തിരുദൂതരുടെ മധുരധ്വനിയലകൾ
നൂറ്റാണ്ടുകൾ താണ്ടി
തീരമണഞ്ഞു
ഉടയോനേകൻ
ഉടമയാണൊരുവൻ
വിശ്വാസദീപ്തി തെളിഞ്ഞ ഹൃത്തടങ്ങൾ
വിനയത്തോടെ മൊഴിഞ്ഞിടുന്നു സാക്ഷ്യ വചനങ്ങൾ
അല്ലാഹുവൊരുവൻ മാത്രമാണാരാധ്യൻ
അന്ത്യ ദൂതരായ് പിറന്നതാണൽഅമീൻ .
തണലിടുന്നു മുകിലുകൾ
തരുക്കളും ശിലകളുമോതിടുന്ന ഭിവാദനങ്ങൾ ,
പൂർണേന്ദു ശോഭയിൽ പിളർന്ന നേരം
പൂക്കൾ തോൽക്കുന്ന തിരുവദനം
മധു തേടും ഭ്രമരങ്ങളെപ്പോൽ
മാനവരൊന്നൊന്നായ് അണഞ്ഞാ കരങ്ങളിൽ.
വിറളി പൂണ്ട നരാധമൻമാർ
വിഗ്രഹങ്ങൾക്കായ് വാളെടുക്കുന്നവർ വന്യമായതിക്രമങ്ങൾ
വിറച്ചിടാതെ പൊരുതിയോരനുചരർ
വിശപ്പിൻ മലഞ്ചെരുവിലും
വിരിപ്പായ് ചുടു മണലിലും
മുറുകെപ്പിടിച്ചതീ വിശ്വാസം മാത്രം നൻമകൾ മാത്രം
വിധിക്കുന്നുവെന്നുടയോൻ .
അനാഥത്വം ഗർഭപാത്രത്തിലും
മാതൃവിയോഗത്തിൽ തേങ്ങിയ നാളുകൾ
വാത്സല്യനിധികളോരോന്നുമകലുന്ന ബാല്യം
വെയിലത്തു വാടാതിരിക്കാനായ്
തീയിൽ കുരുത്തവർ.
താങ്ങായി നിന്ന
‘പാതി’യും പിതൃവ്യനും
തണലറ്റു പോയ വിരഹവർഷം
അന്നമില്ലാത്തയന്തികളുമൊരുപാട്
ചവറുകൾ കൊണ്ടഭിഷേകമേൽക്കുമ്പോൾ
ചരലുകൾ നിണ ചിത്രങ്ങൾ രചിക്കുമ്പോൾ
മുഴങ്ങുന്നതത്രയും
കൈ കൊട്ടിചിരിക്കുന്ന പരിഹാസ വാക്കുകൾ
ശത്രു വ്യൂഹത്തിലേക്ക് ശൈലങ്ങളടർത്തി യെറിയുവാനെത്തീ
മാലാഖമാർ
തിരുദീനിൻ
ശാദ്വല തീരത്തവരെ ചേർക്കാനായ്തേടിയന്നാ മനം.
ജീവനെടുക്കാനടുത്ത നൂറു ഖഡ്ഗങ്ങൾ
ജയഭേരി മുഴക്കാനായി കാതോർത്ത് ശത്രുക്കൾ,
മിത്രവുമൊത്ത് സൗറി ലേക്കടുക്കുന്നു
മലമുകളിലെ ചെറു ഗുഹയിൽ കാത്തതുമായുടയോൻ
മാടപ്രാവും ചിലന്തിയും കാവലായിടുന്നു
ബഹ്റിലെ കപ്പലുമരികെ കണ്ടിരുന്നു.
മൂന്നാമനായിയെന്നുടയോനുണ്ട്
മന്നാനെന്നും കൂടെയുണ്ട്.
ഉമ്മുൽഖുറാക്ക് വിടചൊല്ലിയ നേരം
ഉള്ളിൽ നിറനോവുമായി
യസ്രിബ്രിലേക്ക്
മടക്കമത് നിശ്ചയം
അഭിമാന പൂർവ്വം
അരുളുന്നുണ്ടുടയോൻ വിശുദ്ധ വചനങ്ങൾ സാക്ഷി.
താണ്ടിയൊരുപാട് രണഭൂമികൾ
തരിമണൽക്കാറ്റേറ്റ്
നീറിയ പകലിരവുകൾ
ഉറ്റവൻ തൻ കരൾചിന്നിച്ചിതറിയന്നേരം
ഉറ്റി വീണ നീർമണികൾ
പോലും
ഇതെന്തേയെനിക്കിങ്ങനെയെന്ന് മൊഴിഞ്ഞതേയില്ല ,
ചോദിച്ചതേയില്ല തിരുവനുചരരും
എവിടെ നബിയുടെയുടയോനെന്ന്.
ചൊല്ലുവിൻ സ്വലാത്തെന്ന് കൽപ്പനയെത്തി, ഉടയോനും
ചൊരിയുന്നനുഗ്രഹം
തിരുദൂതരിൽ എന്നുണർത്തി
തലയുയർത്തി
മക്കാമരുഭൂവിലെ വിജയ ചിത്രം
രക്തരഹിത വിപ്ലവചരിത്രം
തിരുദൂതർ സ്തുതിയാലെ കരമുയർത്തി
ചൊല്ലീയെന്നുടയോൻ
റഹ്‌മാനും റഹീമുമെന്ന്
ഞാനെന്നും ഉടയോൻ്റെ ഹബീബാണെന്ന്.

