എന്‍ അനര്‍ഗളമായ
വികാരത്തിന്‍ കുത്തൊഴുക്കാം
കവിതകളിന്ന് എന്റെയീ ജഡത്തില്‍ നിന്നു-
യര്‍ന്നെഴുന്നേറ്റ് പറന്നകന്നു.
വേദനയുടെ, ഒറ്റപ്പെടലിന്റെ
നിസ്സഹായതയുടെ കൊമ്പല്ലുകള്‍
എന്നില്‍ കുത്തിയിറക്കി കൊണ്ടിരുന്നു.
ഓ എന്റെ കവിതയേ,
എന്നിലെ വസന്തമേ
നിന്റെയീ വേര്‍പാടിനിതെ-
ന്തൊരു നോവാണ്!
നീയില്ലായ്മയില്‍ വിരിയുന്ന
ദിനങ്ങളൊക്കെയും
വ്യര്‍ഥമായെന്നില്‍
നിന്ന് പിരിഞ്ഞിടുന്നല്ലോ!
എന്റെയീ വേരിന്‍ ജഡങ്ങളില്‍
നിന്നൊന്ന്
നീയുയര്‍ത്തെഴുന്നേറ്റിരുന്നെങ്കില്‍ !
ഒരു ചിത്ര ശലഭത്തിന്‍
നനുത്ത ചിറകിലേറി
വന്നെന്നെ വാരി പുണര്‍ന്നിരുന്നെങ്കില്‍!
മുഷിപ്പില്ലാത്തൊരു
കാത്തിരിപ്പിനൊടുവില്‍
നീ എന്നിലലിയണം …
എന്നാത്മാവില്‍ വസന്തം വിരിയണം..
എള്ള് വിതക്കുന്ന മണ്ണിനടിയില്‍
വന്നെത്തി നോക്കുന്ന
ചെന്തെച്ചിയുടെ വേരുകള്‍ പോലും ..
ഞാനും നീയുമായുള്ള പ്രണയ
സല്ലാപം കണ്ട് നാണിച്ച് ഉള്‍വലിയണം..
പിന്നെയോ?!
മണ്ണില്‍ കവിള്‍ ചേര്‍ത്ത്
മയങ്ങുന്നവരോടോക്കെ
പറയാനൊരു കഥ മെനയണം..
ആരും കേള്‍ക്കാത്ത ഒരു
ഇതിഹാസ പ്രണയ കഥ..
ഞാനും എന്റെ കവിതയും
തമ്മിലുള്ള പ്രണയ കഥ..