ഒാരോ സമൂഹത്തിനും അവര്‍ ജീവിക്കുന്ന കാലത്തിലും പ്രദേശത്തിലും സന്ദര്‍ഭങ്ങൡ നിന്നും ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടി വരിക സ്വാഭാവികമാണ്. എങ്കിലും മുന്‍ കടന്നുപോയ കാലങ്ങൡ നിന്നും വ്യത്യസ്തമായി, കുറേക്കൂടി സംഭവ ബഹുലമായ ഒരു അന്തരീക്ഷത്തിലാണ് മനുഷ്യസമൂഹം ഇന്നു ജീവിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിനിടയില്‍ മനുഷ്യ സമൂഹം അളവിലും വേഗത്തിലും ഏറ്റവും അധികം പുരോഗതി കൈവരിച്ച ഒരു കാലം കൂടിയാണ് ഇതെന്ന അവകാശ വാദം ചിലര്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. ഇൗ അവകാശ വാദം ആണ് നാം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്ന സങ്കീര്‍ണതകളെ അത്യപൂര്‍വമാക്കുന്നത്. ചരിത്രത്തില്‍ ഏതെങ്കിലും ചില സമൂഹങ്ങളോ, പ്രദേശങ്ങളോ ചില പ്രതേ്യക സന്ദര്‍ഭങ്ങൡ മാത്രം അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ ആണ് ഇപ്പോള്‍ മനുഷ്യ സമൂഹം ആകെയും അനുഭവിക്കേണ്ടി വരുന്നത് എന്നും കാണാം. ആഗോളവത്കരണം എന്ന പദമാണല്ലോ ഇൗ കാലത്തെ വിശദീകരിക്കാന്‍ പലരും വ്യാപകമായി ഉപയോഗിച്ചു പോരുന്നത്. ഏതെങ്കിലും ഒരു രാജ്യമോ സമൂഹമോ അവരുടെ പരിശ്രമങ്ങൡലൂടെ നേടിയെടുത്ത സൗകര്യങ്ങളുടെയും നേട്ടങ്ങളുടെയും, മറ്റു സമൂഹങ്ങൡലേക്കു കൂടിയുള്ള കൈമാറ്റത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇൗ പദം ഉപയോഗിച്ചു പോരുന്നത്. എന്നാല്‍ ഇതിനു സമാന്തരമായി, ഒരു പക്ഷേ ഇതിനേക്കാള്‍ വേഗത്തില്‍ ഒരിടത്തെ മനുഷ്യര്‍ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന പ്രയാസങ്ങളുടെ, വേദനകളുടെ, മറ്റനേകം സംഘര്‍ഷങ്ങളുടെ ആഗോള തലത്തിലെ ദ്രുതഗതിയിലുള്ള വ്യാപനം കൂടിയാണ് നാം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരുദാഹരണം എടുത്താല്‍, സമൂഹത്തിന്റെ വളര്‍ച്ചയില്‍, നാഗരികതകളുടെ സൃഷ്ടിപ്പിലും നിലനില്‍പിലും വലിയ പങ്കു വഹിച്ചത് മനുഷ്യന്റെ സഞ്ചാരങ്ങളാണ്. ഒരിടത്തു മാത്രം തങ്ങി നിന്ന മനുഷ്യര്‍ യാത്ര ചെയ്യാന്‍ തുടങ്ങുകയും കൃഷിയും മറ്റു ജീവനോപാധികളും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് നാഗരികതകള്‍ വളര്‍ന്നു വലുതായതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നാം ഏറെ പുരോഗതി നേടി എന്നവകാശപ്പെടുന്ന ഇൗ വര്‍ത്തമാനകാലത്ത് ഏറ്റവും സ്വാഭാവികമായും സ്വതന്ത്രമായും നടക്കേണ്ട ഒരേര്‍പ്പാട് മനുഷ്യന്റെ സഞ്ചാരങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതോ? ഇന്നു ഏറ്റവും അധികം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖല മനുഷ്യന്റെ സഞ്ചാരങ്ങളാണ്. മനുഷ്യന്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും അവയുടെ ഉത്പാദകര്‍ക്ക് ഇല്ല. ആധുനിക ലോകത്തെ ഏറ്റവും ശക്തമായ സ്വതന്ത്ര സമൂഹം എന്നവകാശപ്പെടുന്ന അമേരിക്കയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പുതിയ നിയമങ്ങള്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്തെ നിരവധി മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും തുടക്കം കുറിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങൡലേക്കു അഭയം തേടിയെത്തുന്ന മനുഷ്യരെ ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നു. ചിലയിടങ്ങൡ ഇതു സംഘര്‍ഷങ്ങൡലേക്കു നീങ്ങുന്ന വാര്‍ത്തകളും നാം കണ്ടു. ഇൗ രാജ്യങ്ങൡലെ പുതിയ അഭയാര്‍ഥി നിയമങ്ങള്‍ കണിശമായ നിയന്ത്രണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചടുത്തോളം ഇൗ സഞ്ചാര നിയന്ത്രണത്തിനു വേറെയും മാനങ്ങളുണ്ട്. സഞ്ചാരികള്‍ അല്ലാത്ത വിശ്വാസികള്‍ വളരെ കുറവായിരുന്നു. ആറാം നൂറ്റാണ്ടിലെ അറേബ്യ പല കാരണങ്ങളെ കൊണ്ട് സഞ്ചാരികളുടെ കേന്ദ്രമായിരുന്നു. മക്കയിലേക്കും മക്കയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇസ്ലാമിനെ നാം ഇന്നു കാണുന്ന രൂപത്തില്‍ വിപുലമാക്കിയത്. നബിതങ്ങളുടെ വലിയ അമാനുഷിക സിദ്ധിയായി എടുത്തുപറയുന്ന ഒരു കാര്യം ഇസ്റാഅ്, മിഅ്‌റാജ് എന്നീ രണ്ടു യാത്രകളാണ്. അങ്ങനെ വിശ്വാസത്തിന്റെ ഭാഗമായി യാത്രയെ കൊണ്ടുനടന്നവരാണ് മുസ്‌ലിംകള്‍.
നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. അയല്‍ സംസ്ഥാനങ്ങൡ നിന്നും മെച്ചപ്പെട്ട ജോലിയും ജീവിതവും തേടിയെത്തുന്നവരോടുള്ള നമ്മുടെ ചില സമീപനങ്ങള്‍, പ്രവാസത്തിലൂടെ രൂപപ്പെട്ടത് എന്നു നാം പറയാറുള്ള മലയാൡയുടെ ജീവിത ബോധത്തിനു ചേര്‍ന്നതാണോ? നാട്ടില്‍ കാണുന്ന അന്യന്‍ അക്രമിക്കപ്പെടേണ്ടവനാണ് എന്ന മനോഭാവം പലയിടങ്ങൡലും വ്യാപകമായി കൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്. ആ നിലക്കുള്ള വാര്‍ത്തകള്‍ ഇന്നൊരു നിത്യ സംഭവമാണ്. വര്‍ഷങ്ങളോളമായി ഒരു രാജ്യത്തു ജീവിച്ച മനുഷ്യരോട് ഒരു സുപ്രഭാതത്തില്‍ ഇവിടം വിട്ടുപോകണം എന്നാവശ്യപ്പെടുന്നതിലെ അതിക്രമം എത്ര വലുതാണ്? അപ്പോള്‍ മനുഷ്യന്‍ ഏറ്റവും പുരോഗമിച്ചു എന്നവകാശപ്പെടുന്ന ഒരു സന്ദര്‍ഭത്തില്‍ തന്നെയാണ് ഇൗ കാര്യങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനുപുറമെയാണ് കാലാവസ്ഥാ വ്യതിയാനം, മാറാ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, ശുദ്ധ ജലക്ഷാമം, തുടങ്ങി ദാരിദ്ര്യം, തൊഴിലില്ലായ്മ, യുദ്ധങ്ങള്‍, അഴിമതി, വര്‍ഗീയത, തീവ്രവാദം, ഭീകരവാദം, അവകാശ ലംഘനങ്ങള്‍ തുടങ്ങിയ ഒട്ടനേകം പ്രശ്നങ്ങള്‍ നാം നേരിടേണ്ടി വരുന്നത്. ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു നിലക്ക്, എല്ലാ മനുഷ്യരും ഇൗ പ്രയാസങ്ങൡലൂടെയെല്ലാം കടന്നുപോകുന്നുണ്ട്. എല്ലാ ജന വിഭാഗങ്ങളും കൂടിയോ കുറഞ്ഞോ തോതില്‍ അനുഭവിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പുറമെ, ഇസ്ലാം മത വിശ്വാസികള്‍ എന്ന നിലയില്‍ മുസ്‌ലിംകള്‍ മാത്രം അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഒട്ടനവധിയാണ്. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഭീതിദമായ പല തെറ്റിധാരണകളും വെച്ചു പുലര്‍ത്തുന്ന ഇടങ്ങൡ ഇൗ പ്രയാസങ്ങള്‍ക്ക് വേറൊരു തലം കൂടി ഉണ്ട്. പുരോഗതിയിലേക്കു അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹികക്രമവുമായി ഇസ്ലാം യോജിച്ചു പോകില്ല എന്നാണ് ഇൗ തെറ്റിധാരണ പരത്തുന്നവര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ആ പ്രചാരങ്ങള്‍ക്കു വലിയ സ്വീകാര്യത ചില ഇടങ്ങൡലെങ്കിലും ലഭിക്കുന്നുണ്ട് താനും. മുസ്ലിംകളെ പ്രതേ്യകം ലക്ഷ്യം വെച്ചുകൊണ്ടുള്ള നിയമ നിര്‍മാണങ്ങളൊക്കെ ലോകത്തിന്റെ പല ഭാഗങ്ങൡലും നടക്കുന്നത് ഇൗ പ്രചാരങ്ങളുടെ പിന്‍ബലത്തിലാണ്. ഒൗദേ്യാഗിക തലങ്ങൡലെ ഇത്തരം നീക്കങ്ങളെക്കാള്‍ മാരകമാണ് പൊതു ഇടങ്ങൡ വിശ്വാസി സമൂഹം നേരിടേണ്ടി വരുന്ന അപമാനിക്കലുകള്‍. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ ഒരു മുസ്ലിം വിശ്വാസിയെ സെക്യൂരിറ്റി ഉദേ്യാഗസ്ഥര്‍ തടഞ്ഞുവെച്ച വാര്‍ത്ത മാധ്യമങ്ങൡ വന്നത് ഇൗയടുത്താണ്. ഇവ്വിധം മുസ്ലിംകളെ സംശയകരമായി കാണുന്ന സാഹചര്യം പലയിടങ്ങൡലും സ്വാഭാവികമായിക്കൊണ്ടിരിക്കുകയാണ്.
1990കളുടെ തുടക്കത്തില്‍, ന്യൂയോര്‍ക്കില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള ഒരു യാത്രക്കിടെ ഞാനും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും കോക്പിറ്റിലിരുന്ന് ആകാശ ദൃശ്യങ്ങള്‍ കാണാന്‍ പൈലറ്റിനോട് സമ്മതം ചോദിച്ചു. അന്നത്തെയൊരു കൗതുകത്തിനു ചോദിച്ചതാണ്. താടിയും തലപ്പാവും നീണ്ട കുപ്പായവുമായിരുന്നു ഞങ്ങളുടെ വേഷം. പൈലറ്റ് അതനുവദിക്കുകയും ചെയ്തു. ഇന്നു ഇങ്ങനെ വേഷം ധരിച്ച ഒരാള്‍ കോക്പിറ്റിന്റെ അടുത്തേക്കു നീങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ? എയര്‍പോര്‍ട്ടുകൡ മുസ്ലിം പേരുള്ളവര്‍ കൂടുതല്‍ വിദഗ്ധമായ സുരക്ഷാ പരിശോധനകള്‍ക്കു വിധേയരാകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു നാല് ദശാബ്ദങ്ങള്‍ക്കിടെ മുസ്ലിംകള്‍ക്കു നേരിടേണ്ടി വന്ന ദുഖകരമായ ഒരു മാറ്റമാണിത്.
ഒരു ഭാഗത്ത് ഇത്തരം ഒറ്റപ്പെടലുകള്‍ അനുഭവിക്കുമ്പോള്‍ തന്നെ മുസ്ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥക്കു കാരണം ഇസ്ലാമാണെന്ന പ്രചാരണവും നടക്കുന്നത്. ഇങ്ങനെ ഒരു ദ്വിമുഖ തന്ത്രമാണ് ശത്രുക്കള്‍ ഇസ്ലാമിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ ശത്രുക്കളും വിമര്‍ശകരും ആഗ്രഹിക്കുന്നതു പോലെ പരിഷ്‌കരിക്കുകയും ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെല്ലാം ഇതിലും രൂക്ഷമായി അനുഭവിക്കേണ്ടി വരും എന്ന നിലപാടാണ് ഇൗ വ്യാജ പ്രചാരകര്‍ക്കുള്ളത്. അതനുസരിച്ചുള്ള നയ നിലപാടുകളും സമീപനങ്ങളും വികസന പദ്ധതികളുമാണ് ലോകത്തെ വിവിധ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഇവര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍, ഒരു മുസ്ലിം അയാളുടെ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ അളന്നു തിട്ടപ്പെടുത്തുക സാധ്യമല്ല. ‘എന്റെ സമുദായത്തിനു ഒരു കാലം വരും. എണ്ണത്തില്‍ അവര്‍ കൂടുതലായിരിക്കും. വിഭവസമൃദ്ധമായ തീന്മേശയിലേക്കു ഭക്ഷണം എടുക്കാന്‍ ചുറ്റുപാടു നിന്നും കൈകള്‍ ഉയര്‍ന്നുവരുന്നത് പോലെയായിരിക്കും അക്കാലത്ത് അവര്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുക’ എന്നു നബി തങ്ങള്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ.
ഇൗ പ്രതിസന്ധികളെ എല്ലാം കൂടി നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? മുസ്ലിംകള്‍ സ്വയവും അവരുടെ ജീവിതത്തില്‍ പല നിലക്കും താത്പര്യമുള്ളവരും മുസ്ലിംകളുടെ ഭാവിയെ കുറിച്ച് പല നിലക്കും ഇന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തായിരിക്കും ഇൗ ഭൂലോകത്ത് മുസ്ലിംകളുടെ ഭാവി ജീവിതത്തിന്റെ സ്വഭാവം? ഒാരോ രാജ്യങ്ങളും സമൂഹങ്ങളും ഇൗ ചോദ്യത്തെ അവരവരുടെ സാമൂഹിക രാഷ്ട്രീയ ജീവിത സാഹചര്യങ്ങൡലിരുന്നു പ്രതേ്യകം പ്രതേ്യകം ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവി, അമേരിക്കന്‍ മുസ്‌ലിംകളുടെ ഭാവി, ഇസ്ലാമിന്റെ ഭാവി യൂറോപ്പില്‍, എന്നൊക്കെയുള്ള തലക്കെട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങൡ ചര്‍ച്ചകളും സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും നടന്നുവരുന്നു. പലരും ഇൗ പ്രശ്നങ്ങളെ പല രീതികൡ മനസ്സിലാക്കാന്‍ ശ്രമിക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു. രാഷ്ട്രീയമായി പരിഹരിക്കാം എന്നതാണ് ഒരു വാദം. നയപരമായ തീരുമാനങ്ങളെടുത്തു തീര്‍ക്കാം. തെരഞ്ഞെടുപ്പുകൡ പ്രതേ്യക നയങ്ങള്‍ എടുക്കുന്നതിലൂടെ പരിഹരിക്കാം, യുദ്ധത്തിലൂടെ, അധിനിവേശത്തിലൂടെ, അതിക്രമങ്ങൡലൂടെ, സമരങ്ങൡലൂടെ തുടങ്ങി പുതിയ കാലത്തോട് ചേരും വിധം മുസ്ലിംകള്‍ സ്വയം മാറിയാല്‍ മാത്രമേ ഇവയൊക്കെ ശാശ്വതമായി പരിഹരിക്കപ്പെടൂ എന്നിങ്ങനെ വിപുലവും വിശാലവുമായ പരിഹാര മാര്‍ഗങ്ങളാണ് ഇൗ ചര്‍ച്ചകളും സംവാദങ്ങളും മുസ്ലിംകള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ഇൗ പരിഹാര മാര്‍ഗങ്ങൡ പലതും പലരും പലപ്പോഴായി സ്വീകരിക്കുകയും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ മുസ്ലിം സമുദായത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തീവ്ര നിലപാടുകള്‍ ഉള്ള സംഘടനകള്‍ ഭീകരപ്രവര്‍ത്തനങ്ങൡലൂടെ മുസ്ലിംകള്‍ക്കു സുരക്ഷിതമായ ഒരു ഭാവി കൈവരിക്കാം എന്നു വിശ്വസിക്കുമ്പോള്‍, നവീകരണവാദികള്‍ ഇസ്ലാമിന്റെ അടിസ്ഥാന നിലപാടുകളെ തന്നെ അഴിച്ചുപണിതുകൊണ്ടു മാത്രമേ ഒരു സുരക്ഷിത ഭാവി സ്വന്തമാക്കാന്‍ കഴിയൂ എന്നു വിശ്വസിക്കുന്നവരാണ്. അതിനു വേണ്ടി ഇക്കൂട്ടരെല്ലാം തന്നെ വലിയ തോതിലുള്ള പണവും സമയവും ഉൗര്‍ജവും അധ്വാനവും ചെലവാക്കുകയും ചെയ്യുന്നു. പക്ഷെ മുസ്ലിംകളുടെ സാമൂഹിക സ്ഥിതിയില്‍, അവരനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൡ ഇതു ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടോ? പല മാര്‍ഗങ്ങൡലൂടെ നാം പരിഹരിക്കാന്‍ ശ്രമിച്ച പ്രശ്നങ്ങള്‍ എല്ലാം അപ്പടി തുടരുകയാണു എന്നുമാത്രമല്ല, അവ ദിവസം കഴിയും തോറും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു മുസ്ലിമിനു അവന്റെ ജീവിതകാലത്തും അതിനു ശേഷവും നേരിടാവുന്ന ഏറ്റവും വലിയ വെല്ലുവിൡഅവന്‍ ചുറ്റുപാടുമുള്ള ആളുകളാല്‍ ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുന്നു എന്നതല്ല. മറിച്ചു, അവനു ഒരു പൂര്‍ണ വിശ്വാസിയായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുക എന്നതാണ്. ഇൗ വെല്ലുവിൡയുമായി തട്ടിച്ചു നോക്കുമ്പോള്‍ മറ്റുള്ളവയെല്ലാം നിസാരമായ കാര്യങ്ങളാണ് എന്നു മാത്രമല്ല, പൂര്‍ണ വിശ്വാസിയായി ജീവിക്കാന്‍ വേണ്ടി അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങള്‍ എല്ലാം തന്നെ വിശ്വാസിയെ സംബന്ധിച്ചെടുത്തോളം അവന്റെ നന്മയുടെ അളവിനെ ഏറ്റുന്ന കാര്യങ്ങളാണ് താനും. അപ്പോള്‍ പരിഹരിക്കാന്‍ ശ്രമിക്കും തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇൗ പ്രതിസന്ധിയെ നാം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്. അതോ ഇതു പലരും കരുതുന്നതു പോലെയുള്ള ഒരു പ്രതിസന്ധിയേ അല്ല എന്നാണോ? പ്രശ്നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുന്നതില്‍, അവയുടെ മൂല കാരണങ്ങള്‍ എന്താണ് എന്ന് തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുകയാണോ?
ന ാം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നാം തന്നെ പറയുന്ന കഥകള്‍, കാരണങ്ങള്‍ തെറ്റാണ് എന്നാണോ? പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ അര്‍ഥം, പ്രശ്നത്തെ കുറിച്ച് നാം പറയുന്ന കഥകൡ കാര്യമായ എന്തൊക്കെയോ തെറ്റുകള്‍ ഉണ്ട്, അവക്ക് സാരമായ എന്തോ തകരാറുണ്ട് എന്ന് തന്നെയാണ്. പ്രശ്നങ്ങളെ തെറ്റായാണ് മനസ്സിലാക്കുന്നത് എന്ന് വരുമ്പോള്‍ അത്തരം മനസ്സിലാക്കലുകളെ അടിസ്ഥാനപ്പെടുത്തി നാം രൂപീകരിക്കുന്ന ആലോചനകളും പരാജയപ്പെടുക സ്വാഭാവികമാണല്ലോ. അസുഖം വന്നു നാം ഒരു ഡോക്ടറെ കാണുന്നു എന്നു കരുതുക. ലക്ഷണങ്ങളൊക്കെ പരിശോധിച്ച് ഡോക്ടര്‍ ചികിത്സ നിര്‍ദേശിക്കുകയും അതിനനുസരിച്ചുള്ള മരുന്നുകളും നല്‍കുന്നു. ചിലപ്പോള്‍ ഒാപ്പറേഷന്‍ നിര്‍ദേശിക്കുന്നു. ഇതൊക്കെ ചെയ്തിട്ടും രോഗം മാറുന്നില്ല. അല്ലെങ്കില്‍ രോഗം മുമ്പത്തേക്കാളും രൂക്ഷമാകുന്നു എന്നു കരുതുക. അപ്പോള്‍ ഒരാള്‍ സ്വാഭാവികമായും എന്താണ് ചെയ്യുക? വിദഗ്ദനായ മറ്റൊരു ഡോക്ടറെ കാണും. അയാള്‍ ലക്ഷണങ്ങള്‍ നോക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷം വളരെ കുറഞ്ഞ പൈസയുടെ ചെറിയൊരു മരുന്ന് നിര്‍ദേശിക്കുന്നു. അത് കഴിച്ച ശേഷം നിങ്ങളുടെ രോഗം മാറുന്നു. അപ്പോള്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു പ്രശ്നം? രോഗത്തെ കുറിച്ച് ഡോക്ടര്‍ പറഞ്ഞ, നാം വിശ്വസിച്ച കഥയിലെ പിഴവാണ് നമ്മളെ ഇൗ ഗതിയിലേക്ക് തള്ളിവിട്ടത്. നമ്മുടെ രോഗം രൂക്ഷമാക്കിയത്. രോഗത്തെ വഷളാക്കിയത് രോഗം മാത്രമല്ല, രോഗത്തെ നാം സമീപിച്ച രീതി കൂടിയാണ്. അതിലെ താളപ്പിഴവുകളാണ്.
അപ്പോള്‍ വിശ്വാസികള്‍ എന്ന നിലയിലുള്ള നമ്മുടെ പ്രാഥമികമായ ബാധ്യത, നാം ജീവിക്കുന്ന കാലത്തെ കുറിച്ചും, ആ കാലത്തിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ കുറിച്ചുമുള്ള ശരിയായ വിശദീകരണങ്ങളും കാരണങ്ങളും കണ്ടെത്തുകയും പറയുകയും ചെയ്യുക എന്നുള്ളതാണ്. കാരണം ഒരു സമുദായം/വ്യക്തി നേരിടുന്ന പ്രശ്നങ്ങളെ കൃത്യമായും കണിശമായും മനസ്സിലാക്കാന്‍ ആ വ്യക്തിക്കും സമുദായത്തനും മാത്രമേ കഴിയൂ. അകത്തു നിന്നു ഉരുത്തിരിഞ്ഞുവരുന്ന വിശദീകരങ്ങളോട് പുറത്തുനിന്നുള്ള നിരീക്ഷണങ്ങള്‍ കിടപിടിക്കില്ല. ഇൗ പ്രപഞ്ചവുമായി, ജൈവീകമായ ബന്ധം പുലര്‍ത്തുന്നവര്‍ വിശ്വാസികളാണ്. ഇൗ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അല്ലാഹുവുമായി ഇത്രയും ഋജുവായ, ലൡതമായ, അനാദിയായ, മൗലികമായ, മഹത്വമാര്‍ന്ന, ബന്ധം പുലര്‍ത്താന്‍ മറ്റാര്‍ക്കും ഭാഗ്യം ലഭിച്ചിട്ടില്ല. അല്ലാഹുവിന്റെ ഏറ്റവും സുതാര്യമായ സന്ദേശം കൈപ്പറ്റാന്‍ ഭാഗ്യം ലഭിച്ചവരാണവര്‍. ആ സന്ദേശം നബി തങ്ങൡലൂടെ ഏറ്റവും അടുത്തു നിന്നു മനസ്സിലാക്കിയവര്‍ എന്ന നിലയില്‍ സ്ഥായിയായി പരിഹരിക്കാനും സഹായിക്കുന്ന വിശദീകരണങ്ങള്‍ നല്‍കാന്‍ വിശ്വാസികള്‍ക്കെ കഴിയൂ. മിഅ്‌റാജിന്റെ രാത്രി, പ്രവാചകന് മുന്നില്‍ മദ്യവും പാലും കൊണ്ട് വന്നു. പ്രവാചകന് മുന്നില്‍ മാത്രമല്ല, മനുഷ്യരാശിയുടെ തന്നെ മുന്നില്‍ സര്‍വ്വശക്തന്‍ നല്‍കിയ രണ്ടു സാധ്യതകള്‍ ആയിരുന്നു അത്. വ്യത്യസ്തമായ രണ്ടു ലോക വീക്ഷണങ്ങളെയാണ് മദ്യവും പാലും പ്രതിനിധീകരിക്കുന്നത്. നബി തങ്ങള്‍ പാല്‍ തെരഞ്ഞെടുത്തു. അപ്പോള്‍ നിങ്ങള്‍ അനാദിയായ, മൗലികമായ, ശുദ്ധമായ ജൈവികതയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് ജിബ്രീല്‍ (അ ) പറഞ്ഞു. ഇൗ സമുദായത്തിന്റെ തുടക്കവും ലക്ഷ്യവും മാര്‍ഗവും അനാദിയായ, മൗലികമായ, ശുദ്ധമായ ആ ജൈവികതയാണ്. അതുകൊണ്ടു തന്നെ, ഇൗ ലോകത്തെ, അതില്‍ സംഭവിക്കുന്ന മാര്‍ഗഭ്രംശങ്ങളെ, അതിന്റെ മൗലികതയില്‍ നിന്ന് കൊണ്ട് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്കെ കഴിയൂ.
മുസ്ലിംകള്‍ എങ്ങനെയാണ് കാലത്തെ കുറിച്ച് ചിന്തിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി മാത്രമേ ഇങ്ങനെയൊരു മനസ്സിലാക്കല്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ, മുസ്ലിംകളുടെ ഭാവിയെ കുറിച്ചാണ് നാം ആലോചിക്കുന്നത്. അപ്പോള്‍ എന്താണ് മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ഭാവി എന്നതിനെ അടിസ്ഥാനമാക്കി മാത്രമേ നമുക്കിതു സാധിക്കുകയുള്ളൂ. മുസ്‌ലിംകളുടെ ഭാവിയെ കുറിച്ചുള്ള ഇപ്പോഴത്തെ ആലോചനകളും യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം അനുഭവിക്കാന്‍ പോകുന്ന ഭാവി കാലവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍, വ്യത്യസ്ത ദിശയില്‍ സഞ്ചരിക്കുന്ന സമയ ബോധത്തെ ഒന്നാക്കിയെടുക്കാനുള്ള ശ്രമമാണ് പലപ്പോഴും നാം നടത്തുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും സുന്ദരമായ കാലം ഏതാണ്? ഏറ്റവും മോശമായ കാലം ഏതാണ്. ഏറ്റവും മികച്ച കാലം എന്റേതും പിന്നെ അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കാലങ്ങളുമാണെന്നാണ് നബി തങ്ങള്‍ പറഞ്ഞത്. ആ നിലക്ക് മുസ്‌ലിംകള്‍ക്ക് അവരുടെ ഏറ്റവും മികച്ച കാലം അവരെ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഒരു മുസ്‌ലിമിന് ലഭ്യമായ ഏറ്റവും മോശം കാലത്താണ് വര്‍ത്തമാനകാല മുസ്‌ലിംകള്‍ ജീവിക്കുന്നത്. എന്നാല്‍ മുസ്‌ലിം ഭാവിയെ കുറിച്ചുള്ള നമ്മുടെ ആലോചനകള്‍ തുടങ്ങുന്നതെങ്ങിനെയാണ്? ഏറ്റവും മികച്ച ഒരു കാലം മുസ്‌ലിംകള്‍ക്ക് ഇൗ ഭൂമിയില്‍ വരാനിരിക്കുന്നു എന്ന സങ്കല്‍പത്തില്‍ നിന്നാണ്. ഇൗ രണ്ടു ആലോചനകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ആറാം നൂറ്റാണ്ടിലെ ലോക ബോധത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിനു അനുയോജ്യമാക്കിമാറ്റുക എന്നാണല്ലോ പലരും പറയാറുള്ളത്. ആറാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ലോക ബോധം എന്നത് മുസ്‌ലിംകളെ അപഹസിക്കാനുള്ള ഒരു കാര്യമായാണല്ലോ പലരും എടുത്തുദ്ധരിക്കാറുള്ളത്. ഇനി, അറിവിന്റെ കാര്യമെടുത്താലോ. കൂടുതല്‍ അറിവുള്ള, വൈജ്ഞാനിക വിപ്ലവങ്ങള്‍ നടക്കുന്ന ഒരു കാലത്തേക്ക് ഇസ്ലാമിനെ എങ്ങനെ നവീകരിക്കണം എന്നാണു ഭാവിയെ കുറിച്ചുള്ള പ്രധാന ആലോചനകൡ ഒന്ന്. എന്നാല്‍ കാലം ചെല്ലുന്തോറും അറിവ് കുറഞ്ഞു കുറഞ്ഞു അവസാന കാലമാകുമ്പോഴേക്കും അറിവ് ഉയര്‍ത്തപ്പെടും എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഖുര്‍ആന്റെ ഏറ്റവും മികച്ച വ്യാഖ്യാനം നബി തങ്ങളുടെ ജീവിതത്തോടെ കഴിഞ്ഞു പോയി. അങ്ങനെ ഒരിടത്ത് ഇസ്ലാമിന്റെ മികച്ച വ്യാഖ്യാനങ്ങള്‍ വരട്ടെ എന്ന വാദത്തിന്റെ പ്രസക്തി എന്താണ്?
പ്രവാചകനു ശേഷമുള്ള ലോകത്തെ മുഴുവന്‍ മുസ്ലിംകളുടെ വിശ്വാസവും ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ) ന്റെ വിശ്വാസവും തൂക്കി നോക്കിയാല്‍ സിദ്ധീഖ്(റ) ന്റെ ഇൗമാനായിരിക്കും കൂടുതല്‍ എന്നാണല്ലോ. അപ്പോള്‍ ഒരു മുസ്‌ലിമിന്റെ ആത്യന്തിക മാതൃകകൡലൊന്ന് സിദ്ധീഖ്(റ) ജീവിച്ചതുപോലെ ജീവിക്കാന്‍ കഴിയുക എന്നതാണ്. അതായത് കഴിഞ്ഞു പോയ കാലത്തെ വരാനിരിക്കുന്ന കാലത്ത് ജീവിക്കുക എന്നതാണ് മുസ്ലിമിന്റെ ലക്ഷ്യം. അതാണ് ചരിത്രവുമായുള്ള മുസ്ലിമിന്റെ ബന്ധം. അവനെ സംബന്ധിച്ചെടുത്തോളം നടന്ന ശേഷം മാറി നില്‍ക്കുന്ന ഒന്നല്ല, അവന്റെ ജീവിതത്തില്‍ ഇപ്പോഴും തുടരുന്ന, ഇടപെടുന്ന ഒന്നാണ്. മരിച്ചുപോയ മഹാന്മാരായ ആളുകളെ കുറിച്ച് മുസ്‌ലിംകള്‍ക്കുള്ള വിശ്വാസവും അതാണല്ലോ. അങ്ങനെയെങ്കില്‍ അടിസ്ഥാനപരമായി ഭൂതകാലത്തെ ഭാവിയാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് മുസ്ലിംകള്‍ എന്ന് വരും. മാത്രവുമല്ല, മുസ്ലിംകളുടെ ഭാവി പലരും കരുതുന്നത് പോലെ അസന്നിഗ്ദ്ധമായ ഒന്നല്ല. മറിച്ചു വളരേ തീര്‍ച്ചകള്‍ ഉള്ള ഒന്നാണ്. ഇൗ സമുദായത്തിന്റെ ഭാവിയെ കുറിച്ച് നബി തങ്ങള്‍ സ്വഹാബത്തിനോട് പലപ്പോഴായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നബി തങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ജീവിച്ചു തീര്‍ക്കുകയാണ് മുസ്‌ലിംകള്‍ ഇപ്പോള്‍ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ മുസ്‌ലിം ഭാവനയില്‍ നാം കരുതുന്നതു പോലെയുള്ള വരാനിരിക്കുന്ന, അപ്രതീക്ഷകള്‍ക്കു ഇടമുള്ള ഒരു ഭാവികാലം ഇല്ല. മറിച്ചു മുന്‍കൂട്ടി പറഞ്ഞ, പ്രതീക്ഷിച്ചിരിക്കുന്ന ഒരു ഭാവി കാലമേയുള്ളൂ.
ഇങ്ങനെയൊരു ആലോചനയില്‍ നിന്ന് മുസ്ലിം ഭാവിയെ എങ്ങനെ കണ്ടെത്തും എന്നതാണ് നമ്മുടെ പ്രധാന വെല്ലുവിൡ ഏഴാം നൂറ്റാണ്ടിലെ മദീനയിലെ മുസ്ലിംകളുടെ സാമൂഹിക ബോധം എന്നത് ഒരാക്ഷേപമായല്ല, മറിച്ചു ഒരലങ്കാരമായി നാം എങ്ങനെ മാറ്റും എന്ന് കൂടിയാണ് ആ വെല്ലുവിൡയില്‍ അടങ്ങിയിരിക്കുന്ന ചോദ്യം. വരാനിരിക്കുന്നതല്ല, വന്നു കഴിഞ്ഞതാണ് മികച്ച ഭാവി എന്നെങ്ങനെ നാം സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്തും? പ്രശ്ന രഹിതമായ ജീവിതമാണ് മുസ്‌ലിംകള്‍ക്ക് വേണ്ടി അല്ലാഹു കരുതി വെച്ചത് എന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള നമ്മുടെ ആലോചനകള്‍ തുടങ്ങുന്നതു തന്നെ. നിങ്ങളുടെ മുന്‍ഗാമികള്‍ക്കു അനുഭവിക്കേണ്ടി വന്നത് പോലെയുള്ള വേദനാജനകമായ അനുഭവങ്ങൡലൂടെ കടന്നു പോകാതെ നിങ്ങള്‍ക്ക് ലക്ഷ്യത്തില്‍ എത്താന്‍ കഴിയും എന്ന് കരുതുന്നുണ്ടോ എന്നാണു ഖുര്‍ആന്റെ ചോദ്യം. പക്ഷെ, അത്തരം അനുഭവങ്ങള്‍ നമുക്ക് പരാതിപ്പെടാനുള്ള നിമിത്തങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ്. അതിനപ്പുറത്തേക്കുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കാന്‍ പോലും നമ്മുടെ വിശ്വാസ പരിസരം നമ്മെ അനുവദിക്കുന്നില്ല. നമ്മുടെ ഇൗമാനിന്റെ ദുര്‍ബലത അത്രമാത്രമുണ്ട്.
ദുനിയാവ് വിശ്വാസിയുടെ ജയിലറയാണ് എന്നാണു നബി തങ്ങള്‍ പറഞ്ഞത്. ഇൗ ജയിലറയില്‍ നിന്ന് പീഡനങ്ങള്‍ അല്ലാതെ, മാറ്റി നിര്‍ത്തലുകള്‍ അല്ലാതെ, പരിഹസിക്കലുകള്‍ അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ നിര്‍വാഹമില്ല. മറ്റെല്ലാം പോലെ ഇൗ ജയിലറയും അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഇൗ ജയിലറയില്‍ നിന്നും മികച്ച വാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ആരാണ്? ഇൗ ലോകം അവിശ്വാസിയുടെ സ്വര്‍ഗമാണു എന്നു കൂടി നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ. അതായത് ജയിലറയില്‍ നിന്നും നല്ല പരിലാളന പ്രതീക്ഷിക്കുന്നുവെങ്കില്‍ നമ്മുടെ വിശ്വാസത്തിനു എന്തോ തകരാറുണ്ട് എന്നാണു അര്‍ത്ഥം. നിങ്ങളെ ഉത്തമ സമുദായമായി തെരഞ്ഞെടുത്തിരിക്കുന്നു എന്നത് അല്ലാഹുവിന്റെ മറ്റൊരു വാഗ്ദാനമാണ്. അന്തിമ വിജയം വിശ്വാസിയുടേത് ആണ് എന്നതും അവന്റെ വാഗ്ദാനങ്ങൡ പെട്ടതാണ്. ഇൗ വാഗ്ദാനങ്ങൡ അവിശ്വസിക്കാന്‍ നമുക്ക് കാരണങ്ങള്‍ ഒന്നുമേയില്ല. അപ്പോള്‍ ഒരു വിശ്വാസിയുടെ ജീവിതം ദുരിത പൂര്‍ണമാകുന്നു എന്നത് ഒരു വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ്. ശൂന്യതയില്‍ നിന്നാണ് നബി തങ്ങള്‍ ഒരുത്തമ സമുദായത്തെ പടച്ചത്. ഇൗ സമുദായം അതിന്റെ സംസ്ഥാപന കാലത്ത് അനുഭവിച്ച പീഡനങ്ങള്‍, അവയോടു താരതമ്യപ്പെടുത്താവുന്ന മറ്റെന്തെങ്കിലും പിന്നീട് ഉണ്ടായിട്ടുണ്ടോ? പക്ഷെ, അവരാരും ആ പീഡനത്തെ, പീഡനമായി കണ്ടില്ല, അതില്‍ പരാതി പറഞ്ഞില്ല. പകരം, അവരുടെ വിശ്വാസത്തെ മൂര്‍ച്ച കൂട്ടിയെടുക്കാനുള്ള മാര്‍ഗങ്ങളാണ് എന്നു കണ്ടു. കാരണം അല്ലാഹുവിന്റെ വാഗ്ദാനങ്ങൡ പ്രതീക്ഷയുള്ളവരായിരുന്നു അവര്‍. അല്ലാഹു നല്‍കിയ അളവറ്റ പ്രതീക്ഷകൡ, അതിന്റെ പ്രലോഭനങ്ങൡ വശംവദരായവര്‍, അവര്‍ക്കു നിരാശകൡല്ല. ഉണ്ടാകാന്‍ പാടുമില്ല. അതിരൂക്ഷമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഇടങ്ങൡലെ മുസ്‌ലിംകളുടെ ജീവിതത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. അവര്‍ പല തരം വേദനകളെ ഇടതടവില്ലാതെ നേരിട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ കണ്ണും നട്ടിരിക്കുന്നു. തകര്‍ന്ന പള്ളികള്‍ പുനര്‍ നിര്‍മിച്ച് നിസ്‌കരിക്കാന്‍ ആരംഭിക്കുന്നു. ഒാരോ തവണ തകര്‍ക്കപ്പെടുമ്പോഴും വീണ്ടും പുനര്‍ നിര്‍മിക്കാനും തകര്‍ക്കപ്പെടാനും അവസരം കാത്തിരിക്കുന്ന പള്ളികളാണ് അവയെന്ന് അവര്‍ക്കറിയാം. അതിനേക്കാളേറെ, അവ അല്ലാഹുവിന്റെ ഭവനങ്ങളാണ് എന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാണ് പ്രതീക്ഷ എന്നു പറയുന്നത്.
ഒരു കാലത്ത് അങ്ങേയറ്റം സമ്പന്നവും പ്രതാപപൂര്‍ണവുമായ ഇന്ത്യയിലെ മുസ്‌ലിം നഗരങ്ങൡലൂടെ യാത്ര ചെയ്യുന്നവര്‍ക്കറിയാം. അവിടങ്ങൡലെ മുസ്‌ലിംകള്‍ ഇപ്പോള്‍ കൂടുതലായും ചെയ്യുന്ന ജോലി തകര്‍ന്ന ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യലാണ്. കേടായ സൈക്കിള്‍റിക്ഷ മുതല്‍ വിപണിയിലെ ഏറ്റവും വിലകൂടിയ കാര്‍ വരെ അവര്‍ മികച്ച കയ്യടക്കത്തോടെ റിപ്പയര്‍ ചെയ്തു കൊടുക്കുന്നു. ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഒാഫീസ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ദരിയാഗഞ്ചിലൂടെ നിങ്ങള്‍ ഒന്ന് യാത്ര ചെയ്തു നോക്കൂ. തകര്‍ന്ന വാഹനങ്ങളുമായി റിപ്പയര്‍ ഷോപ്പുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ കാണാം. ആ കടകള്‍ ഭൂരിഭാഗവും മുസ്‌ലിംകളുടേതാണ്. ഒരു കാലത്ത് ഡല്‍ഹിയില്‍ പ്രതാപികളായി ജീവിച്ചവരുടെ പിന്‍തലമുറക്കാരാണവര്‍. തകര്‍ന്ന വാഹനങ്ങളെ കൂട്ടിയിണക്കി അവര്‍ മികച്ച വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നു. മുസ്ലിംകളുടെ ഭാവിയെ കുറിച്ചു ആലോചിക്കുമ്പോള്‍ ദരിയാഗഞ്ചിലെ, ഇൗ റിപ്പയര്‍ ഷോപ്പുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. തകര്‍ന്ന വാഹനങ്ങളെ എന്തൊരു കയ്യടക്കത്തോടെയാണ്, എന്തൊരു ശുഭാപ്തി വിശ്വാസത്തോടെയാണ്, അവര്‍ ഏറ്റുവാങ്ങി നന്നാക്കിയെടുക്കുന്നത്. തകര്‍ന്ന വാഹനങ്ങളെ കുറിച്ച് ആ മുസ്‌ലിം ചെറുപ്പക്കാര്‍ പുലര്‍ത്തുന്ന ശുഭാപ്തി വിശ്വാസത്തെ, തങ്ങളുടെ സാങ്കേതികമായ കയ്യടക്കത്തിലൂടെ ആ വിശ്വാസത്തെ യാഥാര്‍ത്ഥ്യമാക്കുന്ന അവരുടെ സിദ്ധിയെ നമുക്ക് നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക്, വിശ്വാസത്തിന്റെ തലത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ? തകര്‍ന്നു എന്ന് നമുക്ക് തോന്നി തുടങ്ങിയ നമ്മുടെ ജീവിത സാഹചര്യങ്ങളെ, സമീപനങ്ങളെ, ആലോചനകളെ നമുക്ക് റിപ്പയര്‍ ചെയ്യാന്‍ കഴിയുമോ?
ഇൗ പുതുക്കിപ്പണിയലിനുള്ള വിഭവങ്ങള്‍ നമ്മള്‍ എവിടെ നിന്നാണ് കണ്ടെത്തേണ്ടത്? തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഇൗ ചോദ്യത്തിന് പലരും പല ഉത്തരങ്ങളാണ് നല്‍കുന്നത്. അവരവര്‍ വിഭാവനം ചെയ്യുന്ന ഭാവി എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇൗ ഉത്തരങ്ങള്‍. പക്ഷെ, ഇസ്ലാം വിഭാവനം ചെയ്യുന്ന മുസ്ലിംകളുടെ ഭാവി കിടക്കുന്നത് ഇസ്ലാമിന്റെ തന്നെ ഭൂതകാലത്തിലാണ്. വിശ്വാസി സമൂഹം എന്ന നിലയില്‍ നാം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ നമ്മള്‍ കരുതുന്നത് പോലെ പുതിയതല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നത് ആ ഭൂതകാലമാണ്. ഒരു പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം, ആ പ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവിച്ചവര്‍ അതെങ്ങനെയാണ് പരിഹരിച്ചതെന്നു മനസ്സിലാക്കലാണ്. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നമ്മുടെ മതപരമായ ജീവിതത്തിനു നേരെ വെല്ലുവിൡകള്‍ ഉയര്‍ത്തുമ്പോള്‍ ആ ഭൂതകാലത്തിലാണ് നമ്മുടെ പ്രതീക്ഷ.