ആരാലും എത്തി നോക്കാത്ത ആ ഉമ്മറപ്പടിയില്‍ അവള്‍ തന്നെ തന്നെ നോക്കിയിരിപ്പ് തുടങ്ങിയിട്ട് സമയം കുറേയായി.
പണ്ട് ഒസ്സാന്‍ ഹൈദര്‍ക്ക തറവാട്ടിലെ കുട്ടികളുടെ മുടി കളയാന്‍ വരുന്ന നേരത്തു സദാ പുകഴ്ത്താറുള്ള തന്റെ നീണ്ട മുടിയിഴകളില്‍ പലതും പൊട്ടിപ്പോയിരിക്കുന്നു.നരയെന്നു പറയാന്‍ കഴിയില്ലെങ്കിലും എണ്ണ കനത്തില്‍ പിടിക്കാത്തത് കൊണ്ട് ഓരോ നാരിഴകളും പരസ്പരം പിണക്കത്തിലാണെന്നു തോന്നുന്നു. ചിലത് ചെമ്പിച്ച പോലുണ്ട്, ചിലത് നേരിയ വെള്ളയെ കൂട്ട് പിടിച്ചിരിക്കുന്നു, എന്നിട്ടും അങ്ങിങ്ങായ് നിറമേതുമില്ലാത്ത കുറെ ലോകങ്ങള്‍ അവളുടെ തലയില്‍ പേന്‍ പോലെ അരിച്ചു നടപ്പുണ്ട്.
ഒരു മഴ പെയ്‌തെങ്കിലെന്ന് ആത്മാര്‍ത്ഥമായി അവള്‍ മാത്രമായിരിക്കണം ഈ ലോകത്ത് ഇപ്പോള്‍ ആലോചിക്കുന്നത്.
അത്രക്ക് സങ്കടക്കൊട്ടകളുണ്ട് ഒന്ന് നനഞു കുതിരാന്‍ കെട്ടിക്കിടക്കുന്നു. അത്രമേല്‍ നൊമ്പരക്കൂട്ടുകളുണ്ട് ഒന്ന് പെയ്‌തൊഴിയാന്‍ വെമ്പി നില്‍ക്കുന്നു.
രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ചുമന്ന വേളയിലാണ് ഇസ്മായിലിക്കാക്ക് വയ്യെന്ന് പറഞ് പെട്ടെന്ന് റിസീവര്‍ മുഴങ്ങിയത്. അന്ന് അന്നനാളം വഴി കയറിപ്പോയ പിടച്ചില്‍ ഇത് വരെ തിരിച്ചിറങ്ങിയിട്ടില്ല.
പിന്നീട എന്തെല്ലാം സംഭവ വികാസങ്ങള്‍, കെട്ടിട നിര്‍മ്മാണത്തിനിടയില്‍ കാല് വഴുതി അഞ്ചാം നിലയില്‍ നിന്ന് നിലം പതിച്ച ആ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ശേഷിച്ചത് തന്നെ ദൈവാനുഗ്രഹം എന്നാണു എല്ലാരും പറഞ്ഞു നടന്നത്.
ദൈവത്തിന്റെ ഓരോ വികൃതികള്‍ക്കും പല പല പേരുകള്‍ ഉള്ളത് കൊണ്ട് അവളുടെ കണ്ണീര്‍ തുള്ളികളെയൊക്കെയും തലയിണകള്‍ മാറോട് ചേര്‍ത്ത് വെച്ചു. ഒരു കാലില്‍ നീര് കെട്ടി ഞരമ്പുകള്‍ പുറം ചാടാന്‍ നില്‍ക്കുമ്പോഴും ഏന്തിയേന്തി അവള്‍ ഹന്നയുടേയും ഫഹ്മിയുടേയും പിറകെ ഓടി.
കുട്ടികള്‍ക്ക് വാപ്പച്ചിയെ കൊണ്ട് വന്ന ആംബുലന്‍സിന്റെ പിറകിലെ ചെറിയ കാറിലേക്കായിരുന്നു നോട്ടം.അതില്‍ നിന്ന് ആരോ പുറത്തെടുത്തു വെച്ച ടേപ്പ് കൊണ്ട് ചുറ്റിയ പെട്ടികള്‍ക്കരികെ അവര്‍ ഉണ്ണാവൃത്തം ഇരുന്നപ്പോള്‍ മൂത്തച്ചിയുടെ മകന്‍ തന്നെ അവയിലൊക്കെ കത്രികപ്പൂട്ട് വെച്ച് തുറന്ന് വീതം വെച്ചു. എന്തെല്ലാം ആരൊക്കെ എടുത്തു എന്നറിയില്ലെങ്കിലും ഇക്കയുടെ കുറച്ച് മരുന്ന് കുപ്പികള്‍ മാത്രം അതില്‍ ഭദ്രമായിരുന്നു.
കരച്ചിലും പിഴിച്ചിലും സമാശ്വാസവും ഒക്കെയും കത്തിത്തീര്‍ന്നപ്പോള്‍ ഈ ഓട് വീട്ടില്‍ അവളും അവളുടെ ലോകവും മാത്രം നിറഞ്ഞു തിങ്ങി.
തന്റെ വലിവ് അസഹ്യമായപ്പോള്‍ അടുത്ത വരവിനു വേറെ കല്യാണം കഴിക്കുമെന്ന് വാശിയില്‍ വീമ്പ് പറഞ്ഞു കോയ പുള്ളിക്കാരന്റെ കിടപ്പ് ജനലിഴകളിലൂടെ അവള്‍ നോക്കിയിരുന്നു. അരക്കു താഴെ തളര്‍ന്ന്, കണ്മിഴി കൊണ്ട് മാത്രം സംസാരിക്കുന്ന ആ കോലം തന്നെയല്ലേ തന്നെ വാരിപ്പുണര്‍ന്ന് നീയാണെന്റെ ജീവന്റെ തുടിപ്പെന്ന് ആരും കേള്‍ക്കാതെ അടക്കം പറഞ്ഞിരുന്നത്..ആ കൈകള്‍ തന്നെയല്ലേ ഒരിക്കല്‍ തന്റെ ഇക്കിളി ലോകങ്ങള്‍ തിരഞ്ഞു പിടിച്ചു കുടുക്കെ ചിരിപ്പിച്ചിരുന്നത്.. അവള്‍ ഓര്‍മ്മകളെ അധികം അലയാന്‍ വിടാതെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
എട്ട് വര്‍ഷങ്ങളായി താന്‍ ഈ വീട് വിട്ടൊന്ന് പുറത്തിറങ്ങിയിട്ടെന്ന് ഊതിയപ്പോള്‍ തിരിച്ചു ചുമച്ച പുകച്ചുരുകള്‍ അവളെ ഓര്‍മിപ്പിച്ചു. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ ആരെയും കാത്തു നില്‍ക്കാതെ കടന്ന് പോകുന്നത്. അനക്കമില്ലാതെ മൂളുന്ന ഇക്കയുടെ അരികില്‍ നിന്ന് മാറിയാല്‍ പിന്നെ കട്ടിലിന്റെ ആട്ടം മാലോകരൊക്കെ അറിയുമെന്ന ഗതിയാണ്. എങ്ങും പോകാതെ തുടച്ചും കുളിപ്പിച്ചും ആ റൂമില്‍ തന്നെ രാവും പകലും പുലര്‍ന്നു.
എന്നിട്ടും കഴിഞ്ഞ തവണ ആരോ പുറത്ത് അടക്കം പറഞ്ഞത് കേട്ട് ഫഹ്മി മോള്‍ വിങ്ങിപ്പൊട്ടി ഓടിവന്നവളുടെ മടിയില്‍ മുഖം പൂഴ്ത്തി. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ മടിച്ചു മടിച്ചവള്‍ പറഞ്ഞൊപ്പിച്ചു; ‘ആസ്മക്കാരിയെ ഒഴിവാക്കാന്‍ വൈകിയതിന് ദൈവം നല്‍കിയ ശിക്ഷയാണ്, അവനെന്തൊരു നല്ല ചെക്കനായിരുന്നു..’
അവള്‍ ഫഹ്മിയുടെ കവിളുകള്‍ ഉയര്‍ത്തി ഒരു മുത്തം കൊടുത്തു.എന്നിട്ട് ദൂരേക്ക് നോക്കാന്‍ ആംഗ്യം കാട്ടി. അപ്പോള്‍ അവിടെ, അങ്ങ് ദൂരെ സുരയ്യാ നക്ഷത്രത്തിന്റെ ഒളി ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.
‘നേരം പുലരാന്‍ ഇത് തന്നെ ധാരാളം, ‘അവള്‍ പുഞ്ചിരിച്ചു…’
(fahmidahanna1234@gmail.com)