പരിണാമം

ജോലി നഷ്ടപ്പെട്ട നിസ്സഹമായ നീണ്ട രണ്ടു വർഷങ്ങൾക്കൊടുവിൽ നാട്ടിലേക്കു തിരിച്ചു വരാനുള്ള സൗകര്യം തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു സമദ്. വീടുപണി പൂർത്തീകരിക്കുകയെന്ന ലക്ഷ്യം ഭാരമേറിയൊരു മോഹമായിത്തന്നെ ബാക്കിയാക്കിയിട്ടാണ് അയാൾ തിരിച്ചു വണ്ടി കയറുന്നത്. പടവും വാർപ്പും കഴിഞ്ഞിട്ട് രണ്ടു വർഷത്തിലേറെയായി. എടുത്ത പണികളത്രയും വളരെ ശ്രദ്ധയോടെയും അന്വേഷണത്തോടെയും തന്നെയാണ് അയാൾ ചെയ്യിപ്പിച്ചത്. മുബാറക് ഡോർസിലെ ആശിഖ് പറഞ്ഞതനുസരിച്ച്, ചിതലരിക്കാതിരിക്കാൻ ജനലും വാതിൽ കട്ടിലകളും അയാൾ ഇരുമ്പിന്റേതു തന്നെ വാങ്ങിവെച്ചിരുന്നു.

സഊദിയിൽ നിന്നും പോരാൻ അവസരം ലഭിച്ചതു മുതൽ, വിമാനത്താവളങ്ങളിൽ നിന്നും വിമാനത്തിൽ നിന്നും പഞ്ചായത്തിൽ നിന്നും നാട്ടിൽ നിന്നും അവസാനം വീട്ടിൽ നിന്നും വരെ, പതിനാലു ദിവസ ക്വാറന്റൈനെക്കുറിച്ച് അയാൾ കേട്ടുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഒരു കുറ്റവാളിയോടു ശിക്ഷയെക്കുറിച്ചു സംസാരിക്കുന്നതു പോലെയായിരുന്നു എല്ലാവരും അക്കാര്യം അയാളോടു സംസാരിച്ചിരുന്നത്. കൂട്ടുകാരൻ പ്രമോദ് മാത്രമാണ് കുറച്ചെങ്കിലും സ്നേഹത്തോടെ ആ വിഷയം അവതരിപ്പിച്ചത്.

പണി പൂർത്തിയാകാത്ത, നിലംപണിയും തേപ്പും കഴിഞ്ഞിട്ടില്ലാത്ത, സമദിന്റെ മോഹമായ വീടിന്റെ മുമ്പിലാണ് പ്രമോദ് കാർ നിർത്തിയത്. കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു മുപ്പതു മീറ്റർ അകലെയായി തറവാടിന്റെ കോലായിയിൽ ജാമിദയും മക്കളും തനിക്കു നേരെ കൈവീശുന്നത് അയാൾ കണ്ടു. അവരുടെ മുഖ ഭാവങ്ങളെ കൃത്യമായി മനസ്സിലാക്കാൻ അയാൾക്കു കഴിയുന്നുണ്ടായിരുന്നില്ല. അവരെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു.

സാധാരണ ഗൾഫിൽ നിന്നും തിരിച്ചു നാട്ടിലെത്തുമ്പോൾ, ചുവന്ന വെളുത്ത നിറവും ഒരു പ്രത്യേക മണവുമാണ് അയാൾക്കുണ്ടാകാറുള്ളത്. ഭാര്യക്കും മക്കൾക്കും വീട്ടുകാർക്കും അവ ഭയങ്കര ഇഷ്ടമാണ്. കൈയിൽ നമ്പർ ലോക്കുള്ള ഒരു സ്വീറ്റ്കേസും കാറിന്റെ മുകളിൽ കെട്ടി കൊണ്ടുവരാൻ പാകത്തിൽ വലുപ്പമുള്ളൊരു വലിയ പെട്ടിയും കൂടെയുണ്ടാകാറുണ്ട്. ഇത്തവണ അൽപ്പം മെലിഞ്ഞും പ്രതീക്ഷിച്ച മണമില്ലാതെയും നാട്ടിലെത്തിയ സമദിനെ കണ്ട് ജാമിദയുടെയും മക്കളുടെയും വീട്ടുകാരുടെയും നെറ്റിയിൽ നീളമുള്ള ചുളിവുകൾ രൂപപ്പെട്ടു. ഒരു തിങ്ങിയ ഉൾക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഭീകരമായ ചുരം പോലെയുണ്ടായിരുന്നു ആ മടക്കുകൾ.

പണി തീരാത്ത പുതിയ വീട്ടിലാണ് തനിക്ക് പതിനാല് ദിവസത്തെ താമസം തയ്യാറാക്കിയിരിക്കുന്നതെന്നു സമദിനു മനസ്സിലായി. ഹാളിന്റെ ഇടതു ഭാഗത്തുള്ള മുറിയുടെ ഒരു മൂലയിൽ, കട്ടിലും കിടക്കയും പുതപ്പും സംവിധാനിച്ചിട്ടുണ്ടായിരുന്നു. മറ്റൊരു മൂലയിൽ ചുരുട്ടിവെച്ച അയലിന്റെ കയർ കണ്ട അയാൾക്ക്, കൈതക്കൂട്ടിൽ കാണാറുള്ള മഞ്ഞച്ചേരയെ ഓർമ വന്നു. ജനൽ പൊളി വെച്ചിട്ടില്ലാത്ത ജനലുകളിൽ എന്തിനോ വേണ്ടി ന്യൂസ് പേപ്പറുകൾ ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു. ജനൽ വഴി പുറത്തു നിന്നു കയറിവരുന്ന കറുത്ത വയറിന്റെ അറ്റത്ത് ഒരു വാൾ ഫാൻ തൂക്കിയിട്ടിട്ടുമുണ്ടായിരുന്നു.

പ്രമോദ് ഉള്ളിലേക്കു കയറി വന്നു. വെളിച്ചത്തിന് ഇതുപയോഗിക്കാമെന്നും പറഞ്ഞ്, ഒരു എമർജൻസി ലാമ്പും, ചാർജ് നിറച്ച പവർ ബേങ്കും നിലത്ത് ചാരിവെച്ചു. ഒരു ടേബിൾ വേണമല്ലേയെന്ന് ആരോടെന്നില്ലാതെ ഒരഭിപ്രായവും പറഞ്ഞു. ഭക്ഷണവും ടോയ്ലറ്റും മറ്റു കാര്യങ്ങളുമൊക്കെ എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നു കൂടി വിവരിച്ച ശേഷം പ്രമോദ് യാത്ര പറഞ്ഞിറങ്ങി. ബോറടിക്കുമ്പോഴൊക്കെ ഫോൺ ചെയ്യണമെന്ന് പ്രമോദ് പറഞ്ഞപ്പോൾ സമദ് ചുറ്റിലും നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അനിവാര്യമായ മാസ്ക് വെച്ചതു കാരണം അവർക്കും പരസ്പരം ശരിയാംവിധം കാണാനോ മനസ്സിലാക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല.

പരിചയമില്ലാത്ത ടോയ്‌ലറ്റിൽ കയറി വാതിലടക്കുമ്പോൾ പോലും അയാൾക്കൊരു ഭീതി അനുഭവപ്പെടാറുണ്ട്. ഉപ്പാക്കും ഉമ്മാക്കും ജാമിദക്കും പ്രമോദിനുമെല്ലാം അതറിയുന്നതുമാണ്. എന്നിട്ടും തന്നെ ഒറ്റക്കൊരു റൂമിൽ, അതും ഒറ്റക്കൊരു വീട്ടിൽ തനിച്ചാക്കിയതിന്റെ ഭയവും സന്താപവും അയാളിൽ തിങ്ങി നിറഞ്ഞു. പ്ലസ് ടുവിൽ കൂടെ പഠിച്ച ഡോ. ജിതിൻ തന്നെ മോണോഫോബിക് സമദ് എന്നാണ് വിളിക്കാറ്. അയാൾക്കതിന്റെ അർത്ഥമൊന്നും മനസ്സിലാകാറില്ലെങ്കിലും ‘ഏയ്‌ ഞാനതൊന്നുമല്ല’ യെന്നു പറഞ്ഞ് ഒഴിഞ്ഞു മാറലാണ് സമദിന്റെ പതിവ്.

ആദ്യ രാത്രിയിൽ സമദിന് ഉറങ്ങാനേ സാധിച്ചില്ല. പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഡബിൾ സ്റ്റിക്കർ വെച്ച് ഒട്ടിച്ച ന്യൂസ്പേപ്പറുകളിലൊന്ന് പാറി വീണു. നിലാവിന്റെ അരണ്ട വെളിച്ചവും നായ്ക്കളുടെ ഓരിയിടലും മുറിക്കുള്ളിലേക്ക് ഇരമ്പി വന്നു. അയാൾ ആ സ്റ്റിക്കറെടുത്തു വീണ്ടും ഒട്ടിക്കാൻ ശ്രമിച്ചു. തുരുമ്പെടുത്തു തുടങ്ങിയിരുന്ന ജനലിന്റെ വക്കിൽക്കൊണ്ട് അയാളുടെ കൈ ചെറുതായെന്നു മുറിഞ്ഞു. ചെറിയൊരു തുള്ളി രക്തം പൊടിഞ്ഞു, നിലത്തുറ്റി. കൈവലിച്ച് അയാൾ വിരലൂമ്പി, ഒരു പുളിപ്പനുഭവപ്പെട്ടു. ന്യൂസ്‌പേപ്പർ തിരിച്ചൊട്ടിക്കാതെ, തുറന്നുകിടന്ന ജനലിലൂടെ സമദ് പുറത്തേക്കു നോക്കിക്കിടന്നു. ആദ്യമാദ്യം കണ്ണടച്ചു പിടിച്ച അയാൾ, ഘട്ടം ഘട്ടമായി കണ്ണ് തുറന്നു കാഴ്ചകൾ കാണാൻ തുടങ്ങി. ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. തണുപ്പും ചൂടും അറിയാൻ തുടങ്ങി. വവ്വാലുകൾ തലങ്ങും വിലങ്ങും പാറിക്കളിക്കുന്നുണ്ടായിരുന്നു. റോഡിലെ പ്രകാശിക്കുന്ന സ്ട്രീറ്റ് ലൈറ്റിൽ വലിയൊരെണ്ണം തൂങ്ങിക്കിടക്കുന്നത് അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

രാവസ്തമിച്ച് പകൽ വന്നു. ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുകൊണ്ടിരുന്നു. ആദ്യമാദ്യം ജാമിദയും മക്കളും സമദിനെയും, പിന്നീട് സമദ് അവരെയും കാണാതെയായി. കണ്ടാലും ചിരിക്കാതെയായി. ഒറ്റക്കിരിക്കാനോ രാത്രി ഉറങ്ങാനോ ബുദ്ധിമുട്ടില്ലാതെയായി. പതിനാലാം രാത്രിയായപ്പോഴേക്കും പുറത്ത് വവ്വാലുകളുടെ ശബ്ദം കേൾക്കാതെയായി. അയാൾ ജനലിലൂടെ പുറത്തേക്ക് അതിശയത്തോടെ നോക്കി. വവ്വാലുകൾ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളിൽ അള്ളിപ്പിടിച്ചു നിൽക്കുകയായിരുന്നു. ജനൽ കമ്പിയിൽ പിടിച്ചിരുന്ന വിരലുകളിലൂടെ ചിതലുകൾ അരിക്കുന്നത് അയാളറിഞ്ഞു. ചിതലുകളുടെ ഉറവിടം പരതി നോക്കിയപ്പോൾ ജനൽ കട്ടിലിന്റെയൊരു മൂല മുഴുവനും ചിതൽ തിന്നു തീർത്തിട്ടുണ്ടായിരുന്നു. അയാൾ കട്ടിലിൽ തനിച്ച് മലർന്നു കിടന്ന് നന്നായുറങ്ങി. തൊട്ടടുത്ത പകലിൽ കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും, ജാമിദയോടൊപ്പം കിടക്കുന്നതും, കുട്ടികളെ ഉമ്മവെക്കുന്നതും സ്വപ്നം കാണാൻ അയാൾ അപ്പോഴേക്കും മറന്നുപോയിരുന്നു.

ശിബിലി മഞ്ചേരി

ശിബിലി മഞ്ചേരി

യുവ കഥാകാരൻ , വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×