താരകങ്ങളെ കാണിച്ച്
അന്നുമ്മച്ചി കഥകൾ പറയും
ഏതോ ഇരുട്ടിൽ നിന്നും
ഒറ്റപ്പെട്ട് തെളിച്ചമായ
നക്ഷത്രങ്ങളെ ചേർത്ത്
ഞങ്ങൾ കഥ കേൾക്കാനൊരുങ്ങും.
മക്കയിലെ പ്രവാചകരുടെ
കഥകൾ പറയുമ്പോൾ
ഉമ്മച്ചി കൂടുതൽ
ഉത്സാഹത്തേരിലേറും.
ആലമിന് മുന്നേ പടച്ച
നൂറിൻ്റെ കഥകൾ
ഞങ്ങളിൽ തിളക്കമുണ്ടാക്കും.
എത്രമാത്രം ധന്യമാണവിടുന്നെന്ന്
വീണ്ടും വീണ്ടും തോന്നും.
പേറ് തൊട്ട് പറഞ്ഞു തുടങ്ങും
മുത്തിന്റെ കഥകൾ
ഉമ്മ ആമിനയുടെ പേറ്റുസുഖം
അന്ത്യ വസന്തത്താൽ
അടർന്നു പോയ
ഇരുണ്ട നേരത്തെ ചില്ലകളുടെ
ദാഹിച്ചു ചത്ത സാവയുടെ
ശിരസ്സറുത്തു വീണ ബിംബങ്ങളുടെ
രോദന കഥകൾ.
ലോകത്തിൻ്റെ തണലിന്
മേഘം വിരിച്ച തണലിൻ്റെ
നിഴൽ ചിത്രങ്ങൾ വരച്ചു തരും.
കല്ലുകൾ ചെന്ന് വ്യഥ ചൊല്ലിയത്
മരമന്ന് പരിഭവം നിറച്ചത്
മാൻപേട വന്ന് പരാതിയോതിയത്
എല്ലാം പറയും.
നിറമില്ലാത്ത ഞങ്ങളുടെ
ആകാശ ലോകത്ത്
ആ മനുഷ്യൻ്റെ
അമാനുഷികത തെളിയും.
ഹുബ്ബ് നിറയും,
മനം കൊതിക്കും.
ഏതിരുട്ടിലും അവിടുന്ന്
ചൂട്ടായ് കത്തി പ്രഭ തെളിച്ചതും
ഏതു സന്ധിയിലും
ധീരതയുടെ പുതപ്പിട്ട്
കരുണയുടെ കരങ്ങൾ നീട്ടി
സർവ്വ ലോകത്തിനും
കരുണയായ നേതാവിനെ,
ഈലോകം സാക്ഷ്യമുണ്ടെന്നുറച്ച്
ഭൂമിയിൽ ഇമനീര് തൊടീച്ച്
ഉമ്മച്ചി പറഞ്ഞു തരും.
ഉഹ്ദങ്കണത്തിൽ തിരുപല്ല് പൊട്ടിയത്
സുജൂദിൽ കുടൽമാല വെച്ചത്
ത്വഇഫോരത്തന്ന് ഭ്രാന്തർ കല്ലെറിഞ്ഞത്
എന്നിട്ടും അരുതെന്ന് ചൊല്ലിയത്
എന്നെങ്കിലും സത്യം പുൽകിയാലോ
എന്ന് നിനച്ചത്,
എല്ലാം പറയും.
വയറു നിറയാത്ത ഞങ്ങൾ
ആകാശം നോക്കി നിൽക്കും
നബി മുറിച്ച ചന്ദ്രൻ്റെ
പൗർണ്ണമിയിൽ
ഞങ്ങളുടെ കണ്ണീരിലും തിളക്കമുണ്ടാകും.
ഹൃദയം പിടയും,
ഉള്ള് തുടിക്കും.
ഈ ലോകത്തിൻ്റെ നേതാവ്
എന്ത് കരുണാവാനാണ്,
എന്തുമാത്രം കാരുണ്യക്കടലാണ്.
ആ കടലിലെ ജലമാകും
കരുണയുള്ളവരത്രയും കരഞ്ഞു തീർക്കുന്നത്..

