ഞങ്ങള്‍ കഥ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. ഇന്ന് കാണുന്ന ലോകത്തിന്റെ പിന്നണി ശില്‍പ്പികളുടെയും അവരുടെ ജീവിത സാഹചര്യങ്ങളുടെയും കഥ.. എന്തോ എനിക്ക് അങ്ങനെ തുടങ്ങാനാണ് തോന്നിയത്.. അല്ലെങ്കിലും എട്ടാം ക്ലാസിലെത്തിയിട്ടും നാലാം ക്ലാസ്സുകാരന്റെ വിദ്യാഭ്യാസം പോലും ഇല്ലാത്തവന്റെ മുമ്പില്‍ വാഷിംഗ് ടണ്‍ ഡി.സിയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് പറഞ്ഞിട്ടെന്ത് കാര്യം? ക്ലാസ്സ് ടീച്ചറുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രക്ഷിതാക്കള്‍ അവനെ നിര്‍ബന്ധിച്ച് ക്ലാസ്സില്‍ കൊണ്ടുവന്നത്. ചില വിഷയങ്ങളില്‍ അവന്‍ മറ്റുള്ളവരേക്കാള്‍ മിടുക്കനാണെന്നാണ് എനിക്ക് മനസ്സിലായത്. ഒരു പഠന വൈകല്യ വിദഗ്ദയുടെ സഹായത്തോടെ അവന്റെ പോരായ്മ എനിക്ക് ശരിക്ക് അളക്കാന്‍ കഴിഞ്ഞു. എത്ര പറഞ്ഞാലും ഒന്നും മനസ്സിലാവില്ല എന്ന ആരോപണമാണ് അദ്ധ്യാപിക അവനു നേരെ എടുത്തുന്നയിച്ചിരുന്നത്. അത് ശരിയായിരുന്നു താനും. ക്ലാസ്സിലെ ഒരു വിധം കുട്ടികള്‍ക്കും കാര്യത്തിന്റെ ആകെ തുക പിടികിട്ടിയാലും ഇവനു മാത്രം ഒന്നും മനസ്സിലായിട്ടുണ്ടാകില്ല. പരിഹാരം കണ്ടിട്ടു മതി ഇവനെ വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ അയക്കല്‍ എന്ന അന്ത്യശാസനവും കഴിഞ്ഞിരുന്നു.
സത്യത്തില്‍ ടീച്ചറുടെയും രക്ഷിതാക്കളുടെയും തലവേദന ഒഴിവാക്കാനാണ് എനിക്ക് മുമ്പില്‍ എത്തിച്ചതെങ്കിലും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അവനിലെ പ്രശ്നങ്ങളിലേക്കായിരുന്നു. ഒരു ഭാഗത്ത് സ്‌കൂളിലെ അവഗണന, മറുഭാഗത്ത് വീട്ടിലെ ശാസന ഇതിനിടയില്‍ ക്ലാസ്സിലും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഒറ്റപ്പെടുന്ന കുട്ടിയെ അവരാരും കണ്ടില്ല എന്നതാണ് വാസ്തവം. 45 മിനിറ്റ് നീണ്ടു നിന്ന കൗണ്‍സിലിംഗിനു ശേഷം അവനു വേണ്ട ട്രീറ്റ്മെന്റ് പ്ലാന്‍ ചെയ്തു. അതില്‍ വളരെ പ്രധാനപ്പെട്ടത് ഒരു പഠന വൈകല്യ വിദഗ്ദയുടെ മേല്‍നോട്ടത്തിലുള്ളതായിരുന്നു. എന്തായാലും പത്ത് ദിവസം കൊണ്ട് അവനിലെ പ്രശ്നം ഒരു പരിധി വരെ മാറ്റാന്‍ സാധിച്ചു. അവന് അസാധാരണ ഓര്‍മ്മശക്തിയുള്ളവനായിരുന്നെന്നാണ് അവസാനമായി കണ്ടെത്തിയത്. എന്നാല്‍ ആ ഓര്‍മ്മയിലേക്ക് വല്ലതും കയറണമെങ്കില്‍ അസാധാരണമായ മറ്റൊരു രീതിയില്‍ അവന് പറഞ്ഞ് കൊടുക്കേണ്ടതുമുണ്ട്. എന്നാലേ അവനത് മനസ്സിലാകൂ. എന്നാല്‍ മനസ്സിലാക്കി പഠിച്ചതാകട്ടേ അവന്‍ മറന്നു പോകുന്നുമില്ല.
ഇതു പോലെ അനേകം കുട്ടികളുണ്ട് നമ്മുടെ ക്ലാസ്സ് മുറികളില്‍. പ്രഥമ ദൃഷ്ട്യാ ഇവരെ ഒന്നിനും കൊള്ളാത്തവനായി മുദ്രകുത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഇവര്‍ പ്രതിഭകളാണ്. ചെത്തിമിനുക്കിയെടുത്താല്‍ ഇവരില്‍ നമുക്കെന്തും പണിയാം. അതിന് ആദ്യം വേണ്ടത് ഇവരിലെ പ്രശ്നങ്ങള്‍ കണ്ടെത്തുക എന്നതാണ്. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുക. സ്‌കൂള്‍ വിട്ട് വീട്ടിലേക്കെത്തുന്ന കുട്ടികള്‍ പഠനത്തേക്കാളും പ്രാധാന്യം മറ്റു പലതിലുമാണ് നല്‍കുന്നത് എങ്കില്‍ രക്ഷിതാക്കളുടെ ശ്രദ്ധ അവനില്‍ വേണം. മൂന്നാം ക്ലാസ്സിലെത്തിയിട്ടും ഒന്നാം ക്ലാസ്സിലെ പുസ്തകങ്ങള്‍ വായിക്കാനോ പകര്‍ത്തിയെഴുതാനോ സാധിക്കുന്നില്ല എങ്കില്‍ ഉടനടി പരിഹാരം കാണേണ്ടതുമുണ്ട്. എങ്കില്‍ മാത്രമേ അവരെ നമുക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കൂ. ക്ലാസ്സെടുത്തു കൊണ്ടിരിക്കെ അത് ശ്രദ്ധിക്കാതെ ബെഞ്ചിലിരുന്ന് മറ്റു പല പണികളില്‍ ഏര്‍പ്പെടുകയോ മറ്റുള്ള കുട്ടികളെ അകാരണമായി ഉപദ്രവിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അദ്ധ്യാപകരും അവരില്‍ ശ്രദ്ധചെലുത്തണം. അല്ലാതെ അവര്‍ക്ക് ക്ലാസ്സിലിരിക്കാന്‍ താല്‍പര്യമില്ലെന്നും പഠനത്തില്‍ ശ്രദ്ധയില്ലെന്നും പറഞ്ഞ്എഴുതിത്തള്ളരുത്. ഇത്തരക്കാര്‍ക്ക് പഠനത്തോട് താത്പര്യമില്ല എന്നതും ക്ലാസ്സിലിരുന്ന് സഹകരിക്കാനാവില്ല എന്നതും ശരി തന്നെ. എന്നാല്‍ പഠനത്തിന്റെ എല്ലാ വശങ്ങളെയുമല്ല അവര്‍ വെറുക്കുന്നത്. മറിച്ച് നിലവിലെ പഠനരീതികളും അത് നടപ്പിലാക്കുന്ന ക്ലാസ്സ്മുറികളുമാണ് ഇവരില്‍ വിരക്തി ഉണ്ടാക്കുന്നത്.
തുറന്ന് വെച്ച ബക്കറ്റിലേക്ക് വെള്ളം ഒഴിക്കുന്നത് എളുപ്പമാണ്. എന്നാല്‍ തുറന്ന് വെച്ച കുപ്പിയിലേക്ക് വെള്ളം ഒഴിക്കാന്‍ പ്രയാസവും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതുമാണ്. വെള്ളം അകത്ത് കടന്നാലാകട്ടേ കുപ്പിയിലെ വെള്ളം കൂടുതല്‍ സുരക്ഷിതവുമായിരിക്കും. അതു പോലെയാണ് കുട്ടികളുടെ മനസ്സും. മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത് പോലെ ഒരു പാഠ്യ പദ്ധതിയോ അദ്ധ്യാപന രീതിയോ അല്ല ഇവര്‍ക്ക് ആവശ്യം. മറിച്ച് അവരെ അടുത്തറിഞ്ഞ് കൊണ്ടുള്ള അദ്ധ്യാപന രീതിയാണ് അവരുടെ ആവശ്യം. അത് ഉറപ്പ് വരുത്തുക എന്നതാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്.
പലപ്പോഴും സിലബസ് തീര്‍ക്കാനുള്ള ശ്രമത്തിനിടെ അദ്ധ്യാപകര്‍ ബോധപൂര്‍വ്വം ക്ലാസ്സുകളിലൂടെ ഓടുകയാണ് പതിവ്. അതിനിടയില്‍ പാകമെത്താത്ത പൂക്കള്‍ കൊഴിയുന്നത് നാം അറിയാതെ പോകുന്നു. അല്ലെങ്കില്‍ അത് അറിഞ്ഞിട്ടും നിസ്സഹയാരായി നാം നോക്കി നില്‍ക്കുന്നു.
ഇവിടെ ആരെയും കുറ്റപ്പെടുത്തുക എന്നത് ഉദ്ദേശ്യമല്ല. പാഠ്യപദ്ധതി നമ്മുടെ കയ്യിലുണ്ടായിരിക്കെ അത് എല്ലാവരിലും എത്തും വിധം ഉത്തരവാദിത്വപ്പെട്ടവര്‍ അത് പാകപ്പെടുത്തിക്കൂടെ എന്ന ധ്വനിയാണ് ഉയരുന്നത്. പുതിയ കണക്ക് പ്രകാരം ഒരു ക്ലാസിലെ 3 മുതല്‍ 7 വരെ വിദ്യാര്‍ത്ഥികളില്‍ ഇത്തരം പഠനവൈകല്യങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അതു കൊണ്ട് ക്ലാസ്സ് മുറികള്‍ അവര്‍ക്കും കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തണം. അല്ലാത്ത പക്ഷം നമുക്ക് നഷ്ടപ്പെടുന്നത് രാജ്യ വളര്‍ച്ചക്കാവശ്യമായ വലിയൊരു ഊര്‍ജ്ജത്തെയായിരിക്കും.