കഥ
മുറിയുടെ മൂലക്ക് പൂപ്പല്‍ പിടിച്ചു കിടന്ന എഴുത്തു പലകയിലേക്ക് കടലാസ് കഷണങ്ങള്‍ ചേര്‍ത്ത് പിടിച്ചു മുഷിഞ്ഞ ചുവരിലേക്ക് നോക്കിയിരുപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ എത്ര കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മുറിയുടെ സുരക്ഷിതത്വത്തിലമരുമ്പോള്‍ മുഷിഞ്ഞു ദ്രവിച്ചു തുടങ്ങിയ കടലസുകളാണ് എന്തെങ്കിലും കുത്തി കുറിക്കുവാനുള്ള ത്വര ഉണര്‍ത്തിയത്. പക്ഷെ ആശയങ്ങളറ്റു പോയ മനസ്സ് അക്ഷരങ്ങള്‍ക്ക് വേണ്ടി തപസ്സു ചെയ്തത് മാത്രം മിച്ചം.
പുര നിറഞ്ഞവള്‍ എന്ന വിഷയത്തില്‍ ഒരു കഥാ രചന മത്സരം കണ്ടപ്പോള്‍ അവളുടെ ഉള്ളം പിടച്ചു.
കഥയല്ല. ഒരു ജീവിതം തന്നെ എഴുതാം. പുര നിറഞ്ഞവള്‍ എന്ന് പരിഹാസചുവയോടെ കുത്തി വേദനിപ്പിച്ചവരുടെ മുഖം അവളുടെ മനമില്‍ ആഴ്ന്നിറങ്ങി. കണ്ണില്‍ നിന്നും ചുടുനീര്‍ ഒഴുകിയിറങ്ങി. കരിമ്പടം കൊണ്ട് മൂടിയിട്ടിരുന്ന തന്റെ ഇന്നലെകള്‍ ഇന്നിന്റെ ജീവനുകളിലേക്ക് പകര്‍ത്താനായി അവള്‍ ഭൂതകാലത്തിന്റെ കാണാചുഴിയിലേക്ക് അലഞ്ഞു. മുറിയിലെ നിയോണ്‍ ബള്‍ബിന്റെ മങ്ങിയ വെളിച്ചതിന് താഴെ ഇരുന്ന് അവള്‍ തന്റെ എഴുത്തുപലക നിവര്‍ത്തി. നിറം കുറഞ്ഞതിന്റെ പേരില്‍ മുഖം തിരിച്ചൊരായിരം പേരുടെ മുഖങ്ങള്‍ അവളുടെ ഹൃത്തില്‍ നോവുണര്‍ത്തി. അണിഞ്ഞൊരുങ്ങി നിന്ന് ചായക്കപ്പുമായി തന്റെ മുഖത്തു നോക്കി പെണ്ണ് നിറല്ല്യ എന്ന കുറ്റപ്പെടുത്തല്‍ താനെത്ര കേട്ടു.
കൂട്ടുകാരുടെ കല്യാണവും മറ്റും കഴിഞ്ഞിട്ടും വിവാഹമെന്ന സ്വപ്നം പൂവണിയാന്‍ കഴിയാതെ പുര നില്‍ക്കേണ്ടി വന്ന തന്റെ ദുരവസ്ഥയെ അവള്‍ ഓര്‍ത്തെടുത്തു.
”മോളെ…ഒരു കല്യാണകൂട്ടര്‍ വന്നക്കണ് ന്റെ കുട്ടിയൊന്ന് ഓലെ മുന്നില്‍ പോയി നിക്ക്.” ഉമ്മയുടെ അലിവോടെയുള്ള ശബ്ദം അവളുടെ കര്‍ണപുടത്തെ അലോസരപ്പെടുത്തി.
”എത്ര തവണയായി ഉമ്മാ ഈ ഒരുങ്ങി കെട്ടി നിക്ക്ണ്. ഇനിയൊരു കല്യാണം ഇന്ക്ക്ണ്ടാവുംന്ന് ന്ക്ക് തോന്നണില്ല്യ.. വെറുതെ ഒരു സാഹസത്തിന് മുതിരണോ…?”
ഇജ്ജോന്നും പറയണ്ട..ഞാമ്പാറയണതങ്ങ് കേട്ടാല്‍ മതി. അല്ലേലും അന്നേ ഇങ്ങനെ പുര നിറച്ചു കുത്തിരുത്തുംന്നൊന്നും ഇജ്ജ് കരുതണ്ട. ഉപ്പയുടെ കാര്‍ക്കശ്യ സ്വരം അവളുടെ ഹൃദയത്തെ പൊള്ളിച്ചു.
മൂന്നു മക്കളില്‍ ഉപ്പാക്കേറ്റോം ഇഷ്ടള്ള കുട്ടിയായിരുന്നു ഞാന്‍. പിന്നെപ്പോഴാണ് ഈ ഇഷ്ട്ടം വെറുപ്പിലേക്ക് കുടിയേറിയത്. ഞാന്‍ നിറം കുറഞ്ഞു പോയത് എന്റെ തെറ്റാണോ.. മനസ്സാലെ ചോദ്യമുന്നയിച്ചു കൊണ്ട് അവള്‍ തന്നെ കാണാന്‍ വന്നവരിലേക്ക് നടന്നകന്നു. തന്നെ കണ്ടതും കാണാന്‍ വന്നവന്റെ മുഖത്തു കണ്ട വിമ്മിഷ്ടം അവളില്‍ അത്ഭുതം ഒന്നും സൃഷ്ടിച്ചില്ല. 22 വയസ്സില്‍ നില്‍ക്കുമ്പോഴേക്കും ഇന്നെ വരെ തന്നെ തേടി വന്ന 49 കല്യാണലോചനകളിലും വന്നവരിലുള്ള ഈ മുഖം തിരിക്കല്‍ താന്‍ കണ്ടു മടുത്തതാണ്. ഒന്നും സംസാരിക്കാതെ കാണാന്‍ വന്നവരുടെ മടക്കം കണ്ടു ഉപ്പയുടെ മുഖത്തു തന്നോടുള്ള വെറുപ്പ് പടര്‍ന്നു.
ചെമ്പോത്തിന്റെ കണ്ണുകള്‍ പോലെ ചുവന്നു തുടുത്തു. മതിലിന്റെ വെളിയില്‍ നിന്ന് തലപ്പുറത്തേകിട്ടുകൊണ്ട് അപ്പുറത്തെ വീട്ടിലെ മറിയാത്ത വിളിച്ചു പറഞ്ഞു..
നൂറോ.. അനക്ക് ഇതും യോഗംണ്ടാവൂല്ല..
അനക്ക് പുര നിറഞ്ഞു നിക്കാനായിരിക്കും യോഗം. അന്റെയൊരു വിധി..
എരിതീയില്‍ എണ്ണ ഒഴിച്ചുകൊണ്ട് മറിയാത്ത മുങ്ങി. ഏറെ വേദനയോടെ അവള്‍ തന്റെ നോവിന്റെ ഭാണ്ഡക്കെട്ടിറക്കുന്ന ഉമ്മാന്റെ മടിത്തട്ടിലേക്ക് ചാഞ്ഞു. ഉമ്മച്ചീ.. ങ്ങള്‍ക്ക് ഇന്നേ പള്ളീല്‍ ണ്ടാവുമ്പോ കുങ്കുമപ്പൂ കഴിച്ചൂടാഞ്ഞോ.. ന്നാ ഞാങ്ങനെ കാക്കച്ചി പെണ്ണാവൂല്ലല്ലോ… അവള്‍ തേങ്ങി കൊണ്ട് പറഞ്ഞു. ആ മാതൃഹൃദയം ആര്‍ത്തിരമ്പി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ന്റെ മോള്‍ ബെസ്മിക്കേണ്ട.. ന്റെ മോളെ കെട്ടാന്‍ അറബിക്കടലും കടന്ന് ബദറുല്‍ മുനീറിനെ പോലൊരു ചെക്കന്‍ വരും. ഉമ്മാന്റെ ആശ്വാസവാക്കുകള്‍ അവളില്‍ തെല്ലുപോലും ആശ്വാസം നല്‍കിയില്ല. തന്നെ ഏറെ വേദനിപ്പിക്കുന്നത് കല്യാണമൊന്നും ആയില്ലെടീ എന്ന കൂട്ടുകാരികളുടെ ചോദ്യവും പ്രിയതമന്റെ കൂടെ ചേര്‍ന്ന് നില്‍ക്കുന്ന കൂട്ടുകാരികളുടെ ഫോട്ടോ സ്റ്റാറ്റസുകളായിരുന്നു.
ഇനി എനിക്ക് കല്യാണാലോചനകളോന്നും വേണ്ടമ്മാ.. ഇനി മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു കാഴ്ച്ചവസ്തുവായി നില്‍ക്കാന്‍ എന്നെ കൊണ്ടാവില്ല. അവള്‍ നോവോടെ പറഞ്ഞു നിര്‍ത്തി. അല്ലാ.. നിന്നെ ഞങ്ങള്‍ പുര നിറച്ചു ഇവിടെ നിര്‍ത്താം.. ന്റെ ഒരു തലവിധി.. എന്ന ഉപ്പയുടെ അലര്‍ച്ചയാലുള്ള സ്വരം അവളില്‍ നോവിന്റെ ആക്കം കൂട്ടുകയായിരുന്നു. മിഴികള്‍ നയാഗ്ര വെള്ളച്ചാട്ടം പോലെ നിറഞ്ഞു കൊണ്ടിരുന്നു.
ഏറെ നാളുകള്‍ക്കൊടുവില്‍ വീണ്ടുമൊരാലോചന എന്നെ തേടി എത്തി. അത് തന്റെ ജീവിതമാകെ മാറ്റി മറിക്കുമെന്നറിയാതെ അവള്‍ അയാള്‍ക്കരികിലേക്ക് നടന്നടുത്തു. എന്തും നേരിടാനുള്ള ധൈര്യം സംഭരിച്ചു വെച്ചതിനാലും ഇനി ഇതിന്റെ പേരില്‍ കണ്ണീര്‍ പൊഴിക്കില്ലെന്ന് ദൃഡനിച്ഛയം ചെയ്തതിനാലും അവള്‍ തന്നെ കാണാന്‍ വന്നയാളിലേക്ക് നോക്കി. ഹൃദ്യമായൊരു പുഞ്ചിരിയായിരുന്നു മറുപടി. അവള്‍ ആശ്ചര്യപ്പെട്ടു. സ്വപ്നമാണെന്ന് വരെ നിനച്ചു. തനിക്ക് വന്ന 49 കല്യാണലോചനകളിലും തനിക്ക് അന്യമായ ആ ചിരി അവള്‍ അയാളില്‍ കണ്ടു.
ചെറിയ തോതിലുള്ള വിവരന്വേഷണത്തില്‍ അയാള്‍ പറഞ്ഞു നൂറ… മ്മ്..മ്മ് എനിക്കിഷ്ട്ടായിട്ടോ.. തന്റെ മുഖത്തിനേക്കാള്‍ മൊഞ്ച് തന്റെ ഖല്‍ബിനാട്ടോ.. വരട്ടെ.. ആ ഹൃദ്യമായ സംസാര ശൈലിയില്‍ അവളുടെ മുഖം നാണത്താല്‍ ശോഭിച്ചു.
ഒരായിരം കിനാക്കള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു അവിടം. വിവാഹമെന്ന വലിയ സ്വപ്നം ഒരിക്കലും സാധ്യമാകില്ല എന്ന് നിനച്ച തനിക്കിത് സന്തോഷം തന്നെയായിരുന്നു.
പുര നിറഞ്ഞവള്‍ എന്ന പരിഹാസ്യ വാക്കില്‍ നിന്നും ഭാഗ്യവതി എന്ന മുദ്ര തനിക്ക് ചാര്‍ത്തിയതെല്ലാം പെട്ടെന്നായിരുന്നു. സുന്ദരനായ ഒരു പണക്കാരന്‍ തന്നെ തേടി വന്നത് കുല്‍സുന് പുയ്യാപ്ല ഇറങ്ങിയ പോലെ എന്ന് നാട്ടിലാകെ പാട്ടായി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. തന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനായി തന്റെ പ്രാണനായകന്‍ മത്സരിച്ചു കൊണ്ടിരുന്നു. അന്ന് ഞാന്‍ മനസ്സിലാക്കിയ വലിയൊരു സത്യം അതായിരുന്നു. ഏറെ കാത്തിരുന്നാലും തനിക്കായി കരുതി വെച്ചത് തന്നിലേക്ക് തന്നെ എത്തിച്ചേരുമെന്ന്.
പുര നിറഞ്ഞള്‍ എന്ന മുഖമുദ്രയില്‍
നിന്ന് നീ വീടിന്റെ പുണ്യമെന്ന്
മാനവര്‍ക്കോതാന്‍ കഴിഞ്ഞെങ്കില്‍
റബ്ബിന്റെ കാരുണ്യം എത്രയാണ്
തന്റെ ഫോണിന്റെ ബെല്ലടിക്കുന്നത് കെട്ട് അവള്‍ തന്റെ ഭൂതകാല ഓര്‍മ്മകളില്‍ നിന്നും വിമോചിതയായി. ഇക്ക എന്ന പേര് കണ്ടതും അവളുടെ അധരമില്‍ ചിരി പൊഴിഞ്ഞു.
എന്താണ് ബീവിയെ പരിപാടി എന്ന കുസൃതി നിറഞ്ഞ തന്റെ പാതിയുടെ ചോദ്യത്തിന് അവള്‍ തെല്ലു കുറുമ്പോടെ മറുപടി കൊടുത്തു. പുര നിറഞ്ഞവള്‍ എന്ന വിഷയത്തില്‍ ഒരു കഥ എഴുതുകയാ..
മ്മ്..ന്നാ എഴുതിക്കോ സങ്കല്‍പ്പമല്ലല്ലോ ജീവിതമല്ലേ..എന്ന കളിവാക്കില്‍ അവളുടെ മിഴികള്‍ വേരാഴങ്ങളില്‍ സന്തോഷം ഒളിപ്പിച്ച ദേവവൃക്ഷം പോലെ ആനന്ദാശ്രു പൊഴിച്ചു.