Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

ഇമാം ഇബ്നു രിഫ്അ(റ): ഏഴാം നൂറ്റാണ്ടിൻ്റെ ജ്ഞാന ദീപ്തി

ഹാഫിള് മുഹമ്മദ് ആസിം വിളയൂർ by ഹാഫിള് മുഹമ്മദ് ആസിം വിളയൂർ
in Articles, Religious
Reading Time: 3 mins read
0
ഇമാം ഇബ്നു രിഫ്അ(റ): ഏഴാം നൂറ്റാണ്ടിൻ്റെ ജ്ഞാന ദീപ്തി

വൈജ്ഞാനിക രംഗത്തെ പൂർവ്വസൂരികളായ ഒരുപാട് പണ്ഡിതരുടെ കർമ്മ ഗോദയാണ് ഹിജ്റ ഏഴാം നൂറ്റാണ്ട്.
ശാഫിഈ കർമശാസ്ത്രധാരയെ സംബന്ധിച്ചിടത്തോളം മദ്ഹബിലെ വ്യത്യസ്തമായ അഭിപ്രായ വൈജാത്യങ്ങളിൽ നിന്ന് തെളിവുകളോട് കൂടുതൽ അനുയോജ്യമായതിന്റെ അടിസ്ഥാനത്തിൽ പ്രബലമായവയെ കണ്ടെത്തുന്ന തഹ്‌രീറിന്റെ കാലഘട്ടം. പ്രഗൽഭരായ ഇമാം നവവി (റ), ഇമാം റാഫിഇ(റ) എന്നിവരോട് കൂടെ ഈ മഹത്തായ യജ്ഞത്തിൽ അറിഞ്ഞിരിക്കേണ്ടൊരു മഹാമനീഷിയാണ് ബഹുമാനപ്പെട്ട ഇമാം ഇബ്നു രിഫ്അ (റ).

മികച്ച സാഹിത്യകാരൻ, കിടയൊത്ത വാക്സാമർത്ഥ്യക്കാരൻ, അൽ ഫഖീഹ് തുടങ്ങിയ ഒരുപാട് വിശേഷണങ്ങളോടെയാണ് ഗ്രന്ഥങ്ങൾ ഇമാമിനെ പരിചയപ്പെടുത്തുന്നത്. ഇബ്നു തൈമിയ്യയുടെ സമകാലികനായ ഇമാം അദ്ദേഹത്തെ സംവാദത്തിന് ക്ഷണിക്കുന്നുണ്ടെങ്കിലും പോകാൻ കൂട്ടാക്കിയില്ല. “നമ്മുടെ ശൈഖിൻ്റെ താടി രോമങ്ങൾക്കിടയിലൂടെ ശാഫിഈ ഫിഖ്ഹ് ഒലിച്ചിറങ്ങുന്നുണ്ട്” എന്നാണ് ഇമാമിനെ പറ്റി ചോദിക്കപ്പെട്ടപ്പോൾ ഇബ്‌നു തൈമിയ്യ പറഞ്ഞത്. ഇമാം ഗസ്സാലി, ഇമാം ഹറമൈനി പോലും ശാഫി മദ്ഹബിൻ്റെ അസ്ഹാബുൽ വുജൂഹിൽപെടുമോ എന്ന അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും അവർക്ക് രണ്ട് നൂറ്റാണ്ട് ഇപ്പുറം ജീവിച്ച ഇമാം ഇബ്നു രിഫ്അ(റ) അസ്ഹാബുൽ വുജൂഹിൽ പെട്ടവരാണെന്ന് പറയപ്പെടുന്നു.

ജനനം, പഠനം

അഹമ്മദ് ബ്നു മുഹമ്മദ് എന്നാണ് മഹാന്റെ യഥാർത്ഥ നാമം. രണ്ടാം പിതാമഹനായ “മുർതഫിഅ്”എന്നവരിലേക്ക് ചേർത്തിയാണ് ഇബ്നു രിഫ്‌അ എന്നറിയപ്പെടുന്നത്. ശൈഖുൽ ഇസ്‌ലാം, നജ്മുദ്ദീൻ, അൽ ഫഖീഹ് തുടങ്ങിയ സ്ഥാനപ്പേരുകളിലും ഇമാം അറിയപ്പെടുന്നു. അൽ ഫഖീഹ് എന്ന സ്ഥാനപ്പേര് നിരുപാധികം ഇമാമിലേക്ക് ചേർത്തിപ്പറയുന്നത് പല ഗ്രന്ഥങ്ങളിലും
കാണാൻ കഴിയും. ഹിജ്‌റവർഷം- 645 പുരാതന ഈജിപ്തിലെ ഫസ്ത്വാത്ത് പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. കുടുംബത്തിന്റെ സാമ്പത്തിക അധസ്ഥിതി ഇമാമിന്റെ വിജ്ഞാന സമ്പാദനവഴികളിൽ ഒരു തടസ്സമായി നിന്നില്ല. ഇളം പ്രായത്തിൽ തന്നെ ഖുർആൻ ഹൃദ്യസ്ഥമാക്കുകയും അറിവ് ആർജനവുമായി ബന്ധപ്പെടുകയും ചെയ്തു. അബുൽ ഹസൻ അസ്വവ്വാഫ്, അബ്ദു റഹീം ദമീരി എന്നിവരിൽ നിന്ന് ഹദീസ് മേഖലയിൽ നിപുണത നേടി. തുടർന്ന് കർമ്മ ശാസ്ത്രത്തിന്റെ അനന്തലോകത്തേക്കായിരുന്നു ഇമാമിന്റെ കാൽവെപ്പ്. ശൈഖ് ഖനാഈ, ഖാളി ഇബ്നു റസീൻ, ഖാളി ഇബ്നു ബിൻതിൽ അഗർ , ഇബ്നു ദഖീഖിൽ ഈദ് തുടങ്ങിയ അക്കാലഘട്ടത്തിലെ പ്രഗൽഭരായ ഫഖീഹുകളിൽ നിന്ന് ഫിഖ്ഹ് പഠിക്കുകയും നിപുണത കൈവരിക്കുകയും പ്രസ്തുത വിഷയത്തിൽ തന്നെ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. നിരുപാധികം അൽ ഫഖീഹ് എന്ന് പറഞ്ഞാൽ ഇബ്നു രിഫ്അ തങ്ങളാണെന്ന വിധത്തിൽ കർമശാസ്ത്രത്തിൽ പ്രസിദ്ധിയാർജിച്ചു എന്നാണ് ഇമാം സഖാവീ മഹാനെ കുറിച്ച് രേഖപ്പെടുത്തുന്നത്. ശാഫിഈ മദ്ഹബിന് കേരളത്തിൽ നിന്നുള്ള സംഭാവനയായ ഫത്ഹുൽ മുഈനിൽ ഇബ്നു രിഫ്അ തങ്ങളെ തൊട്ട് ഒരുപാട് ഉദ്ദരണികൾ കാണാൻ സാധിക്കും.
അപാരമായ ബുദ്ധിശക്തി, വിശാല ചിന്താശേഷി, ആഴമേറിയ ഗവേഷണപരത, മനപാഠവൈഭവം തുടങ്ങിയ ഗുണങ്ങൾ കൊണ്ടല്ലാം ഇമാം അനുഗ്രഹീതനായി. “ജനിക്കും മുമ്പേ അറിവും ആദരവും നൽകപ്പെട്ടവർ” എന്നാണ് ഇമാം സുബുക്കി ത്വബഖാത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ശാഫിഈ മദ്ഹബിലെ അഗ്രകേസരിയായ ഇമാം ഇബ്നു സബാഅ്(റ) ഇബ്നു രിഫ്അ തങ്ങളെ കണ്ടാൽ “ഇൽമു കൊണ്ട് ചായം മുക്കപ്പെട്ടവർ” എന്ന് പറയുമായിരുന്നു എന്നും സുബ്കി ഇമാം കൂട്ടിചേർക്കുന്നു.

ജീവിതം,സേവനം

സാമ്പത്തികപ്രയാസങ്ങൾ മൂലം കുടുംബത്തിൻ്റെയും തൻ്റെയും ചെലവ് കഴിച്ചുകൂടാൻ ദർസിൻ്റെ ഇടവേളകളിൽ മറ്റു ജോലികൾ ചെയ്യാൻ മഹാൻ നിർബന്ധിതനായി. മഹാന് യോജിക്കാത്ത ജോലി ആയതിനാൽ തന്നെ ഉസ്താദായ തഖ് യുദ്ദീൻ അസ്വാഈ എന്നവർ ഇതിനെതിരെ ഗുണദോഷിച്ചപ്പോൾ തൻ്റെ സാമ്പത്തിക ദുരവസ്ഥ ഉസ്താദിന് ബോധ്യപ്പെടുത്തി കൊടുത്തു. നാട്ടിലെ ഖാളിയോട് ഇമാമിനു വേണ്ടി തഖ് യുദീൻ അസ്വാഈ സംസാരിക്കുകയും ഖാളിയെ ഇബ്നു രിഫ് അ(റ) ദർസ്സിലേക്ക് കൊണ്ടുവരികയും ഇമാമിൻ്റെ അധ്യാപന ശൈലിയും അറിവിൻ്റെ ആഴവും കണ്ടു ഖാളി അത്ഭുതപ്പെടുകയും ചെയ്തു. തുടർന്ന് “വഹാത്” പ്രദേശത്തെ നിയമജ്ഞനായി ആരോഹിച്ചു. ഖാളി പദവിയോടൊപ്പം മഅ്സിയ മദ്റസ, ത്വയ്ബർസിയ മദ്റസ എന്നിവിടങ്ങളിൽ അധ്യാപനവും നടത്തിയിരുന്നു. മിസ്റ് ലെ മുഖ്യ ഖാളി കൈവന്നതോടെ അധ്യാപനം പൂർണമായും മുടങ്ങി. ഉസ്താതായ ഇബ്നു ദഖീഖുൽ ഈദ് തങ്ങൾ ഖാളി പദവി ഏറ്റെടുത്തതോടെ അവരുടെ അസിസ്റ്റൻ്റ് ഖാളിയായി സേവനം ചെയ്യുകയും തുടർന്ന് സ്വതവേ രാജിവെക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇബ്നു രിഫ്അ തങ്ങളെ തന്റെ സ്ഥാനത്തേക്ക് മടക്കിയെടുക്കാത്തത് എന്ന് ഇബ്നു ദഖീഖിൽ ഈദ് തങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ “ഞാൻ അവരെ പിരിച്ചു വിട്ടിട്ടില്ല” എന്നാണ് മറുപടി പറഞ്ഞത്. ഇബ്നു ദഖീഖിൽ ഈദ് തങ്ങൾ അവരെ പിരിച്ചു വിട്ടതാണെന്ന തെറ്റിദ്ധാരണ മൂലമുണ്ടായ ചോദ്യമായിരുന്നത്. ആരുടെയും നിർദ്ദേശമോ ആജ്ഞയോ ഇല്ലാതെ സ്വയം രാജിവെക്കുകയായിരുന്നു ഇമാം.
തുടക്ക കാലഘട്ടത്തിൽ ദാരിദ്ര ജീവിതം ആയിരുന്നെങ്കിലും ഖാളി പദവി ഏറ്റെടുത്തത് മുതൽ സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കാൻ തുടങ്ങുകയും ജനങ്ങളുടെ ആവശ്യപൂർത്തികരണങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ കൂടുതൽ താൽപര്യം കാണിക്കുകയും ചെയ്തു. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സവീസ് എന്ന സ്ഥലത്ത് ഒരു ജലസ്രോതസ് വഖഫ് ചെയ്തിരുന്നു.

വിനയാന്വിതരായ അധ്യാപകർക്ക് മാതൃകയാണ് ഇമാം. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം കഴിവിൻ്റെ പരമാവധി നിർവഹിച്ച് കൊടുക്കുമായിരുന്നു. ഗസ്സാലി ഇമിമീൻ്റെ വസീത്വ് എന്ന ഗ്രന്ഥത്തിൻ്റ വ്യാഖ്യാനമായ “അൽ ബഹ്റുൽ മുഹീത്” ൻ്റെ രചയിതാവായ ഇമാം ഖമൂലി, തൻബീഹ് എന്ന ഗ്രന്ഥത്തിന് വ്യാഖ്യാനം എഴുതിയ ളിയാഉദ്ദീൻ അൽ മുനാവി തുടങ്ങി ഒരുപാട് പ്രഗൽഭരായ ശിഷ്യഗണങ്ങളെ ഇമാം വാർത്തെടുത്തിട്ടുണ്ട്.

കാലഘട്ടത്തിൻ്റെ ശാഫിഈ

ഇമാം ഇബ്നു രിഫ്അ(റ) തൻ്റെ കാലഘട്ടത്തിന്റെ ശാഫിഈ ആണ് എന്നാണ് ഇമാം സുബ്കിയും ഇസ്നവിയും രേഖപ്പെടുത്തുന്നത്. അക്കാലഘട്ടത്തിലെ ശഫിഈ മദ്ഹബിൻ്റെ നേതൃസ്ഥാനം ഇമാമിലേക്ക് ചുരുങ്ങിയിരുന്നു. തഖിയുദ്ദീൻ സുബ്കി (റ) ൻ്റെ പ്രാധാന ഉസ്താദാണ് ഇബ്നു രിഫ്അ(റ). “എൻ്റെടുക്കൽ അൽ ബഹ്ർ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ റൂയാനി (റ) ക്കേൾ വലിയ പണ്ഡിതനാണ് ഇബ്നു രിഫ്അ(റ)” എന്നാണ് മകൻ താജുദ്ദീൻ സുബ്കി(റ) പിതാവിനെ തൊട്ട് ഉദ്ധരിക്കുന്നത്. ശാഫിഈ മദ്ഹബിലെ നസ്സുകൾ എല്ലാം നഷ്ട്ടപ്പെട്ടാലും മനസ്സിൽ നിന്ന് എടുത്ത് പറയാൻ കഴിയുന്ന തരത്തിൽ അഗാധ ജ്ഞാനത്തിനുടമയാണ് റൂയാനി(റ) എന്നത് ഇവിടെ ശ്രദ്ധേയമാണ്. സാഹിത്യ സമ്പുഷ്ടമായ വാക്ധോരണികളിലൂടെ വിശാലമായി ഇമാം തൻ്റെ ത്വബഖാത്തിൽ ഇബ്നു രിഫ്അ (റ) നെ പ്രതിപാതിക്കുന്നുണ്ട്. അവർ എഴുതുന്നു: ഞാൻ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നു: ഇമാം ശാഫിഈ (റ) അവരെ കണ്ടിരുന്നുവെങ്കിൽ, അവരുടെ മഹത്വത്തിൽ അഭിമാനം കൊള്ളുകയും
തന്റെ സമകാലികരിൽ നിന്ന് മഹാന് മുൻഗണന നൽകുകയും തന്റെ കാലഘട്ടത്തിലെ മഹാപണ്ഡിതരുടെ നിരയിൽ ഉൾപ്പെടാൻ അർഹനാണെന്ന് പ്രഖ്യാപിക്കുകയും ചെയുമായിരിക്കും. മുസ്നി (റ) അവരെ കണ്ടിരുന്നുവെങ്കിൽ, അവർ അർഹിക്കുന്ന മഹത്വത്തിന് സാക്ഷ്യം വഹിക്കുകയും ‘ഇബ്നുൽ ബദ്റ് തന്റെ സ്ഥാനത്ത് തന്നെ തുടരട്ടെ’ എന്ന് പറയുകയും ചെയുമായിരിക്കും.
നൈൽ നദി ഒരിക്കലും അവരെപ്പോലൊരു പണ്ഡിതന് പിറവി നൽകിയിട്ടില്ല. നൈലിന്റെ സമീപത്ത് അവരെപ്പോലൊരു മഹാൻ വസിച്ചിട്ടുമില്ല. ബുവൈത്വി (റ) മഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിൽ, ‘ഞങ്ങളുടെ ശേഷം ഈ ഭൂമിയും നൈൽ നദിയും ഇത്തരമൊരു മഹാന് പിറവി കൊടുത്തിട്ടില്ല’ എന്ന് പറയുമായിരുന്നു. റബീഅ് (റ) അവരെ കണ്ടിരുന്നുവെങ്കിൽ, ‘ഇത് പുഷ്പങ്ങളുടെ സൗന്ദര്യത്തേക്കാൾ മുകളിലുള്ള മഹത്വമാണ്’ എന്ന് പ്രഖ്യാപിച്ചേനെ.

രചനകൾ

ശാഫിഇ കർമശാസ്ത്ര ചക്രവാളത്തിൽ “അശൈഖ്” എന്നറിയപ്പെടുന്ന ഇമാം അബൂ ഇസ്ഹാഖുൽ ശീറാസി(റ)യുടെ കർമശാസ്ത്ര ഗ്രന്ഥമായ തൻബീഹിന് “കിഫായത്തു അൽനബീഹ്” എന്ന പേരിൽ 20 വാള്യങ്ങളുള്ള ശർഹ് ഇമാം രിഫ്അ (റ)ൻ്റെ കനപ്പെട്ട സംഭാവനയാണ്. ശീറാസി ഇമാമിനെതിരെ വിമർശനം ഉന്നയിക്കപ്പെടുന്ന സ്ഥലങ്ങൾ വളരെ മനോഹരമായി വ്യാഖ്യാനിച്ച് ഉദ്ദേശം വ്യക്തമാക്കുന്നുണ്ട്. ശാഫിഈ മദ്ഹബിലെ വ്യത്യസ്തമായ അഭിപ്രായ വ്യതാസങ്ങൾ ഒരുമിച്ച് കൂട്ടിയ കിതാബാണിത്. തൻബീഹിൻ്റെ ശർഹുകളിൽ ഏറ്റവും മികച്ചതായിട്ടാണ് പണ്ഡിതർ ഈ ഗ്രന്ഥത്തെ അടയാളപ്പെടുത്തുന്നത്. ശേഷം ശാഫിഈ ഫിഖ്ഹിലെ മൂലഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ഗസ്സാലി ഇമാമിൻ്റെ വസീത്വ് എന്ന ഗ്രന്ഥത്തിന് “മത്വ് ലബുൽ ആലി”എന്ന പേരിൽ ഒരു വ്യഖ്യാനം രചിച്ചു. ഒരുപാട് ഉദ്ദരണികളും അമൂല്യമായ ജ്ഞാനങ്ങളും ഉൾകൊണ്ട കിതാബാണ് “മത്വ് ലബുൽ ആലി”. എന്നാൽ ഗ്രന്ഥ പൂർത്തീകരണത്തിന് മുമ്പ് അവർ മരണപ്പെട്ടു. ശിഷ്യനായ ഖമൂലി എന്നവരാണ് പിന്നീട് അത് പൂർത്തീകരിച്ചത്. “ബദ്ലു നസാഇഹു ശർഇയ്യ” എന്ന പേരിലുള്ള ഗ്രന്ഥം ഭരണാധികാരികൾക്കുള്ള ബാധ്യതകളും മസ്അലകളും പൗരൻമാർക്ക് തിരിച്ചുണ്ടാവേണ്ട ബാധ്യതകളും വിശദീകക്കുന്നതാണ്.
“അറുത്ബത്തു ഫീ ത്വലബിൽ ഹസ്ബ”, “ഈളാഹു വ തിബിയാൻ” തുടങ്ങി വേറെയും കിതാബുകൾ ഇമാമിൻ്റെതായി പ്രചാരത്തിലുണ്ട്.

വിയോഗം

ജീവിതകാലം മുഴുവൻ അറിവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ജീവിതമായിരുന്നു മഹാന്റേത്. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്ന ഘട്ടത്തിലും കിതാബുകളുമായുള്ള ബന്ധം മുടക്കിയില്ല. ധരിച്ചിരിക്കുന്ന വസ്ത്രം ശരീരത്തിൽ സ്പർശിക്കുമ്പോഴേക്കും കടുത്ത വേദന അനുഭവപ്പെടുന്ന സാഹചര്യത്തിലും കിതാബ് പാരായണം ചെയ്യുകയായിരുന്നു. പാരായണത്തിനിടയിൽ ചിലപ്പോൾ കിതാബിലേക്ക് മുഖം കുത്തി വീഴാറുണ്ടായിരുന്നു.

ഹിജ്റ വർഷം 710 റജബ് 16 വെള്ളിയാഴ്ച്ച രാവിലാണ് ഇബ്നു രിഫ്അ (റ) ഈ ലോകത്ത് നിന്ന് വിട പറയുന്നത്. ഈജിപ്തിൽ ഒരുപാട് മഹത്തുകൾ മറവിട്ട്‌ കിടക്കുന്ന ഖുറാഫയുടെ മണ്ണിൽ ആ മഹാമനീഷിയും അന്ത്യവിശ്രമം കൊള്ളുന്നു.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ഇമാം നവവി (റ): വിജ്ഞാനലോകത്തെ വിസ്മയപ്രഭ

ഹാഫിള് മുഹമ്മദ് ആസിം വിളയൂർ

ഹാഫിള് മുഹമ്മദ് ആസിം വിളയൂർ

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact