വായനയോട് വിരക്തിയായിരുന്നു. അതിനാല്‍ തന്നെ എഴുത്തിനോട് വെറുപ്പുണ്ടാവല്‍ സഹജമാണല്ലോ. പിന്നെ, എപ്പോഴോ വായിച്ചു തുടങ്ങി. എന്റെ നേരെ ഇരട്ടക്കുഴല്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന വളഞ്ഞ തൊപ്പിവെച്ച്, നീണ്ട കോട്ടിട്ട ഷെര്‍ലക് ഹോംസിന്റെ സൂചികുത്തുന്നത് പോലെയുള്ള നോട്ടം, എട്ടാം ക്ലാസിലെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് കൂട്ടുകാരന്റെ കട്ടിലില്‍ കിടന്ന് എന്നെ തന്നെ വട്ടംപിടിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി ആ പുസ്തകത്തിന്റെ താളുമറിക്കുന്നതെന്നാണ് ഓര്‍മ. പിന്നീടിങ്ങോട്ട് കോട്ടയം പുഷ്പനാഥ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, സര്‍ അര്‍തര്‍ കോനന്‍ ഡോയല്‍, അഗതാ ക്രിസ്റ്റി, ജെ.കെ. റൗളിങ്, ഡാന്‍ബ്രൗണ്‍ തുടങ്ങിയവരുടെ ക്രൈം ത്രില്ലറുകളും മാന്ത്രികനോവലുകളുമായിരുന്നു പ്രിയം. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെയാണ്. അഥവാ ഒരു കഥയുടെ പൊടിപ്പും തൊങ്ങലും ഉണ്ടങ്കിലെ എന്റെ കണ്ണും ഖല്‍ബും പേജ് മറിക്കാനനുവദിക്കൂ. വ്യക്തിപരമായി, മറ്റുള്ളവരെ വായിപ്പിക്കാന്‍ കഴിയുക എന്നതാണ് ഒരു രചനയുടെ സ്വീകാര്യത. ചിലര്‍ എന്തെഴുതിയാലും നമ്മള്‍ അറിയാതെ അക്ഷരങ്ങള്‍ നമ്മുടെ സമയം കവരും.
വയനക്കാരനെ വഹിച്ച് യാത്ര ചെയ്യുന്ന വാഹിനിയാണ് ഏതൊരു രചനയും. എവിടെ വേണമെങ്കിലും അത് നമ്മളെ കൊണ്ടെത്തിക്കും. ഭാഷയും വേഷവും വികാരങ്ങളും ഒന്നും അവിടെ പ്രശ്‌നമല്ല. പുസ്തകം സുഗമമായി വായനക്കാരനോട് സംവദിക്കുന്നതാവുക എന്നതാണ് ഈ യാത്രക്കുള്ള വിസ. കൂടാതെ, വായനയില്‍ നമ്മള്‍ സഞ്ചരിക്കുന്ന സ്ഥലവും മനുഷ്യരും ഇടങ്ങളും എല്ലാം വര്‍ത്തമാനത്തിലായിരിക്കും. അതൊരിക്കലും ഭാവിയോ ഭൂതമോ ആകുന്നില്ല. കാലത്തെ പിടിച്ചു നിര്‍ത്താനുള്ള ശക്തി അക്ഷരങ്ങള്‍ക്ക് ലഭിക്കുന്നതിവിടെയാണ്.
അങ്ങനെ ഈയിടെ ഞാന്‍ വിശുദ്ധ ഭൂമി സന്ദര്‍ശിച്ചു. ഞാന്‍ മക്ക കണ്ടു. നമ്മളിന്ന് കണ്ട മക്കമാത്രമല്ല ഞാന്‍ കണ്ടത്; ഇന്നലെയും മക്കയുണ്ടായിരുന്നു. ആ മക്ക ഇന്നലെത്തെ പോലെ തന്നെ ഇന്നും ഞാന്‍ കണ്ടു. മദീനയില്‍ ഞാന്‍ ചെന്നു, മരിക്കാത്ത തീരുനബി മദീനയിലിന്നുമുണ്ട്.! ഞാനവിടുത്തെ സദസ്സിലിരുന്നു… തിരുനബി ജീവനോടുണ്ട്, സന്തോഷം. തൊട്ടിപ്പുറത്ത് തിരുനബിയുടെ റൗള കണ്ടു. അവിടുന്ന് വഫാത്തായി, സങ്കടം. വീണ്ടും ഞാന്‍ സഞ്ചരിച്ചു. ഹാജറും(റ) ഇസ്മാഈലും (അ) ഇബ്‌റാഹീമും(അ) എന്നോട് കഥപറഞ്ഞു. വിശുദ്ധ ഭൂവിലെ പള്ളികളെന്നോട് അവരവിടെ നിലകൊള്ളാനുണ്ടായതിന്റെ വീമ്പുപറഞ്ഞു. ഹറമിലെ പറവകള്‍ എന്നോട് കിന്നാരം ചൊല്ലി. ചുരുക്കി പറഞ്ഞാല്‍ ഇനിയുമൊരുപാട് പറയാനുണ്ട്. ഞാനെന്റെ റൂമിലെ കട്ടിലില്‍ കിടന്നിട്ടാണ് ഈ നാടുകളത്രയും കറങ്ങി തിരിച്ചത്! അവിടേക്കെനിക്ക് കൃത്യമായി വഴിക്കാട്ടിയത് ഖാലിദ് സഖാഫി സ്വലാത്ത് നഗറിന്റെ ഹജ്ജ് ഉംറ: കര്‍മം, ചരിത്രം, അനുഭവം എന്ന അമൂല്യ രചനയും.
ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഹജ്ജ് – ഉംറകളെക്കുറിച്ച് മാര്‍ക്കറ്റിലുണ്ടല്ലൊ? സുഹൃത്ത് ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഹജ്ജ് പുസ്തകത്തെക്കുറി പറഞ്ഞപ്പോള്‍ നാവിന്‍തുമ്പത്ത് വന്ന ആദ്യ ചോദ്യമാണ്. പക്ഷെ, നിരുത്സാഹപ്പെടുത്തേണ്ടല്ലൊ എന്ന് കരുതി ചോദ്യം അടക്കിവച്ചു. പ്രകാശനത്തിനു മുമ്പേ പുസ്തകത്തിന്റെ കോപ്പി കയ്യിലേല്‍പ്പിച്ചപ്പോള്‍ കെട്ടും മട്ടും മുന്നൂറിലേറെ പേജും കണ്ടപ്പോള്‍ നന്നായി അധ്വാനിച്ചുവല്ലെ ,മബ്റൂക് എന്ന് പറഞ്ഞ് വാങ്ങി വെച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായമെഴുതണമെന്ന് തോന്നിയത് വായിച്ചപ്പോഴാണ്. നല്ല അഭിപ്രായം സ്വകാര്യമായി പറയേണ്ടതല്ലല്ലൊ.
മുകളില്‍ പറഞ്ഞതൊന്നും മതിവരാത്തതു കൊണ്ട് ഞാന്‍ വീണ്ടും പറയട്ടെ, പുസ്തകത്തെ കുറിച്ച് ഒറ്റ വാക്കില്‍ പറയാം സാമ്പ്രദായിക അനുഷ്ഠാന ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട രചന!. മജ്നു ലൈലയെക്കുറിച്ചറിയാന്‍ ശ്രമിക്കുന്നത് പോലെയാണിതിലെ വിവരണങ്ങള്‍. പ്രണയഭാജനത്തിന്റെ ചെറുതെന്ന് തോന്നുന്നത് പോലും പ്രണയിക്കുന്നവന് പ്രധാനപ്പെട്ടതാണ്. പുണ്യഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടു പോലും എന്റെ അന്വേഷണങ്ങളെത്താത്ത പലതിലും ഖാലിദ് സഖാഫിയുടെ വിവരണങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നു. യാത്രയുടെ പൊരുളില്‍ തുടങ്ങുന്ന ഉള്ളടക്കം ശീര്‍ഷകങ്ങള്‍ പോലെ തന്നെ പുതിയൊരു തീര്‍ത്ഥാടന അനുഭവം സമ്മാനിക്കുന്നു. പുതിയതീര്‍ത്ഥാടകര്‍ക്ക് ഗൈഡാണെന്നതിലുപരി നേരത്തെ തീര്‍ത്ഥാടനം നടത്തിയവര്‍ക്ക് ഏറെ ഉള്‍ക്കാഴ്ച ഈ പുസ്തകത്തിനു നല്‍കാനാവും. അമീറുമാര്‍ വായിച്ചിരിക്കേണ്ട പുസ്തകം കൂടിയാണിതെന്ന് പരിചയപ്പെടുത്തുന്നതില്‍ അഭിമാനമുണ്ട്. മഅദിന്‍ പബ്ലിഷിംഗ് സെന്ററാണ് പ്രസാധകര്‍. നന്ദി ഖാലിദ് സഖാഫി, പണ്യഭൂവിലേക്കെനിക്കൊരു വിസ തന്നതിന്. എന്റെ മനസ്സിനെ അവിടെ എത്തിച്ചതിന്. മനസ്സും ശരീരവും പിണക്കത്തിലാണ്. കൊതിയുണ്ടായിട്ടും ഇട്ടേച്ച് പോയതാണ് ശരീരത്തിന് മനസ്സിനോടുള്ള ദേഷ്യത്തിന്റെ ഹേതു. ‘ഇല്ല മുത്തേ…നമുക്ക് ഒരുമിച്ച് പോകണമെന്ന്’ മനസ്സ് അവളെ സമാധാനിപ്പിക്കുന്നതാണ് എന്റെ പ്രതീക്ഷ….അവന്‍ വിധികൂട്ടട്ടെ.