No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

കൊന്നാര് വെറുമൊരു ഗ്രാമമല്ല

കൊന്നാര് വെറുമൊരു ഗ്രാമമല്ല
in Religious
July 10, 2019
റാഷിദ് അബ്ദുല്‍ അസീസ് ചീക്കോട്

റാഷിദ് അബ്ദുല്‍ അസീസ് ചീക്കോട്

യാത്രാ സൗകര്യങ്ങള്‍ പുരോഗതി പ്രാപിക്കാത്ത കാലത്തു പോലും വൈജ്ഞാനിക മുത്തുകള്‍ തേടി വ്യത്യസ്ത നാടുകളില്‍ റോന്തുചുറ്റിയ സാദാത്തുക്കളാണ് കൊന്നാര മഖാമിന്റെ സവിശേഷത. വിശാലമായ നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കാനില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ പ്രവാചകര്‍ (സ്വ) യുടെ സന്തതികള്‍ കൊന്നാരില്‍ എത്തിയിട്ടുണ്ട്.

Share on FacebookShare on TwitterShare on WhatsApp

പഴയ മദ്രാസ് സംസ്ഥാനത്തില്‍ ചെറുവായൂര്‍ അംശം മപ്രം ദേശത്തില്‍ പെട്ട ചെറിയ ഒരു ഗ്രാമമാണ് കൊന്നാര്. തെളിഞ്ഞൊഴുകുന്ന ചാലിയാറിന്റെ തീരത്ത് ഉയര്‍ന്നു നില്‍ക്കുന്ന പള്ളിമിനാരങ്ങളും അതിന്റെ ചാരത്തായി അന്ത്യവിശ്രമം കൊള്ളുന്ന സാദാത്തുക്കളുമാണ് ഈ നാടിനെ പ്രശോഭിതമാക്കുന്നത്. യാത്രാ സൗകര്യങ്ങള്‍ പുരോഗതി പ്രാപിക്കാത്ത കാലത്തു പോലും വൈജ്ഞാനിക മുത്തുകള്‍ തേടി വ്യത്യസ്ത നാടുകളില്‍ റോന്തുചുറ്റിയ സാദാത്തുക്കളാണ് കൊന്നാര മഖാമിന്റെ സവിശേഷത. വിശാലമായ നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കാനില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ പ്രവാചകര്‍ (സ്വ) യുടെ സന്തതികള്‍ കൊന്നാരില്‍ എത്തിയിട്ടുണ്ട്.

കൃത്യമായി പറഞ്ഞാല്‍, ക്രിസ്താബ്ദം 1778 ലാണ് കൊന്നാരില്‍ നബികുടുംബം ആദ്യമായി എത്തിച്ചേരുന്നത്. കരുവന്‍തിത്തിയിലെ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടെ ഇളയ മകനായ സയ്യിദ് മുഹമ്മദ് ബുഖാരിയാണ് കൊന്നാരില്‍ നബി കുടുംബത്തിന് അടിത്തറപാകിയത്. അദ്ദേഹത്തിന്റെ ഇരുപത്തൊമ്പതാം വയസിലാണദ്ദേഹം കൊന്നാരില്‍ എത്തിച്ചേരുന്നത്. തികഞ്ഞ മത ഭക്തനും പണ്ഡിതനുമായിരുന്ന അബ്ദുറഹ്മാന്‍ ബുഖാരിയില്‍ നിന്നും വേണ്ടുവോളം വിജ്ഞാനവും ആത്മീയതയും നേടിയെടുത്ത മഹാന്‍ കൊന്നാരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഒരു ആശ്രയവും അത്താണിയുമായി മാറി. അരീക്കോടിനടുത്ത് വടക്കുംമുറിയില്‍ നിന്നും ഒരു തരുണിയെ തന്റെ ജീവിത സഖിയായി അദ്ദേഹം സ്വീകരിച്ചു. ആസന്തോഷ ദാമ്പത്ത്യത്തില്‍ സയിദ് അബ്ദുറഹ്മാന്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി എന്നീ പുത്രന്മാരും ഒരു പുത്രിയം ജനിച്ചു. ഇവരുടെ സന്താന പരമ്പരയാണ് ഇന്ന് കൊന്നാരിലും പരിസര ദേശങ്ങളിലും കാണപ്പെടുന്ന ബുഖാരീ സാദാത്തീങ്ങളിലധികവും.പുത്രിയെ പിന്നീട് തന്റെ സഹോദരന്‍ ബാഫഖ്‌റുദ്ദീന്‍ (റ) ന്റെ കുടുംബത്തിലേക്ക് വിവാഹം ചെയ്തയക്കുകയാണുണ്ടായത്.
മഹാനായ സയ്യിദ് മുഹമ്മദ് ബുഖാരി തന്റെ പൂര്‍വ്വ പിതാക്കളില്‍ നിന്നും പാരമ്പര്യമായി കൈമാറി വന്ന ആത്മീയ ശുദ്ധിയും ദൈവഭക്തിയും കൈമുതലാക്കിയാണ് ജീവിതം നയിച്ചത്. ഓരോ ചുവടും വളരെ സൂക്ഷ്മതയോടെ മുന്നോട്ട് വെച്ച മഹാന്‍ തന്റെ ആത്മീയ വിശുദ്ധികൊണ്ടും ജീവിത പരിശുദ്ധികൊണ്ടും കൊന്നാരിന്റെ ചരിത്രത്തില്‍ ഒരു തിലകക്കുറി ചാര്‍ത്തി. ഋതുഭേദങ്ങള്‍ മാനിക്കാതെ ചാലിയാറിന്റെ ഓളങ്ങളില്‍ ചൂണ്ടയെറിഞ്ഞും മത്സ്യം പിടിച്ചും ജീവിച്ചിരുന്ന ഒരു പ്രദേശത്ത്, അറിവിന്റെ പ്രഭ ചൊരിഞ്ഞ് ഒരു വലിയ ജനസഞ്ചയത്തിനു ദിശാബോധം നല്‍കിയ മഹാന്‍ കൊന്നാരിന്റെ നവോത്ഥാന നായകനെന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. താന്‍ നിര്‍മ്മിച്ച പള്ളിയില്‍ ദിക്‌റിലും ഫിക്‌റിലുമായി കഴിഞ്ഞുകൂടിയ തങ്ങള്‍ തന്നെത്തേടി കൊന്നാരിന്റെ തീരത്തണയുന്ന ആയിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ സമയം കെണ്ടത്തി. നാനാ ജാതി മതസ്ഥര്‍ ആ അണയില്‍ നിന്നും തീര്‍ത്ഥം ആവോളം കോരിക്കുടിച്ചു. പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും ഊരാകുടുക്കില്‍ അകപ്പെട്ടു ജീവിതം തന്നെ ദുസ്സഹമായ ആയിരങ്ങള്‍ക്ക് അവരുടെ പ്രയാസങ്ങള്‍ ഇറക്കി വെക്കാനുള്ള അത്താണിയായി അദ്ദേഹം നിലകൊണ്ടു.

ജീവിതത്തിലുടനീളം മഹാനവറുകളില്‍ നിന്നും കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. അദ്ദേഹം കൊന്നാരിലെത്തിച്ചേരുന്ന സമയം അവിടുത്തെ നാട്ടുഭരണം എറക്കേട് കുടുംബത്തിന്റെ അധീനതയിലായിരുന്ന. അന്നത്തെ എറക്കോട് കുടുംബത്തിന്റെ കാരണവര്‍ തന്റെ കാലശേഷം കുടുംബ നേതൃത്വം ഏല്‍പ്പിക്കാന്‍ ഒരു പിന്‍മുറക്കാരനില്ലല്ലോ എന്ന വേവലാധിയില്‍ കഴിയുമ്പോഴാണ് മഹാനെക്കുറിച്ചറിയുന്നത്.പിന്നീട് ഒട്ടും താമസിയാതെ തന്നെ കാര്യസ്ഥനെയും കൂട്ടി കാരണവര്‍ സയ്യിദ് മുഹമ്മദുല്‍ ബുഖാരിയെ സമീപിക്കുകയും തന്റെ വേവലാധി അറിയിക്കുകയും ചെയ്തു. കാരണവര്‍ പറഞ്ഞു ”എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഇതിനു മുമ്പും പലവട്ടം ഗര്‍ഭം ധരിച്ചിട്ടുണ്ട്. പ്രസവിക്കുമ്പോള്‍ ജീവനില്ലാത്ത രൂപത്തിലോ വികൃത രൂപത്തിലോ അണ് എന്റെ മക്കളെ കാണപ്പെടാറുള്ളത്.

പ്രശ്‌നപരിഹാരത്തിനായി ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. അവിടുന്ന് എന്നെ ഒന്നു സഹായിക്കണം. എന്റെ പ്രശ്‌നത്തിനൊരു പരിഹാരം നിര്‍ദ്ദേശിച്ചു തരണം.” പ്രയാസങ്ങള്‍ മുഴുവന്‍ സശ്രദ്ധം ശ്രവിച്ച മഹാന്‍ പറഞ്ഞു ”എനിക്ക് നിങ്ങളുടെ വീട്ടില്‍ വന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും വേണ്ടത് ചെയ്യാനും താല്‍പര്യമുണ്ട്. ഉടന്‍തന്നെ നമുക്കു പോകാം.’ അങ്ങനെ തങ്ങള്‍ കാരണവരുടെ വീട്ടിലേക്ക് വന്നു. വീടും പരിസരവും ചുറ്റിക്കറങ്ങി വീക്ഷിച്ച ശേഷം മഹാന്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കുറച്ചു നേരം മന്ത്രിച്ച ശേഷം ആ വെള്ളം കാരണവരുടെ ഭാര്യക്ക് കുടിക്കാന്‍ കൊടുത്തു.വെള്ളം കുടിച്ച് കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീക്ക് എന്തൊക്കെയോ അസ്വസ്തതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് അവള്‍ തറയില്‍ ബോധമറ്റ് വീണു. പിന്നീടവള്‍ ഞങ്ങളെ ബുദ്ധിമുട്ടാക്കരുത് എന്നും പറഞ്ഞ് അലമുറയിടാന്‍ തുടങ്ങി. ഒരു കുട്ടിയെക്കൂടി ഞങ്ങള്‍ക്ക് വേണമെന്ന് ആ സ്ത്രീയിലുള്ള പിശാച് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഉന്‍െ സയ്യിദവര്‍കള്‍ പറഞ്ഞു ”നിങ്ങള്‍ ഇത്രയും കാലം ഈ സ്ത്രീയെ പ്രയാസപ്പെടുത്തി. ഇനി ശല്യം ചെയ്യാന്‍ ഞാനനുവദിക്കില്ല. ഉടന്‍ ഇറങ്ങിപ്പോകണം. ഈ കുട്ടിക്ക് എന്റെ ഉപ്പാപയുടെ പേര് ഇസ്മാഈല്‍ എന്ന് ഞാന്‍ നാമകരണം ചെയ്തിരിക്കുന്നു.”

തങ്ങളുടെ വാക്കുകള്‍ ഒരു പ്രകമ്പനമായി അന്തരീക്ഷത്തില്‍ അലയടിച്ചു. അതോടെ ആ സ്ത്രീ എല്ലാ പൈശാചിക ശല്യങ്ങളില്‍ നിന്നും മോചിതയാവുകയും ഇസമാഈല്‍ എന്ന പേരില്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇന്നും ഈ സംഭവത്തെ അധാരമാക്കി എറക്കോട് കുടുംബത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇസ്മാഈല്‍ എന്ന് പേര് നല്‍കി വരുന്നു.

സയ്യിദ് മുഹമ്മദുല്‍ ബുഖാരിയുടെ മഹത്വം മനസ്സിലാക്കിയ അന്നത്തെ വലിയ വലിയ ഔലിയാഉം പണ്ഡിതന്മാരും അദ്ദേഹത്തോട് അങ്ങേയറ്റം ആദരവ് പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ മഹാനായ മമ്പുറം തങ്ങള്‍ കൊന്നാര് ഭാഗത്ത് എത്തിച്ചേര്‍ന്നു. മമ്പുറം തങ്ങളുടെ ആഗമനം ജനങ്ങള്‍ അ ഘോഷമാക്കി. തങ്ങളവറുകള്‍ക്ക് സേവനം ചെയ്യാനും സാമീപ്യം നേടാനും തിക്കും തിരക്കും കൂട്ടുകയായിരുന്നു ജനം. എന്നാല്‍ അന്നാട്ടിലെ തന്നെ സയ്യിദ് മുഹമ്മദുല്‍ ബുഖാരിയുടെ മഹത്വം മനസ്സിലാക്കാതെയാണല്ലോ അവര്‍ തന്നെ ഇത്രമേല്‍ പരിഗണിക്കുന്നതെന്ന കാര്യം മമ്പുറം തങ്ങളെ അസ്വസ്തനാക്കി. അങ്ങനെ മമ്പുറം തങ്ങള്‍ നിറയെ വെള്ളമുള്ള ഒരു കിണര്‍ കാണിച്ച് അതു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. അദ്യം ജനങ്ങള്‍ ഒന്നു ശങ്കിച്ചു നിന്നെങ്കിലും അവര്‍ പെട്ടന്ന് തന്നെ കിണര്‍ തേവി വറ്റിച്ച. അങ്ങുതമെന്നു പറയട്ടെ, കിണറ്റിനടിയില്‍ നിന്നും ഒരു പാത്രം കണ്ടെത്തി. അവരത് മമ്പുറം തങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വച്ചു. തങ്ങള്‍ ആ പാത്രം തുറക്കാന്‍ അവശ്യപ്പെട്ടു. നിര്‍ദ്ദേശപ്രകാരം തുറന്ന് നോക്കിയപ്പോള്‍ മാരകമായ രീതിയില്‍ മാരണക്കെണികള്‍ അതിനകത്തു ചെയ്തു വെച്ചതായി കാണപ്പെട്ടു. ഉടനടി മമ്പുറം തങ്ങള്‍ അത് ദുര്‍ബലപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് തങ്ങള്‍ സയ്യിദ് മുഹമ്മദുല്‍ ബുഖാരിയെ ചെന്ന് കാണാന്‍ അടുത്തുള്ളവരോടു പറഞ്ഞു. അങ്ങനെ മുഹമ്മദുല്‍ ബുഖരി അത് ദുര്‍ബലപ്പെടുത്തി. ഈ സംഭവം മുഹമ്മദുല്‍ ബുഖാരിയുടെ ഖ്യാതി നാനാ ഭാഗത്തും വ്യാപിക്കാന്‍ ഹേതുവായി. ആരാധനയിലും ജനസേവനത്തിലുമായി കഴിഞ്ഞിരുന്ന മഹാന്‍ ഹിജ്‌റ 1255 ല്‍ അദ്ദേഹത്തിന്റെ എണ്‍പത്തി അഞ്ചാം വയസ്സില്‍ എന്നന്നേക്കുമായി ഈ ലോകത്തോട് വിടവാങ്ങി. അദ്ദേഹം സ്വയം നിര്‍മ്മിച്ച പള്ളിയുടെ തന്നെ വടക്കു ഭാഗത്ത് അന്ത്യ വിശ്രമം കൊള്ളുന്നു. ഇന്നും അസംഖ്യം ജനങ്ങള്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ചെന്ന് നിര്‍വൃതിയണയുന്നുണ്ട്.

പിതാവ് തെളിയിച്ച അതേ വഴിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മക്കളും സഞ്ചരിച്ചിരുന്നത്. മുത്ത മകന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടേത് തീര്‍ത്തും ഒരു കറകളഞ്ഞ ജീവിതം തന്നെയായിരുന്നു. പിതാവിന്റെ വിയോഗാനന്തരം കൊന്നാരയുടെ സാരഥ്യം പിന്നീട് അദ്ദേഹം ഏറ്റെടുത്തു. ഇലാഹീ ചിന്തയില്‍ ദുന്‍യാവിന്റെ ചാപല്യങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന അദ്ദേഹം നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്നു. നിരവധി കറാമത്തുകള്‍ അദ്ദേഹത്തില്‍ നിന്നും പ്രകടമായിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ തന്റെ ആന നഷ്ടപ്പെട്ടു എന്ന് അബ്ദുറഹ്മാന്‍ ബുഖാരിയോട് വിഷമം പറഞ്ഞു. അപ്പോള്‍ അദ്ദേഹം തന്റെ ചെറിയ അനുജനായ സയ്യിദ് അഹ്മദുല്‍ ബുഖാരിയെ വളിച്ച് ആനയെ കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. പറഞ്ഞത് പ്രകാരം അഹമദ് ബുഖാരി ആനയുടെ ഉടമസ്ഥനെയും കൂട്ടി അവരുടെ പിതാവിന്റെ ഖബറിന്നരികില്‍ ചെന്ന് പുഴയിലേക്ക് ചുണ്ടി ആനയെ കാണിച്ചു കൊടുത്തു. ഉടന്‍ ഉടമസ്ഥന്‍ ചെന്ന് ആനയുടെ ചങ്ങല അഴിച്ചു തിരിച്ചു പോന്നു.
പ്രശ്‌നപരിഹാരത്തിനും സന്ദര്‍ശനത്തിനുമായി ദിവസേന നൂറുകണക്കിനാളുകള്‍ അബ്ദുറഹ്മാന്‍ ബുഖാരിയെ സന്ദര്‍ശിച്ചിരുന്നു. ശാരീരിക മാനസിക പ്രയാസങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസത്തിന്റെ പിയൂഷം പകര്‍ന്നു നല്‍കിയ ആ മഹാമനീഷി ഹിജ്‌റ 1278 ജുമാദുല്‍ ഊല ആറിനു പരലോകം പൂകി. കൊന്നാര പള്ളിയുടെ വടക്കുഭാഗത്ത് പിതാവിന്റെ ചാരത്തായി മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാരിലായി അറ് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ജനിച്ചു. അവരുടെ സന്താന പരമ്പരയാണ് കൊന്നാരയില്‍ അറിയപ്പെട്ട അങ്ങയില്‍, ഇങ്ങയില്‍, പുത്തന്‍പീടിയേക്കല്‍ എന്നീ തറവാട്ടുകാര്‍.

കൊന്നരയിലെ ബുഖാരി സാദാത്തീങ്ങളുടെ വംശനാഥനായ സയ്യിദ് മുഹമ്മദുല്‍ ബുഖാരിയുടെ രണ്ടാമത്തെ പുത്രനാണ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി. ഒരു തികഞ്ഞ മതഭക്തനും പരിത്യാഗിയുമായി ജീവിച്ച അദ്ദേഹം വിവാഹം ചെയ്യാത്തതിനാല്‍ അദ്ദേഹത്തിന് പിന്‍ഗാമികളായി ആരുമില്ല. ജ്യേഷ്ടനായ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരിയുടെ വഫാത്തിനു ശേഷം കൊന്നാരയുടെ നേതൃസ്ഥാനം അദ്ദേഹത്തിനായിരുന്നു. ജനസേവനത്തിലും ആരാധനയിലുമായി ജീവിതം നയിച്ച അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ഇലാഹീ സാന്നിദ്ധ്യത്തിലേക്ക് നീങ്ങി. പള്ളിയുടെ വടക്കുഭാഗത്ത് പിതാവിനോടടുത്തായി തന്നെയാണ് അദ്ദേഹവും അന്ത്യവിശ്രമം കൊള്ളുന്നത്.

സയ്യിദ് അഹ്മദ് ബുഖാരി

സയ്യിദ് മുഹമ്മദ് ബുഖാരിയുടെ ചെറിയ പുത്രനാണ് സയ്യിദ് അഹ്മദ് ബുഖാരി. സംസാരത്തില്‍ വിക്കുള്ളത് കാരണം ‘കൊഞ്ഞുള്ളുപ്പാപ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ദുന്‍യാവിന്റെ ചാപല്യങ്ങളില്‍ വശംവദനാകാതെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ നാക്കില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന ആശ്വാസ വാക്കുകള്‍ക്ക് വേണ്ടി നൂറുകണക്കിനാളുകള്‍ ദൈനംദിനം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വേണ്ടുവോളം ആത്മീയതയും വിജ്ഞാനവും നേടിയെടുത്ത മഹാന്‍ ശിഷ്ട ജീവിതം പൊതുജനങ്ങള്‍ക്കായി മാറ്റിവച്ചു.ചെറുപ്പത്തില്‍ തന്നെ അഹ്മദ് ബുഖാരിയില്‍ നിന്നും കറാമത്തുകള്‍ വെളിവായിട്ടുണ്ട്.

ഒരു മഴക്കാലത്ത് പള്ളിക്കൂടം വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഹ്മദ് ബുഖാരിയും കൂട്ടുകാരും. പെട്ടന്ന് ആകാശം ഇരുണ്ട് മഴ വര്‍ഷിക്കാന്‍ തുടങ്ങി. കൂടെയുള്ള കൂട്ടുകാരെല്ലാം സ്വന്തം കുടകള്‍ തുറന്നു നടത്തം തുടര്‍ന്നു. കൂട്ടത്തില്‍ പെട്ട ഒരു കുട്ടി കുടയില്ലാത്തതിന്റെ പേരില്‍ അഹ്മദ് ബുഖാരിയെ കളിയാക്കി. അപ്പോള്‍ അഹ്മദ് ബുഖരി പറഞ്ഞു: നിങ്ങള്‍ കുടയില്‍ കൂട്ടിയില്ലെങ്കിലും ഞാന്‍ മഴ നനയാതെ വീട്ടിലേക്ക് പോകും.’ ഇതും പറഞ്ഞ് അദ്ദേഹം കോരിച്ചൊരിയുന്ന മഴയില്‍ വസ്ത്രത്തിലോ, ശരീരത്തിലോ ഒരു തുള്ളി വെള്ളം പോലും നനയാതെ കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് നടന്നു.

മറ്റൊരിക്കല്‍ അദ്ദേഹം ഒരു വീട്ടില്‍ ചെന്ന് അല്‍പ്പം നെല്ല് ചോദിക്കുകയുണ്ടായി. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങിവന്ന് അവിടെ നെല്ലൊന്നുമില്ലെന്നു പറഞ്ഞു. വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നെല്ലിന്‍ കൂമ്പാരത്തിലേക്ക് ചൂണ്ടി അതെന്താണെന്ന് തങ്ങള്‍ ചോദിച്ചു. അപ്പോള്‍ ആ സ്ത്രീ അത് വിത്താണെന്ന് പറഞ്ഞ് തങ്ങളെ പരിഹസിച്ചു. അപ്പോള്‍ തങ്ങള്‍ നിനക്ക് ഭ്രാന്താണോ എന്നും ചോദിച്ച് ആ വീട്ടില്‍ നിന്നും മടങ്ങി. ഈ സംഭവത്തിന് ശേഷം ആ സ്ത്രീക്ക് ജീവിതകാലം മുഴുവന്‍ മാനസിക രോഗിയായി ജീവിക്കാനായിരുന്നു വിധി.

ഇത്തരം അനവധി കറാമത്തുകള്‍ കൊന്നാരിലും പരിസരങ്ങളിലും ജീവിക്കുന്നവര്‍ക്ക് അയവിറക്കാനുണ്ട്. നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ച് കിട്ടാന്‍ അഹ്മദ് ബുഖാരിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അനുഭവവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അഹ്മദ് ബുഖാരിയുടെ ദാമ്പത്യ ജീവിതത്തില്‍ അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പടെ ഏഴ് സന്താനങ്ങള്‍ പിറന്നു. കൊന്നാരയിലും പരിസരത്തുമായി അറിയപ്പെടുന്ന പടിഞ്ഞാറയില്‍ കുടുംബം അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ്. കളങ്കരഹിത ജീവതം നയിച്ച അദ്ദേഹം ഹി: 1283 റബീഉല്‍ അവ്വല്‍ 27 ന് അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി. പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത മഖ്ബറയില്‍ അദ്ദേഹം ഇന്നും ഒരു സുല്‍ത്താനെന്നോണം ജനസഞ്ചയത്തിന്റെ അത്താണിയും ആശ്രയുവുമായി തലയുയര്‍ത്തി നില്‍ക്കുന്നു. അവരുടെ ബറകത് കൊണ്ടുനാഥന്‍ നമ്മുടെ ഭാവി പ്രഫുല്ലമാക്കിത്തരട്ടെ.

അവലംബങ്ങള്‍:

  • ഈളാഹുല്‍ മുഫ്‌റദാത്ത് ബിശര്‍ഹി ഇള്ഹാരില്‍ കറാമാത്ത് ബിദിക്‌രി ഖവാരികില്‍ ആദാത്ത്
  • കൊന്നാര് ചരിത്രവും കറാമത്തും

Share this:

  • Twitter
  • Facebook

Related Posts

Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
Articles

തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ; അദ്വിതീയനായ പണ്ഡിത പ്രതിഭ

February 22, 2022
നബി സ്‌നേഹികളുടെ അടയാളങ്ങള്‍
Articles

നബി സ്‌നേഹികളുടെ അടയാളങ്ങള്‍

June 9, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×