പാതിര കഴിഞ്ഞിട്ടും
ആമിനാത്താൻ്റെ കുടിലിലെ
മെഴുകുതിരി വെട്ടം അണഞ്ഞില്ല,
സർബത്ത് വെള്ളം
കോരിയൊഴിച്ച്
കൂട്ടിയൊട്ടിക്കുമ്പോൾ
ആമിനാത്ത
മക്കളോട് ഉറക്കെ
സ്വലാത്ത് ചൊല്ലാൻ പറയും.
ഹുജ്റത്തുശരീഫീന്ന് *
മുത്തു നബി തങ്ങൾ
കേൾക്കുമെന്നും,
ജന്നത്തുൽ ബഖീഈന്ന്
പൊന്നുപ്പ കാണുമെന്നും പറഞ്ഞ്
അവരെ മാറോട് ചേർക്കും.
പച്ച ഖുബ്ബ വെട്ടിയൊട്ടിച്ച
പൈസക്കുറ്റീന്ന്
ചില്ലറയുടെ കിലുക്കം,
ചുരുട്ടി മടക്കിയ പത്തിൻ്റെ
പഴയ നാല് നോട്ടുകൾ.
അമ്പതിൻ്റെ രണ്ടെണ്ണം.
ഇരുപതിൻ്റെ മൂന്ന്.
‘ൻ്റെ മുത്ത് നബിക്ക് ‘ന്ന് പറഞ്ഞ് പാടവരമ്പത്ത്ന്ന് കയറുമ്പോൾ
കോന്തലയിൽ
ഹുബ്ബ് കൊണ്ട് പൊതിഞ്ഞ
ഒരാണ്ടിൻ്റെ കരുതൽ.
ഇരുന്നൂറും,ചില്ലറയും.
ചേറിൻ്റെ ഗന്ധം.
അല്ല,
മദീനയുടെ സുഗന്ധം.
അന്നൊരു സ്വഫറിൻ്റെ
ഒടുവിൽ,
ഇഹ്റാം കെട്ടി
കപ്പല് കയറുമ്പോൾ,
‘മൻഖൂസ് മൗലിദ്
ഞാനില്ലെങ്കിലും
മുടക്കരുതാമിനാന്ന് ‘
ഉമ്മാനോടുപ്പ പറഞ്ഞത്,
‘ൻ്റെ സലാം മുത്ത് നബീനോട് പറയാൻ മറക്കരുതേന്ന് ‘ കുഞ്ഞോളുപ്പാനോട്
വീണ്ടും വീണ്ടുമുണർത്തിയത്,
ആരുമറിയാതെ പെട്ടിയിലൊളിപ്പിച്ച
മൂന്ന് വെള്ളത്തുണിയിൽ
ജന്നാത്തുൽ ഫിർദൗസിൻ്റെ
അത്തറ് പുരട്ടാൻ
കുഞ്ഞോനോടുപ്പ പറഞ്ഞത്.
ഒടുവിൽ,
ബഖീഇൽ നിന്നും ഹുജ്റയോളം അടിവേര്നീണ്ട
ആ മൈലാഞ്ചിച്ചെടിയുടെ
സ്നേഹ ഗന്ധം
പന്ത്രണ്ടിൻ്റന്ന്
കുഞ്ഞോൻ ദഫ് മുട്ടി
‘യാ നബീ സലാം’ നീട്ടിപ്പാടുമ്പോൾ
പാടവരമ്പത്തേക്ക്
പാറി വന്നത്
ഓർമ്മകളിലങ്ങനെ
തളംകെട്ടി നിൽക്കുന്നു.
വെള്ളക്കടലാസ് നാലായി കീറി
പച്ച നിറത്തിൽ കുഞ്ഞോളെഴുതിയ
‘മർഹബൻ യാ ശഹ്റ റബീഹ് ‘
സർബത്ത് പേക്കറ്റിലോരോന്നിലും
മൈദപ്പശ ചേർത്തൊട്ടിക്കുമ്പോൾ
ഉപ്പ മടിയിലിരുത്തി പറഞ്ഞ് തന്ന ഹബീബിൻ്റെ കഥകൾ
മനസ്സിലങ്ങനെ തികട്ടി വരുന്നു.
ആദം നബിക്കും
മുമ്പെ നൂറായി വിരിഞ്ഞത്,
ലോകം കാത്തിരുന്നത്,
മർഹബ പാടിയത്,
പുളകം കൊണ്ടത്,
മാസം രണ്ടിലുപ്പ പിരിഞ്ഞത്,
ആറാമാണ്ടിൽ ഉമ്മ മറഞ്ഞത്,
വല്ലിപ്പയും പിന്നെ എളാപ്പയും
പൊടുന്നനെ പോയത്.
പൊന്നുമക്കളാറിൻ്റെയും
മയ്യിത്ത് കട്ടില് ചുമക്കേണ്ടി വന്നത്.
എന്നിട്ടും,
പുഞ്ചിരിക്കാൻ പഠിപ്പിച്ചത്.
സുജൂദിൽ ഒട്ടകക്കുടല് ചാർത്തിയത്,
കൂക്കി വിളിച്ചത്, കളിയാക്കിയത്,
ത്വാഇഫിൽ കാലീന്ന്
ചോര പൊടിഞ്ഞത്,
മലയിടുക്കിപ്പൊടിക്കാൻ
ജിബ്രീല് ചോദിച്ചിട്ടും,
വെളിച്ചം തേടിയൊരാളെങ്കിലുമെത്തുമെന്ന പ്രതീക്ഷ പറഞ്ഞത്.
പിറന്ന മണ്ണീന്ന് പിരിയേണ്ടി വന്നത്,
തിരിച്ചു വന്ന്
പൊറുത്തു കൊടുത്തത്.
ലോകർക്ക് മുഴുവൻ പ്രഭയായത്,
തണലായത്.
ഒടുവിലുമ്മത്തിയെന്നോതി
ഹുജ്റ ചേർന്നത്.
‘വമമാത്തീ ഖൈറുലകും’
ആയിരങ്ങൾക്കാറടിയിലും,
മുകളിലും സുഗന്ധം പരത്തി
അഭയം തീർത്ത്
റഹ്മത്തുൻ ലിൽ ആലമീനായത്.
എത്രയെത്ര മധുരക്കഥകൾ,
നിലാവ് പൂത്ത രാവുകൾ.
പച്ച ഖുബ്ബയുടെ നിറമുള്ള
കടലാസ് പെട്ടിയേന്തി
തെക്കേ പള്ളിയുടെ ഇറയത്ത്
ആമിനാത്ത മീലാദ് റാലി
വരുന്നതും കാത്തിരുന്നു.
‘ൻ്റെ മുത്ത് നബിയേ..’
ദാ ഈ പള്ളിക്കാട്ടിൽ
ഞാനും ൻ്റെ കുട്ട്യാളുമുണ്ടാകും.
ഞങ്ങളെ ഖബറിൽ
വെളിച്ചം തരണേ..
അർഷിൻ്റെ തണലിലേക്ക്
മാടി വിളിക്കണേ..
കൗസറ് ആകുവോളം മുക്കിത്തരണേ..
സ്വർഗവാതിലിൻ്റെ
വട്ടക്കണ്ണി പിടിക്കുമ്പോൾ
ചെരുപ്പടിയിലെ ഒരു തരിയെങ്കിലുമാക്കണേ..
ദഫ് മുട്ടി മർഹബ പാടി
വരണ്ടു തുടങ്ങിയ
തൊണ്ടകളിലൂടെ
ഇശ്ഖിൻ്റെ ഒരിളം തണുപ്പ്,
മഹബ്ബത്തിൻ്റെ
കൊതി തീരാത്ത മധുരം,
സ്വർഗത്തീന്ന് ഉപ്പ ചിരിച്ചു.
റൗളയിൽ നിന്ന് ഹബീബും
“ഹയാത്തീ ഖൈറുലകും
വമമാത്തീ ഖൈറുലകും” *

