ഇസ്ലാമിനകത്ത് പൂര്‍ണ്ണമായ പുരുഷ മേധാവിത്വം നിലനില്‍ക്കുന്നു എന്ന ധാരണയെ ആളിപ്പടര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് ഖിവാമ സംവിധാനം ഏറെ ആക്കം കൂട്ടിയതായി കാണാം. നഖ്‌ലിന്റെ അക്ഷരവായനയുടെ അയോഗ്യതയോ സ്ത്രീ സ്വത്വത്തെ പ്രകോപിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ഇതിനെ വിലയിരുത്താവുന്നതാണ്. പുരുഷന്മാര്‍ സ്ത്രീയുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാണ്, പുരുഷന്‍ സ്ത്രീയുടെ കാര്യനിര്‍വഹണാധികാരികളാണ് എന്ന് പ്രാഥമികമായി അര്‍ത്ഥതലങ്ങള്‍ കല്‍പ്പിക്കപ്പെടുന്ന അന്നിസാഅ് അധ്യായത്തിലെ മുപ്പത്തിയഞ്ചാം സൂക്തം അതില്‍ അന്തര്‍ഭവിച്ച വിശാല സങ്കല്‍പങ്ങളാല്‍ ചുറ്റുപാടുകള്‍ക്കും സാമൂഹ്യതകള്‍ക്കും അനുസൃതമായി വിവിധ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ഖിവാമ എന്ന മൂല ധാതു ഉള്‍കൊള്ളുന്ന ഖവ്വാമൂന്‍ പദപ്രയോഗത്തിലൂടെയാണ് ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തുന്നത്. സ്ത്രീ സ്വത്തവകാശം, നേതൃത്വം (ഇമാമത്ത്), പൊതു ഇടങ്ങളിലുള്ള ഇടപാട് തുടങ്ങിയ സംജ്ഞകളില്‍ നിന്നും പ്രത്യക്ഷത്തില്‍ ദര്‍ശിച്ചെടുക്കാവുന്ന സ്ത്രീയുടെ അയോഗ്യത പുരുഷ കേന്ദ്രീകൃത പൗരോഹിത്യത്തിന്റെ അനുരണനമാണെന്ന് ഫെമിനിസം വാദിക്കുന്നു. വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വിവിധ സംസ്‌കാരങ്ങളിലിഴചേര്‍ന്ന് ജീവിച്ച ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രജ്ഞര്‍ ഖിവാമക്ക് നിഷ്പക്ഷമായ വായനയും വിശദീകരണവും നല്‍കുന്നുണ്ട്. പുരുഷ കേന്ദ്രീകൃത ഖുര്‍ആന്‍ വായനയില്‍ അതൃപ്തരായ മുസ്‌ലിം ഫെമിനിസ്റ്റുകള്‍ സ്ത്രീ പക്ഷത്തേക്ക് ചേര്‍ത്ത് വെച്ച് പദത്തെ നിര്‍വചിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പദം പുറന്തള്ളുന്ന അക്ഷരാര്‍ത്ഥത്തെയും പുരുഷന്റെ സാമൂഹിക പ്രതിബദ്ധതയെയും അകപ്പെടുത്തി ആരാധന പക്ഷത്തു നിന്നുള്ള വായന നടത്താന്‍ തസവ്വുഫ് പണ്ഡിതരും ശ്രമിച്ചിട്ടുണ്ട്. തസവ്വുഫിന്റെ ‘ഭാഗത്തു നിന്നുള്ള പ്രതികരണമെന്നോണം സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഹിദായത്തുല്‍ അദ്കിയയില്‍ ഖിവാമയെ നിര്‍വചിച്ച് കൊണ്ട് ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ക്കുള്ള പ്രതികരണം ശക്തമാക്കുന്നതായി കാണാവുന്നതാണ്. പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഖിവാമ പരികല്‍പനയുടെ അപവായനക്കെതിരെ ഇസ്‌ലാമിനകത്ത് വ്യത്യസ്ഥ കോണുകളില്‍ നിന്നായി പ്രതികരണങ്ങള്‍ രൂപപ്പെടുന്നതായി കാണാം. ഇസ്‌ലാമിന്റെ പരമമായ സത്തയോടടുക്കുന്നതിന്റെ തോതനുസരിച്ച് മറുപടികളിലെ സംതൃപ്തി വര്‍ധിക്കുന്നതായി കാണാം. ഫെമിനിസത്തില്‍ തുടങ്ങി തസവ്വുഫില്‍ അവസാനിക്കുന്ന ഈ മറുപടികളെ പരസ്പരം തുലനംചെയ്യുമ്പോള്‍ തസവ്വുഫിന്റെ പ്രതികരണം വാദിയെ പ്രതിയാക്കുന്ന രീതിയിലേക്ക് നീങ്ങുന്നതായി കാണാം.
ഖിവാമയുടെ സ്ത്രീപക്ഷ വായന
മുസ്‌ലിം ഫെമിനിസ്റ്റുകള്‍ ലിംഗ സമത്വത്തിന്റെ പ്രായോഗികതക്ക് നഖ്‌ലിലെ (ഖുര്‍ആന്‍) സ്ത്രീ പരാമര്‍ശങ്ങളെ മൂന്ന് വ്യത്യസ്ഥ വായനകള്‍ക്ക് വിധേയമാക്കുന്നതായി കാണാം. ഏകദൈവ സങ്കല്‍പത്തെ മുന്‍നിര്‍ത്തിയുള്ള വായന, ചരിത്രപരമായ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയുള്ള വായന, പാഠാന്തര വായന എന്നിവയാണവ.
ആയത്തുകളെ അവതരണ പശ്ചാത്തല ചരിത്രത്തെ മുന്‍നിര്‍ത്തി വായിച്ചെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ആമിനാ വദൂദ് (ഖുര്‍ആന്‍ ആന്‍ഡ് വുമണ്‍) അസ്മ ബര്‍ലാസ് (ബിലീവിംഗ് വുമണ്‍ ഇന്‍ ഇസ്‌ലാം) തുടങ്ങിയവര്‍ പിന്തുടരുന്നത്. ലോകത്തിലെ അവസാന സമൂഹത്തെയും ഉള്‍കൊള്ളിക്കുന്ന അഭിസംബോധനകള്‍, ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ജനതക്കുള്ള സംബോധനകള്‍ എന്നീ രണ്ടു കാറ്റഗറികളിലായി സര്‍വ്വ സൂക്തങ്ങളെയും വിന്യസിക്കലും സമൂഹത്തിന്റെ പരിഷ്‌കരണത്തിനനുസരിച്ച് രണ്ടാം വിഭാഗത്തിന്റെ പുനര്‍വായന ശ്രമങ്ങളില്‍ ഏര്‍പ്പെടലും ഇതിന്റെ ‘ഭാഗമായി വരുന്നുണ്ട്. ഖിവാമ സങ്കല്‍പത്തിന് സാമ്പത്തിക സംരക്ഷണ ഉത്തരവാദിത്വമെന്ന വിശദീകരണം നല്‍കുമ്പോഴും അധികാരമെന്ന പദപ്രയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട് അസീസ് ഹിബ്രി അടക്കമുള്ള ചരിത്ര വായനക്കാരുടെ ഈ കൂട്ടം. പുരുഷന് ലഭിച്ചിരിക്കുന്ന മുന്‍ഗണന (തഫ്‌ളീല്‍), ധര്‍മിണിക്കായി സ്വന്തം സമ്പത്ത് ചിലവാക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവാദിത്വം നിലനില്‍ക്കുന്നത് എന്നാണ് ആമിന വദൂദിന്റെ ഭാഷ്യം. സ്ത്രീക്ക് തുല്യമായ സാമ്പത്തിക വിദ്യാഭ്യാസ ശേഷിയില്ലാത്ത പുരുഷന് സ്ത്രീയുടെ മേല്‍ വിശേഷ അധികാരം ഇല്ലാതാകുന്നുവെന്ന് അസീസ് ഹിബ്രി അഭിപ്രായപ്പെടുന്നു. മുഴുവന്‍ സൂക്തങ്ങളെയും അധ്യായങ്ങളുടെ വേര്‍തിരിവില്‍ നിന്നും മോചിപ്പിച്ച് പരസ്പരം ബന്ധപ്പെടുത്തി വായിക്കുന്ന രീതിയാണ് രിഫ്അത്ത് ഹസ്സന്‍ പോലുള്ളവര്‍ പിന്തുടരുന്ന പാഠാന്തര വായന. ശരീഅത്തിനെ അവതരിപ്പിക്കുന്ന അടിസ്ഥാന പരമായ ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആനിന്റെ സൂക്തങ്ങളെ മറ്റു സൂക്തങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നതിന് വ്യാഖ്യാന ശാസ്ത്രജ്ഞര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അലി സ്വാബൂനി തിബ്‌യാനില്‍ (അത്തിബിയാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍) പരാമര്‍ശിക്കുന്നുണ്ട്. ലിംഗ സമത്വം, ലിംഗ നീതി തുടങ്ങിയ കാലേക്കൂട്ടി ഉന്നംവെച്ച ലക്ഷ്യത്തിലേക്കെത്തുന്നതിലെ പ്രതിബന്ധങ്ങളെ സമത്വവാദ സൂക്തങ്ങളെ ചൂണ്ടിക്കാണിച്ച് മറികടക്കാനാകുമെന്നതാണ് ഈ രീതി പിന്തുടരുന്നതിലെ ലാഭം. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ പ്രവേശനം നല്‍കപ്പെടുന്നു എന്ന വിഷയം പരിഗണിക്കുമ്പോള്‍ സ്ത്രീ പുരുഷ ലിംഗ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തെ അംഗീകരിക്കാനാവില്ലെന്ന നിഗമനത്തിലാണ് രിഫ്അത്ത് ഹസന്‍ എത്തിച്ചേരുന്നത്.
ഏകനും അതുല്യനുമെന്ന ദൈവ ശാസത്ര സങ്കല്‍പത്തെ മുന്‍നിര്‍ത്തി സൂക്തങ്ങളുടെ വിചാരപ്പെടലുകള്‍ നടത്തുമ്പോള്‍ പുരുഷാധികാരം വിശ്വാസിയുടെയും ദൈവ പരമാധികാരത്തിനുമിടയില്‍ അരോചകത്വം സൃഷ്ടിക്കുന്നുണ്ടെന്നും മാത്രമല്ല ഏകതാ സങ്കല്‍പത്തെ സാരമായി ബാധിക്കുന്നുണ്ടെന്നുമാണ് സാദിയ ശൈഖിന്റെ നിരീക്ഷണം. അധികാരമെന്ന വ്യവസ്ഥയില്‍ പുരുഷനെ ദൈവത്തോട് പങ്കുചേര്‍പ്പിക്കുന്ന വ്യവസ്ഥയെ പ്രശ്‌നവത്കരിക്കുന്നുണ്ട് ഈ വ്യാഖ്യാന രീതി. ചുരുക്കത്തില്‍, പുരുഷത്വമെന്ന ലിംഗം കാരണമാകുന്ന നിര്‍ദേശങ്ങളെ നിരാകരിക്കുകയും സാമ്പത്തിക ‘ഭദ്രത, ബുദ്ധി കൂര്‍മ്മത പോലുള്ള ബാഹ്യഘടകങ്ങളുടെ കാരണത്താലുണ്ടാകുന്ന പ്രത്യേക പദവിയെ അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം പുരുഷാധികാരമെന്ന പദത്തിന്റെ കേവലമായ അര്‍ത്ഥത്തെ പോലും അംഗീകരിക്കാന്‍ മുസ്ലിം ഫെമിനിസം വിസമ്മതിക്കുന്നുവെന്നത് വസ്തുനിഷ്ടമാണ്. പ്രവാചക വചനങ്ങളെയും ചര്യയെയും ഫെമിനിസം കൈകാര്യം ചെയ്ത രീതി കേന്ദ്രീകരിച്ച് പഠനം നടത്തുന്ന കേഷിയ അലിയും (എ ജിഹാദ് ഫോര്‍ ജസ്റ്റിസ്) റാഡിക്കല്‍ ഫെമിനിസ്റ്റായ ആയിഷ ഹിദായത്തുള്ളയും (ഫെമിനിസ്റ്റ് എഡ്ജസ് ഓഫ് ദി ഖുര്‍ആന്‍) മൂന്ന് വ്യാഖ്യാന രീതികളെയും അപഗ്രഥിച്ച്് വായനയിലെ പരിമിതിയെയും പക്ഷംചേരുന്ന വാദത്തെയും പ്രശ്‌നവത്കരിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് നവ ലിബറല്‍ വ്യവഹാരങ്ങളുടെ സ്ത്രീയെ സംബന്ധിച്ച പഠനങ്ങളിലെ സൈദ്ധാന്തിക പ്രതിസന്ധിയാണ്. മാത്രമല്ല, ഈ പ്രശ്‌നവത്കരണം ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രജ്ഞരും പണ്ഡിതരും അടങ്ങുന്ന മതനിദാന ശാസ്ത്രത്തെ അംഗീകരിക്കുന്ന വ്യൂഹം ഖിവാമ സങ്കല്‍പത്തിന് നല്‍കുന്ന നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നുമുണ്ട്.
ക്ലാസ്സിക്കല്‍ പണ്ഡിതരുടെ സമീപനം
സ്ത്രീ പുരുഷ അധികാരങ്ങളെയും അധികാര ക്രമങ്ങളെയും വിശദീകരിക്കുന്നതില്‍ ക്ലാസ്സിക്കല്‍ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രജ്ഞര്‍ സ്ത്രീ വിരുദ്ധ നിലപാട് കൈകൊണ്ടുവെന്ന വാദം ഫെമിനിസ്റ്റ് ലിബറല്‍ പ്രസ്ഥാനങ്ങള്‍ പടച്ചുവിട്ട ക്ലീഷെ പരാമര്‍ശങ്ങളാണ്. ക്ലാസ്സിക്കല്‍ പണ്ഡിതന്മാര്‍ ഇസ്ലാമിക മൂല്യങ്ങളുടെ വെളിച്ചത്തില്‍ ആണധികാരത്തെ വായിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് വിവിധ കാലങ്ങളില്‍ ജീവിച്ച വ്യാഖ്യാതാക്കളുടെ നിലപാടുകളുടെ വായന വ്യക്തമാക്കുന്നു. ഏറെയും മിഡീവല്‍ കാലത്ത് ജീവിച്ചിരുന്ന അവര്‍ തങ്ങളുടെ സമകാലിക സാമൂഹിക വ്യവസ്ഥയിലുണ്ടായിരുന്ന അനുവദിക്കാനാവാത്ത അധീഷത്വത്തിനെതിരെ നിലപാടെടുക്കുന്നതായും നിയാമക ആണ്‍കോയ്മയില്‍ നിന്നും സ്ത്രീ സ്വത്വത്തെ സ്വതന്ത്രമാക്കുന്നതായും കാണാം. ശ്രേഷ്ഠത (തഫ്ദീല്‍) ചെലവ് (ഇന്‍ഫാഖ്) തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയുടെമേല്‍ അധികാരം ഉണ്ടെന്ന അടിത്തറയിലൂന്നിയ പണ്ഡിതര്‍ അധികാരത്തിന്റെ സ്വഭാവത്തെയും ഉത്തരവാദിത്തത്തെയും നിര്‍വചിക്കുന്നിടത്ത് ഭേദപ്പെട്ട കാഴ്ച്ചപ്പാടുള്‍ പങ്കുവെക്കുന്നു. ലൈംഗികതയില്‍ തുല്യപങ്കാളിത്വമുണ്ടായിരിക്കെ തന്നെ മഹര്‍ നല്‍കുന്നതിനെ ഇമാം റാസിയും (അത്തഫ്‌സീറുല്‍ കബിര്‍) സന്താനോത്പാദനത്തിനു ശേഷം പുരുഷനില്‍ മാത്രം ചുരുങ്ങുന്ന സന്താന പരിപാലന ഉത്തരവാദിത്വത്തെ ഇമാം ശഅ്‌റാവിയും ശ്രേഷ്ഠതക്കുള്ള കാരണമായി കണ്ടെത്തുന്നു. ഇമാം ശഅ്‌റാവി ഖിവാമയിലെ അധികാരത്തെ കൂട്ടുകുടുംബ വ്യവസ്ഥക്ക് അകത്ത് പുരുഷന്റെ ഉത്തരവാദിത്വത്തിലാകുന്ന സ്ത്രീ സംരക്ഷണമായി അഭിപ്രായപ്പെടുന്നു. ഭാര്യയുടെ സംരക്ഷണം ഭര്‍ത്താവിന്റെ ഉത്തരവാദിത്വത്തിലാകുന്നതു പോലെ സഹോദരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സഹോദരനും പിതാവിനും ഉണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇറാനില്‍ ജീവിച്ച ഇമാം സമഖ്ശരി (തഫ്‌സീറുല്‍ കശ്ശാഫ്), പതിമൂന്നാം നൂറ്റാണ്ടിലെ വിശ്രുത ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം ബൈളാവി (അന്‍വാറു തന്‍സീല്‍ വഅസ്‌റാറു തഅ്‌വീല്‍) , പത്തൊമ്പതാം നൂറ്റാണ്ടിലെ ഇമാം ആലൂസി തുടങ്ങിയവര്‍ ഖിവാമയിലെ പുരുഷന്റെ അധികാരത്തെ നേതാവിന് അണികള്‍ക്കു മേലുണ്ടാകുന്ന അധികാരത്തോട് ഉപമിക്കുന്നതായി കാണാം. പതിനാലാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീര്‍ പുരുഷനെ ഉന്നതനായി ചിത്രീകരിക്കുന്നതോടൊപ്പം സ്ത്രീയുടെ മേല്‍നോട്ടക്കാരനും അച്ചടക്ക നടപടികളെടുക്കാന്‍ അര്‍ഹനുമായാണ് ഗണിക്കുന്നത്. ആധുനിക പണ്ഡിതനായ വഹബ സുഹൈലിയുടെ അല്‍ മനാറിലും ഈ അഭിപ്രായം കാണാനാകും. കര്‍മ്മശാസ്ത്ര നിയമങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനത്തെ ചിട്ടപ്പെടുത്തിയ ഇമാം ഖുര്‍ത്തുബിയും ഇബ്‌നു ആശൂറും സ്ത്രീയുടെ ജീവിത ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവന്‍ എന്ന അര്‍ത്ഥമാണ് പുരുഷ അധികാരത്തിന് നല്‍കുന്നത്. മുഹമ്മദ് അബ്ദു തന്റെ ഫീ ളിലാലില്‍ ഖുര്‍ആനില്‍ അഭിപ്രായപ്പെടുന്നത് പുരുഷന് എടുത്തു പറയാവുന്ന നേതൃപദവി(രിയാസത്) ഉണ്ടെന്നാണ്. ദൈവികതയിലേക്ക് വഴികാട്ടലും പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കലുമാണ് ഈ നേതൃപദവിയുടെ പ്രവര്‍ത്തന മണ്ഡലമെന്നാണ് മുഹമ്മദ് അബ്ദു തുടര്‍ന്ന് പറയുന്നത്. ലിംഗ നീതിയുടെ ഭാഗമായി മതം കല്‍പിക്കുന്ന സ്ത്രീ പുരുഷ ഉത്തരവാദിത്ത്വങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നുവെന്നത് ഇമാം ഖുര്‍ത്തുബിയെയും റാസിയെയും തീര്‍ത്തും വ്യതിരക്തനാക്കുകയും തങ്ങളുടെ രചനകള്‍ക്ക് സമകാലിക വായനയുടെ സാധ്യത നല്‍കുകയും ചെയ്യുന്നു—. ബുറൂദത്ത് (നിര്‍മലത) റുത്വൂബത്ത് (ആര്‍ദ്രത) തുടങ്ങിയ സ്ത്രീ പ്രകൃതി‘ഭാവങ്ങള്‍ക്കനുസരിച്ച് വീടുമായി ബന്ധപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ സ്ത്രീയിലും ഹറാറത്ത് (തീക്ഷ്ണതഃ), യബൂസത്ത് (ദൃഢത) തുടങ്ങിയവ പരിഗണിച്ച് ജീവിതോപാദി സംഭരിക്കലുമാണ്. ഉത്തരവാദിത്ത്വം പുരുഷനിലും വീതിക്കപ്പെട്ടിരിക്കുന്നു. കുടുംബ സ്ഥാപനത്തിന്റെ സാമൂഹിക വശമാണ് ഖിവാമയിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. സദ്ഗുണ വ്യക്തിത്വത്തെ വാര്‍ത്തെടുക്കുന്ന അടിസ്ഥാന പരമായ സ്ഥാപനത്തിലെ പ്രതിനിധികളെ ‘രണത്തിനു കീഴില്‍ നിംനോന്ന സ്ഥാനങ്ങള്‍ നല്‍കി വിന്യസിക്കുന്നത് സുഖമമായ നടത്തിപ്പിനെ ലക്ഷ്യം വെച്ചാണ്. ചൂഷണവും അനിയന്ത്രിത മേല്‍കോയ്മയും മറ്റു ‘ഭരണ സ്ഥാപനത്തിലേതെന്നപോലെ അനുവദിക്കാനാവാത്തതാണ്. ഖിവാമ സങ്കല്‍പത്തിലെ പുരുഷ മേധാവിത്വം അംഗീകരിക്കുന്നതോടൊപ്പം അത് അധികാരപരമല്ലെന്നും പരസ്പര പൂരകവും സ്‌നേഹാധിഷ്ഠിതവുമാണെന്നും ക്ലാസ്സിക്കല്‍ വ്യാഖ്യാതാക്കളുടെ ഖുര്‍ആന്‍ വായനയുടെ ആകെത്തുകയായി പറയാവുന്നതാണ്.
തസവ്വുഫിന്റെ പ്രതികരണം
മതവിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെ പരിശോധിക്കുമ്പോള്‍ തസവ്വുഫിന്റെ വീക്ഷണം എന്ന നാമധേയത്തില്‍ പ്രത്യേക നിയമങ്ങളും നിര്‍ദേശങ്ങളും കാണാവുന്നതാണ്. ഇസ്‌ലാം എന്ന വ്യവസ്ഥയുടെ അന്തസത്തയായോആത്മാവായോ പരിചയപ്പെടുത്തപ്പെടുന്ന തസവ്വുഫിന്റെ വീക്ഷണത്തില്‍ നിന്നും രൂപം പ്രാപിക്കുന്ന നിയമങ്ങളില്‍ സങ്കീര്‍ണ്ണമായ സൂക്ഷമത അന്തര്‍ഭവിക്കുന്നു. മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയിലെ അഭിലഷണീയ മാര്‍ഗം അനാവരണം ചെയ്യുന്നുവെന്നതിന് പുറമെ മനുഷ്യന്റെ സാമൂഹികതയെ നീതിയുക്തമായി പരിചരിക്കുന്നുവെന്നതാണ് തസവ്വുഫിന്റെ മഹിമ. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് തുടങ്ങി മതം വിഭജിക്കപ്പെടുന്ന സംജ്ഞകളില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്ന തസവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യ ബാധ്യതകളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വ്യക്തിയും സഹജീവികളും വ്യക്തിയും ദൈവവും എന്നീ രണ്ടു കാറ്റഗറികളിലാണ് ബാധ്യതകളുടെ നിലനില്‍പ്പ്. സഹജീവി ബാധ്യത ദൈവ ബാധ്യതയേക്കാള്‍ പരവിജയത്തെ സാരമായി ബാധിക്കുന്നതിനാല്‍ അവ നിര്‍വ്വഹിക്കാന്‍ മനുഷ്യന്‍ വ്യഗ്രത പുലര്‍ത്തണം എന്നാണ് മതത്തിന്റെ കാഴ്ച്ചപ്പാട്. ഇതിനു കീഴിലാണ് സ്ത്രീ പുരുഷ അധികാര ബന്ധങ്ങളെ കുറിക്കുന്ന ഖിവാമ സങ്കല്‍പ്പെത്തെ തസവ്വുഫ് ചര്‍ച്ചക്കെടുക്കുന്നത്. സ്ത്രീ ഭാര്യയാകുമ്പോഴും അവരുടെ സ്വതന്ത്ര നിലനില്‍പ്പ് ഇസ്‌ലാം വരച്ചുവെക്കുന്നു. എണ്ണമറ്റ സഹജീവി ബാധ്യതകളില്‍ ഖിവാമ പരികല്‍പനയിലെ പുരുഷന്‍ വഹിക്കുന്ന ബാധ്യതകളും ഉത്തരവാദിത്തങ്ങളും വലിയ പ്രാധാന്യത്തോടെ തസവ്വുഫ് നോക്കുന്നുവെന്നാണ് ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ ഹിദായത്തുല്‍ അദ്കിയാ ഇലാ ത്വരീഖില്‍ ഔലിയാ എന്ന തസവ്വുഫ് ഗ്രന്ഥത്തിന്റെ പരവായന നല്‍കുന്ന സന്ദേശം. ഹഖീഖത്ത് എന്ന പരമമായ സത്യത്തിലേക്കുള്ള വഴിയില്‍ ആചരിക്കേണ്ട ജീവിത വൃത്തികളെ കുറിച്ച് കാവ്യ രീതിയില്‍ സംസാരിക്കുന്ന ഗ്രന്ഥം സ്തുതി വാക്കുകളില്‍ തന്നെ ഖിവാമ പരികല്‍പനയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഉയര്‍ച്ച (ഉലാ)ക്ക് ‘ഭാഗ്യം നല്‍കിയ അല്ലാഹുവിന് സര്‍വ്വ സ്തുതിയും എന്ന്‘ഭാഷാന്തരം ചെയ്യാവുന്ന പ്രഥമ പദ്യവരിയുടെ ഒന്നാം ‘ഭാഗത്തിലെ ഉലാ എന്ന അറബ് വാക്കിന് വിശാലമായ അര്‍ത്ഥ വ്യാപ്തിയുണ്ട്. ഉന്നതി, ഉയര്‍ച്ച, മേലധികാരം എന്നൊക്കെ ഭാഷാന്തരം ചെയ്യപ്പെടുന്ന ഈ പദം സൂറത്തുന്നിസാഇലെ ഖവ്വാമൂന്‍ എന്ന പ്രയോഗത്തിലൂടെ സ്ഥാപിതമായ ഖിവാമയില്‍ പുരുഷന് ലഭിക്കുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു. കുടുംബ സ്ഥാപനത്തെ സമൂഹവുമായി ബന്ധിപ്പിക്കുമ്പോള്‍ പുരുഷന് ലഭ്യമാകുന്ന ഘടനാപരമായ ഉന്നതി ഈ സങ്കല്‍പ്പത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഫലമാണെന്നാണ് അദ്കിയ മുന്നോട്ട് വെക്കുന്ന ആശയം. ഉലാ എന്ന അറബ് വാക്കിനെ തഫ്‌ളീലിലൂടെ (ശ്രേഷ്ഠത) പുരുഷന്‍ ആവാഹിക്കുന്ന ഉന്നതിയെന്ന് അര്‍ത്ഥമാക്കുന്ന വായനക്ക് സാധ്യതയുണ്ടെന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. തഫ്ദീല്‍, ഇന്‍ഫാഖ് എന്നീ അടിസ്ഥാന കാരണങ്ങളാല്‍ പുരുഷന് ഖിവാമയില്‍ ഉന്നത സ്ഥാനം കൈവരുന്നുവെന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വായന അദ്കിയയുടെ വിഘടിച്ച വരികളില്‍ കണ്ടെത്താം. ഉലാ എന്നതിന് ഘടനാപരമായി പുരുഷന്‍ വഹിക്കുന്ന സ്ഥാനം എന്ന സാരം നല്‍കിയതിനുശേഷം അതേ പദത്തില്‍ നിന്നും ഫദ്ദലയില്‍ (ഫദ്ദല ബഅ്‌ലഹും..) കൈവരുന്ന മേന്മയും കണ്ടെത്താം. ദൈവാര്‍പ്പണത്തോടൊപ്പം (തവക്കുല്‍) കുടുംബ നാഥന്‍ അന്നത്തിനുള്ള ശ്രമകര ദൗത്യനിര്‍വഹണം നടത്തണമെന്ന സന്ദേശം ഉള്‍കൊള്ളുന്ന പദ്യഭാഗത്തു നിന്നും ഇന്‍ഫാഖ് എന്ന അടിസ്ഥാന വിഷയം കണ്ടെത്താനാകുന്നുണ്ട്. സ്ത്രീയുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അധ്വാനിക്കലും തുല്യ ലൈംഗിക പങ്കുണ്ടായിരിക്കെ മഹ്‌റ് കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്നതിലൂടെ കൈവരുന്ന മേന്മയും അടിസ്ഥാനപ്പെടുത്തി പുരുഷന് ഘടനാപരമായ ഉന്നതി ലഭ്യമാകുന്നുണ്ട് എന്ന് തസ്വവ്വുഫ് ശരിവെക്കുന്നു. സ്ത്രീക്ക് അവശ്യ വസ്തുവകളുടെ ലഭ്യതയും കാലുഷ്യങ്ങളില്‍ നിന്നും സംരക്ഷണവും ഉറപ്പുവരുത്തുകയെന്ന ആവശ്യാര്‍ത്ഥം പുരഷനില്‍ ഘടനാപരമായ ഉന്നത സ്ഥാനം കൈവരുന്നു എന്ന പൊതു ഇസ്ലാമിക കാഴ്ച്ചപ്പാട് പരിഗണിക്കുന്നതോടൊപ്പം മതാനുഷ്ഠാനം പരിപൂര്‍ണ്ണമാകാനുള്ള കടമ്പയായി തസവ്വുഫ് പുരുഷന്റെ ഉത്തരവാദിത്വ നിര്‍വഹണത്തെ പരിഗണിക്കുന്നു. ഐഹിക ജീവിതത്തിലെ വിജയത്തിന് സ്ത്രീക്ക് മുമ്പില്‍ അത്തരം ഒരു തടസ്സം വരുന്നില്ല എന്ന വസ്തുതയാണ് തസവ്വുഫിന്റെ കാഴ്ച്ചപ്പാടിലെ വ്യത്യസ്ഥത. സ്വര്‍ഗത്തില്‍ നിന്നും ആദമിനെയും ഹവ്വയെയും സംബോധന ചെയ്തത് ഇവിടെ ചേര്‍ത്തുവായിക്കാം. സുഭിക്ഷമായി ഭോജനവും ജലപാനവും നടത്താനുള്ള നിര്‍ദേശത്തില്‍ അറബി വ്യാകരണം അനുസരിച്ച് രണ്ടുപേരെയും ഉള്‍കൊള്ളിക്കുന്ന തസ്‌നിയ (രണ്ട്) യുടെ പദപ്രയോഗം നടത്തുന്നു. ശേഷം, വിലക്കപ്പെട്ട ഖനി‘ഭക്ഷിച്ചാല്‍ കുറ്റക്കാരനാകുമെന്ന താക്കീതില്‍ ആദമിനെ മാത്രം ഉദ്ദേശിച്ച് വാഹിദിന്റെ (ഏകത) പദപ്രയോഗം നടത്തുന്നു. ‘ഭാര്യക്ക് മാര്‍ഗനിര്‍ദേശം നല്‍കിയില്ല എന്ന കാരണത്താല്‍ ആദം കുറ്റക്കാരനായി മാറുന്നു എന്ന് സാരം. ചുരുക്കത്തില്‍, തസവ്വുഫിലൂടെ ഖിവാമയെ വീക്ഷിക്കുമ്പോള്‍ ‘ഭാഗികമായ അധികാരം ഉണ്ടായിരിക്കുമ്പോഴും തന്റെ പാരത്രിക വിജയത്തിന് സ്ത്രീയുടെ സംതൃപ്തി പുരുഷന് അത്യാവശ്യമായി വരുന്നു. ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ ഇസ്ലാമിനകത്ത് നിന്നും കണ്ടെടുക്കുന്ന പുരുഷ അധീഷത്വവും ആണ്‍കോയ്മയും വ്യവസ്ഥാപിത താല്‍പര്യങ്ങളുടെ സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം.
സമാപ്തി മതത്തിന്റെ അതിര്‍ വരമ്പുകളെ തകര്‍ക്കല്‍ ലിബറല്‍ വ്യവഹാരങ്ങളുടെ പൊതു താല്‍പര്യമായതിനാല്‍ ഇസ്ലാമിനകത്തെ നൈതികതയെ ചോദ്യം ചെയ്യലും വ്യവസ്ഥകളുടെ പ്രത്യക്ഷഭാവത്തെ അടിസ്ഥാനപ്പെടുത്തി ശരീഅത്തിനെ അപവായന നടത്തലും സ്വാഭാവികതയുടെ സൃഷ്ടിയാകുന്നു. ഖിവാമ സങ്കല്‍പത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം കണ്ടെത്തുന്ന പുരുഷാധിപത്യവും മേല്‍കോയ്മയും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ക്ലാസ്സിക്കല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സാമൂഹികതയുടെ ഭാഗമായി പുരുഷനില്‍ വരുന്ന മേന്മയായി നിര്‍വചിക്കുമ്പോള്‍ അദ്കിയ പോലുള്ള തസവ്വുഫിലെ ഗ്രന്ഥങ്ങള്‍ ഈ വ്യവസ്ഥയിലെ ഉത്തരവാദിത്ത്വങ്ങളെ പുരുഷന്റെ മതപൂര്‍ത്തീകരണത്തിന്റെ ‘ഭാഗമായി ഗണിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, മുസ്ലിം ഫെമിനിസറ്റുകളുടെ പക്ഷവായന സ്വീകരിക്കുന്നുമില്ല. ഖിവാമയിലെ അധികാരം തത്വത്തില്‍ പുരുഷാധികാരവും പ്രയോഗത്തില്‍ പെണ്ണധികാരവുമാണ്.