മലപ്പുറം ജില്ലക്ക് അമ്പത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അവിടത്തെ ജനങ്ങള്‍ക്കിടയിലെ ബുഖാരി സാദാത്തീങ്ങളുടെ അനിഷേധ്യ പങ്ക് ചര്‍ച്ച ചെയ്യുന്നത് ഉപകാരപ്രദമാകും. മറ്റു സാദാത്തീങ്ങളുടെ ചരിത്രം പോലെ ഇവരുടെ ചരിത്രം കൂടുതലായൊന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല.
ബുഖാരി സാദാത്തീങ്ങള്‍
ജനങ്ങളുടെ ആത്മീയ ഉയര്‍ച്ചക്കു പിന്നിലെ ബുഖാരി സാദാത്തുക്കള്‍ക്ക് വലിയ പങ്കുണ്ട്. പല നാടുകളിലും മുസ്്‌ലിം സമുദായത്തിന്റെ നേതൃത്വം ബുഖാരി സാദാത്തീങ്ങളായിരുന്നു. പ്രശ്‌നങ്ങളില്‍ ഇടപെട്ട് മധ്യസ്ഥത വഹിക്കുക, രോഗ ശമനത്തിന് മന്ത്രിക്കുക തുടങ്ങിയവക്ക് തങ്ങന്മാരെ ആയിരുന്നു ഹിന്ദുക്കളും മുസ്്‌ലിംകളും ആശ്രയിച്ചിരുന്നത്. ഇതിനപ്പുറം ബ്രിട്ടീഷുകാരുടെ ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിലും ബുഖാരി തങ്ങന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മലപ്പുറം കുഞ്ഞി തങ്ങള്‍, കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാനികളാണ്.
ബുഖാരി സാദാത്തുക്കള്‍ മലപ്പുറത്തേക്ക്
ഹിജ്‌റ 928 (എ.ഡി 1521) പഴയ സോവിയറ്റിന്റെ ഭാഗമായിരുന്ന ഉസ്ബക്കിസ്ഥാനില്‍ നിന്നാണ് ബുഖാരി സാദാത്തീങ്ങള്‍ കേരളത്തിലെത്തുന്നത്. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി (റ) ആണ് കേരളത്തിലെത്തിയ ഈ ഖബീലയിലെ ആദ്യ വ്യക്തി. കണ്ണൂരിലെ വളപട്ടണത്തിലേക്കാണ് അവിടന്ന് കുടിയേറിയത്. മഹാന്റെ ഏക മകനായ സയ്യിദ് ഇസ്മാഈല്‍ ബുഖാരിയുടെ മൂന്ന് മക്കളിലൂടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുഖാരി സാദാത്തുക്കള്‍ വ്യാപിക്കുന്നത്. സയ്യിദ് അഹ്മദില്‍ ബുഖാരി, സയ്യിദ് മുഹമ്മദുല്‍ ബുഖാരി, സയ്യിദ് ഫക്‌റുദ്ദീന്‍ ബുഖാരി എന്നീ മൂന്ന് മക്കളില്‍ സയ്യിദ് മുഹമ്മദുല്‍ ബുഖാരി ആണ് മലപ്പുറത്തെത്തിയ ആദ്യ തങ്ങള്‍. കണ്ണൂരിലെ വളപട്ടണത്തു നിന്ന് മത പ്രബോധനത്തിനായി മലപ്പുറം ജില്ലയിലെ തിരൂര്‍ പറവണ്ണയിലാണ് മഹാന്‍ എത്തുന്നത്. വര്‍ഷങ്ങളോളം ഈ പ്രദേശത്തുകാരുടെ ആത്മീയ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ചു. ഹി. 1077ല്‍ വഫാത്തായ മഹാന്റെ മഖ്ബറ പറവണ്ണ ജുമാ മസ്ജിദിനു സമീപത്താണ്. അനവധി കറാമത്തുകള്‍ക്കുടമയായ മഹാന്‍ ഇന്നും ആയിരങ്ങളുടെ ആശാ കേന്ദ്രമാണ്.
മമ്പുറം കുഞ്ഞിക്കോയ തങ്ങള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒളിമങ്ങാത്ത സാന്നിധ്യമായിരുന്നു മമ്പുറം കുഞ്ഞിക്കോയ തങ്ങള്‍. മുസ്‌ലിംകള്‍ ബ്രിട്ടീഷ് ക്രൂരതക്കെതിരെ നടത്തിയ പോരാട്ടങ്ങളില്‍ വെള്ളക്കാരുടെ ഗവണ്‍മന്റിനെ ഏറെ ഭീദിപ്പെടുത്തിയ ഒന്നായിരുന്നു മഞ്ചേരി കലാപം. ഈ കലാപത്തില്‍ അത്തന്‍ കുരിക്കളോടൊപ്പം മുന്നണിപ്പോരാളിയായി തങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മുന്‍ നിരയിലുണ്ടായിരുന്ന അദ്ദേഹം അറിയപ്പെട്ട മത പ്രഭാഷകനായിരുന്നു.
മഹാന്റെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ പങ്കിനെ കുറിച്ച് അന്നത്തെ ജില്ലാ കലക്ടറായിരുന്ന എച്ച്.വി. കൊണോലി, ഗവണ്‍മെന്റ് സെക്രട്ടറി എച്ച്.സി ഗോണ്ട് മോറിക്ക് ഇപ്രകാരം എഴുതി കുഞ്ഞിക്കോയ തങ്ങള്‍ കലാപ മുഖത്തേക്ക് ഇറങ്ങാനുണ്ടായ സാഹചര്യം ബ്രിട്ടീഷ് അധികൃതര്‍ക്കു മുമ്പില്‍ വിചാരണ സമയത്ത് നല്‍കിയ വിശദീകരണം , ജനങ്ങളോടൊത്ത് നില്‍ക്കാനുള്ള എന്റെ തീരുമാനം തികച്ചും മതാധിഷ്ഠിതമാണ്. ഒരു മുസല്‍മാന്‍ അപകടത്തിലും വിഷമഘട്ടത്തിലുമായിരിക്കുമ്പോള്‍ അവരോടൊത്ത് പ്രതിരോധിക്കുകയും മരണം വരിക്കുമെങ്കില്‍ അതും സയ്യിദന്മാരുടെ കടമയാണ്. അവരുടെ കഷ്ടപ്പാടുകള്‍ കണ്ട് ദൈവ മാര്‍ഗ്ഗത്തില്‍ പോരാടാന്‍ ഞാന്‍ അവരോട് ചേര്‍ന്നു. ഇതിനു ശ്ഷവുമ വേണ്ട രീതിയില്‍ അന്വേഷണം നടത്തി മുസല്‍മാന്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നില്ലെങ്കില്‍ ഇത്തരം സംഘട്ടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
ബ്രിട്ടീഷുകാരുടെ മുന്നില്‍ പതറാതെ അദ്ദേഹം നല്‍കിയ മൊഴികളില്‍ കലാപ വീര്യവും പൊതുജനങ്ങളോടുള്ള കടപ്പാടും കൃത്യമായി തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. തങ്ങളും അത്തന്‍ കുരിക്കളും നേതൃത്വം നല്‍കിയ സംഘട്ടനത്തിന്റെ പ്രധമ ഘട്ടത്തില്‍ 15 പേരാണുണ്ടായിരുന്നത്. ഇവര്‍ പാണ്ടിക്കാട്, മഞ്ചേരി, അരീക്കോട് തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒടുവില്‍ വെള്ള പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ രക്ത സാക്ഷിത്വം വഹിക്കുകയായിരുന്നു കുഞ്ഞിക്കോയ തങ്ങള്‍.
സയ്യിദ് മുഹമ്മദ് ബുഖാരി (ഇമ്പിച്ചിക്കോയ തങ്ങള്‍, മലപ്പുറം)
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്പന്ദനങ്ങള്‍ മലബാറിലും ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്നു നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിജയത്തിന് മലപ്പുറം വലിയ പള്ളിയില്‍ വെച്ച് ജുമുഅക്ക് ശേഷം നടന്ന പ്രാര്‍ത്ഥനക്ക് മലപ്പുറത്തെ സയ്യിദ് ഫഖ്‌റുദ്ദീന്‍ ബുഖാരിയുടെ സന്താന പരമ്പരയില്‍ ജനിച്ച സയ്യിദ് മുഹമ്മദുല്‍ ബുഖാരി എന്ന ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു. അവിടത്തെ മഖ്ബറ സ്ഥിതി ചെയ്യുന്നത് ആലത്തൂര്‍പടി ഖബര്‍സ്ഥാനിലാണ്.
മലപ്പുറം കുഞ്ഞി തങ്ങള്‍
മലപ്പുറം ഇമ്പിച്ചിക്കോയ തങ്ങളുടെ മകനാണ് സയ്യിദ് അഹ്മദ് അല്‍ ബുഖാരിയെന്ന കുഞ്ഞി തങ്ങള്‍. പിതാവിനെപോലെ ആത്മീയ സാമൂഹിക മേഖലയിലെ നേതൃത്വമായിരുന്നു. മലപ്പുറം ആസ്ഥാനമാക്കി ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെ മുസ്്‌ലിംകളുടെ ആത്മീയവും സമൂഹികവുമായ മുന്നേറ്റത്തിന് ഒന്നര നൂറ്റാണ്ടോളം നേതൃത്വം നല്‍കിയത് ബുഖാരി സാദാത്തീങ്ങളായിരുന്നു. ഇവരില്‍ അവസാന കണ്ണിയാണ് കുഞ്ഞി തങ്ങള്‍. മലപ്പുറം ശുഹദാ ജാറത്തിനു പിന്‍വശത്തെ അദ്ദേഹത്തിന്റെ വീട് ജാതിമത ഭേദദമന്യെ സകല ജനങ്ങളുടെയും അഭയ കേന്ദ്രമായിരുന്നു. ദിനംപ്രതി അനവധി ആളുകള്‍ ആ വീട്ടുമുറ്റത്തെത്തി ആവശ്യങ്ങള്‍ നിറവേറി മടങ്ങിയിരുന്നു. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ് കൂടെയായിരുന്നു മഹാന്‍. യൂനാനി വൈദ്യത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, മലബാറിനു പുറത്തു നിന്നുപോലും നിരവധി ആളുകള്‍ അവിടത്തേക്കെത്തി.
ആത്മീയ നേതാവായിരുന്ന തങ്ങളെ അടുത്ത് ഭരണാധികാരികളും നവാബുമാരും സന്ദര്‍ശിച്ചിരുന്നു. ബീജാപ്പൂര്‍ സുല്‍ത്താനും നവാബുമാരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ രാജാവിനെതിരെ യുദ്ധം ചെയ്ത കുറ്റത്തിന് രാജ്യസ്‌നേഹിയായ കുഞ്ഞി തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. പക്ഷെ മലബാറുകാരുടെ ജനമനസ്സുകളില്‍ ഇടംപിടിച്ച തങ്ങളെഅറസ്റ്റ് ചെയ്ത് തുറങ്കിലടച്ചാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്ന് അവരതിന് മുതിര്‍ന്നില്ല. മലബാര്‍ മുസ്‌ലിംകളുടെ ആത്മീയ നായകനെന്നതിനു പുറമെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. 1921 ലെ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ കുഞ്ഞി തങ്ങളുമുണ്ടായിരുന്നു. മലപ്പുരം ജാറത്തനു പിറകെയുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് നടന്ന യോഗത്തിലാണ് മലപ്പുറത്തെ ആദ്യ ഖിലാഫത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി നിലവില്‍ വന്നത്. കട്ടിലശ്ശേരി മുഹമ്മദ് മൗലവി, വടക്കേ വീട്ടില്‍ മമ്മുട്ടി, കെ. മാധവന്‍ നായര്‍, എം.പി. നാരായണമേനോന്‍ തുടങ്ങിയ 46 പൗര പ്രമുഖരാണ് ആ യോഗത്തില്‍ സംബന്ധിച്ചിരുന്നത്. ഈ യോഗത്തില്‍ വെച്ചു തന്നെയാണ് ആദ്യ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതും. അത് കുഞ്ഞി തങ്ങളായിരുന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുന്ന മലപ്പുറം ഡിവിഷന്റെ ആസ്ഥാനത്ത് നടന്ന കമ്മിറ്റി രൂപീകരണം ബ്രിട്ടീഷ് ഭരണകൂടത്തെ ഭയവിഹ്വലരാക്കി. ഉടനെ തന്നെ കുഞ്ഞി തങ്ങള്‍ ഒഴികെയുള്ള കമ്മിറ്റി ഭാരവാഹികളുടെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതറിഞ്ഞ ഭാരവാഹികള്‍ ഒളിവില്‍ പോയി.
1921 ലെ മലബാര്‍ സമരകാലത്തിലാണ് കുഞ്ഞിതങ്ങളെ ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്യുന്നത്. നൂറ് വയസ്സുള്ള തങ്ങള്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു. പ്രതിഷേധമെന്നോണം അവിടന്ന് നിരാഹാരമനുഷ്ഠിച്ചു. തങ്ങളെ ജയിലിലടച്ച വിവരമറിഞ്ഞ കണ്ണൂരിലെ ജനങ്ങള്‍ തങ്ങളെ കാണാന്‍ ആഗ്രഹം അറിയിച്ചു. തുടര്‍ന്ന് ജയില്‍ സുപ്രണ്ട് കുഞ്ഞാമു ജനങ്ങളുടെ ആവശ്യം കലക്ടറെ അറിയിച്ചെങ്കിലും ബ്രീട്ടീഷ് ഭരണകൂടം നിരാകരിച്ചു. ഏറെ താമസിയാതെ 1921 സെപ്തംബര്‍ 9ന് 16 ന് വെള്ളിയാഴ്ച മരണപ്പെട്ടു. തങ്ങളുടെ മരണ വിവരം ജയില്‍ സുപ്രണ്ട് അറക്കല്‍ ബീവിയെ അറിയിക്കുകയും ബീവിയുടെ നിര്‍ദ്ദേശപ്രകാരം രാജ കുടുംബാംഗത്തിന്റെ നേതൃത്വത്തിലുള്ള വലിയൊരു ജനാവലി മയ്യിത്ത് ഏറ്റുവാങ്ങുകയും കണ്ണൂര്‍ മുഹമ്മദ് മൗലല്‍ ബുഖാരിയുടെ മഖാമിന് സമീപം സ്ഥിതി ചെയ്യുന്നകണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറമാടുകയും ചെയ്തു. ഇതറിഞ്ഞ അന്നത്തെ കലക്ടര്‍ ഇ.എഫ് തോമസ് കുപിതനായി. ഒരു പ്രാദേശിക ബ്രിട്ടീഷ് വിരുദ്ധ പോരാളിക്ക് മാപ്പിളമാര്‍ നല്‍കുന്ന പരിഗണന അയാളെ അസ്വസ്ഥനാക്കി. ഇതിന്റെ പ്രതികാരമെന്നോണം ജയില്‍ സുപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ സസ്‌പെന്‍സിനെതിരെ തടവറയിലുള്ള മാപ്പിള തടവുകാര്‍ ഒരുദിവസം നോമ്പനുഷ്ടിച്ച് പ്രതിശോധിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സയ്യിദ് ജലാലുദ്ദീല്‍ ബുഖാരി (റ) വിന്റെ മകന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരിയുടെ മൂന്ന് മക്കളിലൂടെ വ്യാപിച്ച ബുഖാരി സാദാത്തീങ്ങളില്‍ പെട്ട കരുവന്‍ തിരുത്തി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെപുത്രന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ സൈദ് കോയ തങ്ങളുടെയും അവരുടെ പുത്രന്‍ സയ്യിദ് ഇസ്മാഈല്‍ കുഞ്ഞുട്ടിക്കോയ തങ്ങളുടെയും മഖ്ബറ മലപ്പുറം വലിയങ്ങാടി ശുഹദാ പള്ളിയിലെ ശുഹദാക്കളുടെ ജാറത്തിന് തൊട്ടടുത്താണ് മറവു ചെയ്യപ്പെട്ടത്. ഈ ഖബറുകള്‍ മുഴുവനും ഒരു കെട്ടിടത്തിനുള്ളിലാണ്. അവരുടെ ചുറ്റുവട്ടത്ത് 25 ബുഖാരി സാദാത്തീങ്ങളുടെ ഖബറുകളുണ്ട്. ഇവയില്‍ അഞ്ച് ഖബറുകള്‍ പ്രത്യേകം കെട്ടിപ്പൊക്കിയിട്ടുണ്ട്. 18 ഖബറുകള്‍ക്കു മുകളിലെ മീസാന്‍ കല്ലുകള്‍ കാണൂ..
കൊന്നാര് തങ്ങന്മാര്‍
മലപ്പുറം ജില്ലയെ കോഴിക്കോട് ജില്ലയില്‍ നിന്നും വേര്‍തിരിക്കുന്ന ചാലിയാറിന്റെ തീരത്തെ ഗ്രാമമാണ് കൊന്നാര്. ഇതിനടുത്തുള്ള ചരിത്ര പ്രസിദ്ധമായ കൊന്നാര് ജുമാ മസ്ജിദില്‍ കൊന്നാരിനെ നയിച്ച സാദാത്തുക്കളുടെ മഖ്ബറകള്‍ കാണാം. അഹ്്‌ലുബൈത്തില്‍ പെട്ട പ്രധാന കാരണവരായിരുന്ന സയ്യിദ് മുഹമ്മദുല്‍ ബുഖാരി (റ) (കൊഞ്ഞുള്ള ഉപ്പാപ്പ) ആണ് കൊന്നാരില്‍ ആദ്യമായി എത്തുന്നത്(എ.ഡി.1778 ല്‍). കരുവന്‍ തിരുത്തിയില്‍ നിന്നാണ് ഇവര്‍ കൊന്നാരിലേക്ക് കുടിയേറിയത്. മീന്‍ പിടിച്ച് ജീവിച്ചിരുന്ന കൊന്നാരിലെ ജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിന് പിന്നില്‍ മുഹമ്മദുല്‍ ബുഖാരിയുടെ അനിഷേധ്യ പങ്ക് കാണാം. കൊന്നാര് പ്രദേശത്തെ ജനങ്ങളുടെ അത്താണിയായിരുന്ന തങ്ങളുടെ കറാമത്തുകള്‍ പ്രശസ്തമാണ്. മുഹമ്മദുല്‍ ബുഖാരി തങ്ങളോട് അനുസരണക്കേട് കാണിച്ചതിനും ബഹുമാനിക്കാത്തതിനുമുള്ള കാരണമായി താടി കത്തിപ്പിടിച്ച സംഭവവും മരത്തടി വലിക്കാന്‍ ആനയെ നല്‍കാതെ അനുസരണക്കേട് കാണിച്ചതിന് ആനയെ പുഴയിലൂടെ മറുവശത്തെ കരയിലേക്ക് കൊണ്ടുപോയപ്പോള്‍ മുങ്ങിപ്പോയതും ഇന്നും കൊന്നാരുകാര്‍ക്ക് മറക്കാനാവാത്ത സംഭവങ്ങളാണ്. കൊന്നാരിന്റെ ആത്മീയ ഉയര്‍ച്ചക്കു പിന്നില്‍ പ്രധാന കണ്ണിയായി വര്‍ത്തിച്ച തങ്ങള്‍ 85-ാം വയസ്സില്‍ ഹി. 1255 ല്‍ വഫാത്തായി. കൊന്നാര് പള്ളിയുടെ മിഹ്‌റാബിന് പിന്നിലാണ് അവിടത്തെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. മകന്‍ സയ്യിദ് ഇസ്മാഈലുല്‍ ബുഖാരിയും കൊന്നാരിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. കൊന്നാര് മസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ സയ്യിദന്മാരുടെ ഖബറുകള്‍ക്ക് മാത്രമായി ഒരുഭാഗം പ്രത്യേകമുണ്ട്. ആ ഗ്രാമത്തില്‍ അനേകം സയ്യിദന്മാരുടെ കുടംബങ്ങള്‍ ഇന്നും ഉണ്ട്.
കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
അരയില്‍ വാളും മെയ്യില്‍ മഞ്ഞപ്പട്ടും ധരിച്ച വെളുത്ത ദേഹവും ഗൗരവം സ്ഫുരിക്കുന്ന മുഖവുമുള്ളവരായിരുന്നു കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍. 30 വയസ്സ് പ്രായമുള്ള ഇദ്ദേഹം മലബാര്‍ സമരമുഖത്തെ പ്രധാനിയായിരുന്നു. പൊന്നാനിയിലെ ഖിലാഫത്ത് നേതാവായിരുന്ന അദ്ദേഹത്തെ കുറിച്ച് ബ്രിട്ടീഷുകാര്‍ക്ക് പോലും പറയാനുണ്ടായിരുന്നത് തങ്ങളുടെ ധീരതയായിരുന്നു. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ അദ്ദേഹത്തെ രാജ്യമാസകലം കിടുകിടാ വിറപ്പിച്ച കൊന്നാര് തങ്ങള്‍ എന്നാണ് മാധവന്‍ നായര്‍ അദ്ദേഹത്തിന്റെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്.
മുഹമ്മദ്‌കോയ തങ്ങളെ സമര മുഖത്തേക്ക് ഇറക്കിയത് ബ്രീട്ടീഷുകാരുടെ നിരപരാധികള്‍ക്കുമേലുള്ള കടന്നുകയറ്റമായിരുന്നു. നിരപരാധികളായ മാപ്പിളമാരെയും ഹിന്ദുകുടിയാന്മാരെും കൊല്ലുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്ത അനവധി സംഭവങ്ങളും പള്ളിക്കെതിരെയുള്ള ആക്രമണങ്ങളും ആണ് സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന തങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിയാന്‍ കാരണമാക്കിയതെന്ന് അവിടന്നു പോലീസുകാര്‍ക്ക് നല്‍കിയ മൊഴിയില്‍ കാണാം.
ഒരിക്കല്‍ നിലമ്പൂരില്‍ നിന്ന് ഖാളിയെ ചികിത്സിച്ച് തിരികെ വരുമ്പോള്‍ വാഴക്കാട് ഭാഗങ്ങളില്‍ ഖിലാഫത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളും കൊള്ളയും തങ്ങളറിഞ്ഞു. ഇവരുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ നാട്ടുപ്രമാണിയായ കൊയപ്പത്തൊടി മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു സമ്മേളനം സംഘടിപ്പിച്ചു.ഇതില്‍ മുഹമ്മദ് കോയ തങ്ങളുടെ മകന്‍ കുഞ്ഞി തങ്ങളായിരുന്നു അധ്യക്ഷന്‍. ഉപ്പ കോയ തങ്ങള്‍ക്ക സുഖമില്ലായിരുന്നു. തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ കോഴിക്കോട്ടു നിന്ന് പട്ടാളം പുഴ കടന്ന് വരികയും മാടത്തും പാറ ക്യാമ്പ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കള്ളക്കഥകള്‍ പറഞ്ഞ്, പള്ളി ആക്രമിക്കുകയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ചവിട്ടിത്തേക്കുകയും ചെയ്തു. പള്ളി അശുദ്ധമാക്കിയതിന് പുറമെ അവിടെ ഉണ്ടായിരുന്ന ഹസന്‍ പൂക്കോയ തങ്ങളെ ആക്രമിക്കുക വരെ ചെയ്തു. തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും ആക്രമങ്ങളുണ്ടായി. ഇതായിരുന്നു തങ്ങളെ സമരരംഗത്തേക്ക് ഇറക്കിയതെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തുന്നു. സയ്യിദ് മുഹമ്മദുല്‍ ബുഖാരി തങ്ങള്‍ കൊന്നാരിലെത്തിയപ്പോള്‍ ആദ്യം പള്ളി നിര്‍മ്മിക്കുകയായിരുന്നു. ഈ പള്ളി അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരുടെ മെഷിന്‍ ഗണില്‍ നിന്ന് തറച്ച ഉണ്ട ഉള്ള ജനാല പുതുക്കിപ്പണിതപ്പോഴും അതേപോലെ നില നിറുത്തി ഇന്നും അവിടെയുണ്ട്.
ആറ്റക്കോയ തങ്ങള്‍ (ചെറുണ്ണി തങ്ങള്‍)
സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കൊന്നാര് സാദാത്തീങ്ങളില്‍ പെട്ട മറ്റൊരാളാണ് ആറ്റക്കോയ തങ്ങള്‍ എന്ന ചെറുണ്ണി തങ്ങള്‍. സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ മക്കളിലൊരാളാണിവര്‍. ബെല്ലാരിയിലെ ജയിലിലേക്കയച്ച സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങളുടെ സഹോദരനാണിദ്ദേഹം. 1921ലെ മാപ്പിള സ്വാതന്ത്ര്യ സമരത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാങ്ങ്
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബുഖാരി കുടുംബത്തില്‍ പെട്ട മറ്റൊരാളാണ്‌സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍. ഒരു വലിയ ജന സഞ്ചയത്തെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ തിരിച്ചതിന് 14 വര്‍ഷം ബെല്ലാരിയിലെ തടവറയില്‍ കഴിയാന്‍ സിക്ഷ വിധിച്ചെങ്കിലും തങ്ങള്‍ ഇടക്കെപ്പോഴോ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു.
സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പാങ്ങ്
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ക്കും 14 വര്‍ഷത്തെ തടവു ശിക്ഷ ബ്രിട്ടീഷ് ഭരണകൂടെ വിധിച്ചിരുന്നു.
ആത്മീയമായും സാമൂഹികമായും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശികളാവുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്ത ബുഖാരി സാദാത്തുക്കളുടെ പിന്‍ഗാമികള്‍ ഇന്നും മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളില്‍ കാണാം.