ഇരുണ്ട പ്രാവുകളുടെ മൂളക്കം
എങ്ങും ഉന്മാദത്തിൻ്റെ ചൂര്
പെണ്ണുടലുകളിൽ പാതിയറ്റ
ആത്മാവിൻ മിഴിനീരുമാത്രം.
പതിനാൽ പൂത്ത നിലാവൊച്ചയിലും
മുറിവ് പുരണ്ട നിശാഗന്ധം.
കള്ളൂന്തിയ തെരുവിലത്രയും
ആർത്തിയുടെ രതിപ്പാടുമാത്രം.
ഭരണിയിലുപ്പ് പിടിച്ചാൽ പിന്നെ
കണ്ണ് കലങ്ങും, നാക്കുയരും
ഭൂമി ശപിച്ചവളാകരുതെന്ന്.
കുഞ്ഞുടലുകളത്രയും ഉറങ്ങുന്നുണ്ട്
മണ്ണ് തളിർത്തഭിമാനികളുടെ ശ്മശാനത്തിൽ .
ആദിയോൻ്റെ പ്രഭ
മരുഭൂവിലന്ന് ഗർഭം പൂണ്ടു
ആമിനുമ്മ നൂറിനെ പെറ്റു,
അന്ധകാരത്തിന്റെ ശിഖിരങ്ങളിലെല്ലാം
നിലാവ് പെയ്തു, കറുപ്പടർന്നു.
പെൺകുഞ്ഞിനൊരുക്കിയ
ചുടലയുടെ സങ്കടക്കഥകളത്രയും
തിരുമുമ്പിൽ മനമുരുകിയൊലിച്ചു.
ഭർത്താവിൻ മുഖം ഇരുളുമെന്ന് കണ്ട്
പ്രിയപുത്രിയെ അയൽകരങ്ങളിലൊളിപ്പിച്ചതും,
കുഞ്ഞിന്റെ കൊഞ്ചലേറ്റ്
പ്രിയനിൽ വാത്സല്ല്യം മൂത്ത്
കുഞ്ഞിനോടടുത്തപ്പോയാണ്
പൊന്നുമ്മ കളങ്കം മറച്ച്
ഹൃദയം തുറന്നത്.
ആണ്ടൊരിക്കലിലെ പെരുന്നാൾ പുലരിയിൽ
ഉടുപ്പണിയിച്ച് ചന്ത കാണിക്കാമെന്നേറ്റ്
പൊട്ടക്കിണറ്റിൽ ഉപ്പച്ചിക്കരമൊരുക്കിയ
കുഴിമാടക്കഥ തേങ്ങിപറഞ്ഞു അനുജരർ,
ചുടു ചുംബനമേൽകാത്ത
പത്ത് പെണ്ണോമനകളുടെ വ്യഥ
പറഞ്ഞ് അഖ്റബോരും മിഴിനനച്ചു.
ഹൃത്തിൽ വിശ്വാസം പുൽകിയാലുടൻ
അജ്ഞതക്കറനീങ്ങുമെന്ന് ദൂതരാശ്വസപ്പിച്ചു
മൂന്നരുൾപുകളും മാതാവിലർപ്പിച്ച്
നാലാമതുപ്പയിൽ കടപ്പാടരുളി
അവളിൽ കണ്ണീർ പെയ്യിച്ചവരുടെ
തേട്ടമൊട്ടും ഉടയോൻ കേൾക്കില്ലന്നുരത്തു.
സ്ത്രീ പ്രഭാ വിളക്കെന്നും
ദുനിയാവിലേറ്റവും മുന്തിയത്
ഹൃദയം മുന്തിയോളെന്നും
പെണ്ണിന്റെ കാൽക്കലാണ്
സ്വർഗ്ഗത്തോപ്പെന്നുമരുളിയ
അങ്ങാണേറ്റവും വലിയ
മനുഷ്യ സ്നേഹിയും, സ്ത്രീ സംരക്ഷകനും.

