ഹജ്ജിന്റെ കര്‍മങ്ങളും അദ്കാറുകളും വായിച്ചും കേട്ടും നമ്മള്‍ പഠിച്ചിരിക്കും. ഇനിയും അവ ആവര്‍ത്തിക്കുന്നില്ല. തീര്‍ത്തും വ്യക്തിപരമായുണ്ടായ ചില ഹജ്ജനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഇതെഴുതുന്നത്. ഹജ്ജ് നല്‍കുന്ന അനുഭവങ്ങളും പാഠങ്ങളും മഹത്തരമായിരിക്കും. ഓരോ ഹജ്ജും നമ്മുടെ വിശ്വാസത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്ന അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഞാന്‍ ചെയ്ത ഓരോ ഹജ്ജും ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അല്ലാഹുവിനോട് ആവശ്യമുള്ളത് ചോദിച്ചു വാങ്ങാനുള്ള ഏറ്റവും നല്ല സുവര്‍ണ്ണാവസരമാണ് ഹജ്ജ് വിശ്വാസികള്‍ക്ക് നല്‍കുന്ന ഏറ്റവും ശ്രേഷ്ടമായ സുകൃതങ്ങളിലൊന്ന്. ആ പുണ്യഭൂമിയില്‍ വെച്ച് നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും സൂക്ഷിച്ചു വേണം. അറിഞ്ഞോ അറിയാതയോ നല്ലതോ ചീത്തയോ എന്താണെങ്കിലും ആ ഭൂമിയില്‍ വെച്ച് ചോദിക്കുന്ന എല്ലാത്തിനും മൂല്യമുണ്ട്. ഹജ്ജുമായി എന്റെ ജീവിതത്തിലുണ്ടായ ഒന്ന് രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കാം.
കഴിഞ്ഞ വര്‍ഷം ഹജ്ജിന്റെ സമയം. കേരളത്തില്‍ അതിശക്തമായ ജലപ്രളയം. ആഗസ്റ്റ് 18നാണ് ജലപ്രളയം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത്. തെക്കന്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റിടങ്ങളേക്കാള്‍ പ്രളയം നാശംവിതച്ചത്. ഞങ്ങള്‍ ഹജ്ജിലായിരുന്നു. ഞങ്ങളോടൊപ്പം കോട്ടയം ടൗണിലെ വ്യാപാര പ്രമുഖനും കേരളമുസ്‌ലിം ജമാഅത്ത് എക്സിക്യൂട്ടീവ് അംഗവുമായ അലങ്കാര്‍ അഷ്റഫ് ഹാജിയുമുണ്ട്. തന്റെ ബിസിനസെല്ലാം അനിയന്മാരെ ഏല്‍പ്പിച്ചിട്ടാണ് അഷ്റഫ് ഹാജി ഹജ്ജിന് പുറപ്പെട്ടത്. എന്റെ പെങ്ങളുടെ മകനും അവിടുത്തെ എസ്.വൈ.എസ് ഉപാധ്യക്ഷനുമായ സയ്യിദ് ഫഖ്റുദ്ദീന്‍ ഫള്ല്‍ തങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം. അഷ്റഫ് ഹാജിയുടെ ചിലവിലാണ് ഫള്ല്‍ തങ്ങള് ഹജ്ജിന് പോന്നത്.
നാട്ടില്‍ അതിശക്തമായ ജലപ്രളയമാണെന്ന് ചാനലുകളിലൂടെ നിരന്തരം വാര്‍ത്തകള്‍ വന്നു. എല്ലാ കെട്ടിടങ്ങളും ബിസിനസ് സംരംഭങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകണ്ട അഷ്റഫ് ഹാജി തന്റെ ഫോണ്‍ ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു:
”ഹജ്ജ് കഴിയുന്നവരെ ഇനി നാട്ടില്‍ നിന്ന് വരുന്ന ഫോണൊന്നും ഞാന്‍ അറ്റന്റ് ചെയ്യില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.”
പലരും എന്നോട് അദ്ദേഹത്തിന്റെ വിഷയത്തില്‍ പരിഭവം പറഞ്ഞു. ഫള്ല് തങ്ങള്‍ എന്റെ അടുത്തു വന്നു പറഞ്ഞു:
”ഇക്കാക്ക അഷ്റഫ് ഹാജിയുടെ കാര്യം ആകെ ബേജാറിലാണ്.”
സംഗതി ഗൗരവമാണെന്ന് കണ്ട ഞാന്‍ ഞങ്ങളോടൊപ്പമുള്ള ഹാജിയാമാരെ എല്ലാവരെയും ഒരുമിച്ചു കൂട്ടി. എന്നിട്ട് അവരോട് പറഞ്ഞു:
”നമ്മുടെ കൂടയുള്ള ഒരു ഹാജിയുടെ നാട്ടിലെ സ്ഥിതി ഇതൊക്കെയാണ്. അതുകൊണ്ട് അങ്ങനെ സംഭവിച്ചു കൂടാ. നമുക്ക് അല്ലാഹുവിനോട് ഇവിടെ വെച്ചു പ്രാര്‍ത്ഥിക്കാം. അവന്‍ ഉത്തരം തരാതിരിക്കില്ല. എന്നിട്ട് ഞാന്‍ ഈ പ്രാര്‍ത്ഥന എല്ലാവരോടും ഉരുവിടാനായി പറഞ്ഞു:
”അല്ലാഹുമ്മ ലകല്‍ ഹംദു വ ഇലൈകല്‍ മുഷ്തക വ അന്‍തല്‍ മുസ്തആന്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം.”
ഈ പ്രാര്‍ത്ഥന മൂസാ നബി(അ) നടത്തിയതായി ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും: കലീമുള്ളാഹി മൂസ(അ) നബിയും പരിവാരങ്ങളും ഭയന്നു നില്‍ക്കുന്ന സമയം. തങ്ങളുടെ തൊട്ടു മുമ്പില്‍ ആര്‍ത്തിരമ്പുന്ന ചെങ്കടലും പിറകില്‍ ഊരിപ്പിടിച്ച പടവാളുമായി കൊല്ലാനായി പാഞ്ഞടുക്കുന്ന ഫിര്‍ഔനും സൈന്യവും. മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധിക്കാത്ത അവസ്ഥ. ഈ സന്ദര്‍ഭത്തില്‍ മൂസാ നബി പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയാണിത്. അതിന് മുമ്പ് ഇബ്റാഹീം നബി(അ)യും ഈ പ്രാര്‍ത്ഥന നിര്‍വഹിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഞങ്ങളോടൊപ്പമുള്ള ഹാജുമാരെല്ലാം ഈ പ്രാര്‍ത്ഥന ഉരുവിട്ടു. ഞങ്ങള്‍ കാര്യങ്ങളെല്ലാം മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞു. നാട്ടില്‍ നിന്ന് വിവരം വന്നു: നാട്ടിലെ കടകളും ബിസിനസ് സംരഭങ്ങളും മിക്കതും നശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അപാരമായ ഖുദ്റത്തു കൊണ്ട് അഷ്റഫ് ഹാജിയുടെ സ്ഥാപനത്തിന് പ്രശ്നങ്ങളൊന്നുമില്ല!. മാത്രമല്ല, മറ്റുകടകളിലൊന്നും സാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തന്നെ അഷ്റഫ് ഹാജിയുടെ കടയിലേക്കാണ് ആളുകളെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി വന്നത്. അതിനാല്‍ തന്നെ ഇക്കാലമത്രയുമില്ലാത്ത കച്ചവടം അദ്ദേഹത്തിന് ലഭിച്ചു. ഇതിന്റെ സന്തോഷാധിക്യത്താല്‍ ആ പ്രാവശ്യം കച്ചവടത്തില്‍ നിന്ന് കിട്ടിയ ലഭത്തില്‍ നിന്ന് വലിയൊരു സംഖ്യ മഅ്ദിനിന് അദ്ദേഹം സംഭാവന ചെയ്തിരുന്നു.
പറയാന്‍ ശ്രമിക്കുന്നത്, ആ പുണ്യ ഭൂമിയില്‍ നിന്ന് മനസ്സറിഞ്ഞ് ചോദിച്ചാല്‍ ലഭിക്കാത്തതായി ഒന്നുമില്ല. രസകരമായ മറ്റൊരനുഭവം കൂടി ഞാനിവിടെ ഓര്‍ക്കുകയാണ്. ഞങ്ങള്‍ ആദ്യമായി ഹജ്ജിന് പുറപ്പെട്ട സന്ദര്‍ഭം. അന്ന് ബോംബെ വഴിയാണ് യാത്ര. കാലിക്കറ്റ് എയര്‍പോര്‍ട്ട് തുറന്നിട്ടില്ല. ഞങ്ങളുടെ സംഘത്തില്‍ പതിനൊന്ന് പേരുണ്ട്. അന്ന് ബോബെയില്‍ കസ്റ്റംസ് വളരെ സ്ട്രോങ്ങായിരുന്നു. വിദേശയാത്ര കഴിഞ്ഞു വരുന്നവരെയെല്ലാം യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ചെക്കു ചെയ്യുന്ന കാലം. അന്ന് യാത്രകളെല്ലാം വളരെ കുറവായതിനാല്‍; ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തുന്ന ആളുകളെ മറ്റുള്ളവര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കാരണം ബന്ധു മിത്രാദികള്‍ക്ക് വേണ്ടതെല്ലാം വാങ്ങി പെട്ടിയിലാക്കിയിട്ടാണ് ഒരു യാത്രക്കാരന്‍ തനിക്ക് താങ്ങാവുന്നതിലധികം ലഗേജുമായി വരുന്നത്. ഇതെല്ലാം കസ്റ്റംസ് അഴിച്ചു പരിശോധിച്ചാല്‍ വീണ്ടും അത് കെട്ടിയുണ്ടാക്കുക എന്നത് വളരെ പ്രയാസകരമാണ്.
അങ്ങനെ ഞങ്ങളുടെ ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോരാന്‍ നേരത്ത് ഞാന്‍ സംഘത്തോടായി പറഞ്ഞു: ”വിദാഇന്റെ ത്വവാഫില്‍ എല്ലാവരും ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും യാതൊരു പ്രയാസവും കൂടാതെ ഒരു ചില്ലി കാശ് കസ്റ്റംസ് ഫൈനിനായി മുടക്കാതെ പുറത്തു കടക്കാന്‍ സാധിക്കണം, അതിനു വേണ്ടി എല്ലാവരും മനമുരുകി പ്രാര്‍ത്ഥിക്കുക.”
ഇതുകേട്ട ഞങ്ങളുടെ കൂടയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു;
”എന്റെ കയ്യില്‍ നിന്ന് അമ്പത് റിയാല് പോയാലും വേണ്ടിയില്ല. അവരില്‍ നിന്നു കയിച്ചിലായാല്‍ മതിയായിരുന്നു.”
അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു:
”ഹാജ്യാരെ നിങ്ങളങ്ങനെ പറയരുത്. ഇതു മക്കയാണ്. ഇവിടെ വെച്ച് പറഞ്ഞത് അത് പോലെ സംഭവിക്കും.”
അപ്പോഴും അദ്ദേഹം പറഞ്ഞു;
”എന്റെ അമ്പത് റിയാല് പോയാലും വേണ്ടിയില്ല.”
അങ്ങനെ ഞങ്ങള്‍ പതിനൊന്ന് പേരും ബോംബയിലെത്തി. ഞങ്ങളെല്ലാവരും ഗ്രീന്‍ ചാനലിലൂടെ കടന്നു പോവുകയാണ്. ഈ വ്യക്തിയുടെ അടുത്തെത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു:
‘പെട്ടി കഴിക്കണം.’
അദ്ദേഹം അവരോട് പെട്ടി കഴിച്ചാലുണ്ടാകുന്ന വിഷമവും പ്രയാസങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ പറഞ്ഞു:
”എങ്കില്‍ അമ്പത് റിയാല് ഫൈനടച്ചോളൂ.”
അങ്ങനെ അദ്ദേഹം അമ്പത് റിയാല് കൊടുത്തതിന് ശേഷമാണ് അവിടെ നിന്ന് പുറത്ത് കടന്നത്.
അഥവാ മക്കയങ്ങനെയാണ്. ആ പുണ്യ ഭൂമിയില്‍ നിന്ന് എന്താണോ ചോദിക്കുന്നത് അത് ലഭിച്ചിരിക്കും. ഞാന്‍ എസ്.വൈ.എസില്‍ ഹജ്ജിന്റെ ചീഫ് അമീറായി പോയിരുന്ന സമയം. അന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു ഹജ്ജുമ്മക്ക് അവിടെ വെച്ച് കൂടെയുള്ള ആരെയോ കാണാതായി. വല്ലാതെ വിശമിച്ചപ്പോള്‍ അവര്‍ ശാപവാക്കുകളെറിയാന്‍ തുടങ്ങി. ഞാന്‍ ആ ഹജ്ജുമ്മയോട് പറഞ്ഞു:
”ഓ, ഉമ്മ നിങ്ങള്‍ ഹജ്ജിലാണ്. അതു മറക്കരുത്.”
ആ സന്ദര്‍ഭത്തില്‍ ആ ഹജ്ജുമ്മ പറഞ്ഞു:
”എനിക്ക് ഒരു ഹജ്ജും വേണ്ട കുജ്ജും വേണ്ട.”
അവസാനം എന്തോ സാന്ദര്‍ഭികവശാല്‍ ആ ഹജ്ജുമ്മക്ക് അറഫയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അറഫയില്ലെങ്കില്‍ പിന്നെ ഹജ്ജില്ലല്ലോ. തമാശക്ക് പോലും അവിടെ നിന്നൊരു വാക്ക് പറഞ്ഞാല്‍ റബ്ബ് അത് സ്വീകരിക്കുമെന്നതിന്റെ അനുഭവസാക്ഷ്യമാണിത്.
വളരെ വ്യക്തിപരമായ ഒരനുഭവം കൂടി പറഞ്ഞിട്ട് ഈ കുറിപ്പിവിടെ അവസാനിപ്പിക്കാം. ഞാന്‍ കടലുണ്ടിയിലെ എന്റെ പറമ്പ് വാങ്ങിയത് മുജാഹിദ് നേതാവ് ടി.പി.അബ്ദുല്ല കോയ മദനിയില്‍ നിന്നാണ്. 1997ലാണ് ഞാന്‍ ആ സ്ഥലം വാങ്ങുന്നത്. ആ സ്ഥലം വാങ്ങിയ സമയത്ത് ആ പറമ്പില്‍ നിന്ന് 200/ 250 തേങ്ങയായിരുന്നു കിട്ടിയിരുന്നത്. അന്ന് തേങ്ങക്ക് അഞ്ചും ആറും രൂപ വിലയുണ്ടായിരുന്നു. എന്നാല്‍ ആ പറമ്പില്‍ നിന്ന് ലഭിക്കുന്ന തേങ്ങക്ക് വെറും രണ്ടു രൂപയില്‍ താഴെ മാത്രമെ ലഭിച്ചിരുന്നൊള്ളൂ. കാരണം അത്രയും ചെറിയ തേങ്ങയായിരുന്നുവത്!
പക്ഷെ, എനിക്കൊരാഗ്രഹമുണ്ടായിരുന്നു; ആ തെങ്ങുകള്‍ നന്നായി കായിക്കണം!. അങ്ങനെ ഞാന്‍ ആ തെങ്ങുകള്‍ക്ക് നന്നായി വളമിട്ടു. ഇതുകണ്ട പലരും എന്നെ കളിയാക്കാന്‍ തുടങ്ങി.
”തങ്ങളോട് ആ തെങ്ങിന് മന്ത്രിച്ച നൂല് കെട്ടാന്‍ പറയൂ”,
മന്ത്രിച്ചൂതാന്‍ പറയൂ, എന്തിനാണ് വെറുതെയിങ്ങനെ കാഷ് കളയുന്നത്? തുടങ്ങിയതരത്തിലെല്ലാം പലരും കളിയാക്കി. അപ്രാവശ്യം ഞാന്‍ ഹജ്ജിന് പോയി. അന്നത്തെ എന്റെ ഓരോ ത്വവാഫിലെയും പ്രാര്‍ത്ഥന ഈ പറമ്പില്‍ നിന്ന് എനിക്ക് 5000 തേങ്ങ ലഭിക്കണം എന്നായിരുന്നു. അങ്ങനെ ഹജ്ജ് കഴിഞ്ഞു വന്ന് അടുത്ത രണ്ടു മാസങ്ങള്‍ക്ക് ശേഷം ആ പറമ്പില്‍ നിന്ന് തേങ്ങവലിച്ചത് 5250 തേങ്ങയാണ്. അതും നല്ല മുന്തിയ വിളവൊത്ത തേങ്ങ!.
ഇനിയും ഒരുപാട് പറയാനുണ്ടെനിക്ക്. ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും താമാശക്ക് പോലും പറയുന്നതും മുഴുവന്‍ സ്വീകരിക്കപ്പെടുന്ന സ്ഥലമാണ് മക്കയും മദീനയും ത്വവാഫിന്റെ സന്ദര്‍ഭങ്ങളുമെല്ലാം. അതുകൊണ്ട് ഹജ്ജിനെ ആവുന്നത്ര മുതലെടുക്കുക. ഹജ്ജിന് പോകാന്‍ സാധിക്കാത്തവര്‍ അടുത്ത ഭാവിയില്‍ തന്നെ അവിടെയെത്താന്‍ ഹജ്ജിന് പോകുന്നവരോട് പ്രാര്‍ത്ഥിക്കാന്‍ പറയുക. നാഥന്‍ അനുഗ്രഹിക്കട്ടെ.