കഥയുടെ ശബ്ദാവിഷ്കാരം കേൾക്കാ:
തൊണ്ണൂറ്റി നാലിലെ ഒരു മെയ്മാസ പ്രഭാതം..
ഹക്കീമിനിത് പുതിയ തുടക്കമാണ്.
പുതിയ പുലരി,അന്തരീക്ഷം,ആളുകൾ
അങ്ങനെ തുടങ്ങി എല്ലാം പുതുമയുള്ളതാണ്.
ഇന്ന് രാവിലെയാണവൻ യു.എ.ഇയിലെത്തുന്നത്.
പറഞ്ഞ പോലെ തന്നെ ഹംസക്കയുണ്ടായിരുന്നു എയർപോർട്ടിൽ.
കാറിൽ കയറി ഇക്കയോടൊപ്പം റൂമിലേക്ക് പോകുമ്പോൾ അവൻ
കൗതുകപൂർവ്വം എല്ലായിടവും നോക്കിക്കാണുകയായിരുന്നു.
മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിൽ വിമാനം കയറിയതാണവൻ.
നാട്ടിൽ നിന്നും പുറത്ത് പോയി ജോലി ചെയ്യണമെന്ന
ചെറുപ്പം മുതലുള്ള മോഹവും കൂടിയാണ് ഇപ്പോൾ പൂവണിയുന്നത്.
.
.
ഹംസക്കയും അവരുടെ വാപ്പ ഹാജിയാരുമൊക്കെ ഗമയിൽ നടന്ന്
പോകുന്നത് ഒരുപാട് തവണ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.
പത്രാസ്സുകാരനാവണമെങ്കിൽ ഗൾഫുകാരാനായാൽ മതിയെന്ന് അന്ന് മനസിലാക്കിയതാണ്.
നീളൻ കാലൻ കുടയും കുത്തി
വെറ്റില മുറുക്കി തുപ്പി ഹാജിയാര് അരികിലൂടെ നടന്നാ തന്നെ അത്തറിന്റെ വാസന പരക്കും.
ഹാജിയാർ ഗൗരവക്കാരനാണെങ്കിലും ഹംസക്ക, ഹാജിയാരുടെ ഒറ്റ മോനാണെന്ന ഒരു ഹുങ്കുമില്ലാതെയാണ്
എന്നോട് പെരുമാറൽ..
കഴിഞ്ഞ മാസം ലീവിന് വന്നപ്പോഴാണ് ഹംസക്കനോട് ഞാൻ പത്താം ക്ലാസ് പാസായ വിവരം വാപ്പ പറഞ്ഞത്.
“ആഹാ.. മിടുക്കനാണല്ലോ..”
എന്റെ തോളിൽ തട്ടി അവരത് പറയുമ്പോ കിരീടം കിട്ടിയ പ്രതീതിയായിരുന്നു.
“ഓന്ക് അന്റെ കൂടെ ദുബായീക്ക് പോരാൻ നല്ല മോഹണ്ട്.
ഞ്ഞിപ്പോ അയ്ന്ന്തേലും ചെയ്യാൻ പറ്റോ ഹംസോ..”
വാപ്പയാണ് തുടക്കം വെച്ചത്
“ഇബടെത്തെ മാതിരി പന്തൾച്ച് നടന്ന് മൂന്ത്യാവുമ്പോ മീറ്റിംഗ് ന്ന് പറഞ്ഞു
മണ്ടാൻ പറ്റൂലാന്ന് പറഞ്ഞു കൊടുത്തില്ലേ അവ്റാനെ..
പണിട്ക്കേണ്ടി വരും..”
ഹാജിയാർ ചാരുകസേരയിൽ ഇരുന്ന് ഒരു കുറ്റി ബീഡി ആഞ്ഞ് വലിച്ച് വാപ്പാക്ക് താക്കീത് കൊടുത്തു..
“അനക്ക് പോര്നോ..?”
ഹംസക്ക എന്റെ താഴ്ന്ന തല ഉയർത്തി കൊണ്ട് ചോദിച്ചപ്പോൾ..
“ഹാ.. ന്നേം കൊണ്ടോവോ..?”
എന്ന് തിരിച്ചും ചോദിച്ചു.
.
.
അവിടെന്നങ്ങോട്ട് ഓട്ട പാച്ചിലായിരുന്നു.
കണ്മഷി കൊണ്ട് മീശ വരച്ചും
വയസ്സ് കൂട്ടി പറഞ്ഞും ഒരു വിധം പാസ്സ്പോർട്ട് തയ്യാറാക്കിയെടുത്തു.
ടിക്കറ്റിന് പൈസ തികയാതെ വന്നു.ഹംസക്ക കയ്യിൽ നിന്നും എടുത്ത് കൊടുത്തത് കണ്ടപ്പോ
വാപ്പ കണ്ണ് നിറച്ച് അവരെ നോക്കി.അവര് ഉള്ള് നിറച്ച് വാപ്പാനെ ചേർത്ത് പിടിക്കുകയും ചെയ്തു.
.
.
എന്ത് കൊണ്ടോ വാപ്പാനെ ഓർത്തപ്പോ ഹകീമിന്റെ ഉള്ള് നൊന്തു.
ആദ്യത്തെ കൂട്ട് വാപ്പയാണ്.
തെറ്റ് കണ്ടാൽ ശകാരിക്കാനും കളിപറഞ്ഞ് സന്തോഷിക്കാനും ജീവിതത്തിൽ കൂടെ
നിൽക്കാൻ ഒരാളുണ്ടെങ്കിൽ അതൊരു വലിയ ഭാഗ്യാണ് തെന്നെയാണ്.
.
.
“യ്യ് ന്താടാ പൊറത്ത് നിന്നെ..”
ഹംസക്ക റൂമിൽ നിന്നും വന്ന് പുറത്ത് ബാൽക്കണി റെയിലിൽ പിടിച്ചു മാനം നോക്കി
നിൽക്കുന്ന ഹക്കീമിനെ ഓർമ്മകളിൽ നിന്നും തട്ടി വിളിച്ചു.
“ഹേയ് ഒന്നൂല്ല..
ഞാൻ ഇവ്ടെയൊക്കെ കാണായ്രുന്നു..”
“കാണുമ്പോ കണ്ണീന്ന് വെള്ളം വെരോ..?”
“ഹ..ത്..
പ്പാനെ ഓ..ർത്തപ്പോൾ..”
ചമ്മൽ മാറ്റി വെച്ച് കണ്ണ് തുടച്ച് മൂക്ക് വലിക്കുന്ന ഹക്കീമിനെ നോക്കി ഹംസക്ക ചിരിച്ചു.
“അത് പറയാനാ ഞാൻ പ്പൊ ങ്ങോട്ട് വന്നത്.
ഇവിടെ എത്തിയ വിവരം പറഞ്ഞു കൊണ്ട്
ഒരു കത്ത് എഴുതി വെക്ക് ട്ടാ..
ഞാൻ പണിക്ക് പോവുമ്പോ പോസ്റ്റ് ചെയ്തോണ്ട്…”
ഹംസക്ക അതും പറഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ ഹകീമിന്റെ ഉള്ളിൽ
സന്തോഷം കൊണ്ടൊരു പൂത്തിരി കത്തി.
ഉപ്പയോട് സംസാരിക്കാൻ അത്രമേൽ കൊതിയാവുന്നുണ്ടായിരുന്നു.
കത്തെന്നാൽ സംസാരമാണ്.
കത്ത് വായിക്കുക എന്നാൽ കേട്ടിരിക്കലും..
പുതിയ അനുഭവമാണ് ഹകീമിനും ഈ കത്തെഴുത്ത്.
എന്ത് പറഞ്ഞു തുടങ്ങണമെന്നോ എന്തൊക്കെ ചോദിക്കണമെന്നോ അറിയാത്ത പോലെ…
“അസ്സലാമു അലൈക്കും..
പ്രിയപ്പെട്ട വാപ്പാ… ”
ഓരോ വരി എഴുതുമ്പോഴും ഓർമ്മകളുടെ വേലിയേറ്റത്തിൽ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.
.
.
ഹകീമിന്റെ ജനനത്തോടെ അവന്റുമ്മയുടെ മരണം സംഭവിച്ചു.
എളാമയും വാപ്പയും ചേർന്ന് ഒത്തിരി ബുദ്ധിമുട്ടിയാണവനെ വളർത്തി വലുതാക്കിയത്.
ആദ്യ അധ്യാപകൻ, കൂട്ടുകാരൻ എല്ലാത്തിനുമപരി തന്റെ
എല്ലാ കുസൃതികളും കേട്ടിരിക്കുന്ന കൂട്ടാണ് വാപ്പ.
മഗ്‌രിബ്ന് പള്ളീൽ പോവുമ്പോ തന്നെ പറയും..
“ജമാഅത്ത് കെയ്ഞ്ഞ പാട് നീച്ച് മണ്ടണ്ട.. മ്മാക്കൊരു യാസീൻ ഒതിക്കോണ്ടി..
ഇഷാക്ക് ജമാഅത്ത്ന് പള്ളീക്ക് എത്തണം..”
എന്നും കേൾക്കുന്നതാണെങ്കിലും അവനാ നസ്വീഹത്ത് മടുപ്പില്ലാതെ സ്വീകരിക്കും.
ചില ദിവസങ്ങളിൽ ഇഷാ ജമാഅത്ത് നഷ്ടമാവും..
“ന്തേയ്.. ങ്ങള് എസ്സെ.സ്സെ.ഫേർക്ക് ജമാഅത്ത് സുന്നത്തില്യേ..”
“അത് പ്പാ കൊർച്ച് പോസ്റ്റർ ഒട്ടിക്കാൻ ണ്ടേയ്ന്…”
തല മാന്തി മാന്തി ഓനത് പറയുമ്പോ
“ഹ്മ്മ്.. നോക്കി നടന്നാ അനക്ക് നന്ന്..”
എന്നായിരിക്കും മറുപടി.
ഓർമ്മകൾ തികട്ടി വന്നപ്പോൾ എഴുത്ത് നിർത്തി ഹക്കീം വുളൂ എടുത്ത് രണ്ടു റക്അത്ത് ളുഹാ നിസ്കരിച്ചു.
വാപ്പാന്റെ ആരോഗ്യവും ആയുസ്സും..
ഉമ്മാന്റെ ഖബർ വിശാലതയും എളാമാന്റെ സൗഖ്യവും തേടിയതിന് ശേഷം
ഈ നാട്ടിലൊരു ഖൈറായ ജോലി ലഭിക്കാൻ വേണ്ടിയും നാഥന്റെ മുമ്പിൽ കരമുയർത്തി.
ദിവസങ്ങൾ കടന്ന് പോയി.
ഇന്നേക്ക് ഒരാഴ്ചയായി ഹകീം വന്നിട്ട്.
രണ്ടു ഫാം ഹൗസുകളിൽ ചെന്ന് അറബികളോട് സംസാരിച്ചിട്ടുണ്ട്.
ജോലിയുണ്ടെങ്കിൽ വിളിക്കാം എന്നാണ് പറഞ്ഞത്.
കത്ത് നാട്ടിലേക്ക് അയച്ചെങ്കിലും മറുപടിയൊന്നും വന്നിട്ടില്ല.
സമയമെടുക്കുമെന്ന് ഹംസക്ക പറഞ്ഞിരുന്നു എങ്കിലും മിഴികൾ അറിയാതെ കത്തോഫീസിന് മുന്നിൽ കാത്തിരിക്കും.
ഇന്ന് റൂമിലേക്ക് ഒരാള് കൂടെ വന്നിട്ടുണ്ട്.
ഹംസക്കയുടെ കൂട്ടുകാരൻ റസാഖ്.
മിതമായി മാത്രം സംസാരിക്കുന്ന അയാൾ അരീക്കോട്കാരനാണ്.
ബെഡും വിരിയും ഒതുക്കിയിട്ട് റൂം തൂത്ത് ഹകീം കുളിച്ച് വൃത്തിയായി.
ബാൽക്കണിയിൽ ഇരുന്ന് പുസ്തകം വായിക്കുമ്പോഴാണ് ഹംസക്ക വിളിച്ചത്..
“വായോ.. ചായ കുടിക്കാം..”
അരീക്കോടിൽ നിന്നും കൊണ്ടുവന്ന പത്തിരിയുടെയും ബീഫിന്റെയും രുചിമണം റൂമിലാകെ പരന്നിട്ടുണ്ട്.
ഒരാഴ്ചത്തോളം ഖുബ്ബൂസും പരിപ്പ് കറിയും കഴിച്ചത് കൊണ്ടാണോ എന്നറിയില്ല..,
ഹകീമിന്റെ വായിൽ കൊതിയുടെ വെള്ളമൂറി.
താഴെ തറയിൽ ചമ്രം പടിഞ്ഞിരുന്ന
അവന്റെ പാത്രത്തിലേക്ക് വറുത്തരച്ചകോഴിക്കറിയും ഉലുവ പൊട്ടിച്ച ബീഫും പത്തിരിയും ഹംസക്ക പകർന്നു കൊടുത്തു.
പക്ഷെ..
കൂടെയുള്ള രണ്ടു പേരും കഴിക്കാൻ തുടങ്ങിയപ്പോഴും അനങ്ങാതിരിക്കുന്ന
ഹകീമിനെ ഹംസക്ക സംശയത്തോടെ നോക്കി.
അവൻ മൂകാനായി കണ്ണുകൾ നിറച്ചിരിക്കുകയാണ്.
ഞെട്ടിത്തരിച്ച് എന്തോ കണ്ട് ഭയന്നപ്പോൽ വിറക്കുന്നുമുണ്ട്.
“ഹകീം.. ”
ഹംസ അവനെ കുലുക്കി വിളിച്ചു.
കണ്ണിൽ നിന്നും ധാരധാരയായി മിഴിനീർ ഒഴുകുന്നുവെന്നല്ലാതെ അവനൊരക്ഷരം പറയുന്നില്ല.
“എടാ…എന്ത് പറ്റി.. ഭക്ഷണം ഇഷ്ടായില്ലേ??”
റസാഖ് അവനോട് ചേർന്നിരുന്നുവെങ്കിലും അവൻ തലതാഴ്ത്തി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
കാര്യം മനസ്സിലാവാതെ പരസ്പരം ഹംസയും റസാഖും മുഖത്തോട് മുഖം നോക്കി.
പെട്ടന്നാണ് റസാഖ് നാട്ടിൽ നിന്നും പത്തിരി പൊതിഞ്ഞ് കൊണ്ടുവന്ന പത്രക്കടലാസ് ഹക്കീം വലിച്ചു തുറന്നത്..
അപ്രതീക്ഷിതമായ അവന്റെ പ്രവർത്തിയിൽ ഞെട്ടിപ്പോയ ഹംസ നിലത്ത് നിന്നും എഴുനേറ്റു..
“ന്താടാ…”
നിലത്തോട് മുഖം ചേർത്ത് തേങ്ങുന്ന അവന്റെ മറുപടി അപ്പോഴും തീർത്തും മൗനം മാത്രമായിരുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ഹംസ
പതം പറഞ്ഞു കരയുന്ന ഹക്കീമിനെ താങ്ങി നിർത്തി.
റസാഖ് വന്ന് അവൻ കയ്യിൽ മുറുകെ പിടിച്ചു നെഞ്ചോട് ചേർത്ത പത്രം വാങ്ങി.
ചരമകോളത്തിലെ ചുളിഞ്ഞ മൂലയിൽ നിന്നും മകനെ നോക്കി ചിരിക്കുന്ന അവറാൻക്കയേ കണ്ട് ഹക്കീം അലറി വിളിച്ചു.
“പ്പാ…!!!”
അവൻ നിലത്ത് കിടന്ന് ആർത്ത് പൊട്ടിക്കരയാൻ തുടങ്ങി.
“ല്ല്യക്കാ..
ന്റെപ്പ…
ന്റെപ്പ മരിച്ചിട്ടില്ല..
ന്റെപ്പ മരിക്കൂല…
അവര് വെറുതെ കൊടുക്കുന്നതാ..”
ഹക്കീം ഒരു ഭ്രാന്തനെ പുലമ്പികൊണ്ടിരുന്നു.
“ന്റെ റബ്ബേ..!”
ഹംസ നെഞ്ചിൽ കൈവെച്ച് നാഥനോട് തേങ്ങി.
സമാധാനിപ്പിക്കലിന്റെ ഭംഗി വാക്കുകൾ അവർക്ക് മുന്നിൽ തല താഴ്ത്തി.
പ്രതീക്ഷയുടെ മുനമ്പിൽ നിന്നും അനാഥത്വത്തിലേക്കുള്ള അവന്റെ
കൂപ്പുകുത്തലിൽ പ്രകൃതി പോലും നിശ്ചലമായിരുന്നു.
.
.
ഏറ്റവും പ്രിയപ്പെട്ടവരുടെ മരണവാർത്തയറിയുന്ന
പ്രവാസികളെ കുറിച്ചോർത്തിട്ടുണ്ടോ..?
അവസാന കൂടിക്കാഴ്ച,
സംസാരം, പൊട്ടിച്ചിരികൾ ഇങ്ങനെ ഒന്നിനെ പിറകെ ഒന്നായി ഓർമ്മകളിൽ വന്ന് ശ്വാസം മുട്ടിക്കുമ്പോൾ
കുറച്ചു നേരം കൂടെ അവരോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ..എന്ന് വെറുതെ അവരാശിച്ചു പോവും.
വേർപാടിന്റെ വേദന പ്രവാസിയോളം നുകർന്നവർ ഈ ദുനിയാവിലുണ്ടാവില്ല.
.
.
.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
റസാഖ് ഫാം ഹൗസിൽ നിന്നും മടങ്ങുമ്പോഴാണ് കത്ത് വന്ന വിവരം അറിഞ്ഞത്.
ഓടി ചെന്ന് നോക്കുമ്പോൾ ഹകീമിന്റെ പേരിലാണ് കത്ത്.
മെയ് അവസാന വാരത്തിൽ എഴുതി അയച്ചത്.
ഹക്കീം ഗൾഫിലെത്തിയ രണ്ടാം ദിവസയാണ് വാപ്പ മരിക്കുന്നത്.
അത് കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമാണ് റസാഖ് ഇവിടെ വരുന്നതും.
അവന്റെയുമ്മ പൊതിഞ്ഞ പത്രത്തിലാണ് ഹക്കീമിന്റെ ഉപ്പയുടെ മരണവാർത്തയറിയുന്നത്.
റസാഖ് ഒന്ന് കൂടെ കത്തിലേക്ക് കണ്ണോടിച്ചു.
അയാളുടെ കണ്ണുകൾ സജലമായി.
അവറാൻക്ക മരണത്തിന് മുന്നേ മകൻക്ക് എഴുതിയ കത്താണ്..!
അപ്പൊ അവന്റെ കത്ത്?
അതും തുറന്ന് കാണില്ല..!
എന്ത് പരീക്ഷണമാണ് റബ്ബേ..
പിതാവിന്റെ മരണവാർത്തയറിഞ്ഞ ഹക്കീം ഒരുപാട് കരഞ്ഞു.
ഉച്ച മുതൽ പൊള്ളുന്ന പനിയായിരുന്നു.
ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.ഇന്നാണ് ഡിസ്ചാർജ് ആയത്.
ഈ കത്തും കൊണ്ട് ഞാൻ എങ്ങനെ അവന്റെ മുന്നിൽ പോകും..!
റസാഖിന്റെ ചിന്തകൾ ഉള്ളിൽ കിടന്ന് പ്രകമ്പനം കൊണ്ടു.
.
.
റസാഖ് റൂമിൽ ചെന്നപ്പോൾ പഴയതിനേക്കാൾ ഉന്മേഷവാനായിട്ടാണ് ഹക്കീമിനെ കണ്ടത്.
ഹംസക്ക അരികിൽ തന്നെയുണ്ട്.
റസാഖിനെ കണ്ട അവർ സലാം പറഞ്ഞു പരസ്പരം ആലിംഗനം ചെയ്തു.
ഇതിനകം ഹകീമിന് ജോലി തരപ്പെടുത്തിയത് കൊണ്ട് തന്നെ അവനിൽ
ഒരു മാറ്റമുണ്ടാവുമെന്ന് ഹംസക്കും റസാഖിനും ഉറപ്പായിരുന്നു.
റസാഖ് കയ്യിൽ മുറുകെ പിടിച്ച ഹക്കീമിന്റെ വാപ്പയുടെ തുറക്കാത്ത കത്തുമായി
വസ്ത്രം മാറാനെന്ന വ്യാജേന റൂമിലേക്ക് പോയി.
ഹക്കീം കട്ടിലിനടിയിൽ
ഭദ്രമാക്കിവെച്ച സ്യൂട്ട്കേസ് തുറന്ന്
കത്ത് അതിൽ മടക്കിവെച്ചു.
എന്ത് കൊണ്ടോ അവനതിനെ വായിക്കുന്നത് ആയാളും ഇഷ്ടപ്പെട്ടിരുന്നില്ല.
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് ഹകീം ഹംസക്കയോടൊപ്പം ചായക്ക് പങ്ക് ചേർന്നു.
അല്ലെങ്കിലും ഒരു പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിയേക്കാൾ നന്നായി ആർക്കാണ് മനസ്സിലാവുക..?!
(കഥയുടെ അഭിപ്രായങ്ങൾ അറിയിക്കാം
mrs.fazly811@gmail.com)