പശിയും പ്രവാചകനും

പകലോൻ മയങ്ങിയ നേരവും
ചെറുകൂരയും വയറും ശൂന്യമായിത്തന്നെ നിൽക്കും
തീ കാണാത്ത വിറകുച്ചുള്ളികൾ
അടുപ്പിന്റെ മൂലയോട് ചാരിയിരിക്കും
ഈന്തോലകൾ ചേർത്തുകെട്ടിയ കുടിലിൽ വിഭവച്ചൂര് പതിവില്ലെന്ന് കാറ്റും…

രാത്രിയേറെ യാത്രയാകുമ്പോഴും
വയറാർത്തു കരയുമ്പോഴും
സുജൂദ് ദീർഗ്ഗമാകും
മരുമണൽ നെറ്റിയിൽ നനഞ്ഞൊട്ടും…

സഹികെട്ടിറങ്ങിയൊരു രാത്രിയിൽ
അനുചരർ കണ്ടത്
പള്ളിയോട് ചാരി
ഇരുട്ടിലഭയം പൂകിയ പ്രവാചകരെ…
പശി മാറ്റിയ
അബുൽ ഹൈസമിന്റെ ഭവനം
എന്തനുഗ്രഹീതം…

ഉപരോധത്തിന്റെ ചൂടുള്ള നാളുകളിൽ
പച്ചിലകൾ ഉൾചൂടറിഞ്ഞു
പച്ചവെള്ളം ഉദരത്തിൽ
അല്ലലില്ലാതോടിക്കളിച്ചു
ഹൃദയം പൊട്ടിയായിശുമ്മ
മുത്തിനെ തലോടിക്കരഞ്ഞു

വിശപ്പെത്ര ക്രൂരൻ!
ഉദരത്തോട് ചുണ്ടുചേർത്ത
കല്ലുകൾ
ഖന്തഖിന്റെ വഴിയരികിൽ
കണ്ണീരുവീഴ്ത്തി…
എങ്കിലും, സ്നേഹത്തിന്റെ പ്രവാചകൻ
വിശപ്പിനെയും അതിരറ്റ് പ്രണയിച്ചു

വ്രതവിശുദ്ധിയോതി മാനരെ
കഴുകിയെടുത്തപ്പോഴും
വിശപ്പ് തോറ്റു
ശൂന്യമായ വയറുള്ള രാത്രികളിൽ
നാഥനെ കണ്ടുറങ്ങി

രാവേറെ നീളുന്ന നിസ്കാരപ്പായുടെ
നൂൽ
മറ്റേതോ അറ്റത്ത് ഹൂവിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നു
അതിനുമപ്പുറം പറുദീസയെന്ന് കവി
ചുമരിൽ ഫിർദൗസിനായ് വിശക്കുന്നവന്റെ വിലാസങ്ങൾ
മിന്നാമിനുങ്ങു കണക്ക് നൂറിന്റെ നൂറാൽ കോർത്ത സ്വലാത്തിന്റെ മുത്തുകൾ പറന്നുപരക്കുന്നു
ചുറ്റിലും മധുരമുള്ള വിശപ്പിന്റെ വേദന…

തോട്ടത്തിൽ നബിയെ പണിക്കയച്ചത് പിഞ്ചോമനകളുടെ വാടിയ മുഖമായിരുന്നു
വഴിവക്കിലൊക്കെയും ഹസ്സാനോരെ നോവ്…
അയൽവാസിയെ പോറ്റണമെന്നരുളുമ്പോഴും
ഉള്ളിൽ വിശപ്പിന്റെ
ആന്തലായിരുന്നു…

തീ പുകയാത്ത മാസങ്ങൾ…
വയറു തണുക്കാത്ത ദിനരാത്രങ്ങൾ…
ഉദരം ശൂന്യമാകുമ്പോഴും
ശരീരം മെലിഞ്ഞൊട്ടുമ്പോഴും
മനസ്സിൽ വിരുന്നായിരുന്നു…
ഉടയോന്റെ നൂറുള്ള വിരുന്നൂട്ട്…

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!