അവിടെ ആ ആൾക്കൂട്ടത്തിൽ ഞാൻ തീർത്തും തനിച്ചായിരുന്നു..
ആരവങ്ങൾക്കും ആഘോഷങ്ങൾക്കും എന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ കാലിന്റെ മുടന്ത് ചുറ്റും കൂടിയവരെ എന്ത് ചെയ്‌തോ ആവോ എന്ന് ചിന്തിച്ചു പോയി…!
സമാധാനിപ്പിച്ച് കൊണ്ട് വേദനിപിക്കുന്നവർക്ക് ഞാനും മുഖം കൊടുത്തിരുന്നില്ല..
എങ്കിലും എന്തൊക്കെയോ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.
വരുന്നില്ലെന്ന് പല തവണ പറഞ്ഞതാണ് അമ്മയോട്..
തനിയെ സ്വന്തം കാര്യങ്ങൾ പോലും പൂർണ്ണമായി ചെയ്യാൻ കഴിവില്ലാത്തവളെ അമ്മ എങ്ങനെ തനിച്ചാക്കും.
ഇപ്പോ ഈ മംഗല്യപന്തലിൽ
എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ട്..
കൊട്ടും മേളവുമൊന്നും എന്നിലേൽക്കുന്നില്ല..
പുത്തൻ വസ്ത്രങ്ങളുടെ പളപ്പ് എന്നേ പരിഹസിക്കുന്ന പോലെ..
“പിന്നെ കല്യാണക്കാര്യമൊന്നും വന്നില്ലോടീ”
എന്നാവലാതി പൂണ്ട ചോദ്യത്തിന്
അമ്മ പുഞ്ചിരി ധരിച്ച് മൗനത്തെ കൂട്ട് പിടിക്കുമ്പോൾ ഞാൻ കണ്ണടച്ച് കാണിച്ച് ഒന്നുമില്ലെന്ന് പറയും പോലെ സമാധാനിപ്പിക്കും..
“ഞൊണ്ടി ചേച്ചി…!”
പിറകിൽ നിന്നാരോ വിളിച്ചപ്പോഴാണ് ഞാനിപ്പോഴും മണ്ഡപത്തിന് മുന്നിലിരിക്കുകയാണെന്നറിഞ്ഞത്..
തല ചെരിച്ച് നോക്കിയപ്പോൾ പ്രിയപ്പെട്ട കൂടെപ്പിറപ്പാണ്..
വീലുകളിലുന്തി അവനെന്നെ ഉമ്മറത്തെത്തിച്ചു..
“ഒന്നുകിൽ ചേച്ചി വെയിറ്റ് കുറക്ക്.. അല്ലേൽ നടക്കാൻ പഠിക്ക്..
നിക്ക് വയ്യ ട്ടോ…”
അവൻ എളിയിൽ കുത്തി പറയുമ്പോൾ കവിളിൽ തലോടി വാടിയ പുഞ്ചിരി പകരം നൽകി..
“പിന്നെ പഠിക്കാനൊന്നും നോക്കീലേ കുട്ട്യേ..”
അമ്മൂമേടെ ചോദ്യത്തിനൊപ്പം അഞ്ചാറ് പൂയ്പല്ലുകളും ഇളിച്ചുകാണിച്ചു..
ഞാനും ചിരിച്ചു..,
വെറുതെ..!
അക്ഷരങ്ങൾ ചേർന്ന് വാക്കുകളുണ്ടാകുന്നു..
പക്ഷെ ഞാനോ..
അവിടെയും തനിച്ചാണ്..
അന്നവിടെ നിന്നറങ്ങുമ്പോൾ ഇനിയൊരു ആൾക്കൂട്ടത്തെ തന്നെ വെറുത്ത് പോയിരുന്നു..
അത് കൊണ്ടാണോ എന്നറിയില്ല..
പിറ്റേന്ന് പകലുദിച്ചപ്പോൾ മെയ്യനങ്ങുന്നില്ല..,
നാവ് നിശ്ചലമാണ്..
ഞാനൊന്ന് ശ്വാസം വിടാൻ ശ്രമിച്ചു..
എന്തോ തടസ്സം നിൽക്കുന്നുണ്ട്..
വെറുതെ കണ്ണ് തുറന്ന് നോക്കി..
വിതുമ്പി കരയുന്ന അമ്മയും തളർന്ന് കിടക്കുന്ന കുഞ്ഞനിയനും..!
വാരിപ്പുണരാൻ ഞാനൊന്ന് തുനിഞ്ഞപ്പോഴാണ് ബന്ധിച്ച തള്ളവിരലുകൾ തടസ്സം നിന്നത്..!!
മരവിച്ച മനസ്സിനെ കുലുക്കി വിളിച്ചു..
“എടൊ..ഞാൻ മരിച്ചിട്ടില്ല..!!”
എന്നലറി പറഞ്ഞു..
“അതിന് നീ ജീവിച്ചിരുന്നോ പെണ്ണെ..??!”
ഹൃദയം അനന്തമായ മൗനം സ്വീകരിച്ചു..
.
.
“എടുക്കാനായില്ലേ..?”
“എടുക്കാം ലെ..”
“അതേ..
കഴിഞ്ഞിട്ട് വേറെ പരിപാടിയുണ്ട്..!”
ആരോ അടക്കം പറഞ്ഞ് അടക്കാൻ ധൃതികൂട്ടി.
തെക്കേലെ മാവെന്നെ മാടി വിളിച്ചു..
അന്ത്യശ്രമം കൊള്ളുന്നിടത്തേലും ‘പുരന്നിറഞ്ഞവളാവല്ലേ’
എന്നൊരമ്മമനം മൗനമായി കേണു..!!