സ്വാതന്ത്രസമര കാലത്ത് പട്ടാളക്കാരനായിരുന്ന ഉപ്പയുടെ സ്മരണയില്‍ ഒരു കുടുംബം ഇപ്പോഴും മലപ്പുറത്തെ പുല്ലാണിക്കോടിലുണ്ട്. കപ്പുകുത്ത് പൊറ്റമ്മല്‍ അയമുട്ടിമൊല്ല വിടപറഞ്ഞിട്ട് ഈ ഹജ്ജ് മാസം 18 ന് രണ്ട് വര്‍ഷം ആകുന്നേയുള്ളൂ. ബാപ്പയുടെ ഓര്‍മകള്‍ മകന്‍ അബ്ദുല്‍ ഖാദര്‍ പങ്കുവെച്ചത് അത്യാഹ്ലാദപൂര്‍ണമായിരുന്നു.
രണ്ടു തവണകളിലായാണ് അയമുട്ടി മൊല്ല മിലിട്ടറി സര്‍വ്വീസില്‍ പ്രവേശിച്ചിരുന്നത്. 1943 മെയ് 20നായിരുന്നു ആദ്യം സര്‍വ്വീസില്‍ കയറിയത്. സ്വാതന്ത്ര സമര കാലഘട്ടമായിരുന്നുവത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് മിലിറ്ററിയില്‍ ചേര്‍ന്നാല്‍ ഇന്ത്യയെ സ്വതന്ത്രമാക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മിലിറ്ററി എന്ന ഉദ്യമത്തിന് രാജ്യ സ്‌നേഹം കാരണം പലരും മുതിരുന്നത്. മഞ്ചേരിയില്‍ വെച്ചായിരുന്നു റിക്രൂട്ട്‌മെന്റ് നടന്നിരുന്നത്. കല്‍ക്കത്ത യൂണിറ്റിലേക്കായിരുന്നു അദ്ദേഹത്തിന് സെലക്ഷന്‍ ലഭിച്ചിരുന്നത്. സെലക്ഷന്‍ കിട്ടി പൂനെയില്‍ എത്തിയപ്പോള്‍ രണ്ടോ മൂന്നോ ദിവസം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ഒന്നാമത് മുസ്‌ലിം, രണ്ടാമത് ഇദ്ദേഹം എങ്ങനെയുള്ള ആളാണ് എന്നറിയാത്ത പ്രശ്‌നം. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ എന്തെങ്കിലും ചെയ്യാനാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അദ്ദേഹത്തെ ജയിലിലടക്കുന്നത്. ജയിലിലായ വിവരം അദ്ദേഹം കമ്പി മുഖേനെ നാട്ടിലേക്കെത്തിച്ചു. വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ഉപ്പ (കുഞ്ഞിമുഹമ്മദ്)അന്നത്തെ അധികാരിയോട്, അയമുട്ടി മൊല്ല കുഴപ്പക്കാരനല്ലെന്ന ഒരെഴുത്ത് വാങ്ങി അയച്ചു. ഇത് മുഖേനെ അദ്ദേഹം ജയില്‍ മോചിതനായി.
2015 ല്‍ പുല്ലാണിക്കോടിലെ ഇര്‍ഷാദു സിബിയാന്‍ മദ്രസയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ അല്‍ ഇര്‍ഷാദ് സുവനീറില്‍ അയമുട്ടി മൊല്ലയോട് നേരിട്ട് ചോദിച്ച് പകര്‍ത്തിയെടുത്ത എം. അലവി എഴുതിയ മനച്ചിപ്പിയിലെ ‘മങ്ങാത്ത മണിമുത്തുകള്‍’ എന്ന ഫീച്ചറില്‍ പറയുന്നത് കാണാം, മഞ്ചേരിയില്‍ കുട്ടി രായിന്‍ റെയിഞ്ചറുടെ പീടിക മുകളില്‍ വെച്ചായിരുന്നു റിക്രൂട്ട്മെന്റ്. വിവരം കേട്ടപാടെ ജ.ചൊക്രന്‍ സൈതാലിയുടെയും മര്‍ഹൂം പാക്കാടന്‍ അഹമ്മദിന്റെയും കൂടെ മഞ്ചേരിയിലേക്ക് പോയി. അഹമ്മദ് കുട്ടിക്കും മൊല്ലാക്കക്കും കല്‍ക്കത്ത യൂണിറ്റിലേക്ക് സെലക്ഷന്‍ കിട്ടി. 14 ദിവസം കണ്ണൂര്‍ ക്യാമ്പില്‍ നിര്‍ത്തിയ ശേഷം ട്രൈനിംഗിന് പൂനെയിലുള്ള ദേവദാരി പട്ടാള ക്യാമ്പിലേക്ക് പറഞ്ഞയച്ചു. പിന്നീട് ബോംബെ പറളി ക്യാമ്പിലും വീണ്ടും പൂനെ ക്യാമ്പിലുമായി ഒരു വര്‍ഷത്തെ കടുത്ത പരിശീലനം. ശേഷം കല്‍ക്കത്ത യൂണിറ്റായ സൂദ്പൂര്‍ ക്യാമ്പില്‍ നിയമിച്ചു. ശേഷം രണ്ട് കൊല്ലത്തോളം ജോലി ചെയ്തു. (പേജ് 52)
ഇക്കാലയളവില്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സേനയെ സഹായിക്കാന്‍ ജപ്പാനിലേക്കുള്ള റിക്രൂട്ട്മെന്റിന് അയമുട്ടി മൊല്ലാക്കയും ഉള്‍പ്പെടേണ്ടി വന്നു. അദ്ദേഹം യാത്ര പറയാന്‍ നാട്ടില്‍ വന്നു. പക്ഷെ, അയമുട്ടി മൊല്ലയുടെ ഉപ്പ അതിന് സമ്മതിച്ചില്ല. യുദ്ധത്തിനല്ലേ പോകുന്നത്? വല്ല ആപത്തും സംഭവിച്ചാല്‍.. അതായിരുന്നു ആ ഉപ്പയുടെ ഖല്‍ബ് നിറയെ. പക്ഷെ, അദ്ദേഹത്തിന്റെ ഉപ്പ പാണക്കാട്ടെ തങ്ങളെ അടുത്ത് പോയി തന്റെ മകന്‍ ഇങ്ങനെയൊരു യുദ്ധത്തിനു വേണ്ടി ജപ്പാനിലേക്ക് പോകുന്നുണ്ടെന്നും വിഷയത്തിന്റെ ഗൗരവവും തങ്ങളെ അറിയിച്ചു. അതില്‍ നിന്ന് എങ്ങനയെങ്കിലും തന്റെ മകനെ രക്ഷപ്പെടുത്തണമെന്നായിരുന്നു ആ ഉപ്പാക്കുണ്ടായിരുന്നത്. യുദ്ധത്തിന് തയ്യാറായി അവിടേക്ക് ചെന്നപ്പോള്‍ എന്തോ കുദ്‌റത്തിന് അദ്ദേഹത്തെയും ചിലരെയും നിങ്ങള്‍ പോവേണ്ട എന്ന് പറഞ്ഞ് അതില്‍ നിന്ന് മാറ്റി നിറുത്തി.
ആഗ്ര കാമ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നിസ്‌കരിക്കാനും മറ്റും തടസം നേരിടേണ്ടി വന്നിട്ടില്ല. മൂന്ന് മുസ്‌ലിം പട്ടാളക്കാര്‍ക്ക് വേണ്ടി മാത്രം അവരുടെ കമാന്‍ഡറിന്റെ പ്രത്യേക താത്പര്യ പ്രകാരം നിസ്‌കാര പള്ളിയും കാന്റീനും പാചകക്കാരനെയും അനുവദിച്ചിരുന്നത്രേ. ഗ്യാന്‍സിങ് എന്നുപേരുള്ള സിക്കുകാരനായിരുന്നു അദ്ദേഹത്തിന്റെ കമാന്‍ഡര്‍. കലാപം നടക്കുന്ന സമയത്ത് തന്നെ പട്ടാളക്കാര്‍ തമ്മില്‍ തന്നെ രജ്ഞിപ്പില്ലായിരുന്നത്രേ. അയമുട്ടി മൊല്ലയെ പ്രത്യേകം ഈ കമാന്‍ഡര്‍ ശ്രദ്ധിക്കുമായിരുന്നു. ”അയമുട്ടി അവരെ കൂടെ നിക്കണ്ട, ഞാന്‍ പറയുന്ന പോലെ ചെയ്താല്‍ മതി” എന്ന് ആ കമാന്‍ഡര്‍ അദ്ദേഹത്തോട് പറയുമായിരുന്നു. ആ കമാന്‍ഡറെ അയമുട്ടി മൊല്ല നല്ല മനസോടെയാണ് എപ്പോഴും സ്മരിക്കാറുണ്ടായിരുന്നു.
ഗാന്ധിജിയെ ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഗാന്ധിജി ഒരാളെയും കുറ്റം പറയാറില്ലായിരുന്നു എന്നതാണതിന്റെ കാരണം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രാജ്യം രണ്ടാവുന്ന സമയത്ത് ഭയങ്കരമായ വര്‍ഗീയതായായിരുന്നു. ഈ ജാതീയമായ അവസ്ഥയിലും എല്ലാ മതങ്ങളെയും ഒരുമിപ്പിച്ച് ഏകോദരസഹോദരന്മാരായി കൊണ്ടു പോകാന്‍ ഏറ്റവും പങ്ക് വഹിച്ചത് ഗാന്ധിജിയാണെന്നാണ് അദ്ദേഹം മക്കളോട് പറയാറുണ്ടായിരുന്നത്. ‘നമ്മള്‍ പരസ്പരം കലഹിക്കേണ്ടവരല്ല, പരസ്പരം ഒരുമിച്ച് ജീവിക്കേണ്ട സഹോദരന്മാരാണെ’ന്നായിരുന്നു ഗാന്ധിജി എപ്പോഴും പറയാറുണ്ടായിരുന്നത്. കല്‍ക്കത്ത, ഡല്‍ഹി, ബോംബെ ഇവിടെങ്ങളിലൊക്കെ സര്‍വ്വീസ് നടത്തിയപ്പോള്‍ ഗാന്ധിജിയെ ഒരുപാട് തവണ അദ്ദേഹം കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വളരെയെധികം ആഘോഷ പ്രകടനങ്ങളുണ്ടായിരുന്നു എല്ലായിടത്തും. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ രൂക്ഷമായ വര്‍ഗീയ കലാപങ്ങളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തില്‍ കലാപങ്ങള്‍ കുറവായിരുന്നെങ്കിലും ഗാന്ധിജിയുടെ നാടായ ഗുജറാത്തിലായിരുന്നു അന്നേ കൂടുതല്‍ കലാപങ്ങള്‍ നടന്നിരുന്നത്. ഗാന്ധിജിയാണ് അതില്‍ ഇടപ്പെട്ട് ഇന്ത്യയെ ഇത്രമാത്രം മതേരതരത്വ സ്വഭാവത്തിലേക്ക് എത്തിച്ചെതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
ഒരിക്കല്‍ അദ്ദേഹവും കൂടെയുള്ളവരും കല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഒരു മെസേജ് വന്നത്. ”ഉദ്യോഗസ്ഥരൊക്കെ ജാഗരൂകരായി നില്‍ക്കണം, മന്ത്രി വരുന്നുണ്ട്…” ട്രെയിന്‍ വന്നപ്പോള്‍ ആളുകളൊക്കെ കൂടി. അദ്ദേഹം ആകാംക്ഷയോടെ നോക്കിയപ്പോഴതാ ട്രെയിനില്‍ നിന്നും വലിയൊരു മനുഷ്യന്‍ പുറത്തിറങ്ങുന്നു. അബുല്‍ കലാം ആസാദ് ആയിരുന്നുവത്. റെയില്‍വേ സ്റ്റേഷനില്‍ ഒരു ആല്‍ത്തറയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ഒരു കൂജയില്‍ വെള്ളം കൊണ്ടുവന്നു അവിടെ വെച്ചു. ഒരു ജീവനക്കാരന്‍ കൂജയില്‍ നിന്ന് വെള്ളം ആല്‍ത്തറയില്‍ കുടഞ്ഞ് തുടച്ച് വൃത്തിയാക്കി വെച്ചു. അബുല്‍ കലാം ആസാദ് നേരെ ആ ആല്‍ത്തറയില്‍ ചെന്ന് മുസ്വല്ല വിരിച്ചു നിസ്‌കരിച്ചു. നിസ്‌കാരം കഴിയുന്നത് വരെ ആ ട്രെയിന്‍ അവിടെ വെയ്റ്റ് ചെയ്തു പോലും. ഈ ഒരു സംഭവത്തെ ഗാന്ധിജി ഉണ്ടാക്കിയ മതേതരത്വമാണെന്ന് തെളിയിക്കാനുള്ള ഉദാഹരണമായി അദ്ദേഹം പറയാറുണ്ടായിരുന്നു .
21 ന്റെ കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന വീടുകളെ അന്ന് മച്ചിങ്ങല്‍ പ്രദേശത്തൊക്കെ ഉണ്ടായിരുന്നൊള്ളൂ. വാറങ്കോടില്‍ നിന്ന് നോക്കിയാല്‍ പുല്ലാണിക്കോട്ടിലേക്ക് നല്ല കാഴ്ചയായിരുന്നു. അന്ന് ആണുങ്ങളെ പുറത്ത് കണ്ടാല്‍ ബ്രിട്ടീഷുകാര്‍ വെടിവെക്കുമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇഷ്ടം പോലെ വിഹരിച്ചിരുന്ന കാലഘട്ടം. കലാപത്തിന് നേതൃത്വം നല്‍കുന്നത് ആണുങ്ങളായത് കൊണ്ടാണിതിനു കാരണം. ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാര്‍ വളരെയധികം ഭയപ്പെട്ടിരുന്നു. ആ യുദ്ധത്തില്‍ സ്ത്രീകള്‍ വരെ പങ്കെടുത്തിരുന്നു എന്ന ഒരു ഖ്യാതിയുമുണ്ട്. അന്നത്തെ കാലഘട്ടത്തിലൊക്കെ സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ മാപ്പിളമാരുടെ ധൈര്യത്തിന്റെ ഉറവിടം എന്താണെന്ന് ബ്രിട്ടീഷുകാര്‍ അത്ഭുതപ്പെട്ടിരുന്നു. സ്ത്രീ വേഷം ധരിച്ച പുരുഷന്മാരാണ് യുദ്ധത്തില്‍ പങ്കെടുത്തതെന്നാണ് അയമുട്ടി മൊല്ല പറയാളുള്ളത്. ആണുങ്ങളെ കണ്ടാല്‍ വെടിവെക്കുന്നത് കൊണ്ടാണ് സ്ത്രീവേഷം ധരിച്ചിരുന്നത്. അതു കൊണ്ട് തന്നെ ആണുങ്ങള്‍ ഈ പ്രദേശത്തില്‍ ഒളിഞ്ഞും മറഞ്ഞുമാണ് ജീവിച്ചിരുന്നത്. ഒരിക്കല്‍ വാറങ്കോടില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ബൈനോകുലര്‍ വെച്ച് പുല്ലാണിക്കോട് പ്രദേശത്തേക്ക് നോക്കിയപ്പോള്‍ പരിസരത്ത് വീട്ടില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടു. അപ്പോള്‍ തന്നെ അവര് അവിടെ നിന്ന് ഷൂട്ട് ചെയ്തു. അയാള്‍ വെടി കൊണ്ടു മരിച്ചു.
ഈ സംഭവത്തെ പ്രത്യുത സോവനീറില്‍ പറയുന്നതായി കാണാം, മലപ്പുറത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആണ്‍ തരിയുണ്ടോ എന്നറിയാന്‍ ദൂരദര്‍ശിനിയുടെ സഹായത്താല്‍ മിഴി നട്ടിരിക്കുന്ന വെള്ളപ്പട്ടാളക്കാരന്റെ കണ്ണില്‍ ഉടക്കിയത് വീടന്റെ മാളിക മുകളില്‍ തന്റെ പേരകുട്ടിയുമായി മത്താരണക്ക് (അഴികള്‍ ഇല്ലാത്ത ജനല്‍) അപിരെ ചാരുപടിയില്‍ (ഒരു കാലോടു കൂടി മൂന്ന് ഭാഗവും മത്താരണക്കും ചുമരിനും ചാരി സ്ഥാപിച്ച ഉയരം കൂടിയ പടി അഥവാ കട്ടില്‍) തല ചാരിക്കിടന്ന വയോധികന്‍ മര്‍ഹൂം അയ്യുപ്പറത്ത് പടിക്കല്‍ വീട്ടില്‍ മച്ചിങ്ങല്‍ ഈസ്സുപ്പുട്ടി അലവി കാക്ക എന്നവരായിരുന്നു. വെള്ളക്കാരന്‍ വാറങ്കോടുനിന്നും സൂത്രം പിടിച്ച് കാഞ്ചി വലിച്ചു പുല്ലാണിക്കോടിന്റെ വിരിമാറില്‍ ബ്രിട്ടീഷ് കിരാത വാഴ്ചയുടെ ചുടു നിണം ഇറ്റു വീണു. മഹാനവര്‍കള്‍ വീര മൃത്യുവരിച്ചു. ശഹീദായി. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ വീട്ടുവളപ്പില്‍ തന്നെ മാന്യദേഹത്തെ ഖബറടക്കുകയായിരുന്നു. ഈ വീടും, വെടിയേറ്റ അതേ ചുമരും ചാരുപടിയും വാതിലും മത്താരണയും മഹാനവര്‍കളുടെ ഖബറും ഇന്നും പുല്ലാണിക്കോട്ടില്‍ നില നില്‍ക്കുന്നു എന്നതിന് ചരിത്രം സാക്ഷി (പേ. 50, 51). പള്ളിയിലേക്ക് മറവ് ചെയ്യാന്‍ കൊണ്ടു പോകണമെങ്കില്‍ ആണുങ്ങള്‍ പുറത്തിറങ്ങണമല്ലോ. ആ ഒരു പ്രയാസം അനുഭവിച്ചതിന്റെ പേരിലാണ് അവിടെ തന്നെ മറവ് ചെയ്തത്.
1946 സെപ്തംബര്‍ 25 നാണ് അയമുട്ടി മൊല്ല ഒന്നാം സര്‍വ്വീസില്‍ നിന്ന് രാജി വെച്ച് ഇറങ്ങിയത്. അന്ന് പട്ടാളത്തില്‍ നിന്ന് പോരുന്നവര്‍ക്ക് പത്ത് ഏക്കര്‍ സ്ഥലം സൗജന്യമായി കൊടുക്കുമായിരുന്നു. അയമുട്ടി മൊല്ലക്കും ലഭിച്ചു വയനാട്ടിലെ അമ്പലവയനാട്ടില്‍ പത്ത് ഏക്കര്‍. അഞ്ച് ഏക്കര്‍ കരയും അഞ്ച് ഏക്കര്‍ പാടവും. അന്നൊക്കെ വയനാട് പ്രദേശം പേടിപ്പെടുത്തുന്ന സ്ഥലമായിരുന്നു. പക്ഷെ തന്നെ നോക്കാന്‍ ആരുമില്ലെന്ന തന്റെ ഉപ്പയുടെ ആവലാതിയില്‍ ആ സ്ഥലമൊക്കെയും സര്‍ക്കാറിനു തന്നെ തിരിച്ചു നല്‍കി. അത് തിരിച്ചു നല്‍കിയ നഷ്ടത്തെ കുറിച്ച് മക്കള്‍ അയമുട്ടിമൊല്ലയോട് പറയുമ്പോള്‍ അദ്ദേഹം പറയമായിരുന്നു, നമുക്ക് അല്ലാഹു കണക്കാക്കിയതെ കിട്ടൂ എന്ന്. ഇങ്ങനെ സ്ഥലം കിട്ടിയവര്‍ അക്കാലത്ത് അവിടെ കാട് വെട്ടിത്തെളിക്കാന്‍ പോയപ്പോള്‍ കൊതുക് കടിയേറ്റും ആനയുടെ ചവിട്ടേറ്റുമൊക്കെ മരിച്ചിരുന്നത്രേ. 1948 സെപ്തംബര്‍ 3 നാണ് അയമുട്ടി മൊല്ലയുടെ രണ്ടാം പ്രവേശം. ഇന്ത്യന്‍ പട്ടാളത്തിന്റെ മദ്രാസ് റെജിമെന്റിലേക്ക് ഡ്രൈവര്‍ തസ്തകിയിലേക്കാണ് ഈ നിയമനം. ശേഷം അഹമ്മദാബാദിലും ആഗ്രയിലും മറ്റും ജോലി ചെയ്തു. ശേഷം 1951 ആഗസ്റ്റ് 13 നാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ് വീണ്ടും നാട്ടിലെത്തിയത്. അന്നത്തെ കാലത്ത് നാടു വിട്ട് പോകുന്നത് വലിയ ഒരു സംഭവമാണ്. അദ്ദേഹത്തിന്റെ ഉപ്പക്ക് പ്രായമായ സമയത്ത് മകനെ വിളിച്ചു പറഞ്ഞു, ”നീ പോയാല്‍ എന്നെ നോക്കാന്‍ ആരാ ഇവിടെ ഉള്ളത്?”. അങ്ങനെ തന്റെ ഉപ്പയെ നോക്കാനാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്നും രാജിവെച്ച് പോന്നത്. പട്ടാള ജീവിതത്തിനു ശേഷം, പിതാവിന്റെ മരണത്തോടെ നാട്ടിലെ മൊല്ലാക്കയായിട്ടായിരുന്നു ജീവിച്ചിരുന്നത്. നാട്ടിലെ മൊല്ലാക്ക സ്ഥാനത്ത് നിന്ന് കൊണ്ട് വീടുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തിയും കൃഷി കാര്യങ്ങളില്‍ ശ്രദ്ധിച്ചും മറ്റ് ദീനീ കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചുമാണ് ജാതിമതഭേദമന്യേ തന്നെ എല്ലാവരെയും സമീപിച്ചിരുന്നത്. നാട്ടിലും അയല്‍ നാട്ടിലുമുള്ള എല്ലാ ജനങ്ങള്‍ക്കും ഏതു നീറുന്ന പ്രശന്ങ്ങള്‍ക്കും ദീനി ചിട്ടയില്‍ അധിഷ്ഠിതമായ പരിഹാരം നിര്‍ദേശിക്കുമായിരുന്നു അദ്ദേഹം. 97-ാം വയസിലായിരുന്നു അയമുട്ടി മൊല്ലയുടെ മരണം. മരിക്കുന്നത് വരെ അദ്ദേഹം ഹിന്ദി നന്നായി സംസാരിക്കുമായിരുന്നു. അന്ന് അദ്ദേഹത്തിന് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തതതിന് ഒരു മെഡല്‍ ഇപ്പോഴും വീട്ടിലുണ്ട്. ഒരു ഭാഗത്ത് ജോര്‍ജ് പതിനാലാമന്റെ മുഖ ചിത്രവും മറു ഭാഗത്ത് രണ്ട് മൃഗങ്ങളുടെയും ചിത്രവുമാണ് മുദ്രണം ചെയ്തിരിക്കുന്നത്. അന്നത്തെ കാലത്ത് തന്നെ അദ്ദേഹത്തിന് ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് ലഭിക്കുന്ന ഫൈബര്‍ പ്ലേറ്റുകളും പാത്രങ്ങളുമൊക്കെ കൊണ്ടുവരാറുണ്ടായിരുന്നു. അക്കാലത്ത് നമ്മുടെ നാടുകളില്‍ പ്ലേറ്റുകളൊന്നും സുലഭമല്ലാത്ത കാലമായിരുന്നു. അതും ഉപ്പായുടെ ഓര്‍മക്കായി ആ വീട്ടില്‍ എടുത്തുവെച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം മരിക്കുന്നത് വരെ രണ്ടാം ലോക മഹായുദ്ധത്തിന് പങ്കെടുത്തതിനുള്ള ധനസഹായം ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ചിരുന്നു. ഇനിയും ഒരുപാട് ഓര്‍മകള്‍ പങ്കുവെക്കാനുണ്ട് ആ കുടുംബത്തിന്. ഇന്ത്യയുടെ സ്വാതന്ത്ര്യം കടന്നു വരുമ്പോള്‍ തങ്ങളുടേത് മാത്രമെന്ന് അവകാശപ്പെടാനുള്ള നല്ല ഓര്‍മകള്‍ എപ്പോഴും അവര്‍ക്ക് നിഴലായ് കൂടെ വരും