ഹലീമ

ശൈമ,
കാരക്കാ പഴങ്ങൾ ചേർത്തുവെച്ച് ദുനിയാവിന് മുഴുക്കൻ മധുരം വിളമ്പുന്ന
മധുര സ്വപ്നം കാണുന്ന പകലിൽ
മധുരം നിറച്ച കുഞ്ഞിളം പുഞ്ചിരിയുമായി ഗ്രാമത്തിലേക്ക്
അവൻ, അവൻ മുഹമ്മദ് .

ഹലീമായുടെ കൈകളിൽ ഒരു കൊച്ചു താരകം

കരിഞ്ഞുണങ്ങിയ തരുക്കളിൽ ചെറുനാമ്പുകൾ വിടരുന്നു.
വരണ്ടുണങ്ങിയ അകിടുകളിൽ പാൽക്കിനിയുന്നു

പ്രവാചകന്റെ വരവ് അവിടം സ്വർഗ്ഗമാക്കുന്നു

റഹ്മത്തിന്റെ പ്രബുവിനെ മാറോടണക്കുമ്പോൾ ഹലീമ
ആ ചന്ദ്രതാരത്തിൻ ആകാശമാകുന്നു.

കിഴക്കുനിന്ന് ഒരു വെള്ളിവെളിച്ചം
കറുത്ത രാത്രിയുടെ ഉടൽ കീറിയെറിഞ്ഞ സ്വപ്നത്തിൽ
ഞെട്ടിത്തരിച്ച അവൾ കൺചിമ്മിയ പകലിൽ.
വിണ്ണിൽ നിന്നു രണ്ടു മാലാഖ ചിറകുകൾ
പാറി വന്ന് ദൈവപുത്രന്റെ മാറ് പിളർക്കുന്നു.
ഹലീമ വിശുദ്ധഹൃദയന്റെ അമ്മയാകുന്നു .

കാത്തുവെച്ച കാരയ്ക്ക പഴങ്ങളാൽ സ്നേഹം വിളമ്പി
ശൈമ താരാട്ട് പാടുമ്പോൾ
പ്രവാചകന്‍ ദുനിയാവിനു മുഴക്കൻ
കാരുണ്യമാകുന്ന കാരയ്ക്ക പഴങ്ങൾ
പകുത്തു നൽകുന്നു .

ഹലീമ നട്ടുച്ചയിലേക്ക് ചാഞ്ഞു കിടക്കുന്ന
വെയിലോളം പോന്ന സ്നേഹത്താൽ മുഹമ്മദ് എന്നുരുവിട്ടു.

ഇന്നലെ പെയ്ത മഴയുടെ അവസാന തുള്ളിയേയും ഒഴുക്കി കളഞ്ഞ്
അയയിൽ കിടന്ന വെളുത്ത വസ്ത്രം
പ്രവാചകനിലേക്കുള്ള അവന്റെ യാത്രയിൽ ശരീരത്തോട് ചേർത്തു
ഹൃദയത്തോടും,

ഹലീമ ഉഹദ് മലയോളം സ്നേഹമുള്ളവൾ,
മുലപ്പാലിന്റെ ഗന്ധമുള്ളവൾ
ഖുർആനിൽ ഇക്ക്റഹ് എന്നപോൽ
പ്രവാചകന്റെ ജീവനിൽ
മധുരമിറ്റിച്ചവൾ
ഹലീമ ഹലീമ ഹലീമ…

ആ ദിവ്യ വെളിച്ചത്തെ പാലൂട്ടുക എന്നാൽ സർവ്വചരാചരങ്ങളിലേക്കും
സ്നേഹം ഇറ്റിക്കുക എന്നു കൂടിയാണ്
ആ പരം പൊരുളിനെ മാറോടണക്കുകയെന്നാൽ
ഈ ലോകത്തിനു മുഴുവൻ വാത്സല്യമേകുക എന്നുകൂടിയാണ്

ഹലീമാ..
വിശ്വ പ്രവാചകന്റെ ചുണ്ടിലെ അമ്മിഞ്ഞ മധുരമേ
ഹലീമാ …

ജിതീഷ് ജീവാനന്ദ്

ജിതീഷ് ജീവാനന്ദ്

കവി, എഴുത്തുകാരൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!