No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

സ്വര്‍ഗവാതിലുകള്‍ക്ക് താഴിടാത്ത കാലം

Photo-by-JR-Korpa-on-Unsplash.jpg

Photo-by-JR-Korpa-on-Unsplash.jpg

in Articles, Religious
May 9, 2017
അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

ഈ ഭൂമിലോകത്തുള്ള സകലതും ഒരുമിച്ച് കൂട്ടിയാലും സ്വര്‍ഗത്തിലെ ആ ഭവനത്തിലേക്ക് ചേര്‍ത്തി ഒരു ആട്ടിന്‍ കൂരയോളമേ വരൂ. എന്നാല്‍ റമളാനില്‍ തെറ്റുകള്‍ ചെയ്യുകയും മദ്യപാനം നടത്തുകയും വിശ്വാസികള്‍ക്ക് നേരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നവരുടെ ഒരു വര്‍ഷത്തെ സല്‍പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിഷ്ഫലമാവും.

Share on FacebookShare on TwitterShare on WhatsApp

http://Ramdan_article_Aboobacker_Ahsaniഎന്തിനാണ് നമ്മള്‍ ജീവിക്കുന്നത്? മരിക്കാനാണോ? അങ്ങനെയെങ്കില്‍ കൃത്യമായി ടൈംടേബിള്‍ വെച്ച് നിസ്‌കാരവും നോമ്പും മറ്റു ആരാധന കര്‍മങ്ങളും ചെയ്ത് മരണം വരെയുള്ള നമ്മുടെ ജീവിതത്തെ പ്രയാസപ്പെടുത്തണമായിരുന്നോ? അപ്പോള്‍ മരണമല്ല ജീവിതത്തിന്റെ ലക്ഷ്യം, മറിച്ച് നമ്മള്‍ ഈ ചെയ്തു കൂട്ടുന്നതെല്ലാം പ്രതീക്ഷകളുടെ രഥത്തിലേറിയാണ്. ഭൗതികജീവിതം സന്തോഷകരമാകാനാണ് നമ്മള്‍ ഭൂമിലോകത്ത് ജോലിചെയ്യുന്നതും ചോര നീരാക്കുന്നതും. അപ്പോള്‍ സന്തോഷമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. നമ്മള്‍ ആരും എവിടെയും പ്രയാസം അനുഭവിക്കാനും കഷ്ടപെടാനും ഇഷ്ടപെടുന്നില്ല എന്നതിനു തെളിവാണ് സമാധാനവും സന്തോഷവും തേടിയുള്ള ജീവിതത്തിലെ ഓരോ ഓട്ടവും. ജീവിതത്തില്‍ നമ്മള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആനന്ദങ്ങള്‍ എന്താണ്? കുടുംബം, സ്വന്തമായൊരു വീട്, സന്താനങ്ങള്‍ അങ്ങെനെ നീണ്ടുപോകും നമ്മുടെ ജീവിത സുഖങ്ങളുടെ ലിസ്റ്റ്.

മരണത്തിനുവേണ്ടിയല്ല നമ്മള്‍ ജീവിക്കുന്നത് എന്ന് ബോധ്യപ്പെട്ടതിനാല്‍ തന്നെ ജീവിതത്തില്‍ മരണാനന്തരം സുഖങ്ങളും ദു:ഖങ്ങളും കടന്നു വരാനുണ്ട്. മരണ ശേഷം നമ്മെ കാത്തിരിക്കുന്ന തരുണീ മണികളായ സ്ത്രീ രത്‌നങ്ങള്‍, മരതകങ്ങള്‍ കൊണ്ടും വൈഡൂര്യങ്ങള്‍ കൊണ്ടും നിര്‍മിച്ച കൊട്ടാര സമാനമായ വസതി, അനുഭവിക്കാനുതകുന്ന സുഖങ്ങളുടെ മുഴുവന്‍ പാരമ്യത ഇവയെ കുറിച്ച് എപ്പോഴെങ്കിലും ഒന്ന് ആലോചിച്ചിട്ടുണ്ടോ? എന്റെ ഈ വര്‍ണ്ണനകള്‍ സ്വര്‍ഗത്തിലെ ആസ്വാദനങ്ങളുടെ മാറ്റു കുറക്കുമെന്നറിയാം. പക്ഷെ ഭൂമിലോകത്തെ സ്വര്‍ഗത്തിനോട് സമാനപ്പെടുത്താന്‍ ഇതിലും വിലപിടിപ്പുള്ളതൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇവിടെ താരതമ്യത്തിന് മുതിര്‍ന്നത്.

ഇത്രയും ഇവിടെ വിവരിച്ചതിനു പിന്നില്‍ കാരണമുണ്ട്. സ്വര്‍ഗത്തിലെ ഭവനങ്ങളും സുന്ദരികളായ തരുണികളും തങ്ങള്‍ക്ക് അനുയോജ്യരായവരെ എത്തിക്കാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടുന്ന ഒരു സമയമുണ്ട്. ഏതാണാ സമയമെന്നറിയുമോ? വിശുദ്ധ റമളാന്‍. ഇബ്‌നു അബ്ബാസ് (റ) എന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ് നബി തങ്ങള്‍ പറയുന്നു: ”റമളാനിനെ സ്വീകരിക്കാന്‍ സ്വര്‍ഗവും സ്വര്‍ഗത്തിലെ ഹൂറികളും ഒരു വര്‍ഷം മുഴുവന്‍ ഭംഗിയാവും. റമളാനങ്ങ് പ്രവേശിച്ചാല്‍ സ്വര്‍ഗം അല്ലാഹുവിനോട് പറയും’ അല്ലാഹുവേ ഈ മാസത്തില്‍ നിന്റെ അടിമകളെ കൊണ്ട് എന്നെ നിറക്കേണമേ’. ഹൂറികള്‍ പറയും ‘അല്ലാഹുവേ, ഈ മാസം ഞങ്ങള്‍ക്ക് നിന്റെ അടിമകളില്‍ നിന്ന് ഇണകളെ നല്‍കേണമേ’. തുടര്‍ന്ന് തിരുനബി(സ്വ)പറഞ്ഞു: തെറ്റുകള്‍ ചെയ്യാതെയും വിശ്വാസികളെ കുറിച്ച് ആക്ഷേപം ഉന്നയിക്കാതെയും ലഹരി വകകളുപയോഗിക്കാതെയും സ്വന്തം ശരീരത്തെ റമളാനില്‍ സൂക്ഷിക്കുന്നവര്‍ക്ക് എല്ലാ രാത്രികളിലും അല്ലാഹു നൂറ് ഹൂറികളെ വിവാഹം ചെയ്തു കൊടക്കും. സ്വര്‍ണം, വെള്ളി ,മാണിക്യം, മരതകം തുടങ്ങി അമൂല്യ ലോഹങ്ങളാല്‍ നിര്‍മിക്കപെട്ട കൊട്ടാരവും അവന് വേണ്ടി തയ്യാര്‍ ചെയ്യും. ഈ ഭൂമിലോകത്തുള്ള സകലതും ഒരുമിച്ച് കൂട്ടിയാലും സ്വര്‍ഗത്തിലെ ആ ഭവനത്തിലേക്ക് ചേര്‍ത്തി ഒരു ആട്ടിന്‍ കൂരയോളമേ വരൂ. എന്നാല്‍ റമളാനില്‍ തെറ്റുകള്‍ ചെയ്യുകയും മദ്യപാനം നടത്തുകയും വിശ്വാസികള്‍ക്ക് നേരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നവരുടെ ഒരു വര്‍ഷത്തെ സല്‍പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിഷ്ഫലമാവും. അതുകൊണ്ട് നിങ്ങള്‍ റമളാന്‍ മാസത്തെ സൂക്ഷിക്കണേ, പതിനൊന്ന് മാസവും നിങ്ങള്‍ക്ക് സുഖിക്കാനും രസിക്കാനുമള്ള കാലയളവാക്കി. റമളാനില്‍ മാത്രമേ അല്ലാഹുവിന് പ്രത്യേകമായി വഴിപ്പെടാന്‍ അവന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അത് കെണ്ട് റമളാനിനെ നിങ്ങള്‍ സൂക്ഷിക്കണേ (അല്‍ മുഅ്ജമുല്‍ അവ്‌സത്-3688, ത്വബറാനി4/90). സന്തോഷകരവും അതേസമയം ഭീതിജനകവുമാണ് തിരുനുബിയുടെ ഈ തിരുവരുള്‍. ആത്മാര്‍ത്ഥമായി റമളാനിനെ സ്വീകരിച്ച് തിരിച്ചയക്കാന്‍ സാധിച്ചവരേക്കാള്‍ ഭാഗ്യവാന്മാരാരാണ് ഈ ലോകത്ത്?

തിരുനബികാലത്തെ ഒരു ശഅ്ബാനില്‍ റസൂല്‍(സ്വ)നടത്തിയ ഒരു പ്രസംഗത്തെ സല്‍മാനുല്‍ ഫാരിസി(റ)വിവരിക്കുന്നുണ്ട്. മഹാനവര്‍കള്‍ പറഞ്ഞു: ശഅ്ബാനിലെ അവസാന ദിവസം അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളോട് പ്രഭാഷണം നടത്തി. ഓ ജനങ്ങളെ, നിങ്ങളിലേക്കിതാ ഒരു മാസം നിഴലിട്ടിരിക്കുന്നു. ബറക്കത്താക്കപെട്ട മാസമാണത്. ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ ദിവസമുള്ള മാസമാണത്. ആ മാസത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വ്രതം നിര്‍ബന്ധമാക്കുകയും രാത്രികളില്‍ നിസ്‌കാരത്തെ (തറാവീഹ്) സുന്നത്താക്കുകയും ചെയ്തു. ആരെങ്കിലും ആ മാസത്തില്‍ വല്ല നന്മയും ചെയ്താല്‍ ഇതര മാസങ്ങളില്‍ നിന്ന് വ്യതിരിക്തമായി ഒരു ഫര്‍ള് വീട്ടിയതിന്റെ പ്രതിഫലമാണ് അവന് ലഭിക്കുക. ആ മാസത്തില്‍ ഒരു ഫര്‍ളിനെ വീട്ടുന്നവന് മറ്റു മാസങ്ങളില്‍ എഴുപത് ഫര്‍ളുകളെ വീട്ടിയ പ്രതിഫലം ലഭിക്കും. ആ മാസം ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലമാവട്ടെ സ്വര്‍ഗവും. വിശ്വാസികളുടെ ഭക്ഷണങ്ങളില്‍ വിശാലത ലഭിക്കുന്ന മാസം. ഒരു നോമ്പുകാരന് ഇഫ്താറ്(നോമ്പുതുറ)നല്‍കിയാല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു നല്‍കും. അവനെ നരകത്തിന് നിഷിദ്ധമാക്കും. നോമ്പുതുറ നല്‍കിയവന് നോമ്പുകാന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ ലഭിക്കുന്നതാണ്. സല്‍മാനുല്‍ ഫാരിസി(റ)തുടര്‍ന്നു. ഞങ്ങള്‍ നബിതങ്ങളോട് ചോദിച്ചു’ഓ നബിയേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും നോമ്പുതുറ നല്‍കാന്‍ സാധിക്കില്ലല്ലോ?’ ഉടനെ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹു ഈ പ്രതിഫലം ഈത്തപ്പഴം കൊണ്ടോ ഒരു മുറുക്ക് പാലുകൊണ്ടോ വെള്ളം കൊണ്ടോ നോമ്പുതുറപ്പിക്കുന്നവനും നല്‍കുന്നതാണ്. നോമ്പുകാരന്റെ വയറു നിറപ്പിക്കുന്നവന് അല്ലാഹു ഹൗളുല്‍ കൗസറില്‍ നിന്നും കുടിപ്പിക്കുന്നതാണ്. അതില്‍ നിന്നു ഒരു മുറുക്ക് കുടിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് വരെ അവന് ദാഹിക്കുകയില്ല. ആ മാസത്തിന്റെ ആദ്യ ഭാഗം റഹ്മത്തിന്റേതാണ്, മധ്യഭാഗം മഗ്ഫിറത്തിന്റേതാണ്, അവസാന ഭാഗം നരകമോചനത്തിന്റേതാണ്. ഈ മാസത്തില്‍ ആരെങ്കിലും തന്റെ ഉടമസ്തതയിലുള്ളതിനോട് മയം പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവന് പൊറുത്തു നല്‍കും അവനെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും. ഈ ഹദീസിന്റെ രിവായത്തില്‍ ഹമ്മാമ് (റ) എന്നവര്‍ അധികരിപ്പിച്ചതായി കാണാം: നിങ്ങള്‍ ഈ മാസത്തില്‍ നാലുകാര്യങ്ങള്‍ വര്‍ധിപ്പിക്കണം. അതില്‍ രണ്ടു കാര്യങ്ങള്‍ നിങ്ങളുടെ റബ്ബിന് ഏറ്റവും ഇഷ്ടമുള്ളതാണ്. രണ്ടുകാര്യങ്ങളാവട്ടെ നിങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു നിറുത്താന്‍ സാധിക്കാത്ത കാര്യങ്ങളും. അല്ലാഹുവിന് ഇഷ്ടപെട്ട രണ്ടുകാര്യങ്ങള്‍ ശഹാദത്തും ഇസ്തിഗ്ഫാറുമാണ്. നിങ്ങള്‍ക്ക് ഒഴിച്ചു നിറുത്താന്‍ സാധിക്കാത്ത രണ്ടു കാര്യങ്ങള്‍ സ്വര്‍ഗം ചോദിക്കലും നരകമോചനം ആവശ്യപ്പെടലുമാണ്(ശുഅബുല്‍ ഈമാന്‍ – 5/223 – ഇമാം ബൈഹഖി(റ)).

അല്ലാഹു ചിലതിനെ ചിലതിനെക്കാള്‍ ശ്രേഷ്ടമാക്കും. കഅ്ബ് (റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: അല്ലാഹു ദിനരാത്രങ്ങളില്‍ നിന്ന് ചില പ്രത്യേക സമയങ്ങളെ തെരഞ്ഞെടുത്തു ആ സമയങ്ങളിലാണ് അവന്‍ നിസ്‌ക്കാരങ്ങളെ സംവിധാനിച്ചിരിക്കുന്നത്. ദിവസങ്ങളില്‍ നിന്ന് ഒരു ദിനത്തെ തെരഞ്ഞെടുത്തു അതാണ് വെള്ളിയാഴ്ച. മാസങ്ങളില്‍ നിന്ന് ഒരു മാസത്തെ തിരഞ്ഞെടുത്തു അതാണ് ശഹ്‌റു റമളാന്‍. രാത്രികളില്‍ നിന്ന് ഒരു രാത്രിയെ തെരഞ്ഞെടുത്തു അതാണ് ലൈലത്തുല്‍ ഖദ്‌റ്. സ്ഥലങ്ങളില്‍ നിന്ന് അല്ലാഹു തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പള്ളികളെ അല്ലാഹു ആക്കിയിട്ടുള്ളത്(ശുഅബുല്‍ ഈമാന്‍ – 5/242 ). റമളാന്‍ തിരുനബി(സ്വ)യുടെ സമൂഹമായ നമുക്ക് ലഭിച്ച വരദാനമാണ്. ജാബിര്‍(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. ഒരു ഹദീസില്‍ തിരുനബി പറയുന്നതിങ്ങനെയാണ്: റമളാനില്‍ അല്ലാഹു എന്റെ സമുദായത്തിന് അഞ്ചുകാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ അഞ്ചു കാര്യങ്ങള്‍ അല്ലാഹു എന്റെ മുമ്പ് ഒരു നബിക്കും നല്‍കിയിട്ടില്ല. അതില്‍ ഒന്നാമത്തെ കാര്യം റമളാനിന്റെ ആദ്യ രാത്രിയില്‍ അവരിലേക്ക് അല്ലാഹു തആലയുടെ തിരുനോട്ടം ഉണ്ടാകും. അല്ലാഹുവിന്റ തിരുനോട്ടം ലഭിച്ചവര്‍ പിന്നെ ഒരിക്കലും ശിക്ഷിക്കപെടുകയില്ല. രണ്ടാമത്തെ കാര്യം, വൈകുന്നേര സമയത്ത് അവരുടെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതായിരിക്കും. മൂന്നാമത്തെ കാര്യം, മലക്കുകള്‍ എല്ലാ ഇരപകലുകളിലും അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടും. നാലാമത്തെ കാര്യം, അല്ലാഹു സ്വര്‍ഗത്തിനോട് ആജ്ഞ പുറപ്പെടുവിക്കും. നീ ഭംഗിയാവണം, കാരണം എന്റെ അടിമകള്‍ ഭൗതികലോകത്തെ ക്ഷീണങ്ങളില്‍ നിന്നും വിരമിച്ച് എന്റെ വീട്ടിലേക്ക് വരാനടുത്തായിട്ടുണ്ട്. അഞ്ചാമത്തെ കാര്യം, റമളാനിന്റെ അവസാനത്തെ രാത്രി അല്ലാഹു അവര്‍ക്ക് അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്ത് നല്‍കും. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു: അത് ലൈലത്തുല്‍ ഖദ്‌റാണോ നബിയേ? അല്ല, ജോലി കഴിഞ്ഞാല്‍ ജോലിക്കാര്‍ക്ക് കൂലി നല്‍കുന്നത് കണ്ടിട്ടില്ലേ നിങ്ങള്‍ എന്ന് നബിതങ്ങള്‍ തിരിച്ച് ചോദിച്ചു(ശഅബുല്‍ ഈമാന്‍ – 5/220 – ഇമാം ബൈഹഖി)

ചുരുക്കത്തില്‍ സ്‌നേഹിച്ചാല്‍ റമളാനോളം നമുക്ക് നേട്ടം കൊഴിയാന്‍ സാധിക്കുന്ന കൂട്ടുകാരനില്ല. എന്നാല്‍ പരിഗണിക്കാതിരുന്നാല്‍ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയം സമ്മാനിക്കുന്നതും റമളാന്‍ തന്നെയായിരിക്കും. ഒരിക്കല്‍ നബിതങ്ങള്‍ മിനയില്‍ വെച്ചു പറഞ്ഞു: ഖിയാമത്ത് നാളില്‍ ഞാന്‍ മീസാനെന്ന ത്രാസിന്റെ മുമ്പില്‍ നില്‍ക്കുന്ന അവസരത്തില്‍ എന്റെ സമുദായത്തില്‍പെട്ട ഒരു ചെറുപ്പക്കാരനെ കൊണ്ടുവരും. മലക്കുകള്‍ അവന്റെ മുഖത്തും പിന്‍വശത്തുമെല്ലാം അടിക്കുന്നുണ്ട്. അവന്‍ എന്റെ അടുത്ത് എത്തുമ്പോള്‍ വിളിച്ചു പറയും: ഓ മുഹമ്മദ് നബിയേ സഹായിക്കണേ, സഹായിക്കണേ എന്ന്. അപ്പോള്‍ ഞാന്‍ മലക്കുകളോട് ചോദിക്കും ‘ഓ മലക്കുകളെ ഇയാള്‍ ചെയ്ത തെറ്റ് എന്താണ്?’ മലക്കുകള്‍ പറയും നബിയെ വിശുദ്ധ റമളാന്‍ എത്തിയിട്ടും ഇയാള്‍ അല്ലാഹുവിന് തെറ്റു ചെയ്തു. അയാള്‍ ആ തെറ്റില്‍ നിന്ന് തൗബ ചെയ്തതുമില്ല. ഇതാണ് ഇയാളെ ശിക്ഷിക്കാനുള്ള കാരണം. അപ്പോള്‍ ഞാന്‍ ആ വ്യക്തിയോട് ചോദിക്കും ‘നീ ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നോ?’ അയാള്‍ പറയും. ഞാന്‍ പഠിച്ചിരുന്നു. പക്ഷെ, മറന്നു പോയി. ഞാന്‍ അദ്ദേഹത്തിന് വേണ്ടി അല്ലാഹുവിനോട് ശഫാഅത്തിനെ ചോദിക്കും ഞാനെന്റെ റബ്ബിനോട് പറയും ‘റബ്ബേ ഇതെന്റെ സമുദായത്തില്‍ പെട്ട ഒരു യുവാവാണ്’ അപ്പോള്‍ അല്ലാഹു പറയും ‘ഓ നബിയെ അവന് ഒരു ശക്തനായ എതിരാളിയുണ്ട്’ ഞാന്‍ ചോദിക്കും.’ ആരാണ് ആ എതിരാളി?’ അല്ലാഹു പറയും ‘ശഹ്‌റു റമളാനാണ് അയാളുടെ എതിരാളി’ അപ്പോള്‍ ഞാന്‍ പറയും’റമളാന്‍ എതിരാളിയായ ഒരാളുടെ കാര്യത്തില്‍ നിന്നും ഞാന്‍ ഒഴിവാണ്’ അപ്പോള്‍ അല്ലാഹു പറയും ‘അങ്ങ് ഒഴിവായ ആളുടെ വിഷയത്തില്‍ ഞാനും ഒഴിവാണ്’അങ്ങെനെ അയാളെ നരകത്തിലേക്ക് കൊണ്ടുപോകും. (ബുസ്താനുല്‍ വാഇളീന്‍ – 232 – ഇബ്‌നുല്‍ ജൗസി)

അഥവാ റമളാന്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന കാലത്തോളം നമുക്ക് ഒരാളുടെ സഹായവും ലഭിക്കുകയില്ല. അത്‌കൊണ്ട് വിശുദ്ധ റമളാനിനെ ആരാധന കര്‍മങ്ങള്‍കൊണ്ടും മറ്റു സത്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സമ്പന്നമാക്കല്‍ നമ്മുടെ ബാധ്യതയാണ്.

ഖുര്‍ആന്‍ പാരായണം

വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് ശ്രേഷ്ഠമായ സമയങ്ങളെ കുറിച്ച് ഇമാം നവവി(റ) ന്റെ അല്‍ അദ്കാറില്‍ വിശദീകരിച്ച് പറയുന്നുണ്ട്. ഖിറാഅത്തില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായത് നിസ്‌കാരത്തിലുള്ള ഖിറാഅത്താണ്. നിസ്‌കാരമല്ലാത്ത സന്ദര്‍ഭത്തില്‍ ഏറ്റവും ശ്രേഷ്ടമായത് രാത്രിയിലെ പാരായണമാണ്. അതും രാത്രിയിലെ അവസാനത്തെ പകുതിയിലാണെങ്കില്‍ ഏറ്റവും നല്ലത്. പകല്‍ സമയം സുബ്ഹി നിസ്‌കാരത്തിന് ശേഷവും. ഇനി ദിവസങ്ങളാണെങ്കില്‍ വെള്ളി, തിങ്കള്‍, വ്യാഴം, അറഫയുടെ ദിനം എന്നിങ്ങനെയും. പത്തു ദിവസങ്ങളില്‍ നോക്കുമ്പോള്‍ ദുല്‍ഹിജ്ജയുടെ ആദ്യ പത്തും റമളാനിലെ അവസാന പത്തും. മാസങ്ങളില്‍ അത് റമളാന്‍ മാസത്തിലുമാണ്. ഇശാ മഗ്‌രിബിന്റെ ഇടയിലുള്ള ഖുര്‍ആന്‍ പാരായണം സുന്നത്താണ്. (അല്‍ അദ്കാര്‍ – 103,104 – ഇമാം നവവി)

ആ സമയത്തിന്റെ മൂല്യം ഇന്ന് പലരും അറിയാതെ പോയിരിക്കുന്നു. അഹ്മദ് ബ്‌നു അബില്‍ ഹവാരി(റ)അവിടുത്തെ ഉസ്താദായ അബൂ സുലൈമാന്‍(റ)നോട് ഒരു കൂടിക്കാഴ്ച നടത്തി. ഞാന്‍ പകല്‍ സുന്നത്ത് നോമ്പ് എടുക്കലാണോ അതല്ല ഇശാ മഗ്‌രിബിന്റെ ഇടയില്‍ സല്‍കര്‍മങ്ങളിലായി കഴിയലാണോ വേണ്ടത്. രണ്ടും ചെയ്യാന്‍ ഉസ്താദ് മറുപടി പറഞ്ഞപ്പോള്‍ ഏതെങ്കിലും ഒന്ന് മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു അഹ്മദ് ബ്‌നു അബില്‍ ഹവാരി എന്നവരുടെ മറുപടി. കാരണം പകല്‍ സമയം നോമ്പനുഷ്ഠിച്ചാല്‍ ഇശാ മഗ്‌രിബിന്റെ ഇടയില്‍ നോമ്പ് തുറയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായി സമയത്തെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ല. അബു സുലൈമാന്‍ എന്ന ഗുരുവര്യരുടെ അടുത്ത മറുപടി എന്നാല്‍ സുന്നത്ത് നോമ്പ് ഒഴിവാക്കി ഇശാ മഗ്‌രിബിന്റെ ഇടയില്‍ സല്‍കര്‍മങ്ങളില്‍ മുഴുകിക്കോ എന്നായിരുന്നു.(രിസാലത്തുല്‍ മുആവന – 7 – ഇമാം ഹദ്ദാദ് (റ)) ഇത് റമളാനാണ്. പകലിലെ നോമ്പ് നമുക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. പക്ഷെ ഇശാ മഗ്‌രിബിന്റെ ഇടയില്‍ നോമ്പ് തുറയില്‍ മാത്രം മുഴുകാനുള്ളതല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലായല്ലോ. സമയത്തിന്റെ മൂല്യം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കേണ്ട മാസമാണ് റമളാന്‍.

ഖുര്‍ആന്‍ ഖത്മ് തീര്‍ക്കല്‍

ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതിന്റെ കാര്യത്തല്‍ മുന്‍ഗാമികളെ കണ്ടാല്‍ നമ്മള്‍ നാണിച്ചു തല താഴ്‌ത്തേണ്ടി വരും. കാരണം നമ്മള്‍ പൂര്‍ത്തിയാക്കിയ ഖത്മുകള്‍ കൗണ്ട് ചെയ്യാന്‍ നമ്മുടെ വിരലുകള്‍ തന്നെ ധാരാളമാണ്. അബ്ദുള്ളാഹി ബ്‌നു ഇദ്‌രീസ് ബ്‌നി യസീദ്(റ) അന്ത്യ നിമിഷത്തിലാണ്. മകള്‍ ആവലാതിയില്‍ ഇരുന്ന് കരയുന്നത് കണ്ട് മഹാന്‍ പറഞ്ഞു. മോളെ നീ കരയല്ലെ. ഈ റൂമില്‍ വെച്ച് നാലായിരം തവണ ഞാന്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ത്തിട്ടുണ്ട്. അബൂബക്കറു ബ്‌നു അയ്യാഷ് തങ്ങളുടെ മകന്‍ ഇബ്‌റാഹീം എന്നവര്‍ പറയുന്നു. ഉപ്പ മുപ്പത് വര്‍ഷമായിട്ട് എല്ലാ ദിവസവും ഒരു ഖത്മ് തീര്‍ത്തിരുന്നു. അദ്ദേഹവും മരണ സമയത്ത് കരയുന്ന പ്രിയ മകളെ വിളിച്ച് പറഞ്ഞു. എന്റെ കുഞ്ഞിമോളെ, നീ കരയല്ലേ, അല്ലാഹു എന്നെ ശിക്ഷിക്കുമെന്ന് നീ ഭയപ്പെടുന്നോ? ഞാന്‍ ഈ റൂമിന്റെ ഈ മൂലയില്‍ വെച്ച് .ഇരുപത്തിന്നാലായിരം ഖത്മ് തീര്‍ത്തിട്ടുണ്ട്(മുഖദ്ദിമത്തു ശര്‍ഹു മുസ്‌ലിം).

ഇഅ്തികാഫ്

റമളാനിലെങ്കിലും പ്രത്യേകം ഗൗനിക്കുകയും പരമാവധി സമയം ഇതില്‍ തന്നെ വിനിയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുമായ ഒരു ആരാധനയാണ് ഇഅ്തികാഫ്. പൂര്‍വ്വകാലം തൊട്ടേ പണ്ഡിത മഹത്തുക്കളും സാധാരണക്കാരും റമളാനെത്തിയാല്‍ ഇതര ജോലികളെല്ലാം മാറ്റിവെച്ച് ഇഅ്തികാഫിന് തെയ്യാറെടുത്തിരുന്നു. പ്രത്യേകിച്ചും അവസാന പത്തില്‍. ശിര്‍ബീനി എന്നവര്‍ റമളാനിന്റെ ആദ്യത്തില്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമല്ലാതെ അദ്ധേഹം പുറപ്പെടാറില്ലായിരുന്നു(ശദറാത്തുദ്ദഹബ് – 10/562 – ഇബ്‌നുല്‍ ഇമാദ്) ഇഅ്തികാഫിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന നിരവധി ഹദീസുകളും കാണാം. നബി (സ്വ) തങ്ങള്‍ പറയുന്നു: വല്ല വ്യക്തിയും റമളാനിലെ പത്തു ദിനം ഇഅ്തികാഫിരുന്നാല്‍ അത് രണ്ട് ഹജ്ജിന്റേയും ഉംറയുടേയും സ്ഥാനത്തായി.(ശുഅബുല്‍ ഈമാന്‍ 5/436). മറ്റൊരു ഹദീസില്‍ കാണാം, ഒരു വ്യക്തി വീട്ടിലിരിക്കുന്നതിനേക്കാള്‍ പള്ളിയിലിരിക്കലിനെ തെരഞ്ഞെടുത്താല്‍ അവന് അഞ്ച് കാര്യങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്. ജീവിതത്തിന്റെ ഞെരുക്കം അല്ലാഹു എളുപ്പമാക്കുന്നു, ഖബറിന്റെ ഞെരുക്കത്തില്‍ നിന്ന് രക്ഷിക്കുന്നു, അവന്റെ കിതാബിനെ വലതു കയ്യില്‍ കൊടുക്കപ്പെടും, മിന്നെറിയും പോലെ സ്വിറാത് പാലം വിട്ട് കടക്കാനാകും, ഗുണവാന്മാരോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കും( അല്‍ ബറകത്തു ഫീ ഫള്‌ലിസ്സഅ്‌യി വല്‍ഹറക – 113 – ഇമാം വസ്സ്വാബി). വിശ്വാസികള്‍ക്കായി വിശുദ്ധ റമളാനില്‍ മുപ്പത് ദിവസവും ഇഫ്ത്വാര്‍, അത്താഴ, മുത്താഴ സൗകര്യങ്ങളോട് കൂടെ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തറാവീഹ്

റമളാനിലെ സുപ്രധാന ആരാധനയാണ് തറാവീഹ് നിസ്‌കാരം. നബി (സ്വ) തങ്ങള്‍ പറഞ്ഞു: വിശ്വാസത്തോടും കൂലി പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നിന്ന് നിസ്‌കരിച്ചാല്‍ അവന് കഴിഞ്ഞ് പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. (ബുഖാരി – 37) തറാവീഹിന്റെ റക്അത്ത് ഇരുപതാണെന്നത് പണ്ഡിതന്മാരെല്ലാം ഏകോപിച്ച കാര്യമാണ്. ഇമാം നവവി (റ) പറയുന്നു, ബൈഹഖിയും മറ്റും സ്വഹീഹായ പരമ്പരയോടെ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വെച്ചാണ് നമ്മുടെ പണ്ഡിതന്മാര്‍ തെളിവ് പിടിക്കുന്നത് . സ്വഹാബാക്കളെല്ലാം ഉമറുബ്‌നുല്‍ ഖത്താബ്(റ) വിന്റെ കാലത്ത് റമളാനില്‍ ഇരുപത് റക്അത്ത് നമസ്‌കരിക്കുന്നവരായിരുന്നു.(ശറഹുല്‍ മുഹദ്ദബ് – 4/32 – ഇമാം നവവി). ഇബ്‌നു തൈമിയ്യ തന്നെ പറയുന്നു: ഉബയ്യുബ്‌നു കഅ്ബ്(റ) ജനങ്ങളേയും കൂട്ടി ജമാഅത്തായി ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റും നിസ്‌കരിക്കാറുണ്ടെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. മുഹാജിരീങ്ങള്‍ക്കും അന്‍സാരികള്‍ക്കുമിടയില്‍ ഇത് നടന്നത്, അതിനെ ആരും എതിര്‍ത്തിട്ടുമില്ല.(മജ്മൂഉല്‍ ഫതാവാ 23/68-ഇബ്‌നു തൈമിയ്യ)

ഇബ്‌നു അബ്ദില്‍ വഹാബ് പറയുന്നു: നബിതങ്ങള്‍ നിര്‍വ്വഹിച്ച ശക്തിയായ സുന്നത്ത് നിസ്‌കാരമാണ് തറാവീഹ്. എങ്കിലും അതിനെ ഉമര്‍ (റ) വിലേക്ക് ചേര്‍ത്തിപ്പറയുന്നത്, ഉബയ്യുബ്‌നു കഅ്ബി(റ)നെ വെച്ച് ജമാഅത്തായി നടത്തി എന്ന കാരണത്താലാണ്. ഉമര്‍(റ) ഇരുപത് റക്അത്തായി ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ നേതൃത്വത്തില്‍ നടത്തി (മുഖ്താറുല്‍ ഇന്‍സ്വാഫ് – 157) എന്നതാണ് നമുക്കുള്ള തെളിവ്. സ്വഹാബത്ത് ചെയ്തതാണല്ലോ പിന്തുടരാന്‍ ഏറ്റവും ബന്ധപ്പെട്ടത്. തറാവീഹിന്റെ റകഅത് ഇരുപതാണെന്ന് വഹാബികളുടെ നേതാവായ ഇബ്‌നു തൈമിയ്യ തന്നെ സമ്മതിച്ച സ്ഥിതിക്ക് നവവഹാബികള്‍ ക്ക് തറാവീഹ് എട്ടാണെന്ന് എവിടുന്ന് കിട്ടി എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാകുന്നു.

റമളാനിന്റെ മഹത്വം മനസ്സിലാക്കി സമയം കളയാതെ പരമാവധി ആരാധനകളില്‍ തന്നെ മുഴുകാന്‍ നാം ശ്രദ്ധിക്കണം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്ന മാസം കൂടിയാണല്ലോ റമളാന്‍. അത് പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ജനലക്ഷങ്ങള്‍ സംഗമിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വേദിയൊരുക്കുകയാണ് മഅ്ദിന്‍ അക്കാദമി. പങ്കെടുത്ത് പുണ്യം നേടാന്‍ ശ്രദ്ധിക്കുമല്ലോ. അല്ലാഹു തൗഫീഖ് നല്‍കട്ടേ.. ആമീന്‍.

Share this:

  • Twitter
  • Facebook

Related Posts

www.urava.net
Articles

കോര്‍ണിഷ് മാന്വല്‍: 2022ലെ വിലപ്പെട്ട ചരിത്ര കൃതി

April 23, 2022
Articles

തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ; അദ്വിതീയനായ പണ്ഡിത പ്രതിഭ

February 22, 2022
മലപ്പുറത്തിന്റെ മാപ്പിള പൈതൃകം
Articles

മലപ്പുറത്തിന്റെ മാപ്പിള പൈതൃകം

February 14, 2022
Photo by Iqra Ali on Unsplash
Articles

ഹിജാബ്; വായ്‌നോക്കികളുടെ ദര്‍ശന സ്വാതന്ത്ര്യ ലംഘനം

February 12, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×