കരയരുത് കരയരുത്…
ഉടൽ മാത്രം കറുത്തവനിലേക്ക്
കാരുണ്യത്തിന്റെ ഉറവ പൊട്ടിയൊഴുകി
ഒട്ടകങ്ങൾക്കൊപ്പം വളർന്നവന്റെ
ചാട്ടവാർ മുറിവിലേക്ക്
സ്നേഹത്തിന്റെ വിരൽസ്പർശം മഴയായ്
കുളിരായ്…
പ്രപഞ്ചം നിശ്ചലമായി..!
എത്യോപ്യൻ അടിമപ്പെണ്ണിന് പിറന്നവനെ
ലോകനേതാവ് നെഞ്ചോട് ചേർക്കുകയോ?
വെയിലേറ്റു പഴുത്ത
മണൽത്തരികളിൽ പച്ചമാംസം
വെന്തുരുകിയൊലിക്കുമ്പോഴും നിറയാത്ത കണ്ണുകൾ
കടലോളം നിറഞ്ഞുതൂവി
പ്രവാചകന്റെ
സ്നേഹത്തണുപ്പിൽ
വിശ്വാസത്തിന്റെ പൂമരം
ആകാശത്തോളം വളർന്നു.
ബാങ്കുവിളി നിയമമായി
മദീനയുടെ കർണപുടങ്ങളിൽ നിന്ന്
ആദ്യമധുരശബ്ദം മണൽക്കാട്ടിൽ അലയടിച്ചു
കാതുകൾ പുളകിതമായി..
മണൽത്തരികൾ തരളിതരായി
കണ്ണ് നിറച്ചു കാണാൻ
ഒരു ചിത്രം പോലും ബാക്കിവെയ്ക്കാതെ
ലോകമനസ്സിൽ കുടിയേറിപ്പാർക്കുന്ന,
തിരുദൂതരുടെ
ആലിംഗനമേറ്റ
വെളുത്ത മനസ്സുള്ളവരേ
അങ്ങയേക്കാൾ ഭാഗ്യവാൻ മാറ്റാരാണ്..?

