അഞ്ച് വയസ്സ് ഇനിയും തികഞ്ഞിട്ടില്ലാത്ത പാത്തു മോൾ ആച്ചീ എന്ന് നീട്ടി വിളിക്കുമ്പോഴൊക്കെ എനിക്ക് ആധിയാണ്.ഒരു കാരണവും കൂടാതെ എല്ലുകൾ നുറുങ്ങുന്ന അപൂർവ്വ രോഗത്തിനുടമയാണ് എന്റെ കുട്ടിയെന്ന് കുന്നത്തെ ഡോക്ടർ പറഞ്ഞു നിറുത്തിയ അന്ന് തുടങ്ങിയതാണാ വേവിങ്ങനെ ആളിത്തുടങ്ങാൻ ..
പഠിക്കണ കാലത്ത് ഒളിഞ്ഞും പാത്തും പ്രണയക്കുരുക്കൾ എത്തി നോക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ കണ്ടെത്തിയ ‘മരുന്നായിരുന്നു’ വിവാഹം. അങ്ങനെ പതിനേഴിലേക്ക് കാലെടുത്തു വെക്കുമ്പോഴേ പുതു പെണ്ണിന്റെ എടുത്താൽ പൊങ്ങാത്ത പുടവയും പേറി ഞാനാ വലിയ വീട്ടിലെത്തിപ്പെട്ടു.
എന്നിരുന്നാലും സന്തോഷമായിരുന്നു, എല്ലാവരോടും സ്നേഹവും. അറിഞ് കൊണ്ട് ആർക്കും ഒരു ദോഷവും വരുത്താത്തതിനാൽ ദൈവം എന്നെ കൈവിടില്ലെന്ന് ഓരോ വിഷമ വേളയിലും സ്വയം പറഞ് വിശ്വസിപ്പിച്ചു പൊന്നു, ഇടക്ക് ആരും കാണാതെ തലയിണ കെട്ടിപ്പിടിച്ച് മുഖം പൊത്തിയും തേങ്ങാനും മറന്നില്ല..
ഒരു കുട്ടിയായാൽ എല്ലാം ശരിയാകുമെന്നാണ് ഇത്ത എപ്പോഴും എന്റെ ചെവിയിൽ പരസ്യം പറയാറുള്ളത്. അവൾക്ക് പിറന്ന ആദ്യ കണ്മണി തൂവെള്ള നിറത്തിൽ വിടർന്ന് ചിരിച്ചപ്പോൾ മീൻ പണിക്കാരനായ അളിയന്റെ കുടിയും അടിയും അവസാനിച്ചത് അവൾ ഏറെ അഭിമാനത്തോടെ സ്മരിക്കും. എന്നാലും പാവം പണ്ടെങ്ങോ അളിയന്റെ ചവിട്ട് കിട്ടി പതം വീണ തണ്ടലിൽ തൈലം പുരട്ടി ഉഴിയാൻ പറഞ് എന്റെ മുന്നിൽ കിടക്കുമ്പോൾ ഈ കെട്ടും പ്രസവവും ഒന്നുമില്ലായിരുന്നെകിൽ എത്ര നന്നായേനെ എന്ന് ആരോടെന്നില്ലാതെ പുലമ്പാറുണ്ട്.അപ്പോൾ ഞാൻ അവളുടെ ചെവിയിൽ പതിയെ ഒരു സ്വകാര്യം മൊഴിയും ;ഒന്നു പെറ്റാൽ എല്ലാം ശരിയാവും..
പ്രസവ വാർഡിൽ നനഞ് കിടക്കുമ്പോൾ കാണാൻ വന്നവരൊക്കെയും പാത്തൂനെ വാരിയെടുത്ത് ലാളിക്കാൻ മത്സരിച്ചു. അയാളുടെ മുഖത്തിന്റെയും കണ്ണിന്റെയും സാമ്യത അളക്കുവാനും നാവുകൾ നൂറുണ്ടായിരുന്നു.
പിന്നെ എപ്പോഴാണ് പാത്തൂന്റെ ആച്ചീ വിളി തുടങ്ങിയതെന്ന് കൃത്യമായി അറിയില്ല.വിവാഹ വാർഷികത്തിന്റെ അന്ന് അയാൾ കുറച്ച് കൂട്ടുകാരുമായി വന്നിരുന്നു. പാത്തൂനെ എടുക്കാനും ലാളിക്കാനും അവരിൽ നീണ്ട കഴുത്തുള്ള ആൾക്ക് നല്ല ഉത്സാഹം ഉള്ള പോലെ തോന്നിയപ്പോൾ ഞാൻ അടുക്കളയിൽ വെച്ച് അയാളോട് കാര്യം പറഞ്ഞതും ഞൊടിയിടയിലെ അയാളുടെ പരുത്ത കാലുകൾ എന്റെ തള്ള വിരലിൽ മുത്തമിട്ടതും ഒരുമിച്ചായിരുന്നു.തൊണ്ടക്കുഴിയിൽ കിടന്ന് ഒരു വീർപ്പ് പിടഞ്ഞപ്പോൾ ഞാൻ പാത്തുവിനെ എത്തി നോക്കി.അവൾ അപ്പോൾ ആച്ചീ എന്ന് ശബ്ദമില്ലാതെ വിളിക്കുന്നുണ്ടായിരുന്നു.
ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോകും വഴിയിൽ എന്റെ പേരിൽ വാപ്പി എഴുതി തന്ന ഭൂമിയും ഉണ്ടെന്നറിഞ്ഞപ്പോൾ അയാൾ വീട്ടിൽ നിന്നിറങ്ങിയതാണ്.അതോടെ പാത്തൂന്റെ ആച്ചീ വിളിക്കും ചെറിയ ശമനമായി.
എന്നാലും ഇടക്ക് ഓർമ്മകളുടെ ലോകത്ത് പോയി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൾ ഇപ്പോഴും എന്നെ നീട്ടി വിളിക്കാറുണ്ട്. അയാളുടെ വള്ളി പൊട്ടിയ ചെരിപ്പും തുടക്കാൻ ഉയോഗിച്ചിരുന്ന കീറിയ ഷർട്ടും ഒക്കെ കൂട്ടിയിട്ട് കത്തിച്ച് അവളുടെ ആച്ചീ വിളിക്കുള്ള പൂർണ്ണ ശമനം തേടി പ്രാർത്ഥനയിലാണ് ഞാനിപ്പോൾ.താത്ത പറയാറുള്ള പോലെ ‘ഒന്ന് കൂടി കെട്ടിയാൽ എല്ലാം ശരിയാകുമായിരിക്കും..”
ല്ലേ !!!