ഇലാഹിലേക്ക് അടുക്കലാണ് സൂഫിസത്തിന്റെ ലക്ഷ്യം. ഇമാം ഗസ്സാലി(റ)നെ സംബന്ധിച്ചിടത്തോളം സൂഫിസം ആത്മവിശുദ്ധി നേടലാണ്. ആരാധനകളുടെ ബാഹ്യപുറന്തോടിനകത്തെ അന്തസ്സത്തയുടെ പ്രാധാന്യം അവഗണിക്കരുതെന്ന് ഗസ്സാലി(റ) നിഷ്‌കര്‍ഷിക്കുന്നു. തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഉലൂമിദ്ദീനില്‍ തത്വചിന്തയുടെ സമഗ്രമായ രൂപം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. ബാഗ്ദാദിലെ നിള്വാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ആചാര്യപദം അലങ്കരിച്ചിരിക്കെ പിടിപെട്ട മാനസിക പ്രതിസന്ധിയില്‍ നിന്ന് ഗസ്സാലി(റ) മോചനം കണ്ടത് സ്വൂഫിസത്തിലാണ്. പിന്നീട് മഹാന്‍ സൂഫി അന്വേഷണ യാത്രയില്‍ പത്തു വര്‍ഷത്തോളം ചെലവഴിച്ചു.
സൂഫിസത്തില്‍ ലയിച്ചവര്‍ പറയുന്നതും പാടുന്നതും എല്ലാം അല്ലാഹുവിനെ കുറിച്ചാകും. പാട്ടും പറച്ചിലും യഥാര്‍ത്ഥത്തില്‍ പാടാനോ പറയാനോ ഉദ്ദേശിച്ചു ഉള്ളതാകില്ല. ആത്മജ്ഞാനം കൈവരിച്ചതിനാല്‍ എന്തു പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അല്ലാഹുവിനെ മാറ്റി നിര്‍ത്തി അവര്‍ക്കത് സാധിക്കാത്തതാണ്. ഉദാഹരണമായി, അറബി വിജ്ഞാന ശാഖയിലെ ഭൗതികമായ ഒരദ്ധ്യായമായ മന്‍ത്വിഖ് ചര്‍ച്ച ചെയ്യുന്ന മുഹിബ്ബുല്ലാഹി ബീഹാരി തങ്ങളുടെ മൂലഗ്രന്ഥത്തിന്റെ വിശദീകരണമായ മുല്ലാഹസന്‍ എന്ന ഗ്രന്ഥം പോലും സൂഫി ചര്‍ച്ചകളാല്‍ സമ്പന്നമാണ്. വിദ്യാര്‍ത്ഥികള്‍ ആറു മാസം ഓതിയിട്ടും വിഷയ സംബന്ധിയായ ചര്‍ച്ചകളിലേക്ക് എത്തിയിട്ടേ ഇല്ല. മറിച്ച്, അല്ലാഹുവിനെ കുറിച്ചുള്ള ദീര്‍ഘമായ ചര്‍ച്ചകളാല്‍ സമ്പന്നമാണ് ആമുഖം.
സുബ്ഹാനഹു.. മാ അഅ്‌ളമ ശഅ്‌നുഹു.. ലാ യുഹദ്ദു വ ലാ യുതസ്വവ്വറു… എന്ന് തുടങ്ങി ഗ്രന്ഥകര്‍ത്താവിന് തന്റെ നാഥനെ വര്‍ണ്ണിക്കുന്നതിനാവശ്യമായ വാക്കുകള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുന്ന ഒരു പ്രത്യേക അവസ്ഥാവിശേഷമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ഇവിടെ സുബ്ഹാനഹു എന്നതിലെ ള്വമീറിനെക്കുറിച്ചാണ് പിന്നീട് ചര്‍ച്ച. അത് എങ്ങോട്ട് മടക്കണം? ബിസ്മി മാതിനില്‍(മൂല ഗ്രന്ഥ കര്‍ത്താവ്) നിന്നാണെങ്കില്‍ ബിസ്മിയിലുള്ള അല്ലാഹുവിലേക്ക്, അതല്ല ശാരിഹില്‍ (വ്യാഖ്യാതാവില്‍) നിന്നാണെങ്കില്‍ മുഅ്മിനിന്റെ മനസ്സിലുള്ള അല്ലാഹുവിലേക്ക് തുടങ്ങിയ ചര്‍ച്ചകളെല്ലാം വഴി തുറക്കുന്നത് തസ്വവ്വുഫിന്റെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്കാണ്. സത്യത്തില്‍ ഇതൊരു തസ്വവ്വുഫിന്റെ ഗ്രന്ഥമല്ല, മറിച്ച് മന്‍ത്വിഖുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഗ്രന്ഥമാണെന്ന് പറഞ്ഞറിയിക്കേണ്ടി വരും. കാരണം ഫിലോസഫിയും അഖീദയും തമ്മിലുള്ള അന്തരത്തെ പറ്റിയാണ് അവിടത്തെ ചര്‍ച്ച. യഥാര്‍ത്ഥത്തില്‍ അത് അവരുടെ സമക്ഷത്തില്‍ നിന്നും സ്വാഭാവികമായും വന്നു പോവുകയാണ്.
കാവ്യാത്മക ലോകത്ത് തിളങ്ങി നില്‍ക്കുന്നത് കൊണ്ട് മാത്രമല്ല, തസ്വവ്വുഫിനെ സംബന്ധിച്ചും ത്വരീഖത്തിനെ സംബന്ധിച്ചും അഗാധജ്ഞാനം ഉള്ളത് കൊണ്ടുമാണ് സ്വൂഫികവിതകള്‍ ഉറവയെടുക്കുന്നത്. സൂഫി സംഗീതത്തില്‍ ഖുര്‍ആന്‍ മുഴുവനും ഒരു ഗാനമായി ആലപിക്കപ്പെട്ടപ്പോഴും എവിടെയും പ്രാസമൊക്കാതെ വന്നില്ല. ഇലാഹിയായ നാവിലൂടെ മുത്ത് നബിയുടെ വചനങ്ങള്‍ വരിഞ്ഞൊഴുകിയ ഒരു കാവ്യമാണ് ഇമാം ബൂസ്വീരി തങ്ങളുടെ ബുര്‍ദ. കാതങ്ങള്‍ക്കിപ്പുറത്തും വ്യത്യസ്തമായ രീതികളും വൈവിധ്യമായ ഈണങ്ങളും നല്‍കി മുസ്ലിം ലോകം ഇന്നും അതിനെ നെഞ്ചേറ്റുകയാണ്. ആധുനിക ഗായകരെ സംബന്ധിച്ചിടത്തോളം അവര്‍ ആദ്യമായി ഈണം നല്‍കിയ ഗാനങ്ങളെല്ലാം അവര്‍ക്ക് തന്നെ ഇന്ന് അരോചകമായി തോന്നാം. തസ്വവ്വുഫിന്റെ ആന്തരാര്‍ത്ഥങ്ങളെയും ഉള്‍പ്പൊരുളുകളെയും ബോധ്യമാകാതിരിക്കുന്ന കാലത്തോളം ഒരാള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാവില്ല. അതായത് ഇതെല്ലാം ഒരു പാഴ്‌വേലയാണെന്ന് തോന്നിപ്പോകും. സത്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥമായ ആശയങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. സൂഫികളുടെ അന്തര്‍ഭാഗത്ത് നിന്ന് നിര്‍ഗളിക്കുന്ന ആരിഫീങ്ങളായ ആളുകള്‍ പറഞ്ഞ ഉദ്ധരണികളായ ഹാ.. ഹൂ.. ഹീ.. ഹയ്യുന്‍ എന്നതിന് നേരെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് മുമ്പിലും ഈ ആന്തരാര്‍ത്ഥങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ബോധിച്ചിട്ടും അജ്ഞത നടിക്കുന്നവര്‍ക്ക് മുമ്പിലും അല്ലാഹുവിന്റെ റസൂലിനോടും മറ്റ് അമ്പിയാക്കള്‍ ഔലിയാക്കളോടും സഹായാര്‍ത്ഥന നടത്തുന്നവരെ കളിയാക്കുന്നവര്‍ക്ക് മുമ്പിലും ഇതിന് വേണ്ടത്ര പ്രസക്തിയുണ്ടാകില്ല.
സൂഫിസത്തിന്റെ പ്രചരണവും പ്രസരണവുമാണ് സുന്നത്ത് ജമാഅത്തിന്റെ ഏറ്റവും വലിയ പ്രചരണം. ‘വഹ്ദത്തുല്‍ വുജൂദ്’ എന്ന അല്ലാഹുവിന്റെ വുജൂദിയ്യത്തിനെ സംബന്ധിച്ചുള്ള സംജ്ഞ വളരെ വിശാലമാണ്.
”ഉള്ളതൊന്നും ഉള്ളതല്ല,
ഉള്ളതിന്റെ ഉള്ളിലുണ്ടോരുള്ളവന്‍
അതാണുള്ളവന്‍”
എന്ന് നാടന്‍ ഭാഷയില്‍ നമുക്കതിനെ സംഗ്രഹിക്കാം.
അടുത്തത് അല്ലാഹുവിന്റെ ഫനാഇന്റെ മര്‍തബയെ സംബന്ധിച്ചുള്ളതാണ്. ‘ലാ..’ അഥവാ ഒന്നുമില്ല, ‘എല്ലാം ഇല്ല’ എന്ന ളില്ലിയ്യായ വുജൂദില്‍ നിന്ന് അസ്വ്‌ലിയായ വുജൂദിനെ മാത്രം ബാക്കി നിര്‍ത്തിയാല്‍ അസ്വ്‌ലിയായ വുജൂദുള്ള അല്ലാഹുവിന് മാത്രം വുജൂദ് ഉണ്ടാവുകയും ലാ ഇലാഹ ഇല്ലല്ലാഹ്.. എന്നതിനോടൊത്ത് പല ആരിഫീങ്ങളും പാടിപ്പോയ ‘ഞാനില്ല’ എന്ന് പാടിപ്പാടി ‘ഞാന്‍ അല്ലാഹുവാണ്’, ‘ഞാനില്ലെങ്കില്‍ പിന്നെ അല്ലാഹുവല്ലേയുള്ളൂ’ അത് കൊണ്ട് ഞാന്‍ എന്ന ഒരു വസ്തുവില്ല, അല്ലാഹു മാത്രമേയുള്ളൂ’ എന്നതിലേക്കെത്തിയ ഒരാശയത്തെ വായിച്ചെടുക്കാന്‍ സാധിക്കാതെ പോയവര്‍ അതിനെ വിമര്‍ശിക്കുന്നു. അത് കൊണ്ട് തന്നെ ഇതിന്റെ സാങ്കേതികതയെക്കുറിച്ച് വിവരമില്ലാത്തവര്‍ ഇതിലിടപെടാന്‍ വരരുത്. അവിടെയാണ് തസ്വവ്വുഫിന്റെ പഠനത്തിന്റെ പ്രസക്തിയും ആവശ്യകതയും പ്രധാനമാകുന്നത്. ഏറ്റവും ചുരുങ്ങിയത് ഇവ്വിഷയം പഠനം നടത്താതെ ഇടപെടേണ്ടതല്ല, മറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ട് വേണം അഭിപ്രായം പറയാന്‍ എന്നെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ജഹ്ല്‍ മുറക്കബില്‍(സ്വന്തം അജ്ഞതയെ കുറിച്ചുള്ള അറിവില്ലായ്മ) നിന്നെങ്കിലും അയാള്‍ക്ക് മുക്തനാകാം.
സാക്ഷാല്‍ ശ്രീ നാരായണ ഗുരുവിന്റെ മുമ്പില്‍ ചെന്ന് പാട്ടു പാടി ദഅ്‌വ നടത്തിയ ഇച്ച മസ്താനെ കുറിച്ച് മുമ്പ് സൂചിപ്പിച്ചു. അല്ലാഹുവിലും മുത്ത് നബിയിലുമുള്ള അഗാധമായ വിശ്വാസരൂപത്തെ അവര്‍ക്ക് മുമ്പില്‍ വ്യക്തമാക്കപ്പെടുകയായിരുന്നു. ഫറോവയുടെ മുമ്പില്‍ ചെന്ന് സത്യസരണിയിലേക്ക് ക്ഷണിച്ച മൂസാനബിയില്‍ നിന്നാണ് അവര്‍ക്കിതിനുള്ള പ്രചോദനം ലഭിച്ചത്.
തസ്വവ്വുഫിന്റെ ചര്‍ച്ചയില്‍ നിന്ന് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് ത്വരീഖത്ത് സംബന്ധമായ പ്രതിപാദനം. സത്യത്തില്‍ ശരീഅത്തിന്റെ പൊടിപുരളാത്ത രൂപമാണ് ത്വരീഖത്ത്. ശരീഅത്ത് എന്നാല്‍ മതനിയമങ്ങളുടെ ബാഹ്യമായ ആര്‍ക്കും സരളമായി വായിച്ചെടുക്കാവുന്ന ഒന്നാണ്. ശരീഅത്തില്‍ സൂക്ഷ്മമായ നിലപാടെടുക്കലാണ് ത്വരീഖത്ത്. ആ ത്വരീഖത്തടിസ്ഥാനമാക്കിയുള്ള ജീവിതത്തിന് പറയുന്ന പേരാണ് തസ്വവ്വുഫ്. ആ തസ്വവ്വുഫിലൂടെ കടന്ന് ചെല്ലുമ്പോള്‍ ലഭിക്കുന്ന കനകമാണ് ഹഖീഖത്ത്. ഹഖീഖത്ത് എന്നത് നിര്‍വ്വചനങ്ങള്‍ക്കതീതമാണ്. അത് അനുഭവിച്ച് കൊണ്ട് മാത്രമേ ആവാഹിക്കാനൊക്കുകയുള്ളൂ.
ഒരിക്കല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി(ഖലീല്‍ തങ്ങളുടെ ജ്യേഷ്ഠസഹോദരന്‍) ‘എനിക്ക് മഅ്‌രിഫത്ത് ലഭിച്ചിട്ടുണ്ട്’ എന്ന് വിനീതനുമായി പങ്കുവെക്കുകയുണ്ടായി. അപ്പോള്‍ എനിക്ക് കസ്ബ് ഇഖ്തിയാറിനെ സംബന്ധിച്ച് പറഞ്ഞു തരണമെന്നായി ഞാന്‍. ഉടനടി മറുപടി വന്നു ” അനുഭവിച്ച് ബോധ്യപ്പെടേണ്ട കാര്യമെങ്ങനെയാ മോല്യാരെ പറഞ്ഞറിയിക്കാനൊക്കുക?” ഹഖീഖത്തിന്റെ അങ്ങേയറ്റത്തെ മര്‍തബയാണത്. ബോധ്യപ്പെടുത്താന്‍ വിശദീകരണങ്ങള്‍ക്കോ നിര്‍വചനങ്ങള്‍ക്കോ വഴങ്ങാത്തതാണ് ഹഖീഖത്ത്.
ലോകത്തുള്ള എല്ലാ കാര്യങ്ങളും നമുക്ക് ബോധിക്കണമെന്നില്ല, എന്നല്ല ബോധിക്കുകയുമില്ല. അത് കൊണ്ട് അറിയാന്‍ പാടില്ലാത്ത വിഷയങ്ങളെ സംബന്ധിച്ച് നാം വിമര്‍ശിക്കാനും കൊട്ടിഘോഷിക്കാനും നില്‍ക്കുന്നത് മൗഢ്യമാണ്. നമുക്ക് വ്യക്തവും സ്പഷ്ടവുമായ ഋജുവായ ഒരു മാര്‍ഗമുണ്ട്. തസ്വവ്വുഫിന്റെയും ത്വരീഖത്തിന്റെയും മറപിടിച്ച് വ്യാജന്മാര്‍ വിലസുന്ന കലികാലമാണിത്. സത്യത്തെ സത്യമായി മനസ്സിലാക്കാനും കള്ളത്തരത്തെ ആ രീതിയില്‍ ഉള്‍ക്കൊള്ളാനും സര്‍വ്വശക്തന്‍ തൗഫീഖ് നല്‍കട്ടെ.. ആമീന്‍.