പ്രിയ നബിയേ,
ഒരിക്കല്‍ ഞാന്‍ ഉമ്മയോട് ചോദിച്ചു: ”എന്റെ പേരിനു മുമ്പിലെന്തിനാ ‘മുഹമ്മദ്’ എന്ന് ചേര്‍ത്തി വിളിക്കുന്നതെന്ന്. അകാംഷ നിറഞ്ഞ എന്റെ ആ ചോദ്യം രൂപപ്പെടാനുണ്ടായ കാരണം അങ്ങേക്കറിയാമെന്നെനിക്കറിയാം. പക്ഷെ, അത് പറയുമ്പോള്‍ ഞാനനുഭവിക്കുന്ന ആനന്ദമോര്‍ത്ത് വീണ്ടും പറയുന്നു. അഞ്ചാം വയസ്സിലോ ആറാം വയസ്സിലോ ആദ്യമായി മദ്രസയുടെ കുഞ്ഞു ബെഞ്ചിലിരുന്നപ്പോള്‍ ഉസ്താദ് ആ ക്ലാസിലുണ്ടായ ആണ്‍കുട്ടികളുടെ പേര് വിളിച്ചത് ഇതേ മുഹമ്മദിലേക്ക് ചേര്‍ത്തിട്ടായിരുന്നു. അന്നാണ് ഞാന്‍ ‘മുഹമ്മദ്’ എന്ന നാമത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്നാണ് എന്റെ ഓര്‍മ്മ പറയുന്നത്. ഉസ്താദ് എന്തുകൊണ്ട് എല്ലാവരെയും മുഹമ്മദിലേക്ക് ചേര്‍ത്തു വിളിക്കുന്നു എന്ന എന്റെ കൊച്ചു ജിജ്ഞാസയില്‍ നിന്നാണ് ഉമ്മയോടുള്ള എന്റെ ആ ചോദ്യം രൂപപ്പെട്ടത്. അതിനു മുമ്പും ഉമ്മയും ഉപ്പയും പലതവണ പാടിയും പറഞ്ഞും അങ്ങയുടെ പേരും നാടും വീടും വിയോഗവും എല്ലാം എന്റെ കുഞ്ഞു മനസ്സില്‍ കട്ടക്ക് എഴുതിവെച്ചിരുന്നെങ്കിലും അന്ന് ഉമ്മയോട് ഞാന്‍ ചോദിച്ച ആ ചോദ്യമാണ് അങ്ങയെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മകളുടെ താളുകളായി മനസ്സില്‍ പതിയുന്നത്.
പ്രിയ നബിയേ,
ആ ചോദ്യം കേട്ട എന്റെ ഉമ്മ എന്നെ ഇടനെഞ്ചിലേക്ക് ചേര്‍ത്തു നിറുത്തിയിട്ടു പറഞ്ഞു: ”ആ പേര് മോന്റെ പേരിനു മുമ്പിലെന്തിനാണ് ചേര്‍ത്തത് എന്നറിയാന്‍ വേണ്ടിയാണ് നിന്നെ മദ്രസയില്‍ ചേര്‍ത്തത്. നാളെ മുതല്‍ നിനക്ക് ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി തുടങ്ങും.” അന്ന് ഉമ്മ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായില്ലെങ്കിലും എന്റെ ചോദ്യം കേട്ടപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ, അവേശം സ്ഫുരിക്കുന്ന മുഖപ്രസന്നതയോടെ എന്റെ ഉമ്മയുടെ ആ അണച്ചുപൂട്ടലില്‍ നിന്ന് ഉമ്മയുടെ ഇടനെഞ്ചില്‍ കിടന്നു വേഗത്തില്‍ പിടക്കുന്ന ഹൃദയസ്പന്ദനത്തിലുടെ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അത്രലളിതമായി പറഞ്ഞു തരാന്‍ സാധിക്കില്ലെന്ന് എന്റെ ഉമ്മ എന്നോട് പറയാതെ പറഞ്ഞു. ഹൃദയം അനുഭവിക്കുന്നതെല്ലാം അക്ഷരങ്ങള്‍ക്ക് അതേപടി കാന്‍വാസില്‍ പകര്‍ത്താന്‍ സാധിക്കില്ലെന്നും അത് അനുഭവിച്ചു തന്നെ അറിയണമെന്നും എന്നെ ബോധ്യപ്പെടുത്തിയ ആദ്യ അനുഭവം കൂടിയായിരുന്നുവത്.
പ്രിയ നബിയേ,
ഞാനെന്റെ കുടുംബത്തെ കുറിച്ചു പറയാം, ഉപ്പാക്കും ഉമ്മാക്കും ഞങ്ങള്‍ അഞ്ചു മക്കളാണ്. മൂന്നാണും രണ്ടുപെണ്ണും. പക്ഷെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഞങ്ങളെ എല്ലാവരെയും അവര്‍ അങ്ങയുടെ പേരന്വഷിച്ചുള്ള യാത്രക്കയച്ചു. അന്ന് ആ മദ്രസയുടെ ഉപ്പൂത്തി മരത്തില്‍ പണിത ഡെസ്‌കില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടിരുന്ന ഒരു തരം കറുപ്പില്‍ വെള്ളകലര്‍ന്ന മരത്തരി എത്ര തട്ടികളഞ്ഞാലും പോകാന്‍ കൂട്ടാകതെ അള്ളിപിടിച്ചിരുന്നതും അവ ഞങ്ങളുടെ കുഞ്ഞു തൂവള്ള തുണിയില്‍ വീണ് വര്‍ണാഭമാക്കിയതും അങ്ങയുടെ അധ്യാപനങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ടായിരിക്കണമെന്ന് ഇപ്പോള്‍ തോന്നുന്നു. അങ്ങയെ അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്രയില്‍ പലരെയും പരിചയപ്പെട്ടു. നിറകണ്ണുകളോടെ അവരെ അടുത്തറിയാന്‍ ശ്രമിച്ചു. എന്തിനായിരുന്നു ബീവി സുമ്മയ്യ തന്റെ നഗ്നനാബിയിലേക്ക് ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് കയറിയിറങ്ങാനനുവദിച്ചത് എന്ന് അനിയത്തി റിഷാ സുമ്മയ്യയോട് ചോദിച്ചപ്പോള്‍ അവള്‍ ഉത്തരം പറയുന്നതിന് പകരം കണ്ണു നിറഞ്ഞുകൊണ്ട് തന്റെ പേര് സുമയ്യയാണെല്ലോ എന്നോര്‍ത്ത് അഭിമാനിച്ച ചിത്രം മനസ്സിലിപ്പോഴും മായതെയുണ്ട്. ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണെന്ന തിരുനബിയുടെ തിരുവരുള്‍ അനിയന്‍ ചിമ്മിനി വെട്ടത്തില്‍ ഉറക്കെ വായിക്കുന്നത് കേട്ട കുഞ്ഞുപെങ്ങള്‍ ഫാത്തിമാ റന്ന ഒളികണ്ണ് കൊണ്ട് കണ്ണെറിഞ്ഞ് സ്വയം കോരിത്തരിക്കുന്നത് തൊട്ടിപ്പുറത്തിരുന്ന് ഞാന്‍ കാണുന്നത് അവളറിഞ്ഞിരുന്നില്ല നബിയേ.
പ്രിയ നബിയേ,
ആ യാത്രയില്‍ ഞാന്‍ സിദ്ധീഖന്നെവരെ കുറിച്ചറിഞ്ഞപ്പോള്‍ എങ്ങനെ എനിക്ക് എന്റെ ഉമ്മയോട് എന്റെ പേരിനു മുമ്പില്‍ എന്തിനു മുഹമ്മദെന്ന് ചേര്‍ത്തു എന്ന് ചോദിക്കാന്‍ സാധിച്ചു? എന്നോര്‍ത്ത് ലജ്ജിച്ചു. അങ്ങനെ ചേര്‍ക്കാത്തവര്‍ എന്തുകൊണ്ട് ചേര്‍ത്തില്ലാ എന്നല്ലേ ചോദിക്കേണ്ടതെന്നോര്‍ത്ത് ഞാന്‍ ശിരസ്സു കുനിച്ചു. ഉമറന്നവരേയും ഉസ്മാന്‍ തങ്ങളെയും അലിയാരെയും പഠിക്കുന്തോറും അങ്ങ് എനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത തലങ്ങളിലേക്ക് കയറികൊണ്ടേയിരിക്കുകയായിരുന്നു.
വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേദനം നല്‍കണം എന്നു പഠിപ്പിച്ച അങ്ങയുടെ അധ്യാപനങ്ങള്‍ വായിച്ചപ്പോള്‍ തൊഴിലാളി മുതലാളി കലാപത്തിന് ആഹ്വാനം ചെയ്ത മാര്‍കസിനോടും എങ്കല്‍സിനോടും പുച്ഛം തോന്നി. അനാഥബാല്യത്തിന് മുമ്പില്‍വെച്ച് സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന് പറഞ്ഞ അങ്ങയുടെ സന്നിദ്ധിയില്‍ വന്നിരുന്ന് ബുദ്ധനിനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് ഞാനുറപ്പിച്ചു. ഹുദൈബിയയുടെ സന്ധ്യസംഭാഷണത്തില്‍ നിന്ന് കൗടില്യനിനിയും സൂത്രങ്ങള്‍ പഠിച്ചെടുക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യമായി. നാളെ അന്ത്യനാളാണെങ്കിലും ഇന്ന് നിന്റെ കൈവശമുള്ള വിത്ത് നടണമെന്നു പറഞ്ഞ അങ്ങയെക്കാള്‍ വലിയപ്രകൃതി സ്‌നേഹിയെ ഞാനേത് പ്രകൃതി പാഠശാലയില്‍ പോയി തിരയും. ലോകമുസ്‌ലിമിന്റെ ദിശാബിന്ദുവായ കഅ്ബ അങ്ങയുടെ അധീനതയില്‍ വന്നപ്പോള്‍ തലമുതിര്‍ന്ന തറവാടിത്തമുള്ള നിരവധിപേരവിടെ ഉണ്ടായിട്ടും നീഗ്രോ വംശജനായ എത്യോപ്യന്‍ അടിമയായ ബിലാലിനോട് (റ) കഅ്ബയുടെ മുകളില്‍ കയറി ഇസ്‌ലാമിന്റെ ശബ്ദ സന്ദേശം മാലോകരെ അറിയിക്കാന്‍ പറഞ്ഞ അങ്ങയുടെ സമത്വ ബോധത്തില്‍ നിന്നല്ലേ ലോകത്തിലെ കപടസമത്വവാദികള്‍ പാഠം ഉള്‍കൊള്ളേണ്ടത്. വെളുത്ത റോമക്കാരന്‍ സുഹൈലെന്നവരെയും പേര്‍ഷ്യക്കാരന്‍ സല്‍മാനെന്നവരെയും കാരിരുമ്പിന്റെ കറുപ്പുള്ള ബിലാലോരേയും അങ്ങെങ്ങിനെയാണ് ഒരു തളികയില്‍ നിന്ന് ഉണ്ണാന്‍ പഠിപ്പിച്ചത്. ഇവിടെ ഞങ്ങളിപ്പോഴും കഞ്ഞിക്ക് ഇലയിടുമ്പോള്‍ തറവാട് പറഞ്ഞ് ദൂരേക്ക് മാറ്റിയിരുത്തപ്പെടുന്നവരുണ്ട്.
പ്രിയ നബിയേ,
കാലം എത്രപെട്ടന്നാണ് കറങ്ങി തീരുന്നതല്ലേ? ഒരു സന്തോഷം പറയട്ടെ പ്രിയരെ, ഇപ്പോള്‍ എന്റെ ഉമ്മ അങ്ങയെ കുറിച്ച് എന്നോട് നിഷ്‌കളങ്കമായി ചോദിക്കാറുണ്ട്. അന്ന് ഞാന്‍ അങ്ങയെ കുറിച്ച് ചോദിച്ചപ്പോള്‍ എന്നെ അങ്ങയെ അറിയാന്‍ പറഞ്ഞയച്ച അതേ ഉമ്മ. ഉപ്പ ഉണ്ടായിരുന്നങ്കില്‍ അങ്ങോരും ചോദിക്കുമായിരുന്നു. പക്ഷെ, അങ്ങയെ കാണാനുള്ള ധൃതികാരണമാണെന്ന് തോന്നുന്നു മുപ്പര് ഞങ്ങളെ നേരത്തെ പിരിഞ്ഞു. ഞാനിത് അങ്ങേക്ക് അയക്കുമ്പോഴും ഖബറിലിരുന്ന് ഉപ്പ ഞങ്ങള്‍ മക്കളെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവണം. ഞാനെന്റെ മക്കള്‍ക്കു തിരഞ്ഞെടുത്തു നല്‍കിയ മാര്‍ഗങ്ങള്‍ കൃത്യമായിരുന്നുവെല്ലേയെന്ന് അങ്ങയോട് സന്തോഷത്തോടെ പങ്കുവെക്കുന്നുണ്ടാവാം. ഉണ്ടോ നബിയേ?
പ്രിയ നബിയേ,
ഈ എഴുത്ത് ഇങ്ങനെ എഴുതി തീര്‍ക്കാമെന്ന ആശയില്‍ എഴുതുകയാണെങ്കില്‍ ഞാന്‍ ചെയ്യുന്നത് വിഢിത്തമാണെന്ന് ബോധ്യമുള്ളത് കൊണ്ട് നിറുത്തുകയാണ്. നബിയേ, ഞങ്ങള്‍ ജ്യേഷ്ഠാനുജന്മാരും പെങ്ങന്മാരും വ്യത്യസ്ത റൂട്ടുകളിലൂടെ അങ്ങയെ അന്വേഷിച്ചു യാത്ര തിരിച്ചവരാണ്. പത്തുവര്‍ഷം മദ്രസയിലും ഒമ്പതുവര്‍ഷം മഅ്ദിനിലും ഞാന്‍ പഠിച്ചത് എന്റെ ഉമ്മയോട് ഞാന്‍ ചോദിച്ച ആ ചോദ്യത്തിന്റെ വചന പൊരുള്‍ തേടിയിട്ടായിരുന്നു. ഇക്കാക്കയും അനിയനും പെങ്ങന്മാരും ഇത്രയും കാലം മദ്രസയിലും മര്‍കസിലും ദാറുല്‍ മആരിഫിലും പഠിച്ചത് ഇതേ ചോദ്യത്തിനുത്തരം തേടിയിട്ടു തന്നെയാണ്.
പക്ഷെ, അടുത്തറിയും തോറും അങ്ങയെ അറിയാനുള്ളതിന്റെ വ്യാപ്തി കൂടികൊണ്ടിരിക്കുകയാണ്. അങ്ങാരായിരുന്നുവെനിക്കെന്ന് ഇന്നും എനിക്കറിയില്ല. അറിയില്ലാ, എന്നു പറഞ്ഞാല്‍ ആ പദം പൂര്‍ണ്ണമാവില്ല. മറിച്ച് അങ്ങ് എനിക്കാരാണെന്ന് പറയാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് നബിയെ അങ്ങയെ അന്വേഷിച്ചുള്ള യാത്ര മണ്ണിലലിയുവോളം നടത്തണമെന്നാണ് ആഗ്രഹം. അവസാനം ജന്നാത്തില്‍ അങ്ങയുടെ തിരുസവിധത്തില്‍ വട്ടമിട്ടിരിക്കുമ്പോള്‍ ‘രിള്‌വാനെ ഞാനാരായിരുന്നുവെന്നുള്ള ചോദ്യത്തിന് നിനക്ക് ഉത്തരം കിട്ടിയോ?’ എന്ന അങ്ങയുടെ ചോദ്യത്തിനും ‘ഇല്ല, നബിയേ’ എന്നുള്ള എന്റെ ഉത്തരത്തിനും വേണ്ടിയുള്ള കാത്തിരിപ്പിനുള്ള സമര്‍പ്പണമാണ് നബിയേ ഈ ജീവിതം.