വേനല്‍ കാലത്ത് വെള്ളമില്ലാത്തതിന്റെ പേരില്‍ അകലേക്ക് പോയി ചെപ്പിടത്തില്‍ വെള്ളം കൊണ്ടുവരുന്നത് കാണാന്‍ രസമാണ്. അതത്ര സുഖമുള്ള കാര്യമല്ലെന്ന് ഉമ്മിച്ചി പറഞ്ഞതോര്‍മ്മയുണ്ട്. ഇടക്കൊരു വേനലില്‍ അലഞ്ഞപ്പോഴാണ് വെള്ളത്തിന് വിലയുണ്ടെന്ന് സഹോദരങ്ങള്‍ക്ക് മനസ്സിലായത്. വേനല്‍കാലത്ത് വെള്ളവുമായി പാടമദ്ധ്യത്തിലൂടെ നടന്ന് വരുന്ന പെണ്ണുങ്ങളെ കാണുന്ന നേരത്ത് വിളവെടുപ്പുകാലത്ത് കറ്റയുമേന്തി നടക്കുന്ന അരവയര്‍ പട്ടിണിക്കാരെ ഓര്‍മ്മ വരും.
ഒരു കാലത്ത് കത്തുന്ന പള്ളയുമായി അന്നത്തിന് വെമ്പുന്ന നേരം പാടത്ത് നിന്നുമെത്തുന്ന മാതാക്കള്‍ കറ്റയടിച്ച് നെല്ലാക്കി, പിന്നെ അരിയാക്കി ചോറുണ്ടാക്കിത്തന്ന കഥ ഉമ്മാമ പറഞ്ഞു തന്നിട്ടുണ്ട്. ഒരിക്കല്‍ വിശന്ന് കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാന്‍ വേണ്ടി അടുപ്പത്ത് വെച്ച കലത്തിലെ പതക്കുന്ന വെള്ളത്തില്‍ കയിലിട്ടിളക്കുന്ന പാഠപുസ്തകത്തിലെ ഉമ്മയുടെ കഥ വായിച്ചപ്പോഴാണ് അന്നത്തിന്റെ വില ഞങ്ങളറിയുന്നത്. അത് പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞിരുന്നു, മനുഷ്യന് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്ന്. എന്ത് പ്രശ്‌നമുണ്ടായാലും അതൊക്കെ തീര്‍ത്ത് അവര്‍ ഒന്നിക്കുന്നത് ഈയൊരു സിദ്ധാന്തത്തിന്മേലാണെന്ന് ആര്‍ക്കാണറിയാത്തത്.
പണ്ടൊക്കെ കൊയ്ത്തുകാലം ഞങ്ങള്‍ക്കാഘോഷമായിരുന്നു. നെല്‍പ്പാടങ്ങള്‍ വിളഞ്ഞ് തിളങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു കാത്തിരിപ്പാണ്. കതിരറുത്ത പാടങ്ങളില്‍ ശേഷിക്കുന്ന ഞാക്കുറ്റികള്‍ നോക്കിച്ചിരിക്കുന്നത് വരെ അത് നീളും. നെല്‍പ്പാടത്തിന്റെ മധുരമൂറുന്ന വാസനയും എക്കലിടുന്ന നേരത്ത് ധൂളികളായി പറക്കുന്ന ഉണക്കപ്പുല്ലിനിടയിലെ ഇരട്ട മധുര ഗന്ധവും ആസ്വദിച്ചോടുമ്പോള്‍ പുല്ലിന്റെ അരുതട്ടി മുറിയുന്ന കാലിന്റെ നീറ്റലറഞ്ഞിരുന്നില്ല. അന്നത്തെ ആഘോഷം കഴിഞ്ഞ് പുത്തനരിയുടെ മണമുറ്റുന്ന വസ്ത്രവും എക്കലില്‍ പാറ്റിയ പൊടിപടലങ്ങള്‍ പൊതിഞ്ഞ ശരീരവുമായി തിരിച്ചെത്തും. കുളിപ്പിക്കാനായി മേത്തൂടെ വെള്ളം പാരുമ്പോഴാണ് ഇരച്ചുകയറുന്ന വേദന മനസ്സറിയാറുള്ളത്. അഴുക്കുമാറാന്‍ ചകിരിത്തൊപ്പയില്‍ പതപ്പിച്ച സോപ്പുമായി ഉരക്കുന്ന നേരത്ത് ”ആടെ മെല്ലെ ഒരച്ചാ മതീട്ടോ…”എന്തോ നീറണ്ണ്ട് എന്ന് പറയുന്ന സമയം, കേള്‍ക്കേണ്ട താമസം എന്ന പോലെ ഉരപ്പിന്റെ ശക്തി കൂടും. അപ്പോഴൊക്കെ കണ്ണുകളിറുക്കിയടച്ച് ഉമ്മയെ തന്നെ വിളിച്ച് കരയുന്ന നിമിഷങ്ങള്‍ ഇന്നലെയുടെ മാത്രം അവകാശമായി മാറിയിരിക്കുന്നു.
ഉമ്മിച്ചിയുടെ വീട് ഉള്‍ഗ്രാമമായത് കൊണ്ട് അമ്മായിമാര്‍ ഇടക്കൊക്കെ കാട്ടുവാസിയെന്നും വന്യജീവിയെന്നുമൊക്കെ വിളിക്കാറുണ്ടായിരുന്നു. അന്നേരം വേവലാതിയോടെ
”അ..യെന്തിനാ ഉമ്മീനെ അമ്മായൊക്കെ അങ്ങനെ വിളിക്ക്‌ന്നെ…”
എന്ന് ചോദിക്കുമ്പോള്‍ കണ്ണും ചിമ്മി ‘ഓരൊരു രസം’ ന്നും പറഞ്ഞ് പുഞ്ചിരിക്കുന്ന ഉമ്മിച്ചിയെ എനിക്ക് ജീവനാണ്.
”അപ്പപ്പാറ മുയ്മന്‍ കാടാ.. അബ്ട്ത്ത്‌ള്ളോരൊക്കെ എങ്ങനേ അ്ണ്ടാവാ…” എന്ന് ചോദിക്കുമ്പോള്‍ ഉമ്മിച്ചി വിശേഷം പറഞ്ഞ് തരും. പായാരം ചോദിച്ച് പുറകെ കൂടുന്ന നേരത്തൊക്കെ വീട്ടു വിശേഷങ്ങള്‍ പറഞ്ഞ് മനം കുളിര്‍പ്പിക്കാന്‍ ഉമ്മച്ചിക്ക് വലിയ താത്പര്യമാണെപ്പോഴും. അങ്ങനെയാണ് അപ്പപ്പാറ വിശേഷങ്ങള്‍ ഞങ്ങളറിയുന്നത്.
മാരിക്കാപ്പ് അതാണ് ഉമ്മന്റെ പൊരപ്പേര്. പൊരപ്പേരല്ല അപ്പപ്പാറയുടെ വടക്ക് നാല്് കിലോമീറ്റര്‍ പ്രദേശം തന്നെ മാരിക്കാപ്പാണ്. അതിനപ്പുറം കൊശവന്‍നട പിന്നെ അറുമുഖന്‍ ചോല, അപ്പപ്പാറ, അരണപ്പാറ അങ്ങനെ ഗ്രാമങ്ങള്‍ നീളുന്നു. ആര്‍ക്കും ഭൂമി വേണ്ടാത്ത കാലത്ത് താഴെ നാട്ടില്‍ നിന്നെത്തിയ ഉപ്പാപ്പ അളന്ന് പിടിച്ചതാണ് മാരിക്കാപ്പ്. അന്ന് കൊടും കാടായിരുന്നുത്രെ. പിന്നെ കുറച്ച് കൊശവരെയും കൂട്ടി വെട്ടിത്തെളിച്ച് ഒത്തനടുക്കൊരു ഇരുനില മാളികയും പണിതു. അതിര്‍ത്തി തിരിച്ച് ശീമക്കൊന്ന കുത്തിയ പറമ്പില്‍ പ്രധാനമായും പൂളയും വാഴയും ആയിരുന്നു കൃഷിയിറക്കിയത്. എങ്കിലും നോക്കിയാല്‍ നാലുപാടും പൂള മാത്രമേ കാണാനുണ്ടായുരുന്നുള്ളൂ. അത് കാരണമാണ് ഉപ്പാപ്പക്ക് പൂളാജിയെന്ന് പേര് കിട്ടിയത്. ആദ്യമായന്ന് ഉപ്പാപ്പയുടെ വട്ടപ്പേര് കേട്ടപ്പോള്‍ ഞാനും പെങ്ങളും പൊട്ടിച്ചിരിച്ചതായി ഓര്‍ക്കുന്നു.
സ്‌കൂളിന്റെ ബെഞ്ചിലിരുന്ന് വിശേഷ വര്‍ത്തമാനങ്ങള്‍ പറയുമ്പോള്‍ ഒരിക്കല്‍ ഉപ്പാപ്പയുടെ ഈ പേരും കൂട്ടുകാരോട് പറഞ്ഞു. പറഞ്ഞതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. എല്ലാവരും ചിരിയോട് ചിരി. അന്നേരത്താണ് കളത്തേടത്ത് നാരായണി ചേച്ചിയുടെ മകന്‍ വിജയന്‍ ചോദിച്ചത്.
”എടാ മയ്മതേ പൂള ശെരി.. അയിന്റെ കൂടെ ആജീന്ന് പരേണത് എന്താ…കൊശവര് ചേര്‍േത്ത്യതാ..ത്. ”
”എല്ല.. വിജയാ അത് അജ്ജ് ചെയ്താല്‍ പിന്നെ മുസ്ലിം പര്‍മാണിമാരെ പേരിന്റൂടെ ആജീന്നും കൂട്ടല്ണ്ട്.”
”തെന്നെ.. അപ്പൊ അന്റെ ഉപ്പാപ്പ ബല്ല്യ പര്‍മാണ്യേനോ…”
”പിന്നല്ലാതെ.! ഞാന്‍ ഗര്‍വ്വോടെ പറയുമായിരുന്നു.”
അതു മാത്രമാണ് അതിനെ കുറിച്ചെന്റെ അറിവ്. പിന്നെയൊരിക്കല്‍ ബല്യപെരുന്നാളിന്റെ ദിവസം സൂറമ്മായി പറഞ്ഞാണ് ഞാന്‍ അറിയുന്നത്.
ഇസ്ലാം കാര്യത്തില്‍ അഞ്ചാമത്തതാണ് ഹജ്ജ.് മുസ്ലിം സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമായ മക്കയിലെ പുണ്യ ഗേഹം കഅ്ബയെയും ചുറ്റിയുള്ള ആരാധനക്കായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും ഒരേ പോലെ വസ്ത്രം ധരിച്ച് ആളുകള്‍ എത്തുമത്രെ. വെളുത്തവരും കറുത്തവരും എല്ലാവരും ഒരു പോലെ. സഫാ മര്‍വ്വാ മലകള്‍ക്കിടയിലെ പ്രയാണവും പിശാചിന്റെ പ്രതീകമായ ജംറകളിലേക്ക് എറിയലും അറഫയില്‍ സംഘമിക്കലും കഴിഞ്ഞ് അവര്‍ മദീനയില്‍ പ്രവാചകന്റെ വിശ്രമ സ്ഥാനവും സന്ദര്‍ശിക്കും. ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന വിശ്വാസികള്‍ ഹാജിമാരും ഹജ്ജുമ്മമാരുമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അത് കേട്ടപ്പോള്‍ ഞാന്‍ കോലായിലെ ചുമരില്‍ ഒട്ടിച്ച് വെച്ച കഅബയുടെ ഫോട്ടോ പോയിനോക്കി. കറുത്ത നിറമുള്ള കഅബയെ ചുറ്റുന്ന വെള്ള വസ്ത്രമുടുത്ത വിശ്വാസികളില്‍ എന്റെ ഉപ്പാപ്പയും ഉണ്ടോ.. എന്ന് പക്ഷേ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്ങനെ കാണാനാണ് ഫോട്ടത്തില്‍ തന്നെ വലിയ തിരക്കാണ്. അതിലെവിടെയാണാവോ ഉപ്പാപ്പയുള്ളത്. ചുമരിലെ ചിത്രവും നോക്കി പലവുരു ഞാനാലോചിച്ചിട്ടുണ്ട്.
നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ നിന്നും ബസ്സ് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു. കുറച്ച് മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഗട്ടറില്‍ ചാടി വണ്ടിയാകെയൊന്ന് ഉലഞ്ഞു. ഡ്രൈവറുടെ അതേ സൈഡില്‍ പുറകിലായുള്ള മൂന്ന് സീറ്റുകളിലാണ് ഉപ്പിച്ചിയും ഉമ്മിയും ഞാനും പെങ്ങളും ഇരിക്കുന്നത്. കുഴിയില്‍ ചാടിയതിന്റെ ഊക്കില്‍ പാതി ഉറക്കില്‍ തലകുനിഞ്ഞിരിക്കുകയായിരുന്ന ഞാന്‍ വിന്‍ഡോയുടെ ഭാഗത്തെ കമ്പിയില്‍ ചെന്നിടിച്ചു. ”ന്റിമ്മേ…” അറിയാതെ നിലവിളിച്ച എന്റെ ശബ്ദം കൂടിപ്പോയെന്ന് തോന്നുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഇരിക്കുന്നവര്‍ ഞങ്ങളുടെ ഭാഗത്തേക്ക് നോക്കുന്നത് കണ്ടു. കമ്പിയില്‍ ഇടിച്ച് മുഴ പൊന്തിയ ഭാഗത്ത് ഉമ്മിച്ചി വെള്ളം കൂട്ടി തടവി തരുമ്പോള്‍ വേദനയുടെ ആധിക്യത്താല്‍ ഞാന്‍ കൈ തട്ടിമാറ്റാന്‍ ശ്രമിച്ചു. പക്ഷേ അത് വകവെക്കാതെ ബലം പിടിച്ച് ഉഴിഞ്ഞ് തരുന്ന ഉമ്മിച്ചി പറഞ്ഞു.
”എവിടെങ്കിലും ബെച്ച് കുത്ത്യാല്‍ ബേം ബെള്ളം കൂട്ടി ഉയ്യണം എല്ലെങ്കി മൊയച്ച് ബെരും.” ശരിയാണ്, ഒരിക്കല്‍ വീട്ടിലെ കോലായിലുള്ള തൂണില്‍ തലയിടിച്ചപ്പോള്‍ ഉപ്പുമ്മ ഉഴിഞ്ഞ് തന്നത് ഇതുപോലെ തന്നെയായിരുന്നു. കുറച്ച് നേരം വേദനയുണ്ടായിരുന്നെങ്കിലും വേഗം നോവ് മാറിയത് എനിക്കോര്‍മ്മ വന്നു.
കാഴ്ച കാണാനാണെങ്കിലും ‘കാറ്റ് കൊണ്ടില്ലെങ്കില്‍ ഇച്ച് ശര്‍ദ്ധി വരും’ എന്നും പറഞ്ഞ് സീറ്റിന്റെ മൂലയിലിരുന്നപ്പോള്‍ നിക്ക് അരൂലിര്ക്കണമെന്നും പറഞ്ഞ് ഷായിമോള്‍ ശാഠ്യം പിടിച്ചതാണ്. ഒടുവില്‍ മഞ്ഞ നിറമുള്ള തിളങ്ങുന്ന ഓറഞ്ച് വാങ്ങി കൊടുത്തപ്പോള്‍ ഉപ്പയുടെ മടിയിലേക്ക് കൊഞ്ചിയ അവള്‍ എനിക്ക് സീറ്റ് വിട്ടുതന്നു. ഇനിയെന്തായാലും ഉറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഉമ്മിച്ചിയോട് ചെദിച്ചു.
”എനീം കൊറേ പോണ്ട്യേരോ അപ്പപ്പാറക്ക്…”
”ആ ഞ്ഞീം കൊറേ പോവാണ്ട്. ഞ്ഞുറങ്ങിക്കോ…”
എന്ന് പറഞ്ഞപ്പോള്‍ ഈ കുണ്ടും കുയ്യും തുള്ളുന്ന ബസ്സില്‌ര്ന്ന് ഒറങ്ങാന്‍ കഴിയൂലെന്ന് പറഞ്ഞു. അപ്പോഴാണ് ഷായിമോള്‍ ഓറഞ്ച് തിന്നുന്നത് കണ്ടത്. എനിക്കും വേണമെന്ന അര്‍ത്ഥത്തില്‍ ഉമ്മിയുടെ കണ്ണിലേക്ക് നോക്കിയപ്പോള്‍ കവറില്‍ നിന്നും ഒന്നെനിക്കുമെടുത്തു തന്നു. അതു കണ്ടതോടെ ഷായിമോള്‍ ഒച്ച വെക്കാന്‍ തുടങ്ങി.
”നാരങ്ങ തുന്നാല്‍ ഓന് ശര്ദ്ദിക്കും…ഓനക്ക് കൊട്ക്കണ്ട…”
അത് ഞമ്മളെ ഇക്കാക്കെല്ലെ പാവല്ലെ, മോക്ക് വേറെ തരാം എന്നൊക്കെ പറഞ്ഞ് ഉമ്മി സോപ്പിട്ടപ്പോള്‍ അവള്‍ മിണ്ടാതിരുന്നു.
അതിനിടയില്‍ എന്നെ നോക്കിയ ഷായിയുടെ മുഖത്ത് നോക്കി ഞാന്‍ ചിരിച്ചു. ഭാഗ്യത്തിന് ഓളിപ്പോള്‍ നല്ല സ്വഭാവത്തിലാണ് അല്ലെങ്കില്‍ വാശിപിടിച്ച് തിന്നാനും തുപ്പാനും സമ്മതിക്കാതെ ഇടങ്ങേറിലാക്കുമായിരുന്നു. നല്ല നിറവും മണവുമുള്ള ഓറഞ്ചിന് മധുരം തീരെയില്ലായിരുന്നു. മാരിക്കാപ്പിലെ നാരങ്ങക്ക് തീരെ നിറമില്ലെങ്കിലും തേനിന്റെ മധുരമാണ്. പൂള കൃഷിക്ക് ശേഷം ഉപ്പാപ്പ പറമ്പിലാകെ പലവക വിത്തിറക്കി. കാപ്പിയും കുരുമുളകും പലതരം മാങ്ങകളും നാരങ്ങയും ചെറുനാരങ്ങയും തുടങ്ങി പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ മരുന്നുകളുമുണ്ടായിരുന്നു. ആരിവേപ്പ്, ആടലോടകം, ഷദാവരി, കറിവേപ്പ്, പൊതീന ഇതൊക്കെ അതിലുണ്ടായിരുന്നെന്ന് എനിക്കറിയാം. ഇപ്പോഴവിടെ അന്ന് നട്ട വലിയ മരങ്ങള്‍ക്ക് പുറമേ കാപ്പിച്ചെടികള്‍ മാത്രമേ തഴച്ച് വളരുന്നുള്ളൂ. ഉപ്പാപ്പ വിശ്രമ ജീവിതത്തിലായതില്‍ പിന്നെ അതാരും ശ്രദ്ധിക്കാതെ നശിച്ച് പോയതാണ്. ബാപ്പ കൃഷിയില്‍ വിജയിച്ചെങ്കിലും മക്കള്‍ക്ക് അതിലൊന്നും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. സ്വത്ത് നഷ്ടപ്പെടുമെന്ന പേടി കൊണ്ടാണ് ചിലപ്പോഴെങ്കിലും അവര്‍ തോട്ടത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത്.
പൂളാജിക്കും പാത്തുമ്മ ഉമ്മാക്കും പത്ത് മക്കളായിരുന്നു അഞ്ചാണും അഞ്ചു പെണ്ണും. ആണുങ്ങളൊക്കെ പല വഴിക്കും തിരിഞ്ഞപ്പോള്‍ പെണ്‍മക്കളായിരുന്നു തോട്ടത്തിലെ പണിക്ക് അങ്ങേര്‍ക്ക് കൂട്ടായത്. മുതിര്‍ന്നാല്‍ പിന്നെ വിളിച്ചാല്‍ കിട്ടാത്ത ആണ്‍മക്കള്‍ ഉപ്പാപ്പയുടെ മാത്രം അനുഭവമായിരുന്നില്ല. ചേകവന്‍ ചാമിക്കും ആറുക്കുട്ടി ആശാനും ഇങ്ങനെ ബുദ്ധിമുട്ടിയിട്ടുണ്ട്. പെണ്‍മക്കള്‍ കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ആറുക്കുട്ടി ആശാന്‍ മരിക്കുന്നത് വരെ പ്രതിസന്ധിയിലായിരുന്നില്ലെന്ന് മാത്രം. അതല്ല രസം ഈ പറഞ്ഞ അപ്പപ്പാറ വളവിലെ മൂന്ന് പ്രമാണിമാരുടേയും ആണ്‍മക്കള്‍ ഇങ്ങനെയായിരുന്നിടത്തോളം കാലം ഗുണം പിടിച്ചില്ലെന്നതാണ് സത്യം. ആയ കാലത്ത് പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ ധിക്കരിച്ച് നടക്കരുതെന്നതിനുള്ള തെളിഞ്ഞ അടയാളങ്ങളായിരുന്നു ഇവരുടെ കുടുംബം.
പൂളാജി എല്ലാ പെണ്‍കുട്ടികളേയും നേരമെത്തിയതനുസരിച്ച് കെട്ടിച്ചയച്ചു. പിന്നെ അദ്ദേഹത്തിനും കൃഷിക്കും കൂട്ടായത് കൂലിക്കാരായ കടമാന്‍ചിറ കോളനിയിലെ കൊശവന്മാരായിരുന്നു. അവരുടെ ജീവിതം പതിയെ പൂളാജിയുടെ പതിവിനനുസരിച്ചായി. രാവിലെ ആറു മണിക്ക് പറമ്പിലേക്കിറങ്ങും. ഓരോ വിളയുടേയും കാലത്തിനനുസരിച്ച് വളമിടീലും നനയും കളപറിക്കലും തടം കൂട്ടലുമൊക്കെയായി ദിവസവും തകൃതിയായ പണി തന്നെ. പൂളാജി ലീവാവുമ്പോഴോ അയ്യങ്കാവിലെ ഉത്സവത്തിന്റെ അന്നോ മാത്രമേ അതിന് മുടക്കുണ്ടായിരുന്നുള്ളൂ. തന്റെ കൃഷിക്കും നിഴലിനും കൂട്ടായി കൂടെ നിന്ന കൊശവന്മാരെ പൂളാജി വീട്ടിലെ എല്ലാ കാര്യങ്ങളിലും പരിഗണിച്ചിരുന്നു. കൊശവന്മാര്‍ക്കാണെങ്കില്‍ പൂളാജിയോട് അങ്ങേയറ്റത്തെ ബഹുമാനവും ഭവ്യതയുമൊക്കെയായിരുന്നു. പണിയുള്ള ദിവസങ്ങളില്‍ പത്തുമണി കഞ്ഞിയും ഉച്ചയൂണും വെള്ളവുമൊക്കെ കൊണ്ടുവരുന്ന ജോലിയാണ് പാത്തുമ്മ ഉമ്മാക്കും പേരക്കുട്ടികള്‍ക്കും. എന്നും അസ്തമയ സമയത്ത് പണിയൊക്കെ നിറുത്തി കടമാന്‍ തോട്ടിലേക്കിറങ്ങി കൈയ്യും കാലുമൊക്കെ കഴുകിയെന്ന് വരുത്തി പൂളാജിയും പണിക്കാരും മാരിക്കാപ്പ് തറവാട് മുറ്റത്തേക്ക് ഒരുമിച്ച് കൂടും. അവിടെ വെച്ച് ചായയും കടിയും, കൂടെ ആഴ്ചയിലൊരിക്കല്‍ അമ്പത് രൂപ കൂലിയും വരിവരിയായി വരുന്ന കൊശവന്മാര്‍ക്ക് വിതരണം ചെയ്യും. അതിനു ശേഷം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ഉപ്പാപ്പയെയാണ് കണ്ണടക്കുമ്പോഴൊക്കെ ഓര്‍മ്മ വരുന്നത്.
”ഉമ്മച്ചീ… ഞാനൊറങ്ങുന്നില്ല… ഈ മറയൊന്ന് പൊന്തിക്ക്.. എനക്ക് കായ്ച കാണാനാ”.
അന്തം വിട്ടുറങ്ങുന്ന ഷായിമോളുടെ മുഖത്തേക്ക് കാറ്റടിക്കേണ്ടെന്ന് കരുതി താഴ്ത്തിയ വിന്‍ഡോ ഷട്ടര്‍ ഉയര്‍ത്താനായി ഞാന്‍ കെഞ്ചി. ഉപ്പിച്ചി അതുയര്‍ത്തി തന്നു. ഇടയില്‍ ഉറങ്ങുകയായിരുന്ന ഷായിമോളുടെ മുഖത്തേക്ക് ഞാന്‍ നോക്കി.
ഷായിമോളെ കാണാന്‍ എന്തൊരു രസാ.. വെളുത്തൊരു കുട്ടി, കുഞ്ഞിമുഖവും കൃത്യതയുള്ള കണ്‍മഷി കണ്ണുകളും വെളുത്ത മൂക്കിന്റെ തുമ്പില്‍ ഒരിത്തിരി പിങ്ക് നിറവും, ചിരിക്കുമ്പോള്‍ പ്രത്യക്ഷമാകുന്ന നുണക്കുഴികളും തിളങ്ങുന്ന മുഖവും ഇമചിമ്മാതെ നോക്കി നിന്ന് പോകും. കരയുകയാണെങ്കില്‍ മ്ലാനമായ അവളുടെ മുഖത്തെ നിഷ്‌കളങ്കതയുടെ മുന്നില്‍ ആരും അലിഞ്ഞു പോവുകയും ചെയ്യും.
എന്നാലും എന്നെ കറുമ്പാ… എന്ന് വിളിക്കുമ്പോഴൊക്കെ ഞാന്‍ എളിയമത്തീ… അന്നെ കെട്ടാന്‍ ചെക്കന്‍ ബരൂല… ഈര്‍ക്കിലിക്കാലിന് പുയ്യാപ്ലനെ കിട്ടൂല. എന്നൊക്കെ പറഞ്ഞ് അരിശം കയറ്റും.
കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് പിടിച്ചു നില്‍ക്കുമെങ്കിലും പെട്ടെന്ന് കരയുകയാണ് ഷായിമോളുടെ അവസാനത്തെ അടവ്. പിന്നെയും കുറച്ചൂടെ കളിയാക്കുമെങ്കിലും സങ്കടം കൂട്ടുന്ന മുഖത്തോടെ ഏങ്ങലടിച്ച് കരയുന്നത് കാണുമ്പോള്‍ മനസ്സലിയുകയാണ് പതിവ്. പിന്നെ അതുമിതും പറഞ്ഞ് അനുനയിപ്പിച്ച് കൊണ്ടുവരാന്‍ വലിയ പാടാണ്. കുറെ നേരം സോപ്പാക്കി മുട്ടായി തരാം, തേങ്ങ തരാം എന്നൊക്കെ പറഞ്ഞ് ശരിയാക്കാന്‍ നോക്കുമ്പോഴായിരിക്കും ഉമ്മച്ചി എന്തെങ്കിലും പലഹാരവുമായി കടന്നു വരിക. അന്നേരം ഷായിമോള്‍ രംഗം മുതലെടുത്ത് കൊണ്ട് വാശി പിടിക്കും.
ഓനക്ക് കൊടുക്കണ്ടാ.. ഓന് കര്‍മ്പനാ.. ചീത്ത കുട്ടിയാ.. എന്ന എള്യമത്തീന്ന് ബിളിച്ച്.
അതും പറഞ്ഞ് ഉമ്മിയുടെ തോളിലേക്ക് കയറി പലഹാരം മുഴുവന്‍ കയ്യിലാക്കും. കുറെ നേരം കഴിഞ്ഞ് ദേഷ്യമൊക്കെ മാറുമ്പോള്‍ അവള്‍ തന്നെ പലഹാരം കൊണ്ടുതരും. അങ്ങനെ യോരോ വികൃതി സ്വഭാവം നിറഞ്ഞ കുഞ്ഞനിയത്തിയാണ് എന്റേത്. സ്വഭാവത്തിലും നിറത്തിലും ഞങ്ങളൊക്കില്ലെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ മറ്റയാള്‍ക്കും വലിയ വിഷാദമായിരിക്കും.
നല്ല സ്വഭാവത്തിലിരിക്കുന്ന നേരത്ത് കളിക്കുമ്പോള്‍ ഞമ്മക്ക് ഉമ്മന്റെ പൊരേല് പോണ്ടേ… അബടെ തോട്ണ്ട് നാരങ്ങണ്ട് മൈസൂറ് മാങ്ങണ്ട് എന്നൊക്കെ പറഞ്ഞ് കൊതിപ്പിക്കുമ്പോഴൊക്കെ എന്നാണങ്ങോട്ടൊന്ന് പോവാന്‍ കഴിയാന്നോര്‍ത്ത് വേവലാതിപ്പെടുമായിരുന്നു ഞാന്‍. ചെറുപ്പകാലത്ത് കള്ളനും പോലീസും കളിച്ചതും നീന്താന്‍ പോയതും ചിങ്ങത്തില്‍ ചിണുങ്ങിപ്പെയ്യുന്ന ചാറ്റലും കൊണ്ട് മാങ്ങ വീഴുന്നതും കാത്ത് മാവിനടിയില്‍ നിന്നതുമൊക്കെ മധുരിക്കുന്ന ഓര്‍മ്മകളായി മനസ്സിലൂടെ മിന്നി മറയാറുണ്ടായിരുന്നു. അല്ലെങ്കിലും പ്രകൃതിയുടെ കനിവിന് മുന്നില്‍ വ്യത്യസ്തമായ ഒരു മനുഷ്യനിര്‍മ്മിതിയും ജയിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്.
ഉപ്പിച്ചി വലിയ സ്വാഭിമാനിയായിരുന്നു. മാരിക്കാപ്പിലെ ഇളയ മരുമോനാണെങ്കിലും കാര്യങ്ങളുടെ നടത്തിപ്പിനും തീരുമാനങ്ങളെടുക്കുന്നതിനും പ്രത്യേക കാഴിവായിരുന്നു. കളിക്കുകയാണെങ്കില്‍ കുഞ്ഞോളം താഴ്ന്ന് കൊടുക്കുകയും കാര്യത്തിലാണെങ്കില്‍ മലയോളം ഉയര്‍ന്ന് കണിഷിക്കുകയും ചെയ്യുന്ന പ്രകൃതം മരിക്കാപ്പില്‍ മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. അത് കൊണ്ടായിരുന്നു മാരിക്കാപ്പില്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉപ്പിച്ചിയെ വിളിച്ചു വരുത്താന്‍ ഉപ്പാപ്പ പറയാറുള്ളത്. എല്ലാരോടും നല്ല പെരുമാറ്റത്തിലുള്ള ഉപ്പയെ പരിഗണിക്കുന്നതില്‍ മറ്റുള്ള മരുമക്കള്‍ക്ക് പ്രശ്‌നമില്ലായിരുന്നുവെങ്കിലും മാരിക്കാപ്പിലെ ആണ്‍തരികളായ അമ്മാവന്മാര്‍ക്ക് അത് തീരെ ബോധിക്കാറില്ലായിരുന്നു. കാരണം തോട്ടത്തിന്റെ കണക്കും കൃഷിയിലെ ഏറ്റക്കുറച്ചിലുകളും അളക്കാനും ഓരോ തവണയും വില്‍പനക്ക് വെക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കാനും ഇടക്കൊരു മറുനാട്ടുകാരന്‍ അതിര്‍ത്തി വെട്ടി വസ്തു കയ്യടക്കിയപ്പോള്‍ കാര്യം പറഞ്ഞ് ബോധിപ്പിച്ച് അതിര്‍ത്തി പുനസ്ഥാപിക്കാനുമൊക്കെ ഉപ്പാപ്പ പറഞ്ഞേല്‍പ്പിച്ചത് ഉപ്പിച്ചിയെയായിരുന്നു. ഇങ്ങനെ തുടങ്ങി ചിലപ്പോള്‍ കുറച്ച് നാളത്തേക്ക് ഉപ്പാപ്പ യാത്ര ചുമതലയേല്‍പ്പിക്കുന്നതൊന്നും അമ്മാവന്മാര്‍ക്കിഷ്ടമുണ്ടായിരുന്നില്ല. പണ്ടുമുതലേ തന്തയുടെ കൃഷിയിലും മറ്റും കൈ സഹായമൊന്നും ചെയ്യില്ലെങ്കിലും സ്വത്ത് നഷ്ടപ്പെടുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു.
തല മുതിര്‍ന്ന സന്തതികളായ ഞങ്ങളുള്ളപ്പോള്‍ ഇടക്ക് കയറി വന്ന ഇവനെന്തിനാ ഇതൊക്കെ ചെയ്യേണ്ട ആവശ്യമെന്ന് പറയാതെ പറയുകയും കുശുകുശുക്കുകയും അവരുടെ പതിവായിരുന്നു. ഉപ്പി കാര്യങ്ങള്‍ വൃത്തിക്ക് പൂര്‍ത്തീകരിക്കുകയും ഉപ്പാപ്പയുടെ പ്രശംസ പറ്റുകയും ചെയ്യുമ്പോള്‍ തിളച്ച് മറിയുന്ന കുയിന്ത് കൊണ്ട് അവര്‍ അസ്വസ്ഥപ്പെടുമായിരുന്നു. അങ്ങനെയൊരിക്കല്‍ കച്ചവടച്ചുമതല ഉപ്പിച്ചിയെ ഏല്‍പ്പിച്ച് ഉപ്പാപ്പ എങ്ങോട്ടോ പോയപ്പോള്‍ അമ്മാവന്മാരെല്ലാം ചേര്‍ന്ന് ഗൂഢാലോചന നടത്തി.
കച്ചവട ദിവസം ഉപ്പിച്ചിയെ കിടപ്പറയില്‍ പൂട്ടിയിട്ട് അവര്‍ ചരക്കുകളുമായി ചന്തയില്‍ പോയി. മുറിയില്‍ നിന്നിറങ്ങാന്‍ കഴിയാതെ വന്ന ഉപ്പിച്ചിക്ക് കാര്യം മനസ്സിലായപ്പോള്‍ വിറളി പൂണ്ടു. അയിറ്റങ്ങളെ ചെകപ്പ് ഞാനിന്ന് ഊറ്റികൊടുക്കുമെന്നും പറഞ്ഞ് മുറിയുടെ വാതിലില്‍ ശക്തിയായി ഇടിക്കുകയും കൊട്ടുകയും ചെയ്തു. ആരുമറിയാതെ ഉമ്മാമ്മ കൈവശം വെച്ചിരുന്ന ബദല്‍ ചാവി കൊണ്ട് മുറി തുറന്നപ്പോള്‍ കലി മൂത്ത ചീറ്റയെ പോലെ തിളങ്ങുന്ന കണ്ണുമായി ഉപ്പി പുറത്തിറങ്ങി. ഒരിറ്റ് വെള്ളം പോലും കുടിക്കാതെ ചന്തയിലേക്കോടിയ ഉപ്പിച്ചി ചിലതൊക്കെ മനസ്സിലുറപ്പിച്ചിരുന്നു. തകൃതിയായ കച്ചവടത്തിനിടയില്‍ ഉപ്പിയുടെ വരവ് കണ്ട അമ്മാവന്മാര്‍ ആകെ അങ്കലാപ്പിലായി. ഇളയ രണ്ടു പേരും പേടിച്ച് മുങ്ങിയത് പെട്ടെന്നാണ്. ശേഷിച്ച രണ്ടാള്‍ക്കും നല്ലണം കേട്ടതും ഊക്കുള്ളത് കിട്ടിയതും അങ്ങാടി ജനം മുഴുവന്‍ കണ്ടു. കച്ചവട സാമാനങ്ങളും പണപ്പെട്ടിയുമെടുത്ത് തിരിഞ്ഞു നടന്ന സ്വന്തം അളിയന്റെ ചെയ്തികള്‍ അവരുടെ അഭിമാനത്തെ തച്ചുടക്കുന്നതായിരുന്നു.
ഈ സംഭവം കാരണമായി അമ്മാവന്മാര്‍ക്ക് ഉപ്പിച്ചിയോട് അടങ്ങാത്ത ദേഷ്യവും പകയുമുണ്ടായി. അതിന് ശേഷം പലപ്പോഴും കാര്യമൊന്നുമില്ലാതെ സ്വന്തം പെങ്ങളെ പോലും അവര്‍ വേദനിപ്പിക്കാന്‍ തുടങ്ങി. കാരണത്തിനും അകാരണത്തിനും പുറത്ത് ആക്ഷേപിക്കുന്നതിനും ഇല്ലാ വാര്‍ത്തകള്‍ പറഞ്ഞ് നാറ്റിക്കാനും മുതിരുമ്പോള്‍ പകമൂത്ത അവര്‍ക്ക് സ്വന്തബന്ധങ്ങള്‍ മറന്ന അവസ്ഥയായിരുന്നു.
അന്നവിടുന്ന് ഞങ്ങളെയും കൂട്ടി ഇറങ്ങിയതാണ് ഉപ്പിച്ചി. അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാനും ഷായിമോളും സ്‌കൂളില്‍ പോവാന്‍ തുടങ്ങയിട്ട് ഒരുപാടായി. ഞാന്‍ ആറും അവള്‍ മൂന്നും ക്ലാസുകള്‍ കയറിയിരുന്നു.പക്ഷേ അതിനിടയില്‍ ഒരു വട്ടം പോലും മരിക്കാപ്പിലേക്ക് പോവുകയുണ്ടായില്ല. ഉമ്മിച്ചി സമ്മതം ചോദിക്കുമ്പോഴൊക്കെ കനപ്പിച്ച് നോക്കുന്ന ഉപ്പിച്ചി അതിനെ കുറിച്ചൊന്നും മിണ്ടില്ലായിരുന്നു. പകരം വേറെയെങ്ങോട്ടേലും പൊയ്‌കൊള്ളാന്‍ ചോദിക്കാതെ തന്നെ സമ്മതം തരുകയും ചെയ്യും.ഈയിടെ ഒരിക്കല്‍ ഉപ്പാപ്പ ഉപ്പിയെ തേടി വീട്ടിലേക്ക് വന്നു. കഴിഞ്ഞകാലത്ത് മക്കള്‍ ചെയ്ത ദ്രോഹത്തിന് ക്ഷമാപണം നടത്താനായിരുന്നു അത്. അന്ന് ഉപ്പാപ്പയെ കെട്ടിപ്പിടിച്ച് ഉപ്പിച്ചി കരഞ്ഞപ്പോള്‍ ഉമ്മിയുടെ കണ്ണില്‍ നിന്നും തുള്ളികള്‍ ഉതിരുന്നത് ഞാന്‍ കണ്ടു. അന്ന് ഉപ്പാപ്പ പറഞ്ഞതാണ്..
ഞ്ഞി ന്റെ മക്കളെ കാണ്വാന്‍ ഈടേക്ക് ബെരാന്‍ളള ആഫിയത്തൊന്നും ഇന്ക്കില്ല.. അയ്‌നിനി കയ്യേല വയസ്സായീലേ… ഞ്ഞി ങ്ങള് പള്ളിക്കുടം പൂട്ടുമ്പോ അങ്ങട്ട് ബെരണം ഉമ്മാമ്മ ഇങ്ങളെ കാണായിട്ട് പൂതി കൂട്ട്ണ് ണ്ടാടെ…
കഴിഞ്ഞാഴ്ചയായിരുന്നു സ്‌കൂളിന് വെക്കേഷന്‍ തുടങ്ങിയത്. അന്ന് മുതല്‍ ഉമ്മിക്ക് വലിയ സന്തോഷവും ഉന്മേഷവുമൊക്കെയാണ്. ഇനി ഏതാനും നേരത്തിനപ്പുറം വര്‍ഷങ്ങളുടെ ഇടവേളക്ക് വിരാമമണയുകയാണ്. ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ്
ണീച്ചോട്ടോ … ഞമ്മക്കെറങ്ങാനായി.. എന്ന് ഉമ്മി പറയുന്നത്. നീണ്ട യാത്രക്കിടയിലും സ്വന്തം നാടണയുന്നത് കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നല്ലോ ഉമ്മിച്ചിയെന്ന് ഞാനോര്‍ത്തു.
പതിയെപ്പതിയെ കുലുങ്ങിയും തുള്ളിയും നീങ്ങുകയായിരുന്ന ബസ്സ് വഴിയരികിലേക്ക് വലിയ ശബ്ദത്തോടെ നിന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടന്നു. അപ്പപ്പാറ വളവ് പഴയത് പോലെ തന്നെ യാതൊരു മാറ്റവുമില്ല. വളവിനപ്പുറം ചെമ്മണ്‍ കയറ്റം നടന്നു കയറുമ്പോള്‍ വീഴാതെ ശ്രദ്ധിക്കണമെന്ന് ഉപ്പിച്ചി പറഞ്ഞു. കയറ്റം കഴിഞ്ഞ് കിടങ്ങുപാലവും കടന്ന് മാരിക്കാപ്പിലേക്കുള്ള മണ്‍പാതയിലേക്ക് പ്രവേശിച്ചു. കുത്തനെ നില്‍ക്കുന്ന സില്‍വര്‍ മരങ്ങള്‍ക്ക് വയസ്സുകൂടിയതിന്റെ മാറ്റം കാണാനുണ്ട്. ഇടക്കിടക്ക് ചിലത് ഉണങ്ങിയിട്ടുമുണ്ട്. രണ്ട് വശവും കാറ്റാടി മരം നിറഞ്ഞ വഴി കഴിയുന്നതോടെ ഇരുഭാഗത്തും വയല്‍ തുടങ്ങുകയായി. വേനല്‍ തുടങ്ങിയതിനാല്‍ പാടത്തൊക്കെ ഞാക്കുറ്റി കണ്ടു തുടങ്ങിയിട്ടുണ്ട്. അത് കണ്ടപ്പോള്‍ വിളവെടുപ്പിന്റെ തിരക്കൊഴിഞ്ഞെന്ന് മനസ്സിലായി.
മൂന്നുകണ്ടം വീതിയുള്ള പാടം നടവരമ്പിലൂടെ മുറിച്ചുകടന്ന് കടമാന്‍തോടിന്റെ വെള്ളം കുറഞ്ഞ ഭാഗത്തൂടെയാണ് മാരിക്കാപ്പിലേക്കുള്ള പാത നീളുന്നത്. അല്‍പം മാത്രം വീതിയുള്ള തോട് മുറിച്ചു കടക്കുന്നതിനിടയില്‍ വെള്ളത്തില്‍ ചവിട്ടിയപ്പോള്‍ കൊത്തിപ്പറിക്കാന്‍ വേണ്ടി കറുത്ത പരലുകള്‍ ചുറ്റും കൂടി. തോടിന്റെ ഇടത്തേ അറ്റത്ത് കടമാന്‍ചിറയിലെ പായല്‍വെള്ളം വ്യക്തമായി കാണാം. തോടിന്റെയും ചിറയുടെയും അരികുപറ്റി കുറെ കുടിലുകളും. ഉപ്പാപ്പയുടെ പണിക്കാരായിരുന്ന കൊശവന്മാരുടെ കുടിലുകളാണത്. തോട്ടില്‍ നിന്നും കയറുമ്പോള്‍ അവസാനമായി ചിറയുടെ അരികിലെ കുടിലുകളിലൊന്നില്‍ കറുത്തൊരു ആള്‍രൂപം ഇരിക്കുന്നത് കണ്ടു. എവിടെയോ കണ്ട് മറന്ന പോലെ; പരിചിതമായ മുഖം. അത് ചിരുതന്‍ കൊശവനാണ്.
ഓര്‍മ്മ പിന്നെയും പുറകോട്ട് തന്നെ. പണ്ടൊരിക്കല്‍ ഉപ്പാപ്പയും ഞങ്ങള്‍ പേരമക്കളും കൂടി ചായയും കനവും വിതരണം ചെയ്യുന്ന ദിവങ്ങളിലൊന്ന്… എല്ലാ മക്കളും തിരക്കിട്ട് വിതരണ ജോലിയിലാണ്. അതിനിടയില്‍ ഞാന്‍ മാത്രം മുറ്റത്ത് കിടക്കുകയായിരുന്ന വലിയൊരു ഉരുളന്‍ കല്ല് പൊന്തിക്കാന്‍ നോക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അതൊന്ന് കയ്യിലാക്കാന്‍ എനിക്ക് സാധിക്കുന്നില്ല. കൊശവന്മാര്‍ ഓരോരുത്തരായി കിട്ടിയ ചായയും കനവുമായി ഞാന്‍ കളിക്കുന്നതിനിടയിലൂടെ നടന്ന് ഇരിപ്പിടം പിടിച്ചു കൊണ്ടിരുന്നു. പറമ്പില്‍ പണിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വൈകുന്നേരം കളിക്കാന്‍ അനുവാദമില്ലായിരുന്നു. പക്ഷേ അന്ന് ഞാനാ കാര്യം പാടേ മറന്നു പോയി. ചുറ്റുപാടും നടക്കുന്നതിലേക്കൊന്നും ശ്രദ്ധിക്കാതെ കല്ലിന്റെ മേലുള്ള ബദ്ധപ്പെട്ട ശ്രമത്തില്‍ മുഴുകിയിരിക്കുകയായിരുന്ന ഞാന്‍. എത്ര ശക്തി പ്രയോഗിച്ചിട്ടും പലതവണ കഷ്ടപ്പെട്ടിട്ടും ആ കല്ല് പൊക്കാന്‍ കഴിയാതെയായപ്പോള്‍ എനിക്ക് വാശിയായി. അങ്ങനെ പലവുരു പൊക്കിയപ്പോള്‍ കയ്യില്‍ നിന്നു വീണ കല്ല് അവസാനം എനിക്ക് കീഴടങ്ങുക തന്നെ ചെയ്തു. കല്ല് കൈക്കുള്ളിലാക്കി മെല്ലെയെഴുന്നേറ്റ ഞാന്‍ വിജയശ്രീലാളിതനായി ചുറ്റും നോക്കി. അപ്പോഴാണ് ദേഷ്യം കനപ്പിച്ച മുഖത്തോടെ ഉപ്പാപ്പ നോക്കുന്നത് കണ്ടത്. അതോടെ കയ്യില്‍ നിന്നും ഉരുളന്‍ കല്ല് പൊടുന്നനെ ഊര്‍ന്നു വീണു. കഷ്ടകാലം വീണതാകട്ടെ ചിരുതന്‍ കൊശവന്റെ കറുത്തകാലിലും… ‘ഹൗ മ്മേ…’ എന്ന നിലവിളിച്ച കൊശവന്റെ ശബദം കേട്ട് ഉപ്പാപ്പ എന്റെ നേരെ പാഞ്ഞടുത്തു അടിക്കാനായി കയ്യോങ്ങി. അപ്പോഴേക്കും ചിരുതല്‍ തന്നെ ഇടപ്പെട്ട് ഉപ്പാപ്പയെ തടഞ്ഞത് കൊണ്ട് അടി കിട്ടാതെ രക്ഷപെട്ടു. ”പുള്ളയല്ലയ്യേ സാരേല്ലേന്ന്…” അയാള്‍ പറഞ്ഞത് മായാതെ മനസ്സിലിന്നും ഓര്‍മ്മയുണ്ട്. പേടിച്ച് വിരണ്ടു പോയ എന്നെ ചിരുതന്‍ തന്നെയാണ് സമാധാനിപ്പിച്ചതും.
തോടും കഴിഞ്ഞ് വിശാലമായ മാരിക്കാപ്പ് പറമ്പിലേക്ക് കടന്ന ഞങ്ങള്‍ ഇടവഴിയിലൂടെ നടക്കുമ്പോള്‍ ചവിട്ടേറ്റ കരിയിലകളിളകുന്നുണ്ടായിരുന്നു. ഇടവഴിയുടെ ഇരുഭാഗവും വലകൊണ്ട് വേലി കെട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ചേരയും പാമ്പുമൊക്കെ കുടുങ്ങാറുള്ള വല അവിടെയിവിടെയായി കീറിയിട്ടുണ്ട്. പറമ്പില്‍ തുരുതുരെ കാപ്പിച്ചെടികളും ഇടക്കിടെ നാരങ്ങ മരങ്ങളും കാണാന്നുണ്ടായിരുന്നു. പച്ച നിറമാണെങ്കിലും തിളങ്ങുന്ന തൊലിയുള്ള ഓറഞ്ച് പറിക്കണമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു.
മാരിക്കാപ്പ് തറവാടിന്റെ മുറ്റത്ത് ഞങ്ങളെയും കാത്ത് നില്‍ക്കുന്ന ഉമ്മാമ്മയെയും അമ്മായിമാരെയും ദൂരെ നിന്നും ഞാന്‍ കണ്ടു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടങ്കണത്തിലേക്ക് ഞങ്ങള്‍ നടന്നെത്തിയപ്പോള്‍ ഉമ്മാമ്മയും അമ്മായിമാരും ഞങ്ങളെ പൊതിഞ്ഞു കൈ പിടിക്കാനും മുത്തം തരാനും വിശേഷം ചോദിക്കാനും തുടങ്ങി. അമ്മാവന്മാര്‍ ഓരോരുത്തരായി ഉപ്പിച്ചിയെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷവും സങ്കടവും ഒരുമിച്ചെത്തി. ഓരോരുത്തരും കണ്ണീര്‍ തുടക്കുന്നത് ഞാനും ഷായിമോളും ആശ്ചര്യത്തോടെ നോക്കി നിന്നു.
ഉപ്പാപ്പ അകത്ത് കിടക്കുകയായിരുന്നു. ഞങ്ങളെ കണ്ട സന്തോഷത്താല്‍ ആരോഗ്യം നന്നേ ക്ഷയിച്ച ആ വൃദ്ധന്‍ എഴുന്നേറ്റിരുന്നു. നിഷ്‌കളങ്കമായി ചിരിച്ചു. ഇപ്പോള്‍ ഉപ്പായുടെ ആണ്‍മക്കളാണ് മാരിക്കാപ്പ് നോക്കി നടത്തുന്നത്. ഓരോരുത്തര്‍ക്കും ഓരോ ചുമതലകള്‍. എല്ലാ ഉഷാറായി മുന്നോട്ട് പോകുന്നു. എല്ലാവര്‍ക്കും സന്തോഷം. കാലങ്ങള്‍ക്ക് ശേഷം മരിക്കാപ്പ് തറവാട്ടിലെ പത്ത്മക്കളും മരുമക്കളും പേരമക്കളും ഒരുമിച്ച് കൂടിയിരിക്കുന്നു. ഇരുപത്തെട്ട് കുട്ടികള്‍ ഓടിക്കളിക്കുന്ന തറവാട് മുറ്റമാകെ ബഹളം തന്നെ. ഓരോ ദിവസവും എല്ലാവരും ആഘോഷിക്കുകയാണ്.
അങ്ങനെ ആ ദിവസം വന്നെത്തി. മാരിക്കാപ്പിലെ കൊയ്ത്ത് എക്കലിടുന്ന ദിവസം. രാവിലെ തന്നെ മലയോളം കറ്റയുമായി ട്രാക്ടറുകള്‍ പുറകെ പുറകെയെത്തി. ഓരോന്നായി കറ്റ ചെരിഞ്ഞ് എക്കല്‍ മെതിക്കാന്‍ തുടങ്ങി. ഞങ്ങള്‍ എക്കലിനിടയിലൂടെ ഓടിക്കളിച്ചും കറ്റയില്‍ കുത്തിമറിഞ്ഞും ആസ്വാദനം കണ്ടെത്തി. ശരീരത്തിലേക്കും കുപ്പായങ്ങളിലേക്കും പുതുനെല്ലിന്റെ മണവും എക്കലിന്റെ പൊടിയും പൊതിഞ്ഞു കൊണ്ടിരുന്നു. ആഘോഷ തിമിര്‍പ്പിനിടയില്‍ കറ്റയുടെ അരിക് തട്ടി മുറിഞ്ഞ കാലിന്റെ നീറ്റല്‍ ശ്രദ്ധിച്ചതേയില്ല. വൈകുന്നേരം ഉമ്മച്ചി കുളിപ്പിക്കുമ്പോഴാണ് വെള്ളം തട്ടിയ മുറിവില്‍ നിന്നും വിങ്ങുന്ന വേദന അറിഞ്ഞത്. ആ നോവിന് തിരിച്ചു കിട്ടിയ കുട്ടുകുടുംബ സ്‌നേഹത്തിന്റെ സുഖമുണ്ടായിരുന്നു.