മലയാള സാഹിത്യത്തിലെ അതുല്യനായ വ്യക്തിത്വത്തിനുടമയാണ് ബഷീര്‍. തന്റേതായ ശൈലിയില്‍ രചനാവൈഭവം തീര്‍ത്തതാണ് അദ്ദേഹത്തെ മറ്റു രചയിതാക്കളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സാഹിത്യ മേഖലയില്‍ അന്യം നിന്നുപോവേണ്ടിയിരുന്ന ഭാഷാശൈലികളെയാണ് പുത്തനുണര്‍വോടെ ബഷീര്‍ രംഗത്തേക്കിറക്കിയത്. ആഡംബരങ്ങളേതുമില്ലാതെ ഇത്തരം ശൈലികളെ ആവിഷ്‌കരിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. ജീവിതത്തിലെ വളരെ ചെറിയ സംഭവങ്ങളിലൂടെ നോവലിന്റെ അന്തരങ്ങളിലേക്കിറങ്ങുന്നത് വായനക്കാരുടെ മനം കവര്‍ന്നെടുക്കാനുള്ള അദ്ദേഹത്തിന്റെ രചനാതന്ത്രമാണ്. അതിനുത്തമ ഉദാഹരണമാണ് ആനവാരിയും പൊന്‍കുരിശും എന്ന നോവല്‍. നോവലിന്റെ അന്തസ്സത്ത രാമന്‍ നായര്‍ക്കും തോമയ്ക്കും ആനവാരി, പൊന്‍കുരിശ് എന്നീ പേരുകള്‍ ലഭിച്ചതിന്റെ പിന്നിലുള്ള ചരിത്രാന്വേഷണമാണ്. എന്നാല്‍ കഥയുടെ അന്തര്‍ഭാഗത്തേക്കിറങ്ങുമ്പോള്‍ മാത്രമേ ഇത് മനസ്സിലാവുകയുള്ളൂ. ആനകളിലൂടെ തുടങ്ങുന്ന നോവല്‍ ആന മോഷണത്തിലേക്കെത്തുന്നത് വായനക്കാര്‍ ചിന്തിക്കുക പോലുമില്ല. കാരണം ആ ബന്ധപ്പാട് ഏറ്റെടുത്തത് ആനപ്രേമികള്‍ തന്നെയായിരുന്നു. എന്നാല്‍ അവരുടെ ആന പ്രേമത്തില്‍ സ്ത്രീ-പുരുഷ അസമത്വം പ്രകടമാവുന്നുണ്ട്. സ്ത്രീകള്‍ പൊതുവെ ശാന്തമായിരിക്കും. അതിനാല്‍ തന്നെ അവര്‍ ആനമോഷണം പാറുക്കുട്ടിയെന്ന ആനയിലൊതുക്കി. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ മോഷണത്തിനെത്തിയവര്‍ക്ക് ആളെ തെറ്റി. ആക്രമകാരിയായ കൊച്ചു നീലാണ്ടനെന്ന ആനയെയായിരുന്നു അവര്‍ പിടിച്ചത്. വഴിയില്‍ വെച്ച് ആളെത്തിരിച്ചറിഞ്ഞ അവര്‍ അവരുടെ ദൗത്യം അവസാനിപ്പിച്ചപ്പോഴേക്കും അവരുടെ രഹസ്യം പരസ്യമായി. അങ്ങനെ ദൗത്യ നായകന്‍ രാമന്‍ നായര്‍ക്ക് ആനവാരി എന്ന പേരു വീഴുകയും ചെയ്തു.
എന്നാല്‍ പൊന്‍കുരിശ് എന്ന തോമയുടെ പേരിനു പിന്നിലുള്ള ചരിത്രം മറ്റൊരു തരത്തിലാണ്. പള്ളിയിലെ പൊന്‍കുരിശ് വിശ്വാസത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ അതിന്റെ പരിചരണം വളരെ സൂക്ഷമതയോടെയാവണം. എന്നാല്‍ താനതുവെച്ച സ്ഥലം തോമ മറന്നത് അദ്ദേഹത്തിന്റെ അഭിമാനക്ഷതത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ തോമ പോലീസ് ലോക്കപ്പിലെത്തുന്നത് നോവല്‍ മറ്റൊരു വഴിക്ക് തിരിയാന്‍ ഹേതുവായി. അവിടെ മോഷണത്തിന് യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും പളുങ്കന്‍ കൊച്ചു കുഞ്ഞിന്റെ മനോവേദന കണ്ട് തോമയ്ക്ക് മോഷണത്തിനിറങ്ങേണ്ടി വന്നു. അതും കൊച്ചുകുഞ്ഞ് തുറന്നു കൊടുത്ത ലോക്കപ്പിന്റെ വാതിലിലൂടെ. അത് അദ്ദേഹത്തിന്റെ വേദനകള്‍ക്കുള്ള പരിഹാരമായിരുന്നു.
സത്യത്തില്‍ പൊന്‍കുരിഷ് വിശ്വാസത്തിന്റെ ഭാഗമായിരുന്നുവെങ്കിലും പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന നാട്ടില്‍ തോമ പറഞ്ഞതു പോലെ പള്ളിക്കെന്തിനാ പൊന്‍കുരിശ്? അവകാശികള്‍ക്കത് തോമ എത്തിച്ചു നല്‍കിയെങ്കിലും അവരുടെ വിശ്വാസത്തിനതു പോരായിരുന്നു.. പക്ഷെ, തോമയ്ക്ക് പൊന്‍കുരിശ് എന്ന പേര് വീണുപോയിരുന്നു. ഈ നോവല്‍ യഥാര്‍ത്ഥത്തില്‍ ഒരു ചരിത്രാന്വേഷണമാണ്. തങ്ങളുടെ വിശ്വാസത്തിനും ആത്മാഭിമാനത്തിനും കളങ്കമേറ്റ് നേടിയെടുത്ത പേരുകള്‍ വിളിക്കപ്പെടുമ്പോഴും അവരിലെ നിഷ്‌കളങ്കത നമുക്ക് മനസ്സിലാവും. ഏതു പ്രതിസന്ധിഘട്ടങ്ങളിലും മനോധൈര്യം നല്‍കുന്ന ഒരു പറ്റം ആത്മസൂഹൃത്തുക്കളാണ് ഇതിലെ നായരുടെ ഓരോ പ്രവര്‍ത്തിയിലെയും ഊര്‍ജം.