അജ്ഞാതാന്ധകാരത്താല്‍ വിറുങ്ങലി-
ച്ഛസ്തമിയ്ക്കും അബ്രഹ്മഭൂവിലാറ്റുനോറ്റു
അനാഥനാണെങ്കിലുമെന്തോമനയായ്
ഒരു പിഞ്ചുപൈതല്‍ പിറന്നു വീണു .
മാലാഖമാര്‍വന്നോമനക്കുഞ്ഞിനന്നു
പ്രണവാക്ഷരം കോര്‍ത്തൊരു പേര് നല്‍കി !
സ്തുത്യരതനെന്നോ, പുകള്‍ കൊണ്ടവനോ
വാഴ്ത്തപെട്ടവനോ ? എന്തുമര്‍ത്ഥമാകാം .
അന്നോളമാനാമം കേട്ടതില്ലാ,നാട്ടി –
ലന്നോളമാര്‍ക്കും വിളിച്ചുമില്ല!
പ്രണവാക്ഷരങ്ങള്‍ കൊണ്ടു നെയ്‌തെടുത്ത
അഹമ്മദ്’ എന്നനന്യമാം പേരു നല്‍കി .
അമ്പിളിപ്പിറയായ് നീന്തിത്തുടിച്ചവന്‍
വിണ്ണിലാദിത്യനെപ്പോലുദിച്ചുയര്‍ന്നു .
അന്ധകാരം കീറി മുറിയ്ക്കും ഖഡ്ഗമാ-
യന്തരീക്ഷം തെളിയ്ക്കുന്ന ദീപമായ്
അവനെത്ര പ്രഭയാല്‍ വളര്‍ന്നു വന്നൂ
ഈ വിശ്വമാപ്രഭയില്‍ കുളിച്ചു നിന്നു.
കുലീനനെങ്കിലുമനാഥനാണവന്‍
നിസ്വനാണത്രമേല്‍ നിഷ്‌കളങ്കന്‍
നിരക്ഷരനാണവന്‍, നീതിമാനായവന്‍
വൈരികള്‍ പോലും വിശ്വസിക്കുന്നവന്‍
ആടിനെ മേച്ചു നടന്നിരുന്നന്നവന്‍
ആ മണല്‍ക്കാട്ടിലൂടെയലഞ്ഞിരുന്നു .
ഇല്ലൊരു തണല്‍ മരം തരുപ്പടര്‍പ്പും
അവിടില്ലാ മരതകക്കുന്നുകളും
ഇടയന്റെ പാട്ടുകേട്ടലിഞൊഴുകാന്‍
ഇല്ലങ്ങു പതയും നീര്‍ ചോലകളും .
ഒന്നു നോക്കുകാ കണ്ണീരിന്‍ താഴ്വരയില്‍ –
ഘോരഘോരമാം മാമല മാത്രമല്ലേ ?
പൊരിവെയിലില്‍ വെട്ടിത്തിളച്ചു നില്‍ക്കും
ആ മല കണ്ടാലാരും ഭയന്ന് പോകും!
ആടിനെ മേച്ചു നടന്നിരുന്നങ്ങവന്‍ .
ഒരാലംബമില്ലാതെ അലഞ്ഞിരുന്നു
സൃഷ്ടിതന്‍ തിന്മയില്‍ നൊന്തിരുന്നെന്തിനോ
സ്രഷ്ടാവാരെന്നോര്‍ത്തു വെന്തിരുന്നൂ.
ആ മകനെയണച്ചാശ്വസിപ്പിക്കുവാന്‍
മാതാപിതാക്കള്‍ ജീവിച്ചിരിപ്പതില്ല.
ആ അനാഥബാലനെയൊന്നോതിക്കുവാന്‍
ആചാര്യരാരുമേ മെനക്കെട്ടുമില്ല .
അച്ഛനും അമ്മയും ആത്മീയഗുരുവും
അവന്നൂഴിയാകാശ മരീചികയും
ഒക്കെയും മക്കായായിരുന്നന്നവന്റെ
സര്‍വ്വസ്വമായ് തീര്‍ന്നതാ മക്ക തന്നെ
തേടിത്തളരവേ മാറോടണച്ചതും
ആ കണ്ണീര്‍ തുടച്ചുറക്കുപാട്ടായതും
ആ മണല്‍ക്കാറ്റിന്റെ താളങ്ങളായിരു –
ന്നാ അമ്മ തന്‍ മണ്‍മെത്തയിലായിരുന്നു .
മേല്‍ക്കുമേലെ ചുട്ടു പൊള്ളും വെയില്‍ച്ചൂട്
ഉള്ളിലോ തിരസ്‌ക്കാരമാം മുറിപ്പാട്
കാല്‍ച്ചുവട്ടില്‍ കല്ലു കത്തും കനല്‍ക്കാട്
പൊരുളു തേടുമ്മനസ്സോ നെരിപ്പോട് .
മേഘമവനന്നു കുട ചൂടിക്കൊടുത്തു!
മാമരം തണലായ്ത്തല താഴ്ത്തിക്കൊടുത്തു! ഹിറാമലയവനെത്തന്‍ മാറോടണച്ചു!
മാലാഖ വന്നങ്ങക്ഷരമോതിക്കൊടുത്തു !
‘നീ വായിക്കുക …’,’എനിയ്ക്കറിയില്ലയല്ലോ’
‘നീ വായിക്കുക …’ ‘എനിയ്ക്കറിയില്ലല്ലോ’
‘നീ വായിക്കുക …. ‘കാരുണ്യവാനാകുമേക
സ്രഷ്ടാവിന്‍ പരിശുദ്ധമാം നാമത്തിലിപ്പോള്‍!’
സ്വര്‍ഗ്ഗ സൌഖ്യത്തിനപ്പുറം തെറിച്ചു പോം
നീര്‍ത്തുള്ളിയായ് വെറും നീര്‍ത്തുള്ളിയായ്
നിന്നെപ്പടച്ചതുമവനായിരുന്നു,
ആ അനന്തമാം കാരുണ്യമായിരുന്നു.
ഗര്‍ഭത്തിലട്ട പോലള്ളിപ്പിടിയ്‌ക്കെ നിന്‍
ജീവന്‍ തുടിപ്പിച്ചതവനായിരുന്നു.
നിന്റെ നാവിലക്ഷരമംഗുലീയത്തില്‍ ,
പേന പിടിപ്പിച്ചതവനായിരുന്നു.
നാളെ മണ്‍പുറ്റായ് പ്പൊടിഞ്ഞു നിന്മടക്കം
അവന്റെ മുമ്പില്‍ മാത്രമായിരിക്കും..
അവനെയാരാധിക്കുകന്യദൈവങ്ങളെ
പങ്കു ചേര്‍ക്കായ്ക- നീയുത്‌ബോധനം
ചെയ്യുക..
പുതച്ചു മൂടി യുറങ്ങുന്ന മാനവാ
തീക്കനലക്ഷരം നാവിലേറ്റു കൊള്‍ക
ഭയക്കാതെ നീയിതുദ് ധരിച്ചീടുക
മൂവുലകിനും നീ ദൂതനായ് തീരുക.
ഇടയനാവിലൂടെന്നുമനശ്വര
ദൈവദൂതിന്റെയവതാരമൂഴിയില്‍
മന്ത്രമാണെന്നുമവന്‍ ഭ്രാന്തനാണെന്നും
പരിഹാസമുപരോധം, പലായനം
ധര്‍മ്മാധര്‍മ്മ യുദ്ധം, ധര്‍മ്മ സംസ്ഥാപനം
യുഗങ്ങളിലൂടിക്കഥയ്ക്കാവര്‍ത്തനം !
ഞാനാണവന്നന്ത്യ ദൂതനും ദാസനും
എന്നെ നിങ്ങള്‍ വിശ്വസിച്ചീടണം –
പൊട്ടിച്ചിരിച്ചു -‘പ്രവാചകനാരു നീയോ
ലോകം വെട്ടിത്തിരിഞ്ഞു പിരിഞ്ഞു പോയി .
മാനുഷരെല്ലാരുമേക ദൈവത്തിന്റെ മുന്നില്‍
ഒരുപോലെയാണെന്നുള്ളതാമദൈ്വത മന്ത്രം
പറയവേ പറയവേ ബന്ധങ്ങളറ്റു പോയ്
അടിമകള്‍ പീഡിതര്‍ സഖാക്കളായി.
അവരെക്കല്ലെറിഞ്ഞു, കഴുത്തിലൊട്ട-
കത്തിന്‍കുടല്‍ മാല ചുറ്റിക്കെട്ടി വച്ചു
ചുട്ടമണ്ണിലാണി തറച്ചുകിടത്തി ,
കരിമ്പാറ നെഞ്ചില്‍ കയറ്റിയിറക്കി,
കാരിരുമ്പുള്ളില്‍ ക്രൂരം കുത്തിക്കയറ്റി
ഇരുകുതിരപൂട്ടി വലിച്ചു കീറി,
ഊരു വിലക്കി കുടി നീരും വിലക്കി
മക്കയിലന്നാ ഉരിയാട്ടം വിലക്കി .
പിന്നെ പ്രലോഭനം ചെയ്തു നോക്കീ, അവര്‍
വിലയ്‌ക്കെടുക്കുവാന്‍ ശ്രമിച്ചു നോക്കി.
പൂര്‍വ്വദൈവങ്ങളെത്തള്ളാതിരിയ്ക്കാന്‍
യുവതയ്ക്കു വന്‍ പിഴപറ്റാതിരിയ്ക്കാന്‍
ധനാഗമത്തിന്‍ വഴി മുട്ടാതിരിയ്ക്കാന്‍
ഗോത്ര മഹിമകളുലയാതിരിയ്ക്കാന്‍
രാജാവാകണോ?പുരോഹിതനാകണോ ?
സംസം ജലത്തിന്റെ നായകനാകണോ ?
കണ്ണീരണിഞ്ഞന്ത്യ പ്രവാചകന്‍ ചൊല്ലി:
‘ആ സൂര്യനെ വലംകൈയ്യില്‍ വച്ചുതന്നാല്‍
ചന്ദ്രനെയിടം കൈയ്യിലെടുത്തു തന്നാല്‍
പോലും പിന്തിരിയില്ല; കര്‍മ്മത്തില്‍ നിന്നും ‘
നിവര്‍ന്നു നില്‍ക്കാന്‍ വയറ്റില്‍ കല്ലു കെട്ടി
വെറും ചപ്പില പോലും ചവച്ചിറക്കി
തുപ്പുനീര്‍ മാത്രം കുടിച്ചിറക്കി ,അവന്‍
വേദ വാക്യങ്ങള്‍ വിളിച്ചു ചൊല്ലി .
പന്ത്രണ്ടു കുലങ്ങളുമന്നൊത്തു ചേര്‍ന്നു
പന്ത്രണ്ടു വാളവനെയുമോങ്ങി നിന്നു
അതിന്നുമുന്നിലന്നൊട്ടും പതറാതെ
പൊള്ളുന്ന വഴിയവനേറെക്കടന്നു .
വിശപ്പും വിയര്‍പ്പും ചോരയുമിറ്റിയാ-
പൊരിവെയിലു പോലും വാടിക്കരിഞ്ഞു .
ചിലന്തി വലനെയ്തവനെത്തുണച്ചു!
മാടപ്പിറാവടയിരുന്നൂ മറച്ചു!
അവനന്നു സാക്ഷ്യമായിപ്പൂര്‍ണ്ണ ചന്ദ്രന്‍
ആകാശ മദ്ധ്യത്തില്‍ രണ്ടായിപ്പിളര്‍ന്നു !
മാലാ ഖയൊത്തുവാനമേഘത്തിലേറി
സ്രഷ്ടാവിന്‍ സവിധത്തിലേക്കു പറന്നു !
ആദം തൊട്ടീസാമസീഹിനോളം വരും
ഒരു ലക്ഷം ദൂതരും പ്രവാചകരും
ഏക ദൈവത്തിനെക്കുംബിട്ടു നില്‍ക്കുവാ-
നവന്നുപിന്നിലൊന്നിച്ചണി നിരന്നു .
ആ വിരല്‍ ചൂണ്ടിയപ്പോള്‍ കാബയ്ക്കുള്ളിലെ
വിഗ്രഹങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു വീണു .
വര്‍ണ്ണവും ജാതിയും ഗോത്ര മഹിമയും
അവനക്കാല്‍ക്കീഴില്‍ ചവിട്ടിയരച്ചു .
സീസറിന്‍ കിസ്രതന്‍ സിംഹാസനങ്ങളാ
ഇടയന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞു.
ഒട്ടകം മേച്ചു നടക്കുമിടയന്റെ
ചൊല്‍പ്പടി ലോകം തിരിയാന്‍ തുടങ്ങി.
പുരോഹിതര്‍ പ ണ്ടെന്നോ പൂട്ടിവച്ച
സവര്‍ണ്ണര്‍ക്കു മാത്രമാണെന്നോതിവച്ച
കാബാ കവാടം മാനുഷ്യകത്തിനായി
ദൈവദൂതന്റെ കൈകള്‍ തുറന്നു തന്നു .
ആ ആദിമ ഗേഹത്തിന്‍ ചുമരിലൂടെ
ആദിമഹാ സംസ്‌കൃതിതന്നുച്ചിമേലെ
അന്ത്യദൂതന്റെ ചുമലില്‍ ചവിട്ടി
അതാ -ഒരെത്യോപ്യനാമടിമ നോക്കൂ
എത്ര നിര്‍ഭയനായിക്കയറിടുന്നൂ
കഅബയ്ക്കു മുകളില്‍ നിന്നിടുന്നു
അവിടെ നിന്നുച്ചത്തില്‍ വിളിച്ചിടുന്നു
അദ്വിതീയബാങ്കൊലിയുയര്‍ത്തിടുന്നു
ഏവരുമതു കേട്ടോടിക്കൂടിയപ്പോള്‍
അദൈ്വതം അറിയാതറിഞ്ഞുപോയി !
അടിമയുമുടമയും ഭിന്നരല്ല!
അരചനും ഭ്രുത്യനും വിഭിന്നമല്ല !
ദൈവത്തിന്‍ മുന്നിലെല്ലാരുമൊന്നു തന്നെ !
എല്ലാരുമൊന്നു പോല്‍ വെറും മണ്ണുതന്നെ !
ഇതല്ലാത്തോരദൈ്വത സത്യമുണ്ടോ?
ഇതല്ലാത്തോരദൈ്വത മന്ത്രമുണ്ടോ?
അന്‍പോലുമിപ്പൊരുളെന്നുമോര്‍ത്തിരിയ്ക്കാന്‍
തോളോടു തോള്‍ ചേര്‍ന്നെപ്പൊഴുമൊത്തു കൂടാന്‍
ദിനമഞ്ചു നേരം ബാങ്കുയര്‍ന്നു കേട്ടാ –
ഐക്യത്തില്‍ മക്കയിലവരൊത്തു ചേര്‍ന്നു.
രക്തം പൊടിയാതവനെന്നേയ്ക്കുമായി
മക്കയെ വിജയിക്കുകയായിരുന്നു!
അതു കാലങ്ങളായ് കാത്തു കാത്തു നിന്ന
മക്കയുടെ വിജയവുമായിരുന്നു !
മക്കയല്ലാ മധ്യ ഭൂഖണ്ഡമൊന്നുപോല്‍
ഏകദൈവ ദര്‍ശനം തിരിച്ചറിഞ്ഞു !
ആ ദൈവദൂതനെ അവരടുത്തറിഞ്ഞു
ആ മധ്യലോകമാകെത്തരിച്ചു നിന്നു!
മാതാപിതാക്കളെക്കാള്‍ , തന്നെക്കാളുമേറെ
മക്കളെക്കാള്‍ ,സ്വത്തുക്കളെക്കാളുമേറെ
സുഖത്തെക്കാള്‍ ജീവിതത്തെക്കാളുമൊക്കെ
അവരന്ത്യ ദൂതനെ സ്‌നേഹിച്ചു പോയ്!.
കൊട്ടാരമില്ലാത്ത മഹാരാജാവവന്‍
സിംഹാസനത്തിലിരിയ്ക്കാത്തവന്‍
പട്ടുടയാടയണിയാത്തവന്‍ ,ഓല –
പ്പായയില്‍ മണ്ണിലുറങ്ങിടുന്നോന്‍.. .
പ്രജകളെ സമൃദ്ധരായ് ത്തീര്‍ത്തിടുമ്പോള്‍
അരവയറു പോലും നിറച്ചിടാത്തോന്‍
സമ്പാദ്യമായോരൊറ്റ ദിനാറു പോലും
കരുതാതെ രാജ്യങ്ങള്‍ നയിച്ചിരുന്നോന്‍!
വാഴ്ത്തിയും വരച്ചും തന്നെയെങ്ങാന്‍,ദൈവ
മാക്കരുതെന്നു ശഠിച്ചിരുന്നോന്‍..
പറഞ്ഞതേയില്ലൊരു വാക്കു പോലും
പറയാന്‍ ദൈവം പറഞ്ഞിടാതെ .
ദൈവം തെരഞ്ഞെടുത്തതാണവനെ
ദൈവപ്രതിനിധിയായിരിയ്ക്കാന്‍
കലികാലഖഡ്ഗിയായിരിയ്ക്കാന്‍
മര്‍ത്ത്യര്‍ക്കു മാതൃകയായിരിക്കാന്‍!
പിന്നെ കാലമെത്ര കിതച്ചു പോയി
കാലചക്രവും തിരിച്ച് പോയി
വീണ്ടുമാ വാളുകള്‍ മൂര്‍ച്ച കൂട്ടി
നബിയെ തിരഞ്ഞു നടന്നിടുന്നു
മാരീചരെങ്ങോ വേഷം പകര്‍ന്നിടുന്നു
പൂതനാഗൃഹങ്ങളൊരുങ്ങിടുന്നൂ.
വെണ്ണ കട്ടെന്നും ചേലകട്ടെന്നും,നുണ-
ക്കഥകളാരോ മെനഞ്ഞിടുമ്പോള്‍
കണ്ണീരാലുള്ളം കലങ്ങിടുന്നൂ,തല
മണ്ണോളമിന്ന് താണിടുമ്പോല്‍
ഒരു മണല്‍കാറ്റെന്റെ തോളിലപ്പോള്‍
തലോടിമെല്ലെ കടന്നു പോയി
രൂപമെന്തെന്നറിഞ്ഞിടാത്ത പ്രിയ
ദൂതന്റെ വിരലുകളായിരുന്നോ!
രൂപത്തെ ആരും നമിച്ചിടാത്ത, തിരു
ദൂതന്റെ സ്‌നേഹവുമായിരുന്നോ!