെ വിമലീകരിക്കാന്‍ നാം ഒരുമ്പിടേണ്ടത്. അതിനുള്ള മാര്‍ഗമാണ് സൂഫിസം.
ഹഖീഖത്തെന്ന ലക്ഷ്യാര്‍ത്ഥം, അതിനായി ശരീഅത്തും ത്വരീഖത്തും പുല്‍കിയാണ് നാം വിമലീകരണം നടത്താറ്. ദീര്‍ഘമേറിയ വഴികളും കടമ്പകളും കടക്കേണ്ടതുള്ളതിനാല്‍ വഴിയറിയുന്ന ഒരു ഗുരു നമുക്ക് അനിവാര്യമാണ്. നമ്മെ വഴി നടത്തുന്ന ഇലാഹീ മാധുര്യം നുണഞ്ഞ ഒരാള്‍ നയിക്കുന്ന വഴിയേ നാം, ഒരന്ധന്‍ വഴികാട്ടിക്ക് പിന്നാലെ പ്രവഹിക്കും പ്രകാരം ചലിക്കണം. അതിനവര്‍ പ്രവേശിക്കുന്ന വഴിയാണ് ത്വരീഖത്തുകള്‍. ഗുരുക്കള്‍ക്ക് വഴി കാണിച്ച മറ്റു ഗുരുക്കളുണ്ടാവും. അവര്‍ക്ക് വഴി കാണിച്ച വേറെ ഗുരുക്കളും. അങ്ങനെ അണ മുറിയാതെ പ്രവാചകനിലെത്തുന്ന ഒരു ഗുരു പരമ്പരയിലൂടെയല്ലാതെ നമുക്ക് യഥാര്‍ത്ഥ സൂഫീ മാര്‍ഗം പുല്‍കുക സാധ്യമല്ല. പ്രവാചകന് ജിബ്‌രീല്‍ മാലാഖ മുഖേന, അല്ലാഹു നേരിട്ടും ഈ വഴി കൈമാറിയിട്ടുണ്ട്.
തിന്മകള്‍ വെടിഞ്ഞ് ശരീഅത്തും ത്വരീഖത്തും പൂര്‍ത്തീകരിച്ച് ഹഖീഖത്തിന്റെ മധുരം നുണഞ്ഞാല്‍ പിന്നീടവന്‍ ഇലാഹീ ലയനത്തിലായിരിക്കും. പിന്നീടവന് വീടില്ല, നാടില്ല, കുടുംബമില്ല, സ്വന്തം ശരീരം തന്നെയില്ലാതെ എല്ലാം അവനെന്ന ഏക ഇലാഹില്‍ സമര്‍പ്പിതനായി മസ്താന്‍മാരായി കഴിയുന്നു. അവിടെ രണ്ട് എന്ന ഒന്ന് തന്നെയില്ല. ഒന്ന് മാത്രമായി സ്വയം നശിച്ച്(ഫനാഅ്) അവനില്‍ ശേഷിക്കുന്നു(ബഖാഅ്). കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും പറയുന്നതും എല്ലാം പിന്നെ അല്ലാഹുവിനെ കുറിച്ച് മാത്രമാകുന്നു. നീയില്ലാതെ ഞാനില്ല, എന്റെ സ്വത്വമോ, ലോകത്തിന്റെ ഉണ്മയോ ഇല്ല. നിന്നെ പിരിഞ്ഞൊരു നേരം, ഒരണു നേരമിരിക്കാന്‍ എനിക്കാവില്ല എന്ന തലത്തിലെത്തന്നു. അങ്ങനെയാണ് ഉമര്‍-ബിന്‍-ഫാരിള് എന്ന കവി പാടുന്നത്, ”നീയല്ലാതെ വല്ല ഉദ്ദേശ്യവും ഒരണു നിമിഷം എന്നിലുദിച്ചാല്‍ മുസ്‌ലിമല്ലെന്ന് എനിക്കെതിരില്‍ വിധിച്ചോ” അത്രത്തോളം അവര്‍ അല്ലാഹുവില്‍ ലയിച്ചു പോയി, ഈ അവസ്ഥയിലേക്കുള്ള സഞ്ചാരമാണ് സൂഫിസം.
എന്താണ് മതമെന്ന് പഠിപ്പിക്കാന്‍ ഒരിക്കല്‍ വിശുദ്ധ മാലാഖ ജിബ്‌രീല്‍ (അ) മനുഷ്യരൂപം സ്വീകരിച്ച് നബി തങ്ങളുടെ സമീപം വരികയുണ്ടായി. ആദ്യമായി ചോദിച്ചു എന്താണ് ഈമാന്‍? തിരുനബി പ്രതിവചിച്ചു. ഏക ദൈവമായ അല്ലാഹുവിലും, അവന്റെ കിതാബുകള്‍, പ്രവാചകര്‍, മാലാഖമാര്‍ തുടങ്ങിയവയുടെ അസ്തിത്വത്തിലും ഖിയാമത്ത് നാള്‍ സംഭവിക്കും, നന്മയും തിന്മയുമായ എന്തും സ്രഷ്ടാവില്‍ നിന്നാണ് തുടങ്ങിയവയിലുള്ള വിശ്വാസം. വീണ്ടും ജിബ്‌രീല്‍ (അ) എന്താണ് ഇസ്‌ലാം? പ്രവാചകന്‍, രണ്ട് ശഹാദത്ത് കലിമ അര്‍ത്ഥമറിഞ്ഞ് ചൊല്ലല്‍, നിസ്‌കാരം , നോമ്പ്, സകാത്ത്, ഹജ്ജ്. വീണ്ടും ജിബ്‌രീല്‍ (അ) എന്താണ് ഇഹ്‌സാന്‍? നീ നിന്റെ റബ്ബിനെ കാണുന്നുണ്ടെന്നുള്ളത് പോലെ ആരാധിക്കുക, നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്നുള്ള ആത്മീയ ബോധം കൈവരിക്കുക. അതായത്, ഈ ഈമാനും ഇസ്‌ലാമും ഇഹ്‌സാനുമടങ്ങുന്നതാണ് പരിപൂര്‍ണ്ണമായ ഇസ്‌ലാം. ഇവയിലേതെങ്കിലുമൊന്നിനെ മാറ്റി നിര്‍ത്തി മതം പൂര്‍ണ്ണമാവില്ല. ഇതില്‍ അടിസ്ഥാനപരമായ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന ഈമാനിനെ കുറിച്ചുള്ള പഠന വിഭാഗമാണ് ഇല്‍മുല്‍ കലാം(വിശ്വാസ ശാസ്ത്രം). ശാഖാ പരമായ കര്‍മ്മങ്ങളുള്‍ക്കൊള്ളുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള പഠനമാണ് ഇല്‍മുല്‍ ഫിഖ്ഹ്(കര്‍മ്മ ശാസ്ത്രം). ഇഖ്‌ലാസ് കൈവരിക്കാനും, സ്വഭാവം ശുദ്ധീകരിക്കാനുമുള്ള ഇഹ്‌സാനെ കുറിച്ചുള്ള പഠനമാണ് ഇല്‍മുത്തസ്വവ്വുഫ്(സ്വഭാവ ശാസ്ത്രം, സൂഫിസം). ഇതില്‍ ആദ്യ രണ്ട് ഭാഗങ്ങളായ ഈമാനിലും ഇസ്‌ലാമിലും ഏതാണ്ടെല്ലാവര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും, മൂന്നാമത്തെ ഇഹ്‌സാന്‍ പൂണ്ണമായി കരഗതമാക്കാന്‍ കൃത്യമായ ചിട്ടവട്ടങ്ങളില്‍ ദീര്‍ഘ തപസ്സും, ധ്യാനവും, ത്യാഗവും അനിവാര്യമാണ്. എങ്കിലും അതിലെ പ്രാഥമിക പടികള്‍ നിയ്യത്ത് നന്നാക്കി കൈവരിക്കുന്നതിലൂടെ എല്ലാവര്‍ക്കും കഴിയുകയും അത് നേടല്‍ എല്ലാവര്‍ക്കും ബാധ്യതയുമാണ്. ഈ ഇഹ്‌സാന്‍ പൂര്‍ണ്ണമായി കൈവരിച്ച ന്യൂനപക്ഷമാണ് യഥാര്‍ത്ഥ സൂഫികള്‍.
സൂഫിസം എന്ന വാചകം എങ്ങനെ വന്നുവെന്നതിനെ ചൊല്ലി നിരവധി ചര്‍ച്ചകളുണ്ട്. തിരുനബിയുടെ ആത്മ ശിഷ്യരെ സൂചിപ്പിച്ച അഹ്‌ലുസ്സ്വുഫ്ഫയില്‍ നിന്നാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വിശുദ്ധി, സംസ്‌കരണം, നിഷ്‌കളങ്കത എന്നൊക്കെ അര്‍ത്ഥം വരുന്ന സ്വഫാഅ് എന്ന പദത്തില്‍ നിന്നാണ് ഈ പദത്തിന്റെ നിഷ്പത്തിയെന്ന് മറ്റൊരഭിപ്രായം. ചില ഓറിയന്റലിസ്റ്റുകള്‍ സോഫിയ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണെന്ന് പറയുന്നു. എന്നാല്‍ പ്രബലമായ അഭിപ്രായം കമ്പിളി എന്നര്‍ത്ഥം വരുന്ന സൂഫ് എന്ന വാക്കില്‍ നിന്നാണ്. ഭൗതിക മോഹങ്ങള്‍ പരിത്യജിച്ച് അതിലാളിത്യം നിറഞ്ഞ തോല്‍വസ്ത്രം ധരിക്കുന്നത് ഇത്തരക്കാരുടെ പതിവായിരുന്നു. പ്രവാചകന്മാരുടെയും സ്വഹാബാക്കളുടെയും ചരിത്രത്തിലും തോല്‍വസ്ത്രം കൊണ്ട് മതിയാക്കിയവരെ നമുക്ക് കാണാം.
എന്താണ് സൂഫിസമെന്ന് നിര്‍വ്വചിക്കാന്‍ പലരും ശ്രമം നടത്തിയിട്ടുണ്ട്. സ്വന്തത്തിന് മുന്നില്‍ മരിച്ചവനും ദൈവത്തിന് മുന്നില്‍ ജീവിക്കുന്നവനുമാണ് സൂഫിയെന്ന് ജുനൈദുല്‍ ബഗ്ദാദി(റ). ഒരു വ്യക്തി അല്ലാഹുവിനോടൊപ്പം അവന്റെ ഇംഗിതാനുസരം ഒഴുകുകയെന്ന് അബൂ മുഹമ്മദ് റുവൈം. സ്‌നേഹ ഭാജനത്തിന്റെ പടിവാതുക്കല്‍ അവന്‍ ആട്ടിക്കളഞ്ഞാലും ഭജനമിരിക്കുകയെന്ന് അബൂ അലിയ്യില്‍ റൗദസരി. ദൈവത്തില്‍ വിലയനം പ്രാപിച്ച് അവനില്‍ മാത്രം അവശേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ സൂഫി പിറക്കുന്നതെന്ന് ജാമി. ഇങ്ങനെ വ്യത്യസ്തമായി പലരും നിര്‍വ്വചിച്ചെങ്കിലും അന്തര്‍ധാര ഒന്ന് തന്നെ. സ്വദേഹം വെടിഞ്ഞ് സ്രഷ്ടാവില്‍ സമര്‍പ്പിതനാവുക.
സമൂഹത്തില്‍ എന്നും സൂഫികളുണ്ടായിട്ടുണ്ട്. ആദിമ മനുഷ്യന്‍ മുതല്‍ പ്രവാചക കാലത്തിനു ശേഷം ഇന്നുവരേയും അണമുറിയാതെ ആ പ്രണയികളുടെ ചങ്ങല കോര്‍ത്തിണക്കി പോരുന്നുണ്ട്. അബ്ദുല്‍ ഖാദിര്‍ ജീലാനി, അഹ്മദുല്‍ കബീര്‍ രിഫാഈ, അഹ്മദ് ബദവി, ഇബ്‌റാഹീം ദസൂഖി എന്നീ മഹത്തുക്കളുടെ ഖാദിരിയ്യ, രിഫാഇയ്യ, ബദവിയ്യ, ദസൂഖിയ്യ തുടങ്ങിയവയും സുഹ്‌റവര്‍ദിയ്യ, നഖ്ശബന്ദിയ്യ, ജലാലുദ്ദീന്‍ റൂമിയുടെ മൗലവിയ്യ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഇലാഹിലേക്ക് ചേരാന്‍ സ്ഫുടം ചെയ്‌തെടുക്കാനുള്ള ചില ആത്മ വഴികളാണ്. ഇവരില്‍ തുടക്കം കുറിക്കപ്പെട്ടതല്ല സൂഫിസം. സ്വഹാബാകളും താബിഉകളും എല്ലാം സൂഫികളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഭൗതികത തൊട്ട് തീണ്ടാത്ത അക്കാലത്തുള്ളവരില്‍ ഭൂരിപക്ഷവും സൂഫികളായതിനാല്‍ പ്രത്യേക പേരില്‍ അറിയപ്പെടില്ലെന്ന് മാത്രം. എന്നാല്‍ പില്‍ക്കാലത്ത് പലരും ഭൗതികതയില്‍ മുങ്ങി, മുസ്‌ലിംകളില്‍ സ്ഥാന മോഹികളും പുത്തന്‍ വാദികളും പിറവിയെടുത്തു. പണ്ഡിതരെന്ന് പറയുന്നവര്‍ തന്നെ മതത്തെ വില്‍ക്കുന്ന സാഹചര്യമുണ്ടായി. തത്സമയം ഇലാഹീ തൃപ്തിയിലൂടെ മാത്രം കടന്ന് പോകുന്ന ന്യൂനപക്ഷത്തെ സൂചിപ്പിക്കാന്‍ സൂഫി എന്ന പദം ഉപയോഗിച്ച് തുടങ്ങി.
സൂഫികളുടെ ലോകം വിശാലമാണ്. അവര്‍ ഇലാഹിനെ അറിയേണ്ടത് പോലെ അറിഞ്ഞപ്പോള്‍ ലോകത്തുള്ളതെല്ലാം അവന്റെ വുജൂദിന്റെ മള്ഹറുകള്‍(പ്രകടനങ്ങള്‍) മാത്രമാണെന്ന് ബോധ്യപ്പെട്ടു. അവരെല്ലാത്തിനെയും സ്‌നേഹിക്കാന്‍ തുടങ്ങി. എന്റെ സ്രഷ്ടാവിന്റെ ഒരു സൃഷ്ടിയും കഷ്ടപ്പെടരുതെന്നും എല്ലാവര്‍ക്കും നന്മ ലഭിക്കണമെന്നും(സുല്‍ഹേകുല്‍) മനസ്സിന്റെ വ്യാപ്തി കൈവരിച്ചു അവര്‍. രിഫാഈ ശൈഖ് കുഷ്ടം ബാധിച്ച നായയെ ആഴ്ചകളോളം പരിചരിച്ചതും, കുപ്പായത്തില്‍ പൂച്ച ഉറങ്ങിയപ്പോള്‍ കൈമുറിച്ച് നമസ്‌കാരത്തിന് പോയി തിരിച്ചുവന്ന് തുന്നിച്ചേര്‍ത്തതും ഇതിനാലാണ്. തന്റെ മേല്‍ വന്നിരിക്കുന്ന കൊതുകിനെ പോലും കൊല്ലാതെ, സുഖകരമായി രക്തം കുടിക്കാന്‍ അവസരം ചെയ്തു കൊടുക്കുന്നവരാണവര്‍. അവര്‍ക്ക് സ്‌നേഹിക്കാനേ അറിയൂ. ഹിംസിക്കാനോ വെറുപ്പും വിദ്വേഷവും പുലര്‍ത്തി പുലമ്പി നടക്കാനോ കഴിയില്ല.
സൂഫികളുടെ ഹൃദയം എപ്പോഴും ശാന്തമായൊഴുകുന്ന നദിയായിരിക്കും. ഹൃദയത്തിന് ഭൗതികതയുമായി ബന്ധമില്ലാത്ത പരിത്യാഗാവസ്ഥ കരഗതമായതിനാല്‍ തന്നെ കാമമോഹങ്ങളോ മോഹഭംഗത്തിനുമേല്‍ വരുന്ന ദുഖഭാവ പ്രകടനങ്ങളോ അവരില്‍ പ്രകടമാകില്ല. എല്ലാം ദൈവത്തിലര്‍പ്പിച്ചാല്‍ പിന്നെ ദൈവം തരുന്നതെല്ലാം ഔദാര്യമെന്ന നിലക്ക് തൃപ്തിപ്പെടാന്‍ അവര്‍ക്കാവും. മാനസീക സമ്മര്‍ദ്ദങ്ങളില്‍ പെട്ട് സൈക്കോളജിസ്റ്റുകളെ തിരഞ്ഞ് പോകേണ്ട ഗതി ഇവര്‍ക്കില്ല. അറിയുക, ദൈവസ്മരണ കൊണ്ടാണ് ഹൃദയ ശാന്തതയെന്ന ഖുര്‍ആന്‍ വചനം അനുഭവിച്ചറിഞ്ഞവരാണിവര്‍.
സൂഫിസം അനുഭവിക്കേണ്ടതായതിനാല്‍ സൂഫിസവും വായിച്ചോ കേട്ടോ മനസ്സിലാകുന്ന ഒന്നല്ല. ഇമാം ഗസ്സാലി(റ)പറഞ്ഞു: സൂഫിസം പഠിക്കുകയെന്നത് അന്ധന്‍ പുല്‍മേടുകളോ, ജലപ്രവാഹമോ തൊട്ടറിയാന്‍ ശ്രമിക്കുന്നത് പോലെയാണ്. അത്രയേ നമുക്ക് മനസ്സിലാവൂ എന്ന് സാരം. ഇഹ്‌സാന്‍ കരഗതമാക്കല്‍ ഈമാനിന്റെയും ഇസ്‌ലാമിന്റെയും പൂര്‍ത്തീകരണത്തിന് അനിവാര്യമായതിനാല്‍ നാമേവരും ഇഖ്‌ലാസ്വിലൂടെ അല്പാല്പമായെങ്കിലും സൂഫീ ലോകത്തേക്ക് പ്രവേശിച്ചേ പറ്റൂ. ഇവിടെ മധുരങ്ങളെനുണയാന്‍ ഉള്ളൂ. മൗനത്തിന്‍ നിര്‍വൃതിയില്‍ അനര്‍ഗ അറിവിന്‍ സാഗരങ്ങളെ പുല്‍കുന്ന ആത്മ സുഖത്തിന്‍ ലോകം. ജന്മ സാക്ഷാല്‍കാരമായ ഓരോരുത്തരുടെയും ആത്മാവിന്‍ അടിസ്ഥാന ലക്ഷ്യമായ സൃഷ്ടിച്ച ഇലാഹിലേക്കുള്ള അനന്തമായ പ്രവാഹം… ഭൗതിക പ്രണയങ്ങളെല്ലാം വഞ്ചനയില്‍ പൊതിഞ്ഞ ഒരായിരം വിരഹത്തിന്‍ കൈപ്പുനീര്‍ തരുമ്പോള്‍, ഒരിക്കലും ചതിക്കില്ലെന്നുറപ്പുള്ള സൂഫികളുടെ ഇലാഹീ പ്രണയത്തില്‍ നമുക്ക് അഭയം കണ്ടെത്താം.