സാങ് വൈ ഉറക്കത്തില്‍ നിന്ന് ഞെട്ടി തരിച്ചു കൊണ്ടെഴുന്നേറ്റിരുന്നു. സൂചി തുളയ്ക്കുന്ന പോലെ ശരീരമാസകലം കടന്നു പോയ ആ വേദന ഏത് ഗാഢമായ ഉറക്കത്തേയും ഉണര്‍ത്താന്‍ പോന്നതായിരുന്നു. പക്ഷേ, ഇപ്പോള്‍ തനിക്കങ്ങനൊയൊരു വേദന അനുഭവപ്പെട്ടതായി അയാള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കുന്നില്ല.
‘അതൊരു സ്വപ്നമായിരുന്നോ… അല്ല, അങ്ങനെ വരാന്‍ വഴിയില്ല. കാരണം തന്റെ ഉറക്കമുണര്‍ത്താന്‍ മാത്രം പോന്ന ഒരു സ്വപ്നവും ഈ നാല്‍പ്പത് വര്‍ഷത്തിനിടക്ക് താന്‍ കണ്ടിട്ടില്ല.’
‘സമയമെത്രയായി’ എന്ന് മനസ്സില്‍ നിനച്ചതേയുള്ളു. 3:30 എന്ന് കാണിച്ച് കൈതണ്ട പ്രകാശിച്ചു. ആ വിശാലമായ മുറിയിലെ അരണ്ട വെളിച്ചത്തില്‍ മുനിഞ്ഞു കത്തിയ തന്റെ കൈ തണ്ടയിലെ സ്മാര്‍ട്ട് വാച്ചിലേക്ക് അയാള്‍ അസാധാരണമായി നോക്കി. സ്പര്‍ശനമാണ് സമയം കാണിക്കാനുള്ള ഇത്തരം വാച്ചുകളുടെ പൊതു സ്വഭാവം. എന്നാലിത് താന്‍ മനസ്സില്‍ നിനച്ചപ്പോഴേക്കും സമയമറിയിച്ചിരിക്കുന്നു! അയാളുടെ നെറ്റിയൊന്ന് ചുളിഞ്ഞു നിവര്‍ന്നു.
‘ആ… എന്തോ ആവട്ടെ’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും കട്ടിലിലേക്ക് മലര്‍ക്കെ വീണു. കണ്ണുകളിറുക്കിയടച്ചു. പക്ഷേ, ഉറക്കം ഇനി ഈ വഴിക്കൊന്നും വരാനുള്ള ഭാവമുണ്ടെന്ന് തോന്നുന്നില്ല.
അയാള്‍ ചെരിഞ്ഞു കിടന്നു. കണ്ണുകള്‍ തുറന്നു. കട്ടിലിന്റെ വലതുവശം ചാരിയിട്ടിരുന്ന ടേബിളില്‍ ഒരു കുഞ്ഞു ഈഫല്‍ ടവര്‍ പോലെ കുത്തനെ നിറുത്തിയിരുന്ന കുടുംബ ഫോട്ടോയിലിരുന്ന് പ്രിയതമ ലി ഷി യങും മക്കളായ സാമും സലിയും അയാളോടൊപ്പം ഫോട്ടോയില്‍ നിന്നു കൊണ്ട് ബെഡിലേക്ക് നോക്കി ചിരിക്കുന്നത് ആ അരണ്ട വെളിച്ചത്തിലും വ്യക്തമായി കാണാം. അയാളുടെ കൈകള്‍ ബെഡ്ഡിന്റെ ഇടതു വശത്ത് എന്തിനോ വേണ്ടി ഉയറി നടക്കുന്നത് പോലെ പരക്കം പാഞ്ഞു. അയാള്‍ പതിയെ തല ഉയര്‍ത്തി നോക്കി.
‘ഇല്ല.. അവിടെ അവളില്ല.’ സാങ് വീണ്ടും ഫോട്ടോയിലേക്ക് നോക്കി. തിരിച്ച് വീണ്ടും ബെഡ്ഡിലേക്കും. അയാള്‍ അസ്വസ്ഥതയോടെ എഴുന്നേറ്റിരുന്നു. അയാളുടെ ചിന്തകള്‍ വിമാനമേറി.
*
ഹുബൈ പ്രവിശ്യയുടെ ഭാഗമാണ് ഹനിയാങ് (Hanyang). വളരെ സുന്ദരമായ ഒരു പട്ടണ നഗരം. പ്രശസ്തമായ ഹാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു വിശാല മനുഷ്യലോകം. സായാഹ്നങ്ങളില്‍ അംബര ചുംബികളായ കെട്ടിടങ്ങളുടെ നിഴലുകള്‍ ഹാന്‍ നദിയിലേക്ക് എത്തിനോക്കുന്നതു കാണാന്‍ തന്നെ എന്തു ഭംഗിയാണ്. സന്തോഷങ്ങളുടെ സംഗമ ഭൂമിയാണിവിടമെന്ന് തോന്നിപ്പോകും. സാങ് വൈ ഹാന്‍ നദീതീരത്ത് ബുദ്ധന്റെ പ്രതിമ ആലേഖനം ചെയ്ത ഒരു തുരുമ്പെടുത്ത ബെഞ്ചിലിരുന്ന് ഹാനിന്റെ സൗന്ദര്യം നുകര്‍ന്നു.
ഒരു തണുത്ത കാറ്റ് അയാളുടെ മുടികളില്‍ തലോടിക്കൊണ്ട് പതുക്കെ യാത്ര തുടര്‍ന്നു.
ഹനിയാങ് നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍ ഇബിസിന്റെ എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ തന്നെ അപാര്‍ട്ടുമെന്റുകളിലൊന്നിലാണ് സാങ് കുടുംബ സമേതം താമസിക്കുന്നത്. വാരാന്ത്യങ്ങളില്‍ ഇതുപോലെ കുളിര്‍ കാറ്റു കൊള്ളാന്‍ വേണ്ടി ഇവിടെ വന്നിരിക്കല്‍ അയാളുടെ പതിവാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലീയെ താനാദ്യമായി കണ്ടതു തന്നെ ഈ തീരത്താണല്ലോ.
പത്തുവര്‍ഷം മുമ്പാണത്. അലസമായ ഒരു സായാഹ്നം. ഈ ഇരുമ്പ് ബെഞ്ച് അന്നിത്ര തുരുമ്പെടുത്തിട്ടില്ല. ഇവിടെയിരുന്ന് ഹാനിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് കാലിലെന്തോ വന്ന് കടിച്ചു വലിക്കുന്നതായി തോന്നിയത്. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കുഞ്ഞു പോംപറനിയന്‍ ഇനത്തില്‍പെട്ട പട്ടി തന്റെ കാല് പിടിച്ചു വലിക്കുന്നതാണ് സാങ് കണ്ടത്. പെട്ടെന്ന് കാല് വലിച്ചു.
‘ലൂന ഇവിടെ വാ’ എന്ന് ഒരു സ്ത്രീ ശബ്ദം കേട്ടതും എന്റെ കാലിന്‍ ചുവട്ടിലുണ്ടായിരുന്ന ഒരു കൊച്ചുബോള്‍ കടിച്ചെടുത്തു കൊണ്ട് അവള്‍ ആ സ്ത്രീക്ക് നേരെ ഓടി.
നല്ല വെളുത്ത് തുടുത്ത് രോമാവൃതമായ ആ കൊച്ചു ജീവി വയ്ക്കകത്ത് ഒരു കൊച്ചു ബോളും കടിച്ചു പിടിച്ച് കുലുങ്ങി കുലുങ്ങി ഓടുന്നത് കണ്ടപ്പോള്‍ Turner & Hooch എന്ന ചിത്രത്തിലെ ഹൂച്ച് എന്ന നായയുടെ മുഖമാണ് മനസ്സിലേക്ക് വന്നത്. ആ കൊച്ചു പട്ടി ബോളുമായി തന്നെ പേരു വിളിച്ച സ്ത്രീയുടെ മുമ്പില്‍ ഓടി കിതച്ച് ചെന്നു നിന്നുകൊണ്ട് കടിച്ചു പിടിച്ച ബോള്‍ ആ സ്ത്രീക്ക് നേരെ നീട്ടി.
എന്നാല്‍ ബോള്‍ വാങ്ങുന്നതിന് പകരം
‘നിന്നോട് ഞാന്‍ ആളുകളുടെ കാലില്‍ കടിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ലൂന’
എന്ന് ചോദിച്ച് അവള്‍ ലൂനയുടെ ചെവിയില്‍ പതുക്കെ തിരുമി. ലൂനയെന്നാണ് ആ കൊച്ചു കുറുമ്പിയുടെ പേരെന്ന് സാങിന് മനസ്സിലായി. ലൂനയുടെ കഴുത്തിലുള്ള നീണ്ട കയറും പിടിച്ച് ആ സ്ത്രീ സാങിന്റെ നേരെ നടന്നടുത്തു.
‘സോറി, ഇവളാളിത്തിരി കുറുമ്പിയാണ്’. തൊട്ടടുത്ത് വന്ന് അവര് സംസാരിച്ചപ്പോള്‍ തന്നെ സാങ് അറിയാതെ തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.
അപ്പോഴാണ് അയാള്‍ അവളെ ശരിക്കും ശ്രദ്ധിച്ചത്. അവളുടെ മുടിയഴകിലേക്കാണ് അയാളുടെ ആദ്യ ദൃഷ്ടി പതിഞ്ഞത്. ഈ നാട്ടിലാര്‍ക്കും ഇങ്ങനെ മുടിയുള്ളതായി ഇക്കാലമത്രയും അയാളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അവളുടെ സാന്നിധ്യം സാങിന് ഒരു പോസിറ്റീവ് എനര്‍ജി നല്‍കി.
‘ബൈ ദ വെ, ഞാന്‍
ലി ഷി യങ്’
അവളുടെ സംസാരം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. അന്നാണ് ആദ്യമായി ഞങ്ങള്‍ സംസാരിച്ചത്.
ഹുബൈ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിലാണ് ലിയുടെ വീട്. പഠനാവശ്യമാണ് അവള്‍ അമ്മാവന്റെ കൂടെ ഹനിയാങില്‍ താമസമാക്കിയത്.
പിന്നീട് സാങ് ഹാന്‍ സന്ദര്‍ശിക്കാന്‍ വരാന്ത്യങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കാറില്ല. അവളെ കാണാന്‍ വേണ്ടി എന്നും ഹാനിന്റെ തീരത്ത് വന്നു നില്‍ക്കും. കണ്ടും സംസാരിച്ചും കൂട്ടുകൂടിയും അവര്‍ ഒരു മെയ്യും മനവുമായി. അവരുടെ കൂട്ടിന് സാം മോനും സലി മോളുമെത്തി. സന്തോഷകരമായ കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ ആഭ്രപാളികളിലെന്ന പോലെ വ്യത്യസ്ത കളര്‍ച്ചിത്രങ്ങളായി അയാളുടെ മുമ്പില്‍ മാറി മറഞ്ഞു.
സാമിന്റെയും സലിയുടേയും ചിരി തമാശകളും വാശിപിടിച്ചുള്ള കരച്ചിലുകളും അയാളുടെ മുഖത്ത് വ്യത്യസ്ത ഭാവങ്ങളായി മിന്നിമറഞ്ഞു. ഏതോ സ്വപ്നത്തില്‍ നിന്നെന്ന പോലെ അയാള്‍ ഞെട്ടിയുണര്‍ന്നു. ഒഴിഞ്ഞ ബെഡ്ഡിലേക്കും തൊട്ടടുത്ത ടേബിളിലേക്കും അയാള്‍ മാറി മാറി നോക്കി. ഒരു തേങ്ങല്‍ അയാളുടെ ഉള്ളില്‍ ഉരുണ്ടു കൂടി. അതൊരട്ടഹാസമായി പുറത്തുചാടി. നിശബ്ദതയുടെ അന്തകാരം തളംകെട്ടി നില്‍ക്കുന്നു ആ മുറിയില്‍ അയാളുടെ അട്ടഹാസം പ്രകമ്പനം കൊണ്ടു വിറങ്ങലിച്ചു നിന്നു. അത്രയൊക്കെ അയാള്‍ അലറി കരഞ്ഞിട്ടും ആ വലിയ ഹോട്ടല്‍ അപാര്‍ട്ടുമെന്റിലെ ഒരു റൂമില്‍ പോലും ലൈറ്റ് കത്തിയില്ല…
*
26/01/2021
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ലി മക്കളോടൊപ്പം വുഹാനിലെ സ്വന്തം വീട്ടിലേക്ക് പോയത്. അവളുടെ അഛന്റെ 65-ാം ജന്മദിനമാണ് മുപ്പതാം തിയ്യതി. ഹൃദ്രോഗ്യയായ അച്ഛനോടൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്ന് അവള്‍ ഇടക്കിടെ പറയാറുണ്ട്. അതാണ് അവളും മക്കളും നേരത്തെ പോയത്. ഓഫീസിലെ തിരൊക്കൊന്നൊഴിഞ്ഞതിന് ശേഷം രണ്ടുദിവസത്തിനകം ‘ഞാനങ്ങത്താം’ എന്നുപറഞ്ഞതാണ്.
അവര്‍ പോകാന്‍ നേരം
‘പപ്പ ഞങ്ങളോടൊപ്പം വാ… മമ്മീ പപ്പയോട് വരാന്‍ പറ’
എന്നും പറഞ്ഞ് സലി മോള്‍ ഒരേ കരച്ചിലായിരുന്നു. സത്യം പറഞ്ഞാല്‍ സാം മോനെയും സലിമോളയും ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ല. രണ്ടാളേയും ഒരു വിധത്തില്‍ പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ലീയോടൊപ്പം പറഞ്ഞയച്ചത്.
*
ഇന്നോഫീസില്‍ നിന്ന് നേരത്തെ ഇറങ്ങണമെന്നും രണ്ടു ദിവസത്തേക്ക് ലീവിനപേക്ഷിക്കണമെന്നും രാവിരുട്ടുന്നതിന് മുമ്പ് വുഹാന്‍ പിടിക്കണമെന്നും നിനച്ചാണ് സാങ് രാവിലെ തന്നെ ഓഫീസിലേക്കിറങ്ങിയത്. രണ്ടു ദിവസത്തിനു ശേഷത്തേക്ക് ഡെഡ്ലൈന്‍ നിശ്ചയിച്ച് അസൈന്‍ ചെയ്തിരുന്ന വര്‍ക്കുകളടക്കം സാങ് അന്നുച്ച തിരിയുന്നതിന് മുമ്പ് തന്നെ ചെയ്തു തീര്‍ത്തു. സാങ് ബോസിന്റെ കാബിന്‍ ലക്ഷ്യമാക്കി നടന്നു. വാതിലില്‍ മുട്ടി.
‘കം ഇന്‍’
ഉള്ളില്‍ നിന്നൊരു കല്‍പ്പനയുടെ ശബ്ദം പുറത്തു വന്നു.
രണ്ടു ദിവസത്തെ അവധി ചോദിക്കണം എന്ന ഉദ്ദേശ്യത്തോടെ സാങ് വാതില്‍ പതുക്കെ തള്ളി തുറന്ന് ബോസിന്റെ കാബിനിലേക്ക് കയറി. ഒരു നേരിയ സീല്‍ക്കാരത്തോടെ വാതില്‍ അയാള്‍ക്ക് പിന്നില്‍ അടഞ്ഞു.
പക്ഷെ, ബോസ് അദ്ദേഹത്തിന്റെ ലാപ്പില്‍ നിന്ന് തല ഉയര്‍ത്തിയില്ല. സാധാരണ ആരെങ്കിലും അദ്ദേഹത്തിന്റെ കാബിനിലേക്ക് കയറിയാല്‍ അദ്ദേഹം ഹാര്‍ദ്ദവമായി സ്വീകരിക്കാറുണ്ട്. ‘ഇന്നിതെന്തുപറ്റി’ സാങ് മനസ്സില്‍ നിനച്ചു. മെയിലിലെത്തിയ ലറ്ററുകളിലൊന്ന് ഗൗരവമായി വായിക്കുന്ന തിരക്കിലാണദ്ദേഹം. സാങ് പതുക്കെ തൊണ്ടയനക്കി. പക്ഷെ, അയാള്‍ തല ഉയര്‍ത്തിയില്ല. ബോസിന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവ വ്യത്യാസങ്ങള്‍ കണ്ടാല്‍ തന്നെ വളരെ സീരിയസ്സായ എന്തോ ആണ് അദ്ദേഹം വായിക്കുന്നതെന്ന് വ്യക്തം.
‘ദൈവമേ… ‘
മെയില്‍ വായിച്ചു കഴിഞ്ഞതും തന്റെ കൈ രണ്ടും തലക്കു പിന്നിലേക്ക് കോര്‍ത്ത് വെച്ച് ബോസ് അയാളുടെ ക്യുഷ്യന്‍ കസേരയിലേക്ക് മോഹലസ്യപ്പെട്ടെന്ന പോലെ വീണു.
‘എന്താണ് സാര്‍, എന്തുപറ്റി’
സാങ് മേശപുറത്തിരുന്ന ബോട്ടിലില്‍ നിന്ന് വെള്ളമൊഴിച്ച് ബോസിന് നേരെ നീട്ടി. അയാളത് വാങ്ങി വെള്ളം കാണാത്തവനെ പോലെ വലിച്ചു കുടിച്ചു.
‘ഹോറിബ്ള്‍!’
ബോസ് വീണ്ടും ആശ്ചര്യ കുലനായി.
സാങ് എന്താണന്നെറിയാതെ പകച്ചു നിന്നു.
‘ഇറ്റ് ഇസ് എന്‍ ഓഫീഷ്യല്‍ ഓര്‍ഡര്‍ ഫ്രം ദ സെന്ററല്‍ ഗവണ്‍മെന്റ് ഓഫ് ചൈന ടു ക്ലോസ് ദ കമ്പനി അണ്ടില്‍ നെക്സ്റ്റ് ഓര്‍ഡര്‍’
ബോസ് സാങിന്റെ മുഖത്ത് നോക്കി പറഞ്ഞു നിറുത്തി.
‘എന്തിനാണ് സാര്‍ ഇപ്പോള്‍ ഇങ്ങനെയൊരോഡര്‍.!? ‘
സാങ് സംശയ രൂപേണെ ചോദിച്ചു.
‘വുഹാനിലും പരിസരങ്ങളിലും എന്തോ വൈറല്‍ ഫീവര്‍ പടര്‍ന്നിട്ടുണ്ട്. വളരെ ഗൗരവ തരമായ കൊറോണാ വൈറസില്‍ നിന്നാണത്രെ ഈ ഫീവര്‍ പടരുന്നത്. വൈറസ് ബാധയേറ്റവര്‍ മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നിയമ നടപടികള്‍ വരുന്നതിന്റെ ഭാഗമായാണ് ഈ ഓര്‍ഡര്‍’
അയാള്‍ പറഞ്ഞു നിറുത്തിയതും സാങിന്റെ ഉള്ളം പിടഞ്ഞു. ഇന്നലെ വുഹാനില്‍ നിന്ന് ലീ വിളിച്ചപ്പോള്‍ അവള്‍ക്ക് ശക്തമായ ചുമയുണ്ടായിരുന്നു.
‘എന്തേ ചുമുക്കുന്നത്? എന്നു ചോദിച്ചപ്പോള്‍
‘അത് ഞങ്ങള്‍ വരുമ്പോള്‍ അഛനും അമ്മക്കും ചുമയും പനിയുമുണ്ടായിരുന്നു. അതാവും എനിക്കും മക്കള്‍ക്കും പകര്‍ന്നത്’ എന്ന അവളുടെ ക്ഷീണിച്ച ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഈ ഒരു സെന്റെന്‍സ് പറഞ്ഞു തീര്‍ക്കാന്‍ തന്നെ അവള്‍ ശ്വാസം വലിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നത് സാങ് ശ്രദ്ധിച്ചതാണ്. വല്ല പകര്‍ച്ച പനിയുമായിരിക്കും. നാളെ ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിട്ട് ഫോണ്‍വെച്ചതാണ്.
‘സാങ് താങ്കെളെന്തിനാണ് വന്നത്?’
ബോസ് സാങിന്റെ മുഖത്ത് നോക്കി ചോദിച്ചു. പക്ഷെ, ആ ചോദ്യം സാങ് കേട്ടില്ലെന്ന് തോന്നുന്നു. അയാളുടെ മനസ്സ് വുഹാനിലെ ലിയോടും മക്കളോടുമൊപ്പമായിരുന്നു. ബോസ് കൈകൊണ്ട് ടേബിളില്‍ അമര്‍ത്തിയടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു:
‘സാങ്..താങ്കളെന്തിനാണ് വന്നത്? ‘
‘എ…എന്ത് സര്‍’
ഒന്ന് ഞെട്ടിയതിന് ശേഷം അയാള്‍ എന്തോ ആലോചനയിലെന്ന പോലെ ഒന്നും പറയാതെ കാബിനിന്റെ വാതില്‍ വലിച്ചു തുറന്ന് പുറത്തേക്കോടി. ഓട്ടത്തിനിടയില്‍ അയാള്‍ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് ലിയുടെ നമ്പര്‍ ഡയല്‍ ചെയ്തു കൊണ്ടേയിരുന്നു. എന്നാല്‍ മറുതലക്കല്‍ ലിയുടെ മധുര ശബ്ദം അയാള്‍ കേട്ടതേയില്ല. സാങിന്റെ ഹൃദയമിടിപ്പിന്റെ വേഗമിരട്ടിച്ചു. അയാളുടെ മുന്നില്‍ ലിയുടെയും സാലിയുടെയും സാമിന്റെ മുഖങ്ങള്‍ മിന്നിമറിഞ്ഞു.
*
ഓഫീസില്‍ നിന്ന് ഏകദേശം അഞ്ഞൂറു മീറ്ററേയുള്ളു അപ്പാര്‍ട്ടുമെന്റിലേക്ക്. അയാള്‍ ഓടുകയായിരുന്നു. സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിയത് അയാള്‍ അറിഞ്ഞതേയില്ല. ശരവേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നടുവിലേക്കിറങ്ങാനാഞ്ഞ അയാളെ പിറകില്‍ നിന്നാരോ പിടിച്ചു വലിച്ചു.
‘ഹേയ് മനുഷ്യാ, നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണോ’
അയാള്‍ സാങിനോട് രൂക്ഷമായി ചോദിച്ചു.
തന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദി പറയുന്നതിന് പകരം സാങ് അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി. ഇതെന്തൊരു മനുഷ്യനാണെന്ന് അവിടെ കൂടി നില്‍ക്കുന്നവരെല്ലാം കരുതിക്കാണും. പെട്ടെന്നാണ് സിഗ്നലിന്നോട് ചേര്‍ത്തി സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞ അക്ഷരങ്ങളില്‍ സാങിന്റെ ശ്രദ്ധപതിഞ്ഞത്:
‘കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ന് വൈകിട്ട് മൂന്നു മുതല്‍ ഇനിയൊരറിയുപ്പുണ്ടാകുന്നത് വരേ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുന്നതാണ്’
സാങ് വീണ്ടും ആ സ്‌ക്രീനിലേക്ക് നോക്കി താന്‍ വായിച്ചത് ശരിയല്ലേയെന്ന് ഉറപ്പ് വരുത്തി. അതെ ശരിയാണ്. അയാള്‍ക്ക് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടുന്നത് പോലെ തോന്നി. അപ്പോഴേക്കും ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ അലര്‍ട്ട് ചെയ്തു കൊണ്ടുള്ള പോലീസ് വാഹനം തലങ്ങും വിലങ്ങും ചീറിപായാന്‍ തുടങ്ങിയിരുന്നു.
സാങ് ഫോണെടുത്ത് ലിയുടെ നമ്പറിലേക്ക് അടിച്ചു കൊണ്ടേയിരുന്നു. മറുതലക്കല്‍ ആരോ ഫോണെടുത്തു:
‘ഹലോ ഹണീ, നീ എവിടെയായിരുന്നു. നിനക്കെന്തുപറ്റി. ഞാനാകെ പേടിച്ചിരിക്കുകയാണ്. ഹോ, നീ ഫോണടുത്തല്ലോ സമാധാനമായി.’
സാങ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
എന്നാല്‍ മറുതലക്കല്‍ നിന്നുള്ള മറുപടി സാങിനെ കൂടുതല്‍ അസ്വസ്ഥമാക്കി.
‘സര്‍, ഇത് ഹൗസന്‍ഷന്‍ ഹോസ്പിറ്റല്‍ വുഹാനാണ്. ഈ ഫോണിന്റെ ഉടമയെ കോവിഡ് 19 ബാധിച്ച് അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.’
സാങിന്റെ കാലുകള്‍ക്ക് ബലം കുറഞ്ഞുവന്നു. കണ്ണുകളില്‍ ഇരുട്ടു കയറി. അയാള്‍ക്ക് ഒരടി മുന്നോട്ട് വെക്കാന്‍ സാധിച്ചില്ല. ഇരുകൈകളും തലയ്ക്ക് കൊടുത്ത് സാങ് ഫൂട്പാത്തിലിരുന്നു.
*
ഫൂട്ട് പാത്തിലിരിക്കുന്ന അയാള്‍ക്കു നേരെ ഒരു പൊലീസുകാരന്‍ നടന്നടുത്തു.
‘സര്‍, ഇവിടെയിങ്ങനെ ഇരിക്കാന്‍ പറ്റില്ല. പെട്ടെന്ന് വീട്ടിലേക്ക് പോകണം.’
അയാള്‍ സാങിന്റെ അടുത്തു വന്നു പറഞ്ഞു. അവിടെ നിന്ന് എങ്ങനെയാണ് നടന്ന് അപാര്‍ടുമെന്റിലെത്തിയതെന്ന് സാങിനറിയില്ല. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് നൂറു കിലോമീറ്ററിന്റെ വൈദൂരമുണ്ടെന്ന് സാങിന് തോന്നി. കാറെടുക്കാതെ ഓഫീസിലേക്ക് നടന്നു പോരാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു.
അപാര്‍ട്ടുമെന്റിലെത്തിയതും അയാള്‍ കാറിന്റെ കീയെടുത്ത് തിരിച്ചിറങ്ങി. എത്രയും പെട്ടെന്ന് വുഹാനിലെത്തണം എന്ന ചിന്തമാത്രമേ അന്നേരം അയാളെ മതിച്ചിരുന്നൊള്ളൂ. രാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ത്ത സാങിന്റെ ചിന്തയുടെ അയലത്തേക്ക് പോലും വന്നില്ല. ഭ്രാന്തമായ ഏതോ ആവേശത്തോടെ അയാള്‍ കാറു തിരിച്ചു റോഡിലേക്കിറങ്ങി. വിജനമായ റോഡ് കണ്ട് ഒരു നിമിഷം അയാള്‍ അന്ധാളിച്ചു. കാരണം താന്‍ ജനിച്ചതില്‍ പിന്നെ ഈ റോഡ് ഇത്ര വിജനമായി കണ്ടിട്ടില്ല. അയാളുടെ കാര്‍ വുഹാനിനു നേരെ തിരിഞ്ഞു. കാലുകള്‍ ആക്‌സിലേറ്ററില്‍ ഞെരിഞ്ഞമര്‍ന്നു.
‘പിന്നില്‍ നിന്ന് പോലീസ് വാഹനത്തിന്റെ സൈറണ്‍ മുഴങ്ങിയോ!? ‘
സാങ് ഒരു നിമിഷം ബ്രൈക്കില്‍ കാലമര്‍ത്തിയതിനു ശേഷം ശ്രദ്ധിച്ചു.
‘അതെ, സൈറണ്‍ കേള്‍ക്കുന്നുണ്ട്.’
സാങ് റിവര്‍വ്യൂ മിററിലൂടെ പുറകിലേക്ക് നോക്കി.
‘ഒരു നിര വാഹനം തന്നെയുണ്ടല്ലോ.’
സാങ് ആക്‌സിലേറ്ററുകളില്‍ നിന്ന് പൂര്‍ണ്ണമായും കാലുകളെടുത്തു. ബ്രേക്കില്‍ കാലുകളമര്‍ത്തി. കാര്‍ റോഡിന്റെ സൈഡിലേക്ക് ചേര്‍ത്തു നിറുത്തി.
ആയുധ ധാരിയായ ഒരു പോലീസ് അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ചോദിച്ചു:
‘സര്‍, എങ്ങോട്ടാണ്’
അയാള്‍ സാങിനോട് സൗമ്യനായി ചോദിച്ചു.
‘വുഹാനിലേക്കാണ്’
സാങ് മറുപടി പറഞ്ഞു.
‘സാര്‍, അങ്ങോട്ട് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്’
പോലീസുകാരന്‍ വീണ്ടും വിനയത്തോടെ പറഞ്ഞു.
‘എനിക്ക് പോകണം. എന്റെ ഭാര്യയും മക്കളും ഹോസ്പിറ്റലിലാണ്.’
സാങ് കുറച്ച് രൂക്ഷമായി തന്നെ മറുപടി പറഞ്ഞു. താന്‍ സ്വയം നിയന്ത്രണം വിടുന്നതായി സാങിന് തോന്നി. പൊലീസുകാരന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, സാങ് കൂടുതല്‍ പാനിക്കാകുകയായിരുന്നു.
അവര്‍ സാങിനെ അദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്നിറക്കി പോലീസ് വാഹനത്തിലേക്ക് ഷിഫ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് ഹെഡ്ക്വര്‍ട്ടേഴ്‌സിന് സമീപമുള്ള കൗണ്‍സിലിങ് സെന്ററിലേക്ക് മാറ്റി.
*
ചൈനയില്‍ കൊറോണ അതിവേഗത്തില്‍ പടര്‍ന്നു പിടിച്ചു. ആളുകള്‍ മരിച്ചു കൊണ്ടേയിരുന്നു. ശവശരീരങ്ങള്‍ കൂട്ടത്തോടെ സംസ്‌കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. വുഹാനിനേയും പരിസരങ്ങളേയുമാണ് ഇതേറ്റവും കൂടുതല്‍ ബാധിച്ചത്.
മരിച്ചവരുടെ എണ്ണവും കണക്കും ഗവണ്‍മെന്റ് കൃത്യമായി പുറത്ത് വിടുന്നില്ലായെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കിലും ചൈന ഗവണ്‍മെന്റ് അവരുടെ ജനങ്ങളുടെ പലഅവകാശങ്ങളും മറച്ചുവെക്കുന്നുണ്ടെന്ന് സാങിന് പലപ്പോഴും തോന്നിയിട്ടുണ്ട്. വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്കൊന്നും അവരുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ അവസാന യാത്ര സാധിച്ചില്ല.
ഹനിയാങ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കൗണ്‍സിലിംഗ് സെന്റെറില്‍ അദ്ദേഹത്തിന് ശേഷം വീണ്ടും നൂറുക്കണക്കിന് ആളുകളെത്തി. അവരില്‍ സാങിനെ പോലെ തന്നെ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവരുണ്ട്. മതാപിതാക്കളെ നഷ്ടമായ ഒരു പിഞ്ചു കുഞ്ഞ് അഛായെന്ന് വിളിച്ച് തന്നെ സമീപിച്ചപ്പോള്‍ സാങിന് പെട്ടെന്ന് സാമിനെയാണ് ഓര്‍മ്മവന്നത്. അത്തരം ചില നല്ല ഓര്‍മകളാണ് അദ്ദേഹത്തെ അവിടെ പിടിച്ചു നിറുത്തിയതും.
സാങ് പലതവണ ലിയുടെ ഫോണിലേക്ക് ഡയല്‍ ചെയ്തു കൊണ്ടേയിരുന്നു. അവസാനം രണ്ടാഴ്ച മുമ്പാണ് അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി എന്നു പറഞ്ഞ് മെസേജ് വന്നത്. സാങ് പലരോടും ബന്ധപ്പെട്ട് ലീയുടെ വീടിനടുത്തുള്ള ഹൂങ് ശിയുടെ നമ്പറൊപ്പിച്ചു. അതില്‍ വിളിച്ചപ്പോള്‍ കിട്ടിയ വിവരമനുസരിച്ച്. കഴിഞ്ഞ ഒരു മാസമായിട്ട് ലിയുടെ വീട്ടില്‍ ആളനക്കമില്ലായെന്നാണ് പറഞ്ഞത് .
സാങിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയപ്പോഴാണ് ഫോണിലൊരു ബീപ് ശബ്ദം കേട്ടത്. ആരോ മെസേജയച്ചതാണ്. സാങ് ഫോണെടുത്തു നോക്കി. ഹെല്‍ത്ത് മിനിസ്ട്രി എന്ന ടൈറ്റില്‍ കണ്ടപ്പോള്‍ സാങ് ആവേശത്തോടെ ആ മെസേജ് ഓപ്പണ്‍ ചെയ്തു. ഒരു പക്ഷേ ലിയെകുറിച്ചായിരിക്കുമിത് എന്ന ആവേശത്തിലായിരുന്നു സാങ്. അയാളുടെ വിരലുകള്‍ അതിന് മുമ്പൊന്നും അത്രവേഗത്തില്‍ മൊബൈല്‍ സ്‌ക്രീനില്‍ സ്പര്‍ശിച്ചിട്ടില്ല. ആ മെസ്സേജ് സാങിന് മുമ്പില്‍ തെളിഞ്ഞു വന്നു. അത് ലിയെ കുറിച്ച് തന്നെയായിരുന്നു. പക്ഷെ ആ മെസ്സേജ് സാങിന് സന്തോഷം നല്‍കുന്ന ഒന്നായിരുന്നില്ല. അതിങ്ങനെയായിരുന്നു.
‘കൊറോണാ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന നിങ്ങളുടെ ഭാര്യയും രണ്ടു മക്കളും വുഹാനിലെ ഹൗസന്‍ഷന്‍ ഹോസ്പിറ്റലില്‍ മരണപ്പെട്ടിരിക്കുന്നു. ഇവരുടെ ശവസംസ്‌കാരം കൊറോണാ പ്രോട്ടോക്കോളനുസരിച്ച് വുഹാനിലെ പൊതുസ്മശാനത്തില്‍ വെച്ച് നടക്കും. നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു – സെന്‍ട്രല്‍ ഹെല്‍ത്ത് മിനിസ്ട്രി, ചൈന’
**
സാങ് വൈയുടെ കയ്യില്‍ കിടന്ന് ഫോണ്‍ കിടു കിടാ വിറച്ചു. ഫോണ്‍ മാത്രമല്ല അയാള്‍ മുഴുക്കെ വിറക്കൊള്ളുന്നുണ്ട്. ദൂരെ നിന്ന് സാങിനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന റും വാഡന്‍ സാങിന് അപസ്മാരമാണെന്ന് കരുതി ഒരു കൂട്ടം ഇരുമ്പ് താക്കോലുമായി ഓടികിതച്ചുവന്നു. സാങ് ആര്‍ത്തു കരഞ്ഞു. എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ ആ കരച്ചിലിനെ വിവരിക്കാനുതകുന്ന അക്ഷരങ്ങള്‍ പിറവിയെടുത്തിട്ടില്ല.
**
ദിവസങ്ങള്‍ കഴിഞ്ഞു. കൊറോണ മരണ നൃത്തം ചവിട്ടി. ജനങ്ങള്‍ വീടിനകത്ത് അടച്ചു പൂട്ടിയിരുന്നു. ലോകം ജയിലായി. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് മണ്ണിനടിയിലായി. കൊറോണയുടെ പ്രതിവിധിയെന്ന് പറയുന്നതെല്ലാം ജനങ്ങള്‍ വാരിവലിച്ചു തിന്നു. ജീവനോളം വലുതല്ലല്ലോ മറ്റൊന്നും.
അങ്ങനെയാണ്
‘ഇ ബയോമെട്രിക്ക് മെഡിസിന്‍’ ചൈനീസ് ആരോഗ്യ വകുപ്പ് മുന്നോട്ടു വെക്കുന്നത്. ജനങ്ങളെല്ലാവരും മരുന്നു കുടിക്കണമെന്ന നിയമം വന്നു . മരുന്നിനെ കുറിച്ചുള്ള സര്‍ക്കാറിന്റെ വിശദീകരണ കുറുപ്പിലുള്ളതിങ്ങനെയാണ്:
‘മരുന്ന് കഴിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മുഴുവന്‍ ടെഡന്‍സികളും മെഡിക്കല്‍ ടീമനറിയുവാന്‍ സാധിക്കും. ഇതിലൂടെ നിങ്ങളുടെ ശരീരം കാണിക്കുന്ന ആരോഗ്യകരമായ പ്രവണതകള്‍ നിങ്ങളറിയുന്നതിന് മുമ്പ് സര്‍ക്കാറിനറിയാന്‍ സാധിക്കും. ഡോക്ടറെ സമീപിക്കാതെ തന്നെ ചികിത്സ ലഭിക്കും. രോഗത്തിനു വേണ്ട ചികിത്സ നിങ്ങളുടെ ഫോണുകളിലേക്ക് മെസ്സേജായി വരും. കൊറോണ പോലോത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മുന്‍കൂട്ടി കണ്ടെത്തി ക്വറന്റൈന്‍ ചെയ്യാം’.
സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ജനങ്ങളാരും സംശയിച്ചില്ല. അവര്‍ മരുന്നിന് വേണ്ടി ക്യൂ നിന്നു. മരുന്നു കുടിക്കാന്‍ വിസമ്മതിച്ചവരെ ഭയപ്പെടുത്തിയും മര്‍ദ്ധിച്ചും കുടിപ്പിച്ചു. ജനിച്ചു വീണ ശൈശവം മുതല്‍ മരണത്തിലേക്കാഞ്ഞു നില്‍ക്കുന്ന വാര്‍ദ്ധക്യം വരേ ഇതില്‍ നിന്നൊഴിവായില്ല.
ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ സര്‍ക്കാറിന്റെ ഉത്തരവാദിത്ത ബോധത്തെ കുറിച്ച് അഭിമാനം കൊണ്ടു. എന്നാല്‍ അമ്മയെ തച്ചാലും രണ്ടഭിപ്രായമുണ്ടാകും എന്നപോലെ ഇവിടെയും ചിലരപശബ്ദമുയര്‍ത്താന്‍ ശ്രമിച്ചു.
‘ഇത് നമ്മുടെ സ്വകാര്യതകളിലേക്കുള്ള കടന്നു കയറ്റമാണ് ഇതിലൂടെയവര്‍ നമ്മുടെ മനസ്സിനെ വരേ വരുതിയിലാക്കാന്‍ ശ്രമിക്കും’.
സര്‍ക്കാറിവരെ റിബലുകളെന്ന് മുദ്രകുത്തി. പലരേയും തിരഞ്ഞു പിടിച്ച് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരുടെ യാതൊരു വിവരവും പിന്നീട് പുറത്ത് വന്നില്ല. ഒരു മരുന്നു കുടിക്കാത്തതിന്റെ പേരില്‍ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാങും ചിന്തിച്ചെങ്കിലും പ്രതിരോധ മരുന്ന് മറ്റു സംശയങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ സാങും കുടിച്ചു.
ഈ മഹാരാജ്യത്തിലെ ജനങ്ങളെല്ലാം മരുന്നു കുടിച്ചു. മരുന്ന് പ്രതിപ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ ഫോണുകളിലേക്കെല്ലാം ഐസുലേഷനില്‍ കയറണമെന്നുള്ള മെസ്സേജുകള്‍ വന്നു തുടങ്ങി. രോഗലക്ഷണങ്ങളുള്ളവരെല്ലാം ഐസുലേഷനില്‍ കയറിയതോടെ രാജ്യത്തെ മറ്റു നിയന്ത്രണങ്ങളും ലോക്ഡൗണും നീക്കാം എന്ന സ്ഥിതി വന്നു. പതുക്കെ രാജ്യത്തെ രോഗത്തിന്റെ ഗ്രാഫ് താഴ്ന്നു വന്നു. ജനജീവിതം സാധാരണ നിലയിലായി. എല്ലാവരും ഗവണ്‍മെന്റിനെയും ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത ‘ഇ ബയോമെട്രിക്ക് മെഡിസിനേയും’ വാനോളം പുകഴ്ത്തി. ചൈന പുതിയ ജീവിത പുലരിയിലേക്കുണര്‍ന്നു. എന്നാല്‍ അവരെ കാത്തിരുന്ന മഹാവിപത്തിനെ കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു.
*
2030 ജനുവരി 26 അഥവാ ഇന്ന്.
കൊറോണാനന്തര ലോകത്തിന് പത്തുവയസ്സ് പ്രായം. സമയം അര്‍ദ്ധരാത്രി രണ്ടു കഴിഞ്ഞു മുപ്പത് മിനിറ്റ്. ഇബിസ് ഹോട്ടലില്‍ സാങ് തന്റെ അപ്പാര്‍ട്ടുമെന്റില്‍ ആര്‍ത്തട്ടഹസിച്ചു പരക്കം പാഞ്ഞു.
‘ലീ എന്റെ ലീ… ‘
അയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. തന്റെ ജീവിതം ഏകാന്തതക്ക് വിട്ടുകൊടുത്ത വൈറസിനെ അയാള്‍ ഇടക്കിടെ ശപിച്ചു. ലീയെ തേടി അന്ന് ഞാനും വുഹാനിലെത്തിയിരുന്നെങ്കില്‍ എനിക്കും അവരോടൊപ്പം മരിക്കാമായിരുന്നു. ഈ നശിച്ച ജീവിതത്തില്‍ നിന്നും ഓടിയൊളിക്കാമായിരുന്നു. അന്ന് വുഹാനിലേക്ക് പോകാന്‍ തടസ്സം നിന്നത് ഈ രാജ്യത്തെ ദുഷിച്ച നിയമങ്ങളും പോലീസുമാണ്. നശിച്ചുപോണമവര്. സാങിന്റെ ചിന്തകള്‍ കാടു കയറി.
പെട്ടെന്ന് തന്നെ സാങിന്റെ ഇടതു കാലിന്റെ ചെറുവിരല്‍ മുതല്‍ ശക്തമായൊരു വേദന മൂര്‍ദ്ധാവിലേക്ക് ശരവേഗത്തില്‍ പാഞ്ഞു. ഒരു നിമിഷം അയാള്‍ മരണ വെപ്രാളത്തിലെന്ന പോലെ ഒന്നു പിടഞ്ഞു. മുമ്പ് തന്റെ ഉറക്കം കെടുത്തിയ അതേ വേദനയാണിതെന്ന് സാങിന് ബോധ്യമായി. പക്ഷേ, താനങ്ങനൊയൊരു വേദന അനുഭവിച്ചതായി ഇപ്പോഴും അയാള്‍ക്ക് തോന്നുന്നില്ല.
വല്ല പാനിക്ക് അറ്റാക്ക് മറ്റോ ആണോ.. സാങ് ആകുലപ്പെട്ടു. അയാള്‍ വേഗത്തില്‍ തന്റെ ഫോണെടുത്തു നോക്കി.
‘ഇല്ല, ഫോണില്‍ പ്രത്യേക മെസ്സേജുകളൊന്നും വന്നുകിടക്കുന്നില്ല. ശരീരം ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് മെസ്സേജ് വരികയോ അധികൃതര്‍ ഇവിടെ എത്തുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചു.
സാങ് മനസ്സില്‍ പറഞ്ഞു. ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനസ്സിനെന്തോ വല്ലാത്ത ആശ്വാസം തോന്നി.
‘ഒരു പക്ഷേ, ഗവണ്മെന്റിന്റെ ഈ പദ്ധതികളെല്ലാം വെറുതെ ആളുകളുടെ കണ്ണില്‍ പൊടിയിടാനായിരിക്കും. ഇവരിത്ര കാലം ഈ ജനങ്ങളെ മുഴുവന്‍ വിഢികളാക്കുകയായിരുന്നല്ലോ. പാവം ജനത ‘
സാങ് ഇങ്ങനെ ചിന്തിച്ചു നിറുത്തിയതും അയാളുടെ ശരീരമാസകലം പിടിച്ചു കുലുക്കി ഒരു വേദന കൂടി കാലില്‍ നിന്ന് മൂര്‍ദ്ധാവിലേക്ക് യാത്ര തിരിച്ചു. സാങ് ഒരു നിമിഷം മോഹലസ്യപ്പെട്ടു വീണു. ഉടനെ തന്നെ ഉണരുകയും ചെയ്തു.
തൊട്ടടുത്ത നിമിഷം കട്ടിലില്‍ കിടന്ന ഫോണ്‍ ഒന്ന് ചിലച്ചു നിറുത്തി. മെസ്സേജ് വന്നതാണ്. ആ കനത്ത നിശബ്ദതയിലുണ്ടായ ആ ശബ്ദം സമയം തെറ്റിവന്ന മഴക്കൊപ്പമുണ്ടാകാറുള്ള ഇടിപോലെയായിരുന്നു. ആരാണീ നേരത്ത് മെസ്സേജയക്കാന്‍ സാങ് ഒന്നാലോചിച്ചു. ആരും ഓര്‍മയിലേക്ക് വന്നില്ല. ഒരുപക്ഷേ, ആരോഗ്യവകുപ്പില്‍ നിന്നായിരിക്കും സാങ് പിടഞ്ഞണീറ്റു ഫോണെടുത്തു. എന്നാല്‍ ഫോണില്‍ തെളിഞ്ഞ മെസ്സേജ് കണ്ട് അയാളുടെ കണ്ണുകളില്‍ ഇരുട്ടു കയറി.
‘നിങ്ങളുടെ മേലില്‍ രാജ്യാധിക്ഷേപത്തിനെതിരെ കേസെടുത്തിരിക്കുന്നു. പുലര്‍ച്ചെ ആറിന് ഹനിയാങ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യണം. 2030 ജനുവരി 26 അര്‍ദ്ധരാത്രി രണ്ടുമണി കഴിഞ്ഞ് പതിനഞ്ചു മിനിറ്റില്‍ നിങ്ങള്‍ കണ്ട സ്വപ്നത്തിലും ഇതേ ദിവസം തന്നെ പുലര്‍ച്ചെ 2:36, 2:40 സമയങ്ങളില്‍ ഉണര്‍വിലുമായുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂന്നു തവണ വാണിങ് തന്നിട്ടും ശ്രദ്ധിച്ചില്ല എന്ന കുറ്റം കേസിനെ കൂടുതല്‍ ബലപ്പെടുത്തും. ‘
സാങ് അന്താളിച്ച് നിശ്ചലനായി നില്‍ക്കുമ്പോള്‍ അടുത്ത മെസ്സേജും വന്നു.
‘കണ്‍ഗ്രാജുലേഷന്‍സ്, ഇ – ബയോമെട്രിക്ക് മരുന്നുകള്‍ക്ക് മനസ്സുകളിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും വിജയകരമായ രീതിയില്‍ രാജ്യത്ത് ആദ്യമായി നിങ്ങളിലാണ് പരീക്ഷിച്ചു വിജയിച്ചത് ‘- ഹെല്‍ത്ത് മിനിസ്ട്രി, ചൈന.
പിന്‍ കുറിപ്പ് :
2040 ല്‍ തുടര്‍ച്ചയായി പത്തുവര്‍ഷം ആഭ്യന്തരമായിട്ട് ഒരു എതിര്‍ശബ്ദം പോലും ഉയര്‍ന്നു വരാത്ത രീതിയില്‍ ജന പ്രീതിയില്‍ ഭരണം നടത്തിയ ചൈനീസ് സര്‍ക്കാറിനായിരുന്നു സമാധാനത്തിനുള്ള നോബേല്‍ പ്രൈസ്.
(ഈ കഥ സാങ്കല്‍പ്പികമായിരിക്കാം. പക്ഷെ, ഓരോ രാജ്യവും തങ്ങളുടെ സ്ഥാപിത ലക്ഷ്യങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള അവസരമായിട്ടാണ് ഈ കോവിഡ് കാലത്തെയും ഇത്തരം സന്ദര്‍ഭങ്ങളെയും കാണുന്നത്. നിലവിലുള്ള ഈ ഭീഷണിയെ മറികടക്കാന്‍ ഓരോ രാജ്യവും കൊണ്ടുവരുന്ന നിയമങ്ങളെ നാം സന്ദേഹമില്ലാതെ ഉള്‍ക്കൊള്ളും. അവരെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സപ്പോട്ട് ചെയ്യുകയും ചെയ്യും. അങ്ങനെ തന്നെയാണ് വേണ്ടതും. പക്ഷെ, ഈ കൊടുംങ്കാറ്റും കെട്ടടങ്ങും. വീണ്ടും മനുഷ്യരിവിടെ ബാക്കിയാവും. ഇന്നത്തെ നിയമ വ്യവസ്ഥിതികളും സര്‍ക്കാറിന്റെ ഇംഗിതങ്ങളും അന്നും നിയമമായിട്ട് തന്നെ നിലനില്‍ക്കും. അത്തരം സന്ദര്‍ഭങ്ങളെ നമുക്ക് അതിജീവിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയാണ് ഈ കഥ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.)
________ശുഭം________
NB: ഇതിലെ കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തീര്‍ത്തും സാങ്കല്‍പ്പികം.
കൊറോണാനന്തര ലോകത്തെ കുറിച്ചുള്ളൊരു സാങ്കല്‍പ്പിക കഥയാണിത്. ബൈഡൗ(BeiDou) വിന്റെ സഹായത്തോടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പൗരന്മാരുടെ ശരീരത്തിന്റെ ആരോഗ്യനില മനസിലാക്കുകയും അവര്‍ക്ക് വേണ്ട ക്വറന്റൈന്‍ നിശ്ചയിക്കുകയും ചെയ്ത ചൈനയുടെ വാര്‍ത്ത ശ്രദ്ധയില്‍ പതിഞ്ഞപ്പോഴാണ് ഈ കഥയുടെ ആശയം നാമ്പെടുത്തത്.(2020 മാർച്ച് മാസത്തിലാണ് ഈ കഥ എഴുതിയത്)
അഭിപ്രായങ്ങള്‍ അറിയിക്കുക:
ഫോണ്‍: 9567879684
ckriswanaboobacker@gmail.com