സ്കൂൾ കാലം തൊട്ടേ കേൾക്കുന്നതാണ്
” കറുപ്പ് വെറുപ്പാണ് ”
ഞാനെന്ത് അപരാതമാണ്
ഭൂമിയോട് ചെയ്തത്,
കറുത്ത് പോയതെന്റെ കുറ്റമോ
പെറ്റ തള്ളേടെ കുറ്റമോ
തള്ളയേയും കുറ്റം പറയാനാവില്ല,
താനും കറുപ്പിനഴകല്ലേ
കറുത്ത മുഖവും
വിട്ടടർന്ന നീളൻ ഷർട്ടുമിട്ട്
വഴിയോരങ്ങളിൽ കാണാറുള്ള
അരപുഞ്ചിരി വിടർത്തിയ ബാല്യങ്ങൾക്കും
നിറം കറുപ്പ് തന്നെയാവും
എന്തിന്
സ്വന്തം മണ്ണിൽ സ്ഥാനമില്ലാതെ വന്ന
ആട്ടിപ്പായ്ക്കലുകളേൽക്കേണ്ടി വന്ന
അതിനെതിരെ കറുത്ത കരങ്ങളുയർത്തിപ്പിടിച്ച്
ഒറ്റയാൾ പോരാട്ടം നടത്തിയ
നെൽസൺ മണ്ടേലക്കും കറുപ്പായിരുന്നല്ലോ നിറം
“നിറം കറുപ്പായത്
കുറ്റമായിപ്പോയി “,
വെള്ളക്കാരന്റെ ബൂട്ടിനടിയിൽ
ഞെരുങ്ങി മരണം രുചിച്ച
കറുത്ത വർഗ്ഗകാരൻ
ജോർജ് ഫ്ലോയിഡ്
മരണാന്തരമിങ്ങനെ ചിന്തിച്ചിരിക്കണം
ഒന്നും മൂന്നും സ്ഥാനങ്ങൾ കയ്യടക്കി
താഴ്ത്തിപ്പിടിച്ച ശിരസ്സും ഉയർത്തിപ്പിടിച്ച
ടൊമ്മി സ്മിത്തിന്റെ വലം കൈയും
ജോൺ കാർലോസിന്റെ ഇടം കൈയ്യും
“കറുപ്പെന്ന വിവേചത്തിനെതിരെ നിശബ്ദ വിപ്ലവം
സൃഷ്ടിച്ചപ്പൊ മെക്സിക്കൻ ഒളിംപിക്സിൽ കറുപ്പ് ഓളം കണ്ടില്ലേ
കറുപ്പല്പം കൂടിയതിന്റെ പേരിൽ
ഫുട്ബാൾ മൈതാനത്തേറ്റ “കുരങ്ങ് വിളികൾ ”
മരിയോ ബലോടെല്ലിയുടെ ഹൃദയാന്തരങ്ങളിൽ
ആഴത്തിലുള്ള മുറിവ് ഉണ്ടാക്കിയുട്ടാവില്ലേ
വർണ്ണവെറിക്കെതിരെ കൈമാറ്റം ചെയ്യപ്പെടുന്ന
“നോ റാസിസം, റെസ്പെക്റ്റ് ”
ചെറുപതാക ഫുട്ബാൾ ലോകത്ത്
പിന്നൊരു പ്രതീകാത്മക
കൈയ്യൊപ്പ് തന്നെ ഉണ്ടാക്കി
കറുപ്പെന്ന വെറുപ്പിനെ
നെഞ്ചോട് ചേർത്ത് വെച്ച
ഫുട്ബാളർമാരോരോന്നും കറുപ്പിന്റെ
ഏഴഴകിനേക്കാൾ മനുഷ്യത്വമെന്ന പദം
മൈതാനങ്ങളിൽ
കവിത രചിച്ചു വെച്ചു
സൈദ്ധാന്തിക നിരീക്ഷകർക്കും
കിണിക്കാൻ കാത്തിരിക്കുന്ന കാണികൾക്കും
ഞാനെന്റെ ഇടം കൈ ഉയർത്തിപ്പിടിച്ച്
കറുപ്പിനോട് കാണിച്ച
വെറുപ്പിന്റെ രാഷ്ട്രീയക്കളി
കാർക്കിച്ച് തുപ്പിയ
രോഷത്തോടെ ഇതാ അമർഷം
രേഖപ്പെടുത്തുന്നു.
(രചയിതാവിന്റെ ശബ്ദത്തില്‍ കവിത കേള്‍ക്കാം..)