No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഒരനുരാഗിയുടെ ഹജ്ജ് ഡയറി

ഒരനുരാഗിയുടെ  ഹജ്ജ് ഡയറി
in Memoir
July 2, 2019
ഉമ്മു ശുറഹ്ബിൽ സ്വലാത്ത് നഗർ

ഉമ്മു ശുറഹ്ബിൽ സ്വലാത്ത് നഗർ

ഹജ്ജിന്റെ കര്‍മങ്ങളിലേക്ക് കടക്കുകയാണ്. ഹറമില്‍ മാത്രമല്ല മക്കയിലും തിരക്ക് കൂടിയിരിക്കുന്നു. മക്കയില്‍ പ്രവേശിച്ചതിന്റെ ഭാഗമായുള്ള 'ഖുദൂമി' ന്റ ത്വവാഫിനായി തിരക്കൊഴിഞ്ഞ സമയം കാത്തിരിക്കുകയാണ് ഉസ്താദുമാര്‍. മക്കയില്‍ ചൂട് അതികഠിനമാണ്. ഏതാണ്ട് അമ്പത് ഡിഗ്രിക്കടുത്തുണ്ട്. മക്കയിലെ വെയില്‍ ഒരു മണിക്കൂര്‍ ക്ഷമയോടെ ഏറ്റാല്‍ അത് മഹ്ശറയിലെ അമ്പത് വര്‍ഷത്തെ വെയിലിനെ കുറക്കുമെന്ന് അറിഞ്ഞപ്പോള്‍ രാവും പകലും വെയിലായെങ്കിലെന്ന് ആശിച്ചു പോയി. മഹ്ശറ ഓര്‍ത്താല്‍ ഇതെത്ര നിസാരം.

Share on FacebookShare on TwitterShare on WhatsApp

ഹി: 1438 ദുല്‍ഹിജ്ജ 4 , ഇന്ന് മദീനയോട് വിട പറയുകയാണ്. ബാബു ഉസ്മാനിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍ സൗറിന്റെ താഴ്‌വരയില്‍ മുഴങ്ങിയ വരികള്‍ ഓടിയെത്തി. ”ഇസ് സീഡിയോം പേ ഹമേ ചഡാനേ വാലാ ഹമാരാ നബീ—പര്‍വ്വത് കേ ഊന്‍ ചായീ പേ ഹമേ പഹൂ ന്‍ ചാനേ വാലാ ഹമാരാ നബീ..” പാകിസ്ഥാനിയെന്ന് തോന്നിക്കുന്ന യുവാവ് കൈകള്‍ ഉയര്‍ത്തി ചൊല്ലുന്നു. കൂടെയുള്ളവര്‍ ”അരേ വാ”- എന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശരിയല്ലേ ഓരോ പടികളും പര്‍വതങ്ങളും താണ്ടിയത് മുത്ത് നബിക്ക് വേണ്ടി. മുത്തു നബി(സ)യെ സ്വന്തമാക്കാന്‍ ഭാഗ്യം ലഭിച്ച മണ്ണ്. ലോക മുസ്‌ലിംകളുടെ ഭൂമിയിലെ ‘സ്വര്‍ഗം’. പച്ച ഖുബ്ബക്ക് താഴെ ലോകാനുഗ്രഹി. ആ ഹബീബിന്റെ ചാരെ ചെന്ന് സലാം പറയാന്‍ ഔദാര്യം തന്ന റബ്ബ് എത്ര ഉന്നതന്‍. മദീന വിട്ടു പോകാന്‍ മനസ്സനുവദിക്കുന്നില്ല. മദീനവാസികള്‍ എത്ര ഭാഗ്യവാന്‍മാര്‍. ഈമാനിന്റെ കനം കൊണ്ട് വിശ്വാസികളെ തോല്‍പിച്ച സിദ്ദീഖോരും ഇസ്‌ലാമിന്റെ ഗര്‍ജിക്കുന്ന സിംഹം ഉമറുല്‍ ഫാറൂഖും (റളി യള്ളാഹു അന്‍ഹും) ചാരത്തു തന്നെയുണ്ട്. ബഖീ ഇന്റെ അഹ്‌ലുകാരും അടുത്തു തന്നെയുണ്ട്. മുത്തു നബിയുടെ പേരക്കുട്ടി വന്ദ്യരായ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ ഹൃദയം പൊട്ടിയുള്ള പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുമ്പോള്‍ മനം തേങ്ങുകയായിരുന്നു. പച്ച ഖുബ്ബയോട് സലാം ചൊല്ലി തിരിഞ്ഞ് നടക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറി. മുത്ത് നബിയുടെ മദീനയില്‍ ചെരുപ്പിടാതെ നടന്ന ഇമാം മാലിക് (റ)വിനെ ഓര്‍ത്തു. അദബു കേടുകള്‍ പറ്റിപ്പോയെങ്കില്‍ മാപ്പാക്കണേ റബ്ബേ. വീണ്ടും ആരംഭപ്പൂവായ മുത്തുനബിയുടെ ചാരത്തെത്തിക്കണേ. അകലെയാണെങ്കിലും അവിടുന്ന് വിശ്വാസികളുടെ ഹൃദയങ്ങളിലാണല്ലോ? ഹയ്യുന്‍ ഫീ ഖുലൂബിനാ ..

മസ്ജിദുന്നബവിയുടെ അഞ്ചാം നമ്പര്‍ കവാടത്തിലൂടെ തിരിച്ചിറങ്ങുമ്പോള്‍ മദീനയില്‍ കഴിഞ്ഞ പത്തു ദിവസങ്ങളിലായി ചിലവഴിച്ച നിമിഷങ്ങള്‍ മുന്നില്‍ തെളിഞ്ഞു. മുത്തുനബി (സ)യുടെയും സ്വഹാബത്തിന്റെയും സ്മരണകളിരമ്പുന്ന മണല്‍ തരികള്‍, തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ രക്തം ഏറ്റുവാങ്ങിയ സ്വര്‍ഗ ശിലയായ ഉഹ്ദ് അല്ലാഹുവിന്റെ സിംഹം ഹംസ (റ) ശഹീദായി വീണ ഭൂമി, പട്ടുമെത്തകള്‍ ഉപേക്ഷിച്ച് സത്യം പുല്‍കി അവസാനം പുല്‍ക്കൊടികള്‍ കഫന്‍ പുടവ യാക്കിയ മിസ്അബു ഇബ്‌നു ഉമൈര്‍ (റ), ചരിത്ര ശകലങ്ങള്‍ ഉഹ്ദില്‍ വെച്ച് അമീര്‍, പൂപ്പലം ഉസ്താദ് വിവരിക്കുമ്പോള്‍ ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു.
ഖന്തഖ്, വിശപ്പിന്റെ കാഠിന്യം കൊണ്ട് വയറിന്‍ മേല്‍ കല്ലുകള്‍ വെച്ച് കെട്ടി ശത്രുക്കളെ പ്രതിരോധിക്കാന്‍ കിടങ്ങ് കുഴിക്കുന്ന തിരുദൂതരും (സ) സ്വഹാബത്തും. സ്വര്‍ഗത്തില്‍ അവരുടെ ചാരത്തണയാന്‍ മൃഷ്ടാന്നഭോജികളായ നമുക്ക് കാതങ്ങള്‍ എത്ര താണ്ടണം ”യാ-അല്ലാഹ്”…
ഖുബാ, ഖിബലത്തൈനി, ജുമുഅ തുടങ്ങി നിരവധി പള്ളികള്‍ അരീസ്, റുമാ, ഗാര്‍സ് തുടങ്ങിയ കിണറുകള്‍, പലതും കണ്‍ നിറയെ കണ്ടെങ്കിലും ഇസ്‌ലാമിന്റെ പ്രഥമ മുന്നണിപ്പോരാളികളായ ബദ്‌രീങ്ങളുടെ ധീരതക്ക് സാക്ഷിയായ താഴ്‌വാരം കാണാന്‍ കഴിയാത്തത് നൊമ്പരമായി. നിയമങ്ങള്‍ അനുസരിച്ചല്ലേ പറ്റൂ.
കുറച്ച് ദിവസം കൊണ്ടു തന്നെ ദിയാര്‍, മദീനയില്‍ നിന്ന് ഹറമിലേക്കുള്ള വഴി എല്ലാവര്‍ക്കും സ്വന്തം വീട്ടുമുറ്റം പോലെ പരിചിതമായിരുന്നു. മനസില്ലാ മനസോടെ മദീനയോട് യാത്ര പറഞ്ഞ് ഹാജിമാര്‍ ബസില്‍ കയറാന്‍ തുടങ്ങി. ബദറുസ്സാദാത്ത് തങ്ങളവര്‍കള്‍ കടുത്ത വേദനകളെ അവഗണിച്ച് ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനായി ബസിലേക്ക് വന്നു. ദിക്‌റുകള്‍ ചൊല്ലിത്തന്നു. സയ്യിദന്മാരുടെ ആത്മീയ നേതൃത്വം എന്നത് വെറും വാക്കല്ലെന്ന് തോന്നി. ഹജ്ജിന് ഇഹ്‌റാം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആ മഹത് കര്‍മത്തിന് മുന്നോടിയായി പ്രിയപ്പെട്ടവരോട് പൊരുത്തം ചോദിക്കേണ്ട ആവശ്യകത വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തി.
ഇനി ദുല്‍ഹുലൈഫയിലേക്ക്. മദീനയില്‍ നിന്നും വരുന്നവര്‍ക്കുള്ള മീഖാത്താണ്. ‘ദുല്‍ ഹുലൈഫ, അഥവാ അബ്‌യാര്‍ അലി വെള്ളക്കടലായിരുന്നു. മിക്ക നാട്ടുകാരായ സ്ത്രീകളും ഇഹ്‌റാമില്‍ വെള്ളവസ്ത്രമണിഞ്ഞാണുള്ളത്.

ഇഹ്‌റാമിന്റെ സുന്നത്തായ കുളി റൂമില്‍ നിന്നു തന്നെ കഴിച്ചിരുന്നതിനാല്‍ രണ്ട് റക്അത് സുന്നത്ത് നിസ്‌കരിച്ച ശേഷം എല്ലാവരും ഒരു വലിയ മരച്ചുവട്ടില്‍ ഒത്തുകൂടി. അവിടെ വെച്ച് ഇഹ്‌റാമിന്റെ നിയ്യത്ത് ചെയ്തു. തടിയാലും മുതലാലും വഴിയാലും കഴിവുള്ളവര്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യല്‍ നിര്‍ബന്ധമായ ഒരേയൊരു കര്‍മം. ശാരീരികമായും മാനസികമായും റബ്ബ് പൊരുത്തപ്പെട്ട നിലയിലുള്ള കര്‍മങ്ങളായി ഞങ്ങളുടെ ഓരോ ചുവടുകളെയും സ്വീകരിക്കണേ നാഥാ എന്ന് ഉള്ളുരുകി തേടി.

മുഹ്‌രീം തന്റെ ശരീരത്തിന്റെയും മനസിന്റെയും നിയന്ത്രണം പൂര്‍ണമായും അല്ലാഹുവില്‍ അര്‍പ്പിക്കുകയാണ്. വികാര വിചാരങ്ങളിലും അടക്കങ്ങളിലും അനക്കങ്ങളിലും ഇനി അല്ലാഹു മാത്രം. നഖമോ മുടിയോ കൊഴിഞ്ഞാല്‍ ഫിദ്‌യ നിര്‍ബന്ധമാകും. മിക്ക സ്ത്രീകളും മുഖ മക്കന നീക്കിയിരുന്നെങ്കിലും മുഖത്തു തട്ടാത്ത തരത്തില്‍ നിഖാബ് തൂക്കിയിടുന്ന സംവിധാനം ഞങ്ങള്‍ രണ്ട് മൂന്ന് പേര്‍ ധരിച്ചിരുന്നു. ആയിശ ബീവി (റ) യും മറ്റു സ്വഹാബീ വനിതകളും ഇത്തരത്തിലുള്ളവ ഉപയോഗിച്ചിരുന്നെന്ന് ഉസ്താദുമാര്‍ ഹജ്ജ് പഠന ക്ലാസുകളില്‍ ഓര്‍മിപ്പിച്ചിരുന്നു. ഇഹ്‌റാമിന് മുന്നോടിയായി സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ സുന്നത്തുണ്ടെന്ന കാര്യം ഓര്‍ത്തത് പല ഇത്താത്ത മാരുടെയും കൈകള്‍ കണ്ടപ്പോഴാണ്. ഞങ്ങളുടെ സംഘത്തില്‍ ഏറ്റവും പ്രായമുണ്ടായിരുന്നത് ഭര്‍ത്താവിന്റെ അമ്മായിക്കായിരുന്നു. ചെറുപ്പത്തിലേ മരണപ്പെട്ട അവരുടെ ഭര്‍ത്താവിന് വേണ്ടിയുള്ള ഹജ്ജ് കര്‍മങ്ങള്‍ക്കായാണ് അനാരോഗ്യത്തെ അവഗണിച്ചും ഈ എഴുപതുകളിലും അവര്‍ പുണ്യഭൂമിയിലെത്തിയിരിക്കുന്നത്. അമ്മായിയുടെ ആരോഗ്യം മദീനയില്‍ വെച്ച് അല്‍പം മോശമായിരുന്നെങ്കിലും ഇപ്പോള്‍ അല്‍പം ഭേദമുണ്ട്.

ഇനി ലബ്ബൈക്കിന്റെ അലയൊലികള്‍ മാത്രമാണെങ്ങും. ഹാജിമാരെയും വഹിച്ചു കൊണ്ടുള്ള ബസ്സുകള്‍ റോഡുകള്‍ കയ്യടക്കിക്കഴിഞ്ഞു. ഇനി എല്ലാ വീഥികളും മക്കയിലേക്ക്. അസീസിയയില്‍ ബസ് എത്തിയപ്പോള്‍ രാത്രി രണ്ട് മണി. ഇടത്താവളങ്ങളില്‍ വെച്ച് നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞിരുന്നു.
ആ പാതിരാത്രിയിലും ജീവനക്കാര്‍ ഭക്ഷണവുമായി കാത്തിരുന്നത് അല്‍ഭുതപ്പെടുത്തി. അമീറുമാരുടെ സേവനങ്ങള്‍ സ്മരിക്കാതെ വയ്യ. ഇടക്കിടക്ക് വീട് മാറിപ്പോകുന്ന ഗൃഹനാഥന്റെ അവസ്ഥയിലാണവര്‍. എല്ലാവരുടെയും സാധനങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതും തിരിച്ചെത്തിക്കുന്നതിനുമുള്ള അധ്വാനം ചില്ലറയല്ല. ആട്ടിന്‍പറ്റത്തെ തെളിച്ച് നടക്കുന്ന ഇടയന്റെ അവസ്ഥ ഇതിലും ഭേദമെന്ന് ചില സമയത്ത് തോന്നുന്നത് ഭര്‍ത്താവും (ദുല്‍ഫുക്കറിലി സഖാഫി) അമീറായത് കൊണ്ടൊന്നുമല്ല കെട്ടോ.

ഒരു ദിവസം വിശ്രമമായിരുന്നെങ്കിലും ദിവസവും നടക്കുന്ന ക്ലാസുകള്‍ക്കും ഹദ്ദാദ് ബുര്‍ദ്ദ സദസുകള്‍ക്കും മാറ്റമൊന്നുമുണ്ടായിരുന്നില്ല. തങ്ങളുസ്താദിന്റെ നസീഹത്തുകള്‍ പൊട്ടിക്കരഞ്ഞുള്ള ദുആകള്‍ ഹൃദയം കണ്ണീര്‍ കൊണ്ട് കഴുകാന്‍ മാത്രം ശക്തമായിരുന്നു. തന്റെ ജീവിതത്തില്‍ ഇടപഴകിയ ഓരോരുത്തരെയും ഓര്‍മിച്ച് കൊണ്ടുള്ള തേട്ടങ്ങള്‍. ഉപ്പയുടെയും ഭര്‍തൃമാതാപിതാക്കളുടെയും ഓര്‍മകള്‍ കണ്ണു നിറച്ച് പുറത്തേക്കൊഴുകി. സയ്യിദന്മാരെയും ദീനിന്റെ ഖാദിമീങ്ങളെയും സ്‌നേഹിച്ചും സേവിച്ചും അവര്‍ രക്ഷപ്പെട്ടു. ഉപ്പയുടെ (സി.കെ ഉസ്താദ്) അവസാന റമളാനിലെ അവസാന തറാവീഹ ്ജമാഅത്തിന് ശേഷമുള്ള ദുആ ഓര്‍മ വന്നു. ”അല്ലാഹുമ്മ ശാരി ക്‌നാ ഫീ ദുആ ഇ ല്‍ മുഅമിനീന്‍’ എന്നു പറഞ്ഞ് ഒറ്റക്കരച്ചിലായിരുന്നു. തന്റെ നിഴല്‍ പോലെ കൂടെനടന്നിരുന്ന അവര്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് തങ്ങളുസ്താദ് നിരവധി മജ് ലിസുകളില്‍ ദുആ ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ഉപ്പയു’ടെ പ്രാര്‍ത്ഥന ക്ക് റബ്ബ് ഉത്തരം നല്‍കിയിരിക്കുന്നുവെന്ന്.
ഹജ്ജ് സ്വീകരിക്കാന്‍ വേണ്ട കര്‍മങ്ങളേക്കാള്‍ ബാത്വിലായി പോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരുന്നു ബാഖവി ഉസ്താദ് ഓര്‍മിപ്പിച്ചത്.

ഹജ്ജിന്റെ കര്‍മങ്ങളിലേക്ക് കടക്കുകയാണ്. ഹറമില്‍ മാത്രമല്ല മക്കയിലും തിരക്ക് കൂടിയിരിക്കുന്നു. മക്കയില്‍ പ്രവേശിച്ചതിന്റെ ഭാഗമായുള്ള ‘ഖുദൂമി’ ന്റ ത്വവാഫിനായി തിരക്കൊഴിഞ്ഞ സമയം കാത്തിരിക്കുകയാണ് ഉസ്താദുമാര്‍. മക്കയില്‍ ചൂട് അതികഠിനമാണ്. ഏതാണ്ട് അമ്പത് ഡിഗ്രിക്കടുത്തുണ്ട്. മക്കയിലെ വെയില്‍ ഒരു മണിക്കൂര്‍ ക്ഷമയോടെ ഏറ്റാല്‍ അത് മഹ്ശറയിലെ അമ്പത് വര്‍ഷത്തെ വെയിലിനെ കുറക്കുമെന്ന് അറിഞ്ഞപ്പോള്‍ രാവും പകലും വെയിലായെങ്കിലെന്ന് ആശിച്ചു പോയി. മഹ്ശറ ഓര്‍ത്താല്‍ ഇതെത്ര നിസാരം. മതാഫ് അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരം തന്നെ. അല്ലാഹുമ്മ ഈമാനന്‍ ബിക….. പല നാട്ടുകാര്‍ ആകാരവും വര്‍ണവും വിവിധമെങ്കിലും ദിക്ര്‍ ഒന്നു തന്നെ. വൈവിധ്യങ്ങളായ ഉച്ചാരണങ്ങളോടെ ഓറഞ്ച് നിറത്തിലുള്ള യൂണിഫോം മക്കന വളരെ ദൂരെ നിന്നു പോലും കണ്ണില്‍ പെട്ടിരുന്നതിനാല്‍ കൂട്ടം തെറ്റാന്‍ സാധ്യത വിരളമാണ്. തിരക്ക് വര്‍ധിച്ചതിനാല്‍ ഹാന്‍ഡ് ബുക്ക്‌സ് നോക്കി ദിക്‌റുകള്‍ ചൊല്ലാന്‍ കഴിയുന്നില്ല. ഉസ്താദുമാര്‍ ഉറക്കെ ചൊല്ലിത്തന്ന് മുന്നോട്ട് നടന്നു. ത്വവാഫും ശേഷം ഖുദൂമിന്റെ ത്വവാഫി നോട്കൂടി ഹജ്ജിന്റെ സഅയ് കൂടി പൂര്‍ത്തിയാക്കി. വാജിബായ സഅയ് ഫര്‍ളോ സുന്നത്തോ ആയ ത്വവാഫിന്റെ ശേഷമായിരിക്കണമെന്ന നിബന്ധനയുണ്ട്. ‘മസ്അ’ ശീതീകരിച്ച ബഹുനില കെട്ടിടമായിരിക്കുന്നു. കല്ലുകളിലും പാറക്കൂട്ടങ്ങളിലും വെയിലേറ്റ് സഫക്കും മര്‍വക്കുമിടയില്‍ ഓടിയ പൂര്‍വികര്‍ക്ക് ലഭിച്ച ആത്മീയ സായൂജ്യം ഒന്നു വേറെ തന്നെ. ഹാജറ ബീവി (റ) യുടെയും ഇസ്മാഈല്‍ നബി (അ)ന്റെയും പാദമുദ്രകള്‍ മാര്‍ബിള്‍ക്കുന്നിന്റെ താഴെ പെട്ടു പോയിരിക്കാം. അവശേഷിക്കുന്നത് ചില്ലുകൂട്ടില്‍ മെഴുകു തേച്ച സഫയും മര്‍വയും മാത്രം. സഅയ് കഴിഞ്ഞ ഉടനെ മുടി മുറിക്കാതിരിക്കാന്‍ ഉസ്താദുമാര്‍ മര്‍വയില്‍ ജാഗരൂകരായിരുന്നു. ഉംറയുടെ ഓര്‍മയില്‍ പലരും ചെയ്യാനിടയുണ്ടായിരുന്നു’.

മര്‍വ ഗേറ്റിലൂടെ പുറത്ത് വന്ന് എല്ലാവരും തിരിച്ച് ബസ് കയറാനായി നടന്നു തുടങ്ങി. നാലും അഞ്ചും വയസ് പ്രായം തോന്നിക്കുന്ന കുരുന്നുകളെ ഇഹ്‌റാമിന്റ വേഷത്തില്‍ കണ്ടപ്പോള്‍ മക്കളെ ഓര്‍മ വന്നു. ഇഹ്‌റാം വേഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്.
ഇഹ്‌റാമില്‍ ഒരു സെക്കന്റ് പോലും പാഴാക്കരുതെന്ന് ഉസ്താദുമാര്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. മിനിമം മൂന്ന് ഖതമുകള്‍ എഴുപതിനായിരം തഹ്‌ലീല്‍, സ്വലാത്തുകള്‍, അമ്പത് ത്വവാഫ്..ഗ്രൂപ്പിലെല്ലാവരും ഈ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാനുള്ള യജ്ഞത്തിലാണ്.

ദുല്‍ഹിജ്ജ 7- യൗമു സീനമിനായിലേക്ക് പോകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്യാവശ്യം സാധനങ്ങള്‍ എടുത്താല്‍ മതി. ഇനി മുതല്‍ അവനവന്റെ ചെറിയബാഗ് സ്വയം ചുമക്കേണ്ടി വരും. രാത്രി വൈകിയാണ് മുത്വവ്വിഫിന്റെ ബസ് വന്നത് മറ്റു വാഹനങ്ങള്‍ അനുവദനീയമല്ല. അമ്മായിയെയും കൊണ്ട് ബസില്‍ കയറിപ്പറ്റാന്‍ എനിക്കും താത്താക്കും ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. ബസുകള്‍ ഒച്ചിനെ തോല്‍പിക്കുന്ന വേഗത്തിലായിരുന്നതിനാല്‍ പുലര്‍ച്ചെക്ക് മുമ്പ് മിനായില്‍ എത്തി.’.

അഭിലാഷം എന്നര്‍ത്ഥമുണ്ടത്രെ മിനയ്ക്ക്. ഗര്‍ഭപാത്രം പോലെയാണത്. ഹജ്ജ് സീസണില്‍ പരമാവധി ആളുകളെ ഉള്‍ക്കൊള്ളുന്നെങ്കില്‍ അല്ലാത്തപ്പോള്‍ അവിടം ശൂന്യമായിരിക്കും. 65 ബി ആയിരുന്നു. ഞങ്ങളുടെ ടെന്റുകളുടെ നമ്പര്‍. മര്‍കസ്, എസ്. വൈ.എസ് തുടങ്ങി കേരളത്തിലെ മിക്ക ഗ്രൂപ്പുകളുടെയും തമ്പുകള്‍ ആ പരിസരത്തു തന്നെയാണ്. ഇത് വരെ ഫൈവ് സ്റ്റാര്‍ താമസ സൗകര്യങ്ങളുള്ള റൂമുകളായിരുന്നെങ്കില്‍ ഇനി ധനികനും ദരിദ്രനും ഒരേ പായയില്‍ ഒരൊറ്റ തമ്പിനുള്ളില്‍. ആയിരങ്ങള്‍ക്ക് മൂന്നോ നാലോ ടോയ്‌ലറ്റുകള്‍. ഭക്ഷണം സമയാസമയങ്ങളില്‍ തമ്പിനു മുന്നില്‍ കൊണ്ടുവന്നു വിളമ്പിത്തരുന്നുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം കൊച്ചു കിടക്കകളും തലയിണകളുമുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയുമൊക്കെ, ജീവിതം പോലെ ‘ ഹജ്ജ് നല്‍കുന്ന അനുഭവ പാഠങ്ങളിലൊന്നാണിത്. കൈയോ കാലോ അല്‍പം നീട്ടിയാല്‍ മറ്റുള്ളവരുടെ ദേഹത്ത് തട്ടും.

ദുല്‍ഹിജ്ജ 8- യൗമുത്തര്‍ വിയമിനായില്‍ ചിലവഴിച്ചു. ഇനി അറഫയിലെ മാനവ മഹാസംഗമത്തിനുള്ള തയാറെടുപ്പുകള്‍. മഗ്‌രിബിന് ശേഷം അറഫയിലേക്ക് പുറപ്പെടുകയാണ്. ബസിലും കാല്‍നടയായും ഹാജിമാര്‍ അറഫയിലേക്കൊഴുകുകയാണ്. നേരത്തെ എത്തി അനുവദിക്കപ്പെട്ട തമ്പുകള്‍ കണ്ടു പിടിച്ചെങ്കിലേ അറഫ ദിനം ഇബാദത്തുകളില്‍ മുഴുകാന്‍ കഴിയൂ.. ബസുകള്‍ ഹാജിമാരെയും വഹിച്ച് അറഫയിലേക്ക് നീങ്ങിത്തുടങ്ങി. ഉസ്താദുമാര്‍ തമ്പ് നേരത്തെകണ്ടെത്തിയിരുന്നതിനാല്‍ പ്രയാസപ്പെടേണ്ടി വന്നില്ല. മിനായിലേത് പോലെയല്ല. ഇവ താല്‍കാലികമായി നിര്‍മിച്ച ശീല കൊണ്ടുള്ള പന്തലുകള്‍ ആണ്. കിടക്കകളും മറ്റും ഇവിടെയുമുണ്ട്. ഭീമന്‍ കൂളറുകളും’അറഫ ദിനം. ഭക്ഷണവും വെള്ളവും മറ്റും സമയാസമയങ്ങളില്‍ എത്തുന്നുണ്ട്. ലക്ഷങ്ങള്‍ക്ക് മരുഭൂമിയില്‍ സൗകര്യമൊരുക്കാന്‍ എത്ര പാടു പെട്ടിരിക്കും. ഒരു നിമിഷം പാഴാക്കാതെ ആയിരം ഇഖ്‌ലാസ്, സൂറതുല്‍ഹശ്ര്‍, ദിക്‌റുകള്‍ ചൊല്ലാന്‍ ഉസ്താദുമാര്‍ നിര്‍ദേശിച്ചിരുന്നു. മഅ്ദിനിലെ അറഫ ദിന മജ്‌ലിസുകള്‍ മനസിലേക്കോടിയെത്തി. ഓരോ മജ്‌ലിസിലും അടുത്ത അറഫ ദിനം അറഫയില്‍ എത്തിക്കണേ എന്നുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം തന്ന ലോകരക്ഷിതാവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ലല്ലോ.

ഉച്ചക്കു ശേഷം മഅ്ദിന്‍ മര്‍കസ്, എസ്.വൈ എസ് തുടങ്ങി എല്ലാ ഗ്രൂപ്പുകളും ഒരുമിച്ച് സുല്‍ത്താനുല്‍ ഉലമ എ.പി. ഉസ്താദ്, ബദറുസ്സാദാത്ത് തങ്ങളുസ്താദ് തുടങ്ങി മുസ്‌ലീം കെരളിയുടെ അമരക്കാര്‍ നേതൃത്വം നല്‍കിയ ദുആ മജ്‌ലിസ്. ഹജ്ജിന് വരുന്ന മുഴുവന്‍ ഹാജിമാരും ഒരേ സമയം സംഗമിക്കുന്ന അറഫ, ആദ്യ പിതാവ് ആദം നബി(അ)യും മാതാവ് ഹവ്വ (റ) യും ഭൂമിയില്‍ ആദ്യമായി കണ്ടു മുട്ടിയതിന്റെ സ്മരണ പുതുക്കുന്നു. സമത്വത്തിന്റെ ഉദാത്തമായ ഇസ്‌ലാം മാതൃക കറുത്തവനും വെളുത്തവനും ചെറിയവനും വലിയവനും മനുഷ്യ മഹാപ്രളയം. ആദം നബി(അ) മുതല്‍ എത്ര മനുഷ്യരുടെ കാല്‍പാടുകള്‍ ഈ മണ്ണില്‍ പതിഞ്ഞിരിക്കാം… മഹാ സംഗമത്തിനൊടുവില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ എത്തിയചാറ്റല്‍ മഴക്കൊപ്പം ഹാജിമാരുടെ ഹൃദയങ്ങളും കണ്ണീരില്‍ കുതിര്‍ന്നിരുന്നു. അറഫയിലെ ദുആ തള്ളപ്പെടുമോ എന്ന ചിന്ത പോലും അറഫയോടുള്ള അദബു കേടത്രെ. വീണ്ടും സംഗമിക്കാന്‍ വിധി നല്‍കണേ എന്ന പ്രാര്‍ത്ഥനയോടെ മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി. പുനര്‍ജന്‍മനാളില്‍ മഹ്ശറ ലക്ഷ്യമാക്കി നീങ്ങുന്ന മാനവരെപ്പോലെ.

കാല്‍നട സംഘത്തോടൊപ്പം ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മായിയുടെ അവസ്ഥ പരിഗണിച്ച് ബസിലേക്ക് നടന്നു. പതിവിന് വിപരീതമായി അന്ന് വാഹനങ്ങള്‍ വേഗത്തില്‍ നീങ്ങിത്തുടങ്ങി. അറഫ വിടുമ്പോഴുള്ള പ്രാര്‍ത്ഥന ബാഖവി ഉസ്താദ് ഉറക്കെ ചൊല്ലിത്തരുന്നുണ്ടായിരുന്നു. മുസ്ദലിഫയിറങ്ങി പലരും പലയിടത്തായെങ്കിലും മക്കന സഹായത്തിനെത്തി. മഗ്‌രിബ് ഇശാ അ് നിസ്‌ക്കാരങ്ങള്‍ക്ക് ശേഷം ജംറയില്‍ എറിയാനുള്ള കല്ലുകളും ശേഖരിച്ച് അല്‍പ്പം വിശ്രമിക്കാനായി എല്ലാവരും കിടന്നു. നൈജീരിയക്കാരായ ഉമ്മയും മകളും അടുത്തു കിടക്കുന്നു. അറബി സംസാരിക്കാന്‍ അറിയാത്തതിനാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. അറബി സംസാരിച്ചുപഠിക്കാനുള്ള സഹോദരന്റെ നിര്‍ദേശം അവഗണിച്ചതില്‍ ഖേദം തോന്നി. ഇവിടെ ഇംഗ്ലീഷും ഉറുദുവുമൊന്നും ചിലവാകുന്നില്ല.. മാനം മേല്‍ക്കൂരയാക്കി ഉറങ്ങി വീണ്ടും എണീറ്റ് നടക്കുമ്പോള്‍ ഖിയാമത്ത് നാളും പുനര്‍ജന്മവും മഹ്ശറാ പ്രയാണവും വീണ്ടും മനസില്‍ ഓടിയെത്തി.
സുബ്ഹിക്ക് ശേഷം മിനായിലേക്ക് പുറപ്പെട്ടു. തമ്പിലേക്കുള്ള വഴികള്‍ താത്ക്കാലികമായി അടച്ചിരുന്നു. ജംറകളിലേക്കുള്ള വഴി മാത്രം തുറന്നിട്ടുണ്ട്. വഴി കാണുന്നുണ്ടെങ്കിലും ഒരു നിലക്കും പോലീസുകാര്‍ കടത്തിവിടുന്നില്ല. തിരക്കില്‍ പെട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്. ഗൂഗിള്‍ മാപും ലൊക്കേഷനുമൊന്നും സഹായിക്കില്ലെന്ന് ബോധ്യപ്പെടാന്‍ ഏറെ നേരം വേണ്ടി വന്നില്ല. ചുറ്റിത്തിരിഞ്ഞ് ടെന്റിലെത്തിയപ്പോള്‍ പെരുന്നാള്‍ പുലരി ഉദിച്ചിരുന്നു. കാല്‍നട സംഘം രാത്രി തന്നെ തമ്പിലെത്തിയിരുന്നു.
സന്തോഷവും സങ്കടവും മാറി മറിഞ്ഞ നിരവധി പെരുന്നാളുകള്‍ കഴിഞ്ഞു പോയെങ്കിലും മിനായിലെ പെരുന്നാള്‍ പ്രത്യക അനുഭവമായിരുന്നു. പെരുന്നാള്‍ സദ്യ കഴിഞ്ഞ് വിശ്രമിച്ച ശേഷം കല്ലേറിനായി ജംറയിലേക്ക് പുറപ്പെടുകയാണ്.

പെരുന്നാള്‍ ദിനം രാവിലെ എറിയലാണ് സുന്നത്തെങ്കിലും തിരക്കൊഴിവാക്കാന്‍ രാത്രിയിലേക്ക് മാറ്റിവെക്കുകയാണ് പതിവ്. ഉസ്താദുമാരുടെ മേല്‍നോട്ടത്തില്‍ ഹാജിമാരുടെ സംഘം പുറപ്പെട്ടു. പല രാജ്യക്കാര്‍, വേഷക്കാര്‍, ഭാഷക്കാര്‍ ലബ്ബൈക്കിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. തുരങ്ക പാതയിലൂടെയാണ് ജംറയിലേക്ക് എത്തുന്നത്. 100 മീറ്റര്‍ വീതം നീളമുള്ള പത്ത് എലിവേറ്ററുകള്‍. യാത്രാ ദൈര്‍ഘ്യം ഒരു കീലോമീറ്റര്‍ കുറച്ചത് ആശ്വാസമായിട്ടുണ്ട്. യന്ത്രക്കോണികള്‍ ഭയത്തോടെ കണ്ടിരുന്നവര്‍ക്ക് കയറാന്‍ ഒരു പരിശീലനവുമായി. യാത്ര ജംറ കോംപ്ലക്‌സിന്റെ രണ്ടാം നിലയിലാണ് അവസാനിക്കുന്നത്. ജംറത്തുല്‍ അഖബയിലാണെറിയാനുള്ളത്. ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും സ്മരണ എങ്ങും നിറഞ്ഞു നില്‍ക്കുന്നു. തീക്ഷ്ണ പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിച്ച അവര്‍ക്ക് റബ്ബ് കൊടുത്ത സമ്മാനം. തിരിച്ച് വരുന്നത് മറ്റൊരു വഴിയിലൂടെയാണ്. അല്ലാഹുവിന്റെ അതിഥികള്‍ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കുന്ന അധികൃതരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇന്ത്യോനേഷ്യന്‍ സംഘം യാ അക്‌റം ബൈത് ചൊല്ലി കടന്നു പോയി.

ടെന്റിലെത്തിയ ശേഷം മുടിയെടുത്തു. പതിനൊന്നിന് രാത്രിയാണ് ജംറകളിലേക്ക് പോയത്. മൂന്നു ജംറകളെയും എറിഞ്ഞ ശേഷം ബാഖവി ഉസ്താദ് ദുആ ചെയ്തു. മന്‍ഖൂസ് മൗലിദ് ഓതിക്കൊണ്ട് തിരിച്ചു നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന വഹാബി സംഘം അരിശം പ്രകടിപ്പിച്ച് കടന്നു പോയി. തഹല്ലുലായതിനാല്‍ ഹാജിമാര്‍ സാധാരണ വേഷം ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട് തങ്ങളുടെ ആണ്ടിന്റെ ദിവസമായിരുന്നതിനാല്‍ എല്ലാവരും ഒരുമിച്ച് കൂടി ഖുര്‍ആന്‍ ഖതമുകള്‍ ഹദിയ ചെയ്തു. ജീവിതകാലത്ത് ഒരു നിമിഷം പോലും പാഴാക്കാതെ ദീനിനായി ഓടി നടന്നതിനാല്‍ അവര്‍ക്കൊക്കെ മരണ ശേഷം സ്വസ്ഥമായി വിശ്രമിക്കാം.
ആറ്റുപുറം അലി ബാഖവി ഉസ്താദ്, ദേവര്‍ ശോല ഉസ്താദ്, പട്ടുവം അമാനി ഉസ്താദ് തുടങ്ങി പ്രഗത്ഭ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ക്ലാസുകളും ബുര്‍ദ്ദ സദസുകളും മിനായിലെ രാപകലുകള്‍ സമ്പന്നമാക്കി.

തിരക്ക് കുറവുള്ള സമയം നോക്കി ഹജ്ജിന്റെ ഇഫാളത്തിന്റെ ത്വവാഫ് ചെയ്യാന്‍ പുറപ്പെട്ടു. ഹറമിലെത്തുമ്പോള്‍ സുബ്ഹ് ജമാഅത്തിന് സമയമായിരുന്നു. ഇഹ്‌റാമിലായി മരണപ്പെട്ടവരെ മയ്യിത്ത് നിസ്‌ക്കാരത്തിനായി എത്തിച്ച സ്ഥലത്തെത്തിയപ്പോള്‍ അല്‍പം പതറിപ്പോയി. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാരെ വരെയുണ്ട്. സ്ത്രീകളുടെ മുഖമോ പുരുഷന്‍മാരുടെ തലയോ മറച്ചിട്ടില്ല. ജിബ്‌രീല്‍(അ)ന്റെ വിളി കേട്ട് ഹജ്ജിനെത്തിയവരത്രെ അവര്‍. മഹ്ശറയില്‍ മുഹ്‌രിമീങ്ങളായി എത്താന്‍ ഭാഗ്യം ലഭിച്ചവര്‍. ത്വവാഫ് പൂര്‍ത്തിയാക്കി ടെന്റിലേക്ക് മടങ്ങുമ്പോഴും ആ കാഴ്ച കണ്ണില്‍ നിന്നും മാഞ്ഞിരുന്നില്ല.
ജംറകളിലെ ഏറും മിനാ വാസവും പൂര്‍ത്തിയാക്കി സഹജീവിതത്തിന്റെ പാഠങ്ങള്‍ ചൊല്ലിത്തന്ന തമ്പിനോട് വിട പറഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോഴേക്കും ഒരുമ്മ പെറ്റ മക്കളെ പോലെ എല്ലാവരും സ്‌നേഹപാശത്താല്‍ ബന്ധിതരായിരുന്നുവെന്ന് അവരുടെ നയനങ്ങള്‍ തെളിയിച്ചു.

ഉമ്മുല്‍ ഖുറായോട് വിട പറയുകയാണ്. വീണ്ടും രണ്ട് തവണ കൂടി ഉംറ ചെയ്തു. അവസരം നല്‍കിയ റബ്ബിന് സ്തുതി. അര്‍ഹരായവര്‍ ഒരു പാട് കാത്തിരിക്കുമ്പോഴും മഹത് കര്‍മത്തിന് തെരഞ്ഞെടുത്ത റബ്ബേ. കാലാതിവര്‍ത്തിയായ പ്രൗഢിയോടെ വിശുദ്ധ കഅബ, സര്‍വ്വം നാഥനിലര്‍പ്പിച്ച പ്രദക്ഷിണം ചെയ്യുന്ന ജനസാഗരം, സ്വര്‍ഗീയ സുഗന്ധവുമായി ഹജറുല്‍ അസ്‌വദ്, സഹസ്രാബ്ദങ്ങളുടെ പാദമുദ്രകളുമായി ഇബ്‌റാഹീം മഖാം, പുണ്യത്തിന്റെ വറ്റാത്ത ഉറവ സംസം… എല്ലാം വീണ്ടും വീണ്ടും അനുഭവിക്കാന്‍ വിധി കൂട്ടണേ. ഈ കര്‍മ്മങ്ങളെല്ലാം മഖ്ബൂലും മബ്‌റൂറും മര്‍ളിയ്യുമാക്കണേ, വിദാഇന്റത്വവാഫ് ചെയ്ത് ബഹുവന്ദ്യരായ ബദ്‌റുസ്സാദാത്ത് തങ്ങളുസ്താദിന്റെ പ്രാര്‍ത്ഥനക്ക് ആ മീന്‍ പറയാന്‍ വന്‍ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഭാരം തോന്നിക്കുന്ന കാലുകളും കാറ്റിലാടുന്ന ശരീരവും വിങ്ങുന്ന മനസുമായി തിരിച്ചു നടക്കുമ്പോള്‍ മുന്നിലൂടെ ഒരു കൂട്ടം പ്രാവുകള്‍ പറന്നു പോയി. നിര്‍ഭയരായി….. മനസ് മന്ത്രിച്ച് കൊണ്ടിരുന്നു.
‘ഇന്നല്ല ദീ ഫറള അലൈകല്‍ ഖുര്‍ആന ലറാ ദുക ഇലാമ ആദ് (വി.ഖുര്‍ആന്‍)

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×