അതിനറിയാമായിരുന്നു
നൂറ്റാണ്ടുകൾ നയിക്കാൻ
ഒരാൾ വരുമെന്ന്
ജിബ് രീലിന്റെ വചനത്താൽ
കാലം അഭിഷിക്തമാകുമെന്ന്
അടിമകൾക്ക് നാവും
എളിയവർക്ക് ഉയിരുമായി
ചരിത്രം വിളങ്ങുമെന്ന്
ആടുകൾ മേയ്ച്ച
കൈ തന്നെയോ ഇത്?
കച്ചവടത്തിനായി നടന്ന
കാല് തന്നെയോ ഇത്?
ഹിറായ്ക്ക് സംശയം തോന്നിയിരിക്കാം
എങ്കിലും
തന്റെ കല്ലുകളാണ്
ആ പാദമേറ്റ് അലിയുന്നതെന്നും
തന്റെ ശൂന്യതയിലാണ്
ആ ഇരിപ്പ് നിറയുന്നതെന്നും
അറിഞ്ഞു
ബദ്ർ
ഉഹ്ദ്
ഹുനൈൻ
യുദ്ധങ്ങൾ
ഹിറാ മുന്നേ കണ്ടു
ഉയർച്ച
താഴ്ച
വാഴ്ചകൾ
നേരത്തെ തൊട്ടു
നാടുകടത്തപ്പെട്ടവരുടെ
മുദ്രയായിരിക്കണം
ഹിറായിൽ പതിഞ്ഞ വെയിൽ
തിരിച്ചുവന്നവരുടെ
വിജയമായിരിക്കണം
രാത്രിയിലടർന്ന മഞ്ഞ്
ഹിറായിൽ നിന്ന് പുറത്തിറങ്ങിയ
നിലാവ്
ഹിറായിൽ നിന്ന് പുറത്തിറങ്ങിയ
ഉറവ
ഹിറായിൽ നിന്ന് പുറത്തിറങ്ങിയ
കാറ്റ്
കാലത്തിന്റെ റസൂൽ
