“എന്തോന്നാ മനുഷ്യാ ഈ കടലിലിങ്ങനെ നോക്കിയിരിക്കാൻ…?”
“നീ നോക്ക്..തല തല്ലി വരുന്ന തിരയെ ഓരോ തവണയും തീരം സ്വാന്തനിപ്പിച്ച് കൊണ്ടിരിക്കുന്നു..എങ്കിലോ ഒരു ആലിംഗനത്തിന് പോലുംമുതിരാതെ തിര തിരികെ മടങ്ങുന്നു..!!”
“ദേ.. ഞാൻ പറഞ്ഞിട്ടുണ്ട് ന്നോട് പറയുമ്പോ മലയാളത്തീ പറയണംന്ന്..ഇനിക്കീ സാഹിത്യം ഒന്നും തിരിയൂല.. അല്ലങ്കിലോ നനഞ്ഞ മണൽ മടുപ്പ്ണ്ടാക്കുന്നു..”
“ഹഹഹ..ആയിഷാ..ജ്ജ് ചൂടാവുമ്പോൾ അന്റെ ചൊർക്കിങ്ങനെ കൂടി വെരാടോ..”
“ഹയ്യടാ.. വയസാം കാലത്താ നിങ്ങടെ കിന്നാരം..” രണ്ടു പടുവൃദ്ധർ ആ കടൽ തീരത്തിരുന്ന് കലപിലകൂട്ടി.
കടലാകട്ടെ അവരുടെ സംസാരം കേട്ട്പൊട്ടിചിരിച്ചു.
***
“അഞ്ച് മണിയായി..എല്ലാവരും വട്ടം കൂടി ഇരിക്കൂ…”
അംമ്പിക മേഡം വന്ന് ഓരോരുത്തരേം വട്ടം ചേർന്നിരിക്കാൻ സഹായിച്ചു. മേഡത്തിലേക്ക് കണ്ണും കാതും നട്ട് ശിവേട്ടനും ജോസഫും ദേവികാമ്മയും കുൽസുവും അന്നമ്മയും ഉസ്മാൻക്കയും ചേർന്ന് വട്ടം വലുതാക്കി.
“ഇന്ന് അഹം റൗണ്ടാണ്. അഥവാ.. നിങ്ങളിലെ ഓരോരുത്തരും അവരവരെ കൂടുതൽ പരിചയപെടുത്തുന്ന റൗണ്ട്. ഇവിടെ ആരും ആർക്കും വിധി നിർണ്ണയിക്കുന്നില്ല. ആർക്കും ആരെയും പേടിക്കേം വേണ്ട.. അപ്പൊ എല്ലാരും റേഡിയല്ലേ..??” അംബിക മേഡം ചോദിച്ചപ്പോൾ എല്ലാവരും റെഡി എന്ന് ഉച്ചത്തിൽ പറഞ്ഞ് കൈയ്യടിച്ചു.
ആലത്തൂര്‍ വൃദ്ധസദനത്തിലെ തുണയില്ലാതെ തനിച്ചായിപ്പോയ..തുഴയുണ്ടായിരിക്കെ ആടിയുലഞ്ഞ് പോയ ഒരു പറ്റം ജീവിതങ്ങളുടെ സംഗമം.
എല്ലാ ഞായാറാഴ്ച്ചയും കടലോരത്തെ ഈ കൂടിയിരിക്കല്‍ പതിവാണ്. ഓരോ റൗണ്ട് വെച്ച് ഓരോരുത്തർക്കും അവസരം നൽകും. പാട്ട് പാടിയും.. കഥ പറഞ്ഞും അനുഭങ്ങൾ പങ്ക് വെച്ചും അവരെ കൂട്ടായി സന്തോഷിപ്പിക്കുന്നതിൽ അംബിക മേഡത്തോടൊപ്പം ഇവിടെ ഓരോരുത്തരും ശ്രമിക്കുന്നുണ്ട്..
***
“അപ്പൊ ഇന്ന് അഹം റൗണ്ടിൽ നമ്മോട് സംസാരിക്കാൻ പോകുന്നത്..നമ്മടെ സ്വന്തം ആയുഷുമ്മയാണ്..അപ്പൊ എല്ലാരും ഒരിക്കൽ കൂടെ കൈ അടിക്കൂ.. നമുക്ക് ആയിഷുമ്മയെ സ്വാഗതം ചെയ്യാം…!!” അബുക്കയുടെ കരങ്ങൾ ആദ്യം തന്നേ ഉച്ചത്തിൽ കൈയടിച്ച് തുടങ്ങിയിരുന്നു. പിന്നെ ഓരോരുത്തരും ആയിഷുമ്മയെ പ്രോത്സാഹിപ്പിച്ചു.
“ഞാൻ ആയിഷ. എല്ലാരും ആയിഷുമ്മാന്ന് വിളിക്കും.ന്റെ കുടി തിരൂരാണ്. മൂപ്പര്ത് പൊന്നാനിം. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. വാപ്പാന്റെ നിർബന്ധം ആയിരുന്ന് പഠിക്കണംന്ന്.
അത് കെയ്ഞ്ഞപ്പോ..വെല്ലിപ്പാന്റൊപ്പം കച്ചോടത്തിന് പോയീന്ന അബൂനെ..”
ആയിഷുമ്മ ഒന്ന് ചിരിച്ചു..
“അബുക്കാക്ക് ന്നെ കാനോത്ത് ചെയ്തു കൊടുത്തു.നല്ല പേടിയായിരുന്നു ആ മൻസനെ.. ഇപ്പോ കാണുന്ന പോലെ അല്ല..അന്ന് ന്നോട് ചിർചൊന്നൂല്യ.
അങ്ങനെ ഒരിക്കെ ആണ് അങ്ങേര് ബോംബേക്ക് പോണത്. ആദ്യം നല്ല സങ്കടം ആയിരുന്നു. എന്തിനാ അപ്പൊ സങ്കടപ്പെട്ടെന്ന് അറിയൂല. ന്നോട് ചിർക്കാത്ത, വർത്താനം പറയാത്ത അങ്ങേര് പോയതിൽ ഞാനെന്തിനാ സങ്കടപ്പെട്ണെ..!
ആവോ?!
അങ്ങേര് പോയി പിറ്റത്തെ ആഴ്ച നിക്ക് കുളി തെറ്റി.
ന്റെ കുട്ടി…!”
അവരുടെ ഉള്ളം തേങ്ങി..ചുണ്ട് വിതുമ്പി..
“ന്റെ കുട്ടി ന്റെ ഉള്ളില്…നല്ല ഛർദി ആയ്ന്ന്..ബോംബേക്ക് കത്തയച്ചു..രണ്ടു മാസം ആയപ്പോ ആണ് മറുക്കത്ത് വന്നത്.
അങ്ങേർക്ക് സുഖാണ്. ജോലി കിട്ടി. പിന്നെ അവടെത്തെ വിശേഷങ്ങളും.. അതിന്റെ എടേൽ
“സുഖായി ഇരിക്കുന്നൂന്ന് വിശ്വസിക്കുന്നു”
എന്ന്
അബൂബക്കർ
ഒപ്പ്
കൊർച് പൈസിം..
പക്ഷേങ്കില് നിക്ക് പതിനായിരം അല്ല.. പത്ത് ലക്ഷം ഒപ്പം കിട്ടിയതിനേക്കാൾ വലുതായിരുന്നു അവസാനത്തെ ആ വരി..
ഞാൻ എത്ര തവണ വായുച്ചൂന്നറിയോ..
പിന്നിം പിന്നിം വായിച്ച് ചിർച്ചും..കുഞ്ഞ് അനങ്ങി തുടങ്ങി..ഓരോ വളർച്ചയും അങ്ങേരെ അറിയിക്കണം എന്നുണ്ടായിരുന്നു.
പക്ഷെ ജോലി തിരക്കിൽ ആവുമ്പൊ കൊറേ കത്ത് വന്നാൽ ദേഷ്യപ്പെട്ടാലോ എന്ന് പേടിച്ച് ആദ്യം വന്ന കത്ത് തന്നേ ഒരായിരം വട്ടം വായിച്ചു.
അങ്ങനെ മോൻ പിറന്നു. നല്ല ആനച്ചന്തമുള്ള ന്റെ ആബിദ്. ഓന്ക് രണ്ടു വയസ്സാകുമ്പോളാണ് അങ്ങേര് നാട്ടിൽ വരുന്നത്.
പെര്ത്ത് ഇഷ്ടമായിരുന്നു ഓന്ക് മൂപ്പരെ..ഓര്ക്കും ഓനായ മതി.അങ്ങനെ ഞങ്ങടെ ലോകം ഓനിലായി.. കൈ വളരുന്നതും മെയ്യ് വളർന്നതും നോക്കി കാലം കഴിഞ്ഞു..
അങ്ങേര് വീണ്ടും ബോംബയിൽ പോയി.. അവന്റെ പഠനവും വിജയവുമായി ന്റെ ജീവിതം.. ഓനങ്ങനെ ബെല്യ ആളായി.
സോഫ്റ്റ്‌വേർ എഞ്ചിനീയർ.. ന്റു കുട്ടിക്ക് നല്ല പഠിപ്പായിരുന്നു. ഓൻക്ക് പറ്റിയ പെണ്ണിനെ ഓൻ കണ്ടെത്തി കൊട്ന്നപ്പോ അബൂക്കാക്ക് സമ്മയ്ക്കാൻ വല്ലാത്തൊരു മനപ്രയാസം ആയിരുന്നു.
പിന്നെ അത് മറച്ച് വെച്ച് കല്യാണം കേമമായായി നടത്തി. ഓൻ വെൽതായല്ലോന്ന് വിചാരിച്ച് അബൂക്ക നാട്ടീക്ക് പോന്നു.
പക്ഷേങ്കില്.. നമ്മള് വിചാരിക്കുന്ന പോലെ അല്ലല്ലോ കാര്യങ്ങള്.. പ്രായം കൂടും തോറും ഞമ്മള് പെരേലെ മൂലക്കലായി..
അയ്‌ന്റെ എടേൽ ഓന്റെ കുട്ടി കളിക്കുന്ന ചെറ്യേ കാറ്മ്മേ ചൗട്ടി ഞാൻ തെന്നി വീണു.. ന്റെ നട്ടെല്ലിന് പരിക്കായി.. കാലിന് സ്വാധീനം നഷ്ടപ്പെട്ടു..അങ്ങനെ കെടപ്പായി..
കിടപ്പായപ്പോ നിക്ക് അബൂക്കെ ണ്ടായുള്ളൂ… അങ്ങേര് ന്നെ സ്നേഹത്തോടെ നോക്കുന്നത് അന്ന് ആദ്യായിട്ട് ഞാൻ കണ്ടു..
“സാരയ്യ.. മാറിക്കോളുംന്ന് പറഞ്ഞപ്പോ നിക്ക് പണ്ടത്തേ കത്താ ഓർമ്മ വന്നത്… ”
ഉറ്റിവീണ കണ്ണ്നീര് മക്കന തുമ്പ്കൊണ്ടു തുടച്ച് മാറ്റി ആയിഷുമ്മ ചിരിച്ചു അബൂക്കയും..!
“ഞാൻ കെട്ക്ക്ണ റൂമിന്റെ വാതിൽക്കൽ എത്തി നോക്കാനെ ന്റെ മോന് ശ്രമിച്ചുള്ളൂ..
അയിലൊന്നും വേദന ഇല്ല്യാ ട്ടോ..പക്ഷെ ഒരിക്കെ…!!ആയിഷുമ്മ പൊട്ടിക്കരഞ്ഞു. അംമ്പിക മേഡം വന്ന് ചേർത്ത് പിടിച്ചു..
.
.
തലേന്ന് രാത്രി ഒന്നും കഴിക്കാത്തത് കൊണ്ടു വയറിനു നല്ലോം വിശപ്പുണ്ട്. അബൂക്ക എന്റെ മരുന്നുകൾ വാങ്ങാൻ വേണ്ടി പോയതാണ്..
നേരം കാലത്ത് പത്ത് മണി ആവുന്നു.. ഇത് വരെ വന്നിട്ടില്ല. വെശപ്പിന്റെ നെലവിളി വയറ്റിൽ കുമിഞ്ഞ് പൊങ്ങി.
തലേന്ന് വൈകുന്നേരം അവള് തന്ന പഴം പുഴുങ്ങിയതാണ് അവസാനം കഴിച്ചത്. സാധാരണ ടേബിളിൽ കൊടുന്ന് വെക്കാറുണ്ട് എന്തെങ്കിലും..
ഇന്ന് ഒന്നും കാണുന്നില്ല..
“മോളെ…”
ഞാൻ അകത്തേക്ക് വിളിച്ചു നോക്കി.. എങ്കിലും ഉയർന്ന് കേൾക്കുന്ന ടിവിയുടെ ശബ്ദം അല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല.
.
.
നേരം ഉച്ചക്ക് 2 മണി. അബൂക്ക അപ്പോഴാണ് വീട്ടിലേക്ക് കയറി വന്നത്.. ഡെയിനിങ് ഹാളിൽ തന്നേ ടീവിയിലെ റിയാലിറ്റി ഷോ ഉച്ചത്തിൽ പാടുന്നുണ്ട്.
അബൂക്ക ഒന്നും പറയാതെ ആയിഷയുടെ മുറിയിലേക്ക് പോയി..വെറും നിലത്ത് കമിഴ്ന്നു കിടന്ന് കരയുന്ന ആയിഷയെ കണ്ടു അബൂക്കയുടെ ഉള്ളം പൊള്ളി..
“ആയിഷാ….!!”
അയാൾ അവരെ വാരി എടുത്തു..
“ന്താ കുട്ട്യേ ഇത്..യ്യ് ന്തിനാ തായേ ഇറങ്ങിയേ..” അബൂക്ക കയ്യിലെ കവർ വലിച്ചെറിഞ്ഞ് ആയിഷയെ നെഞ്ചോട് ചേർത്തി..
“വെ… വെ.. ള്ളം..!” ആയിഷ വെപ്രാളത്തോടെ അബൂക്കെയേ ഇറുകെ പുണർന്നു..
അയാൾ നീട്ടിയെ ജഗ്ഗിലെ വെള്ളം ആർത്തിയോടെ കുടിക്കുന്ന ആയിഷയെ അബൂക്ക വേദനയോടെ നോക്കി..
ശബ്ദം കേട്ട് വാതിക്കലിൽ പതിവ് പോലെ മരുമകൾ ഉണ്ടായിരുന്നു..
“എന്തേ മോളെ..
ഉമ്മാക്ക് ഇന്ന് ഭക്ഷണം ഒന്നും കൊടുത്തില്ലേ…??”
“ഓ..ഞാൻ കൊടുക്കാതിരുന്നതാ.. ഈ ചാവാൻ കിടക്കുന്നോർക്ക് തിന്നാൻ കൊടുത്താ കാഷ്ടം കോരാനെ നേരം കാണൂ..”
അവളിൽ നിന്നും ഉതിർന്ന് വീണ വാക്കുകൾ കേട്ട് അബൂക്കയുടെ ഹൃദയം രണ്ടായ് മുറിഞ്ഞു.
അയാൾ ആദ്യമായും അവസാനമായും അവളുടെ മുഖത്തേക്ക് കൈകൾ ഉയർത്തി.
.
.
“അന്ന് ന്നേം വീൽച്ചയറിൽ ഉന്തി ന്റെ അബൂക്ക പൊന്നാനി അങ്ങാടീൽ എത്തി.. കാണുന്നോരൊക്കെ ഓടി കൂടി ഓരോന്ന് ചോദിച്ചെങ്കിലും ഒന്നും പറയാതെ ന്നേം ഉന്തി അബൂക്ക മുന്നോട്ട് നടന്നു. വഴി വക്കിൽ നിന്നും കണ്ട അംമ്പിക മേഡമാണ് ഞങ്ങക്ക് ഇങ്ങനെ ഒരു ജീവിതം തന്നത്. നരകിച്ച് ജീവിച്ച മാതാപിതാക്കളായ ഞങ്ങൾക്ക് ഗർഭം ധരിക്കാതെ ഈ പൊന്ന് മോളായി ഈ കുട്ടി ഉണ്ടായി.. 35 കൊല്ലത്തെ പ്രവാസ ജീവിതം കൊണ്ടു പടുത്തിയർത്തിയ ജീവിതം ഒരു ചീട്ട്കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ആ മനുഷ്യൻ കൂടെ കൂട്ടിയത് ന്നെ മാത്രാണ്..
ന്റെ അബൂക്കാക്ക് പ്പൊ ഞാൻ മാത്രേള്ളൂ..നിക്കും മൂപ്പരും..!!”
ആയിഷ വിതുമ്പികൊണ്ടു സംസാരം പൂർത്തിയാക്കിപ്പോൾ കടല് കാണാൻ വന്ന പലരും ചുറ്റും കൂടി കൈയ്യടിച്ചു.. ഹൃദയം തകർന്ന് കൊണ്ടു അവർ പറഞ്ഞ ജീവിതം ഓരോരുത്തരുടെയും കണ്ണ് നനച്ചു..
.
.
ആയിഷയുടെ വീൽച്ചയറുന്തി അംമ്പികമേഡം അബുക്കയുടെ അരികിൽ കൊണ്ടിരുത്തി..സ്‌നേഹം വീർപ്പുമുട്ടി അയാളപ്പോൾ ആയിഷയുടെ കരങ്ങളിൽ ചുംമ്പനമർപ്പിച്ചു..
ഇത് കണ്ടു കളിയാക്കി ചിരിക്കുന്ന ചുറ്റുമുള്ളവരെ കണ്ടപ്പോൾ ആയിഷുമ്മ അബുവിന്റെ തുടയിലൊന്ന് പിച്ചി..
“ഔ… ”
എന്നും പറഞ്ഞ് മറുകൈ കൊണ്ടു തുടയുഴിഞ്ഞ് അബൂക്ക ആയുഷയുടെ വരണ്ട കൈകൾ കൂടുതൽ കോർത്ത് പിടിച്ചു..