കഴിഞ്ഞ പ്രളയ കാലത്ത് കോഴിക്കോടുള്ള ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് മഅ്ദിന്‍ മിംഹാറില്‍ നിന്നും പ്രഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ അവിടെ എത്തുന്നത്. ജീവിത സ്വപ്‌നങ്ങള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ അനേകം പേരെയാണ് സംഘം അവിടെ കണ്ടത്. തനിക്കുണ്ടായ നഷ്ടത്തില്‍ മനം നൊന്ത് ഇനിയൊരു തിരിച്ചു വരവ് എങ്ങനെയെന്ന ആശങ്കയിലുമാണ് അവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തത്. ഓരോവര്‍ഷവും പ്രകൃതി ദുരന്തങ്ങള്‍ രണ്ടരകോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നുവെന്നും അയ്യായിരം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോക ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പന്നവും വികസ്വരവുമായ 117 രാജ്യങ്ങളില്‍ യു.എന്‍ നടത്തിയ പഠനത്തില്‍ ഒരു വര്‍ഷം പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നുള്ള നഷ്ടം 327 ദശലക്ഷം ഡോളര്‍ വരുന്നുണ്ടെന്നാണ് കണക്കാക്കിയത്. അതേ സമയം മരുന്നും വിദ്യാഭ്യാസവും അടക്കം ചെലവേറുന്ന കാര്യങ്ങള്‍ കൂടി ചേര്‍ത്താല്‍ ഇത് പ്രതിവര്‍ഷം 520 കോടിയോളം വരും.
ലോകത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ 85 ശതമാനം സ്ഥലങ്ങളും വിവിധ തരത്തിലുളള പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങളാണ്. കേരളം പ്രത്യേകിച്ചും. കേരളത്തിന്റെ ഒരറ്റം അറബികടലും മറ്റേ അറ്റം മലനരികളുമാണെന്നതാണ് അതിനു കാരണം. അതിനാല്‍ തന്നെ നല്ലൊരു മഴവെന്നാലും കാറ്റടിച്ചാലും, കേരളീയന്റെ ചങ്കൊന്ന് പിടക്കും. എന്റെ വീട്, സ്ഥാപനം, ബിസിനസ്, എന്നിങ്ങനെ മനസ്സിനെ ആശങ്കയിലാഴ്ത്തുന്ന ധാരാളം ചിന്തകള്‍ ചേക്കേറി തുടങ്ങും. സത്യത്തില്‍ അനാവശ്യ ചിന്തകളാണവ. മഴക്കാലത്ത് പുറത്തു പോകുമ്പോള്‍ കുട എടുത്തവനേക്കാള്‍ കൂടുതല്‍ ആശങ്ക കുട എടുക്കാത്തവനായിരിക്കും. കാരണം ആദ്യത്തെയാള്‍ മുന്‍കരുതലുകളെടുത്തു എന്നതാണ്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിലും സമാനമായ രീതിയാണ് നാം സ്വീകരിക്കേണ്ടത്. ദുരന്തങ്ങങ്ങളും പകര്‍ച്ചവ്യാധികളും പ്രത്യക്ഷത്തില്‍ നമുക്ക് തടയാവുന്നതല്ല. എന്നാല്‍ അതിന്റെ ഇരയാവലില്‍ നിന്ന് രക്ഷപ്പെടാനും നഷ്ടങ്ങള്‍ കുറക്കാനും നമുക്കാകും. പ്രധാനമായും രണ്ടു രീതിയിലുള്ള ആശങ്കകളാണ് നമ്മളെ അലട്ടാറുള്ളത്. ഒന്ന് ദുരന്തവും പകര്‍ച്ചവ്യാധിയും തന്നെയും കുടുബത്തെയും ബാധിക്കുമോ എന്നാണെങ്കില്‍ മറ്റൊന്ന് തങ്ങളെ ബാധിച്ച ദുരിതത്തില്‍ നിന്ന് എങ്ങനെ കരകയറും എന്നാണ്.
മുകളില്‍ പറഞ്ഞ ആദ്യ പ്രശ്‌നം പരിഹരിക്കുക എളുപ്പമാണ്. അഥവാ ദുരന്തത്തിന്റെയും പകര്‍ച്ചാ വ്യാധിയുടെയും സ്വഭാവത്തെ കുറിച്ച് പഠിച്ച് അത് തന്നെ ബാധിക്കാനുള്ള സാധ്യത എത്രമാത്രമെന്ന് ആലോചിക്കുക. പ്രശ്‌നം ബാധിക്കാനുള്ള ചെറിയൊരു സാധ്യതയെ പോലും നിസാരമായി കാണാതിരിക്കുക. സ്വന്തം വീടും, നാടും, ഏതൊരാള്‍ക്കും പ്രിയപ്പെട്ടതാണ് എന്ന് കരുതി ജീവന്റെ കാര്യത്തില്‍ റിസ്‌ക്കെടുക്കരുതല്ലോ.
മുന്‍കാലങ്ങളില്‍ സമാനമായ ദുരന്തങ്ങളുടെ സ്വഭാവത്തെ കുറിച്ച് പഠിക്കുക വഴി എന്ത് മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്ന് മനസ്സിലാക്കാം. ദുരന്തം വന്ന് ദുരിതാശ്വാസ കാമ്പിലെത്തുന്നതിലും ഭേദം ദുരന്തത്തിനു മുമ്പേ സുരക്ഷിത സ്ഥാനം തേടുന്നതാണ്.
രണ്ടാമതു നാം സൂചിപ്പിച്ച ആശങ്കയാണ് വലിയ വിപത്ത്. തുടക്കത്തില്‍ പ്രതിപാദിച്ച ആത്മഹത്യാ പ്രവണത ഇനി എന്തു ചെയ്യും എന്ന ആശങ്കയില്‍ നിന്നാണ്. ഇവിടെ നഷ്ടം തനിക്കു മാത്രമല്ല. മറ്റുള്ളവര്‍ക്കും ഉണ്ടെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഒരു സമൂഹത്തിനൊന്നാകെ നാശം വിതച്ച ദുരന്തങ്ങള്‍ക്ക് ഗവണ്‍മെന്റ് സഹായങ്ങള്‍ ഉറപ്പാണ്. അത് നേടി എടുക്കുകയാണ് വേണ്ടത്. ഇനി സര്‍വ്വതും നഷ്ടമായാല്‍ തന്നെ അതെല്ലാം ഉണ്ടാക്കിയതാണെന്നും തന്റെ ജീവന് ഒന്ന് പറ്റിയില്ലല്ലോ എന്ന സന്തോഷമാണ് നഷ്ടദുഖങ്ങളേക്കാള്‍ നല്ലത്. കൂടെ നഷ്ടങ്ങളുടെ തോത് കുറക്കാനും നമുക്ക് ശ്രമിക്കാം.